പെണ്ണുങ്ങളുടെ കവിതയിൽ
പുറം ലോകമില്ലെന്ന്
പൊതു വിഷയങ്ങളില്ലെന്ന്,
പുറത്ത്
ആൾക്കൂട്ടത്തിനു നടുവിൽ നിന്ന്
ഒരുവൻ നിരൂപിക്കുമ്പോൾ,
പുറത്തുനിന്നീ വാതിൽ പൂട്ടിയതാരെന്ന്
അകത്ത് കവിയൊരുവൾ
വാതിലിൽ തട്ടിക്കൊണ്ടേയിരിക്കുകയാവും.
പ്രഭാതത്തിൽ
കവിയൊരുവൻ
ഇലകളെയും പൂക്കളെയും
കാറ്റിനെയും കിളികളെയും
പത്ര വാർത്തകളെയും
കവിതയിലേക്ക്
ആവാഹിച്ചെടുക്കുമ്പോൾ,
കവിയൊരുവളെ
അടുക്കള
വലിച്ചെടുത്തിട്ടുണ്ടാവും.
പുട്ടുകുറ്റിയിലിട്ട്
ആവി കയറ്റിയിട്ടുണ്ടാവും.
ആവിക്കൊപ്പം ഇത്തിരി ദൂരം
അവൾ പറന്നു പോയെന്ന് വരും .
കവിതയിലേക്ക് വരാൻ തയ്യാറുള്ള
ചില വാക്കുകൾ
പുറത്തു കറങ്ങുന്നുണ്ടെന്ന്
അവൾ കണ്ടെത്തിയെന്നും വരാം.
നിങ്ങളിവിടെ തന്നെയിരിക്കൂ
ഞാൻ വരാമെന്ന് അവളവരോട്
രഹസ്യമായി പറഞ്ഞേക്കാം.
അവരെക്കുറിച്ച് തന്നെ ചിന്തിക്കയാൽ
അവളുടെ കൈപൊള്ളുകയോ
പാൽ തിളച്ചു തൂവുകയോ ചെയ്തേക്കാം.
തൂവിപ്പോയ കടുകുമണികൾ പോലെ
ചിതറിക്കിടക്കുന്ന അടുക്കളയെ
അടുക്കി അടച്ച് വെച്ച്
പുറത്തേക്ക് നോക്കുമ്പോഴേക്കും
രാവിലെ സന്ദർശകരായി വന്ന
വാക്കുകളെല്ലാം
വെയിലിൽ അലിഞ്ഞു പോയിട്ടുണ്ടാവാം.
കവിയൊരുവൻ
പുലർച്ചെയെഴുതിയ കവിത
പത്രാധിപൻ്റെ മേശപ്പുറത്തെത്തുമ്പോഴും
കവിയൊരുവൾ
രാവിലെ
മിന്നി മറഞ്ഞ് പോയ വാക്കുകളെ
കണ്ടെത്തിയിട്ടുണ്ടാവില്ല .
ഉന്മാദിയായ കവിയൊരുവൻ
കവിതയിൽ ഉണ്ടുറങ്ങി,
തലകുത്തി മറിഞ്ഞ്
അർമാദിക്കുമ്പോൾ
അവൾ
വാഷിംഗ് മെഷീനിൽ കിടന്ന്
കറങ്ങുകയാവും.
ക്രമങ്ങളിൽ ജീവിക്കുന്നൊരുവളെങ്ങനെ
ഉന്മാദങ്ങളിൽ അടയിരിക്കും ?
ഉടലിനെയും ഉയിരിനെയും
കറക്കങ്ങളിൽ നിന്നഴിച്ചെടുക്കാതെ
ഒരുവളെങ്ങനെ തുറസ്സിടങ്ങളിലേക്ക്
നടക്കും?
അധ്വാനിക്കുന്നവൻ്റെ കവിത
എന്ന വിഷയത്തിൽ
ദീർഘപ്രഭാഷണം നടത്തി
അധ്വാനത്തിൻ്റെ മഹത്ത്വം
സ്ഥാപിച്ച് വരുന്ന
നിരൂപകൻ്റെ കയ്യിലേക്ക്
ചൂലെടുത്തു കൊടുക്കൂ
മുറ്റമടിക്കാൻ പറയൂ
അപ്പോൾ കാണാം
മിണ്ടാതവൻ
പുറത്തേക്ക് മാഞ്ഞു പോകുന്നത്.
കുനിഞ്ഞു കുനിഞ്ഞു
ജീവിക്കുന്നൊരുവളുടെ കവിത
നിവർന്നു നിൽക്കാൻ
എത്ര പണിപ്പെടുന്നുണ്ടെന്ന്
ഒരുവൻ അറിയണമെന്നില്ല.
മലമുകളിൽ നിൽക്കുന്ന കവിയൊരുവന്
ആവശ്യമേയില്ലാത്ത വർണ്ണക്കുപ്പായങ്ങൾ
താഴെ നിൽക്കുന്ന കവിയൊരുവൾ
ചിലപ്പോൾ
ചുറ്റിച്ചുറ്റി അണിയുന്നതെന്തിനെന്നും
ഒരുവൻ അറിയണമെന്നില്ല.
എങ്കിലും ആർക്കും കേൾക്കാമല്ലോ
പുറത്തു നിന്ന് പൂട്ടിയ വാതിലിൽ
അകത്തു നിന്നവൾ അടിച്ചു കൊണ്ടേയിരിക്കുന്നത്.
ആർക്കും കാണാമല്ലോ
ജനലിലൂടവൾ
പുറത്തേക്കൊഴുകാൻ വഴി തേടുന്നത്?
ചിലപ്പോൾ വാതിൽ തള്ളിത്തുറന്ന്
പുറത്തേക്കിറങ്ങിയോടി
കവിതയിലൊരു കൊടിനാട്ടുന്നത്.
കവിതയിലേക്ക്
കവിയൊരുവൻ നടക്കുന്ന ദൂരമല്ല
കവിയൊരുവൾ നടക്കുന്നത്.
മൊബൈൽ : 8086264533