വിജയരാജമല്ലികയെ മൂന്നു വർഷങ്ങൾക്കു മുൻപ് ഞാനാദ്യം കണ്ടപ്പോൾ അവൾ മനുവായിരുന്നു. ആകെ വിഷാദത്തിൽ പൊതിഞ്ഞ ഒരാൾ. ആരോടും പങ്കുവയ്ക്കാനാവാത്തതും പങ്കുവയ്ക്കാനാഗ്രഹിക്കുന്നതുമായ ഒരുപാട് വിഷമങ്ങൾ മനുവിനുണ്ടെന്ന്
തോന്നി. പക്ഷേ അതിനോട് അത്രയൊന്നും ചേർന്നുപോവാൻ
എനിക്ക് കഴിഞ്ഞുമില്ല. പിന്നീട് കോഴിക്കോടു വച്ച് ഒരു പുസ്തകപ്രകാശനത്തിന് കണ്ടപ്പോൾ മനു വേഷം കൊണ്ട് മാറിയിരുന്നു.
പക്ഷെ അപ്പോഴും ആ വിഷാദഭാവത്തിന് വലിയ വ്യത്യാസങ്ങളുണ്ടായിരുന്നില്ല. അന്ന് താൻ സർജറിക്ക് പോവുകയാണെന്നും
കോയമ്പത്തൂരാണെന്നും ഇനി മല്ലിക എന്ന് വിളിക്കണമെന്നും
പറഞ്ഞു. കേരള സാഹിത്യ അക്കാദമി പുന്നയൂർക്കുളത്തു വച്ച്
നടത്തിയ എഴുത്തുകാരികളുടെ കൂട്ടായ്മയിൽ വച്ച് കാണുമ്പോൾ
മല്ലിക വിജയരാജമല്ലികയായിരുന്നു. സന്തോഷത്തിന്റെ ഒരു
പൂർണ ആൾരൂപം. അന്ന് ശസ്ര്തക്രിയ കഴിഞ്ഞ് വിശ്രമത്തിന്റെ
കാലാവധിപോലും അവൾ കടന്നുപോന്നിരുന്നില്ല. ആരോഗ്യപരമായ അവസ്ഥകളെക്കുറിച്ചുള്ള എന്റെ ഉത്കണ്ഠകളെ ഒരു
വലിയ ചിരിയാൽ അവൾ നിസ്സാരമാക്കി. ആ രണ്ടു ദിവസം
കൊണ്ട് ഞാനറിഞ്ഞു അത് അവളുടെ അവളായുള്ള പ്രഖ്യാപനമായിരുന്നു എന്ന്. പിന്നീട് ഫെബ്രുവരിയിൽ കോഴിക്കോടു വച്ച്
കണ്ടപ്പോൾ മല്ലിക കടുംനിറങ്ങളിൽ ജ്വലിച്ചു നിന്നു. പഴയ ഭീതിദമായ ഓർമകളും അവൾ മായ്ച്ചുകളഞ്ഞിരുന്നു. ആറ് മാസം മാത്രം
പ്രായമുള്ള കുഞ്ഞ് എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഓടിനടന്ന വിജയരാജമല്ലികയെ അവളുടെ വിജയിച്ച രൂപത്തെ സ്നേഹത്തോടെ നോക്കിനിന്നപ്പോഴും അവൾ നീന്തിവന്ന സങ്കടങ്ങളുടെ
പുഴ ഒരു വിങ്ങലായിരുന്നു.
ആ വിങ്ങൽ പൂർണമായത് വിജയരാജമല്ലികയുടെ ‘ദൈവ
ത്തിന്റെ മകൾ’ എന്ന സമാഹാരത്തിലെ കവിതകളിലൂടെ കടന്നുപോയപ്പോഴാണ്. ഈ സമാഹാരത്തിന് അവതാരിക എഴുതിയതിൽ ഇവയെ കവിതകൾ എന്നു വിളിക്കുന്നതിനേക്കാളേറെ
പൊള്ളൽ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം എന്ന് മീര
പറയുന്നുണ്ട്. എനിക്കും അതാണിഷ്ടം. ബാല്യം മുതൽ തന്റെ
ശരീരം വ്യത്യസ്തമാണ് എന്നറിഞ്ഞ കാലം മുതൽ താൻ അനുഭവിച്ച ആത്മസംഘർഷങ്ങൾ. ഉള്ളിൽ ഒളിപ്പിച്ച നിലവിളികൾ.
പൊതുസമൂഹത്തോടും സ്വന്തം കുടുംബത്തോടുമുള്ള രോഷപ്രകടനങ്ങൾ. അവയ്ക്കിടയിലും പ്രതീക്ഷകൾ, സ്വപ്നങ്ങൾ, ഇവയെല്ലാം ഈ വരികളിൽ നിറയുന്നുണ്ട്.
താൻ ആരാണ് അഥവാ ആരായിരുന്നു എന്ന ചോദ്യം പൊതുസമൂഹത്തിനുണ്ടെങ്കിൽ അത്തരം ഒരു ജിജ്ഞാസ അനാവശ്യ
മായി അവർ സൂക്ഷിക്കുന്നുണ്ടാവുമല്ലോ. അതിനോടുള്ള ഒരു പ്രതി
കരണം ഈ എഴുത്തിന്റെയും ഭാഗമാണ്. തന്നെ, തന്റെ ശാരീരിക
പ്രത്യേകതകളെ തിരിച്ചറിയേണ്ടവർ സ്നേഹത്തോടും കാരുണ്യ
ത്തോടും ചേർത്തുനിർത്തേണ്ടവർ, ആശ്വസിപ്പിക്കേണ്ടവർ ആരും
അതിന് മുതിർന്നില്ല എന്ന നൊമ്പരം വരികളിൽ നിറയുന്നുണ്ട്.
”അർത്ഥവും വ്യാപ്തികളും ഏറെയുണ്ടായിട്ടും ആദ്യമറിയേണ്ടവർ മൗനികളാകവേ അനാഥയായവൾ” എന്ന് ‘വ്യാപ്തി’ എന്ന
കവിതയിൽ സ്വയം പരിചയപ്പെടുത്തുന്നു. അർത്ഥവും വ്യാപ്തിയും
ഏറെയുള്ള ജന്മം എന്ന സ്വയം ബോദ്ധ്യം സമൂഹം ഇന്നേവരെ
പറഞ്ഞ എല്ലാ പുച്ഛങ്ങളോടുമുള്ള എതിർപ്രഖ്യാപനമാണ്.
പക്ഷെ അതറിയാതെ പോയത് അഥവാ അറിയേണ്ടിയിരുന്നത്
അമ്മതന്നെയാണ് എന്നും അതറിയാതെ പോയതും അവഗണി
ച്ചതുമാണ് തന്റെ ദുരന്തമായിത്തീർന്നതെന്നും കൂടി മല്ലിക പറഞ്ഞുവയ്ക്കുന്നു.
”ഇഴകൾക്കിടയിലൂടെ നോക്കിയിട്ടും
വരികൾക്കിടയിലൂടെ വായിച്ചിട്ടും
എന്തേ അമ്മ അറിഞ്ഞില്ലയെന്നേ
പെറ്റതല്ലേ പിന്നെ പോറ്റിയതല്ലേ”
തന്നിലെ തന്നെ തിരിച്ചറിഞ്ഞ് ചേർത്തുനിർത്തിയിരുന്നു
എങ്കിൽ ‘തെരുവിന്റെ തിളയ്ക്കുന്ന ചട്ടിയിലേക്ക് വലിച്ചെറിയപ്പെടുന്ന’ ഒരു സമൂഹമായി തങ്ങൾ മാറില്ലായിരുന്നു എന്ന തുറന്നുപറ
ച്ചിലാണിത്. വായിക്കുന്ന ഓരോരുത്തർക്കും അപാരമായ കുറ്റബോധം നിറച്ചുതരുന്ന ഒരു ചോദ്യംകൂടിയാണത്.
തെരുവിന്റെ തിളയ്ക്കുന്ന ചട്ടിയിൽ വന്നു വീണ ഈ ഏകാകി
കളെ പരാജിതരെ പൊതുസമൂഹവും സ്വീകരിച്ചതേയില്ല.
അത്തരം അനുഭവങ്ങളിൽ നിന്നാണ് ‘ജീവിതം ഒരു പ്രഹേളികയാണെന്നും’ – ‘പ്രഹേളിക’ എന്ന കവിത – ഓർമകൾ പൊള്ളുന്നവയാണെന്നും അവൾക്ക് തുറന്നുപറയേണ്ടിവരുന്നത്. എന്തുകൊണ്ട് ഈ ജന്മം ഇങ്ങനെ എന്നാണ് ചോദ്യമെങ്കിൽ ഉടൻ ഉത്ത
രമുണ്ടാവും. കഴിഞ്ഞ ജന്മത്തിലെ പാപത്തിന്റെ ശിക്ഷയാണെന്ന്. അത്തരം പഴകിത്തേഞ്ഞ പ്രസ്താവനകളിൽ അഭിരമിക്കുന്നവരെയാണ് ‘മസ്തിഷ്ക്കവീക്കം പുണർന്നവരെന്ന്’ (കോമരങ്ങൾ)
എന്ന് മല്ലിക വിശേഷിപ്പിക്കുന്നത്. സ്വപ്നം കാണാൻ അനുവാദമില്ലാതെ/നിലവിളിക്കാൻ അവകാശമില്ലാതെ/വേഷങ്ങൾ
ഭാഷയെ അനുഗമിക്കുമ്പോൾ നഗ്നസ്വാതന്ത്ര്യം തേടുന്നവരാണ്
തങ്ങൾ എന്ന് അവർ തിരിച്ചറിയുന്നു. ആശിച്ച വള്ളിയിൽ പടരാൻ
കഴിയാത്ത നിർഭാഗ്യസസ്യങ്ങളുടെ പാഴ്സ്വരങ്ങളാണിവ എന്നും
പറയുന്നതിനൊപ്പം സ്വസ്ഥതയില്ലാത്ത നിശ്വാസവുമായി നട
ക്കുന്ന പൊതുസമൂഹത്തിനൊരു കുത്തുകൂടി ‘കോമരങ്ങൾ’
എന്ന കവിതയിൽ ചേർത്തുവയ്ക്കുന്നു.
ഇങ്ങനെ തുറിച്ചുനോക്കി നിശ്വാസമുതിർത്ത് നടക്കുന്ന സമൂഹത്തിനു മുന്നിൽ താൻ പെണ്ണാണ് എന്ന ഉത്തമബോദ്ധ്യ
ത്തോടെ നിൽക്കേണ്ടിവരുന്ന ഒരു സമയം അത്രമേൽ കഠിനമാണ്.
ഈ അവസ്ഥ ‘മരണാനന്തരം’ എന്ന കവിതയിൽ കാണാം.
ബസ്സിൽ കയറിയപ്പോൾ മുൻവശത്തെ സീറ്റിനായി വാശി പിടിക്കുമ്പോൾ താൻ പെണ്ണാണ് എന്ന് ഉച്ചത്തിൽ അലറുമ്പോൾ ഒന്നും
അതാരും വിശ്വസിക്കുന്നില്ല എന്നുമാത്രമല്ല മരിക്കുമ്പോൾ കുളി
പ്പിക്കാനെടുക്കുമ്പോഴാണ് അത് തിരിച്ചറിയാനാവുക എന്ന വാക്കുകളിലൂടെ അതിനെ നേരിടുന്ന, സ്വീകരിക്കുന്ന നമ്മളൊക്കെ ഉൾ
പ്പെടുന്ന ഒരു സമൂഹത്തെ ഇപ്പോൾ നേരിടാനവൾ കരുത്താർജി
ച്ചിട്ടുണ്ട്. സമൂഹം ഇങ്ങനെ മാറ്റിനിർത്തുമ്പോൾ അതിന്റെ ഉല്പന്നമായ ഭാഷയ്ക്ക് അത്തരം മാറ്റിനിർത്തലുകൾക്കുള്ള വഴിയൊരുക്കുന്നതിൽ ഒരു വലിയ പങ്കുണ്ടായിരുന്നു എന്നും മല്ലിക പറഞ്ഞുവയ്ക്കുന്നു. ‘ഭഗ്നകാമാങ്കിത’ എന്ന കവിതയിൽ തങ്ങളെ മൂന്നാക്കി
ആറാക്കി ഒമ്പതാക്കി അക്കങ്ങൾ കൊണ്ട് അളന്നു മാറ്റിയ മലയാളഭാഷയോടെ കലമ്പുന്നു. ഇവിടെയും പൊയ്മുഖമുള്ള പുഞ്ചി
രികൊണ്ട് ഹൃദയങ്ങളെടുത്ത് പന്തു കളിക്കുന്നവർ എന്ന് പൊതുസമൂഹത്തെ അവർ വിശേഷിപ്പിക്കുന്നു.
നിർബന്ധിത വിവാഹത്തിന് ഇരയാകുന്ന സ്വവർഗാനുരാഗി
കളായ പുരുഷന്മാർക്ക് സമർപ്പിക്കപ്പെട്ട ഒരു കവിതയുണ്ട് ഈ
സമാഹാരത്തിൽ. ‘എട്ടുകാലി’ എന്ന് പേരിട്ട ഈ കവിത അതിന്റെ
വായനയിൽ ഒരുതരം വിങ്ങൽ അനുഭവപ്പെടുത്തും. ഒരു സ്ര്തീയുടെ
മുന്നിൽ നിസ്സഹായനായി നിൽക്കേണ്ടിവരുന്ന ‘പുരുഷന്റെ’ വേദനാജനകമായ അവസ്ഥ അതിൽനിന്നും അനുഭവിക്കാനാവുന്നുണ്ട്. ഇത്തരം ഒരു നിസ്സഹായതയിൽ നിന്നുകൂടി പുനർജന്മം
പ്രാപിച്ചതിനാലാവാം ഉള്ളിലെ മാതൃഭാവത്തെ മാതൃത്വത്തിന്റെ
മോഹത്തെ ഈ കവിതകൾ നന്നായി അനാവരണം ചെയ്യുന്നുണ്ട്. ‘ജന്മസാഫല്യം’ എന്ന കവിതയിൽ യോനിയില്ലാത്ത
പെണ്ണിന് മംഗല്യയോഗമില്ലാത്ത ഈ ഭൂമിയിൽ ഒരു കുഞ്ഞിനെ
തൊട്ടിലിൽ ഇട്ട് താരാട്ടാനുള്ള അപേക്ഷയും മോഹവും കാണാം.
അത്തരം ഒരു വരലബ്ധിക്കായി പുരാണത്തിലെ പുത്രലബ്ധിയുടെ
ഓർമയിൽ പായസം കുടിച്ചു കുടിച്ച് പ്രമേഹം വന്നിട്ടും ഒരു
വരവും ലഭിച്ചില്ല. മമ്പുറത്തെ മാവ് പണ്ടെന്നോ ഏറ്റുവാങ്ങിയ ഒരു
അനാവശ്യ ഗർഭം അത് സൂക്ഷിക്കുന്നുണ്ടാവാം എന്ന തോന്നലിൽ നിന്നാണ് അതിനെപ്പോയി പുൽകുന്നത്. എന്നിട്ടും വരമൊന്നും ലഭിക്കാതെ വരുമ്പോഴാണ് ഊരിയെറിയുന്ന പാത്രത്തി
ലൊന്ന് കടമായി അരുളുമോ എന്ന ചോദ്യമുണ്ടാവുന്നത്. ഒരു ഗർ
ഭപാത്രത്തെ നിസ്സാരമായി തിരസ്കരിക്കുന്നവർ അതിന്റെ വില
അറിയുന്നവരല്ല എന്ന വളരെ ഗൂഢമായൊരു പരിഹാസവും ഇതി
ലുണ്ട്.
പുത്രകാമേഷ്ടി മാത്രം വ്യാമോഹമായതും ആലിംഗനങ്ങളിൽ
അലിഞ്ഞുനിൽക്കുമ്പോഴും മടിത്തട്ടുകൾ ദാഹത്തോടെ കാത്തി
രിക്കുന്നതും ‘നീലാംബരി’യിലും അവതരിപ്പിക്കുന്നു. കുന്തിയെപ്പോലെ തപസ്സിരിക്കുന്നതും എന്നൊരമ്മയായ്തീർന്നിടും എന്ന
നിരന്തരമായ പ്രാർത്ഥനയിൽ ഉറ്റിരിക്കുന്നു എന്നും പറയുമ്പോൾ
മാതൃത്വം എന്ന ഭാവത്തിനുതന്നെ ഒരു പൂർണത കൈവരുന്നു.
നിദ്രാടനത്തിന്റെ നെടുവീർപ്പിൽപോലും ഒരു മാതൃമനസ്സ് തന്നിൽ
തേങ്ങിനിറയുന്നു എന്ന പ്രഖ്യാപനവും ഇതിന്റെ ഭാഗംതന്നെയാണ്.
ഈ മോഹങ്ങൾക്കും പെൺസ്വാതന്ത്ര്യപ്രഖ്യാപനങ്ങൾക്കും
ഒപ്പം ഇനി വിലപിക്കാനോ കരയാനോ താൻ തയ്യാറല്ല എന്ന
വളരെ ദൃഢമായ പ്രഖ്യാപനവും ഉണ്ട്.
”വഴിയിൽ നടക്കുമ്പോൾ
തുറിച്ചുനോക്കേണ്ട
മരുന്നിനു നില്ക്കുമ്പോൾ
വിരൽ ചൂണ്ടേണ്ട
അടക്കം പറയേണ്ട
തമ്മിൽ ചിരിക്കേണ്ട
കൂക്കി വിളിക്കേണ്ട”
എന്ന് ശക്തമായിത്തന്നെ പറയുന്നു. അപരരാക്കി മാറ്റിനിർ
ത്തുന്ന പൊതുസമൂഹത്തിനാണ് ഈ മുന്നറിയിപ്പ്. ആ സമൂഹം
ഏല്പിച്ച മുറിവുകളെപ്രതി ഇനി കരയാൻ തീരുമാനിച്ചിട്ടേ ഇല്ല
എന്നും പറയുന്നുണ്ട്. കരച്ചിലിന്റെ ഉപേക്ഷയെപ്പറ്റി പറയുന്ന
കവിതയ്ക്ക് ‘പേക്കിനാവ്’ എന്നൊരു പേരിട്ടത് വളരെ കരുതിയാവും.
കാരണം കഴിഞ്ഞതത്രയും ക്രൂരമായ പേടിപ്പെടുത്തുന്ന കിനാക്ക
ളായിരുന്നു എന്ന് വിശ്വസിക്കാനാണ് മല്ലിക ആഗ്രഹിക്കുന്നത്.
പരാജയപ്പെടാനും മാഴ്കാനും താത്പര്യമില്ലെന്നു പറയുന്നതി
നോടൊപ്പം.
”ഉന്മാദിനിയായ് പെൺകുതിരപോലെ
മണ്ണോട് ചേർന്നുറങ്ങേണ്ട
ചിതയോടും തീയോടും
പ്രേമകവനങ്ങൾ പാടേണ്ട”
എന്ന തീരുമാനം പൊരുതിനിൽക്കാൻ തീരുമാനിച്ചവളുടേതാണ്. ഉള്ളിൽ അതിന് കരുത്തുനേടിയവളുടേതാണ്.
താൻ ദൈവത്തിന്റെ മകളാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന
മല്ലിക ആ പദവിയിൽ സന്തോഷിക്കുന്ന സന്തോഷം ഒരു ചെറിയ
വാക്കാണോ ആഹ്ലാദിക്കുന്നു എന്നോ അമിതമായി ആഹ്ലാദി
ക്കുന്നു എന്നോ പറയേണ്ടത്? ഏതായാലും ഏകാന്തവും ഭീതിജ
നകവുമായൊരു ഭൂതകാലത്തിന്റെയും ആഗ്രഹിച്ചതുപോലെ
സ്വപ്നങ്ങൾ ലഭ്യമായൊരു വർത്തമാനകാലത്തിന്റെ ആവിഷ്കാരമാണ് ഈ കവിതകൾ. അതുകൊണ്ടാണ് ഇവ സമ്മിശ്രഭാവ
ത്തിൽ ഊന്നിനിൽക്കുന്നത് – ഒരേസമയം പൊള്ളിക്കുന്നു, കരയിക്കുന്നു, അത്ഭുതപ്പെടുത്തുന്നു…