ആഖ്യാനതന്ത്രത്തിന്റെ മികവിലൂടെയാണ് നവകഥ വിജയിക്കുന്നത്. പ്രമേയകല്പനയേക്കാള്‍ ശില്പഘടനയെ ആകര്‍ഷകമാക്കുന്നതിലൂടെയാണ് കഥാകൃത്ത് തന്റെ മൗലികത അടയാളപ്പെടുത്തുന്നത്. ഓരോ കഥാകൃത്തും ഈ വെല്ലുവിളി ഏറ്റെടുക്കുന്നതുകൊണ്ടാണ് വര്‍ത്തമാനകഥ ബഹുസ്വരതയുടെ ശരീരഭാഷ പ്രദര്‍ശിപ്പിക്കുന്നത്. വര്‍ത്തമാന മലയാളകഥയില്‍ നവകഥയുടെ രചനാതന്ത്രവുമായി നിരവധി പേര്‍ രംഗത്തുണ്ട്. ഇത്തരക്കാരില്‍ പൂര്‍ണവിജയം കൈവരിച്ചവര്‍ അധികമില്ല. എന്നാല്‍ ഉത്തരാധുനികതയുടെ ശാഠ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് മലയാള ചെറുകഥയുടെ 21-ാം നൂറ്റാണ്ടില്‍ ആസ്വാദനത്തിന്റെ നവാനുഭൂതി സൃഷ്ടിക്കുന്ന പ്രതിഭാധനനായ കഥാകൃത്താണ് എസ.് ഹരീഷ്.
ഉത്തരാധുനികതയുടെ മൂല്യനിരാസം, നിഷേധാത്മകത, നിസ്സാരവത്കരണം, അപനിര്‍മാണയുക്തി എന്നിവ സ്വാംശീകരിച്ച് ആസ്വദിക്കുവാന്‍ ഒരുപക്ഷേ ശരാശരി വായനക്കാരന് കഴിഞ്ഞെന്നുവരില്ല. അതിനാല്‍ തന്റേതുമാത്രമായ ഒരു ശില്പവൈദഗ്ദ്ധ്യം ഉപയോഗിച്ച് കഥാബീജവും പരിസരവും ഇദ്ദേഹം ആസ്വാദനാത്മകമായി സ്ഫുടം ചെയ്‌തെടുക്കുന്നു. വാചികസൗന്ദര്യത്തിന്റെയും നര്‍മത്തിന്റെയും കറിക്കൂട്ടുകൊണ്ട് വായനക്കാരെ രസിപ്പിക്കുന്നു. സൂചകസമൃദ്ധികൊണ്ട് ആസ്വാദനത്തെ ഉദ്ദീപിപ്പിക്കുന്നു. തുടക്കംമുതല്‍ ഒടുക്കംവരെ കഥ എങ്ങനെ അനുഭവിപ്പിക്കണമെന്ന് ഹരീഷിന് നന്നായറിയാം. സമകാല മലയാളകഥയുടെ കരുത്തും സമ്പന്നതയും ഇദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഫലിക്കുന്നു. വര്‍ത്തമാന കഥ എങ്ങനെയാകണം എന്ന് മനസ്സിലാക്കണമെങ്കില്‍ ഹരീഷിന്റെ കഥകളിലെ ലക്ഷണങ്ങള്‍ പരിചയപ്പെടേണ്ടതുണ്ട്. രചനയില്‍ ആത്മനിയന്ത്രണവും മൗലികതയും ഇദ്ദേഹം വച്ചുപുലര്‍ത്തുന്നു. ഗുണനിലവാരം പുലര്‍ത്തുന്നതിന് വല്ലപ്പോഴും മാത്രം കഥയെഴുതുക എന്ന തന്ത്രവും ഇദ്ദേഹത്തിനുണ്ട്.
പ്രമേയവും ആഖ്യാന തന്ത്രവും ശരീരവും മനസ്സുംപോലെ സംയോജിതമാകുമ്പോഴാണ് കഥ സമ്പൂര്‍ണ വിജയത്തിലെത്തുന്നത്. രചനയില്‍ ശ്രദ്ധിക്കേണ്ട സൂക്ഷ്മാംശങ്ങള്‍, സമര്‍ത്ഥമായ സൂചകങ്ങള്‍, കാലബോധം, ചരിത്രബോധം, ആസ്വാദനശേഷിയെ പ്രോജ്വലിപ്പിക്കുന്ന നര്‍മബോധം, കഥാപാത്രങ്ങളുടെ സ്വഭാവസ്വരൂപണം, വാചിക നിര്‍മിതിയിലെ സൗന്ദര്യബോധം, കഥാസന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് പൊട്ടിവിടരുന്ന മനോധര്‍മം എന്നിങ്ങനെ കഥയെ അനുഭവിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളെല്ലാം ഈ കഥാകൃത്ത് സ്വായത്തമാക്കിയിരിക്കുന്നു. യഥാതഥമായ ചരിത്രാവിഷ്‌കാരമാണ് കഥനമെന്ന മനോശീലനത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതിനുള്ള സാമര്‍ത്ഥ്യമാണിത്. കഥയെ പുനര്‍വായനയ്ക്കു പ്രേരിപ്പിക്കുന്നതിനുള്ള ശില്പവൈദഗ്ധ്യവും ഹരീഷിന്റെ സവിശേഷതയാണ്.
പ്രമേയം നിസ്സാരമാണെങ്കിലും എറ്റവും അനുയോജ്യമായ കഥാസന്ദര്‍ഭം സൃഷ്ടിക്കുന്നതില്‍ ഇദ്ദേഹം അസാമാന്യമായ ഭാവനാവിലാസം പ്രകടിപ്പിക്കുന്നു. ചില ഉദാഹരണങ്ങള്‍:-
”പതിനൊന്നുമണിയോടെ ജോലി ഏറെക്കുറെ ഒതുങ്ങിക്കഴിഞ്ഞാല്‍ തേക്കിലയില്‍ മുറുക്കിക്കെട്ടിയ കുറച്ച് പൊതികളുമായി അവന്‍ ധൃതിയില്‍ സൈക്കിള്‍ ചവുട്ടിപ്പോകും. തങ്ങള്‍ ഇറച്ചിക്കടയില്‍ നേരിെട്ടത്തുന്നത് ഏതോ അജ്ഞാതമായ കാരണത്താല്‍ കുറച്ചിലായി കരുതുന്ന ചില നായന്മാരുടെയും അമ്പലവാസികളുടെയും വീടുകളിലാണ് അവ എത്തുന്നത്. അവരുടെ മനസ്സറിഞ്ഞ് ആന്റണി വീടുകളുടെ മുന്‍വശത്തുകൂടി ചെല്ലാതെ പിന്നാമ്പുറം വഴിയെത്തി അടുക്കളപ്പടിയില്‍ വച്ചിരിക്കുന്ന ചട്ടിയില്‍ ഒന്നുമറിയാത്തപോലെ പൊതി നിക്ഷേപിക്കും. ഉള്ളിയും തേങ്ങാപ്പാലും മസാലയും ചേര്‍ത്ത് നീട്ടി ചാറാക്കിവെച്ച ഇറച്ചിക്കറിയുടെ ആദ്യ തിള വരുമ്പോഴുള്ള സുഗന്ധമോര്‍ക്കുന്ന ദീര്‍ഘനിശ്വാസങ്ങള്‍ അപ്പോള്‍ ഉള്ളിന്റനിന്നു കേള്‍ക്കാം” (മാവോയിസ്റ്റ്).
അറവുശാലയില്‍ നിന്ന് കയര്‍ പൊട്ടിച്ചോടിയ ഒരു പോത്തിന്റെയും എരുമയുടെയും പരാക്രമങ്ങള്‍ പശ്ചാത്തലമാക്കി മനുഷ്യാവസ്ഥയുടെ വര്‍ത്തമാനജീര്‍ണതയെ വിചാരണ ചെയ്യുന്ന ലക്ഷണമൊത്ത കഥയാണ് ‘മാവോയിസ്റ്റ്’. പദാനുപദം ഒളിപ്പിച്ചുവച്ച ഗൂഢനര്‍മത്തിന്റെ മനോഹാരിത, ആക്ഷേപഹാസ്യത്തിന്റെ തീക്ഷ്ണത എന്നിവ ആസ്വാദനത്തെ വേറിട്ട ഒരനുഭവമാക്കുന്നു. ആഖ്യാന ലാവണ്യത്തെ പ്രോജ്വലിപ്പിക്കുന്ന നിരവധി സമകാലബിംബങ്ങളും വാങ്മയചിത്രങ്ങളും ഇക്കഥയിലുണ്ട്.
”പെെട്ടന്നുണ്ടായ ബഹളത്തിലും ആക്രോശത്തിലും മൃഗം ജനങ്ങളുടെ ഭിത്തി പൊളിച്ച് രക്ഷപ്പെട്ടുപോകുന്ന വഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ തങ്ങളുടെ പരമ്പരാഗത ആചാരപ്രകാരം അടുത്തിടെ തടിപ്പലകകളും ചുവന്ന തുണിയുംകൊണ്ട് സ്ഥാപിച്ച ആകാശത്തേക്ക് മുനകൂര്‍ത്ത രക്തസാക്ഷിമണ്ഡപം ചവുട്ടിമെതിച്ചു”. അധികാരത്തിന്റെ ചിഹ്നങ്ങളെയും അഹന്തകളെയും ആത്മരക്ഷയ്ക്കായുള്ള പരാക്രമത്തിലൂടെ മിണ്ടാപ്രാണികള്‍ തച്ചുടയ്ക്കുമ്പോള്‍ മാനുഷികതയുടെ പ്രഛന്നമായ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാകുന്നു അത്! മനുഷ്യരുടെ വിചിത്രമായ പ്രതികരണങ്ങള്‍, സ്വാര്‍ത്ഥതയുടെയും കാപട്യത്തിന്റെയും സുതാര്യമായ പ്രതിഫലനങ്ങള്‍ എന്നിവ മൃഗങ്ങളുടെ സ്വാഭാവിക ചേഷ്ടകളോടൊപ്പം സമര്‍ത്ഥമായി അവതരിപ്പിക്കപ്പെടുന്നു. മറ്റൊരു സമകാല ബിംബം ഇങ്ങനെ:
”ബാംഗ്ലൂരില്‍നിന്ന് ഈയിടെ പഠനം കഴിഞ്ഞെത്തിയേയുള്ളൂ സുധീര്‍. തൊട്ടയല്‍പക്കക്കാരെ അറിയില്ലെങ്കിലും നാട്ടുകാര്‍ അവനെ ഒരു പ്രായം കഴിഞ്ഞ് കണ്ടിട്ടില്ലെങ്കിലും ഫേസ്ബുക്കില്‍ സുധീറിന് അയ്യായിരം ഫ്രണ്ട്‌സും ആയിരക്കണക്കിന് ഫോളോവേഴ്‌സുമുണ്ട്”. ചുറ്റുപാടുകളെ തമസ്‌കരിക്കുന്ന സമകാലജീവിതാവസ്ഥയെ മറ്റു രീതിയിലും കഥയില്‍ വിമര്‍ശിക്കുന്നുണ്ട്. വൃദ്ധനായ കഥാപാത്രത്തിന്റെ മരണം ചിത്രീകരിക്കുന്നത് ഇങ്ങനെ:
”രണ്ടെണ്ണം വീശുന്നയാളാരുന്നെങ്കില്‍ നേരത്തെ പോയേനെ”. മാറിമാറി ശുശ്രൂഷിക്കുന്ന മക്കളിലൊരാള്‍ ആത്മഗതമായി പറയുന്നത് അദ്ദേഹം പാതിമയക്കത്തില്‍ കേട്ടു… ബോധപ്പകര്‍ച്ചയില്‍ ഇടയ്‌ക്കൊന്ന് കണ്ണുതുറന്ന് മുറ്റത്തേക്കു നോക്കിയപ്പോള്‍ തൊട്ടടുത്ത് കറുത്തിരുണ്ട ഒരു മൃഗം തന്നെ നോക്കിനില്‍ക്കുന്നത് വൈദ്യര്‍ കണ്ടു. അതിന്റെ പുറത്ത് പ്രഭാമയനായ ഒരാള്‍ തെന്ന കരുണയോടെ വീക്ഷിക്കുന്നുണ്ട്. വൈദ്യരുടെ വയ്യാത്ത ശരീരം അത്ഭുതകരമായി കിടക്കയില്‍ എഴുന്നേറ്റിരുന്നു. കൈകള്‍ കൂപ്പി നെഞ്ചോട് ചേര്‍ത്ത് തൊഴുതു. ”ഭഗവാനേ…” ആ ദേഹി പരലോകം പ്രാപിച്ചു.
സംഭവഗതികളുടെ വാങ്മയചിത്രങ്ങള്‍ അസാധാരണ വൈഭവത്തോടെ രചനയില്‍ സംശ്ലേഷണം ചെയ്യുമ്പോഴാണ് കഥ വിജയിക്കുന്നത്. ചാരുതയാര്‍ന്ന ഈ വാങ്മയചിത്രങ്ങള്‍ ‘ആദം’ എന്ന കഥയിലും അത്യപൂര്‍വമായ ആസ്വാദന വിസ്മയം സൃഷ്ടിക്കുന്നു. ചില കഥാപരിസരങ്ങള്‍ ഇങ്ങനെ:
”അവള്‍ കൗതുകത്തോടെ നോക്കിനില്‍ക്കെ ഗൗരവക്കാരനായ കുറുപ്പ് പോളി മാത്യു എന്ന ചെമ്പന്‍ മുടിക്കാരിയുമായി വാതോരാതെ ഇംഗ്ലീഷില്‍ സംസാരിക്കുകയും അടുക്കളയില്‍ ഓംലെറ്റുണ്ടാക്കാന്‍ സഹായിക്കുകയും സോഫയില്‍ വച്ച് പരാക്രമത്തോടെ ബന്ധപ്പെടുകയും ചെയ്തു”.
”ഒരു പോലീസ് ജീപ്പിലാണ് അയാളിരുന്നത്. പിന്നില്‍ രണ്ട് എസ്‌ഐമാര്‍ ആദരവോടെയിരുന്നു. അതിനുപിന്നില്‍ ജീപ്പിന്റെ പിന്‍ഭാഗത്തെ പടികളില്‍ ചവിട്ടി നിക്കര്‍ധാരികളായ രണ്ട് പോലീസുകാര്‍ തൂങ്ങിനിന്നു. അതിലൊരാളുടെ നോട്ടമേറ്റ മുറുക്കാന്‍കടക്കാരന്‍ നിമിഷാര്‍ദ്ധത്തില്‍തെന്ന തട്ടുപലകകള്‍ താഴ്ത്തിയടച്ചശേഷം കടയ്ക്കുപിന്നില്‍ ഇരുട്ടുണ്ടാക്കി അങ്ങോട്ടുമറഞ്ഞു”. പോലീസിനോടുള്ള പൊതുജനത്തിന്റെ എക്കാലത്തെയും ഭീതി ഇവിടെ സമര്‍ത്ഥമായി പ്രതിഫലിക്കുന്നു.
പുറംലോകം കാണാതെ വീടിന്റെ മതില്‍ കെട്ടിനകത്ത് അടച്ചിടാന്‍ വിധിക്കപ്പെട്ട ജോര്‍ദാന്‍ എന്ന വളര്‍ത്തുനായയുടെ രക്ഷപ്പെടല്‍ ചിത്രീകരിക്കുന്നത് ഇപ്രകാരം:- ‘ജോര്‍ദാന്‍ മല ഓടിക്കയറി. തന്റെ ജീവിതത്തിലെ മനുഷ്യരെ തിരിഞ്ഞുനോക്കി ഒരു നിമിഷം നിന്നു. നന്ദിസൂചകമായി ഒന്നു കുരച്ചശേഷം മറുവശത്തേക്ക് ഓടിയിറങ്ങി അപ്രത്യക്ഷനായി”. മേലുദ്ധരിച്ച വാങ്മയചിത്രങ്ങള്‍ കഥാസന്ദര്‍ഭങ്ങളുമായി പൊരുത്തപ്പെട്ട് അസാധാരണമായ ആസ്വാദനക്ഷമതയാണ് സൃഷ്ടിക്കുന്നത്.
നിനച്ചിരിക്കാതെയാണ് ഗൂഢനര്‍മത്തിന്റെ കടന്നുവരവ്; ആസ്വാദനത്തിന്റെ മേന്മ ഉയര്‍ത്തിക്കൊണ്ട്.
”അയാള്‍ ഷഡ്ഢി ഊരി തോളിലിട്ടുകൊണ്ടാണ് വരുന്നത്. അവധിക്ക് കോട്ടയത്ത് ട്രെയിനിറങ്ങി ടാക്‌സിയില്‍ കത്തിച്ചുവരുന്ന കുറുപ്പിനെ നോക്കി അദ്ദേഹത്തിന്റെ ഭാര്യയെ ഓര്‍ത്ത് ചെറുപ്പക്കാര്‍ പറയും”. മിലിട്ടറിക്കാരനായ കഥാനായകനെ കുറിച്ച് ഇനിയുമുണ്ട് കമന്റ്. പട്ടാളക്കാര്‍ പറയുന്ന കഥകളില്‍ നുണകളുടെ വേലിയേറ്റമുണ്ടാകുമെന്ന് അഭിവ്യഞ്ജിപ്പിക്കാന്‍ താഴെ ചേര്‍ക്കുന്ന കഥാസന്ദര്‍ഭം ഉപകരിക്കും:
”പാകിസ്ഥാന്റെ അതിര്‍ത്തി കടന്ന കഥാനായകനായ ഇന്ത്യന്‍ പട്ടാളക്കാരനെ പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊന്നുകളയാന്‍ തീരുമാനിക്കുന്നു. അതിനു തൊട്ടുമുമ്പ്: ”നില്‍ക്ക് ഈ പന്നീടെ മുഖമൊന്നുകാണട്ടെ” പാക്കിസ്ഥാന്‍ മേജര്‍ പറഞ്ഞു. മുഖത്തേക്ക് ടോര്‍ച്ചടിച്ചതും അയാള്‍ ഭയന്നുവിറച്ചു. ”അയ്യോ കുറുപ്പുസാറാരുന്നോ” മുട്ട കൂട്ടിയിടിച്ച് ആഞ്ഞൊരു സല്യൂട്ടടിച്ച് മേജര്‍ പറഞ്ഞു.
”കുറുപ്പുസാറിനെ വേഗം തിരിച്ചുവിട്”. ഇത്തരത്തിലുള്ള അവതരണതന്ത്രം കഥയില്‍ സമൃദ്ധമാണ്.
മനുഷ്യര്‍ക്കിടയിലെന്നപോലെ ഒരു തള്ളയ്ക്കു പിറന്നെങ്കിലും പലര്‍ക്കും പല ജീവിതവിധികളുള്ളതുപോലെ ഉന്നതകുലജാതയായ ബെന്‍ജിയന്‍ മാലിനോയിസ് എന്ന അപൂര്‍വയിനം പട്ടിയുടെ നാലു സന്തതികള്‍ വിഭിന്നങ്ങളായ ജീവിതവിധികളിലൂടെ കടന്നുപോകുന്നതാണ് കഥയുടെ പ്രമേയം. ഏറ്റവും മൂത്തവനായ ആദം ജീവിതത്തില്‍ നരകിക്കാന്‍ വിധിക്കപ്പെടുമ്പോള്‍ ഇളയവനായ വിക്ടര്‍ പോലീസ് നായയായി രാജകീയ ജീവിതം നയിക്കുന്നു. മനുഷ്യരുടെ ജീവിതത്തോട് സദൃശപ്പെടുത്തി സഹോദരരായ നാല് നായകളുടെ ജീവിതത്തെ മനുഷ്യജീവിതത്തേക്കാള്‍ സൂക്ഷ്മമായി സ്വാഭാവികകഥനം ചെയ്യുന്നു. വളരെ മികച്ച ആഖ്യാന രീതിയാണ് കഥാകൃത്ത് അവലംബിക്കുന്നത്.
‘നിര്യാതരായി’ എന്ന കഥയും എന്തുകൊണ്ടും ലക്ഷണമൊത്ത രചനയാണ്. കാര്യകാരണങ്ങളെയും സംഭവങ്ങളെയും വികാര വിചാരങ്ങളെയും അസാധാരണമായ ശില്പവൈദഗ്ധ്യം ഉപയോഗിച്ച് പരസ്പരം സമന്വയിപ്പിക്കുവാനുള്ള പാടവം ഈ കഥയിലുണ്ട്. വായിക്കുകയാണെന്ന തോന്നല്‍ ഒരുതരത്തിലും വായനക്കാരെ അലട്ടുന്നില്ല. ഇത്തരത്തിലുള്ള ഒരു സംവേദനക്ഷമതയാണ് വര്‍ത്തമാനകഥയില്‍ വേണ്ടത്. ഇക്കാര്യത്തില്‍ ഹരീഷിനെ അതിശയിക്കുന്ന നവകഥാകൃത്തുക്കള്‍ വിരളമാണ്.
മൃഗങ്ങളും മനുഷ്യരും മറ്റെല്ലാ ജീവികളും മരിക്കുന്നു അഥവാ കൊല്ലപ്പെടുന്നു. പക്ഷേ ചില മരണങ്ങളെ / കൊലകളെ നാം നിസ്സാരവത്കരിക്കുന്നു. മറ്റു ചില വേര്‍പാടുകളില്‍ ദു:ഖിക്കുന്നു. മനുഷ്യന്റെ സ്വാര്‍ത്ഥതയുമായി ബന്ധപ്പെട്ട സ്വഭാവവൈരുധ്യമാണിത്. മനുഷ്യന് അലോസരമുണ്ടാക്കുന്ന നായ്ക്കുട്ടികളെ ജീവനോടെ കുഴിച്ചുമുടുന്നു. ആമയെ തിളച്ച വെള്ളത്തിലിട്ട് പീഡിപ്പിച്ചുകൊണ്ട് ചികിത്സയുടെ ഭാഗമായി പാകം ചെയ്തു കഴിക്കുന്നു. എന്നാല്‍ മനുഷ്യന് ഉപകാരമുള്ള പശുവിന്റെ മരണത്തില്‍ വ്യസനിക്കുന്നു. ഇതൊക്കെയാണെങ്കിലും മനുഷ്യന്റെ മരണം എത്ര നിസ്സാരമാണെന്ന് സമര്‍ത്ഥമായി സൂചകങ്ങളിലൂടെ കഥാകൃത്ത് ബോധ്യപ്പെടുത്തിതരുന്നു. കഥയില്‍ മരിച്ചവരുടെ ചിത്രം ഉപയോഗിച്ചുകൊണ്ടുള്ള ചീട്ടുകളി ഇത്തരമൊരു സൂചകമാണ്.
കഥാപാത്രങ്ങളുടെ ആസക്തികളും വികാരവിചാരങ്ങളും സമര്‍ത്ഥമായി ഒപ്പിയെടുക്കുന്ന ചാരുതയാര്‍ന്ന ഭാഷ ആദരണീയമാണ്. മരണത്തെ കാത്തുകഴിയുന്ന പീറ്റര്‍സാര്‍ എന്ന വയസ്സന്‍ കഥാപാത്രം. അദ്ദേഹത്തിന്റെ വീരശൂര കഥകള്‍. ഒക്കെയും ജീവിതത്തിന്റെ വസന്തകാലത്തു സംഭവിച്ചത്. ഒടുവില്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ സുഹൃത്തുക്കളും ഭാര്യയും ഒത്തുചേര്‍ന്ന് പീറ്റര്‍ സാറിനെ മരണം പുല്‍കാന്‍ സഹായിക്കുന്നു. നിസ്സാരനായ മനുഷ്യനെ അവന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ മരണം വിളിച്ചുകൊണ്ടുപോകുന്നു. എന്നിട്ടും ആസക്തികള്‍ ബാക്കിയാകുന്നു എന്ന സൂചനയും കഥാന്ത്യത്തിലുണ്ട്. വായിച്ചു തീര്‍ന്നാലും അവസാനിച്ചുവെന്ന് തോന്നാത്ത കഥനരീതി. യാഥാര്‍ത്ഥ്യവും വിചിത്രകല്പനയും ഇഴചേര്‍ത്തുകൊണ്ടുള്ള ആഖ്യാനരീതിയും കഥയെ വിജയിപ്പിച്ചിരിക്കുന്നു.
പദനിര്‍മിതിയുടെ അസാമാന്യമായ ചാരുതയാല്‍ മികച്ചുനില്‍ക്കുന്ന കഥയാണ് ‘കാവ്യമേള’. ”നൂറ്റാണ്ടുകളുടെ മണ്ണടിയുന്ന ശില്പം പോലെ പതുക്കെ സൂര്‍ദാസ് അവളുടെ മടിയിലേക്ക് തലചായ്ച്ചുകിടന്നു… ഒന്നോ രണ്ടോ വര്‍ഷമോ ഒരു ജീവിതകാലമോ അവനവിടെ കിടന്ന് ആണ്ടുകളെടുത്ത് അവളുടെ മണം ശ്വസിച്ചു. മരണാനന്തരം അവളുടെ ഇളവയറിന്റെ ചൂടിലേക്ക് കവിള്‍ ചേര്‍ത്തു. ആയുസ്സു മുഴുവനുമെടുത്ത് ഒരു കഥയിലെ ഒരു വരി മാത്രം സൂര്‍ദാസ് പിന്നെയും പിന്നെയും എഴുതി”. ഇത്തരത്തില്‍ സൗന്ദര്യാത്മകമായി കമിതാക്കളുടെ രഹസ്യസമാഗമത്തെ നവകഥയില്‍ മറ്റാരും ആവിഷ്‌കരിച്ചിട്ടുള്ളതായി തോന്നുന്നില്ല. ഫാന്റസിയുടെ തലത്തിലേക്ക് പതിയെ വികസിച്ചുവരുന്ന ‘കാവ്യമേള’ കാവ്യാത്മകമായ ഒരനുഭവമാണ്.
മനുഷ്യര്‍ക്കിടയില്‍ അന്ധമായി വളര്‍ന്നുകയറുന്ന ശത്രുതയുടെ അര്‍ത്ഥരഹിതമായ അവസ്ഥാന്തരങ്ങളെ നര്‍മമധുരമായി വിചാരണ ചെയ്യുന്ന കഥയാണ് ‘രാത്രികാവല്‍’. കഥാപാത്രങ്ങളുടെ സ്വഭാവസ്ഫുടീകരണത്തിന് അനുഗുണമായ കഥാസന്ദര്‍ഭങ്ങളും മൗലികമായ വാചികനിര്‍മിതികളുമാണ് കഥയുടെ വിജയരഹസ്യം. മനുഷ്യരുടെ ചിരപരിചിതമായ മനോവൈകല്യങ്ങളെ ഹരീഷിന്റെ കഥാപാത്രങ്ങള്‍ സമര്‍ത്ഥമായി പ്രതിഫലിപ്പിക്കുന്നു.
ജീവിതത്തിനും മരണത്തിനുമിടയിലെ അപരിചിതമായ ആത്മമണ്ഡലത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കഥയാണ് ‘ഒറ്റ’. പറയാതെ പറയുന്ന കാവ്യാത്മകമായ ഒരു ഫാന്റസി ഇക്കഥയില്‍ വിടര്‍ന്നുവരുന്നു. ഇരുട്ടിലുടെ അനന്തമായി അലയുന്ന കഥാപാത്രം. അയാള്‍ ജീവിച്ചിരിക്കുന്നുവോ മരിച്ചുവോ എന്ന് വായനക്കാര്‍ സംശയിക്കാന്‍ തുടങ്ങുമ്പോള്‍ കഥ അവസാനിക്കുന്നത് ഇങ്ങനെ: ”മറ്റുള്ള സ്ഥലങ്ങളിലെല്ലാം പലതവണ നേരം പുലര്‍ന്നിട്ടുണ്ടെങ്കിലോ? ഇവിടെ മാത്രം ഇനി പകല്‍ വരാത്തതാണെങ്കിലോ? ഭാര്യയും മക്കളും അയാളെ ഓര്‍ത്തുള്ള കരച്ചില്‍ നിര്‍ത്തിയിട്ട് കാലങ്ങളായെങ്കിലോ?”
പുതിയ കാലത്തിന്റെ സമീപനങ്ങളെ, പ്രത്യേകിച്ച് യുവത്വത്തിന്റെ കാഴ്ചപ്പാടുകളെ ഉത്തരാധുനികമായ അവബോധത്തോടെയാണ് ‘മാന്ത്രികവാല്‍’ എന്ന കഥയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ദുരൂഹതയുടെയും ഐറണിയുടെയും ശാഠ്യങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കപ്പെടുന്നു. ഇവയൊന്നുമില്ലാതെ പ്രത്യക്ഷകഥനത്തിന്റെ ഉത്തരാധുനികഭാഷ നിര്‍മിക്കാനാകുമെന്ന് കഥാകൃത്ത് തെളിയിക്കുന്നു. നവകഥയുടെ മാനിഫെസ്റ്റോ എന്ന നിലയില്‍ തിരിച്ചറിയപ്പെടേണ്ട സവിശേഷതയാണിത്.
‘രസവിദ്യയുടെ ചരിത്രം’ എന്ന കഥയുമായാണ് എസ്. ഹരീഷ് ചുവടുറപ്പിച്ചത്. ഈ രചനയില്‍തന്നെ സ്വന്തം മൗലികത രേഖപ്പെടുത്താന്‍ ഇദ്ദേഹത്തിനു സാധിച്ചു. ലോകസഞ്ചാരിയായിരുന്ന ഹൂസ്റ്റാര്‍ട്ടിന്റെ യാത്രാകുറിപ്പുകളിലൂടെയാണ് ഇക്കഥ ചുരുള്‍നിവരുന്നത്. വിശ്വാസ്യത സൃഷ്ടിച്ചുകൊണ്ടുള്ള അവതരണരീതിയാണ് കഥയുടെ സവിശേഷത. വില കുറഞ്ഞ ലോഹത്തെ സ്വര്‍ണമാക്കുന്നതിനുള്ള രസവിദ്യയില്‍ പരീക്ഷണം നടത്തുന്നു എന്ന പ്രമേയമാണ് കഥയുടെ കേന്ദ്രബിന്ദു. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും ഗുരുവായ മലബാറിലെ അയ്യാസ്വാമിയാണ് ഈ പരീക്ഷണം നടത്തുന്നത്. വിദേശികളും സ്വദേശികളും ഈ പരീക്ഷണത്തില്‍ ആകൃഷ്ടരാകുന്നു. പക്ഷേ അയ്യാസ്വാമി യഥാര്‍ത്ഥത്തില്‍ നടത്തിയത് മനുഷ്യരെ സ്വര്‍ണമാക്കുന്നതിനുള്ള പരീക്ഷണമായിരുന്നു. ലോഹത്തെ സ്വര്‍ണമാക്കി മാറ്റി ധനലാഭമുണ്ടാക്കുന്നതിലാണ് ഏവര്‍ക്കും കമ്പം. എന്നാല്‍ മനുഷ്യരെ എപ്രകാരം വിമലീകരിച്ച് സ്വര്‍ണത്തിനു തുല്യമാക്കാം എന്നതിനുള്ള മഹാകര്‍മമാണ് നടക്കുന്നതെ് തിരിച്ചറിയുതോടെ ആളുകള്‍ നിരാശരാകുന്നു.
”വിഡ്ഢികളായ നീചരേ! അയാള്‍ മനുഷ്യരെ സ്വര്‍ണമാക്കുന്ന വിദ്യയാണ് കണ്ടെത്തിയത്” എന്ന പരാമര്‍ശം ഈ നിരാശയുടെ നര്‍മമധുരമായ ബഹിര്‍ഗമനമാണ്. വിശ്വാസയോഗ്യമായി ഒരു കഥ എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ വിശദാംശങ്ങളെല്ലാം മനസ്സിലാക്കാന്‍ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് ‘രസവിദ്യയുടെ ചരിത്രം’ പ്രയോജനപ്പെടും.
ലബ്ധപ്രതിഷ്ഠരായ ചില എഴുത്തുകാരെ ഒഴിച്ചുനിര്‍ത്തിയാല്‍ കഥാരചനയുടെ സമര്‍ത്ഥമായ ശില്പവൈദഗ്ധ്യം പൂര്‍ണമായും മനസ്സിലാക്കിയിട്ടുള്ള നവകഥാകൃത്തുക്കള്‍ ചുരുക്കമാണ്. എന്നാല്‍ ഈ ഗണത്തില്‍ സര്‍ഗപ്രതിഭയുടെ തിളക്കവുമായി എസ്. ഹരീഷ് വേറിട്ടുനില്‍ക്കുന്നു. കഥയുടെ ഉത്തരാധുനിക പരിസരത്തെ നവീകരിച്ച് ആസ്വാദനക്ഷമതയെ വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്ന എഴുത്തുകാരനാണ് ഇദ്ദേഹം.
Related tags :