ഓരോ കൃതിയുടെയും അന്ത:സത്തയെ അടുത്തറിഞ്ഞും അനുഭവിച്ചും അന്തിമ വിധികർത്താക്കൾ ആകേണ്ടവർ വായനക്കാരാണ് എന്ന് കരുതുന്ന എഴുത്തുകാരനാണ് വി.ജെ. ജെയിംസ്.
അത് വായനക്കാരെ കൃതികളുടെ സ്വതന്ത്ര വ്യാഖ്യാനത്തിന്റെ അധിപന്മാരായി കാണുന്ന ഉറച്ചതും ഉലയാത്തതുമായ ഒരു ജനാധിപത്യബോധം കൂടിയാണ്. ജനാധിപത്യമെന്നത് അതിന്റെ നിയാമക സങ്കല്പങ്ങളിൽ നിന്നും അഭഭ്രംശപ്പെട്ട് അശനിപാതം പോലെ ഏകാധിപത്യമായി പരിണമിച്ചു കൊണ്ടിരിക്കുന്ന ഈ ഇന്ത്യൻ കാലസന്ധികളിൽ അത് മൂർച്ചയുള്ള മുഖവുര പോലെ മുഖരിതമാകുന്നു. എഴുത്തുകാരൻ ജനാധിപത്യ വാദിയാകാൻ പല കാരണം കൊണ്ടും പേടിക്കുന്ന പുതിയ കാലത്ത് അതിന്
അർത്ഥാന്തരങ്ങളുടെ അനുരണനങ്ങൾ അനവധിയാണ്.
ആന്റിക്ലോക്കിന്റെ മുഖവുരയിൽ, സമയം നന്നാവട്ടെ, എല്ലാവരുടേയും എന്നെഴുതുന്നുണ്ട് വി.ജെ. ജെയിംസ്. വെറുമൊരു ആശംസാവചനത്തിനപ്പുറം, സത്യമായും സമയം മോശമായിപ്പോയ ഒരു ജനതയുടെ ദുർവിധിയെ ആർദ്രമനസോടെ കണ്ട് ഒരു മാറ്റത്തിനായി മനം മുട്ടിയ പ്രാർത്ഥന കൂടിയാണത്.
ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങൾ പാടാം എന്നൊരു വരിയോടു കൂടിയാണ് നിരീശ്വരൻ എന്ന നോവലിന്റെ ആരംഭം. ജനാധിപത്യ വ്യവസ്ഥിതിയി ഈശ്വരന്മാരായ ഭരണാധികാരികളോടുള്ള വിശ്വാസം നഷ്ടപ്പെട്ട് ആശ്വാസത്തിന്റെ മറ്റൊരു തീരത്തിലെത്താൻ കൊതിക്കുന്ന സാധാരണക്കാരന്റെ പ്രാർത്ഥനയോ പ്രതിഷേധമോ ആണത്. പോട്ടത്തുരുത്ത് എന്ന പ്രദേശത്ത് ശുദ്ധജലവിതരണത്തിന് സൗകര്യമൊരുക്കാതെ അനേകം കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാകുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുന്ന അധികാരവർഗത്തോടുള്ള അമർത്തിവച്ച അമർഷമാണ് പലതരത്തിലായി പുറപ്പാടിന്റെ പുസ്തകത്തിൽ നീറിപ്പുകയുന്നത്. നിലവിലുള്ള നീതിശാസ്ത്രങ്ങൾ സമ്പന്നന്റെയും അധികാരവർഗത്തിന്റെയും വൻകള്ളത്തരങ്ങൾക്ക് കുടപിടിച്ച് കൂട്ടു നിൽക്കുമ്പോൾ സാധാരണക്കാരൻ നിലനില്പിനായി കളവിന്റെ പുതുവഴികൾ പിന്തുടരേണ്ടി വരുന്ന വൈരുധ്യത്തെ ആക്ഷേപഹാസ്യമാക്കി മാറ്റി കാലത്തോട് കരുണയില്ലാതെ കലഹിക്കുകയാണ്, ചോരശാസ്ത്രത്തിൽ.
ഇങ്ങനെ തന്റെ കൃതികളിൽ കാലഘട്ടത്തിന്റെ ഏറ്റവും പ്രസക്തമായ പ്രശ്‌നങ്ങളോട് നിർഭയത്തോടെ സംവദിക്കാനാണ് വി.ജെ. ജെയിംസ് എന്ന എഴുത്തുകാരന്റെ ശ്രമം. പലപ്പോഴും അത്, ജനാധിപത്യത്തിന്റെ പേരിൽ ഭരിക്കുന്നവർ കാട്ടിക്കൂട്ടുന്ന കെട്ടുകാഴ്ചകളിൽ നിസ്സഹായരും നിരാലംബരുമായിപ്പോയ ഒരു ജനത ഉണരാനായി ഉയരുന്ന ഉൾവിളികളായി തീരുന്നുമുണ്ട്. അതിനെ ജനപക്ഷത്ത് നിന്നുകൊണ്ടുള്ള ഒരെഴുത്തുകാരന്റെ ജനാധിപത്യപരമായ കടമ കൂടിയായി കാണുന്ന അദ്ദേഹം വയലാർ അവാർഡിന്റെ നിറവിൽ നിന്നുകൊണ്ട് ‘കാക്ക’യോട് സംസാരി
ക്കുന്നു:
നിരീശ്വരൻ താങ്കളിൽ നന്നായി അനുഗ്രഹം ചൊരിയുന്നുണ്ട് എന്നാണ് തോന്നുന്നത്. അംഗീകാരങ്ങൾ ഒന്നിനു പിറകെ ഒന്നായി ഇപ്പോൾ തേടിയെത്തുകയാണല്ലൊ. നിരീശ്വരനോടുള്ള താങ്കളുടെ പ്രാർത്ഥന ഫലിച്ചു എന്നുതന്നെ കരുതാം അല്ലേ?
ഇല്ല, അങ്ങനെ എന്തെങ്കിലും ഫലിക്കാനായി പ്രത്യേകിച്ചൊരു പ്രാർത്ഥനയും നടത്തിയിട്ടില്ല. നിരീശ്വരനെ പ്രപഞ്ചബോധമായി സങ്കല്പിക്കാമെങ്കിൽ, അതിന്റെ വഴി സ്വയം നിശ്ചയിക്കപ്പെടുകയും അതിനനസരിച്ച് അത് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. പ്രാർത്ഥനയിലൂടെ അതിനെ സ്വാധീനിക്കുക എന്നതിനപ്പുറം അതിനോട് ചേർന്ന് നിൽക്കുന്നതാണ് പ്രാർത്ഥന.
ഡിസി ബുക്‌സ് രജതജൂബിലി അവാർഡ്, മലയാറ്റൂർ പ്രൈസ്, തോപ്പിൽ രവി സാഹിത്യ പുരസ്‌കാരം, വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി അവാർഡ്, ഒ.വി. വിജയൻ പുരസ്‌കാരം, റോട്ടറി ലിറ്റററി അവാർഡ്, തിക്കുറിശ്ശി ഫൗണ്ടേഷൻ നോവൽ അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബഷീർ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, ഒടുവിലായി ഇപ്പോൾ വയലാർ അവാർഡും. അംഗീകാരങ്ങൾ താങ്കളിലെ എഴുത്തുകാരനെ എങ്ങനെ സ്വാധീനിക്കുന്നു?
വ്യക്തി എന്ന നിലയിൽ അംഗീകാരങ്ങൾ ആഹ്ലാദിപ്പിച്ചേക്കാമെങ്കിൽ കൂടി എന്നിലെ എഴുത്തുകാരനിൽ ഇവ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. ഇത്രയൊക്കെ അംഗീകാരങ്ങൾ കിട്ടിയതല്ലേ, അതിനാൽ കൂടുതൽ കനത്തിൽ വേണം ഇനി എഴുതാൻ എന്ന വിചാരമൊന്നുമില്ല. അങ്ങനെ ചിന്തിക്കുന്നതുതന്നെ ഉള്ളിലെ എഴുത്തുകാരനെ സംഘർഷത്തിലാക്കാനേ കാരണമാകൂ. എഴുത്തിനോട് എന്നും എനിക്ക് ആദരവായിരുന്നു. അതിനോട് തികഞ്ഞ സത്യസന്ധതയും നീതിയും പുലർത്തിപ്പോന്നിട്ടുമുണ്ട്. ഇതുവരെ എങ്ങനെയായിരുന്നോ അതുപോലെതന്നെ തുടരട്ടെ. എഴുത്തിന് എപ്പോൾ വരണമെന്ന് തോന്നുന്നുവോ അപ്പോൾ കടന്നുവരട്ടെ.
കഥയെഴുത്തിന്റെ തുടക്കത്തിൽ മിക്കവാറും എല്ലാ എഴുത്തുകാരും അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം അവ മുഖ്യധാരാമാധ്യമങ്ങളിൽ പ്രസിദ്ധീ കരിച്ചെടുക്കാനുള്ള പ്രയാസമാണ്. എന്തായിരുന്നു താങ്കളുടെ അനുഭവം?
എന്റെ അനുഭവവും വ്യത്യസ്തമല്ല. അയച്ച പല കഥകളും തിരിച്ചു വരികയും ചിലതിനെ കുറിച്ച് ഒരു വിവരവും ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. അതേസമയം ഞാൻ ഒരുപാട് കഥകളെഴുതുകയും നിരന്തരമായി പ്രസിദ്ധീകരണങ്ങൾക്ക് അയയ്ക്കുകയും ചെയ്‌തൊരാളല്ല. അങ്ങനെ എഴുതാൻ എനിക്കാവില്ല എന്നതാണ് സത്യം. ഇപ്പോഴും അതെ. 1989-ൽ കഥ മാഗസിനിലാണ് എന്റെയൊരു കഥ ആദ്യമായി അച്ചടിച്ചു വരുന്നുത്. ആഹ്ലാദകരമായിരുന്നു ആ അനുഭവം. എങ്കിലും അതിൽ ആവേശഭരിതനായി തുടരെ കഥകളെഴുതിയിട്ടൊന്നുമില്ല. ആയിടയ്ക്കാണ് അന്നത്തെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ ഒന്നായ കുങ്കുമം വാരികയിൽ ഞങ്ങൾ ഉല്ലാസയാത്രയിലാണ് എന്ന പേരിൽ എന്റെയൊരു കഥ വരുന്നത്. കഥയെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു കൊണ്ട് പത്രാധിപർ കത്തെഴുതിയത് എനിക്ക് വലിയ പ്രോത്സാഹനമായി. ആദ്യമായി കഥയ്ക്ക് പ്രതിഫലം കിട്ടിയതും കുങ്കുമത്തിൽ നിന്നാണ്.
കഥകളെഴുതി നോവലിലെത്തുക എന്നതാണ് പൊതുവെ നമ്മുടെ എഴുത്തുകാരുടെ ഒരു രീതി. 1989-ലാണ് താങ്കളുടെ ആദ്യ കഥ പ്രസിദ്ധീകരിക്കുന്നതെങ്കിലും 1986 മുതൽക്കേ താങ്കൾ ആദ്യനോവലായ പുറപ്പാടിന്റെ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. സത്യത്തിൽ അതിനിടയിലാണ് കഥകളെഴുതുന്നത്. നോവൽ തനിക്ക് വഴങ്ങുന്നില്ല എന്നു തോന്നിയതു കൊണ്ടാണോ കഥയി
ലേക്ക് തിരിഞ്ഞത്?
അങ്ങനെയല്ല. പന്ത്രണ്ട് വർഷത്തോളമെടുത്ത് പല ഘട്ടങ്ങളിലായാണ് പുറപ്പാടിന്റെ പുസ്തകം പൂർത്തിയാക്കുന്നത്. അതിന്റെ ഇടവേളകളിൽ കിട്ടിയ സമയങ്ങളിലാണ് ചില കഥകൾ ഉണ്ടാകുന്നത്. കഥയും നോവലും രണ്ടു തരം എഴുത്തനുഭവങ്ങൾ നൽകുന്നവയാണ്. നോവൽ വഴങ്ങുമെന്ന വിശ്വാസം കൊണ്ടാണ് അത് എഴുതിത്തുടങ്ങിയത്. അതിനിടെ ചില വിഷയങ്ങൾ കഥയുടെ രൂപത്തിൽ മനസിലെത്തിയപ്പോൾ അവയിൽ കൈവയ്ക്കുകയായിരുന്നു.
ഓം നിരീശ്വരായ നമഃ എന്ന പ്രാർത്ഥനയോടെയാണ് നിരീശ്വരൻ എന്ന നോവലിന്റെ ആരംഭം. ഈശരന്റെ അപദാനമായി കരുതപ്പെടുന്ന പ്രാർത്ഥനതന്നെ നിരീശ്വരന്റെ കാര്യത്തിലും കടമെടു
ക്കുന്നതിന്റെ സാംഗത്യമെന്താണ്?
കഥയ്ക്ക് എപ്പൊഴും ഒരു കാല്പനിക സ്വഭാവമുണ്ട്. അതിലേക്ക് വായനക്കാരെ പ്രവേശിപ്പിക്കുകയും വായിപ്പിക്കുകയും ചെയ്യാൻ ഒരു കഥാകാരൻ സ്വീകരിക്കുന്ന പല വഴികളിൽ ഒന്നായി
വേണമെങ്കിൽ പ്രാർത്ഥനയെ കരുതാവുന്നതേയുള്ളൂ. അതിലൂടെ നോവലിലേക്ക് പ്രവേശിക്കുന്ന ഒരാൾ ആദ്യം അതിന്റെ കാല്പനിക ഭാവത്തിലൂടെ സഞ്ചരിക്കുകയും തുടർന്ന് പല മാനസിക
അവസ്ഥകളിലൂടെ കടന്നുപോവുകയുമാണ് ചെയ്യുന്നത്.
തുടക്കത്തിൽ ഈശ്വരന് പകരം നിരീശ്വരനെ പ്രതിഷ്ഠിക്കാനുളള ശ്രമമാണ് നോവൽ നടത്തുന്നത്. അങ്ങനെ വരുമ്പോൾ ഈശ്വരവിശ്വാസത്തിന് ചുറ്റും നിലകൊണ്ട സങ്കല്പാധിഷ്ഠിതമായ അന്ധവിശ്വാസംതന്നെയല്ലേ വീണ്ടും സമൂഹത്തിലേക്ക് വേരുകൾ പടർത്തുക?
വിശ്വാസവും അവിശ്വാസവും ഒക്കെ ആപേക്ഷികമാണ്. ഓരോരുത്തരിലും അത് വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. നിരീശ്വരനെ പ്രതിഷ്ഠിക്കുന്നത് കഥാപാത്രങ്ങളായ ആഭാസന്മാരാണ്. അല്ലാതെ എഴുത്തുകാരനായ ഞാനല്ല. ഞാനാകുമ്പൊഴേ എന്നോടുള്ള താങ്കളുടെ ഈ ചോദ്യത്തിന് പ്രസക്തിയുള്ളൂ. സത്യത്തിൽ കഥാപാത്രങ്ങൾ ഏതു സ്റ്റേജിലാണോ നിൽക്കുന്നത് അതിന് ആനുപാതികമായ ഒരു മനോഭാവമാണ് അവിടെ പ്രകടമാകുക. തുടക്കത്തിൽ അത് അന്ധവിശ്വാസമാണ് എന്ന് തോന്നുന്നെങ്കിൽ അത് അങ്ങനെയാണ് എന്നുതന്നെ കരുതുക. അവി
ടെ കഥയും കഥാപാത്രങ്ങളും അത് ആവശ്യപ്പെടുന്നു എന്നതാണ് പ്രസക്തം. കഥാപാത്രങ്ങളുടെ പൂർണതയ്ക്കായുള്ള എഴുത്തുകാരന്റെ ശ്രമമാണത്. എന്നാൽ നോവൽ ആത്യന്തികമായി അന്ധവിശ്വാസത്തോട് അനുഭാവം പുലർത്തുന്ന ആഹ്വാനമല്ല. സൂക്ഷ്മമായി നോക്കിയാൽ കഥയുടെ വളർച്ചയിലും പരിണാമത്തിലും അതിന് വലിയ മാറ്റങ്ങൾ വരുന്നുണ്ട് എന്ന് കാണാം. വിശ്വാസത്തേയും അവിശ്വാസത്തേയുമെല്ലാം കടന്നാണ് നിരീശ്വരൻ എന്ന നോവൽ സഞ്ചരിക്കുന്നത്. കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ കേൾക്കട്ടെ, ജീവിച്ചിരിക്കെതന്നെ അവർ വീണ്ടും ജ
നിക്കും എന്ന വരികളോടെയാണ് നോവൽ അവസാനിക്കുന്നത്. അതൊരു അറിവിന്റെ ഉണർവാണ്. സത്യത്തിൽ നിരീശ്വരൻ എന്നത് വ്യത്യസ്തമായ എല്ലാ ഈശ്വരഭാവങ്ങൾക്കും അപ്പുറമുള്ള പ്രപഞ്ചഭാവത്തെയാണ് പ്രതിനിധീകരിക്കുന്നത്. നിരീശ്വരൻ എന്നത് ഈശ്വരൻ എന്ന സങ്കല്പത്തിനെതിരെയുള്ള ഒരു പകരംവയ്പാണ്.
മതവും ഈശ്വരസങ്കല്പവും മനുഷ്യജീവിതത്തിന്റെ സർവ തലങ്ങളിലും നീറിപ്പുകയുന്ന ഇന്ന്, അതിനെതിരായി മാറുന്നു എന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന നിരീശ്വരൻ എഴുതുമ്പോൾ അതൊരു സെൻസിറ്റീവ് ഇഷ്യൂ ആയി തീർന്നേക്കും എന്നൊരു ഭയം ഉണ്ടായില്ലേ? പ്രത്യേകിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേൽ അധികാരം അനിയന്ത്രിതമായ കൂച്ചുവിലങ്ങുകൾ ഇടുന്ന സാഹചര്യത്തിൽ?
പ്രപഞ്ചബോധമാണ് എല്ലാവരെക്കൊണ്ടും എല്ലാം ചെയ്യിക്കുന്നത്. എഴുത്തും അങ്ങനെതന്നെ. അതാണ് എഴുത്തിന്റെ പോർട്രെയിറ്റ് ആയി വരുന്നത്. നിരീശ്വരനിൽ ആരെയെങ്കിലും പ്രത്യക്ഷമോ പരോക്ഷമോ ആയി ഹനിക്കുന്ന ഒന്നും വാസ്തവത്തിൽ ഇല്ല. ആ സത്യസന്ധത നോവലിൽ പുലർത്തുന്നതു കൊണ്ട് താങ്കൾ സൂചിപ്പിച്ച പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. പ്രപഞ്ചത്തിന്റെ ഏകബോധത്തെ വിശ്വാസിക്കും അവിശ്വാസിക്കും ഒരേപോലെ ചെന്നു തൊടാനുള്ള സാധ്യതയാണ് നോവൽ പറയുന്നത്. ശരി
യായ വഴിയിലൂടെ സഞ്ചരിച്ചാൽ നിരീശ്വരവാദിക്കുപോലും ശുദ്ധമായ ആത്മീയത അനുഭവിക്കാൻ പറ്റും എന്ന കണ്ടെത്തലുണ്ട് അതിൽ. ഈശ്വവിശ്വാസിയും ആത്യന്തികമായി ശുദ്ധമായ ആത്മീയതതന്നെയാണ് തേടുന്നത്. അതിൽ നിന്നും അവരെ തടയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവർതന്നെ സ്വയം തി
രിച്ചറിണമെന്ന ചിന്തയാണ് നോവൽ മുന്നോട്ടുവയ്ക്കുന്നത്.
മതങ്ങളും അവ സൃഷ്ടിക്കുന്ന ഈശ്വരസങ്കല്പങ്ങളും അതിന് അനുസൃതമായി രൂപപ്പെടുന്ന വിശ്വാസങ്ങളുമാണ് മനുഷ്യവംശം ഇന്നനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങൾക്കെല്ലാം കാരണം എന്ന്
സമർത്ഥിക്കാൻ ശ്രമിക്കുകയാണോ നിരീശ്വരനിലൂടെ?
ഒന്നും സമർത്ഥിക്കാൻ നിരീശ്വരൻ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. അത് നോവലെഴുത്തുകാരന്റെ ഉത്തരവാദിത്തമല്ലതന്നെ. അതേസമയം അതിൽ എല്ലാം ഉണ്ടായിരിക്കും. അത് വായനക്കാരനാണ് കണ്ടെടുക്കേണ്ടത്. ഒരെഴുത്തുകാരനും സ്വന്തം കൃതിയെ കുറിച്ച് അഹങ്കരിക്കാൻ ഒന്നുമില്ല. അവൻ എഴുതുന്നതെല്ലാം സർഗദേവതയുടെ സാക്ഷാത്കാരം മാത്രമാണ്. സത്യത്തിൽ നാം എഴുതിയത് പൂരിതമാകുന്നതും പൂർണമാകുന്നതും വായനക്കാരന്റെ മനസിലാണ്. അവിടെ എന്റെ സമർത്ഥിക്കലിന് പ്രത്യേകിച്ചെന്തു പ്രസക്തി? നിരീശ്വരൻ പല തരത്തിലും വായിക്കപ്പെടുന്നുണ്ട്. അത് വായനക്കാരുടെ സ്വാതന്ത്ര്യമാണ്. അതേസമയം ഓരോ വായനക്കാരന്റെയും വീക്ഷണം ആപേക്ഷികമായിരിക്കും. അതിന് അനുസരിച്ച് വ്യത്യസ്തമായ വ്യാഖ്യാനങ്ങളും ഉണ്ടാകും. എന്നാൽ ഇതിനെല്ലാം അതീതമാണ് നിരീശ്വരൻ. പ്രളയം വന്നപ്പോൾ നമ്മുടെയൊക്കെ ഇടയിൽ നിലനിന്നിരുന്ന എല്ലാ മതിലുകളും ഇല്ലാതായിപ്പോയപ്പൊഴുള്ള ഒരു കാഴ്ചയുണ്ടല്ലൊ, അതാണ് നിരീശ്വരൻ എന്ന ഭാവം. ഭിന്നതകളില്ലാത്ത ഒരു കാഴ്ചപ്പാടാണത്.
നിരീശ്വരൻ എഴുതാനുണ്ടായ സാഹചര്യം എന്താണ്?
എല്ലാം ഒന്നാണ് എന്ന പ്രപഞ്ച ബോധമാണ് ആത്യന്തികമായ സത്യം. അതാണ് എല്ലാവരേയും എല്ലാ മതങ്ങളേയും ഈശ്വരൻ സർവപ്യാപിയാണ് എന്നു പറയിക്കുന്നതിന്റെ പൊരുൾ. അങ്ങനെയെങ്കിൽ ഈശ്വരന് നരകത്തിലും വ്യാപിച്ചേ മതിയാകൂ. അല്ലാത്തപക്ഷം സർവവ്യാപിത്വം ഇല്ലാതെവരും. ഈ ഏകതാനത പരമമായ സത്യമായിരിക്കെ മനുഷ്യൻ എന്തിനാണ് പലതരം വിശ്വാസങ്ങളിലും അവിശ്വാസങ്ങളിലും മുഴുകി വിരുദ്ധ ചേരികളിലായി നിന്നുകൊണ്ട് പരസ്പരം കൊമ്പുകോർക്കുന്നത് എന്ന ചിന്ത ഒരു വടംവലിയായി കുറേക്കാലം ഉള്ളിൽ കിടന്നിരുന്നു. അത് എല്ലാവരുടെ ഉള്ളിലും പല തരത്തിലായി എക്കാലത്തും ഉണ്ടായിരുന്ന, ഉണ്ടായിക്കൊണ്ടേയിരിക്കുന്ന ഒരു സംഘട്ടനമാണ്.
ഈ കാലവും കടന്ന് നാളെയിലേക്കും വ്യാപിക്കുന്ന അത്ത രമൊരു വിഷയം എഴുത്തുകാരൻ എന്ന നിലയിൽ അഭിസംബോധന ചെയ്യാൻ ശ്രമിച്ചതാകണം. അതിലേക്ക് നമ്മുടെ ഭൂത-വർത്തമാനകാല ജീവിതാനുഭവങ്ങളും ദർശനവും ശാസ്ത്രബോധവും ഒക്കെ ഉൾച്ചേർന്നപ്പോൾ നിരീശ്വരൻ പിറന്നു എന്നു പറയാം. എന്തായാലും നിരീശ്വരൻ എന്ന വാക്ക് നോവൽ എഴുതുന്നതിന് മുമ്പേ മനസിൽ കയറിക്കൂടിയിരുന്നു.
നിരീശ്വരൻ എഴുതിയ വി.ജെ. ജെയിംസ് ഒരു വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന് ചോദിച്ചാൽ എങ്ങനെ പ്രതികരിക്കും?
വിശ്വാസിയോ അവിശ്വാസിയോ എന്നതിൽ കാര്യമൊന്നുമില്ല. വാസ്തവത്തിൽ അനുഭവത്തിലേക്ക് എത്തിച്ചേരാനുള്ള ദൂരമാണ് വിശ്വാസം എന്നു പറയുന്നത്. ഉദാഹരണത്തിന് ക്രിസ്തു എന്ന അനുഭവം. പരമസ്‌നേഹം പരമകാരുണ്യം എന്നൊക്കയാണ് അതിന് അർത്ഥം. ആ അനുഭവം ആർജിച്ചു കഴിഞ്ഞാൽ പിന്നെ ക്രിസ്തു അയാൾക്ക് വെറും വിശ്വാസമല്ല, അനുഭവംതന്നെയായി മാറും. മറ്റൊരു നിലയ്ക്ക് പറഞ്ഞാൽ അത് പ്രകൃതിയുമായുള്ള സമരസപ്പെടലാണ്. ഒരുതരം അനുരഞ്ജനം. അതാണ് യഥാർത്ഥത്തിലുള്ള ഈശ്വരാനുഭവം അഥവാ ആത്മീയാനുഭവം.
വിശ്വാസം, ഒരുവനെ യഥാർത്ഥ അനുഭവത്തിലേക്ക് എത്താൻ തുണയ്ക്കുന്നില്ലെങ്കിൽ പിന്നെ ആ വിശ്വാസം കൊണ്ട് എന്തു പ്രയോജനം? ഇന്ന് ആ ദുര്യോഗമാണ് പലയിടങ്ങളിലും സംഭവി
ച്ചുകൊണ്ടിരിക്കുന്നത് എന്ന് തോന്നുന്നു.
നിരീശ്വരൻ എന്ന നോവലിന് വർത്തമാനകാല ഇന്ത്യയിൽ ഒരു രാഷ്ട്രീയ മാനം കൂടിയുണ്ടോ? മഹത്തായത് എന്ന് നാം കൊട്ടിഘോഷിക്കുന്ന ജനാധിപത്യ വ്യവസ്ഥയിൽ നാം തെരഞ്ഞെടു
ക്കുന്ന ഭരണാധികാരികൾ അനിയന്ത്രിതമായി അധികാരപ്രമത്തതയിൽ അഹങ്കാരികളായി നമ്മേതന്നെ പരീക്ഷിക്കുമ്പോൾ അവരെ ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി പോകുന്നവന്റെ നിലവിളിയല്ലേ നാം ആ നോവലിൽ കേൾക്കുന്നത്?
തീർച്ചയായും അത് വ്യത്യസ്തവും എന്നാൽ വളരെ കൃത്യവുമായ ഒരു വായനയാണ്. അതിൽ അങ്ങനെയൊരു തലം ഒളിഞ്ഞു കിടപ്പുണ്ട് എന്ന കാര്യം കണ്ടെത്തിയത് നല്ല കാര്യം. തുടക്കത്തിൽ വലിയ ആശയങ്ങളുമായി ആവേശത്തോടെ അധികാരത്തിലേറുന്നവർ പിന്നെ ഇതെല്ലാം മറന്ന് ജനദ്രോഹികളായി മാറുന്നതിന് ലോകചരിത്രത്തിൽതന്നെ എത്രയോ ഉദാഹരണങ്ങളുണ്ട്. ആശയങ്ങൾ മഹത്തരമാണ്. പക്ഷെ, പ്രശ്‌നം അത് കൈയാളുന്നവരിലാണ്. അവർ, അവരുടെ ഈഗോയെ മുൻനിർത്തി അതിനെ സ്ഥാപനവത്കരിക്കാൻ ശ്രമിക്കുമ്പോഴാണ് അത് ജനഹിതത്തിന് എതിരാകുന്നത്. അത് അവരുടെ മാത്രം കുറ്റം കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. മറിച്ച് നാം, ജനത കൂടി അതിന് കാരണമാകുന്നുണ്ട്. ഉറങ്ങാതെ സദാ ജാഗ്രതയോടെ ഉണർന്നിരിക്കുന്ന ഒരു ജനതയാണെങ്കിൽ അവർക്ക് ഒരിക്കലും അത്തരം ഭരണാധികാരികളെ സഹിക്കേണ്ടി വരില്ല.
സാഹിത്യം മനുഷ്യനിൽ സാമൂഹ്യമോ സാംസ്‌കാരികമോ ബുദ്ധിപരമോ ആയ പരിവർത്തനങ്ങൾ എന്തെങ്കിലും കൊണ്ടുവരുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
അക്ഷരം എന്നാൽ അഗ്നിയാണ്. അത് എല്ലാറ്റിനേയും ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും. അക്ഷരങ്ങളുടെ വളർച്ചയാണ് സാഹിത്യം എന്നതിനാൽ ഇപ്പറഞ്ഞ ധർമങ്ങളൊക്കെ
അത് നിർവഹിക്കുന്നുണ്ട്. വ്യക്തികളുടെ കൂട്ടായ്മയാണ് സമൂഹം എന്നു പറയുന്നത്. സമൂഹം നന്നാകുന്നതിന്റെ ഏറ്റവും പ്രാഥമികമായ തലം വ്യക്തിയുടെ സ്വയം നന്നാകലാണ്. നല്ല വായനകൾ ഒരു പരിധിവരെ അവരെ അതിന് കെല്പുള്ളവരാക്കുന്നു.
ഉദാ ഹരണത്തിന് ഡോസ്റ്റോവ്‌സ്‌കിയുടെ കൃതികൾ. അവയുടെ വായന നമ്മെ ഒന്നു കഴുകി വെടിപ്പാക്കുന്നുണ്ട്. വായനശാലകൾ വളർന്നു പന്തലിച്ചു നിന്ന ഒരു കാലത്ത് അത് നല്ല വായന
ക്കാരെ അഥവാ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതിൽ ക്രിയാത്മകമായ പങ്കു വഹിച്ചിരുന്നു. സ്വാഭാവികമായും അതിന്റെ മഹത്തായ പ്രതിഫലനങ്ങൾ പലതും അക്കാലത്ത് സമൂഹത്തിൽ കാണുകയുമുണ്ടായി. ആളുകൾ വായനയിൽ നിന്ന് അകന്നു പോകുമ്പോൾ അതിന്റെ മോശഫലങ്ങൾ സമൂഹത്തിന്റെ വിവിധ തുറകളിൽ ദൃശ്യമാകും.
താങ്കൾ എന്തിനെഴുതുന്നു?
എഴുതാതിരിക്കാനാണ് വാസ്തവത്തിൽ ശ്രമം. ആ പരിശ്രമങ്ങളുടെ പരാജയമാണ് എഴുത്തായി പരിണമിക്കുന്നത് എന്ന് പറയുന്നതാവും ശരി. അതേസമയം സാമൂഹ്യജീവി എന്ന നിലയിൽ
ഓരോ വ്യക്തിയും സമൂഹവുമായി ഇന്ററാക്ഷൻ നടത്തുന്നുണ്ട്. അതിനവർക്ക് വ്യത്യസ്ത മാധ്യമങ്ങളുമുണ്ടാകും. എഴുത്താണ് എന്റെ മാധ്യമം. പലപ്പോഴും അക്ഷരങ്ങൾ എന്നേക്കൊണ്ട് എഴുതിക്കുകയും അങ്ങനെ എഴുത്ത് എന്നിൽ വളർന്നു വരികയും അത് കഥയും നോവലുമായി രൂപപ്പെടുകയുമാണ് ചെയ്യുന്നത്. ഒരുപാട് സമയമെടുത്ത് സംഭവിക്കുന്ന ഒരു പ്രക്രിയ ആണിത്. അതുകൊണ്ടുതന്നെ അധികമൊന്നും ഞാൻ എഴുതിയിട്ടില്ല. ഇക്കാലത്തിനിടയിൽ ആകെ ഉണ്ടായത് ഏഴു നോവലുകളും അറുപത്തി അഞ്ചിൽ താഴെ വരുന്ന കഥകളും മാത്രം.
പുറപ്പാടിന്റെ പുസ്തകത്തിൽ നിന്നും പുറപ്പെട്ട് ചോരശാസ്ത്രവും ലെയ്ക്കയും ദത്താപഹാരവും ഒറ്റക്കാലൻ കാക്കയും നിരീശ്വരനും ആന്റിക്ലോക്കും എഴുതിയ താങ്കൾ നമ്മുടെ പാരമ്പര്യ നോവൽ രചനയിലെ പ്രമേയ-ആഖ്യാന രീതികളിൽ ഒരു പൊളിച്ചെഴുത്താണ് നടത്തിയിരിക്കുന്നത്. അതേസമയം പാരമ്പര്യ വായനയുടെ തടവുകാരാണ് നമ്മുടെ വായനക്കാരിൽ നല്ലൊരു വിഭാഗം.അവർ തന്റെ നോവലുകളെ എങ്ങനെ സ്വീകരിക്കും എന്നൊരു ശങ്ക എഴുതുമ്പോൾ താങ്കൾക്കുണ്ടായിരുന്നില്ലേ?
ഇല്ല, അങ്ങനെയൊന്നും തോന്നിയിട്ടില്ല. കാരണം എഴുതുന്ന സമയത്ത് നമ്മുടെ മുന്നിൽ വായനക്കാരില്ല എന്നതുതന്നെ. എഴുതുമ്പോൾ പ്രാഥമികമായി അവനവനെതന്നെയാണ് തൃപ്തി
പ്പെടുത്തുന്നത്. വ്യത്യസ്തമായ ഒരു പ്രമേയം വച്ച് ഇന്ന് ഒരു നോവൽ എഴുതിക്കളയാം, അത് ഇന്ന രീതിയിലായിരിക്കണം ആഖ്യാനം ചെയ്യേണ്ടത്, ഇത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കണം എന്നൊന്നും ബോധപൂർവം ചിന്തിച്ചുറച്ചിട്ടല്ല എഴുത്തിനിരിക്കുന്നത്. ആഖ്യാനവും ഏറെക്കുറെ അങ്ങനെതന്നെ. അത് എഴുതുന്ന സമയത്ത് അതിന് അനുസൃതമായി രൂപം കൊള്ളുന്നതാണ്. എഴുത്തിന്റെ കാര്യത്തിൽ ഒരുതരത്തിലുള്ള ബലംപിടിത്തവും സ്വീകരിക്കാറില്ല. അത് സ്വാഭാവികമായി സംഭവിക്കട്ടെ എന്നാണ് കരുതുതാറ്. അതേസമയം വ്യത്യസ്തമായ ഒരു പ്രമേയമല്ലെങ്കിൽ എനിക്ക് എഴുതാനായി തോന്നില്ല, കഴിയുകയുമില്ല.
സത്യത്തിൽ എഴുത്തുകാരുടേയും വായനക്കാരുടേയും ഇടയിൽ നിരൂപകന്റെ ആവശ്യമുണ്ടോ?
മുമ്പൊരു കാലത്ത് നിരൂപകർ സാഹിത്യത്തിലെ അവിഭാജ്യ ഘടകമായിരുന്നു. അന്ന് കൃതികൾ വായനക്കാർക്ക് പരിചയപ്പെടുത്തേണ്ട ഉത്തരവാദിത്തം അവരായിരുന്നു ഏറ്റെടുത്തിരുന്നത്.
മാറിയ സാഹചര്യത്തിൽ വായനക്കാർതന്നെ നിരൂപകരാകുന്നതും കൃതിയെ വിലയിരുത്തുന്നതും ധാരാളമായി കാണാം. സോഷ്യൽ മീഡിയകൾ അതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഒരു പുസ്തകം ഇറങ്ങി അത് നിരൂപകരുടെ കണ്ണിൽ പെടുന്നതിന് മുമ്പ് വായനക്കാർ വായിച്ച് ഉടൻ സാമൂഹ്യ മാധ്യമങ്ങളിൽ അവരുടെ വിലയിരുത്തലുകൾ വരികയാണ്. എന്റെ ആദ്യകൃതികളിൽ പലതിനെ കുറിച്ചും കാര്യമായ നിരൂപണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാനായിട്ട് അതിന് ശ്രമിച്ചിട്ടുമില്ല. അതുകൊണ്ടോ എന്തോ പുസ്തകങ്ങൾ ഒന്നുപോലും പ്രിന്റിൽ ഇല്ലാതിരുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. എന്നാൽ നവമാധ്യമങ്ങളുടെ കാലത്ത് വായനക്കാർ ആ പുസ്തകങ്ങളെ കുറിച്ച് ഫേസ്ബുക്കിലും മറ്റും നിരൂപണങ്ങൾ എഴുതുവാൻ തുടങ്ങി. എഴുത്തുകാരനായ ബെന്യാമിൻ, ഞാനദ്ദേഹത്തെ പരിചയപ്പെടുന്നതിന് മുമ്പുതന്നെ ചോരശാസ്ത്രം പോലുള്ള ഒരു നല്ല നോവൽ മലയാളത്തിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന്റെ ആശങ്ക പങ്കു വച്ച് സോഷ്യൽ മീഡിയയിൽ എഴുതിയത് ഞാൻ പിന്നീടൊരുകാലം വായിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലെ ചർച്ചകളിലൂടെയാണ് മറഞ്ഞു കിടന്ന പുസ്തകങ്ങൾ ഒന്നൊന്നായി പുതിയ പുതിയ
പതിപ്പുകളിലൂടെ തിരിച്ചു വന്നത്.
നിരീശ്വരൻ ഉൾപ്പടെയുള്ള മിക്ക നോവലുകളിലും വളരെ ഗഹനവും സങ്കീർണവുമായ വിഷയങ്ങളാണ് താങ്കൾ കൈകാര്യം ചെയ്യുന്നത്. പലപ്പോഴും അവ സാഹിത്യത്തിന് വഴങ്ങുമോ എന്നുവരെ തോന്നിപ്പോകും. അതിന് അനുസൃതമായി ധാരാളം തത്വചിന്തകളും കൃതികളിൽ കടന്നുവരുന്നുണ്ട്. താങ്കളുടെ കൃതികളിൽ പലതും നിരൂപകരും വായനക്കാരും വ്യാപകമായ വായി ക്കാതെ പോയതിന് ഈ കാര്യങ്ങൾ വിഘാതമായി എന്നു പറഞ്ഞാലോ?
അങ്ങനെയാണെങ്കിൽ ആ പുസ്തകങ്ങളുടെയെല്ലാം പുതിയ പതിപ്പുകൾ വീണ്ടും വീണ്ടും ഇറങ്ങുകയില്ലല്ലൊ? സങ്കീർണമായ വിഷയങ്ങളെ അങ്ങേയറ്റം ലളിതമായി അവതരിപ്പിക്കാനാണ്
ശ്രമിച്ചിട്ടുള്ളത്. പ്രത്യേകിച്ചും നിരീശ്വരൻ എന്ന നോവലിലൊക്കെ.
വായനക്കാർക്കും അതങ്ങനെതന്നെ അനുഭവപ്പെടുന്നുണ്ട് എന്നാണ് പൊതുവെ അവരിൽ നിന്നും എനിക്ക് കിട്ടിയ ഫീഡ്ബാക്ക്.
ശാസ്ത്രം പഠിച്ച് സാഹിത്യം കൈകാര്യം ചെയ്യുമ്പോൾ അത് താങ്കളുടെ എഴുത്തിന് എങ്ങനെയൊക്കെ സഹായകമാകുന്നു?
ശാസ്ത്രം കൈകാര്യം ചെയ്യുന്നതിന് ഒരു കൃത്യത ആവശ്യമാണ്. അതുകൊണ്ടുതന്നെ ശാസ്ത്രം പഠിച്ചത് എഴുത്തിൽ ഏറെ സഹായകമാകുന്നുണ്ട്. എഴുതുമ്പോൾ പ്രസക്തമായത് മാത്രം പരാമർശിച്ച് വ്യക്തതയും കൃത്യതയും അച്ചടക്കവും പാലിക്കാൻ ശാസ്ത്രം തുണയ്ക്കുന്നുണ്ടെന്നാണ് അനുഭവം. ശാസ്ത്രം
പൂർണത തേടുന്നതുപോലെ എഴുത്തിന്റെ പൂർണതയിലെത്താനാണ് എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ശ്രമം. ലെയ്ക്ക പോലുള്ള ഒരു നോവൽ എഴുതാൻ കഴിഞ്ഞത് ഞാൻ വിഎസ്എസ്‌സിയിൽ ജോലി ചെയ്യുന്നതു കൊണ്ടു മാത്രമാണ്. എന്റെ അനുഭവപരിസരങ്ങൾ തന്നെയായതു കൊണ്ട് കൃത്രിമത്വമില്ലാതെ വളരെ സ്വാഭാവികമായിതന്നെ നോവൽ എഴുതാനും പറ്റി. അതുകൊണ്ട് വായനക്കാരെ നോവൽ അനുഭവിപ്പിക്കാനും കഴിഞ്ഞു. ശാസ്ത്രം പഠിച്ചതിന്റെ ഗുണം നിരീശ്വരനിലും വലിയൊരളവിൽ ഉൾച്ചേരുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രവും സാഹിത്യവും പരസ്പരപൂരകങ്ങളാണ്.
ഒരുപുസ്തകം അതിന്റെ സ്വന്തം വഴി കണ്ടെത്തിക്കൊള്ളുമെന്ന അക്ഷരശക്തിയിലുള്ള വിശ്വാസം താങ്കൾ പ്രകടിപ്പിക്കുന്നുണ്ട്, പുറപ്പാടിന്റെ പുസ്തകത്തിനെഴുതിയ എഴുത്തനുഭവത്തിൽ. ഇപ്പൊഴും താങ്കളങ്ങനെ വിശ്വസിക്കുന്നുണ്ടോ?
പുറപ്പാടിന്റെ പുസ്തകം എഴുതിത്തീർക്കാൻ പന്ത്രണ്ട് വർഷമെടുത്തു. പിന്നെ ഒരു വർഷത്തെ അജ്ഞാതവാസവും കഴിഞ്ഞാണ് അതിന് വെളിച്ചം കാണാനുള്ള യോഗമുണ്ടാകുന്നത്. എന്റെ
പുസ്തകങ്ങളുടെ വായനയ്‌ക്കോ പ്രചാരണത്തിനോ ആയി പത്രക്കാരെയോ നിരൂപകരേയോ സമീപിക്കേണ്ടി വന്നിട്ടില്ല. നേരത്തെ പറഞ്ഞതു പോലെ ആദ്യകാലത്ത് കൃതികൾ നിരൂപകരിലേക്കോ വായനക്കാരിലേക്കോ എത്താതെ പോയിട്ടുണ്ടെങ്കിൽ ഇന്ന് അംഗീകാരങ്ങൾ തേടി വന്നപ്പോൾ കൂടുതൽ വായനക്കാർ കൃതികളെ തേടി വരുന്നുണ്ട്. അവയ്ക്ക് പുതിയ പ്രിന്റുകൾ ഉണ്ടാകുന്നു. നിരവധി പതിപ്പുകൾ ഇറങ്ങുന്നു. ഒരു പുസ്തകം അതിന്റെ സ്വന്തം വഴി കണ്ടെത്തിക്കൊള്ളുമെന്ന അക്ഷരശക്തിയിലുള്ള വിശ്വാസംതന്നെയാണ് ഇതൊക്കെ തെളിയിക്കുന്നത്.
താങ്കളുടെ ആദ്യനോവലായ പുറപ്പാടിന്റെ പുസ്തകം മാമൻ മാപ്പിള അവാർഡിന് മത്സരിക്കാനായി എഴുതിയതാണ്. പക്ഷെ, അതിനായി സങ്കല്പിച്ച രീതിയിലല്ല അത് വളർന്ന് പൂർത്തിയായത്.
അപ്പോൾ ചോദിക്കട്ടെ, വ്യക്തമായ ഒരു പ്ലാനും പദ്ധതിയും ഒന്നുമില്ലാതെയാണോ നോവൽ എഴുത്തിനിരിക്കുക? താങ്കളുടെ എല്ലാ കൃതികളുടേയും കാര്യത്തിൽ സംഭവിച്ചത് ഇതാണോ?
വ്യക്തമായ പ്ലാനും പദ്ധതികളുമായി ഇരുന്ന് ഒരു നോവൽ എഴുതി പൂർത്തിയാക്കാൻ ഒരെഴുത്തുകാരന് പറ്റുമോ? എന്തായാലും എനിക്കതിന് കഴിയില്ല. ഒരു ഏകദേശ രൂപവുമായി തുടങ്ങും. എഴുത്തിന്റെ ഓരോ ഘട്ടത്തിലും അതാതു കാലത്തെ ചിന്തകൾ, ദർശനം, കാഴ്ചപ്പാട്, ഭാഷാവഴക്കം, ജീവിതാവബോധം തുടങ്ങി ഒരുപാട് ഘടകങ്ങൾ സ്വാധീനമായി കടന്നുവരും. എഴുത്ത് മാറി
മറയും. മുമ്പ് സൂചിപ്പിച്ചതു പോലെ പന്ത്രണ്ടു വർഷങ്ങളുടെ ശ്രമമായിരുന്നു പുറപ്പാടിന്റെ പുസ്തകം. അന്നത്തെ കഷ്ടസാഹചര്യത്തിൽ മാമൻ മാപ്പിള അവാർഡു തുകയായിരുന്നു എഴുതാനുള്ള ആകർഷണമെന്നു പറഞ്ഞാലും തെറ്റില്ല. സംഭവിച്ചത് എന്താണെന്നുവച്ചാൽ അപ്പൊഴേക്കും മാമൻ മാപ്പിള അവാർഡ് നിർത്തിക്കളഞ്ഞു. അതോടെ നോവൽ അവിടെ മാറ്റിവച്ചു. ഇടയ്ക്ക് ചില കഥകളെഴുതി. കുറച്ചു കഴിഞ്ഞ് നോവൽ ഒന്നുകൂടി വായിച്ചു നോക്കിയപ്പോൾ മാറ്റി എഴുതണമെന്ന് തോന്നി. എഴുതി. പന്ത്രണ്ടു വർഷത്തിനിടയിൽ പലതവണ അത് ആവർത്തിച്ചിട്ടാണ് കൃതി ഇന്നത്തെ രൂപത്തിലായത്. നിരീശ്വരൻ ആറുവർഷം കൊണ്ട് എഴുതിയ നോവലാണ്. ആന്റിക്ലോക്കിന് നാലു വർഷത്തോളമെടുത്തു. ഇത്രയും കാലമെടുത്തു ചെയ്തു എന്നതുകൊണ്ട് കൃതികൾ മഹത്തരമാണ് എന്നല്ല പറഞ്ഞുവരുന്നത്. മറിച്ച് എഴുതിത്തുടങ്ങിയ കാലത്തെ രൂപഭാവങ്ങളല്ല അത് പൂർത്തിയാകുമ്പോൾ ഉണ്ടായത് എന്ന് പറയാനാണ്.
പുതിയ എഴുത്ത് പ്രൊജക്ടുകൾ എന്തൊക്കയാണ്?
പല രൂപത്തിലും ഭാവത്തിലുമായി എപ്പോഴും ആശയങ്ങൾ ചിലത് മനസിൽ കിടപ്പുണ്ടാകും, ഓരോ എഴുത്തുകാരനിലും. എഴുത്തിന്റെ കാര്യത്തിൽ ഇന്ന കൃതി ഇത്ര സമയത്തിനുള്ളിൽ എഴുതിക്കളയാം എന്ന ശാഠ്യമൊന്നും വച്ചുപുലർത്താറില്ല. അത് അതിന്റെ സമയമാകുമ്പോൾ എഴുത്തിനിരുത്തിക്കൊള്ളും എന്നാണനുഭവം.