അറബി നാടുകളിൽ കാൽ നൂറ്റാണ്ടിലേറെക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച കെ.എസ്. റെജിയുടെ ആദ്യ പുസ്തകമായ ‘മുയൽ ഒരു മാംസഭോജിയാണ്’ എന്ന ലേഖന സമാഹാരം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ലോകത്തിന്റെ ഒരു ചെറുപതിപ്പായ മധ്യ പൗരസ്ത്യ ദേശത്ത് അദ്ദേഹം നേരിട്ട അനുഭവ പാഠങ്ങളാണ് ഈ പുസ്തകത്തിലൂടെ വായനക്കാർക്കു മുന്നിലെത്തുന്നത്. വിവിധ ഏഷ്യൻ നാടുകളിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള വിദ്യാർത്ഥികളുമായും ഗൾഫിൽ തൊഴിൽ ചെയ്തു ജീവിക്കുന്ന നാൽപതിൽപരം നാടുകളിൽ നിന്നുള്ളവരുമായും ദിനം പ്രതി ഇടപഴകുന്ന ഒരാളുടെ അനുഭവസമ്പത്ത് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുമായി ഇടപഴകിയതിലൂടെ ലഭിച്ചിട്ടുള്ള അറിവും അവരുടെ ദാര്‍ശനികവും മാനസികവുമായ വ്യാപാരങ്ങളും, മാറിയ കാഴ്ചപ്പാടുകളും, അധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തിന്റെ ഊഷ്മളതയും, പുതിയ കാലത്തിന്റെ സ്പന്ദനങ്ങളുമെല്ലാം റജിയുടെ ലേഖനങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്.
അധ്യാപനം മഹത്തായ ദൗത്യമായി സ്വീകരിച്ച ഒരു തലമുറയുടെ പിൻമുറക്കാരനാണ് ഈ അധ്യാപകൻ. ഗുരുനാഥനും കരിയറിസ്റ്റായ വെറും ‘അധ്യാപഹയനും’ തമ്മിലുള്ള അന്തരം മനസിലാക്കാൻ പര്യാപ്തമാണ് ഇതു സംബന്ധിച്ച അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ. ക്‌ളാസുമുറിയൽ അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ വംശീയമോ ജാതീയമോ ദേശീയമോ ആയ യാതൊരു വേർതിരിവും നില നിൽക്കുകയില്ലെന്ന് സ്വാനുഭവത്തിലൂടെ അദ്ദേഹം സമർത്ഥിക്കുന്നു.
എഴുത്തുകാരൻ എന്ന നിലയിലുള്ള നിരീക്ഷണ പാടവം അധ്യാപനത്തിൽ തനിക്ക് ഏറെ ഗുണം ചെയ്തതായി അദ്ദേഹം പറയുന്നു. വർഷങ്ങളായി ഉറച്ചുപോയ തീർപ്പുകൾ കാലാനുസൃതമായി മാറ്റുന്നതിനാവശ്യമായ ‘അൺലേണിംഗ്’ പ്രക്രിയ നമ്മെ സംബന്ധിച്ചേടത്തോളം അപരിചിതമാണ്.
മാറ്റങ്ങളോടുള്ള ഈ വൈമുഖ്യമാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മകളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പുതിയ പ്രവണതകൾ ഉൾക്കൊള്ളാനും നടപ്പാക്കാനുമുള്ള ഇഛാശക്തി ഗൾഫിലെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ മേന്മയായും റെജി വിലയിരുത്തുന്നു. വിദ്യാഭ്യാസത്തിന്റെ അർത്ഥവും വ്യാപ്തിയും വായനക്കാർക്കു ബോധ്യപ്പെടാൻ സഹായകമാകുന്ന ഈ അഭിമുഖം തയ്യാറാക്കിയത് മുതിർന്ന മാധ്യമ പ്രവർത്തകനായ സജീവ് കൊക്കാടാണ്.
താങ്കളിലെ അധ്യാപകന്‍ എങ്ങനെയാണ് താങ്കളിലെ എഴുത്തുകാരനെ പരുവപ്പെടുത്തിയത്?
ഒരു പക്ഷെ തിരിച്ചായിരിക്കും സംഭവിച്ചിരിക്കുകയെന്ന് തോന്നുന്നു. എഴുത്തിനോടുള്ള താല്പര്യമാവാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്‌ഥികളെയും സഹപ്രവർത്തകരെയും ശ്രദ്ധയോടെ നിരീക്ഷിക്കാനും അവരുടെ ജീവിതത്തെ അടുത്തറിയാനുമുള്ള പ്രേരണ നല്കിയത്. നമ്മുടെ വായനയിലൂടെ നമ്മൾ പരിചയപ്പെട്ടിട്ടുള്ള കഥാപാത്രങ്ങൾ പോലെ നമ്മൾ ഇടപെടുന്ന ഓരോ മനുഷ്യരും വ്യക്തിപരമായ തനിമയും സവിശേഷതകളുമുള്ളവരാണ്. മുൻവിധികളില്ലാതെ വിദ്യാർത്ഥികളെ സമീപിക്കുക എന്നതാണ് പ്രധാനം. ബാക്കിയൊക്കെ ക്ലാസ്സുമുറിയിൽ സ്വാഭാവികമായ് സംഭവിച്ചുകൊള്ളും.
ലിംഗ, വംശ, വര്‍ണ, മത, ജാതി വിവേചനങ്ങളുടെ പൊള്ളുന്ന ആവിഷ്‌കാരങ്ങള്‍ താങ്കളുടെ എഴുത്തിലുണ്ട്.ഇത്തരം അനുഭവങ്ങള്‍ എഴുത്തിനെ എത്രത്തോളം സ്വാധീനിച്ചു?
നമ്മൾ അടുത്തുകാണുകയും, അനുഭവിച്ചറിയുകയും ചെയ്ത ചില ജീവിതങ്ങൾ നമ്മെ വല്ലാതെ സ്വാധീനിക്കുമല്ലോ. അത്തരം ചില സ്വാധീനങ്ങളുണ്ടായിട്ടുണ്ട്.
ലോകത്തുള്ള മനുഷ്യരെ കുറച്ചു കൂടെ കാരുണ്യത്തോടെ കാണാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ സ്വാധീനം. പന്ത്രണ്ട് വർഷങ്ങളായിട്ടും തെക്കൻ സുഡാനിലെ കലാപം കാരണം സ്വന്തം വീട്ടിലേക്ക് പോവാനാവാത്ത ജാക്സൺ, യിസ്രായേലിന്റെ ആദ്യ കാല അധിനിവേശ കാലത്തൊരിക്കൽ ഓറഞ്ചു തോട്ടത്തിൽ കളിച്ചു കൊണ്ടിരിക്കെ ബോംബ് വർഷമുണ്ടായ കഥപറയുന്ന ആദ്ലി, വഴിയരികിലെ കത്തിക്കരിഞ്ഞ മൃതശരീരങ്ങൾ കണ്ടുകൊണ്ടുള്ള അയ്യാളുടെ ജോർദ്ദാനിലേക്കുള്ള പലായനം അങ്ങിനെ കേട്ടറിഞ്ഞതും ക്ലാസ്സുമുറിയിൽ കണ്ടറിഞ്ഞതുമായ അനുഭവങ്ങൾ നമ്മളെ കുറേക്കൂടി വിനയമുള്ളവരാക്കും. ലോകത്തെവിടെയും മനുഷ്യരുടെ സന്തോഷങ്ങൾക്കും, നൊമ്പരങ്ങൾക്കുമൊക്കെ ഒരേ ഭാഷയാണ്.
രാജ്യത്തിനകത്തും പുറത്തും വിവിധ സംസ്‌കാരധാരകളുമായി ഇഴചേര്‍ന്ന് പ്രവര്‍ത്തിച്ച താങ്കള്‍ ഗൾഫിലെ ബഹുസ്വരതയെ അധ്യാപനത്തില്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു?
മീററ്റിലെ കന്റോൺമെന്റ് പ്രദേശത്തെ സെന്റ്.ജോൺസ് സ്‌കൂളിൽ അധ്യാപനമാരംഭിച്ചതുകൊണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള ഭാഗ്യമുണ്ടായി. പിന്നീട് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചപ്പോൾ പ്രധാനമായും ക്ലാസ്സിൽ ഒമാനി കുട്ടികളായിരുന്നെങ്കിലും ഈജിപ്ത്, ജോർദാൻ, സിറിയ, സുഡാൻ, മൊറോക്കോ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു സഹപ്രവർത്തകർ. അവരുടെ മക്കളും ഞങ്ങളുടെ സ്‌കൂളിൽത്തന്നെ പഠിച്ചിരുന്നു. തുടർന്ന് ബഹ്‌റൈനിലും ഒമാനിലുമായി കോളേജ് തലത്തിലുള്ള അധ്യാപനമാരംഭിച്ചപ്പോൾ സർക്കാരുകളുടെ student exchange program വഴി ചൈനയിൽ നിന്നുള്ള കുട്ടികൾ വരെ ക്ലാസ്സുമുറിയിലെത്തി.
അങ്ങനെ ലോകത്തിന്റെ മിക്ക ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള കുട്ടികളും സഹപ്രവർത്തകരുമായി അടുത്തിടപഴകുകയും ഇത്തരം ബഹുസ്വരതകളെ അടുത്തറിയുകയും ചെയ്തപ്പോൾ ഞാൻ മനസ്സിലാക്കിയത് ലോകത്തെവിടെയായാലും ക്ലാസ്സുമുറിയിൽ അദ്ധ്യാപകനും വിദ്യാർത്ഥിയും മാത്രമേയുള്ളു എന്ന സത്യമാണ്. നമ്മൾ പഠിപ്പിച്ചു തുടങ്ങുമ്പോൾ നമ്മുടെ വംശീയവും, സാംസ്കാരികവും ഭാഷാപരവുമായ എല്ലാ വൈജാത്യങ്ങളും അപ്രത്യക്ഷമാവുന്നു. പാഠം ഗ്രഹിക്കുന്ന വിദ്യാർത്ഥിയും അതിനവരെ സഹായിക്കുന്ന അദ്ധ്യാപകരും മാത്രമേ ക്ലാസ്സുമുറിയിലുള്ളു. അദ്ധ്യാപകരുടെ പുഞ്ചിരി, അഭിനന്ദന വാക്കുകൾ, സ്നേഹപൂർവ്വമുള്ള ഒരു തലോടൽ ഇതൊക്കെ ലോകത്തെവിടെനിന്നുമുള്ള കുട്ടിക്കും മനസ്സിലാക്കാൻ സാധിക്കുന്ന സാർവ്വലൗകികമായ സ്നേഹചിഹ്നങ്ങളാണ്. ഒരു പക്ഷെ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള മനുഷ്യർ തമ്മിൽ ഏറ്റവും സർഗ്ഗാത്മകമായ ആശയ വിനിമയം നടത്തുന്നത് ഇത്തരം ക്ലാസ്സുമുറികളിലാണ്.
മിഡില്‍ ഈസറ്റിലെയും കേരളത്തിലെയും വിദ്യാലയങ്ങളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്. രണ്ടിടത്തെയും വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ മേന്‍മകളെയും പോരായ്മകളെയും വിലയിരുത്താമോ?
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ളപ്പോൾ മിഡിൽ ഈസ്റ്റിലെ ഔപചാരിക വിദ്യാഭ്യാസത്തിന് ഏകദേശം അരനൂറ്റാണ്ടിന്റെ ചരിത്രമേയുള്ളു.
നമ്മുടെ അദ്ധ്യാപകരുടെ പ്രാഗത്ഭ്യവും, വിദ്യാർത്ഥികളുടെ സാമർഥ്യവും , വിദ്യാഭ്യാസ വിഭവ സമാഹരണത്തിലെ സ്വാശ്രയത്വവുമാണ് നമ്മുടെ പ്രധാന മേന്മകൾ.കാലത്തിനൊത്ത് മാറാനുള്ള വൈമുഖ്യവും, മാറ്റങ്ങൾ വരുത്താനുള്ള തീരുമാനമെടുത്താൽ തന്നെ അത് നടപ്പിലാക്കാനുള്ള താമസവുമാണ് നമ്മുടെ പ്രധാന പ്രശ്നം. മനസ്സിലുറച്ചുപോയ ചില ശീലങ്ങൾ നമുക്ക് തിരുത്താൻ കഴിയുന്നില്ല. നമ്മെ സംബന്ധിച്ചിടത്തോളം ലേണിങ് പോലെതന്നെ പ്രധാനമാണ് ചിലതൊക്കെ അൺലേൺ ചെയ്യുകയെന്നതും. എന്നാൽ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ളതായാലും വിദ്യാഭ്യാസരംഗത്തെ പുതിയ പ്രവണതകൾ ഉൾക്കൊള്ളാനും അത് നടപ്പിലാക്കാനുമുള്ള ഇച്ഛാശക്തിയാണ് മിഡിൽ ഈസ്റ്റിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു പ്രധാന മേന്മ.
1994 ൽ ഞാൻ അദ്ധ്യാപകനായ് ചെല്ലുമ്പോൾ തന്നെ ഒമാനിലെ സർക്കാർ സ്‌കൂളുകളിൽ സ്‌കിൽ അടിസ്ഥാനമാക്കിയുള്ള ഇംഗ്ലീഷ് അദ്ധ്യാപനം നിലവിൽ വന്നിരുന്നു. നാലാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകർ പോലും ക്ലാസ്സിൽ പോകുമ്പോൾ ലിസണിങ് പഠിപ്പിക്കാൻ ടേപ്പ് റിക്കോർഡുകളുമായാണ് പോയിരുന്നത്. എല്ലാ ക്ളാസ്സുകളിലേക്കുമുള്ള കാസ്സറ്റുകളിൽ ശബ്ദം നല്കിയിരുന്നത് ബ്രിട്ടീഷുകാരായിരുന്നു.
നമ്മുടെ പുതിയ വിദ്യാഭ്യാസ നയത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഡിപ്ലോമ, ഹയർ ഡിപ്ലോമ, ഡിഗ്രി തലത്തിലുള്ള കോളേജ് വിദ്യാഭ്യാസം ഇവിടെ വളരെ നേരത്തേതന്നെ നടപ്പിലാക്കിയിരുന്നു. കോളേജ് ക്ലാസ്സുകളിലേക്കു പ്രവേശനം നല്കുന്നതിന് മുമ്പായുള്ള Foundation program ഉം മാതൃകാപരമാണ്.
അല്പം അതിരു കടന്ന വിദേശ ആശ്രയത്വവും, ഒരു ജോലി നേടാനുള്ള ഒരു കടമ്പ എന്നതിനപ്പുറത്തേക്ക് അറിവിനോടുള്ള അഭിനിവേശവും സ്വയം മെച്ചപ്പെടാനുള്ള ശ്രമവും നമ്മുടെ വിദ്യാർത്‌ഥികളിൽ കാണുന്നില്ലായെന്നതാണ് ഇവിടെ പ്രധാന പോരായ്മകളായ് തോന്നിയിട്ടുള്ളത്. കാലക്രമേണ ഒരു പക്ഷെ ഇവിടെയും നല്ല മാറ്റങ്ങളുണ്ടായേക്കാം.
ഒരു അധ്യാപകന്‍ നേരിടുന്ന അടിസ്ഥാന വെല്ലുവിളികള്‍ എന്തെല്ലാമാണ്?
അദ്ധ്യാപകർ നേരിടുന്ന അടിസ്ഥാനപരമായ വെല്ലുവിളികൾ ഓരോ കാലത്തും വ്യത്യസ്തമാണ്. ക്ലാസ്സിലെ ഏകാധിപതികളായ അദ്ധ്യാപകരുടെ കാലം എന്നേ കഴിഞ്ഞു. Facilitators എന്ന റോളിലായിരുന്നു കുറേക്കാലമായി അദ്ധ്യാപകർ ക്ലാസ്സുമുറിയിൽ പെരുമാറിയിരുന്നത്. ഇപ്പോൾ അക്കാലവും കടന്നാണ് ഓൺലൈൻ ടീച്ചിങ്ങിൽ എത്തിനിൽക്കുന്നത്.
മാറ്റങ്ങളുടെ മഹാപ്രളയത്തിൽ എന്നന്നേക്കുമായ് അപ്രത്യക്ഷരാകാതെ പിടിച്ചു നില്ക്കാൻ കഴിയുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. “മുയൽ ഒരു മാംസഭോജിയാണ്” എന്ന പുസ്തകത്തിൽ പറയുന്നത് പോലെ “ഒന്നുകിൽ മാറ്റത്തെ ഉൾക്കൊള്ളുക അല്ലെങ്കിൽ സ്വയം മാറിപ്പോവുക”. മറ്റ് വഴികൾ അദ്ധ്യാപകർക്ക് മുന്നിലില്ല.
അധ്യാപനം ഒരു കരിയര്‍ മാത്രമാകുന്ന കാലത്ത് അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ഗുരുവായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ താങ്കള്‍ എങ്ങനെ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നു?
കമ്പ്യൂട്ടറുകൾക്ക് ഒരു പക്ഷെ അദ്ധ്യാപകർക്ക് പകരക്കാരാവാൻ കഴിയും. പക്ഷെ ഗുരുവിന് പകരക്കാരില്ല. ഗുരുവിന് മുന്നിലിരിക്കുന്ന ഓരോ വിദ്യാർത്ഥിയും അയാൾക്ക് പാഠപുസ്തകങ്ങളാണ്. ഗുരു വിദ്യാർത്ഥികളുടെ ജീവിതകാലം മുഴുവൻ അവരെ പിന്തുടരുന്ന സ്വാധീനമാണ്.
സാധാരണ അധ്യാപകരിൽ നിന്ന് ഗുരു എന്ന അവസ്ഥലേക്കുള്ള വളർച്ച അത്രയെളുപ്പമല്ല.ഇന്നും ഗുരുക്കന്മാരാവാൻ ശേഷിയുള്ള അദ്ധ്യാപകരുണ്ട്. പക്ഷെ തൊഴിൽ ലബ്ധി മാത്രം മുന്നിൽകണ്ടുള്ള മരണപ്പാച്ചിലിൽ അവരെ തിരിച്ചറിയാൻ വിദ്യാർത്ഥികൾക്കാവുന്നില്ല. ശരാശരി അധ്യാപകനിൽ നിന്ന് ഗുരുവിലേക്കുള്ള യാത്രയും ദുർഘടമാണ്. അത്തരമൊരു യാത്രയ്‌ക്കൊരുങ്ങാൻ മിക്ക അദ്ധ്യാപകരും താല്പര്യപ്പെടുന്നതുമില്ല.
IIT യിൽ നിന്ന് പഠിച്ചിറങ്ങിയിട്ടും നമ്മുടെ കുട്ടികൾ ജീവിതത്തിൽ തോറ്റുപോവുന്നത് ഒരു നല്ല ഗുരുവിന്റെ സ്വാധീനം ജീവിതത്തിൽ ഇല്ലാതെ പോകുന്നതുകൊണ്ടു കൂടിയാണ്.
അധ്യാപന ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു അനുഭവം വിവരിക്കാമോ?
അദ്ധ്യാപന ജീവിതത്തിൽ ഇരുപത്തിയെട്ടുവർഷങ്ങൾ പിന്നിടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒരനുഭവം എടുത്ത് പറയുക ബുദ്ധിമുട്ടാണ്. അത്തരം ചില അനുഭവങ്ങളാണ് “മുയൽ ഒരു മാംസഭോജിയാണ് “എന്ന പുസ്തകത്തിൽ എഴുതിയിട്ടുള്ളതും.
1994 ൽ ഒമാനിലെത്തി ആദ്യമായ് പഠിപ്പിച്ചത് അബൂബഖ്‌റ എന്ന ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലായിരുന്നു.2006 ൽ ജോലി മതിയാക്കി നാട്ടിലേക്ക് പോന്നു. ഒമാനിൽ കോളേജധ്യാപകനായ് തിരികെയെത്തിയ ശേഷം കഴിഞ്ഞ വർഷം (2019) ആ ഗ്രാമത്തിലേക്ക് വീണ്ടും പോയി. അപ്പോൾ ആദ്യം കണ്ടത് എന്റെ ആദ്യ വർഷത്തെ വിദ്യാർഥികളിലൊരാളെയായിരുന്നു. “അലി ജാബർ” എന്ന് ഞാനയാളെ പേര് പറഞ്ഞു വിളിച്ചപ്പോൾ അയാളതിശയിച്ചു പോയി.
ഏതാനും മിനിട്ടുകൾക്കുള്ളിൽ എന്റെ ധാരാളം കുട്ടികളെത്തി.മിക്കവരും നരച്ചു തുടങ്ങിയിരിക്കുന്നു. നാലും അഞ്ചും കുട്ടികളുള്ള ബാബാമാരായിരിക്കുന്നു. എനിക്കും കുടുംബത്തിനും എന്ത് തന്നാൽ മതിയാവുമെന്ന ചിന്തയിലായിരുന്നു എന്റെ കുട്ടികൾ. ലോകത്തെവിടെയായാലും, കാലമെത്ര കഴിഞ്ഞാലും, ഏതു വർഗ്ഗത്തിൽ പെട്ടവരായാലും ഒരധ്യാപകനെ സംബന്ധിച്ചിടത്തോളം അയാളുടെ വിദ്യാർത്‌ഥികൾ അയാളുടെ കുട്ടികൾ തന്നെയായിരിക്കുമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.