പാതി വെന്ത് ചത്തവളുടെ
ഉടലിൻ പഴുതിലൂടെ
ആരെയോ നോക്കി നിലവിളിക്കുന്നു രാത്രി.
തീവ്രമാണ് ഇരയുടെ
ഉടലിൽ അണിയും
തീവ്രഭാവങ്ങൾ.
മഞ്ഞയിൽ, നീലയിൽ
ഇളവെയിലിൽ അലിയും
നിഴലിനും എല്ലാം മരണഭാരം.
ഒച്ചയില്ലാതെ
ഒറ്റുകാരനെപ്പോലെ
നിന്നിലേക്കിറ്റ് വീഴുകയാണ്
നിലാവ്.
അത്രമേൽ ശാന്തമായാണ്
ആരവങ്ങൾ ഒടുങ്ങിയ
നിന്റെ കിടപ്പ്.
ആര് വന്ന് ചോദിച്ചാലും
ഒന്നും ഉരിയാടുകയില്ല;
കാരണം നിനക്ക് ഒച്ചയില്ല .
മരണം 1
മരണം 2
മരണം 3
അസംഖ്യം മരണങ്ങൾക്ക്
ഒന്നിച്ച് പൂക്കാൻ കഴിയും
കന്നിമണ്ണിലെ പെൺ മരമാണ് നീ.
ഉടൽപ്പഴുതിലേക്കിറ്റ് വീണ വെളിച്ചം
നിന്റെ മരണത്തേക്കുറിച്ചുള്ള
എല്ലാ തെളിവുകളേയും എന്നേക്കുമായ്
നിമഞ്ജനം ചെയ്ത് കഴിഞ്ഞിരിക്കുന്നു
നിന്നിൽ തന്നെ.
മരണത്തിലും അവൾ
ഉടലിൽ അണിഞ്ഞതിനും
ഹൃദയത്തിൽ പുതപ്പിച്ചതിനും
ഒരേ നിറം.
ഇനി ഒരു ജലകേളിയിലെ
തോണിയാവാം നിനക്ക് വേണമെങ്കിൽ.
അല്ലെങ്കിൽ മണ്ണടരിന്റെ
ഉള്ളംകൈകളിൽ അജ്ഞാതവാസമാകാം
ഉടലുകൊണ്ടെഴുതിയ നിന്റെ ജീവിതത്തെ
നാളത്തെ ചരിത്രം
ഒരു കൗതുക പാഠമാക്കും വരെ.
Related tags :