കൊറോണ പലർക്കും കൊയ്ത്തുകാലമാണ്. പ്രത്യേകിച്ചും ആശുപത്രികൾക്ക്. ലോകം മുഴുവൻ വ്യാപിച്ച ഈ മഹാമാരിയെ ഫലപ്രദമായി ചെറുക്കാനാവാതെ രാജ്യം ഇന്ന് നട്ടം തിരിയുകയാണ്. ഓരോ ദിവസവും ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ രോഗത്തിന് ഇരകളാകുന്നത്.
മരണസംഖ്യയാകട്ടെ അനുദിനം കുതിച്ചുയരുന്നു. ഇതിനിടയ്ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ നിരാലംബരായ രോഗികളെ ചൂഷണം ചെയ്യുകയാണ് അവർക്കു ആശ്രയമാകേണ്ട ആശുപത്രികൾ. ഇതെല്ലാം നിയന്ത്രിക്കേണ്ട അധികൃതരാകട്ടെ മൗനമവലംബിക്കുന്നു.
ഈയിടെ ഡൽഹിയിലെ ഒരു പത്രപ്രവർത്തക സുഹൃത്തും ഭാര്യയും കോവിഡ് ബാധിച്ചു കിടപ്പിലാണെന്ന കാര്യം മറ്റൊരു സഹപ്രവർത്തകൻ പറഞ്ഞാണറിഞ്ഞത്. ആശുപത്രി കിടക്കകൾക്കും മരുന്നിനും ഓക്സിജൻ സിലിണ്ടറുകൾക്കും അത്യന്തം ക്ഷാമമുള്ള തലസ്ഥാന നഗരിയിൽ അവർ അനുഭവിക്കുന്ന ദുരവസ്ഥ ഫോണിലൂടെ കേട്ട അദ്ദേഹത്തിന്റെ ശബ്ദത്തിൽ കൃത്യമായും പ്രകടമായിരുന്നു.
സ്വന്തം നിസ്സഹായാവസ്ഥയെ പഴിച്ചുകൊണ്ട് പത്രത്താളുകളിലേക്കു ശ്രദ്ധ തിരിക്കുവാൻ വൃഥാ ഒരു ശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് അധികം താമസിയാതെ തന്നെ അത്യാവശ്യ മരുന്നുകളും ഓക്സിജൻ കോൺസെൻട്രേറ്ററും കിട്ടിയെന്നറിയിച്ചുകൊണ്ടുള്ള ആശ്വാസ വിളി വന്നത്. പക്ഷെ തികച്ചും ആശ്വാസം നൽകേണ്ടിയിരുന്ന ആ ഫോൺ വിളിയിലൂടെ അദ്ദേഹം വെളിയപ്പെടുത്തിയ കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു.
മധ്യവർഗ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന അദ്ധേഹത്തിന്റെ കോളനിയിലെ ഒരു സർദാറാണ് അദ്ദേഹത്തിന് മരുന്നും മറ്റു സാമഗ്രികളും ഒപ്പിച്ചു കൊടുത്തതത്രെ. ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന ആ പാർപ്പിട സമുച്ചയത്തിൽ ഉദ്ദേശം 30% അന്തേവാസികൾക്കാണ് കോവിഡ് ബാധ വന്നിട്ടുള്ളത്, പക്ഷെ ഒട്ടുമിക്ക വീടുകളിലും ഓക്സിജൻ കോൺസെൻട്രേറ്ററുകളും അത്യന്തം ക്ഷാമമുള്ള റെമഡിസിവിർ പോലുള്ള മരുന്നുകളും അനാവശ്യമായി മുൻകൂറായി വാങ്ങിവെച്ചിട്ടുണ്ടെന്ന കാര്യവും സർദാർ വെളിപ്പെടുത്തി. സമ്പന്നരായ മറ്റു ചിലരാകട്ടെ ആശുപത്രികളിൽ മാത്രം ആവശ്യമായ വെന്റിലേറ്റർ പോലുള്ള സാമഗ്രികളും വാങ്ങി കോവിഡ് പ്രതിരോധത്തിന് ഒരുങ്ങി നിൽക്കുന്നു.
“ഈ രാജ്യത്ത് മരുന്നിനും ജീവരക്ഷാ ഉപകരണങ്ങൾക്കും ക്ഷാമമുണ്ടാക്കുന്നത് നമ്മൾ തന്നെയാണ്,” സ്വതവേ മിതഭാഷിയായി സുഹൃത്ത് തന്റെ ദേഷ്യം ഒരു വാചകത്തിലൊതുക്കി.
“ഒരു ഓക്സിജൻ യന്ത്രത്തിന് ഉദ്ദേശം 50,000 രൂപയോളം വില വരും. അതേ സമയം ഒരു വെന്റിലേറ്റർ വാങ്ങാൻ 10 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെ ചെലവഴിക്കണം. ഒരു സമ്പന്ന കുടുംബത്തിന് ഇത് അത്ര വലിയ ഒരു തുകയൊന്നുമല്ല. സത്യത്തിൽ ആശുപത്രികളിൽ ചിലവാകുന്ന പണത്തിന്റെ ഒരു ചെറിയ അംശമേ ആകുന്നുള്ളൂ,” മുംബൈയിൽ ആശുപത്രി സാമഗ്രികൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഉടമയായ റെജി നമ്പൂതിരി പറഞ്ഞു.
“യഥാർത്ഥ പ്രശ്നമതല്ല. പ്രത്യേക സമയ പരിധികൾ കഴിയുമ്പോൾ ഇങ്ങിനെ വാങ്ങിക്കൂട്ടിയ മരുന്നുകളും ജീവൻരക്ഷാ ഉപാധികളും പ്രവർത്തന ശൂന്യമാവുകയും പണമില്ലാത്തവന്റെ അത്യാവശ്യ ഉപയോഗത്തിന് പോലും അപ്രാപ്യമാവുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ സുഹൃത്ത് മറ്റൊരു ഞെട്ടിപ്പിക്കുന്ന രഹസ്യം കൂടി പറഞ്ഞു. പ്രധാനമായും വാട്സ്ആപ്പ് കൂട്ടായ്മകളിലൂടെ നടക്കുന്ന ഇത്തരം കച്ചവടങ്ങൾക്ക് ഇടനിലക്കാർ ഈടാക്കുന്ന തുക മാർക്കറ്റ് വിലയേക്കാൾ എത്രയോ മടങ്ങ് അധികമാണത്രെ.
കോവിഡ് പ്രതിരോധത്തിനുള്ള ഒട്ടുമിക്ക മരുന്നുകൾക്കും ഡോക്ടറുടെ കുറിപ്പ് ആവശ്യമാണെന്നിരിക്കെ മൊത്തമായി ഇവ വാങ്ങിക്കൂട്ടാൻ ഇടനിലക്കാർക്ക് കഴിയുന്നതെങ്ങിനെയാണ്?
“നിങ്ങൾ ഏതു രാജ്യത്താണ് ജീവിക്കുന്നത്?” കോവിഡ് നിർമാർജന പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ഒരു ആരോഗ്യ പ്രവർത്തക മറുചോദൃം ചോദിച്ചു. “ഇത് ഇന്ത്യയാണ്, ഇവിടെ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ നടക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇവിടെ ഇങ്ങനെയേ കാര്യങ്ങൾ നടക്കൂ,” നിസ്സാര മട്ടിൽ അവർ പറഞ്ഞു.
ആശുപത്രികളുടെ തീവെട്ടിക്കൊള്ള!
ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള യുദ്ധമായി കോവിഡ് പ്രതിരോധം പരിണമിക്കുമെന്നത് തുടക്കത്തിലേ വ്യക്തമായിരുന്നു. മുംബൈയിൽ സിനിമ അഭിനേതാക്കളും ക്രിക്കറ്റ് കളിക്കാരും അടങ്ങുന്ന സമ്പന്ന വർഗം ആശുപത്രി കിടക്കകൾ അനാവശ്യമായി കയ്യടക്കടി വെക്കുന്നതിനെതിരെ മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ് മുന്നോട്ടു വന്നിരുന്നു. ചെറിയ ലക്ഷണങ്ങളുള്ളവർ പോലും ആഴ്ചകളോളം ആശുപത്രികളിൽ കിടക്കുന്നതു കാരണം അത്യാസന്ന നിലയിലുള്ള പലർക്കും ചികിത്സ നിഷേധിക്കേണ്ടി വരുന്നതായും അത് കൂടുതൽ പേരെ മരണത്തിലേക്ക് തള്ളിവിടുന്നതായും അദ്ദേഹം ആക്ഷേപിച്ചു.
പക്ഷെ യഥാർത്ഥ ചിത്രം ഇതിൽ നിന്നൊക്കെയും എത്രയോ ഭീകരമാണ്. ഹൈദരാബാദിൽ ചില മുൻനിര ആശുപത്രികൾ കോവിഡ് കിടക്കകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്ന കാര്യം തെലങ്കാനയിൽ നിന്നുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. ആവശ്യക്കാരന്റെ നിലവാരമനുസരിച്ച് 3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ കൊടുത്ത് കിടക്ക ഉറപ്പാക്കാം. പക്ഷെ അസുഖം വന്നില്ലെങ്കിൽ ഈ പണം തിരിച്ചു കിട്ടില്ലെന്ന് മാത്രം.
കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ മുംബൈയിലെ നാനാവതി ഹോസ്പിറ്റൽ ഒരു രോഗിയിൽ നിന്നും 17 ലക്ഷം രൂപ ഈടാക്കിയത് വാർത്തയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ഈ സംഭവത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നെങ്കിലും പിന്നീടൊന്നും സംഭവിച്ചതായി അറിവില്ല. മരണസംഖ്യ വളരെയധികം കൂടിയ ഈ രണ്ടാം ഘട്ടത്തിൽ ആശുപത്രികൾ ചികിത്സക്കുവേണ്ടി ഈടാക്കുന്നത് അതിലും എത്രയോ അധികമാണെന്ന് അറിയുമ്പോഴാണ് ഈ തീവെട്ടിക്കൊള്ളയുടെ യഥാർത്ഥ മുഖം നമുക്ക് മുമ്പിൽ തെളിയുന്നത്.
മെയ് രണ്ടാം വാരത്തിന്റെ തുടക്കത്തിൽ കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റ് സ്വകാര്യ ആശുപത്രികൾക്ക് കോവിഡ് ചികിത്സക്കായി വാങ്ങാവുന്ന തുകക്ക് പരിധികൾ നിശ്ചയിച്ചിരുന്നു. ഇത് പ്രകാരം ഒരു ദിവസത്തെ ഐ.സി.യു. ചികിത്സക്ക് പരമാവധി 8500 രൂപ ആയിരിക്കും. ആർ. സി. പി. ടി. ആർ പരിശോധനയ്ക്കുള്ള പരമാവധി തുക 500 രൂപയായിരിക്കുമെന്നും പുതിയ ഉത്തരവിൽ പറയുന്നു. ഈ രണ്ട് നിയമങ്ങൾക്കുമെതിരെ ചില സ്ഥാപനങ്ങൾ കോടതിയെ സമീപിച്ചെങ്കിലും, അനുകൂലമായ ഒരു ഉത്തരവ് നേടിയെടുക്കുന്നതിൽ അവർ അമ്പേ പരാജയപ്പെട്ടു. നമ്മുടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ ഇത്തരം നിയമങ്ങൾ ഉണ്ടാക്കുന്നതിൽ വൈമുഖ്യം കാട്ടുന്നത് എന്തുകൊണ്ടാണ്? സ്വകാര്യ ആരോഗ്യമേഖലയിലെ പല ഉന്നത വ്യക്തികളോടും ഈ ചോദ്യം ഉന്നയിച്ചെങ്കിലും അർത്ഥഗർഭമായ ഒരു മൗനമായിരുന്നു ഉത്തരം.
വാക്സിൻ കൂട്ടുകച്ചവടം
ഇന്ത്യയിൽ ഇന്ന് പ്രധാനമായും രണ്ടു വാക്സിനുകൾ ആണ് കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി ഉപയോഗിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് സ്വന്തമായി വികസിപ്പിച്ചെടുത്ത കോവാക്സിനും പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡും.
രണ്ടു കമ്പനികളും ഒരു ഡോസ് വാക്സിൻ കേന്ദ്ര സർക്കാരിന് വിൽക്കുന്നത് 150 രൂപയ്ക്കാണ്. എന്നാൽ സംസ്ഥാന സർക്കാരുകൾ ഒരു ഡോസ് കോവിഷീൽഡ് വാങ്ങുന്നത് 300 രൂപക്കാണെങ്കിൽ കോവാക്സിൻ ലഭിക്കുന്നത് ഒരു ഡോസിന് 400 രൂപ നിരക്കിലാണ്. സ്വകാര്യ ആശുപത്രികൾ കോവിഷീൽഡ് 600 രൂപക്കും കോവാക്സിൻ 1200 രൂപക്കുമാണ് വാങ്ങുന്നത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് ബ്രിട്ടൻ ആസ്ഥാനമായുള്ള ആസ്ട്രസിനെക്ക എന്ന കമ്പനിയും ഓസ്ഫോർഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ചതാണ്. ആ ഒറ്റക്കാരണം കൊണ്ട് തന്നെ കോവിഷീൽഡിന്റെ വില നിശ്ചയിക്കുന്നതിൽ സെറം ഇന്സ്ടിട്യൂട്ടിന് പരിമിതികളുണ്ട്. സ്വകാര്യ സ്ഥാപനമായ ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന്റെ വില നിർണയിക്കുന്നതിൽ സർക്കാരിന് വലിയ സ്വാധീനമില്ലെന്ന വാദം അംഗീകരിക്കുമ്പോൾ തന്നെ ഇത്രയും കുഴപ്പം പിടിച്ച ഈ വില നിലവാരപ്പട്ടിക സാധാരണ ജനങ്ങളിൽ ഉണ്ടാക്കുന്ന സംശയങ്ങൾക്ക് ഉത്തരം നൽകാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്.
കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ വാക്സിൻ വിതരണം പൂർണമായും സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, പക്ഷെ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ സ്വകാര്യ ആശുപത്രികൾ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് വാക്സിൻ കുത്തിവെപ്പ് നടത്തുന്നത്. ഒരു ഭാഗത്ത് അതിരൂക്ഷമായ വാക്സിൻ ക്ഷാമം നിലനിക്കുമ്പോൾ പ്രതിരോധ കുത്തിവെപ്പിലൂടെ കിട്ടവുന്നത്രയും ലാഭം കൊയ്യാൻ സ്വകാര്യ ആശുപത്രികൾ കാണിക്കുന്ന തിടുക്കം അത്യന്തം അപഹാസ്യമാണ്.
മെയ് ആദ്യവാരം രാജ്യത്തെ പരമോന്നത കോടതി കേന്ദ്ര സർക്കാരിനോട് വാക്സിൻ നയത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുത്തരമായി സമർപ്പിച്ച മറുപടിയിൽ നയപരമായ തീരുമാങ്ങളിൽ കോടതികൾ ഇടപെടരുതെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. വാക്സിന് വ്യത്യസ്തമായ വില ഈടാക്കാൻ അനുവദിച്ചത് മരുന്ന് കമ്പനികളെ ഉത്പാദനം കൂട്ടാൻ പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ അവകാശപ്പെട്ടു. ഇത് സത്യമായിത്തീരണമേയെന്ന ഒരു പ്രാർത്ഥന മാത്രമാണ് മരണത്തോട് മല്ലിടുന്ന ജനങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതും.
(മുതിർന്ന മാധ്യമ പ്രവർത്തകനായ മഹേഷ് മൂന്നു പതിറ്റാണ്ടായി മുംബയിൽ താമസിക്കുന്നു)
മൊബൈൽ: 9833048555