ഇതിഹാസങ്ങൾ മനുഷ്യാനുഭവങ്ങളുടെ സമഗ്രമായ ആഖ്യാനമാണെന്ന മിത്തിന്റെ വിചാരണയാണ് സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’. പ്രഹേളികാസ്വഭാവമുള്ള സ്ര്തീജീവിതത്തിെന്റ നിലയ്ക്കാത്ത നോവിന്റെ അടയാളപ്പെടുത്തലിലൂടെ മനുഷ്യാനുഭവങ്ങൾ ഏകതാനമല്ലെന്ന് നോവൽ വാദിക്കുന്നു. മനുഷ്യജീവിതങ്ങൾ അറബിക്കടലുപോലെ വിസ്തൃതവും സങ്കീർണവുമാണ്.
ഇതിഹാസങ്ങൾ അറബിക്കടലിന്റെ മാറിൽ കിടക്കുന്ന വെള്ളിയാങ്കല്ലുപോലെയാണ്. അറബിക്കടലിനുള്ളിലാണ് വെള്ളിയാങ്കല്ലിന്റെ സ്ഥാനം. മനുഷ്യന്റെ ഭൗതിക വ്യവഹാരങ്ങളുടെയും അസ്തിത്വപ്രതിസന്ധികളുടെയും തെറ്റിക്കൂടാത്ത ആവിഷ്‌കാരമല്ല ഇതിഹാസങ്ങൾ.
ആഖ്യാനങ്ങൾ വിസ്മയമാംവിധം ഐതിഹാസികമാകുന്നത് മനുഷ്യബന്ധങ്ങളുടെ ആഴത്തിനുള്ളിൽ സ്വയം പ്രതിഷ്ഠിക്കാൻ ശ്രമിക്കുമ്പോഴാണ്. അറബിക്കടലിന് പുറത്ത് വെള്ളിയാങ്കല്ല് വെറും പാറക്കൂട്ടമാണ്. അതുപോലെയാണ് സാഗരം പോലെ വിശാലവും അതിശയകരവുമായ മനുഷ്യരുടെ പരസ്പര സമ്പർക്കങ്ങളും ഇടപഴകലുകളും പൂർണമായും രേഖപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ഇതിഹാസങ്ങളും.
നോവലെഴുത്ത് എന്ന സർഗപ്രക്രിയയെ മുഖ്യപ്രമേയമാക്കുന്ന ഒരു നോവൽത്രയത്തിലെ രണ്ടാമത്തെ സൃഷ്ടിയാണ് സമുദ്രശില. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായി 27 അധ്യായങ്ങളാണ് നോവലിലുള്ളത്. ഭാവനയും യാഥാർത്ഥ്യവും വേർപിരിക്കാനാവാത്തവിധം കൂടിക്കലർത്തുന്നതിൽ സുഭാഷ് വിജയിച്ചിട്ടുണ്ട്. ബഷീറിന്റെ കഥകളിലെന്നപോലെ ജീവിച്ചിരിക്കുന്നവരെയും കല്പിത കഥാപാത്രങ്ങളെയും ഭാഷയുടെ വശ്യതയും ഭാവനയുടെ സാധ്യതകളും ഉപയോഗപ്പെടുത്തി സമ്യക്കായി സംയോജിപ്പിച്ചിരിക്കുന്നു. അജയ് മങ്ങാട്ടിന്റെ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’യിൽ കാലത്തിനുള്ളിൽ മറയാൻ മടിക്കുന്ന സാഹിത്യനായകർ പ്രത്യക്ഷപ്പെടുന്നതുപോലെ, സമു്രദശിലയിലും സമാനമായ വിധത്തിലല്ലെങ്കിലും നോവലിന്റെ ഭൂമികയെ പ്രശസ്തരായ സാഹിത്യനക്ഷത്രങ്ങൾ അലങ്കരിക്കുന്നുണ്ട്.
ഇതിഹാസത്തിലെ ഇല്ലായ്മകൾ
യമുനയുടെ കരയിൽ ആത്മാഹൂതിക്ക് ഒരുങ്ങിയ കാശിരാജന്റെ മൂത്ത മകളായ അംബയ്ക്ക് ഋഷികവിയായ വ്യാസനെ കാണണമെന്ന് ആഗ്രഹം തോന്നി. ഒരുക്കിയ ചിതയും അഗ്നിനാളവും പിന്നിൽ വിട്ട് അംബ വ്യാസമഹർഷിയുടെ ആശ്രമത്തിൽ എത്തി. ഇതിഹാസം ചമയ്ക്കുന്ന സർവകാലദൃക്കായ ബാദരായണൻ വ്യാസനെ കണ്ടപ്പോൾ അദ്ദേഹം പുത്രനായ ശുകന്റെ വിയോഗത്തിൽ ദു:ഖിതനാണെന്ന് യമുനാതീരത്തെ മാമുനിമാർ പറഞ്ഞത് ഓർത്ത് അംബ മനസ്സിൽ ചിരിക്കുന്നുണ്ട്. പുത്രദു:ഖം ”ഒരു മാംസപിണ്ഡത്തെ നൂറാക്കി മുറിച്ച് ഒരമ്മയ്ക്ക് നൂറു മക്കളെ, നൂറു പുത്രദു:ഖങ്ങളെ, സൃഷ്ടിച്ചു നൽകേണ്ടുന്ന” ഋഷീശ്വരനും ബാധകമോ എന്ന അംബയുടെ ചോദ്യവും സംശയവും രൂക്ഷമായ പരി
ഹാസമാണ്.
ആയിരക്കണക്കിന് ശ്ലോകങ്ങൾ കൊണ്ട് ചമയ്ക്കാൻ പോകുന്ന മഹാഗ്രന്ഥത്തെക്കുറിച്ചുള്ള വ്യാസന്റെ ഗർവിനെ അംബ ചോദ്യം ചെയ്യുന്നു. താൻ എഴുതാനിരിക്കുന്ന ശ്ലോകപർവത്തിൽ ഇടം പിടിക്കാത്തത് ഒന്നുമുണ്ടാകില്ലെന്ന ബോധ്യമാണ് വ്യാസന്റെ ആത്മവിശ്വാസത്തിനു കാരണം. ”യദി ഹാസ്തി തദന്യത്ര, യന്നേ ഹാസ്തി ന തത് ക്വചിത്” – ഇതിലുള്ളത് മറ്റെവിടെയെങ്കിലും ഉണ്ടാകാം; ഇതിലില്ലാത്തത് മറ്റൊരിടത്തുമില്ല. വ്യാസന്റെ
അവകാശവാദത്തെ അംബ തള്ളിക്കളയുന്നു. ”ഉപാധികളില്ലാത്ത സ്‌നേഹത്തിന്” ഇടമില്ലാത്ത ഇതിഹാസം അപൂർണമാണെന്ന് അംബ സമർത്ഥിക്കുന്നു. ”രൂപത്തിനു മുന്നെ പിറന്ന നിരൂപണത്തോട്” വ്യാസൻ പൂർണമായും യോജിച്ചു. മനുഷ്യജീവിതത്തിന്റെ പരമമായ സത്തയാണ് തന്റെ കാവ്യമെന്ന ഭാവം ഉപേക്ഷിക്കാൻ വ്യാസൻ നിർബന്ധിതനായി. ”ഉപാധികളില്ലാത്ത സ്‌നേഹം എന്നതുപോലും സ്വയമൊരുപാധിയായി പരിണമിക്കുന്നതുകൊണ്ട്” ഇതിഹാസത്തിൽ തിരുത്തലുകൾ സാധ്യമല്ലെന്ന വ്യാസന്റെ മറുവാദത്തിനുള്ള അംബയുടെ മറുപടി ”വാൾമുന
പോലെയുള്ള” മന്ദഹാസമാണ്. ഇത് ഇതിഹാസങ്ങളുടെ പ്രാമാണികതയെ പൊള്ളിക്കുന്ന അഗ്നിനാവാണ്. ”ഉപാധികളില്ലാത്ത
സ്‌നേഹമാണ്” ഇതിഹാസങ്ങളെ വിശാലമാക്കുന്നതും മതേതരമായി അടയാളപ്പെടുത്തുന്നതും.
ചതിയുടെയും ദുരഭിമാനത്തിന്റെയും വീരസ്യത്തിന്റെയും കഥ പറയാനുള്ള വ്യഗ്രതയിൽ ഇതിഹാസ രചന കേവലം കുടുംബപ്പകയുടെ പുരാണമാകാനുള്ള സാധ്യതയുണ്ടെന്ന് അംബ ഓർമപ്പെടുത്തുന്നു. തനിക്കുേവണ്ടി ഭാർഗവരാമനും ഭീഷ്മരും തമ്മിൽ നടത്തിയ പോരാട്ടമാണ് ഒന്നാം കുരുക്ഷേത്രയുദ്ധമെന്ന് വ്യാസൻ മറന്നത് വരാനിരിക്കുന്ന ഇതിഹാസത്തിന്റെ ഇല്ലായ്മയാണെന്ന് അംബ വാദിക്കുന്നു. ”അഭയമായി ആണൊരുത്തനില്ലാതെപോയ” ഒരേയൊരു മഹാഭാരതസ്ര്തീക്ക് ഇടമില്ലാത്ത ഇതിഹാസം ന്യൂനതകളില്ലാത്തതാണ്. ഒഴിവാക്കലുകളെയും ഒറ്റപ്പെടുത്തലുകളെയും കെട്ടുകഥകൊണ്ട് പരിഹരിക്കുന്നത് സാഹിത്യത്തിലും ഇതിഹാസരചനയിലും സാധാരണമാണ്. ഭീഷ്മരുടെ കരുണയിൽ വിചിത്രവീര്യന്റെ ഭാര്യയാകുന്നതിൽ നിന്നും രക്ഷപ്പെട്ട അംബയെ, കാമുകനായ സാല്വൻ ദുരഭിമാനം മൂലം തള്ളുന്നു. പ്രതിജ്ഞയുടെ പേരിൽ അഭയമിരന്ന അംബയെ ഭീഷ്മരും നിരസിക്കുന്നു. അതുകൊണ്ട് കുരുക്ഷേത്രത്തിൽ ഭീഷ്മരെ കൊല്ലാനുള്ള ഉപാധിയായി കൊണ്ടുവരുന്ന
ശിഖണ്ഡി അംബയുടെ വരുംജന്മമാണെന്ന് എഴുതി തന്നോടുള്ള നീതികേടിന് വ്യാസൻ പരിഹാരം കാണുമെന്ന് അംബ മുൻകൂട്ടി കാണുന്നു. നീതികേടിനു പരിഹാരം കെട്ടുകഥയല്ല. വ്യാസന്റെ ഔദാര്യത്തെ അംബ നിഷേധിക്കുന്നു. സംവാദത്തിനൊടുവിൽ ശിഖണ്ഡിയായല്ല, ”ഭാരതഖണ്ഡത്തിൽ ഒരു സ്ര്തീയായിത്തന്നെ വീണ്ടും വീണ്ടും ജനിച്ച്” ഇതിഹാസത്തിന്റെ ഇല്ലായ്മകളെ ഉപാധികളില്ലാത്ത സ്‌നേഹം കൊണ്ട് പൂരിപ്പിക്കാനുള്ള വരവും നിയോഗവും വ്യാസൻ അംബയ്ക്ക് നൽകുന്നു. ഉപാധികളില്ലാത്ത സ്‌നേഹം സത്യസന്ധമായി ആവിഷ്‌കരിക്കുന്ന തന്റെ പിൻഗാമികളായ എഴുത്തുകാരിലൂടെ അംബയെ വീണ്ടും കാണുമെന്ന്
വ്യാസൻ വാഗ്ദാനം ചെയ്യുന്നു.
ആദി വ്യാസനും നവയുഗ വ്യാസനും
മാമുനിക്ക് മത്സ്യഗന്ധിയിൽ സ്‌നേഹത്തിന്റെ ഉപാധികളില്ലാതെ പിറന്ന വ്യാസൻ അംബയ്ക്ക് നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് സമുദ്രശില. നോവലിസ്റ്റ് മുഖ്യകഥാപാത്രമായി നോവലിൽ പ്രത്യക്ഷപ്പെടുന്നത് ഈ യുക്തിയുടെ അടിസ്ഥാനത്തിലാണ്. ഈ അർത്ഥത്തിൽ സുഭാഷ് ചന്ദ്രൻ നവയുഗ വ്യാസനും, അനന്തപത്മനാഭന്റെ അമ്മ അംബ കാശിരാജാവിന്റെ മകൾ അംബയുടെ പുനർജന്മവുമാണ്. വ്യാസനും അംബയും സമുദ്രശിലയിൽ സമാഗമിക്കുന്നു, ഉപാധികളില്ലാത്ത സ്‌നേഹം കാംക്ഷിച്ച്. ചിതകൾ താണ്ടിയുള്ള അംബയുടെ യാത്ര ജന്മജന്മാന്തരങ്ങ
ളോളം തുടരും, വ്യാസന്റെ അനന്തരഗാമികളെ തേടി. ഈ അന്വേഷണമാണ് അംബയെ സുഭാഷിലെത്തിച്ചത്. ഇതൊരു യാദൃച്ഛി
കതയല്ല, നിയോഗമാണ്. സുഭാഷ് ചന്ദ്രൻ െവള്ളിയാങ്കല്ലിലേക്ക് യാത്ര ചെയ്യാനിടയായതും, അതിന്റെ റിപ്പോർട്ട് മാതൃഭൂമിയിൽ
പ്രസിദ്ധീകരിച്ചതും, ദന്താശുപത്രിയിൽ ഡോക്ടറെ കാത്തിരിക്കുന്ന ഇടവേളയിൽ അംബ റിപ്പോർട്ട് വായിക്കാനിടയായതും അവർ ഒരേ നിയോഗത്താൽ ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാണ്.
സുഭാഷ് ചന്ദ്രനും അംബയും േനാവലിൽ കണ്ടുമുട്ടുന്നത് ഉപാധികളില്ലാത്ത സ്‌നേഹം കൊണ്ട് ഇതിഹാസങ്ങളെ പൂരിപ്പിക്കാനും വിചാരണ ചെയ്യാനുമാണ്. നോവലിൽ അംബ വ്യാസനോട് ഒരു സാങ്കല്പിക ചോദ്യം ചോദിക്കുന്നുണ്ട്: വിചിത്രവീര്യന്റെ വിധവയായിരുന്നുവെങ്കിൽ, വ്യാസനിൽ നിന്നും തനിക്ക് ഒരു പുത്രൻ ലഭിച്ചിരുന്നുവെങ്കിൽ, പിറക്കുന്ന സന്തതിക്ക് എന്തെങ്കിലും പോരായ്മ ഉണ്ടാകുമോ? വ്യാസൻ ഖേദത്തോടെ പറഞ്ഞു: ”സ്വേച്ഛയോടെയായിരിക്കില്ല നീയെെന്ന പ്രാപിക്കുന്നത് എന്നതിനാൽ… പിറക്കേണ്ടത് സ്വേച്ഛയോടെ കൈകാലുകൾ പോലും ചലിപ്പിക്കാൻ കഴിവില്ലാത്ത മകൻ”.
ഇവിടെ നവയുഗ വ്യാസൻ ആദിവ്യാസനെ തിരുത്തുന്നു. വെള്ളിയാങ്കല്ലിൽ കാമുകനൊത്ത് പൂർണമനസ്സോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട നവയുഗ അംബയ്ക്ക് പിറക്കുന്നത് ഓട്ടിസവും സെറിബ്രൽ പാൾസിയുമുള്ള മകനാണ്.
ഉപാധികളില്ലാത്ത േസ്‌നഹം ഒരു ഉപാധിയാണെന്ന ആദിവ്യാസന്റെ വാദത്തെയും നോവൽ തിരുത്തുന്നുണ്ട്. ‘വെള്ളിയാങ്കല്ല്’ ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ പ്രതീകമാണ്. അത്തരം ചില പെരുവഴിയമ്പലങ്ങളാണ് ജീവിതത്തിന്റെ തളർച്ച തീർക്കാൻ, ഭർത്താവ് സിദ്ധാർത്ഥനോടൊത്തുള്ള ദാമ്പത്യത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ അംബയ്ക്ക് തുണയായത്. ഉറഞ്ഞുപോയ ലാസ്യത്തെ ഉണർത്തിയത് ഭർത്താവുമായി പിരിഞ്ഞു ജീവിക്കുന്നതിനിടയിൽ അംബ പരിചയപ്പെട്ട ജലാലുദ്ദീൻ റൂമിയാണ്. നേരിൽ കാണാതെ തന്നെ സ്ര്തീക്ക് സാധ്യമായ എല്ലാവിധത്തിലും ജലാലുദ്ദീനെ സ്‌നേഹിക്കാൻ അംബ തീരുമാനിക്കുന്നു. ജലാലുദ്ദീനെ ആദ്യമായി കാണുന്നതിനും സ്വീകരിക്കുന്നതിനും എയർപോർട്ടിൽ കാത്തുനിൽക്കുമ്പോൾ അംബ സ്വയം പറയുന്നുണ്ട്: ”രൂപമല്ല, വിശ്വാസമാണ് പ്രണയത്തിന്റെ താക്കോൽ… ഇനി വിമാനത്തി
ൽ വന്നിറങ്ങാൻ പോകുന്നത് കോട്ടിട്ട ഒരു കുരങ്ങനാണെങ്കിൽപ്പോലും”. മകനായ അപ്പുവിന്റെ മലമൂത്രവും രേതസ്സും പുരണ്ട
വസ്ര്തങ്ങൾ വേലക്കാരിയായ ആഗ്നസിനെ ഏല്പിക്കാതെ സ്വയം വൃത്തിയാക്കുന്നത് ഉപാധികളില്ലാത്ത സ്‌നേഹം സാധ്യമായതുകൊണ്ടാണ്.
കാലനും കാലത്തിനുമിടയിൽ കടൽ ഒരുക്കുന്ന അഭയത്തിന്റെ തുരുത്താണ് വെള്ളിയാങ്കല്ല്. ഇത് ഉപേക്ഷിക്കപ്പെട്ട കുഴിമാടങ്ങളാണെന്ന് കരുതുന്നവരുടെ പുനർജന്മത്തിനുള്ള ഗർഭപാത്രമാണ്. ”കാലത്തിന്റെ ഭക്ഷണമേശയിലെ നെടുനീളൻ വിഭവമാണെന്ന്” കരുതി, മാംസംകൊണ്ട് കെട്ടിപ്പൊതിഞ്ഞ പൊട്ടിക്കരച്ചിലുകൾ ആകാൻ വിസമ്മതിച്ച കുഞ്ഞാലിമരയ്ക്കാരുടെ സൈനികത്താവളവുമാണ് വെള്ളിയാങ്കല്ല്. വിളക്കുകൾ കത്തിച്ചു വച്ച് പോർച്ചുഗീസ് കപ്പലുകളെ വഴിതെറ്റിച്ച് വെള്ളിയാങ്കല്ലിലേക്ക് ഇടിച്ചുകയറ്റി ചിതറിക്കാൻ കുഞ്ഞാലിമരയ്ക്കാർക്ക് സാധിച്ചു. വില്യം ലോഗൻ മലബാർ മാന്വലിൽ വെള്ളിയാങ്കല്ലിനെ ബലിക്കല്ല് എന്നാണ് വിശേഷിപ്പിക്കുന്നത്. പക്ഷെ, കുഞ്ഞാലി മരയ്ക്കാർക്ക് വെള്ളിയാങ്കല്ല് ബലിക്കല്ലല്ല, സ്വാതന്ത്ര്യത്തിന്റെ പോരാട്ടഭൂമിയാണ്. അംബ ഇതിഹാസത്തെ ബലിക്കല്ലായി കണ്ട് അതിൽ തല തല്ലി ചാകാൻ തയ്യാറല്ല. അശ്ലീലകരമായ അപരനിന്ദയും മാംസനിബദ്ധമായ സ്‌നേഹപ്രകടനങ്ങളും റൂമിയിലും സിദ്ധാർത്ഥനിലും കണ്ട അംബയ്ക്ക് ആത്മാവിൽ ഓക്കാനമുണ്ടായി.
അത് നവയുഗ വ്യാസനിലേക്കുള്ള എഴുത്തുപാലമായി. വ്യാസനും അംബയും സുഭാഷ് ചന്ദ്രനിലൂടെയും അപ്പുവിന്റെ അമ്മയായ അംബയിലൂടെയും കുഞ്ഞാലിമരയ്ക്കാരുടെ വെള്ളിയാങ്കല്ലിൽ പുനർജനിക്കുന്നു. അങ്ങനെ ചരിത്രബോധം ഇതിഹാസങ്ങളെ വീണ്ടും ഗർഭം ധരിക്കുന്നു.
ഉപസംഹാരം
സമുദ്രശിലയിലെ നായക കഥാപാത്രം സുഭാഷ് ചന്ദ്രനാണ്. ഇത് അസഹനീയമായ ആത്മരതിയാണെന്ന് പലരും വിമർശിക്കുന്നുണ്ട്. കെ.പി. കേശവമേനോൻ ഹാളിൽ വച്ച് നടന്ന ‘സുഭാഷ് ചന്ദ്രനോടൊപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയിൽ നോവലിസ്റ്റ് നിർവഹിച്ച പ്രഭാഷണത്തിൽ പറഞ്ഞപോലെ, എഴുത്തുകാരൻ പ്രധാന കഥാപാത്രമാകുന്ന രചനാസമ്പ്രദായത്തിന് മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും കാലം വരെ വേരുകൾ ഉണ്ട്. രാമായണത്തിൽ വാല്മീകിയും മഹാഭാരതത്തിൽ വ്യാസനും നായകസ്ഥാനത്താണ്. ഒരു സിനിമാസംവിധായകന് തന്റെ സിനിമയിൽ നായകനാകാമെങ്കിൽ, എഴുത്തുകാർക്കും സ്വന്തം സൃഷ്ടിയിൽ പ്രധാന കഥാപാത്രങ്ങളാകാം. നായക കഥാപാത്രത്തിന് സ്വന്തം പേര് നൽകിയില്ലെങ്കിലും എഴുത്തുകാർ തങ്ങളുടെ സർഗസൃഷ്ടിയുടെ നായകർതന്നെയാണ്.
സുഭാഷ് ചന്ദ്രന്റെ പുരാണപൂരണം ഏറെ വർത്തമാനകാല പ്രസക്തിയുള്ളതാണ്. ഇതിഹാസങ്ങൾ അടഞ്ഞതും സകല ശാസ്ര്തബോധത്തെയും ആവാഹിക്കുന്നതുമാണെന്ന വിധത്തിൽ വർഗീയ താത്പര്യങ്ങളോടെ പ്രചരിപ്പിക്കപ്പെടുമ്പോൾ, സുഭാഷ് ഇതിഹാസങ്ങളെ മതേതരമായി പൂരിപ്പിക്കുന്നു. ഉപാധികളില്ലാത്ത സ്‌നേഹമാണ് ഇതിഹാസങ്ങളെ വ്യാഖ്യാനിക്കാനുള്ള താക്കോൽ. ഇവിടെയാണ് വ്യാസൻ സ്‌നേഹത്തിന്റെ സാധ്യതകളെ ആളിക്കത്തിക്കാൻ പുതിയ എഴുത്താണികൾ അന്വേഷിക്കുന്നത്. ഇതിഹാസങ്ങൾ നിലച്ച മണിനാദമല്ല, ഉപാധികളില്ലാത്ത
സാധ്യതകളുടെ ഇടിമുഴക്കമാണ്.