ഈ വർഷത്തെ പൂർണ്ണ ഉറൂബ് നോവൽ അവാർഡ് കരസ്ഥമാക്കിയ റഹ്മാൻ കിടങ്ങയത്തിന്റെ “അന്നിരുപത്തിയൊന്നില്” എന്ന നോവലിന്റെ ഒരു വായന
കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞ് തന്ന ഒരു കഥയിലൂടെയാണ് മാപ്പിള ലഹളയെക്കുറിച്ച് കേൾക്കുന്നത്. സ്കൂൾ അവുധിയാഘോഷങ്ങൾ അമ്മയുടെ വീട്ടിൽ, എളവള്ളിയിലായിരുന്നു. കാക്കശ്ശേരി ഭട്ടതിരിയെ അവസാനമായി നാട്ടുകാർ കണ്ട, എളവള്ളി ഭഗവതി ക്ഷേത്രത്തിനു മുമ്പിലാണ് മുത്തച്ഛന്റെ വീട്. മറ്റത്തുന്ന് പാവറട്ടിയ്ക്ക് പോകുന്ന, പഴയ കൊച്ചിൻ മലബാർ അതിർത്തിയായിരുന്ന എളവള്ളി പാവറട്ടി റോഡിന്റെ കിഴക്ക് ഭാഗത്താണീ ക്ഷേത്രം. ഈ വഴിയിൽ നിന്ന് ക്ഷേത്രത്തിലേക്ക് അന്ന് ഒരു നാട്ടുപാതയുണ്ട്. ഒരു വലിയ ഇറക്കം. ഒരു കുന്നിൻ ചെരുവ്. മാപ്പിളലഹളക്കാർ എളവള്ളി ആക്രമിക്കാനായി ഈ കുന്ന് വരെ എത്തിയെന്നും, ഭഗവതി കടന്നൽ കൂടായി ഇളകി വന്ന് അവരെ തുരത്തിയോടിച്ചു എന്നുമാണ് അമ്മൂമ്മ പറഞ്ഞ കഥ. അതുകൊണ്ട് എളവള്ളിയിലും പരിസരങ്ങളിലും മാപ്പിള ലഹളക്കാർക്ക് എത്താനായില്ല എന്ന്. മാപ്പിള ലഹളയായിരുന്നു അന്ന്. പിന്നീടാണത് മലബാർ കലാപമാണെന്നറിയുന്നത്. പിന്നീട് എന്ന് പറഞ്ഞാൽ വളരെക്കഴിഞ്ഞ്.
മലബാർ കലാപം മാപ്പിള ലഹളയായതിനെക്കുറിച്ചുകൂടിയാണ് റഹ്മാൻ കിടങ്ങയത്തിന്റെ “അന്നിരുപത്തിയൊന്നില്” എന്ന നോവൽ പറയുന്നത്. കലാപത്തിന്റെ തുടക്കം, അതിനു മുമ്പുള്ള രാഷ്ട്രീയ പശ്ചാത്തലം, സാമുദായികാവസ്ഥകൾ, ഈ കലാപത്തിനു നേതൃത്വം കൊടുത്തവരുടെ ചിന്തകൾ തുടങ്ങിയ വിശേഷങ്ങളിലൂടെ കഥ തുടങ്ങുന്നു. കഥ നിറയുന്നത് കലാപത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നവരിലൂടെ തന്നെയാണ്. കലാപം ലഹളയായി മാറിയതിനെക്കുറിച്ചും അത് കൈവിട്ടു പോയി എന്ന് കലാപത്തിനു നേതൃത്വം കൊടുത്തവർ തന്നെ സമ്മതിക്കുന്നതിനെക്കുറിച്ചും നോവലിൽ ആദ്യമാദ്യം സൂചിപ്പിക്കുന്നുണ്ട്, പലയിടത്തും പറയുന്നുണ്ട്, പിന്നെപിന്നെ മറച്ചുകെട്ടില്ലാതെ വെളിപ്പെടുത്തുന്നുണ്ട്. കലാപം തുടങ്ങി അധികം കഴിയാതെ ഗാന്ധിജി തന്നെ ഇതിനെ തള്ളിപ്പറയുന്നുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. കലാപം തങ്ങളുടെ മാർഗ്ഗമല്ല എന്ന് പറഞ്ഞ്, കോൺഗ്രസ്സും അതിന്റെ നേതാക്കളും അതിനാൽ ഖിലാഫത്തിലെ സുഹൃത്തുക്കളിൽ നിന്ന് അകന്ന് നിൽക്കുന്നുണ്ട്. ഇതും കഥയിൽ പറഞ്ഞുപോകുന്നുണ്ട്. കോൺഗ്രസ്സിന്റെ ഔദ്യോഗിക നയത്തിനു വിരുദ്ധമായി, ഖിലാഫത്തിന്റെ നേതാക്കളുമായി സൗഹൃദം തുടർന്നവരെ കോൺഗ്രസ്സ് പൂർണ്ണമായി കയ്യൊഴിഞ്ഞതും കഥയിൽ പറയുന്നുണ്ട്. പക്ഷേ, ലഹളയുടെ വിശദാംശങ്ങളിലേക്കിറങ്ങാതെ, കലാപത്തിന്റെ നൂലാമാലകളിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുകയാണ് നോവൽ.
കലാപം മലയാള ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടാവുന്നതായി മാറുമായിരുന്നു, അത് ലഹളയായി അധപതിച്ചില്ലായിരുന്നെങ്കിൽ, എന്ന് നോവൽ പറഞ്ഞ് വയ്ക്കുന്നുണ്ട്. ലഹള, വർഗ്ഗീയ ദ്രുവീകരണത്തിനു കാരണമാക്കി. ഒരു പക്ഷേ, ഇന്നും തുടരുന്ന വർഗ്ഗീയ ദ്രുവീകരണത്തിന്.
നോവൽ വായിച്ചവസാനിപ്പിച്ചാൽ, മലബാർ കലാപം എങ്ങനെ ഒരു വർഗ്ഗീയ ലഹളയായി മാറി എന്നതിന്റെ ഒരു ഏകദേശ രൂപം നമുക്ക് ലഭിക്കും. അതിലാദ്യത്തേത്, ബ്രീട്ടീഷ് സർക്കാർ എന്നും എപ്പോഴും എവിടേയും നടപ്പാക്കിയിട്ടുള്ള വിഭജിച്ച് ഭരിക്കുക എന്ന നയത്തിന്റെ തുടർച്ചയായിരുന്നു ഇതെന്നതാണ്. അതിലവർ മലബാറിലും വിജയം കണ്ടു എന്നതാണ്. മലബാർ കലാപത്തെ ഖിലാഫത്ത് ലഹളയാക്കാനും പിന്നെ അത് മാപ്പിള ലഹള എന്ന പേരിൽ ഹിന്ദു-മുസ്ളീം ലഹളയാക്കാനും അവർക്കായി. കലാപത്തിനിറങ്ങിയ ഭൂരിപക്ഷം മുസ്ളീം പടയാളികളും അവരുടെ അടിസ്ഥാന ലക്ഷ്യം മറന്നു. അവർ ഹിന്ദുക്കളെ തങ്ങളുടെ ശത്രുക്കളെന്ന് കരുതി. ഈ കലാപം മുസ്ളീം സമുദായത്തിനു മാത്രമുള്ളതെന്ന് കരുതി. കളവും പിടിച്ചുപറിയും വ്യാപകമായി. വാൾമുന കൊണ്ട് മതപരിവർത്തനങ്ങൾ നടത്തി, വിജയികളായി എന്ന് അഭിമാനിച്ചു. പക്ഷേ അതേ സമയം, കലാപത്തിന്റെ നേതൃത്വനിരയിൽ ആദ്യകാലത്തുണ്ടായിരുന്നവർക്ക് ഈ കലാപം അധകൃതനുവേണ്ടിയുള്ളതാണെന്നും, സ്വയം ഭരണത്തിനു വേണ്ടിയുള്ളതാണെന്നുമുള്ള വ്യക്തമായ അറിവുണ്ടായിരുന്നു. അവർ ഇസ്ളാം മതത്തിൽ വിശ്വസിച്ചവരായിരുന്നു. തങ്ങളുടെ വിശ്വാസത്തിൽ അടിയുറച്ച് നിന്ന് മനുഷ്യനെ മനുഷ്യനായി കാണാൻ പഠിച്ചവരും അത് പ്രചരിപ്പിച്ചവരുമായിരുന്നു. താഴെത്തട്ടിലുള്ളവർ സഹോദരങ്ങളാണെന്നും മാറ്റിനിർത്തേണ്ടവരല്ലെന്നും പ്രാവർത്തികമായി കാണിച്ചവരായിരുന്നു.
അവരുടെ കഥയാണ് റഹ്മാൻ കിടങ്ങയും ഈ നോവലിലൂടെ പറയുന്നത്. അവരുടെ പരാജയത്തിന്റെ കഥ. അവരെ എങ്ങനെ പരാജയപ്പെടുത്തി എന്ന കഥ. ഈ പരാജയത്തിന് ഒരു പരിധി വരെയെങ്കിലും ഉത്തരവാദിത്വം അവരുടെ തന്നെ ദീർഘവീക്ഷണമില്ലായ്മയും അമിതാത്മവിശ്വാസവുമാണെന്ന കഥ. അതിനോടൊപ്പം അവരുടെ ധീരതയുടേയും, ആത്മാർത്ഥതയുടേയും, മനുഷ്യസ്നേഹത്തിന്റേയും കഥ. ഭരണകൂടത്തിന്റെ പൈശാചികത്വം അതിരുകളില്ലാത്തതാണെന്ന കഥ. ഭരണകൂടത്തിന് ഓശാനപാടിയവർ ലഹളക്കാരെപ്പോലെ തന്നെ ഭീകരരാകുന്നതിന്റെ കഥ.
ഈ നോവലിന്റെ പശ്ചാത്തലം മാത്രമല്ല മിക്കവാറും സംഭവങ്ങളെല്ലാം തന്നെ ചരിത്രത്തിന്റെ ഭാഗമാണ്. അതിനാൽ തന്നെ ഇതിലെ കഥാപാത്രങ്ങൾ ഒട്ടുമിക്കവാറും എല്ലാവരും ജീവിച്ചിരുന്നവരാണെന്ന് തന്നെ കരുതണം. അവിടവിടെ കഥാകൃത്ത്, കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇത്തിരി ഭാവന കൂട്ടിക്കലർത്തിയിട്ടുണ്ടാകാം. അത് വായനയുടെ സുഗമമായ ഒഴുക്കിനും, ഇതിനെ കേവലം ഒരു ചരിത്ര രേഖ മാത്രമാക്കി മാറ്റാതിരിക്കാനും വേണ്ടിയാണ്. എഴുതിയിരിക്കുന്നത് ഒരു ചരിത്ര പുസ്തകമല്ല, നോവലാണ്. ഏതൊരു നോവലിന്റെ ഇതിവൃത്തത്തേക്കാളും ഉദ്വേഗജനകമായ ചരിത്രം നോവലാക്കിയിരിക്കുകയാണ്. അതിനോട് കഥാകൃത്ത് നൂറുശതമാനം നീതി പുലർത്തി എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.
ഇങ്ങനെ വിശാലമായ ഒരു കഥാപരിസരത്തുകൂടെ കടന്ന് പോകുമ്പോൾ, അക്കഥയെല്ലാം ചങ്ങലക്കണ്ണികൾ പൊട്ടാതെ പറയാനറിയണമെങ്കിൽ, വിഷയത്തിലും ഭാഷയിലുമുള്ള ജ്ഞാനം മാത്രം പോര, കയ്യടക്കമുള്ള എഴുത്തുശൈലി കൂടി വേണം. അഞ്ഞൂറോളം പേജുള്ള ഈ പുസ്തകം ഒരു തെളിനീർ ചോലപോലെ ഒഴുകി നീങ്ങുന്നുവെങ്കിൽ അത് ഈ കഥയെ എങ്ങനെ അടുക്കിവച്ചിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഇത്രയധികം കഥാപാത്രങ്ങളേയും, അവരുടെ രാഷ്ട്രീയ (കലാപ) ജീവിതത്തേയും, സ്വകാര്യ ജീവിതത്തേയും കൂട്ടിയിണക്കി കൊണ്ടുപോകുക എന്നത് കഥയെഴുത്തുകാരന്റെ എഡിറ്റിങ്ങ് പാടവത്തെക്കൂടി കാണിക്കുന്നതാണ്. ഇതിലെ കഥാപാത്രങ്ങളുടെ സ്വകാര്യജീവിത വർണ്ണനകളിൽ ഒരു കഥാകൃത്തിനെടുക്കാവുന്ന സ്വാതന്ത്ര്യങ്ങളെല്ലാം എടുത്തിട്ടുണ്ട് എന്നതും വ്യക്തമാണ്. അങ്ങനെ ഇതിനെ വിരസമായ ഒരു ചരിത്രാവതരണം മാത്രമാക്കി ഒതുക്കി നിർത്താതിരിക്കാൻ കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. ഒരു പക്ഷേ, ചരിത്രം എന്ന വിഷയത്തിൽ താത്പര്യമില്ലാത്തവരും, മലബാർ കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമരതിന്റെ ഒരു അവിഭാജ്യഘടകമല്ല അതൊരു മാപ്പിള ലഹള, ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ ഹിന്ദുക്കളെ കൊന്നും മതം മാറ്റിയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ഒരു വർഗ്ഗീയ ലഹള മാത്രമാണെന്ന് വാദിക്കുന്നവരും, ഈ പുസ്തകം കയ്യിലെടുത്താൽ, വായിച്ച് മുഴുവനാക്കാതെ താഴെവയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ അത് എഴുത്തിന്റെ അച്ചടക്കത്തെ, എഡിറ്റിങ്ങ് പാടവത്തെ, ഭാഷാശുദ്ധിയെ, കാണിക്കുന്നതാണ്.
കലാപം, വർഗ്ഗീയ ലഹളയിലേക്ക് നിങ്ങിയതിന്റെ വിശദാംശങ്ങളിലേക്ക് കഥാകൃത്ത് കൂടുതൽ ഇറങ്ങിച്ചെല്ലുകയായിരുന്നെങ്കിൽ, നോവൽ ഇതിന്റെ ഇരട്ടി വലിപ്പത്തിലേക്ക് പോകുമായിരുന്നു. അത് വിരസമാകുമായിരുന്നു. കലാപം, അതിന്റെ നേതാക്കൾ ഉദ്ദേശിച്ചിരുന്ന ലക്ഷ്യത്തിൽ നിന്ന് തെന്നിപ്പോയി എന്ന് വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. അത് നേതാക്കൾക്കും അറിയാമെന്ന് അവർ തന്നെ കുമ്പസാരിക്കുന്നുണ്ട്. ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലല്ലോ എന്ന് പരിതപിക്കുന്നുണ്ട്. അതിന്റെ കാരണങ്ങളും അതുകൊണ്ടുണ്ടായ വിനാശകാരിയായ അനന്തര ഫലങ്ങളും പറഞ്ഞിട്ടുണ്ട്. എങ്കിലും, ബ്രിട്ടീഷ് മലബാറിനെ മുൾമുനയിൽ നിർത്തിയ ചില വർഗ്ഗീയ കൂട്ടക്കൊലകളെ, നിർബന്ധിത മതം മാറ്റങ്ങളെ, രണ്ടോ മൂന്നോ അദ്ധ്യായങ്ങളിലൊതുക്കി, ഉൾപ്പെടുത്താമായിരുന്നു എന്നും, അങ്ങനെ ചെയ്തിരുന്നെങ്കിൽ ലഹളയുടെ ഭീകരത കൂടുതൽ വ്യക്തമായേനെ എന്നും തോന്നി.
നോവലിന്റെ വിജയത്തിനു പ്രധാന കാരണം ഇതിലെ കഥാപാത്രങ്ങളെ കഥാകൃത്ത് trace ചെയ്ത് കൊണ്ടുപോയ രീതിയാണ്. പ്രധാന കഥാപാത്രങ്ങൾക്കെല്ലാം, അതായത് ഖിലാഫത് പ്രസ്ഥാനം ജനനന്മ ലക്ഷ്യമിട്ട് തുടങ്ങിയപ്പോൾ അതുമായി സഹകരിച്ചവർക്കെല്ലാം എന്ത് സംഭവിച്ചു എന്ന് കഥാകൃത്ത് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒരു നേതാവിനേയും ഇടയ്ക്ക് വച്ച് കഥയിൽ നിന്ന് കാണാതാവുന്നില്ല. മാത്രമല്ല, ഈ നേതാക്കൾക്കൊപ്പം നിന്നവർക്കും ഇതുപോലെ ഒരു logical end ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കഥാപാത്രത്തിനെ പിന്നെ കണ്ടില്ലല്ലോ എന്ന് പറഞ്ഞ് വായനക്കാർ ഹേബിയസ് കോർപസ് ഫയൽ ചെയ്യേണ്ട അവസ്ഥയില്ല. ഇത് കഥാകൃത്ത് നടത്തിയ അന്വേഷണങ്ങളെ, ഗവേഷണങ്ങളെ, കാണിക്കുന്നു. ഇതൊരു കെട്ടുറപ്പ് മാത്രമല്ല. വായനക്കാരോട് എഴുത്തുകാരനുള്ള ബഹുമാനം കൂടിയാണ്. തന്റെ കഥയിലെ കഥാപാത്രത്തെ സൃഷ്ടിക്കുക മാത്രമല്ല, അവരുടെ ജീവിതത്തിൽ താത്പര്യമെടുക്കുകയും ആ ജീവിതങ്ങളെ അതിന്റെ പരിണാമഗുപ്തിയിലേക്ക് നയിക്കുന്നു എന്ന് ഉറപ്പാക്കുന്നതിൽ തനിക്ക് നല്ലൊരു ഭാഗധേയവും വഹിക്കാനുണ്ട് എന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ട് സംഭവിക്കുന്നതാണ്.
തീർത്തും പരിശുദ്ധമായ ഒരു നോവലാണെന്ന് അവകാശപ്പെടുന്നില്ല. ആനമണ്ടത്തരങ്ങൾ എന്ന് തോന്നിയ ചില പ്രയോഗങ്ങളുമുണ്ട്. ക്വിറ്റിന്ത്യാ എന്ന വാക്ക് ഇന്ത്യക്കാർ ഉപയോഗിക്കുന്നത്, 1942 ലാണ്. അത് ഈ കഥയിൽ കയറി വരേണ്ടിയിരുന്നില്ല. അതുപോലെ തന്നെ വില്ലേജ് അസിസ്റ്റന്റ് എന്ന അധികാര പദവിയും. അക്കാലത്ത് വില്ലേജ് അസിസ്റ്റന്റ് ഇല്ലല്ലോ. അതുപോലെ അക്കാലത്ത് മലയാളിയ്ക്ക് കമ്മ്യൂണിസം അത്ര പരിചയമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരിടത്ത് കമ്മ്യൂണിസ്റ്റ് പച്ച എന്ന് കണ്ടപ്പോൾ ഞാനൊന്ന് അത്ഭുതപ്പെട്ടു. ആ സസ്യത്താനാ പേരുവീണത് സമീപകാലത്താണ്. അക്കാലത്ത് ഈ സസ്യമുണ്ടായിരുന്നോ എന്ന് എനിക്കറിയില്ല, ഉണ്ടായിരുന്നെങ്കിൽ എന്താണ് വിളിച്ചിരുന്നതെന്നും. ഇതുപോലെ ശങ്കയുള്ളതാണ് ശീമക്കൊന്ന എന്ന പ്രയോഗവും. എന്നാൽ ഇതൊക്കെ അശ്രദ്ധകളായി കണക്കാക്കിയാൽ മതി. ഇത് പക്ഷേ ഈ നോവലിന്റെ മാറ്റ് കുറയ്ക്കുന്നില്ല. കഥയും ചരിത്രവും ഒന്നിച്ച് പറയുന്ന ഈ നോവൽ വളരെയധികം വായനക്കാരെ ആകർഷിക്കുമെന്നും, മലയാള നോവൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്നും ഉറപ്പ്.
മൊബൈൽ: 9946915277