ഒറ്റപ്ലാങ്ങൽകാർക്ക് ഉരുക്കിന്റെ മനക്കട്ടി ആണെന്ന് പറഞ്ഞത് വെറുതെയാ, എന്റെ അപ്പൻ മാർക്കാത്തിപ്പുഴയുടെ കയങ്ങളിൽ മുങ്ങി ഇറങ്ങി ജീവനില്ലാത്ത മനുഷ്യശരീരങ്ങളെ പൊക്കി എടുത്ത് കൊണ്ട് വരുമ്പോഴും അപ്പൻ ശവമെന്ന് ആരെയും വിളിച്ചിരുന്നില്ല. ഉന്മാദിയായ പ്രഭാകരൻ ചിറ്റപ്പൻ കയത്തിന്റെ ആഴം പരിശോധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴും, പതിനെട്ട് തികയും മുന്നെ ഗർഭം ധരിച്ച നളിനി പ്രണയപാപം കയത്തിലെറിഞ്ഞു രസിച്ചപ്പോഴും, ടെയ്ലർ കുമാരന്റെ മകൻ രജനീകാന്തിന്റെ ‘പടയപ്പ’യ്ക്ക് ടിക്കറ്റ് കിട്ടാത്ത നിരാശയിൽ പുഴയിൽ രജനിയെ തപ്പി ഇറങ്ങിയപ്പഴും, ജീവനില്ലാത്ത മനുഷ്യശരീരങ്ങളെ പേരുതന്നെ വിളിച്ച മനുഷ്യൻ. ആ മനുഷ്യന്റെ മകനാണ് ഞാൻ എന്ന സുധീ
രൻ. പേരിൽ മാത്രം ധീരനായ, പ്രവൃത്തിയിൽ വെറും ഭീരുവായ ജീവിച്ചിരിക്കുമ്പോൾ തന്നെ ശവമായിപ്പോയ വ്യക്തി. ഇന്ന് ഈ നിമിഷം ജീവിതം അവസാനിപ്പിക്കാൻ കഴുത്തിൽ കുരുക്കുമിട്ട് കാത്തിരിക്കുന്നവൻ. പുറത്ത് രാത്രി നിഗൂഢമായി എന്തിനോ വേണ്ടി തയ്യാറെടുക്കുന്നതുപോലെ അയാൾക്കു തോന്നി. ഇടയ്ക്ക് പുറത്ത് മുഴങ്ങുന്ന ഇടിമുഴക്കത്തെ മത്സരിച്ച് തോല്പിക്കുന്ന മിന്നൽ വെട്ടം ശക്തിയായി അയാൾ നിൽക്കുന്ന മുറിയിലൂടെ പാഞ്ഞുപോകുന്നു. ആ വെള്ളിവെളിച്ചത്തിൽ കണ്ണൊന്ന് ചിമ്മിയപ്പോൾ പകൽ സംഭവിച്ച കാര്യങ്ങൾ തീക്കൊള്ളിപോലെ അയാളുടെ മനസ്സിലേക്ക് പാഞ്ഞുകയറി.
ബോട്ടണിയിലെ അതിപ്രശസ്തനായ അധ്യാപകനും പ്രൊഫസറുമായ രവിമണി എന്ന റിസർച്ച് ഗൈഡിന്റെകൂടെ കഴിഞ്ഞ അഞ്ച് വർഷമായി റിസർച്ച് ചെയ്യുന്ന വ്യക്തിയാണ് സുധീരൻ. വയനാടൻ കുന്നുകൾക്ക് താഴെനിന്നും മുകളിലേക്ക് ഇന്ന് ശാസ്ത്രലോകത്തിന്റെ കണ്ണിലോ മനസ്സിലോ പെടാത്ത 108 സെപ്ഷ്യൽ ബ്രിഡിനെ കണ്ടെത്തി വകതിരിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ പഠനം. സാധാരണ രവിസാർ കുട്ടികളെ തിരഞ്ഞെടുക്കുന്നതിൽ അല്പം മടികാണിക്കുന്ന ആളാണ്. വേറൊന്നുംകൊണ്ടല്ല, പലപ്പോഴും അദ്ദേഹത്തിന്റെ അഭിരുചിക്കനുസരിച്ച് മുന്നോട്ടുപോകാൻ പലർക്കും കഴിയുമായിരുന്നില്ല. അവിടേയ്ക്ക് കടന്നുവന്ന ജീനിയസായ വിദ്യാർത്ഥിയായിരുന്നു സുധീരൻ. രവിസാർ
അയാളെ പ്രത്യേക രീതിയിലാണ് പരിഗണിച്ചിരുന്നതും.
നഗരത്തിലെ ഫ്ളാറ്റിൽ മകളുമൊത്ത് താമസിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് ഒരു സ്ട്രോക്ക് വരുന്നത്. ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷി പൂർണമായും നിലച്ചിരുന്ന സാറിനോടൊപ്പം സുധീരൻ നിഴൽപോലെ ഉണ്ടായിരുന്നു. മകൾ ജോലി സംബന്ധമായി കാനഡയിലേക്ക് പോയപ്പോഴും ഒരു മകനെപ്പോലെ നിന്ന് സുധീരൻ രവിമണിയുടെ കാര്യങ്ങൾ നോക്കി. വയനാടൻ കുന്നിലെ ആദിവാസി ഊരുകളിൽ മാസങ്ങൾ താമസിച്ചും, കാണിമൂപ്പനാർ എന്ന മൂപ്പന്റെ സഹായംകൊണ്ടും ഉണ്ടാക്കി എടുത്ത തീസിസിന്റെ ഫൈനൽ ഡ്രാഫ്റ്റിംഗ് നടന്നത് രവിസാറിന്റെ ആരോഗ്യം തിരികെ ലഭിച്ചുതുടങ്ങിയ സമയത്തായിരുന്നു. സാറിന് ഞാൻ ഉണ്ടാക്കി എടുത്ത ഈ വർക്കിൽ വളരെ ആത്മവിശ്വാസം ഉള്ളതുപോലെ തോന്നി. പക്ഷേ ഇന്നലെ. ശക്തമായ മിന്നലാണ് ഇത്തവണ ആ മുറിയിൽ അടിച്ചത്. ഇടയ്ക്ക് ലക്ഷ്യംതെറ്റി പറന്ന ഒരു വവ്വാൽകുഞ്ഞ് ആ മുറിക്ക് ഉള്ളിലേക്ക് പറന്ന് കയറിയതും രവിസാറിന്റെ പുരസ്കാരഷെൽ ഫിലെ പോർച്ചുഗീസ് കുപ്പിയിൽ തലതല്ലി അതു മറിച്ചിട്ട് പറന്നകന്നതും ഒരുമിച്ചായിരുന്നു. അയാൾ അതിലേക്ക് നോക്കി. ഒരു പഴഞ്ചൻ കുപ്പി. അതിനുള്ളിൽ താളിയോലപോലെ എന്തോ ഉണ്ട്. അതിലെ അക്ഷരങ്ങൾ പണ്ടൊരിക്കൽ വായിക്കാൻ ശ്രമിച്ചതാണ്. പക്ഷേ അതു വ്യക്തമല്ല. കുപ്പിക്കുമുകളിൽ ഏതോ കോർക്ക് ഉപയോഗിച്ച് വായു കയറാത്തവിധം ഭംഗിയായി അടച്ചിരിക്കുന്നു. തന്റെ തലയ്ക്കു മുകളിൽ ഇട്ടുവച്ച ആ ഊരാക്കുടുക്ക് തത്കാലം മാറ്റി അയാൾ പതിയെ താഴേയ്ക്ക് ഇറങ്ങി. അപ്പോഴും കറങ്ങിക്കളിക്കുന്ന ആ കുപ്പി അയാൾ കയ്യിലെടുത്തു. തന്റെ മുഖത്തിനുനേരെ പിടിക്കുമ്പോൾ അതിനുള്ളിലെ അക്ഷര താളുകൾ പ്രാണവേദനകൊണ്ട് പിടയുംപോലെ അയാൾക്ക് തോന്നി. നിമിഷനേരത്തെ ചിന്തയ്ക്കുശേഷം കുപ്പി ഉപേക്ഷിച്ച്, തിരികെ സ്വർഗകവാടത്തിലേയ്ക്ക് എത്തും എന്ന് കരുതുന്ന ആ കുരുക്കിലേക്ക് എത്താൻ അയാൾ വെമ്പി. പക്ഷേ ഇടത്തേ കയ്യിൽ പിടിച്ചിരുന്ന കുപ്പിയിൽനിന്നും ഒരു ഊർജം അയാളുടെ കൈയിലൂടെ മനസ്സിലേയ്ക്ക് വ്യാപിക്കാൻ തുടങ്ങി.
യൂണിവേഴ്സിറ്റി ലൈബ്രറി, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിൽ മാറി, മാറി സഞ്ചരിച്ചിരുന്ന കാലം. തീസ്സിസിന്റെ ഡേറ്റാ കളക്ഷൻ നടത്തി പരിശോധിച്ച് ചില റിസൽറ്റിനായി കാത്തിരിക്കുന്ന സമയത്താണ് ഞാൻ അയാളെ കാണുന്നത്. പ്രൊഫസർ റാംജൻ. അയാളുടെ റിസർച്ച് ഫെല്ലോ ‘ശ്രുതിയും’ എന്നോട് എളുപ്പം അടുത്തു. ഇവരെന്നോട് സ്നേഹം കാണിച്ചത് ഇതിനുവേണ്ടി ആണെന്ന് എനിക്കറിയില്ലായിരുന്നു. അറിയുമായിരുന്നെങ്കിലും ചക്രൻ ചേട്ടന്റെ മകനു ലോകത്ത് ആരോടും പകയും വിദ്വേഷവും വച്ചുപുലർത്താൻ കഴിയുമായിരുന്നില്ല. പ്രൊഫസർ രവിമണിസാറിന്റെ 35 വർഷത്തെ അധ്യാപകജീവിതത്തിനിടയിൽ അദ്ദേഹം ഡസൻകണക്കിന് ശത്രുക്കളെ ഉണ്ടാക്കിയിരുന്നു. അതിലൊരാൾ ആയിരുന്നു റാംജൻ. ഈ വിവരം വളരെ വൈകിയായിരുന്നു ഞാൻ അറിഞ്ഞിരുന്നത്. കാര്യങ്ങൾ അതിനകം കൈവിട്ട് പോയിരുന്നു. പ്രീ-സബ്മിഷനുള്ള അപേക്ഷയിൽ ഒപ്പ് വച്ച് തിരിയുന്നതിനിടയിൽ റിസർച്ച് ഹെഡാണ് ‘പ്ലെഗറിസം’ പരിശോധിക്കുന്നതിനെക്കുറിച്ച് ആദ്യമായി സംസാരിച്ചത്. വളരെ ആത്മവിശ്വാസത്തോടെയാണ് എന്റെ തീസ്സിസിന്റെ സോഫ്റ്റ്കോപ്പിയുമായി ഞാൻ ഹെഡിന്റെ കംപ്യൂട്ടർ ലാബിലേക്കു കയറിച്ചെല്ലുന്നത്. ഞാൻ ആ റൂമിലേക്ക് എത്തുംമുന്നെ ശ്രുതി അവിടെനിന്നും ഇറങ്ങിപ്പോയി. അവൾ എന്റെ മുഖത്ത് നോക്കി ഒരു ചിരി ചിരി
ച്ചു. അപ്പോൾ അതിന്റെ അർത്ഥമെന്താണെന്നോ, എന്തിനാണ് എന്നെ നോക്കി ചിരിച്ചതെന്നോ എനിക്കറിയില്ലായിരുന്നു.
വിശാലമായ ഡിപ്പാർട്മെന്റ് ലാബിൽ ‘പ്ലെഗറിസം’ ചെക്ക് ചെയ്യുന്നതിനായി പ്രൊഫസർ റാംജനെയായിരുന്നു യൂണിവേഴ്സിറ്റി ചുമതലപ്പെടുത്തിയിരുന്നത്. അയാൾ 45 മിനിറ്റ് കൊണ്ട് ആ കൃത്യം ഭംഗിയായി നിർവഹിച്ചു. ഞാൻ സമർപ്പിച്ച തീസ്സിസിന് 75% (ശതമാനം) വിദേശത്തും നാട്ടിലുമുള്ള തീസ്സിസുമായി ഭീകരമായ സാമ്യം ഉണ്ടെന്നും, ഇത് ഡിപ്പാർട്മെന്റ് വഴി യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചാൽ അത് വൻ ചീത്തപ്പേരിനു കാരണമാകുമെന്നും അദ്ദേഹം വിധിയെഴുതി. അത് കേട്ടപ്പോൾ ജീവനോടെ മാർക്കാത്തിപ്പുഴയുടെ കയത്തിന്റെ അറ്റങ്ങളിലേയ്ക്ക് ഞാൻ കുതിച്ചതുപോലെ എനിക്കുതോന്നി. ബോധം മറഞ്ഞുപോയ എന്നെ ആരോ എടുത്ത് പുറത്തുള്ള ബഞ്ചിൽ കിടത്തി.
ബോധം വന്നപ്പോൾ ഈ വിവരം ധരിപ്പിക്കാൻ രവിമണിസാറിനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം രാവിലെതന്നെ ബാത്ത്റൂമിൽ വീണതിന്റെ ക്ഷീണത്തിലായതുകൊണ്ട് ഒന്നും മിണ്ടിയില്ല. തീസ്സിസ് ഇനി തിരുത്തി എഴുതുക അസാധ്യം. ആ സമയത്താണ് എന്റെ വാട്ട്സ് ആപ്പിൽ ഒരു മെസ്സേജ് വന്നത് ‘ഉടൻ പുതിയതുമായി വരൂ നിനക്ക് തീസ്സിസ് ഞാൻ ഒപ്പിട്ട് തരാം’ റാംജൻ.
നാലഞ്ചുദിവസം വീട്ടിൽനിന്നും പുറത്തിറങ്ങിയില്ല. പിന്നെ രവിസാറിനെ കാണാൻ ഇറങ്ങി. സാറിനോട് കാര്യം പറഞ്ഞു. സാറ് എന്നെ സമാധാനിപ്പിക്കാൻ നോക്കി. ആരെയൊക്കെയോ വിളിച്ച് ചില സ്വാധീനങ്ങൾക്ക് ശ്രമിച്ചു. പക്ഷേ ആരും ഒന്നിനും വഴങ്ങിയില്ല. നിരാശനായ എന്റെ മുഖം കണ്ടിട്ടാവും സാറെന്നെ ഇന്നലെ വീട്ടിലേക്ക് വിടാത്തത്. സാറ് രാത്രി ഉറങ്ങിക്കഴിഞ്ഞപ്പോൾ റൂമിന്റെ ഒരു ഭാഗത്ത് ചുറ്റിവച്ചിരുന്ന പ്ലാസ്റ്റിക് റോപ്പിനോട് ഒരു സ്നേഹം എനിക്ക് തോന്നി. വിശാലമായ റൂമിന്റെ ഒരറ്റത്ത് മാറ്റി ഇട്ടിരുന്ന ബെഡിനു മുകളിൽ കയറി കുരുക്കിട്ടു. പക്ഷേ ദാ ഇപ്പോ അങ്ങനെ അങ്ങ് ജീവൻ കളയാൻപോലും കെല്പില്ലാത്തവനായി ഞാൻ തീർന്നിരിക്കുന്നു.
പിറ്റേന്ന് കയ്യിൽ കരുതിയ കുപ്പി എടുത്ത് ബാഗിനുള്ളിൽവച്ച് എന്തോ വെളിപാടുണ്ടായതുപോലെ ഒരു പോക്ക് അങ്ങ് പോയി. നേരെ ചെന്ന് നിന്നത് ആർക്കിയോളജിക്കൽ ആന്റ് റിസർച്ച് വിങ്ങിലെ അനലിസ്റ്റും സുഹൃത്തുമായ റാഫിയുടെ അരികിലാണ്. കുപ്പി പൊട്ടിക്കാതെ ജപ്പാനിൽനിന്നും ഇറക്കുമതി ചെയ്ത ഒരു നാനോ ക്യാമറ അതിനുള്ളിൽ ഇറക്കി 3600 ഇ കറക്കി അതിനുള്ളിലെ താളിയോലയിൽ പതിച്ച കാര്യങ്ങളെ കംപ്യൂട്ടറിലേക്ക് പകർത്തി. ”പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഒരു പ്രത്യേകതരം വട്ടെഴുത്തുപോലത്തെ ഒരു ലിപിയാണിത്. ശരിയായ ട്രാൻസിലേഷൻ അറിയാവുന്നവർ ഇന്ന് ഇല്ല എന്നുതന്നെ പറയാം, പിന്നെ ഒന്നു മെയിൽ ചെയ്തു നോക്കട്ടെ റിപ്ലെ എന്തെങ്കിലും കിട്ടുവാണെങ്കിൽ പറയാം”.
ബൈക്കിൽ വരുന്നതിനിടയ്ക്ക് രവിസാർ വിളിച്ചു. അത്യാവശ്യമായി വീട്ടിൽ എത്താൻ പറഞ്ഞു. വീട്ടിൽ എത്തിയതും സാറിന്റെ സുഹൃത്ത് അയച്ച മെസേജ് സുധീരനെ രവിസാർ കാട്ടി. ”ചതിയാണ്. എന്റെയും, നിന്റെയും വർഷങ്ങളായുള്ള ശ്രമം നടന്ന് കാണാതിരിക്കാൻ മന:പൂർവം റാംജനും സംഘവും നടത്തിയ ഗൂഢാലോചന. നമുക്കിതിനെ നിയമപരമായി നേരിടാം. ശരി നമ്മുടെ ഭാഗത്താണ്!”. അതിനുള്ളിൽ റാഫിയുടെ ടെക്സ്റ്റ് ലഭിച്ചിരുന്നു. എത്രയും വേഗം ആർക്കിയോളജിക്കൽ മാനുസ്ക്രിപ്റ്റ് ലൈബ്രറിയുമായി ബന്ധപ്പെടുക. അടിയന്തിരമാണ്.
വിശാലമായ ലൈബ്രറിക്കുള്ളിൽ ഡിസ്പ്ലേ യൂണിറ്റിൽ രവിമണിസാറിന്റെ കുപ്പിയിൽനിന്നും കിട്ടിയ താളിയോല ആദ്യപകുതിയിൽ അതിന്റെ പരിഭാഷ. റാഫി സ്ക്രീനിലേക്കു നോക്കി പറഞ്ഞു. ”രവിസാറിന്റെ വീട്ടിലെ കുപ്പിയിൽനിന്നും കിട്ടിയത് താളിയോല അല്ല. അത് ഒരുതരം പാളയാണ്. ഇന്ന് നമ്മുടെ നാട്ടിൽ ഇല്ലാത്ത ഒരു വംശം നശിച്ചുപോയിട്ടുണ്ടാവാം. അതല്ലെങ്കിൽ രൂപപരിണാമം സംഭവിച്ചിരിക്കാം. അതിൽ എന്താ ഷാർപ്പായ വസ്തു കൊണ്ടെഴുതിയ ഒരു ചെറിയ കത്താണ്. അതിന്റെ ശരിയായ പരിഭാഷ ഇങ്ങനെയാണ്.
”ഒന്നരയാമം തികയും മുന്നെ ഞാൻ സഞ്ചരിക്കുന്ന എന്റെ ഈ പായ്ക്കപ്പൽ മുങ്ങും. നീന്താൻ അറിയാം, പക്ഷേ പറങ്കികൾ കുബുദ്ധി ഉള്ളവരാണ്. ഇരണ്ടിവാൽ കെട്ടിയ ചിലരെ സഞ്ചാരത്തിനിടയിൽ ഞാൻ ശ്രദ്ധിച്ചു. മരണം തൊട്ട് മുന്നിൽ ഉണ്ട്. ഇത് എന്നെങ്കിലും ആരെങ്കിലും വായിക്കും, വായിക്കുന്നവൻ കടക്കരപള്ളി, താഴേതട്ട് മനയ്ക്കൽവീടു വരെ വരും. അവിടെ ഞാനെഴുതിയ മുഴുവൻ താളിയോലകളും ഉണ്ട്. എന്നെ ഇരുട്ടിൽ ഒളിപ്പിക്കാൻ ശ്രമിച്ചവരുടെ മനസ്സിൽ ഞാൻ എഴുതിയ അക്ഷരങ്ങൾ വെളിച്ചമാകട്ടെ”
തെക്കനപ്പൻ ആശ്രിതൻ
മാങ്ങാട്ട് അച്യുതൻ
താഴേതട്ട് മനക്കൽവീട്
കടക്കരപ്പള്ളി
ചേർത്തലദേശം
കടക്കരപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടയിൽ അപ്പനെയും അമ്മയെയും കണ്ടു. കരി നികത്തും കാലമായതിനാൽ നല്ല വരാലിനെ കിട്ടി. വരാൽ അമ്മിയിൽ തല്ലി ഇഞ്ചിയും, പച്ചമുളകും, ചെറുഉള്ളിയും പിന്നെ അമ്മയുടെ കൈപൊടിയും ചേർത്ത് ഒന്നാന്തരം ഉച്ചയൂണ് കഴിക്കുന്നതിനിടയ്ക്ക് ചക്രൻ ചേട്ടൻ പറഞ്ഞു ‘മുന്നാഴിവെള്ളത്തിലും മൂന്നാളെ ചുറ്റിക്കും വരാൽ’ അവിടന്ന് ഇറങ്ങിയപ്പഴും അതിങ്ങനെ മനസ്സിൽ പലയാവർത്തി അപ്പന്റെ ശബ്ദത്തിൽ മുഴങ്ങിക്കൊണ്ടെ ഇരുന്നു.
മാങ്ങാട്ട് അച്യുതന്റെ താഴേതട്ട് മനയ്ക്കൽവീട് എന്നൊന്ന് ഇല്ല, ഒരു മാടനട ഉണ്ടായിരുന്നു. അവിടെ വയസ്സായ ഒരാൾ തിരിവച്ച് പ്രാർത്ഥിക്കുന്നു. അയാളോട് കാര്യം തിരക്കിയപ്പോൾ കഴിഞ്ഞ കർക്കിടകത്തിന് മഴയിൽ ഇടിഞ്ഞ മനയിൽ സുക്ഷിച്ചിരുന്ന പലതും കഴിഞ്ഞ ആഴ്ചവന്ന ആക്രിക്കാരനു പെറുക്കിെക്കാടുത്തു എന്നയാൾ പറഞ്ഞു. നിരാശനായി തിരികെ ഇറങ്ങാൻനേരം നിമിത്തംപോലെ ആക്രിക്കാരൻ തിരികെ വന്നു. ”ഇത് ഇവിടെ ഇരിക്കട്ടെ. നാലഞ്ച് ആൾക്കാരോട് ചോദിച്ചു. അവർക്കാർക്കും ഇത് വേണ്ട. പലരും കൂട്ടി ഇട്ട് കത്തിക്കാൻ പറഞ്ഞു. പക്ഷേ എനിക്ക് തോന്നിയില്ല”. അയാൾ അവിടെ നിന്ന വയസ്സനെ അതേല്പിച്ച് തിരികെ പോയി.
‘ദാ ഇത് നോക്കൂ’ എന്ന് പറഞ്ഞ് അതിൽനിന്നും ഒരു കെട്ട് എന്റെ നേർക്ക് നീട്ടി, അതിനുള്ളിൽ പാള ചുരുളുകളിൽ പൊതിഞ്ഞ അനേകം കെട്ടുകൾ നാഗങ്ങളെപ്പോലെ പരസ്പരം ഇണചേർന്ന് കിടക്കുന്നതായി എനിക്ക് തോന്നി. റാഫിയുടെ സ്ക്രീനിൽ ആദ്യ ചുരുളിയുടെ പരിഭാഷ തെളിഞ്ഞു. പ്രൊഫസർ രവിമണിസാറും സുധീരനും മാത്രമുള്ള ആ മുറിയിൽ റാഫി പതിയെ അത് വിശദീകരിക്കാൻ തുടങ്ങി. ”കേരളത്തിലെ പല ഭാഗങ്ങളിലായി ഉണ്ടായിരുന്ന സസ്യലതാദികളെക്കുറിച്ചുള്ള വിശദീകരണമാണ് ഇത്. ഇതിൽ പറങ്കികൾ എന്നു മങ്ങാട്ട് അച്യുതൻ വിവരിച്ച ആൾക്കാർ പോർച്ചുഗീസുകാരാണ്. അവർ ഇത്തരം രേഖകളെ ഇക്കിസുകൾ എന്നാണ് വിളിച്ചിരുന്നത്.”
രവിസാർ ഒരല്പനേരം കണ്ണടച്ചു. പിന്നെ സുധീരന്റെ തോളിൽ കൈവച്ചു. ആ സമയം സുധീരന്റെ വാട്ട്സ് ആപ്പിൽ അയാൾ അഡ്മിനായ ഗ്രൂപ്പിൽ റാംജെൻ ഒരു മെസ്സേജ് ‘ഇനിയും ശ്രമിക്കുന്നുണ്ടോ?’
അയാൾ അതിനു മറുപടി അയയ്ക്കുംമുന്നെ ബോട്ടണിഗ്രൂപ്പിലെ താൻ ഉണ്ടാക്കിയ വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ പേരിങ്ങനെ മാറ്റി. ‘പ്ലേ-ലഹരിസം’. അയാൾ അതിനു താഴെ ഒരു കുറിപ്പിട്ടു.
”ഞാൻ എന്റെ അടുത്ത ലഹരിതേടിയുള്ള യാത്രയിലാണ്. കൂടെ കൂടുന്നോ?”
അത് രവിസാറിനുനേരെ കാണിക്കുമ്പോൾ അദ്ദേഹം പതിവുശൈലിയിൽ ഒന്ന് ചിരിച്ചു. റാഫിക്ക് കൈ നൽകി അയാൾ രവിസാറിനെ വീട്ടിൽ കൊണ്ടാക്കി തിരികെ വണ്ടിയിൽ കയറുമ്പോൾ സമയം അല്പം വൈകിയിരുന്നു. രാത്രിയുടെ മറവിൽ മാത്രം പറന്നുകളിക്കാറുള്ള ആ വവ്വാൽക്കുഞ്ഞ് താൻ തലേന്നാൾ ഉണ്ടാക്കിയ കുരുക്കിനു താഴെ തലകീഴായി കിടന്ന് ആടി രസിക്കുന്നുണ്ടായിരുന്നു.