ഒരിക്കൽ, ഒരു ഹർത്താൽ ദിവസം. മണ്ണാങ്കട്ടയും കരിയിലയും
പഴനിക്ക് പുറപ്പെട്ടു. സ്വയം ഓടുന്ന ഒരു ബുള്ളറ്റിലായിരുന്നു യാത്ര. തിരക്കൊഴിഞ്ഞ വഴികളിലൂടെ ബൈക്ക് കുതിച്ചു.
കുതിരാൻ കഴിഞ്ഞപ്പോൾ കാറ്റിന് ഭ്രാന്തു പിടിച്ചു. പേടിച്ചു വിറച്ച കരിയിലക്കിലുക്കത്തിനു മുകളിൽ കെട്ടിപ്പിടിച്ച് മണ്ണാങ്കട്ടയിരുന്നു.
നെന്മാറ, പൊള്ളാച്ചി, കാറ്റാടിപ്പാടങ്ങൾ…
കാറ്റിന്റെ കെട്ടുകൾ അഴിഞ്ഞുപോയി. കാറ്റ് വേഷം മാറി ചാറ്റൽമഴയുടെ ആകാശക്കുട നിവർത്തി. മണ്ണാങ്കട്ടയെ പുണർന്ന് കരിയില പുതപ്പായി. രണ്ടുപേരും അങ്ങിനെ പരസ്പരം ചൂടു പകർന്ന് പഴനിയിലെത്തിയത് ഓർമയുണ്ട്.
കഥയിലെ കാലാവസ്ഥ ചതിച്ചു. ഒരു ചുഴലി അവരെ മാറോട്
ചേർത്ത് മുകളിലേക്കുയർന്നു. പിടിവിട്ട ബുള്ളറ്റ് ചാണകവും
ജമന്തിയും കർപ്പൂരവും മണക്കുന്ന പഴനി തെരുവോരത്ത് കുഴഞ്ഞുവീണു. കാറ്റിന്റെ ഉന്മാദം അവരെ മലമുകളിൽ
പഴനിയാണ്ടവന്റെ സന്നിധാനത്ത് പഞ്ചാമൃതമായി നേദിച്ചു.
മുരുകന്റെ പടൈവീടുകളിൽ മാറിമാറി വിരുന്നു പാർത്ത്,
സംഘത്തമിഴിൽ ആർമാദിച്ച്, അവർ ചെന്തമിഴ് തിരുക്കുറളായി
ജന്മമെടുത്തു.