പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ ലോകസാഹിത്യത്തിലുണ്ടായ മഹത്തായ പല കൃതികളും ഭഗീരഥപ്രയത്നത്തിലൂടെ മലയാളത്തിലെത്തിച്ച ഒട്ടേറെ വിവർത്തകർ നമുക്കുണ്ട്. അങ്ങേയറ്റത്ത് വിക്ടർ ഹ്യൂഗോവിന്റെ ലാ മിറാബ്ളേ, പാവങ്ങൾ എന്ന പേരിൽ തർജമ ചെയ്ത നാലപ്പാട്ട് നാരായണമേനോൻ മുതൽ ജെയിംസ് ജോയ്സിന്റെ അത്ഭുതസൃഷ്ടിയായ യുലീസസ് ഈയടുത്ത കാലത്ത് മൊഴിമാറ്റം ചെയ്ത എൻ. മൂസക്കുട്ടി വരെ ആ പരമ്പര നീളുന്നു. മഹത്ത് എന്നതുപോലെ, ബൃഹത്ത് എന്ന വിശേഷണംകൂടി ആവഹിക്കുന്ന രചനകളായിരുന്നു അവയൊക്കെയും എന്നതുകൊണ്ടുകൂടിയാണ് അവരെ വിശേഷിപ്പിക്കാൻ വിൺഗംഗയെ ഭൂമിയിലേക്ക് ആനയിച്ച ഭഗീരഥനെ കൂട്ടുപിടിച്ചത്; കക്ഷി ഒരു ‘ക്ളീഷൻ’ ആണെന്നറിഞ്ഞുകൊണ്ടുതന്നെ.
മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും നിറഞ്ഞ സ്ഥൂലരൂപികളായ ആഖ്യാനശില്പങ്ങളിലാണല്ലോ പഴയകാലത്ത് കവിതപോലും കൂടുതലായും സൃഷ്ടിക്കപ്പെട്ടിരുന്നത്. സോണറ്റുകൾപോലുള്ള ലഘുഗീതികൾ എഴുതാൻ, മഹാകവികളുടെ മഹാകവിയായ ഷെയ്ക്സ്പിയർപോലും മനസ്സിരുത്തിയിരുന്ന കാര്യം മറന്നുകൊണ്ടല്ല ഇക്കാര്യം പറയുന്നത്. എന്നാൽ, ഒരാളുടെ പ്രതിഭാവിലാസം മാലോകരെ അറിയിക്കാൻ വൈശദ്യം എന്നത് ഒരു ഉപാധിയായിത്തന്നെ എഴുത്തുകാർ എടുത്തുപയോഗിച്ചിരുന്നു എന്നതാണ് വസ്തുത. ‘വർണിക്കാൻ’ ഉള്ള കഴിവിനെ ‘വിശദീകരിക്കാൻ’ ഉള്ള കഴിവായി തെറ്റായോ ശരിയായോ ധരിച്ചതാവാം അതിനു കാരണം.
മഹാകവിയാകണമെങ്കിൽ ബൃഹത്തായ കാവ്യം എഴുതണമെന്ന നിബന്ധന ഒരു ദുരാചാരമായി ഇവിടെയും നിലനിന്നിരുന്നല്ലോ. നഗരാർണവശൈലങ്ങളെ വർണിക്കുക എന്നു പറ
ഞ്ഞാൽ നാല്പതോ നാനൂറോ പേജ് ‘കവർ’ ചെയ്യുക എന്നുതന്നെയായിരുന്നു ധാരണ. പിന്നെ ധീരോദാത്തനും അതിപ്രതാപഗുണവാനും വിഖ്യാതവംശനും ധരാപാലനുമൊക്കെയായ നായകനെ വർണിച്ചുതീരുമ്പോഴേക്കും ഈ അക്ഷരക്കടൽ ശാന്തസമുദ്രത്തോളം വിസ്താരമാർന്നിരിക്കും. വിസ്തൃതിതന്നെ കാര്യം, ആഴം ഒരു കുളത്തോളംപോലുമില്ലെങ്കിലും സാരമില്ല, അതളക്കാൻ വായനക്കാരാരും സ്ക്യൂബാ ഡൈവിങ്ങിനിറങ്ങിയിരുന്നില്ല. എന്നാൽ ബൃഹത്തായൊരു കൃതി വിവർത്തനം ചെയ്യാൻ തുനിയുന്ന സാഹിത്യവിചക്ഷണനായ ഒരാൾ പലപ്പോഴും ആ പരപ്പിന്റെ ആഴമില്ലായ്മ എളുപ്പത്തിൽ തിരിച്ചറിഞ്ഞേക്കും – അതു വെറും
പരപ്പു മാത്രമുള്ള ഒരു പടപ്പാണെങ്കിൽ. ഇവിടെ വിവർത്തനശ്രമം മൂലകൃതിയുടെ മൂല്യനിർണയശ്രമംകൂടിയായി പരിണമിക്കുന്ന അനുഭവം വിവർത്തകനുണ്ടാവുന്നു. എന്നിട്ടും നമ്മുടെ പഴയകാല വിവർത്തകരെ പ്രലോഭിപ്പിച്ചിരുന്നത് പ്രധാനമായും മൂലഗ്രന്ഥകാരന്റെ പ്രശസ്തിയുടെ എന്നതുപോലെ അയാളെഴുതിയ കൃതിയുടെയും വലിപ്പമായിരുന്നു. അത്തരം വലിയ കൃതികളുടെ വിവർത്തനശ്രമം പലപ്പോഴും അവർക്കു ‘കേരളകാളിദാസൻ’, ‘കേരള
ഹ്യൂഗോ’, ‘കേരള ഇബ്സ ‘ ഇത്യാദി തമാശ നിറഞ്ഞ പട്ടത്താനങ്ങളും സമ്മാനിച്ചിരുന്നു.
ഇതിന് അപവാദങ്ങളില്ലാതില്ല. ബൃഹദാഖ്യാനങ്ങളുടെ ആ പുണ്യപുരാതന കാലഘട്ടത്തിനുള്ളിൽ ജീവിച്ചിരുന്ന ചിലരെങ്കിലും സാഹിത്യത്തിന്റെ വിസ്മയം നിറഞ്ഞ കൃശഗാത്രങ്ങളെയും തങ്ങളുടെ സർഗാവിഷ്കാരത്തിനായി പരീക്ഷിച്ചിരുന്നു. വികാരങ്ങളുടെയോ അനുഭൂതികളുടെയോ വാമനാവിഷ്കാരത്തിനു സാധ്യമാകുന്ന സാഹിത്യരൂപം കവിതയായതുകൊണ്ട് നേരത്തേ സൂചിപ്പിച്ചതുപോലെ സോണറ്റുകളായോ ജപ്പാനിലും മറ്റും പ്രചാരത്തിലുണ്ടായിരുന്ന ഹൈക്കുകണക്ക് കുറെക്കൂടി കുറുക്കിയെടുത്ത രൂപങ്ങളായോ അവ എത്രയെങ്കിലും വെളിച്ചപ്പെട്ടിട്ടുണ്ട്. കവിത കഴിഞ്ഞാൽ കൃശരൂപപദവിയുള്ള മറ്റൊന്ന് ചെറുകഥയാണെന്നാണ് വയ്പ്. പക്ഷേ, ചെറുകഥ എന്നാണ് പേരെങ്കിലും അത്ര ചെറുതായിരിക്കാൻ അതിനും സാധ്യമല്ലാത്ത ഒരു കാലമായിരുന്നു അത്. എഴുത്തുകാരന്റെ കഴിവളക്കുന്നത് വർണനാപാടവത്തിലാണെന്നിരിക്കെ ഒരു നിമിഷം മാത്രം അനുഭവപ്പെടുന്ന സുരതമൂർച്ഛയെക്കുറിച്ചുള്ള കഥയിൽപ്പോലും അങ്ങോട്ടുള്ള ദീർഘമായ പ്രണയപന്ഥാവും അവയിൽ വിവരിക്കപ്പെട്ടുപോന്നു.
എഴുത്തെന്നാൽ ഒരനുഭവമോ അനുഭൂതിയോ വിശദമാക്കലല്ല, ആഭിചാരത്തിലെ മന്ത്രംപോലെയോ ശാസ്ത്രവിഷയങ്ങളിലെ സൂത്രവാക്യങ്ങൾപോലെയോ ഉള്ളടക്കത്തിന്റെ കലയാണ് എന്നറിയാവുന്ന എഴുത്തുകാരോ? അവർ അക്കാലത്തും ഉണ്ടായിരിക്കണമല്ലോ.
ഒരു വെടിയുണ്ട തോക്കിൽനിന്നു പുറപ്പെട്ട് ലക്ഷ്യമാക്കപ്പെട്ട ശരീരത്തിൽ എത്തുന്നതുവരെയുള്ള ആ നൊടിയിടയെ വിസ്മയകരമായ കലാപരതയോടെ ‘വിശദമാക്കുന്ന’ ഒരു ബോർഹേസ് കഥ ഓർമവരുന്നു. വർണനയെന്നത് അവിടെ വിശദമാക്കൽതന്നെ.
എന്നാൽ കണ്ണഞ്ചിക്കുന്നതും വെടിയുണ്ടപോലെ കുറിക്കുകൊള്ളുന്നതുമായ ഒരു ഉൾവിസ്തൃതി! അത്തരമൊന്ന് വിവർത്തനം ചെയ്യാൻ ശ്രമിച്ചാലറിയാം, മൊഴിമാറ്റുകയെന്നാൽ അതിന്റെ മൂലകഥാകാരനോടു പഞ്ചഗുസ്തി പിടിക്കുന്നതുപോലുള്ള ഒരനുഭവമായിരിക്കുമെന്ന്. തോൽവി ഉറപ്പ്, പക്ഷേ വിവർത്തനാഭിമാനം അത്ര പെട്ടെന്ന് അടിയറവയ്ക്കാനാവുമോ?
മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ട കൃതികളെക്കുറിച്ചു പറയുന്ന കൂട്ടത്തിൽ അതിന്റെ ആഖ്യാനവൈശദ്യത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞുതുടങ്ങാൻ കാരണം ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി എന്ന ഈ വിവർത്തനമാണ്. ഫ്രഞ്ചു കവിയും നാടകകൃത്തും പത്രപ്രവർത്തകനും കലാസാഹിത്യനിരൂപകനും ചിത്രകാരനുമൊക്കെയായ – ഇദ്ദേഹത്തിന്റെ കാര്യത്തിൽ ചിത്രകാരൻ എന്നത് ആദ്യം പറയണം – തിയോഫിലേ ഗോത്തിയേ (1811-1872) എഴുതിയ ഒരൊന്നാന്തരം കഥയുടെ ഒട്ടും രണ്ടാംതരമല്ലാത്ത മലയാളവിവർത്തനമാണ് ഇത്. ഫ്രഞ്ചിലെഴുതപ്പെട്ട ആറധ്യായങ്ങളുള്ള മൂലകൃതിയെ ചെറുകഥയെന്നു വിളിക്കാമോ എന്നറിയില്ല. ഏതായാലും നോവൽ എന്ന വിശേഷണം അതിനു ചേരില്ല. ലഘുനോവൽ എന്നർത്ഥമുള്ള നോവെല്ല വാക്ക് അന്നു
പ്രചാരത്തിലുണ്ടാവാനും തരമില്ല. ഇതിനേക്കാൾ വലിപ്പമുള്ള ഗദ്യാഖ്യാനങ്ങൾപോലും ‘ഷോർട്ട്’ സ്റ്റോറി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാലം! അപ്പോഴിതു കഥയാണ്. എമ്മാതിരി കഥ? ഇങ്ങനെയൊന്ന് എഴുതിവച്ചിട്ട് ചത്താലും തരക്കേടില്ലെന്ന് കഥയുള്ള ഓരോ കഥാകൃത്തിനെക്കൊണ്ടും എക്കാലത്തും തോന്നിപ്പിക്കുന്ന ഒരു കഥ. തന്റെ ഭാഷയിലേക്കുകൂടി ഈ അനുഭവം കൊണ്ടുവരണമെന്ന് ഏതൊരു വിവർത്തകനെയും കൊതിപ്പിക്കുന്ന കഥ.
ക്ലിയോപാട്രയോടൊപ്പം ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പ്രണയത്തിലേർപ്പെടാൻ കൊതിച്ച മിയാമോൻ എന്നൊരു യുവാവിന്റെ ദുരന്തത്തിന്റെ കഥയാണ് ഇതെന്ന് കഥയുടെ ‘വൺലൈൻ’
കേൾക്കാൻ താത്പര്യമുള്ളവർക്കുവേണ്ടി പറയാം. (‘ഒരു രാജ്ഞിയെ പ്രേമിക്കുക എന്നാൽ വലിയ പൊല്ലാപ്പാണ്. ഒരു നക്ഷത്രത്തെ പ്രണയിക്കുന്നതുപോലെയാണത്’ എന്ന് ആ യുവാവിന്റെ ആത്മഗതവും ഇതിൽ നമുക്കു വായിക്കാം). കഴിഞ്ഞ നൂറ്റാണ്ടിൽ
എസ്.കെ. പൊറ്റെക്കാട്ട് എഴുതിയ ക്ലിയോപാട്രയുടെ നാട്ടിൽ എന്ന സഞ്ചാരകൃതിയിൽ തന്നോടൊപ്പം ശയിക്കാൻ കൊതിച്ച കാപ്പിരിയുവാവിന്റെ ആഗ്രഹം സഫലമാക്കിയശേഷം അയാളെ കൊന്നുകളയുന്ന ക്ലിയോപാട്രയെക്കുറിച്ച് വായിച്ചതോർക്കുന്നു. തന്നേ
ക്കാൾ നൂറുവയസ്സെങ്കിലും മൂപ്പുള്ള ഗോത്തിയേയുടെ ഈ ലഘുകൃതി പൊറ്റെക്കാട്ട് വായിച്ചിട്ടില്ലെന്നുറപ്പ്. ഉണ്ടെങ്കിൽ തീർച്ചയായും ആ പുസ്തകത്തിൽ ഇതിനെക്കുറിച്ചൊരു പരാമർശമെങ്കിലും അദ്ദേഹം നടത്തിയേനേ. എന്നാൽ, പൊറ്റെക്കാട്ട് കേട്ട കാപ്പിരി
യുവാക്കളുടെ ദുരന്തകഥകളുടെ അണ്ഡങ്ങളിൽനിന്നല്ല ഗോത്തിയേ ഈ കഥ വിരിയിച്ചെടുക്കുന്നത്. ഇവിടെ മിയാമോന്റെ കഥ പകരം വയ്ക്കാനില്ലാത്ത ഒന്നാണ്.
മിയാമോന്റെ മാത്രം അനുഭവം.
അതിസുന്ദരിയും അനഭിഗമ്യയുമായ ഒരു ചക്രവർത്തിനിയെ കൊതിച്ച ഒരു സാധാരണ യുവാവിന്റെ മരണത്തോളം ഉദാത്തമാക്കപ്പെട്ട പ്രണയസായുജ്യത്തിന്റെ കഥയാണിത്. വീഞ്ഞിനെ പ്രണയിച്ച ചോരയുടെ കഥ. വീഞ്ഞു വാറ്റിയ നഞ്ചിന്റെയും കഥ. ഫ്രഞ്ചുകൃതിക്ക് ഇംഗ്ലീഷിലുണ്ടായ വിവർത്തനമാണ് സജയ് കെ.വി. ഈ വിവർത്തനത്തിന് ആധാരമാക്കിയിട്ടുള്ളത്. അൻപതു പുറത്തിൽ താഴെ മാത്രം പുറങ്ങളുള്ള ഒരു കൃതി ഒറ്റയിരിപ്പിൽ വായിച്ചു എന്നു പറഞ്ഞാൽ എത്രമാത്രം അതിന്റെ വായനസുഖം
ദ്യോതിപ്പിക്കപ്പെടുമെന്നറിയില്ല. എന്നാലും പറയട്ടെ, ഓരോ വാചകവും ഒരു പെയിന്റിങ് പോലെ അനുഭവപ്പെടുന്ന അസാധാരണമായ ഈ കൃതി നമുക്ക് അതിവിശിഷ്ടവും അനന്യലബ്ധവുമായ ഒരു മധുരഫലം ആസ്വദിച്ചു തിന്നുന്നതുപോലെ സാവധാനം
മാത്രമേ വായിക്കാനാവൂ! പക്ഷേ, അതു തീരാതെ നാം പുസ്തകം താഴെ വയ്ക്കുകയുമില്ല. ഇതു മലയാളത്തിലേക്കു തർജമ ചെയ്തയാൾ ഒരിംഗ്ലീഷ് അധ്യാപകനായതുകൊണ്ടോ ഇംഗ്ലീഷ് പുസ്തകങ്ങളുടെ നിരന്തര വായനക്കാരനായതുകൊണ്ടോ മാത്രം സാധ്യമാകുന്ന ഒരു മികവാണ് ഇതെന്നു പറയുകവയ്യ. മറിച്ച്, അദ്ദേഹത്തിനു മലയാളഭാഷയും അമ്മാതിരിതന്നെ അറിയാമെന്നതാണ് നമ്മുടെ ശ്രദ്ധയാകർഷിക്കുന്നതിന്റെ കാരണം. ക്ലിയോപാട്രയെ നമുക്കു മുന്നിൽ ‘പ്രത്യക്ഷയാക്കുന്ന’ സന്ദർഭത്തിൽ ഗോത്തിയേയുടെ വിവരണകല, മഥുരാപുരിയിലെ നാം വായിച്ചാസ്വദിച്ചിട്ടുള്ള മറ്റൊരു ‘മധുരാകൃതി’യെ അനുസ്മരിപ്പിക്കുന്നുവല്ലോ എന്നു തോന്നിയ നിമിഷത്തിൽത്തന്നെ ‘ഉപധാനം’ എന്നൊരു പദം വിവർത്തനത്തിൽ പ്രത്യക്ഷമായതു കണ്ട് ഞാൻ വിസ്മയിച്ചു. മലയാളകവിതയിൽ തലയിണയെന്ന അർത്ഥത്തിൽ ഉപധാനം ഒരു സുന്ദരിയുടെ ചാരേ പ്രത്യക്ഷപ്പെട്ടത് അതിനെ വാസവദത്തയോടോപ്പം കുമാരനാശാൻ പ്രതിഷ്ഠിച്ചപ്പോഴായിരുന്നല്ലോ.
ഭാഷയിലേക്ക് ഒരു ഗദ്യകൃതി വിവർത്തനം ചെയ്യുന്ന നേരത്തും ഉചിതജ്ഞതയെന്ന ഈ ഗുണം – പ്രകരണശുദ്ധി എന്ന് മഹാകവി വള്ളത്തോൾ വിശേഷിപ്പിച്ച ഗുണംതന്നെ – പ്രകാശിപ്പിക്കാം
എന്നതിന്റെ ഒരു കൊച്ചുദാഹരണമാകുന്നു ഇവിടെ ക്ലിയോപാട്രയുടെ ഉപധാനം. ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് എന്നതിനേക്കാൾ ഒരു പെയിന്റിങ്ങിനെ അക്ഷരത്തിലേക്കു രൂപാന്തരം ചെയ്യുന്നതുപോലെ ക്ലേശകരമായ ഒരു ദൗത്യം ഏറ്റെടുത്തു വിജയിപ്പിച്ചതിന്റെ സാക്ഷ്യമായാണ് ഈ കൃതി നമ്മുടെ മുന്നിലിരിക്കുന്നത്. അക്കാലത്തെ മാനദണ്ഡങ്ങൾവച്ചളന്നാൽ, രൂപത്തിൽ ചെറുതെന്നു പറയാവുന്ന ഒരു കൃതിയിൽ വർണനയുടെ കല അതിന്റെ വൈശദ്യത്തിൽത്തന്നെ കാണാവുന്ന അപൂർവങ്ങളിൽ അപൂർവമായ ഒരു രചനയാണ് ഗോത്തിയേ നിർവഹിച്ചത്.
ഫ്രഞ്ച് വശമില്ലാത്തതിനാൽ ഈ മലയാളവിവർത്തനം ഒത്തുനോക്കാൻ നമുക്ക് ആശ്രയിക്കാവുന്നത് ഇതിനകം അതിനു വന്നുകഴിഞ്ഞിട്ടുള്ള പലമട്ടിലുള്ള ഇംഗ്ലീഷ് വിവർത്തനങ്ങളാണ്. ലാഫ്കാഡിയോ ഹേൺ വിവർത്തനം ചെയ്ത് ന്യൂയോർക്കിൽനിന്ന്
1900-ൽ പുറത്തിറങ്ങിയ വൺ ഓഫ് ക്ലിയോപാട്രാസ് നൈറ്റ്സ് ആൻഡ് അദർ ഫന്റാസ്റ്റിക് റൊമാൻസസ് എന്ന പുസ്തകത്തെയാണ് ഇതിനായി ഞാൻ ആശ്രയിച്ചത് – അത് നെറ്റിൽനിന്ന് എളുപ്പത്തിൽ കിട്ടുകമൂലം. ആ ഇംഗ്ലീഷ് വിവർത്തനവും ഞാൻ ഇതേ ലഹരിയിൽ ഒറ്റിയിരിപ്പിനു വായിച്ചു. ‘ക്ലിയോപാട്രയുടെ രാത്രികളിൽ ഒന്ന്’ എന്ന നേർതർജമയല്ല, പരാമൃഷ്ടമായ രാത്രിയുടെ അനന്യത കൂടുതൽ വ്യക്തമാക്കുന്ന മട്ടിൽ ‘ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി’ എന്നാണ് സജയ് തന്റെ വിവർത്തനത്തിനു ശീർഷകമിട്ടിരിക്കുന്നത്. ഇതുപക്ഷേ, ഒരു മാറിപ്പോകൽ ആയല്ല, മാറ്റുകൂട്ടൽ ആയിട്ടാണ് നമുക്കനുഭവപ്പെടുക.
ലോകൈകസുന്ദരിയായ ക്ലിയോപാട്രയെ അവളുടെ സൗന്ദര്യപൂരം സങ്കല്പിച്ച് മത്തുപിടിച്ച മട്ടിൽ വർണിക്കുന്ന ഒരിടമുണ്ട് ഗോത്തിയേകഥയിൽ. തന്റെ സഖികളുമൊത്ത് ആ സുരസുന്ദരി കൊട്ടാരക്കടവിൽ നീരാടാനിറങ്ങുന്ന രംഗം. പെയിന്റർകൂടിയായ ഗോത്തിയേ തന്റെതന്നെ
പെയിന്റിങ്ങുകളെ അതിശയിക്കുന്ന മട്ടിൽ വാക്കുകൾകൊണ്ട് സൃഷ്ടിച്ചിട്ടുള്ള ആ ചലനചിത്രത്തിന്റെ ഇംഗ്ലീഷ് രൂപവും അതിനു സജയ് നിർവഹിച്ച വിവർത്തനവും നോക്കൂ…
Cleopatra dipped her pink heel in the water and descended a few
steps. The quivering flood made a silver belt about her waist and
silver bracelets about her arms, and rolled in pearls like a broken
necklace over her bosom and shoulders; her wealth of hair, lifted
by the water, extended behind her like a royal mantle; even in the
bath she was a queen. She swam to and fro, dived, and brought up
handful of gold-dust with which she laughingly
pelted some of her women. Again, she clung suspended to the
balustrade of the basin, concealing or exposing her treasures of
loveliness – now permitting only her lustrous and polished back
to be seen. Now showing her whole
figure, like Venus Anadyomene, and incessantly varying the aspects
of her beauty.
കുങ്കുമനിറമാർന്ന പാദങ്ങളെ ജലത്തിലാഴ്ത്തിക്കൊണ്ട് ക്ലിയോപാട്ര പടവുകളിറങ്ങി. ഇളകുന്ന വെള്ളം അവൾക്കൊരു അരക്കച്ചയും വെള്ളികൊണ്ടുള്ള കൈവളയും സമ്മാനിച്ചു. അത് അവളുടെ മുലകളിലും ചുമലുകളിലും പൊട്ടിയ മുത്തുമാലയിലെ മണികൾപോലെ ഉരുണ്ടുകളിച്ചു. അവളുടെ തലമുടി വെള്ളത്തിനു മേലെ ഒരു രാജകീയവസ്ത്രംപോലെ പരന്നുകിടന്നു. നീരാടുമ്പോഴും അവളൊരു രാജ്ഞിതന്നെയായിരുന്നു! വെള്ളത്തിൽ മുങ്ങാങ്കുഴിയിട്ടു വാരിയെടുത്ത സ്വർണത്തരികൾ, ചിരിച്ചുകൊണ്ട് അവൾ തോഴിമാരുടെ നേർക്കെറിഞ്ഞു. ആ കളി മടുത്തപ്പോൾ കുളത്തിന്റെ കൈവരികളിൽ തൂങ്ങിനിന്നുകൊണ്ട് അവൾ തന്റെ ശരീരത്തിന്റെ നിധികൾ ഓരോന്നായി പുറത്തെടുത്തു; ചിലതെല്ലാം ഒളിച്ചും
വച്ചു. ചിലപ്പോൾ ആകൃതിയൊത്ത നിതംബം, ചിലപ്പോൾ വീനസ്സിനെപ്പോലെ മുഴുനഗ്നരൂപം എന്നിങ്ങനെ അവൾ തന്റെ സൗന്ദര്യത്തിന്റെ ഭിന്നമുഖങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടിരുന്നു.
പദാനുപദമായല്ല, മലയാളഭാഷയുടെ ശക്തിസൗന്ദര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു പുന:സൃഷ്ടിയായിട്ടാണ് ഇവിടെ വാക്കുകൾ നിരക്കുന്നത്. അനങ്ങുന്ന പെയിന്റിങ് എന്നു വിശേഷിപ്പിക്കാവുന്ന ഈ കൃതിയിൽ ഇങ്ങനെ വാക്യവാക്യാന്തരം ദൃശ്യമാകുന്ന ചാരുതകളെ ഒട്ടും മങ്ങാതെയും മാറ്റു കുറയാതെയും സജയ് മലയാളത്തിലേക്കു പറിച്ചുനടുന്നു.
കല കലയ്ക്കുവേണ്ടി എന്ന് ഉച്ചൈസ്തരം ഘോഷിച്ച ഗോത്തിയേ ഒരു സാഹിത്യനിരൂപകൻകൂടിയായിരുന്നു എന്ന കാര്യവും കൂട്ടത്തിൽ ഓർമിക്കട്ടെ. 61 വയസ്സിൽ അന്തരിച്ച ഗോത്തിയേ താനേർപ്പെട്ട ഒരു രംഗത്തും പരാജിതനായിരുന്നില്ല. അതുകൊണ്ട്
കവിതയുടെ ഒപ്പം പരിഗണിക്കാനുള്ള മഹത്ത്വം ഗദ്യത്തിനില്ല എന്നുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെ നമുക്കു മുഖവിലയ്ക്കെടുക്കാം. എന്നാൽ, ഈ കൃതി ഗദ്യത്തിലൂടെയും കവിതയുടെ അന്തസ്സു പ്രകാശിപ്പിക്കാം എന്ന കലാതത്ത്വത്തിന്റെ ആവിഷ്കാരമാണ്.
ദീർഘങ്ങളായ ആഖ്യാനകാവ്യങ്ങളുടെ കർത്താവും ഉശിരനായ നാടകകൃത്തുമായിരുന്ന ഗോത്തിയേ തന്റെ വൈഭവങ്ങളത്രയും പുറത്തെടുത്ത ഈ ലഘു ഗദ്യകൃതി, അതിന്റെ ചൈതന്യമൊട്ടും ചോർന്നുപോകാതെ വിവർത്തനം ചെയ്യുക എന്ന വലിയ ദൗത്യ
മാണ് സജയ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്. സർഗാത്മകതയോടുള്ള ആദരവാണല്ലോ ആദ്യമായി ഒരു നിരൂപകനു വേണ്ടത്. അതു വേണ്ടത്രയുള്ള ഈ യുവനിരൂപകൻ അതിനു സാക്ഷ്യമായി ഭാഷയ്ക്കു സമർപ്പിക്കുന്ന ഒരു സമ്മാനമായിക്കൂടി ഇതിനെ കാണാം.
ഗോത്തിയേയുടെ കഥ ക്ലിയോപാട്രയോളം വശ്യമധുരമാണ്. അവളെ പ്രാപിക്കാൻ ശ്രമിച്ച മിയാമോനെപ്പോലെ ധീരമായിരുന്നിരിക്കും അതു വിവർത്തനം ചെയ്യാൻ ശ്രമിക്കുമ്പോൾ സജയിന്റെ മനസ്സും എന്നു ഞാനൂഹിക്കുന്നു. മൂലകൃതിയുടെ സൗന്ദര്യാതിരേകത്തെ പ്രാപിക്കുവാൻ മിയാമോനെപ്പോലെ സജയിന്റെ വിവർത്തനപ്രതിഭയ്ക്കും സഫലമായി സാധിച്ചിട്ടുണ്ട്. അവളുടെ വിഷം തീണ്ടി ഒടുങ്ങാതിരിക്കാനുള്ള ഒരധികഭാഗ്യംകൂടി ഈ വിവർത്തകനുണ്ടായി എന്നതാണ് എടുത്തുപറയാവുന്ന ഒരു വ്യത്യാസം!
കൃതിയെക്കാൾ വലിയ അവതാരിക എഴുതാതിരിക്കുക എന്ന ഔചിത്യത്തിന്റെ പേരിൽ എനിക്കിപ്പോൾ വിരമിക്കേണ്ടിയിരിക്കുന്നു. ഈ ചെറുപുസ്തകത്തിന്റെ ബാക്കി ഉത്കർഷങ്ങൾ പ്രിയവായനക്കാർ സ്വന്തം വായനയിൽ കണ്ടെത്തുമെന്ന ഉറപ്പിൽ നിർത്തട്ടെ. ഇത്തരം മഹിതമായ വിവർത്തനശ്രമങ്ങൾ മേലിലും ഇദ്ദേഹത്തിൽനിന്നുണ്ടാകണമേയെന്ന ആഗ്രഹമാണ് ഈ കുറിപ്പിന്റെ വിരാമചിഹ്നം.
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച
‘ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി’
എന്ന പുസ്തകത്തിന്റെ അവതാരിക.