Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പഴകിയ ഒരു പത്രം പോലെ

സന്ധ്യ. ഇ. November 24, 2020 0

ചില ചിട്ടകൾ വിട്ടൊരു കളിയില്ല അയ്യപ്പൻ നായർക്ക്. രാവിലെ 5.30-5.45 ന് എഴുന്നേൽക്കുക, ഉമ്മറവാതിൽ തുറന്ന് നേരെ ഗേറ്റിലേക്ക് നടക്കുക, തുളസിത്തറയിൽ വെള്ളമൊഴിക്കുക, പത്രവും പാലും കൊണ്ടുവരിക, ചായയ്ക്ക് വെള്ളംവെക്കുക, അതു തിളക്കുമ്പോഴേക്ക് പല്ലു തേച്ചുവരിക, ചായ കുടിച്ചു കഴിഞ്ഞാൽ പത്രവും കൊണ്ട് കക്കൂസിൽ പോയിരുന്ന് പ്രധാന വാർത്തകളിലൂടെ കണ്ണോടിക്കുക. വിശദമായ വായന പ്രാതലിനുശേഷമാണ്.

ഇതിനിടെ മകനും ഭാര്യയും എഴുന്നേറ്റു വരും. അവർക്കുള്ള ചായയും നായരാണ് ഉണ്ടാക്കുക. പിന്നെ അയ്യപ്പൻനായർ അടുക്കളയിൽനിന്ന് പുറത്തുവരും. പ്രഭാതഭക്ഷണം തയ്യാറാക്കുന്നത് മകനും ഭാര്യയുമാണ്. എട്ടരയോടെ രണ്ടാളും ജോലിക്കുപോയി കഴിഞ്ഞാലാണ് പത്രം മുഴുവൻ വായിക്കുക. അപ്പോൾ ആദ്യം നോക്കുക ‘ഇന്നറിയാൻ’ എന്തെങ്കിലുമുണ്ടോ എന്നാണ്. കറന്റ് പോകുമോ, വെള്ളം നിൽക്കുമോ, ഗതാഗത നിയന്ത്രണമുണ്ടോ എന്നൊക്കെ. ഒരനുഷ്ഠാനംപോലെ തേങ്ങയുടെ വില നോക്കും.

നാട്ടുവർത്തമാനത്തിന്റെ പേജ് കഴിഞ്ഞ് ചരമകോളം. പരിചയമുള്ള ആരെങ്കിലും അതിലുണ്ടോ എന്നു പരിശോധിക്കും. ഒടുവിലാണ് ഒന്നാംപേജ് വായിക്കുക. മിക്കവാറും രണ്ടാവർത്തി. സ്‌പോർട്‌സ് പേജ് നോക്കാറേയില്ല. പരസ്യങ്ങളും. ഇത്രയൊക്കെ കഴിയുമ്പോഴേക്കും പതിനൊന്നു മണിയാകും. പിന്നെയാണ് പച്ചക്കറി വാങ്ങാനുള്ള യാത്ര. അന്നന്നേക്കുള്ള പച്ചക്കറി മാത്രംവാങ്ങും. ആ യാത്രയും അയ്യപ്പൻനായർക്ക് ഇഷ്ടമാണ്. കടക്കാരനെയും. നല്ല പച്ചക്കറികൾ തെരഞ്ഞെടുക്കാൻ നായർക്ക് സ്വാതന്ത്ര്യമുണ്ട്. അത് അരിഞ്ഞ് കറികളുണ്ടാക്കും. ഒരാൾക്ക് ഭക്ഷണമുണ്ടാക്കൽ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എങ്കിലും ഒന്നോന്നര മണിക്കൂറെടുക്കും. ആസ്വദിച്ചാണ് ചെയ്യുക. ഊണ് കഴിച്ച് ഒന്നു മയങ്ങിയെണീറ്റാൽ കുറച്ചുനേരം ന്യൂസ് ചാനൽ വെക്കും.

നാലരയോടെ വൈകീട്ടത്തെ ചായ. തനിക്കുളളത് കുടിച്ച് മകനും ഭാര്യയ്ക്കും ഉള്ള ചായ ഫ്‌ളാസ്‌ക്കിലാക്കിവെക്കും. അഞ്ചരയോടെ അവരെത്തും. രാത്രി കഞ്ഞിയാണ്. എട്ടുമണിയോടെ സ്വയമതുണ്ടാക്കിക്കുടിച്ച് മുറിയിൽ പോയാൽ കുറച്ച് നാമം ചൊല്ലും. ഒമ്പതരയോടെ ഉറങ്ങും. ദൈവം സഹായിച്ച് ഉറക്കക്കുറവില്ല. പ്രിയദർശിനി മരിച്ചതിൽപ്പിന്നെ ഇതാണ് കഴിഞ്ഞ ഏഴുകൊല്ലമായി ചിട്ട. അല്പം ചില മാറ്റങ്ങൾ വല്ലപ്പോഴും വരുന്നതൊഴിച്ചാൽ ചിട്ടകൾ തെറ്റാറില്ല. മുമ്പും, പ്രിയദ ഉണ്ടായിരുന്നപ്പോഴും രാവിലത്തെ കാര്യങ്ങൾ ഏറെക്കുറെ ഇങ്ങനെയായിരുന്നു. അവൾ അടുക്കളയിൽ കയറാതായിട്ട് വർഷമേറെയായിരുന്നു. ഒരിക്കൽ തിളച്ച വെള്ളം വീണ് പൊള്ളലേറ്റതിൽപ്പിന്നെ പേടിയായിരുന്നു അടുപ്പത്തെന്തെങ്കിലും ചെയ്യാൻ. നിർബന്ധിക്കാറുമില്ല. ഓഫീസിൽ പോകുംമുമ്പ് ചടപടാണ് എല്ലാ ജോലിയും തീർക്കും. മകനന്ന് പഠിക്കുകയായിരുന്നതിനാൽ അവനെകൊണ്ടൊന്നും ചെയ്യിച്ചിരുന്നില്ല. മാറ്റം വന്നത് വൈകുന്നേരത്തെ
ചിട്ട മാത്രമാണ്. അന്നൊന്നും ഒമ്പതരയ്ക്ക് കിടക്കാറില്ല.

പക്ഷേ പത്രം വായനക്ക് മാറ്റിവയ്ക്കുന്ന സമയത്തിന് മാത്രം ഒരു വ്യത്യാസവുമില്ല. പത്രം വരാത്ത അവധിദിവസങ്ങൾ കടന്നുകിട്ടുക അയ്യപ്പൻനായർക്ക് ഏറെ ശ്രമകരമാണ്. അന്നത്തെ ദിവസം ഒന്നും അങ്ങോട്ട് ശരിയാകാത്തതുപോലെ തോന്നും. പത്രം അയാളുടെ ഒരു സുഹൃത്തായിരുന്നു. അകാരണമായ ഒരു ദേഷ്യമോ പിറുപിറുപ്പോ അയാളിൽ കാണുമ്പോൾ പ്രിയദ കളിയാക്കും. ‘ഇന്ന് പത്രമില്ലാത്തതിന് ഞങ്ങളാണോ കാരണം?’

ഇപ്പോഴും പത്രം വരാഞ്ഞാൽ അസ്വസ്ഥനാകുമെങ്കിലും ഒന്നും പുറത്തേക്ക് കാണിക്കാറില്ല, അയ്യപ്പൻനായർ. കൊറോണയെക്കുറിച്ചുള്ള വാർത്ത തുടക്കത്തിൽ പത്രത്തിൽ വന്നപ്പോൾ അയ്യപ്പൻനായർ അത്ര കാര്യമായി എടുത്തില്ല എന്നത് നേര്. ചൈനയിൽ ജനിച്ച വൈറസിന് കൊച്ചുകേരളത്തിലെന്തു കാര്യം എന്ന ചിന്തയായിരുന്നു. പിന്നീടാണ് പതുക്കെപ്പതുക്കെ അത് ഒന്നാംപേജ് വാർത്തയായത്. വലിയ ഭയപ്പാടൊന്നും എന്നിട്ടും ഉണ്ടായില്ല. ഒന്നു രണ്ടു തവണ മകനോട് അതേക്കുറിച്ച് സൂചിപ്പിച്ചുവെങ്കിലും അവനും അതത്ര കണക്കിലെടുത്തില്ല. ”നിപ്പ”യൊക്കെ വന്നുപോയതല്ലേ, അങ്ങനെയൊക്കെയങ്ങ് പോകുമായിരിക്കും എന്നോ മറ്റോ പറഞ്ഞു. ഓഫീസിൽ ഓഡിറ്റ് വരുന്ന ദിവസങ്ങളായിരുന്നു മകന്. ഊണും ഉറക്കവുമില്ലാത്തത്ര തിരക്ക്. മകന്റെ ഭാര്യയ്ക്ക് കലോത്സവത്തിന്റെയും. ഇടയ്ക്ക് വിളിക്കുന്ന അനിയനും ‘ഇതത്രയൊക്കെ പേടിക്കണോ’ എന്ന നിലപാടിലായിരുന്നു.

സംഗതികൾ വളരെ വേഗത്തിൽ നീങ്ങിയതും പത്രത്തിന്റെ ഒന്നാംപേജ് വാർത്തയിലേക്ക്
കൊറോണ കടന്നതും അയ്യപ്പൻനായരുടെ ചിട്ട തെറ്റിച്ചുതുടങ്ങിയിരുന്നു. ലോകത്തിന്റെയും ഇന്ത്യയുടെയും നാനാഭാഗങ്ങളിൽ അസുഖം ബാധിച്ചവരുടെ എണ്ണം, മരിച്ചവർ, ഭേദമായവർ, സംസ്ഥാനങ്ങൾ വേർതിരിച്ചുള്ള കണക്കുകൾ എല്ലാം ശ്രദ്ധിച്ച് വായിക്കേണ്ടതിനാൽ കക്കൂസിലെ പത്രവായനക്ക് ദൈർഘ്യമേറി. അതുവരെയില്ലാത്ത ഒരു ശീലംകൂടി അയ്യപ്പൻനായരുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു. നോട്ടുപുസ്തകത്തിൽ അതാതുദിവസത്തെ കണക്കുകൾ രേഖപ്പെടുത്തിവെക്കുകയും തന്റേതായ അഭിപ്രായങ്ങൾ എഴുതുകയും ചെയ്യുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ഒരു സർഗ്ഗ പ്രക്രിയയായിരുന്നു. കേരളത്തിന്റെ ”റിമാർക്ക്” കോളത്തിൽ അയാളിടുന്ന സ്ഥലം തികയാതെയായി. തന്റെ പുതിയ ”ശീല”ത്തിൽ അയ്യപ്പൻനായർക്ക് ഏറെ അഭിമാനം തോന്നിത്തുടങ്ങിയിരുന്നു. ഒരവധി ദിവസം അയാളാ പുസ്തകം മകനെ കാണിച്ചതുമാണ്.
”ഇതു തരക്കേടില്ലല്ലോ” എന്നോ മറ്റോ പറഞ്ഞുകൊണ്ട് മകൻ പൂനയിൽ പഠിക്കുന്ന പേരക്കുട്ടിയോട് സൂക്ഷിച്ചിരിക്കാൻ പറയുന്ന ഫോൺസംഭാഷണത്തിലേക്ക് തിരിച്ചുപോയി.

അയ്യപ്പൻനായരുടെ പ്രഭാതങ്ങൾക്ക് ഒരു പുതിയ ഉണർവും ഉഷാറും കൈവന്നു തുടങ്ങിയിരുന്നു. പണ്ടെന്നോ പഠിച്ചു മറന്ന ചില ചാർട്ടുകളിലും ഡയഗ്രമുകളിലും അയാൾ കണക്കുകൾ രേഖപ്പെടുത്തുകയും സ്വയം അതുകണ്ട് ആനന്ദിക്കുകയും ചെയ്തു. പത്രത്തിനൊപ്പമായി മിക്കവാറും സമയം. ഉച്ചഭക്ഷണം എന്തെങ്കിലുമൊക്കെ കഴിച്ചാൽ മതിയെന്നായി. സത്യം പറഞ്ഞാൽ കൊറോണ വാർത്തകൾ വായിച്ച് കണക്കുകൾ രേഖപ്പെടുത്തി കുറിപ്പുകൾ എഴുതി വരുമ്പോഴേക്കും ഒരു മണിയാകും. പിന്നെ പഴയതുപോലെ കഷണം നുറുക്കാനും നാളികേരം ചിരവാനും ഒക്കെ നേരമെവിടെ? ഒന്നോ രണ്ടോ തവണ മകൻ ”അച്ഛന് അല്പം ക്ഷീണമുണ്ടല്ലോ” എന്നൊക്കെ സൂചിപ്പിച്ചുവെങ്കിലും അതൊന്നും കാര്യമാക്കിയില്ല. പുതിയ ഹോബി അയ്യപ്പൻനായർക്ക് അത്രമേൽ ഹരമായിത്തോന്നി. മുമ്പേറെ ഇഷ്ടപ്പെട്ടു ചെയ്തിരുന്ന പലതിനേക്കാളും ഇഷ്ടം.

കേരളത്തിലേക്ക് കൊറോണ പടരുകയും ഗവണ്മെന്റ് അതീവ ജാഗരൂകമാവുകയും ചെയ്ത്, സംസ്ഥാനം ഒന്നാംഘട്ട ലോക് ഡൗണിലേക്ക് കടന്നകാലം. കൈകഴുകുന്നതും മാസ്‌ക് ധരിക്കുന്നതും ശീലമാക്കാൻ ആവർത്തിച്ചാവർത്തിച്ച് ടി.വി.യിൽ ഉദ്‌ബോധിപ്പിക്കുകയും സാമൂഹ്യഅകലം പാലിക്കാൻ നിർബന്ധിക്കുകയും പുറത്തിറങ്ങുന്നതിന് കാരണം കാണിക്കണമെന്ന് അനുശാസിക്കുകയും ചെയ്ത സമയം. ഓഫീസും സ്‌കൂളും അടച്ചിടുകയാൽ മകനും ഭാര്യയും വീട്ടിൽത്തന്നെയായി. മുമ്പ് ശനിയും ഞായറും അല്ലാത്ത പക്ഷം അവധി ദിവസങ്ങളിലുമുണ്ടായിരുന്ന രീതികളിലേക്ക് വീട് ഒറ്റ ദിവസം കൊണ്ട് എടുത്തെറിയപ്പെട്ടു. വൈകി ഉറങ്ങുക, ഉണരുക, സമയം തെറ്റി ഭക്ഷണം കഴിക്കുക, ടി.വി. ഉച്ചത്തിൽ വെക്കുക തുടങ്ങിയവ എന്നുമായപ്പോൾ അയ്യപ്പൻനായർക്ക് വലിയ ബുദ്ധിമുട്ടായി. നഷ്ടപ്പെട്ടത് സ്വകാര്യസമയങ്ങളാണ്. പത്രപാരായണവും അവലോകനവുമടക്കം. മാത്രമല്ല, പത്രം പഴയതുപോലെ നായരുടെ മാത്രം സ്വകാര്യസ്വത്തുമല്ലാതായി. ഓടിച്ചുള്ള വായനക്കുശേഷം പത്രം കയ്യിൽ കിട്ടാൻ തന്നെ പ്രയാസം. ഒന്നുകിൽ അത് മകനോ ഭാര്യയോ അലസമായി അവിടെയുമിവിടെയും കൊണ്ടിടും. അല്ലെങ്കിൽ അത് കാണാതാവും. പലതവണ മകനോട് അക്കാര്യം പറഞ്ഞുവെങ്കീലും ”അവിടെവിടെയെങ്കിലുമുണ്ടാവും. അല്ലെങ്കിൽത്തന്നെ അതിലിപ്പോഴെന്താണുള്ളത്. കൊറോണയല്ലാതെ?” എന്നു ചോദിച്ചു. തീരെ പുറത്തിറങ്ങാൻ കഴിയാതായപ്പോൾ മകൻ എപ്പോഴും ടി.വി. ഓൺ ചെയ്തിടുന്ന പതിവും അയാൾക്കിഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ഒന്നുകിൽ ന്യൂസ് ചാനൽ. അല്ലെങ്കിൽ പണ്ടത്തെ ക്രിക്കറ്റ് കളികൾ.

സ്വീകരണമുറിയിൽ താൻ സ്ഥിരം ഇരിക്കുന്ന സീറ്റിൽ എപ്പോഴും മകനുണ്ടാവും. വീടു മുഴുവൻ ടി.വി.യുടെ ഒച്ച. അതും തനിക്കൊട്ടും ഇഷ്ടമല്ലാത്ത ക്രിക്കറ്റ് കളിയുടെ ബഹളവും ആർപ്പുവിളികളും. ഒന്നു പുറത്തുപോകാമെന്നു വെച്ചാൽ പ്രായമായെന്ന കാരണം പറഞ്ഞ് മകനും ഭാര്യയും സതിക്കുകയുമില്ല. പച്ചക്കറി വാങ്ങാനുള്ള യാത്രയും ഇല്ലാതായി. അടുക്കളയിൽ കയറേണ്ടി വരാറില്ല. മകന്റെ ഭാര്യയ്ക്ക് സ്‌കൂളില്ലാത്തതിനാൽ ജോലികൾ ചെയ്യാൻ ധാരാളം സമയം. ചുരുക്കത്തിൽ അയ്യപ്പൻനായർ പത്രം കയ്യിൽ കിട്ടുന്ന സമയങ്ങൾ നോക്കിയിരുന്നു. മിക്കവാറും മുറിയിൽനിന്ന് പുറത്തിറങ്ങാതായി. പഴയതുപോലെ, എന്നാൽ കൂടുതൽ ശ്രദ്ധയോടെ കണക്കുകൾ പുസ്തകത്തിലേക്ക് പകർത്തിയെഴുതി. സ്വന്തം നിലയ്ക്കുള്ള ചില പ്രവചനങ്ങൾ നടത്തി. ചിലതൊക്കെ ഒത്തുവന്നപ്പോൾ സന്തോഷിച്ചു. ചിലപ്പോൾ ദുഃഖിച്ചു.

കുറച്ചുനാളുകൾ അങ്ങനെ കഴിഞ്ഞു. വിദേശത്തുനിന്നും അന്യ സംസ്ഥാനത്തുനിന്നുമുള്ള
കേരളീയരുടെ വരവ് മുഖ്യമന്ത്രി അനുവദിച്ചപ്പോഴാണ് അയ്യപ്പൻനായരുടെ കയ്യിൽനിന്ന് കാര്യങ്ങൾ പിടിവിട്ടുപോയത്. പ്രവചനങ്ങൾക്കും ചിന്തകൾക്കും അപ്പുറത്തേക്ക് കോവിഡ് രോഗവ്യാപനം കടന്നു. സമ്പർക്കത്താലോ ഉറവിടം കണ്ടുപിടിക്കാനാകാതെയോ രോഗം പടർന്നു തുടങ്ങിയപ്പോഴാണ് മകനാ തീരുമാനമറിയിച്ചത്. ”നാളെ മുതൽ ഇവിടെ പത്രമിടുന്നില്ലച്ഛാ”.

അയ്യപ്പൻനായർക്ക് മുഖമടച്ച് ഒരടി കിട്ടിയതുപോലെ തോന്നി. എഴുപത്തിയഞ്ചുവയസ്സിലെ ആദ്യത്തെ പത്തുവർഷം ഒഴിവാക്കിയാൽ അറുപത്തിയഞ്ചുവർഷം കൊണ്ടുനടന്ന ഒരു ശീലം പെട്ടെന്ന് നിർത്തുകയെന്നുവെച്ചാൽ? മകൻ പറഞ്ഞതിൽ പല ന്യായങ്ങളുമുണ്ടായിരുന്നു. അതിൽ പ്രധാനം പത്രം വരുന്ന വഴിയിലോ, കൊണ്ടിടുന്ന ആൾക്കോ രോഗബാധ ഉണ്ടെങ്കിൽ സമ്പർക്കം വഴി നമുക്കും അതു കിട്ടാമെന്നതായിരുന്നു. മകന്റെ ഭാര്യയും അത് ശരിവെച്ചു. ”അച്ഛന് പ്രായമായില്ലേ” എന്നും കൂട്ടിച്ചേർത്തു.

ദൈവമേ! നാളെ മുതൽ പത്രമില്ലാതിരിക്കുക! അയ്യപ്പൻനായർക്ക് ശ്വാസം മുട്ടി. തന്റെ ഒരു ഭാഗമില്ലാതാകുന്ന പോലെയാണ് അയാൾക്കു തോന്നിയത്. പ്രിയദയെ നഷ്ടപ്പെട്ടപ്പോൾ തോന്നിയതുപോലെതന്നെ. അതിനോട് പൊരുത്തപ്പെടുവാനും ഏറെ സമയമെടുത്തതാണ്. പത്രമില്ലെങ്കിൽ താനെന്തു ചെയ്യും? എങ്ങനെ കക്കൂസിൽ പോക്ക് ശരിയാകും? ഏങ്ങനെ വാർത്തകൾ അറിയും? എങ്ങനെ സമയം പോകും? അയാൾക്ക് കരച്ചിൽവന്നു. തല്ക്കാലം ഒന്നും പറയാതെ മുറിയിൽ പോയിരുന്നുവെങ്കിലും അല്പം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു വന്ന് മകനോട് അപേക്ഷിച്ചു.

”പത്രം നിർത്തണ്ട മോനേ. അച്ഛന് അതില്ലെങ്കിൽ പറ്റില്ല.” മകനപ്പോൾ ഏതോ കളി കാണുകയായിരുന്നു.

”അതിനൊരു പ്രശ്‌നവും ഇല്ല അച്ഛാ. പത്രമില്ലെങ്കിലും വാർത്തകൾ നമുക്ക് ടി.വി.യിൽ കാണാം. ഓൺ ലൈനിലോ മൊബൈലിലോ കമ്പ്യൂട്ടറിലോ വായിക്കാം. അച്ഛനെ ഞാനത് പഠിപ്പിക്കാം.”

പറയാൻ വന്ന പലതും പറയാനാകാതെ അയ്യപ്പൻനായർ തിരിച്ചു നടന്നു. മുറിയിൽ ഇരുന്ന അന്നത്തെ പത്രത്തെ ഒരു തേങ്ങലോടെ നെഞ്ചത്തു ചേർത്തു. കൊറോണ കണക്കുകൾ പുസ്തകത്തിൽ രേഖപ്പെടുത്തി. നാളെ? നാളെ ഒന്നും ചെയ്യാനുണ്ടാകില്ലല്ലോ എന്നോർത്തപ്പോൾ വന്ന വിഷമത്തെ ഉള്ളിലേക്കമർത്തി. പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുകയാണെന്ന് മുൻകൂട്ടി അറിയുന്ന ഒരാൾക്കുണ്ടാകുന്ന തീവ്രമായൊരു ദുഃഖത്തിലൂടെ കടന്നുപോയി, രാത്രി. എപ്പോഴോ ഉറക്കമുണർന്നപ്പോൾ നേരം വെളുത്തിരുന്നു. പടിവരെ പോകാൻ തുനിഞ്ഞപ്പോഴാണ് ”ഇനിയെന്തിന്?” എന്ന തോന്നൽ വന്നത്. ഒന്നും ചെയ്യാനാകാതെ മുറിയിൽത്തന്നെയിരുന്നു. ഒടുവിൽ മകന്റെ ഭാര്യ ചായയുമായി വന്നപ്പോഴാണ് എണീറ്റപടി ഇരിക്കുകയായിരുന്നു എന്നു ബോധ്യപ്പെട്ടത്. കടുത്ത നിരാശ പുറത്തു കാട്ടാതെ അയ്യപ്പൻനായർ സാവധാനം എഴുന്നേറ്റ് കക്കൂസിൽ പോയി. ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. അധികസമയം അവിടെ കഴിച്ചു കൂട്ടിയിട്ടും ഒന്നും സംഭവിച്ചില്ല. ഹതാശനായി പുറത്തേക്കുനടന്ന് ഉറത്തു വന്നിരുന്നു.

റോഡിലൂടെ പോകുന്ന വാഹനങ്ങളും ആളുകളും നന്നേ കുറവായിരുന്നു. മീൻ കച്ചവടക്കാരനെപ്പോലും കാണാനില്ല. മകൻ ടി.വി. ന്യൂസ് കാണുകയാണ്. ഭാര്യ അടുക്കളയിൽ. ആരോടും ഒന്നും മിണ്ടാനില്ല. പതുക്കെ വന്ന് സ്വീകരണമുറിയിൽ ഇരുന്നപ്പോൾ മകൻ മുഖത്തു നോക്കാതെ പറഞ്ഞു.

”കേസ് കൂടുക തന്നെയാണ്. സൂക്ഷിക്കണം.” പേപ്പറിന്റെ കാര്യമോ വയറിന്റെ കാര്യമോ മിണ്ടാനായില്ല. എങ്കിലും ആ സമയത്ത് പതിവില്ലാത്ത വിധം അച്ഛനെയവിടെ കണ്ടപ്പോൾ അച്ഛന് ഞാനിപ്പോൾ കമ്പ്യൂട്ടറിൽ പത്രം വായിക്കുന്നതെങ്ങനെയെന്ന് പഠിപ്പിച്ചുതരാം” എന്നു പറഞ്ഞു മകന്റെ മുറിയിലേക്ക് കൊണ്ടുപോയി. കമ്പ്യൂട്ടർ ഓണാക്കാനും ഇൻറർനെറ്റ് എടുക്കാനും പത്രം ഓൺലൈനിൽ എടുക്കാനും ഒക്കെ രണ്ടുമൂന്നാവർത്തി പറഞ്ഞുകൊടുത്തു. ഒറ്റക്ക് ചെയ്തു കാണിക്കാനും ആവശ്യപ്പെട്ടു. അയ്യപ്പൻനായർക്ക് ഒരാശുപത്രിയിൽ നിൽക്കുന്ന പോലെ തോന്നി. വല്ലാത്ത ഉത്കണ്ഠയും ചങ്കിടിപ്പും.. ”വേണ്ട മോനേ, അച്ഛൻ ടി.വി.യിൽ ന്യൂസ് കണ്ടോളം” എന്നു പറഞ്ഞ് തിരിച്ചു നടക്കുമ്പോൾ മകനും പറഞ്ഞു. ”അതെ, അതാണ് നല്ലത്.”

മുറ്റം അധികമില്ലാത്തവിധം പണിത ഒരു വീടായിരുന്നു മകന്റെ. എങ്കിലും മുന്നിൽ എന്തെങ്കിലും ചെടികൾ വെക്കാനൊക്കെ അയ്യപ്പൻനായർ മകനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അയാൾക്കും ഭാര്യക്കും അതിൽ ശ്രദ്ധയും നേരവുമുണ്ടായിരുന്നില്ല. മകന്റെ ഭാര്യയ്ക്ക് ചെടികളുടെ ഇലകൾ നിലത്തു വീഴുന്നതും ഒന്നും ഒട്ടും ഇഷ്ടവുമായിരുന്നില്ല എങ്കിലും വീട്ടിൽനിന്ന് ഒട്ടും പുറത്തിറങ്ങാനാവാതായപ്പോൾ ടെറസിൽ എന്തെങ്കിലും കൃഷി ചെയ്യാൻ തനിക്ക് താല്പര്യമുണ്ടെന്ന് അയ്യപ്പൻനായർ അവരെ അറിയിച്ചു. ‘അച്ഛനിനി ഈ വയസ്സ് കാലത്ത് അങ്ങോട്ടൊന്നും കയറണ്ട. വീഴുകയോ മറ്റോ ചെയ്താൽ എല്ലാവർക്കും ബുദ്ധിമുട്ടാവും. ഇനിയുള്ള കാലം അതിനൊന്നും തുനിയണ്ട.” എന്നു പറയുകയും ചെയ്തു, മകൻ.

”ഇനിയുള്ള കാലം”എന്ന വാക്കുകൾ അയ്യപ്പൻനായരെ വിഷമിപ്പിച്ചുവെങ്കിലും പിന്നീട് ഓർത്തപ്പോൾ അതിലെന്താണ് വിഷമിക്കാൻ എന്നു സമാധാനിക്കുകയും ചെയ്തു. ഇനി അധികം കാലമൊന്നുമില്ലല്ലോ.

അയ്യപ്പൻനായർ അസ്വസ്ഥനായിരുന്നു. നാലാമത്തെ ദിവസമായിരുന്നു വയറ്റിൽനിന്ന് പോകാതായിട്ട്. കക്കൂസിൽ പോകുന്ന കാര്യമോർക്കുമ്പോഴാകട്ടെ വല്ലാത്ത ഒരാധിയാണ്. പത്രമില്ലാതെ കാര്യം നടക്കില്ല. മകനോടക്കാര്യം പറയാൻ വല്ലാത്ത സങ്കോചം തോന്നി. അവനത് മന ിലായെന്നു വരില്ല. ഒരു പ്രായം കഴിഞ്ഞാൽ പല അച്ഛൻമാരും മക്കളും ഇങ്ങനെയനൊക്കെത്തന്നെയാവുമെന്ന് അയ്യപ്പൻനായരോർത്തു. അങ്ങോട്ടും ഇങ്ങോട്ടും അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുന്നവരാകും. വികാരങ്ങൾ പങ്കുവെക്കാൻ ശ്രമിക്കാത്തവരും കഴിയാത്തവരും. കക്കൂസിൽനിന്ന്
പുറത്തുവന്നിട്ട് എന്തു ചെയ്യണമെന്നറിയാതെ അയ്യപ്പൻനായർ നിന്നു. ടി.വി. ഓൺ ആണ്. ഏതോ
പഴയ കളിയാണ്. അടുക്കളയിൽ മകന്റെ ഭാര്യയുണ്ട്. പച്ചക്കറി വാങ്ങാൻ ഇപ്പോൾ പോകാറില്ല.
വീട്ടിലേക്ക് സൂപ്പർ മാർക്കറ്റിൽനിന്ന് കൊണ്ടുവരികയാണ് പതിവ്. പഴയ പത്രങ്ങൾ വെച്ചിരുന്നിടത്തേക്ക് പാളി നോക്കിയപ്പോൾ അയ്യപ്പൻനായർക്ക് വല്ലാത്ത സങ്കടം വന്നു. ശവപ്പെട്ടികൾ പോലെ അവ കഴിഞ്ഞ കാലത്തിന്റെ ഭാരമേറ്റികിടന്നു. ഒന്നും മിണ്ടാതെ അയാൾ മുറിയിലേക്കു നടന്നു.

വെറുതെ കിടന്നു. വയറു തട്ടി വീർത്തിരിക്കുന്നു. തികട്ടി വരുന്നു. ഛർദ്ദിക്കാൻ തോന്നി. ബാത്‌റൂമിൽ പോയി വന്നെങ്കിലും ഛർദ്ദിച്ചില്ല. ഉച്ചക്ക് ഭക്ഷണമായെന്ന് വിളിച്ചു പറഞ്ഞപ്പോൾ കഴിക്കാൻ ഉത്സാഹമുണ്ടായില്ല. വയറ്റിൽനിന്ന് പോകാതെ എങ്ങനെയാണ്?, മകന്റെ അന്വേഷണത്തിന് ”സുഖമില്ല” എന്നു പറഞ്ഞൊഴിഞ്ഞു.

”ഡോക്ടറെക്കാണണോ?” എന്നു ചോദിച്ചെങ്കിലും ”ഈ സമയത്തെങ്ങനെ, എന്തു വിശ്വസിച്ച് പോകും?” എന്നും മകൻ പറഞ്ഞു. അവനോട് എല്ലാം തുറന്നു പറഞ്ഞാലോ എന്ന് അയ്യപ്പൻനായർ വിചാരിച്ചതാണ്. പക്ഷേ വേണ്ടെന്നു വച്ചു.

അടുത്ത ദിവസം ഒരു പഴയപത്രമെടുത്ത് അയ്യപ്പൻനായർ കക്കൂസിൽപോയി. മനസ്സിനോട്
ഒരു കളി കളിക്കാമെന്നു വെച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ. പതിവുപോലെ പത്രം വായിക്കാൻ തുടങ്ങിയെങ്കിലും ഒന്നും സംഭവിച്ചില്ല. വയർ പണി മുടക്കിത്തന്നെ നിന്നു. ഒടുവിൽ
രണ്ടും കല്പിച്ച് മകനോട് ”എനിക്കു പത്രം വായിക്കാതെ വയറ്റീന്ന് പോവില്ലെടാ” എന്നു പറഞ്ഞെങ്കിലും ”അച്ഛന്റെ ഓരോ തോന്നലുകളാ അതൊക്കെ. വയറ്റീന്ന് പോക്കും പത്രം വായനയുമായി ഒരു ബന്ധവുമില്ല. ഞാൻ പഴം വാങ്ങാം. അതു കഴിച്ചാൽ മതി രാത്രി. പോരെങ്കിൽ ഏതെങ്കിലും ലാക്‌സറ്റീവ് ശ്രമിക്കാം. പത്രം വാങ്ങാൻ ധൈര്യമില്ലച്ഛാ.”

അയ്യപ്പൻനായർക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. അപ്പോൾ ഇനിയൊരിക്കലും താൻ പത്രം വായിക്കില്ല! ഇനിയൊരിക്കലും അതിലെ കണക്കുകൾ തന്റെ സ്വകാര്യസമ്പാദ്യത്തിലേക്ക് കയറില്ല? ഇനിയൊരിക്കലും താൻ സ്വന്തം പ്രവചനങ്ങളിൽ സന്തോഷിക്കില്ല?” മുറിയിൽ തന്നെയിരുന്ന് താനെന്തു ചെയ്യണമെന്നാണ് മകൻ പ്രതീക്ഷിക്കുന്നത്? ഉപയോഗം കഴിഞ്ഞ പത്രങ്ങൾ പോലെയാണോ തന്റെ ജീവിതവും?

രാത്രി അനിയനെ വിളിച്ചു. ടെറസിൽ അല്പം കൃഷി ചെയ്യുന്നതുകൊണ്ട് സമയം പോകുന്നുവെന്ന് അവനറിയിച്ചു. കൊച്ചുമക്കൾ കൂടെത്തന്നെയുള്ളതുകൊണ്ടും. അഞ്ചുദിവസമായി വയറ്റിൽനിന്നു പോയിട്ടെന്ന് പറയാനാണ് വിളിച്ചതെങ്കിലും ഒന്നും പറയാൻ കഴിഞ്ഞില്ല. സംസാരിച്ചുകൊണ്ടിരിക്കേ ”ചെറിയയാൾ കഥ പറയാൻ നിർബന്ധിക്കുന്നുവെന്നു” പറഞ്ഞ് അവൻ ഫോൺവെക്കാൻ ധൃതികൂട്ടി. അല്ലെങ്കിലും അവനോട് പറഞ്ഞിട്ട് എന്തുകാര്യമാണ്.

സ്വീകരണമുറിയിൽ ലൈറ്റ് തെളിഞ്ഞപ്പോഴാണ് അയ്യപ്പൻനായർ ഞെട്ടിയെണീറ്റത്. അഞ്ചുമണിയായതേയുള്ളൂ. മകൻ എഴുന്നേറ്റിട്ടുണ്ട്. ഈയിടെ ആരും എഴുന്നേൽക്കാറില്ലല്ലോ, ഇത്ര
നേരത്തെ? വിവരമറിയാനായി മുറിക്കു പുറത്തെത്തിയപ്പോൾ അവനും ഭാര്യയും എവിടെയോ
പോകാനായി ഉടുപ്പുമാറി നിൽക്കുന്നു.

”അച്ഛാ? ഇപ്പോൾ ഫോൺ വന്നു വിനോദാണ് വിളിച്ചാണ്. ഭാസ്‌കരനിളയച്ഛൻ…. പോയത്രെ. രാത്രി ഒരു നെഞ്ചുവേദന വന്നതാണെന്ന്. ഞങ്ങളൊന്നു പോയിവരാം.” ”അവനോട് ഞാൻ രാത്രി സംസാരിച്ചതാണല്ലോ. ചെറിയോന് കഥ പറഞ്ഞുകൊടുക്കണമെന്നു പറഞ്ഞ്…” ”അതെ. ഒന്നുമുണ്ടായിരുന്നില്ല, പ്രത്യേകിച്ച്. രണ്ടു മണിക്കാണ്.”

അയ്യപ്പൻനായർ സോഫയിൽ മുറുകെപ്പിടിച്ചു. ”നിൽക്ക്, ഒരഞ്ചുമിനിറ്റ്… എനിക്കൊന്ന് പല്ലു തേക്കുകയേ വേണ്ടു.” ഒന്നു സംശയിച്ച് മകൻ പറഞ്ഞു.

”അയ്യോ! അച്ഛൻ… അച്ഛൻ വരണ്ട. അവിടെ തിരക്കിൽ ചെന്ന് പിന്നെ എന്തെങ്കിലും പ്രശ്‌നം…”

”എടാ അവനെന്റെ അനിയല്ലേ?”

”ശരിയാണച്ഛാ. ഈ സമയമായതുകൊണ്ടാ. ഇതൊക്കെ മാറിയിട്ട് പിന്നീടൊരിക്കൽ പോകാം. ഞങ്ങളും അധികസമയം നിൽക്കില്ല. സംസ്‌കാരത്തിനൊന്നും. അവൾക്ക് ഓൺ ലൈൻ ക്ലാസുതുടങ്ങും മുമ്പേ വരും.”

അയ്യപ്പൻനായർ ഒന്നും മിണ്ടാതെ അങ്ങനെ നിന്നു. പുറത്തേക്കിറങ്ങുമ്പോൾ ”വാതിലടക്കണേ” എന്നു മകൻ വിളിച്ചുപറഞ്ഞത് അയാൾ അബോധത്തിലെന്നപോലെ അനുസരിച്ചു.

അന്നുരാത്രി മകൻ ഭാര്യയോട് ”അച്ഛന് വയറ്റിൽനിന്ന് പോകുന്നില്ലെന്നു” പറഞ്ഞെങ്കിലും
”വയസ്സാകുമ്പോൾ ഇതൊക്കെ പതിവാ” എന്ന് പറഞ്ഞു അവൾ തിരിഞ്ഞുകിടന്നുറങ്ങി. അവൾക്ക് പണി കൂടുതലായിരുന്നു. ഓൺ ലൈൻ ക്ലാസും പാചകവും വീടു വൃത്തിയാക്കലുമൊക്കെ. പോരാത്തത്തിന് പൂനയിലെ മകന്റെ കാര്യമോർത്തുള്ള ആധിയും. നോർക്ക പാസ്സുമായി അവൻ അടുത്തയാഴ്ച വരുമ്പോൾ ക്വാറൻറീനിൽ എവിടെ താമസിക്കും എന്നായിരുന്നു അവളുടെ പ്രശ്‌നം. അച്ഛന്റെ ബാത്ത് റൂം അറ്റാച്ച്ഡ് മുറി അവനു കൊടുക്കാമെന്നും അച്ഛൻ തൽക്കാലം സ്വീകരണമുറി ഉപയോഗിക്കട്ടെ എന്നും അവൾ മകനോട് പറഞ്ഞു.

”വേറെ വഴിയില്ലല്ലോ” എന്നയാളും പറഞ്ഞു.

”പുതിയ” പതിവുപോലെ പിറ്റേദിവസം മകൻ ചായയുമായി അച്ഛനോട് ഇക്കാര്യം പറയാൻ
ചെന്നപ്പോഴേക്കും അച്ഛൻ മരിച്ചിരുന്നു. കൈത്തണ്ട മുറിച്ചായിരുന്നു മരണമെന്നാണ് അവർ വിചാരിച്ചത്. അല്ല, ഉറപ്പുവരുത്താൻ അയ്യപ്പൻനായർ കഴുത്തിലെ ഞരമ്പും മുറിച്ചിരുന്നു.

മൊബൈൽ: 9447437250

Related tags : Sandhya EStory

Previous Post

എല്ലാം വെളിപ്പെടുത്തുന്ന ഒന്നാകരുത് സാഹിത്യം: യു.കെ. കുമാരൻ

Next Post

പൈപ്പ്‌ വെള്ളത്തിൽ

Related Articles

കഥ

അശിവസന്യാസം

കഥ

S/o അഖണ്ഡഭാരത്

കഥ

ഗ്രിഗോറിയൻ

കഥ

സായ്പിന്റെ ബംഗ്ലാവ്

കഥ

പ്ലേ-ലഹരിസം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

[php snippet=8]

Latest Updates

  • പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവുംOctober 29, 2023
    വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ […]
  • ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമOctober 18, 2023
    ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, […]
  • പച്ചനിറം മാഞ്ഞ ഇലകൾ October 17, 2023
    ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന […]
  • ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ മുളംകാടുംOctober 17, 2023
    നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. […]
  • ആയിരത്തി ഒന്നു കഥകൾ: എം ടി യൂടെ പത്രാധിപ ജീവിതത്തിൽ നിന്ന്October 17, 2023
    എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ […]
  • എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3October 13, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]

[php snippet=7]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven