ഒരു ദിവസം പോലും ഇടവേളയില്ലാതെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സൗദി അറേബ്യയില്‍നിന്ന് ഒരു മലയാള പത്രം വായനക്കാരെ തേടിയെത്തുന്നു. ഒരു വിദേശ മാനേജ്‌മെന്റിന് കീഴില്‍ വിദേശത്ത്‌നിന്ന് പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ആദ്യ ദിനപത്രമാണ് മലയാളം ന്യൂസ്.
ലോകത്തിലെ കൊച്ചു പൊട്ടിനത്രയും വലുപ്പമുള്ള കേരളത്തിലെ ഭാഷ ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നിലെ പ്രസില്‍ കാല്‍നൂറ്റാണ്ടായി അച്ചടി പുരളുകയും അത് ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ അത്ഭുതത്തിനും മലയാളം ന്യൂസ് എന്നാണ് പേര്.
താരീഖ് മിശ്ഖസ് എന്ന പ്രതിഭാധനനായ മാധ്യമപ്രവര്‍ത്തകനാണ് മലയാളം ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്. അദ്ദേഹത്തിന്റെ കയ്യൊപ്പിലാണ് പത്രം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നത്.
മലയാളം ന്യൂസിന്റെ പിറവിയിലും വളര്‍ച്ചയിലും നിര്‍ണായക ശക്തിയായിരുന്നു ഫാറൂഖ് ലുഖ്മാന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍. ആഗോള പ്രശസ്തനായിരുന്ന അദ്ദേഹമാണ് പത്രത്തെ ദീര്‍ഘകാലം നയിച്ചത്. വാര്‍ത്താമുറിയിലെ അത്ഭുതമായിരുന്ന ഒരു മനുഷ്യന്‍. ദൗത്യവാഹകന്‍ എന്നായിരുന്നു അറബ് ന്യൂസ് ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അദ്ദേഹത്തെ പറ്റിയുള്ള ലേഖനത്തിന്റെ തലക്കെട്ട്. ആ ലേഖനത്തില്‍ ആ മനുഷ്യാത്ഭുതം പൂര്‍ണ്ണമായുണ്ടായിരുന്നു.
യെമനില്‍നിന്നായിരുന്നു ഫാറൂഖ് ലുഖ്മാന്‍ സൗദിയിലേക്കും പിന്നീട് ലോകത്തിലേക്കും പടര്‍ന്നത്. പിതാവ് മുഹമ്മദ് അലി ലുഖ്മാന്‍ സ്ഥാപിച്ച ഏഡന്‍ ക്രോണിക്കിളിലൂടെയായിരുന്നു പത്രപ്രവര്‍ത്തനത്തിന്റെ ആരംഭം. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഇംഗ്ലീഷ് ദിനപത്രമായിരുന്നു ഏഡന്‍ ക്രോണിക്കിള്‍. മുഹമ്മദ് അലി ലുഖ്മാന്‍ തന്നെയാണ് യെമനിലെ ആദ്യ അറബി പത്രമായ ഫത്തഹുല്‍ ജസീറയും സ്ഥാപിച്ചത്. അറുപതുകളില്‍ ദക്ഷിണ യെമനിന്റെ നിയന്ത്രണം മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ മറ്റെല്ലാ പത്രങ്ങളെയും പോലെ ഏഡന്‍ ക്രോണിക്കിളും ഫത്തഹുല്‍ ജസീറയും 1967ല്‍ അടച്ചുപൂട്ടി. പിന്നീട് യുനൈറ്റഡ് പ്രസ്സിന്റെയും അസോസിയേറ്റഡ് പ്രസ്സിന്റെയും ലേഖകനായി ഫാറൂഖ് ലുഖ്മാന്‍ മാറി. ഫിനാന്‍ഷ്യല്‍ ടൈംസ്, ന്യൂസ് വീക്ക്, ഡെയ്‌ലി മെയില്‍ എന്നീ പത്രങ്ങളിലെല്ലാം കോളങ്ങള്‍ ഇടതടവില്ലാതെ വന്നു.
ഉംറക്ക് വേണ്ടി സൗദിയിലെത്തിയ ഫാറൂഖ് ലുഖ്മാന്‍ അറബ് ന്യൂസിന്റെ പ്രസാധകരായ ഹാഫിസ് സഹോദരങ്ങളുമായി പരിചയപ്പെടുകയും അത് സൗദിയിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസിന്റെ പിറവിയിലെത്തുകയും ചെയ്തു. സൗദിയില്‍നിന്നുള്ള മലയാളി സഹവാസമാണ് ഫാറൂഖ് ലുഖ്മാന്റെ തന്നെ നേതൃത്വത്തില്‍ മലയാളം ന്യൂസിന്റെ പിറവിയിലേക്കും നയിച്ചത്. ഭാഷ അറിയില്ലെങ്കിലും മലയാളിയുടെ മനസ് ഫാറൂഖ് ലുഖ്മാന് പച്ചവെള്ളമായിരുന്നു. ആന്റണിയുടെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനക്കെതിരെ ആന്റണിക്ക് കത്തയച്ച് പ്രതിഷേധിച്ച ലുഖ്മാനില്‍ ഒരു മലയാളിയുടെ മുഖം തെളിഞ്ഞുകാണുന്നു.
ഇന്ത്യയുടെ മൂന്നു പ്രധാനമന്ത്രിമാരെ തന്റെ മുന്നിലിരുത്തിക്കാന്‍ ലുഖ്മാന് കഴിഞ്ഞു. നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും. ഇന്ദിരാഗാന്ധി മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് നടത്തിയ അഭിമുഖം വിവാദമായി. മേനക ഗാന്ധിയെ പറ്റിയുള്ള പരാമര്‍ശമായിരുന്നു വിവാദമായത്. പിന്നീട് ഇന്ദിരാഗാന്ധി പ്രത്യേകം പത്രസമ്മേളനം വിളിച്ചുകൂട്ടി നിഷേധപ്രസ്താവന നടത്തി. അപ്പോഴും ലുഖ്മാന്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. തെളിവുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു. എങ്കിലും ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായില്ല.
രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പായിരുന്നു ഇന്റര്‍വ്യൂ നടത്തിയത്. വിവിധ ലോക രാജ്യങ്ങളിലെ ഭരണാധികാരികളുമായെല്ലാം അഭിമുഖം നടത്താനുള്ള അവസരവും ലഭിച്ചു. ലുഖ്മാനെ പറ്റിയുള്ള ഏറ്റവും ചുരുക്കെഴുത്താണിത്. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്രയും ചരിത്രമുണ്ട്.
സൗദിയുടെയും കേരളത്തിന്റെയും മാധ്യമചരിത്രത്തില്‍ സുപ്രധാന സ്ഥാനം തുന്നിച്ചേര്‍ത്താണ് ഫാറൂഖ് ലുഖ്മാന്‍ എന്ന മഹാപ്രതിഭയുടെ ജീവിതത്തിന് തിരശീല വീഴുന്നത്. ഫാറൂഖ് ലുഖ്മാനില്‍നിന്ന് തുടങ്ങി താരീഖ് മിശ്ഖസിലൂടെ സൗദി റിസര്‍ച്ച് ആന്റ് മീഡിയ ഗ്രൂപ്പിന്റെ കീഴില്‍ മലയാളം ന്യൂസ് ജൈത്രയാത്ര തുടരുകയാണ്.