മനുഷ്യ ജീവിതം നേരിടേണ്ടി വരുന്ന നാനാതരം പ്രഹേളികകളെ
അതിഭാവുകത്വത്തിന്റെ ആർഭാടമില്ലാതെ ലാളിത്യത്തിന്റെ
വിശുദ്ധിയിൽ അസുലഭ അനുഭൂതിയാക്കി തീർക്കുന്ന സർഗവൈഭവമാണ്
യു.കെ. കുമാരൻ എന്ന കഥാകാരന്റെ കഥകളെ മലയാള
വായനക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നത്. കഥ എഴുത്തിനായി
സ്വീകരിക്കപ്പെടുന്ന പ്രമേയങ്ങൾ, അവ എത്ര ഗഹനമായാലും അദ്ദേഹം
തന്റെ തൂലികത്തുമ്പു കൊണ്ട് ഉഴുതു മറിച്ച് പാകപ്പെടുത്തി
എടുക്കുമ്പോൾ അതിന് സാരള്യത്തിന്റെ ഛന്ദസും ചൈതന്യവും
കൈവരുന്നു എന്നത് വിസ്മയാവഹമാണ്. സാഹിത്യം എന്ന സർ
ഗരൂപം ആത്യന്തികമായി മനുഷ്യന് വേണ്ടിയാണ് നിലകൊള്ളേ
ണ്ടത് എന്ന ഉറച്ച ബോധ്യത്തിന്റെ ഉ പാസകനായ ഈ എഴുത്തുകാരൻ
അതിന് വിരുദ്ധമായോ വിഘാതമായോ നിൽക്കുന്ന എഴുത്തിന്റെ
വഴികളെ ആത്മവിശ്വാസമുള്ള ഒരു ധീരന്റെ ധിക്കാരത്തോടെ
അവഗണിക്കുകയും ചെയ്യുന്നു.
ആധുനികത താണ്ഡവമാടി തിമർക്കുന്ന ഒരു കാലത്തിന്റെ കർ
മഭൂമിയിൽ ചവിട്ടി നിന്നുകൊണ്ടാണ് യു.കെ. കുമാരനും കഥകളെഴുതാൻ
ആരംഭിച്ചത്. പക്ഷെ, കൃത്രിമ ആശയങ്ങളിലും ആഘോഷങ്ങളിലും
അനിയന്ത്രിതമായി അഭിരമിക്കുകയും നമ്മുടെ
മണ്ണിൽ ജീവിക്കുന്നവന്റെ സ്വകീയമായ ജീവിതവും ചിന്തകളും സങ്കല്പങ്ങളും
കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ആ കാലത്തെ
സാഹിത്യത്തിലെ പൊതുബോധത്തെ സഹിക്കാനുള്ള ശേ ഷി അധികകാലം
അദ്ദേഹത്തിനുണ്ടായില്ല. വായന, വായനക്കാരന് ദുസ്സഹമാകുന്ന
ദൗർഭാഗ്യകരമായ അത്തരം പ്രവണതകളെ കൈയൊഴിയാനും
സാഹിത്യം സാധാരണക്കാരന് പ്രാപ്യമാകും വിധം
പൊളിച്ചെഴുത്തിന്റെ പുതിയ പാതയിലേക്ക് പുന:നിർമിക്കാനുമുള്ള
ചരിത്രപരമായ ദൗത്യം സാധ്യമാക്കാനും തുനിഞ്ഞിറങ്ങിയ അന്നത്തെ
ഒരു ന്യൂജെൻ എഴുത്തുകൂട്ടത്തിന്റെ ഇങ്ങേയറ്റത്ത് കണ്ണി
ചേരാൻ അദ്ദേഹം തയ്യാറായതും അതുകൊണ്ടുതന്നെ.
എഴുതുമ്പോൾ നമ്മുടെ മണ്ണിൽ ഉറയ്ക്കുന്നതാവണം കാലുകളെന്നും
അതിന്റെ സാക്ഷാത്കാരത്തിനായി വലിച്ചെടുക്കുന്ന
ഉണർവും ഊർജവും നമ്മുടെ മനുഷ്യരുടേതാവണം എന്നും അതിനായി
ഉപയോഗിക്കുന്ന ഭാഷ എല്ലാവർക്കും ഉൾക്കൊള്ളാൻ
കഴിയുന്നതാകണമെന്നും അതേസമയം എഴുതുന്ന കൃതികൾ ലാവണ്യാനുഭൂതിയുടെ
നവംനവങ്ങളായ മേഖലകളെ സ്വാംശീകരി
ക്കണമെന്നുമുള്ള വിട്ടുവീഴ്ചയില്ലാത്ത ശാഠ്യം ഈ എഴുത്തുകാരനിൽ
ദാർഢ്യപ്പെടുന്നത് അദ്ദേഹത്തിന്റെ സാഹിത്യ ലോകത്ത് സഞ്ചരിക്കുമ്പോൾ
സംശയലേശമന്യേ നമുക്കു ബോധ്യമാവുകയും
ചെയ്യും. ഒപ്പം ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും വീണ്ടെടുപ്പുകൾ
സർഗാത്മകതയിലൂടെ മാത്രമേ സാധ്യമാകൂ എന്ന വിശ്വാസവും
അദ്ദേഹം വച്ചു പുലർത്തുന്നതായി കാണാം. അങ്ങനെ പലതരം
വീണ്ടെടുപ്പുകൾക്ക് വേണ്ടിയുള്ള വിലാപങ്ങളായിട്ടാണ് അദ്ദേഹത്തിന്റെ
കൃതികൾ ഓരോന്നും നിലകൊള്ളുന്നത് എന്നതും
ശ്രദ്ധേയമാണ്.
1967-ൽ എഴുതി പ്രസിദ്ധീകരിച്ച ചലനം എന്ന ആദ്യകഥ മുതൽ
ഇന്നേവരെ എഴുതിയ കഥകളിലും ആദ്യം പ്രസിദ്ധീകരിച്ച
വലയം മുതൽ തക്ഷൻകുന്ന് സ്വരൂപം, കാണുന്നതല്ല കാഴ്ചകൾ
വരെയുള്ള മിക്ക നോവലുകളിലും മലർന്നു പറക്കുന്ന കാക്ക മുതൽ
തെയ്യത്തെറും മറ്റു കഥകളും വരെയുള്ള നോവലെറ്റുകളുടെ
സമാഹാരങ്ങളിലും അതിന്റെ സൂഷ്മമായ അടയാളപ്പെടുത്തലുകളുണ്ട്.
കാലത്തിന്റെ ആകുലതകളെ തന്റേതെന്നപോലെ അത്രയും
ആത്മാർത്ഥതയോടെ കഥകളിൽ ആവാഹിക്കുകയും അത്
വായനക്കാരന്റെ മനസിൽ തട്ടുംവിധമുള്ള സവിശേഷ ശില്പഭംഗി
യോടെ അവതരിപ്പിക്കുകയും ചെയ്യുന്ന കൈത്തഴക്കമാണ് യു.കെ.
കുമാരൻ എന്ന എഴുത്തുകാരന്റെ സിദ്ധിവൈഭവം.
കഥ എഴുത്തിൽ അമ്പതു വർഷം പൂർത്തിയാക്കിയ അദ്ദേഹം തന്റെ എഴുത്തു
ജീവിതത്തിന്റെ നാൾവഴികളെ കുറിച്ച് സംസാരിക്കുന്നു:
ഇന്നത്തെ കാലത്ത് കേവലം സാക്ഷിയായി നിൽക്കേണ്ട
ഒരാളല്ല എഴുത്തുകാരൻ എന്ന് താങ്കൾ തക്ഷൻകുന്ന് സ്വരൂപം
എന്ന നോവലിനുള്ള 2016-ലെ വയലാർ അവാർഡ് സ്വീകരിച്ചു
കൊണ്ടുള്ള പ്രസംഗത്തിനിടയിൽ സൂചിപ്പിക്കുകയുണ്ടായി.
എങ്കിൽ ചോദിക്കട്ടെ, എന്താണ് അവരുടെ ദൗത്യം?
ഒരു സാമൂഹ്യജീവി എന്ന നിലയിൽ പൊതു സമൂഹത്തെ ബാധിക്കുന്ന
പ്രശ്നങ്ങളിൽ നിന്നും നാം മാറിനിൽക്കാൻ പാടില്ല എന്ന
വ്യക്തിപരമായ എന്റെ കാഴ്ചപ്പാടാണ് അതിലൂടെ ഞാൻ പ്രഖ്യാപിച്ചത്.
തക്ഷൻകുന്ന് സ്വരൂപം എന്ന നോവലിലെ രാമറോ
കുഞ്ഞിക്കേളുവോ ശ്രീധരൻ ഡോക്ടറോ ക ണ്ണച്ചനോ ചേക്കുവോ
കല്യാണിയോ മാതാമ്മയോ വെള്ളായിയോ ആരുമാവട്ടെ, അവരൊന്നും
സാമൂഹ്യ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയല്ല, മറി
ച്ച് തങ്ങളാൽ ആവുംവിധം അവയിൽ സജീവമായി ഇടപെടുകയും
പറ്റുന്ന രീതിയിലൊക്കെ പരിഹരിക്കാൻ ശ്രമിക്കുകയുമാണ് ചെ
യ്യുന്നത്. കടന്നുപോയ ഒരു കാലത്തെ മനുഷ്യരിൽ പ്രാദേശികമായി
നിലനിന്ന ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും കരുത്ത്
എങ്ങനെ അവിടുത്തെ ജാതി-മത-സാമൂഹ്യ-ചരിത്ര-രാഷ്ട്രീയ പ്രശ്നങ്ങൾക്ക്
ഫലപ്രദമായ പകരംവയ്പുകളായി മാറി എന്നതി
ന്റെ ഉദാഹരണങ്ങൾ ഉയർത്തിക്കൊണ്ടു വരികയായിരുന്നു ഞാൻ;
പ്രത്യേകിച്ചും പ്രശ്നങ്ങളിൽ ഇടപെടാൻ ഭയക്കുന്ന നേതൃത്വവും
അവയെ അഭിമുഖീകരിക്കാൻ വിമുഖതയുള്ള ഒരു ജനതയും ജീ
വിക്കുന്ന ഈ പുതിയ കാലത്തിന്റെ മുന്നിലേക്ക്.
നമ്മുടെ ചരിത്രത്തിലും പാരമ്പര്യത്തിലും വിശ്വാസത്തി
ലും ഊന്നി നിന്നുകൊണ്ടുള്ള ഒരു പ്രാദേശിക സ്വത്വം അടയാളപ്പെടുത്താനാണ്
താങ്കൾ തക്ഷൻകുന്ന് സ്വരൂപത്തിൽ ശ്രമി
ച്ചു കാണുന്നത്. അതേസമയം ഇവയൊക്കെ ക്രമമായി അപ്രസക്തമായി
ക്കൊണ്ടിരിക്കുന്ന ഒരു വർത്തമാന കാലത്താണ്
നാം ജീവിക്കുന്നതും. താങ്കൾ ഉദ്ദേശിക്കുന്ന ഒരു ഫലം നോവൽ
കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ?
അതൊന്നും എഴുത്തുകാരന്റെ ഉത്കണ്ഠയോ ഉത്തരവാദിത്വ
മോ അല്ല. ഉദ്ദേശിക്കുന്ന ഫലം കൊണ്ടു വരാം, കൊണ്ടു വരാതിരി
ക്കാം. ആ വേവലാതികൾ എഴുത്തുകാരന്റേതല്ല. അയാൾ പ്രശ്നങ്ങളിൽ
സജീവ സാന്നിദ്ധ്യമായി ഇടപെട്ടുകൊണ്ട് എഴുതുന്നു. അതാണ്
അയാളുടെ നിയോഗം. അതിലൂടെ എഴുത്തുകാരൻ ഒരു മാതൃക
സൃഷ്ടിക്കുകയാണ്. മനനം ചെയ്തു കൊണ്ട് കാലത്തിന്
മുമ്പേ സഞ്ചരിക്കുകയും കണ്ടെത്തലുകളെ വെളിപാടുകളായി
അവതരിപ്പിക്കുകയുമാണ് അയാൾ ചെയ്യുന്നത്. അത് ഉത്കണ്ഠയോടെ
ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം ജനതയുടേതും അവരെ നയിക്കുന്ന
നേതാക്കളുടേതുമാണ്. കാലം ഒരു പ്രലോഭനമായിതന്നെ
അതിനെ സ്വീകരിക്കുകയും അതൊരു പുതിയ ക്രിയാത്മകതയ്ക്ക്
വഴിവയ്ക്കുകയും ചെയ്യും എന്ന പ്രത്യാശ തന്നെയാണ് എഴുത്തുകാരൻ
എന്ന നിലയിൽ എനിക്കുള്ളത്. ഒരു ഉദാഹരണം
കൊണ്ട് ഞാനിത് വ്യക്തമാക്കാം. നോവൽ വായിച്ച് കണ്ണൂരിൽ നി
ന്നുള്ള ഒരു രാഷ്ട്രീയ നേതാവ് എന്നെ വിളിക്കുകയുണ്ടായി. പ്രമാദമായ
ഒരു കൊലക്കേസിലെ പ്രതിസ്ഥാനത്തുള്ള നേതാവാണയാൾ.
ആ നോവൽ തന്നെ വല്ലാതെ പിടിച്ചുലച്ചുകളഞ്ഞു എന്നാണദ്ദേഹം
പറഞ്ഞത്. ഉദ്ദേശിക്കുന്ന ഫലം ആ നോവൽ കൊണ്ടു
വരുമോ എന്ന താങ്കളുടെ ചോദ്യത്തിന് ചെറിയ തോതിലെങ്കിലും
ഇപ്പോൾ ഉത്തരമായി എന്നു കരുതട്ടെ.
നവോത്ഥാന മൂല്യങ്ങളുടെ കരുത്തിൽ രൂപപ്പെട്ട, ജാതി-മതപരമായ
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അതിജീ
വിക്കാൻ ആർജവം കാണിച്ച, സാമൂഹ്യ പരിഷ്കാരങ്ങളെ ഉയർത്തിപ്പിടിച്ച,
രാഷ്ട്രീയ പ്രബുദ്ധതയും പ്രായോഗികതയും
കൈമുതലാക്കിയ തക്ഷൻകുന്ന് സ്വരൂപത്തിലെ ജനത,
നോവലിന്റെ അവസാനമാകുമ്പോൾ അതിന്റെയൊക്കെ അഭാവത്തിലേക്ക്
വീണ്ടും നീങ്ങുന്ന ഒരു ചിത്രം താങ്കൾ വരിച്ചി
ടുന്നുണ്ട്. വർത്തമാനകാലത്തെ പുരോഗതി എന്നത് അധോഗതിയിലേക്കുള്ള
പ്രയാണമാണ് എന്ന അർത്ഥത്തിലാണോ
താങ്കളത് വ്യംഗ്യമായി വ്യാഖ്യാനിക്കുന്നത്?
സമൂഹത്തിന് ശാശ്വതമായ ഒരു പുരോഗമന ആശയ സംഹി
തയില്ല. പരിഷ്കാര സമ്പന്നമായ ജീവിതം, മൂല്യബോധത്തിന്റെ
ഔന്നിത്യമുള്ള ചിന്താഗതികൾ, ജാതി-മതമില്ലായ്മ, സാമൂഹ്യവും
രാഷ്ട്രീയവുമായ പ്രബുദ്ധത എന്നിവയുമില്ല. ഉണ്ടെന്ന് ഭാവിക്കുന്നത്
ഒരു തരം ഉട്ടോപ്യൻ ആശയ സങ്കല്പമാണ്. എന്റെ കൃതികളിൽ
ജീവിതത്തെ ഏറെക്കുറെ യാഥാർത്ഥ്യബോധത്തോടെ സമീ
പിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് സത്യസന്ധമായിതന്നെയാണ്
ഞാൻ കാര്യങ്ങൾ പറയുന്നത്. ഒരിക്കൽ സാമൂഹ്യ
അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി കണ്ട് പടപൊരുതി
പടി കടത്തിയ പല കാര്യങ്ങളും പൂർവാധികം ശക്തിയോടെ നമ്മുടെ
സമൂഹത്തിലേക്ക് തിരിച്ചുവരുന്നത് ഇന്നു നാം കാണുന്നുണ്ട്.
അത് നിഷേധിച്ചിട്ട് കാര്യമില്ല. ഒരർത്ഥത്തിൽ അത് നല്ലതാണ്
എന്ന് ഞാൻ പറയും. കാരണം അത്തരം സാഹചര്യങ്ങളിലാണ്
ഗാന്ധിജിയെ പോലെ, കെ. കേളപ്പനെ പോലെ, അബ്ദു റഹിമാനെ
പോലെ പി. കൃഷ്ണപ്പിള്ളയേയും എ.കെ.ജിയേയും
പോലെയുള്ള രാ ഷ്ട്രീയ-സാമൂഹ്യ-നവോത്ഥാന നായകന്മാർ പി
റവിയെടുക്കുന്നതും ജനതയെ പുതിയൊരു ജീവിത ക്രമത്തിനായി
സജ്ജരാക്കുന്നതും. തീർച്ചയായും അത്തരം ഒരു മാറ്റം നമ്മുടെ
വർത്തമാന കാല സമൂഹത്തിന് അനിവാര്യമാണെന്നുള്ള ആഹ്വാനം
തന്നെയാണ് ഇതിലൂടെ ഞാൻ മുന്നോട്ട് വയ്ക്കുന്നത്.
തക്ഷൻകുന്ന് സ്വരൂപം മലയാളത്തിലെ ക്ലാസിക് നോവലുകളിൽ
ഒന്നാണ്. ഒരുപക്ഷെ, ഇന്നുവരെ താങ്കൾ എഴുതിയ
നോവലുകളിൽ വച്ച് ഏറ്റവും മഹത്തും മാസ്റ്റർപീസ് എന്നു
വിശേഷിപ്പിക്കാവുന്നതുമായ കൃതിയും അതു തന്നെ. യു.കെ.
കുമാരൻ എന്ന എഴുത്തുകാരനെ ഇനിയുള്ള കാലം വിലയി
രുത്തുമ്പോൾ, താങ്കൾ എഴുതിയ മിക്ക കൃതികളും തീർച്ചയായും
പ രിഗണിക്കപ്പെടുമെങ്കിലും അതിൽ പ്രഥമ സ്ഥാനം ഈ
നോവലിനുതന്നെ ആയിരിക്കും. മലയാള നോവൽ സാഹിത്യ
ചരിത്രത്തിൽ താൻ അടയാള െടേണ്ടത് ഈ നോവലിലൂടെ
ആയിരിക്കണമെന്ന് ആ നോവൽ എഴുതുമ്പോൾ താങ്കൾ ചി
ന്തിച്ചിരുന്നോ? എന്തായിരുന്നു ആ കൃതിയുടെ സൃഷ്ടിക്കു പി
ന്നിലെ പ്രചോദനം?
മലയാളത്തിൽ എന്നെ അടയാളപ്പെടുത്തുകയോ അടയാളപ്പെ
ടുത്താതെ പോവുകയോ ചെയ്യുന്നത് എന്റെ വേവലാതിയല്ല. ഞാനൊരു
കൃതി എഴുതാൻ തുടങ്ങുമ്പോൾ അത് എന്നെ അടയാളപ്പെടുത്തുന്ന
ഒന്നായിരിക്കണം എന്ന് വിചാരിക്കുന്നതിലും അർ
ത്ഥമില്ല. കാരണം ഞാൻ ചിന്തിക്കുന്നതു പോലെ സംഭവിക്കണം
എന്നില്ലല്ലൊ. അതേസമയം എനിക്കേറെ സംതൃപ്തി തരുന്ന ഒരു
കൃതി എഴുതണമെന്നുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ അനന്തരഫലമാണ്
തക്ഷൻകുന്ന് സ്വരൂപം എന്ന നോവൽ. എഴുതി
തുടങ്ങിയ കാലം മുതൽക്കേ ഈ നോവലിന്റെ ബീജം എന്റെ മനസിലുണ്ട്.
എന്റെ പല കഥകളിലും നോവലെറ്റുകളിലും നോവലുകളിലും
ഈ കൃതിയുടെ ആശയങ്ങൾ അങ്ങിങ്ങായി കടന്നുകൂടിയിട്ടുമുണ്ട്.
അത് കുറേക്കൂടി ശക്തമായി അവതരിപ്പിക്കാൻ എന്റെ ഗ്രാമത്തിന്റെ
സമഗ്രമായ ഒരു ചിത്രം ഏറെ ഉപകരിക്കും എന്നു തോന്നിയപ്പോഴാണ്
വലിയൊരു ക്യാൻവാസിൽ നൂറോളം വർഷങ്ങ
ളിലെ സംഭവങ്ങൾ പറയാൻ ആലോചിച്ചത്. നൂറിലേറെ കഥാപാത്രങ്ങൾ
ഉൾക്കൊള്ളുന്നതാണ് ആ നോവൽ. അവരിൽ പകുതി
പേരും ജീവിച്ചിരുന്ന യഥാർത്ഥ മനുഷ്യരാണ്. പക്ഷെ, അത്
എങ്ങനെ, ഏതു രൂപത്തിൽ സാക്ഷാത്കരിക്കണം എന്ന വ്യക്ത
ത കിട്ടാതെ ഞാനൊരുപാട് വിഷമിച്ചിട്ടുണ്ട്. അതേസമയം ഞാനിതേ
വരെ എഴുതി വന്ന രചനാസമ്പ്രദായത്തിൽ നിന്നും ശൈലിയിൽ
നിന്നും തീർത്തും വ്യത്യസ്തമായിരിക്കണം ഈ കൃതി എന്നൊരു
ശാഠ്യവും മനസിലുണ്ടായിരുന്നു. പത്രപ്രവർത്തകൻ എന്ന
നിലയിലുള്ള ജോലിത്തിരക്കിനിടയിൽ എഴുത്ത് അനിശ്ചിതമായി
നീണ്ടു പോയി.
പിന്നീട്, അങ്ങനെ ഒരു നോവൽ എഴുതാൻ കഴിയാതെ വരുമോ
എന്ന സംശയവും മനസിനെ മഥിക്കാൻ തുടങ്ങി. പക്ഷെ,
തോറ്റു പിന്മാറാൻ തയ്യാറായില്ല. ഒരു വാശിയോടെ 2004 മുതൽ
നോവൽ രചനയ്ക്ക് വേണ്ടിയുള്ള കരുക്കൾ ശേഖരിച്ചു കൊണ്ട്
തയ്യാറെടുപ്പുകൾ തുടങ്ങി. ശ്രമകരമായിരുന്നു ആ പണി. എന്റെ
ബാല്യവും കൗമാരവും യൗവനത്തിന്റെ കുറച്ചു ഭാഗവും ഞാൻ
ചെലവഴിച്ച ഗ്രാമത്തിന്റെ കഥ പൂർണമാക്കാൻ കാലത്തിന്റെ കുറേക്കുടി
പുറകോട്ടുള്ള സമയതീരങ്ങളിലൂടെ എനിക്ക് സഞ്ചരിക്ക
ണമായിരുന്നു. അതിനായി പല ആളുകളെയും കണ്ടു, സംസാരി
ച്ചു. വിലയിരുത്തലുകളും പഠനങ്ങളും നടത്തി. മിത്തും ഐതി
ഹ്യവും സാഹിത്യവും പുരാണവും ചരിത്രവും ചികഞ്ഞു പരിശോധിച്ചു.
എല്ലാവരും അറിയുന്ന കെ. കേളപ്പനിൽ നിന്നും വ്യത്യസ്തനായ
ഒരു കേളപ്പനെ അവതരിപ്പിക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ്.
അടയാളംവെപ്പ് പോലെ പ്രാദേശികമായ ഒരു അനാചാരത്തെ
കുറിച്ച് എഴുതാൻ പറ്റിയത് അങ്ങനെയാണ്.
2011 മുതൽ എഴുതിത്തുടങ്ങുകയും 2012-ൽ നോവൽ പൂർത്തി
യാക്കുകയും ചെയ്തു. അതിന് മുമ്പേതന്നെ പത്രപ്രവർത്തകൻ
എന്ന തൊഴിലിൽ നിന്നും സ്വയം വിടുതൽ നേടിയിരുന്നു. കാലം
നോവലിലെ പ്രധാന കഥാപാത്രമായി വരുന്ന രീതിയിലാണ് കഥയുടെ
ഒഴുക്ക് ചിട്ടപ്പെടുത്തിയത്. ഇവിടെ ഇങ്ങനെയും ചില മനുഷ്യർ
ജീവിച്ചിരുന്നു എന്നും അവർ സമൂഹത്തിന് ഉത്തമ മാതൃകകളായിരുന്നു
എന്നുമുള്ള ഒരു വലിയ സത്യം പുതിയ കാലത്തെ
ഓർമപ്പെടുത്താനാണ് ഞാൻ ആ നോവലിലൂടെ ശ്രമിച്ചത്. അത്
ലക്ഷ്യം കണ്ടു എന്നാണ് എനിക്ക് തോന്നുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ
പതിനഞ്ചിലേറെ പതിപ്പുകൾ തക്ഷൻകുന്ന് സ്വരൂപത്തിനുണ്ടായി.
വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം, ബഷീർ
പുരസ്കാരം, ചെറുകാട് അവാർഡ്, ഹബീബ് വലപ്പാട് അവാർഡ്,
കഥാരംഗം അവാർഡ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, വയലാർ
അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും കിട്ടി
യത് അതിന്റെ തെളിവായി ഞാൻ കണക്കാക്കുന്നു.
വീക്ഷണം വാരികയിലും പിന്നീട് കേരളകൗമുദി പത്രത്തി
ലുമായി ഏതാണ്ട് 35 വർഷത്തോളം താങ്കൾ പത്രപ്രവർത്തകനായിരുന്നു.
പക്ഷെ, അക്കാലത്തും താങ്കൾ അനുസ്യൂതം കഥകളും
നോവലെറ്റുകളും നോ വലുകളും എഴുതിയിട്ടുമുണ്ട്.
അതേ സമയം പത്രഭാഷയും സർഗാത്മക സാഹിത്യഭാഷയും
രണ്ടും രണ്ടാണ്. ഇത് രണ്ടും സമന്വയിപ്പിച്ചു കൊണ്ടുപോ
കാൻ സാധിച്ചത് എങ്ങനെയാണ്?
വളരെ പ്രയാസപ്പെട്ടു കൊണ്ടുതന്നെയായിരുന്നു അക്കാലത്തെ
എഴുത്ത്. പത്രപ്രവർത്തനം എനിക്കൊരു തൊഴിലും സാഹിത്യം
എന്റെ സ്വത്വം സമൂഹത്തോട് വെളിവാക്കാനുള്ള ഒരു ഉപാധിയുമായിരുന്നു.
പത്രപ്രവർത്തനത്തിന്റെ അവസാനിക്കാത്ത
തിരക്കിനിടയിൽ എന്നിലെ സാഹിത്യകാരൻ ഇല്ലാതായി പോകുമോ
എന്നുപോലും ഭയന്നിട്ടുണ്ട്. പത്രഭാഷയുടെ മേൽക്കോയ്മ
സാഹിത്യമെഴുതുമ്പോൾ കടന്നുവരാതിരിക്കാൻ നടത്തിയ ശ്രമങ്ങൾ
മാനസീകമായും ശാരീരികമായും എന്നെ തളർത്തിയിരുന്നു.
എങ്കിലും എഴുതുക എന്ന എന്റെ മനസിന്റെ അടങ്ങാത്ത ഇച്ഛ എല്ലാത്തിനെയും
അതിജീവിക്കാനുള്ള കരുത്ത് നൽകി. അതാണ്
അക്കാലത്ത് എന്നിലെ എഴുത്തുകാരനെ നിലനിർത്തിയത്. സാഹിത്യമെഴുതുമ്പോൾ
അതിൽ പത്രഭാഷ കടന്നു വരാതിരിക്കാനുള്ള
സൂഷ്മമായ ശ്രദ്ധ മനസ് കരുതലോടെ കാത്തുസൂക്ഷിച്ചു. അപ്പൊഴും
അവിടെയും ഇവിടെയുമായി എന്റെ പല സാഹിത്യ സൃഷ്ടികളിലും
പത്രഭാഷയുടെ നേർത്ത നിഴലാട്ടങ്ങൾ കടന്നു വന്നിട്ടുണ്ട്.
എന്നാൽ ഒരുപാടു കാലമായി ഞാൻ എഴുതാൻ ആഗ്രഹിച്ച
തക്ഷൻകുന്ന് സ്വരൂപത്തിൽ അത്തരം ന്യൂനതകളൊന്നും കടന്നു
വരരുത് എന്നൊരു വാശി എനിക്കുണ്ടായിരുന്നു. അതിനാലാണ്
ആ കൃതി എഴുതാൻ ഇരിക്കുന്നതിന് മുമ്പായി ഞാൻ പത്രപ്രവർ
ത്തനം മതിയാക്കിയത്. അതുകൊണ്ടുതന്നെ എഴുതുമ്പോൾ
ഞാൻ ആഗ്രഹിച്ച രീതിയിലുള്ള ഒരു സംതൃപ്തിയും പിന്നീട് അതിന്
അനുസൃതമായ ഫലവും ആ കൃതി നൽകുകയും ചെയ്തു.
ഭൂരിപക്ഷ വർഗീയത അതിന്റെ സകല കരുത്തുമെടുത്ത് നമ്മുടെ
ജീവിതത്തിന്റെ സമസ്ത മേഖലകളേയും പിടിമുറുക്കി
കൊണ്ടിരിക്കുകയാണിന്ന്. സാംസ്കാരിക നായകന്മാർ എന്ന
പദവിയിലിരുത്തി ജനത ആദരിക്കുന്ന എഴുത്തുകാർക്ക് ദൗർ
ഭാഗ്യകരമായ ഈ സാഹചര്യത്തിന് തടയിടാൻ എങ്ങനെ കഴിയും
എന്നു ചിന്തിച്ചിട്ടുണ്ടോ?
വർഗീയത, അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും രണ്ടും
ഒരുപോലെ അപകടകരമാണ് എന്നു വിശ്വസിക്കുന്ന ഒരു എഴുത്തുകാരനാണ്
ഞാൻ. വർഗീയതയ്ക്ക് തടയിടാൻ എന്തു ചെ
യ്യാൻ കഴിയുമെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. തക്ഷൻകുന്ന് സ്വരൂപത്തിൽ
അത് പലതരത്തിലും കടന്നുവരുന്നത് അതിന്റെ പ്രതിഫലനമായിട്ടാണ്.
ഇന്ന് നമുക്ക് സാക്ഷരതയുണ്ട്, വിദ്യാഭ്യാസമുണ്ട്,
ഉയർന്ന വായനാശീലമുണ്ട്, പുരോഗതിയുണ്ട്. പക്ഷെ, മനുഷ്യൻ
മനുഷ്യനെ തിരച്ചറിയുന്ന വിവേകബുദ്ധി മാത്രമില്ല. അതാണ് ഈ
കാലത്തിന്റെ ഏറ്റവും വലിയ പ്രശ്നം. എന്നാൽ മുമ്പൊരു കാലത്ത്
ഇവിടെ ജീവിച്ചിരുന്ന ജനത അങ്ങനെ ആയിരുന്നില്ല. തക്ഷൻ
കുന്നിൽ വസൂരി പടർന്ന് പോക്കർഹാജി മരിച്ചപ്പോൾ ഖബറടക്കാൻ
കൊണ്ടുപോയ മയ്യത്ത് കട്ടിലിന്റെ പിൻകാലുകൾ പിടിക്കുന്നത്
രാമറും ബാലനുമാണ്. ജാതി-മതത്തിനതീതരായി മനുഷ്യൻ
എന്ന പരിഗണനയെ മുൻനിർത്തി വിവേക ബുദ്ധിയോടെ
ചിന്തിക്കാനും പെരുമാറാനും കഴിവുള്ളവരായിരുന്നു അവർ. ആ
സംഭവം നോവലിൽ ഞാൻ സങ്കല്പിച്ച് എഴുതിയതല്ല. തക്ഷൻകുന്നിൽ
യഥാർത്ഥത്തിൽ നടന്ന കാര്യമാണ്. എന്റെ കൃതിയിലേക്ക്
ഞാനത് ബോധപൂർവം കടം കൊള്ളുകയായിരുന്നു. അന്ന് ഇങ്ങ
നേയും സംഭവങ്ങൾ മനുഷ്യരുടെ ഇടയിൽ ഉണ്ടായിരുന്നു എന്ന
പാഠം പുതിയ കാലത്തിന് നൽകാനാണത്. അതൊരു ഊർജമായി
ആരെങ്കിലുമൊക്കെ ഉൾക്കൊള്ളും എന്നുതന്നെയാണ് എന്റെ
പ്രതീക്ഷ.
എന്താണ് താങ്കളുടെ എഴുത്തുസങ്കല്പം?
സമൂഹവുമായുള്ള ബന്ധം അടയാളപ്പെടുത്താനാണ് എഴുത്ത്
എന്ന മാധ്യമത്തെ ഞാൻ ഒപ്പം കൂട്ടുന്നത്. ഒപ്പം ഞാൻ നിൽക്കുന്ന
ഇടം ഏതാണ് എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമവും അതി
ലുണ്ട്. സത്യത്തിൽ എന്റെ സ്വത്വത്തെ അടയാളപ്പെടുത്തുക എന്ന
ദൗത്യമാണ് എഴുത്തിലൂടെ ഞാൻ നിർവഹിക്കുന്നത്. എഴുതുന്ന
വാക്കിന്റെ സത്യസന്ധതയെ കുറിച്ച് ഓരോ നിമിഷത്തിലും
ഞാൻ ബോധവാനാണ്. സത്യസന്ധമായ ജീവിത പരിസരവും കാലവും
സമൂഹവും കഥകളിൽ നിറയുമ്പോൾ വായനക്കാർക്ക് അവയെ
നിഷേധിക്കാൻ കഴിയില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
വായനക്കാരാണ് എന്റെ സമ്പാദ്യം. കൃത്രിമത്വം കാട്ടിയും കളവു
പറഞ്ഞും കുറേ സങ്കല്പങ്ങൾ നൽകിയും അവരുടെ മുന്നിൽ
ഏറെക്കാലം പിടിച്ചു നിൽക്കാൻ നമുക്കാവില്ല. അറിയാവുന്ന ജീ
വിത പരിസരത്തു നിന്നുമാത്രം കഥകൾ ഉണ്ടാക്കുക. ഇണങ്ങുന്ന
ഭാഷയിൽ സങ്കീർണതയും കൃത്രിമത്വവും ഒഴിവാക്കി മാത്രം
എഴുതുക. വായനക്കാർക്ക് ഒരു നിരൂപകന്റെ സഹായമില്ലാതെ ആ
കഥ മനസിലാക്കാനുള്ള സാഹചര്യം ഒരുക്കുക. അതിലാണ് എന്റെ
ശ്രദ്ധ. എഴുതുമ്പോൾ ഞാൻ തനിച്ചാണെങ്കിലും അത് കഥയായി
തീർന്നു കഴിഞ്ഞാൽ വായിക്കാനായി ആരൊക്കെയോ എവിടെയൊക്കെയോ
കാത്തിരിക്കുന്നു എന്ന ബോധം കെടാവിളക്കു
പോലെ ഞാൻ മനസിൽ സദാ സൂക്ഷിക്കുക യും ചെയ്യുന്നു.
താങ്കളിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയ ആദ്യകാല
വായനയെ കുറിച്ച് പറയാമോ?
വീട്ടിൽ അങ്ങനെ വായിക്കാനുള്ള അനുകൂല സാഹചര്യങ്ങളൊന്നും
ഉണ്ടായിരുന്നില്ല. പുസ്തകം വായിച്ചാൽ കുട്ടികൾ വഴിതെറ്റിപ്പോകുമെന്ന
വിശ്വാസമായിരുന്നു അച്ഛന്. അതിന് കാരണമായി
നാട്ടിൽ തലതെറിച്ചു നടക്കുന്ന ചില ചെറുപ്പക്കാരെയും അദ്ദേ
ഹം ചൂണ്ടിക്കാട്ടി. അവരൊക്കെ അങ്ങനെ ആയിത്തീർന്നത് പുസ്തക
വായന കൊണ്ടാണ് എന്നദ്ദേഹം മനസിലാക്കി വച്ചിരുന്നു.
ഞാനുൾപ്പെടെയുള്ള മക്കൾ നല്ല കർഷകരായിത്തീരണം എന്നായിരുന്നു
അച്ഛന്റെ ആഗ്രഹം.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ ലൈബ്രറിയിൽ
നിന്ന് പുസ്തകങ്ങളെടുത്ത് വായിക്കാൻ തുടങ്ങുന്നത്. ക്ലാസിലെ
അധ്യാപകർ തന്നെയായിരുന്നു അതിന് പ്രേരണ. അന്നൊക്കെ വായിച്ചത്
കുട്ടിക്കഥകളായിരുന്നു. പയ്യോളി ഹൈസ്കൂളിൽ എത്തി
യപ്പോൾ മുതിർന്നവർക്കുള്ള കഥകളും നോവലുകളും മറ്റും വായിക്കാൻ
തുടങ്ങി. ആദ്യമായി വായിച്ച് ഞാൻ അന്തം വിട്ടുപോയ
നോവൽ ബഷീറിന്റെ പാത്തുമ്മയുടെ ആടാണ്. എന്റെ നാട്ടിലെ
വായനശാലകളിലുള്ള ഒരുവിധപ്പെട്ട പുസ്തകങ്ങളൊക്കെ അന്നു
ഞാൻ വായിച്ചിട്ടുണ്ട്. എന്നല്ല, വായിച്ചാസ്വദിച്ചിട്ടുണ്ട് എന്നാണ്
പറയേണ്ടത്. വായിച്ചില്ലെങ്കിൽ ഉറക്കം വരില്ല എന്നൊക്കെ നാം
ആലങ്കാരികമായി പറയാറില്ലേ. എന്റെ കാര്യത്തിൽ അന്നത് വളരെ
ശരിയായ ഒരു സ്റ്റേറ്റ്മെന്റ് ആയിരുന്നു.
ഗുരുവായൂരപ്പൻ കോളേജിലെ പഠനകാലത്താണ് വായന കുറേക്കൂടി
ഗൗരവപ്പെടുന്നതും വിപുലമാകുന്നതും. വിദേശകൃതികളും
മറ്റും വായിക്കാൻ തുടങ്ങുന്നത് അക്കാലത്താണ്. എഴുതുന്ന
തിനേക്കാൾ കൂടുതൽ സമയം ഞാൻ ചെലവാക്കുന്നത് വായിക്കാനാണ്.
വായനയിൽ ഇപ്പോഴും സജീവമാണ്. മലയാളത്തിലിറങ്ങുന്ന
മിക്കവാറും എല്ലാ ആനുകാലികങ്ങളിലെയും ഏറ്റവും പുതി
യ കഥകൾ പോലും ഞാൻ വായിക്കാറുണ്ട്.
എഴുത്തിലേക്ക് വഴിമാറിയതിനെ കുറിച്ച്?
വായന ഒരു ലഹരിയായി കൊണ്ടു നടന്ന കാലത്ത് പത്താം
ക്ലാസിൽ പഠിക്കുമ്പോഴാണ് എഴുതാൻ നോക്കുന്നത്. അത് മനസിൽ
എങ്ങനെയോ വന്നു വീണ ഒരു ചിന്തയാണ്. ആദ്യം കവിതകളെഴുതി.
പിന്നെ കഥകളെഴുതി നോക്കി. അതുകഴിഞ്ഞ് കുറേ
നാടകങ്ങളെഴുതി. അതു കഴിഞ്ഞ് എല്ലാം വിട്ട് കഥയിലും നോവലെറ്റിലും
നോവലിലും ഉറച്ചു നിന്നു. അവയാണ് എനിക്കിണങ്ങുന്ന
സാഹിത്യമേഖല എന്നു ഞാൻ സ്വയം കണ്ടെത്തുകയായിരുന്നു.
പക്ഷെ, എഴുതുന്നത് ഒരു നല്ല ഏർപ്പാടായി അന്ന് ഞങ്ങളുടെ
വീട്ടിൽ ആരും കണ്ടിരുന്നില്ല. പ്രത്യേകിച്ചും അച്ഛൻ. അതുകൊണ്ട്
പാത്തും പതുങ്ങിയും വേണമായിരുന്നു എഴുതാൻ. പ്രീഡിഗ്രി
ക്ക് പഠിക്കുന്ന കാലത്ത് ചലനം എന്ന പേരിൽ ഞാനൊരു കഥഎഴുതി.
ഗുരുവായൂരപ്പൻ കോളേജിലെ ഒരു കഥാമത്സരത്തിൽ അതിന്
സമ്മാനവും കിട്ടി. അത് അച്ചടി മഷി പുരണ്ടു കാണാൻ വലിയ
മോഹമായി. പക്ഷെ, പ്രസിദ്ധീകരണങ്ങളെ കുറിച്ചൊന്നും
വലിയ പിടിയില്ല. ആരെയും പരിചയവുമില്ല. പ്രമുഖ ചിന്തകനും
എഴുത്തുകാരനുമായ എം. ഗോവിന്ദൻ മദ്രാസിൽ നിന്നും ഇറക്കി
യിരുന്ന അന്വേഷണം മാസികയെ കുറിച്ച് ആരോ പറഞ്ഞറിഞ്ഞു.
വിലാസം തപ്പിയെടുത്ത് കഥ അയച്ചു. താമസിയാതെ പ്രസിദ്ധീ
കരിക്കുകയും ചെയ്തു. അത് യു.കെ. കുമാരൻ എന്ന കഥാകാരന്റെ
ജനനമായിരുന്നു.
മുമ്പ്, താങ്കൾ വീക്ഷണം വാരികയുടെ സഹപത്രാധിപരായിരുന്ന
കാലത്ത് മലയാളത്തിലെ ഒരുപാട്
എഴുത്തുകാരെ കണ്ടെത്തുകയും അവതരിപ്പി
ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്
ടി.വി. കൊച്ചുബാവ, എൻ.ടി. ബാലചന്ദ്രൻ,
രഘുനാഥ് പലേരി, പി.എഫ്. മാത്യൂസ്,
ജോർജ് ജോസഫ് കെ, വി.പി. ശിവകുമാർ, കെ.വി.
മോഹൻകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി,
ഗ്രേസി അങ്ങനെ ഒരുപാട് പേർ. അത്തരത്തിലുള്ള
കണ്ടെത്തലുകളും പ്രോത്സാഹനങ്ങളും
ഇന്ന് പ്രസിദ്ധീകരണങ്ങളിൽ നിന്നും പുതിയ എഴുത്തുകാർക്ക്
കിട്ടുന്നുണ്ടോ?
അന്നത്തെ അപേക്ഷിച്ച് ഇന്ന് പ്രസിദ്ധീകരണങ്ങൾ ധാരാളമുണ്ട്.
അതിലൂടെ പല പുതിയ എഴുത്തുകാരും രംഗത്തു വരുന്നുമുണ്ട്.
പക്ഷെ, അവരിൽ പലരുടെയും എഴുത്തിന് കാതലുണ്ടോ
ഇല്ലയോ എന്നാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? അവിടെ ഉത്തരവാദപ്പെട്ട
ആരെങ്കിലും അത് വായിച്ചു പോലും നോക്കിയിട്ടില്ല എന്നാണ്
പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. ഒരു മണവും ഗുണവും
ഇല്ലാത്ത ചിലതൊക്കെ കഥകൾ എന്നപേരിൽ വരുന്ന
തു കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്. വീക്ഷണത്തിൽ
ഉണ്ടായിരുന്ന സമയത്ത് കിട്ടുന്ന കഥകളെല്ലാം വായിച്ചു
നോക്കി ഏറ്റവും അനുയോജ്യമായത് മാത്രമേ ഞങ്ങൾ കൊടുത്തി
രുന്നുള്ളു. കഴിവുണ്ട് എന്ന് തോന്നിയവരെ അവതരിപ്പിക്കുകയും
നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനവർ തീർ
ത്തും അർഹരാണ് എന്ന് ബോധ്യവും ഉണ്ടായിരുന്നു. എന്നാൽ
പുതിയ കാലത്ത് പ്രസിദ്ധീകരണങ്ങളിലൂടെ പ്രോത്സാഹനം കി
ട്ടുന്നവരിൽ എത്രപേർ യഥാർത്ഥത്തിൽ അതിന് അർഹരാണ് എന്ന
കാര്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
വിമർശനങ്ങളെയും വിമർശകരെയും ശ്രദ്ധിക്കാറുണ്ടോ?
വിമർശകർ അഥവാ നിരൂപകർ എപ്പോഴും നമുക്ക് ആവശ്യമാണ്.
ആസ്വാദകർക്ക് കൃതിയെ കുറിച്ച് സാധാരണ വായനയിൽ
അറിയാൻ കഴിയാത്ത അസാധാരണ കാര്യങ്ങൾ കണ്ടെത്തി അവതരിപ്പിക്കുന്ന
നിരൂപകർ മുമ്പൊക്കെ ഉണ്ടായിരുന്നു. അവർ, അവരുടെ
വ്യത്യസ്തമായ നിരീക്ഷണങ്ങളിലൂടെയും വ്യാഖ്യാനങ്ങ
ളിലൂടെയും കൃതിയെ കൂടുതൽ ആകർഷണീയമാക്കുകയും വായനയുടെ
തലം സൈദ്ധാന്തികമായി വിപുലപ്പെടുത്തുകയും ചെ
യ്തു. അത് സാഹിത്യത്തെ വായനക്കാരുമായി വലിയ തോതിൽ
അടുപ്പിച്ചു. അങ്ങനെ ഒരു കാലം നമുക്കുണ്ടായിരുന്നു. നിരൂപകർ
അവരുടെ ധർമം യഥാവിധി നിർവഹിച്ച ഒരു കാലം. കഥയും കവിതയും
നോവലും വായിക്കുന്നതു പോലെ നിരൂപണം വായിക്കുന്ന,
എഴുത്തുകാരെ പോലെ നിരൂപകരെ കണ്ടിരുന്ന ഒരു കാലം.
പക്ഷെ, പിന്നീടുള്ള കാലത്ത് നിരൂപണ രംഗം അതിന്റെ പ്രഖ്യാപിത
കർമമേഖലയിൽ നിന്നും വ്യതിചലിക്കുന്ന കാഴ്ചയാണ്
നാം കാണുന്നത്; പല കാരണങ്ങളാലും. അതൊരു വലിയ നിർ
ഭാഗ്യമാണ്. ഇന്ന് നിഷ്പക്ഷതയോടെ ഒരു കൃതിയെ വിലയിരുത്തുന്ന
സ്വതന്ത്ര നിരൂപണങ്ങൾ ഉണ്ടാകുന്നില്ല. പലപ്പോഴും എഴുത്തുകാരന്
വേണ്ടിയുണ്ടാകുന്ന അഥവാ ഉണ്ടാക്കുന്ന നിരൂപണങ്ങളാണ്
ഇപ്പോഴുള്ളത്. ഒരു കൃതിയുടെ പുതുവായന എന്നത് അതിന്റെ
പൂർണ അർത്ഥത്തിൽ നിരൂപണ മേഖലയിൽ ഇന്ന് സംഭവിക്കുന്നില്ല.
ഇതൊരു പോരായ്മ തന്നെയാണ്. അതിന്റെ ക്ഷീണം
ഏറിയും കുറഞ്ഞും സാഹിത്യത്തിന് പൊതുവെ ഉണ്ടുതാനും.
ആനുകാലികങ്ങളിലെ ഏറ്റവും പുതിയ കഥകൾ കൂടി വായിക്കുന്ന
ഒരാളാണ് താങ്കൾ എന്ന് നേരത്തെ പറയുകയുണ്ടായല്ലൊ.
അപ്പോൾ നമ്മുടെ പുതിയ കഥാകൃത്തുക്കളെ തീർച്ച
യായും ശ്രദ്ധിച്ചിരിക്കുമല്ലോ. മലയാളത്തിലെ തലമുതിർന്ന
ഒരെഴുത്തുകാരൻ എന്ന നിലയിൽ എങ്ങനെയാണ് അവരെ
വിലയിരുത്തുന്നത്?
ധാരാളം പുതിയ കഥാകൃത്തുക്കൾ ഇപ്പോൾ രംഗത്തു വരുന്നുണ്ട്.
അത് ആഹ്ലാദകരവും ഉന്മേഷകരവുമാണ്. പക്ഷെ, എഴുതി
യ ഒന്നോ രണ്ടോ മൂന്നോ കഥകൾ കൊണ്ട് നമുക്കൊരിക്കലും അവരെ
വിലയിരുത്താൻ സാധ്യമല്ല. അങ്ങനെ ചെയ്യുന്നത് സാഹി
ത്യത്തിൽ അപകടകരമായ സ്ഥതിവിശേഷം സൃഷ്ടിക്കും. അതുകൊണ്ട്
അവരെ വിലയിരുത്താൻ കുറച്ചു കൂടി കാത്തിരിക്കണം
എന്നാണ് എന്റെ അഭിപ്രായം.
അഞ്ചു പതിറ്റാണ്ടായി മലയാള കഥാസാഹിത്യ രംഗത്ത്
സജീവമായി നിൽക്കുന്ന ഒരു എഴുത്തുകാരനാണ് താങ്കൾ. ആ
നിലയിൽ ചോദിക്കട്ടെ, നമ്മുടെ കഥാ സാഹിത്യത്തിന് ഭാവി
യുണ്ടോ?
മനുഷ്യവംശത്തിന് ഭാവിയുണ്ടോ? ഉണ്ടെങ്കിൽ സാഹിത്യത്തി
നും ഭാവിയുണ്ട്. സത്യത്തിൽ കലയും സാഹിത്യവുമൊക്കെ നിലകൊള്ളുന്നത്
മനുഷ്യർക്ക് വേണ്ടിയാണ്. അതുകൊണ്ട് മനുഷ്യരുള്ളിടത്തോളം
കാലം സാഹിത്യവും ഉണ്ടാകും. സന്ദിഗ്ധഘട്ടങ്ങ
ളിൽ സമൂഹത്തിന്റെ തിരുത്തൽ ശക്തിയായി മാറേണ്ട അനിവാര്യതയാണ്
സാഹിത്യം. അത് സാഹിത്യത്തിന്റെ പ്രധാന ധർമങ്ങ
ളിലൊന്നാണ്. സാഹിത്യത്തിന് മാത്രം സാധ്യമാകുന്ന അത്തരം
ധർമങ്ങളുടെ നിർവഹണത്തിൽ ചിലപ്പോൾ ചില അപചയങ്ങ
ളുണ്ടാകാം. സാഹിത്യം അപ്രധാനമാണെന്നോ അപ്രസക്തമാണെന്നോ
ഉള്ള തോന്നലും അതിന്റെ ഭാഗമായി കടന്നു വരാം. പക്ഷെ,
അപ്പൊഴും സാഹിത്യം സമൂഹത്തിൽ നിന്നും ഇല്ലാതാകുന്നില്ല.
അതുകൊണ്ട് അതിന്റെ ഭാവിയിൽ ആർക്കും ഒരു ആശങ്ക
യും വേണ്ട.