പി. രാമന്റെ പുതിയ കവിതാസമാഹാരത്തിന്റെ പേര്, ‘രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്’ എന്നാണ്. എന്തുകൊണ്ട് ഇങ്ങനെയൊരു പേര് എന്നാലോചിച്ച് ചുഴിഞ്ഞിറങ്ങുമ്പോഴാണ് ഉറക്കം നഷ്ടപ്പെട്ട ഒരു മനുഷ്യൻ രാമന്റെ കവിതയിലുണ്ട് എന്നു കാണുക. ഉറങ്ങാൻ കഴിയാതെയിരിക്കുകയോ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുകയോ ചെയ്യുന്ന ഒരാൾ. ഉറങ്ങണം എന്ന് നിർബന്ധമുള്ളതുകൊണ്ട് ഉറങ്ങാതിരുന്ന രാത്രികളെ മുഴുവൻ പുച്ഛിച്ചു തള്ളിയ ഒരാൾ. സാധാരണ മനുഷ്യർക്ക് ഉറക്കം നഷ്ടപ്പെടുന്ന കാരണങ്ങളല്ല അയാൾക്കുള്ളത്. ഇലയ്ക്ക് ചൊറിഞ്ഞിട്ട്, കിളിക്ക് തണുത്തിട്ട്, പുല്ലിന് ദാഹിച്ചിട്ട്, രാത്രിക്ക് വിശന്നിട്ട്, കാട്ടിലെ സിംഹത്തിന് തന്റെ മുറിവു നക്കാൻ തോന്നിയിട്ട്. അങ്ങനെ അതിവിചിത്രമായ ചില കാരണങ്ങൾ (എഴുന്നേല്പ്).
രാമന്റെ കവിതയിൽ അയാളൊരു പുതുമുഖമല്ല. ‘കനം’ മുതൽക്കുള്ള കവിതകളിൽ അയാളുണ്ട്. അയാളെ സഹായിക്കാമെന്ന് ആരെങ്കിലും
വിചാരിച്ചിട്ടും കാര്യമില്ല. ഉറക്കമില്ലാതെ പിടയുന്ന അയാളെക്കണ്ട് സഹിക്കാതെ ഒരിക്കൽ, ജനലിനപ്പുറത്തെ പാതിരാച്ചില്ലകൾ
രാവിലത്തേയ്ക്കുള്ള പൂക്കൾ പുറപ്പെടുവിച്ചു കൊടുത്തു. എന്നാൽ കിടക്കപ്പായയിൽ ശ്വാസത്തിനായിപ്പിടഞ്ഞ അയാൾ പൂക്കൾക്കു പിന്നിലെ ഇരുട്ടിൽ നഖമമർത്തി. കമ്പോടുകമ്പ് വിടർന്ന പൂക്കളോടെ ഉദിക്കേണ്ടയിരുന്ന ലോകം കൊഴിഞ്ഞ പൂക്കളുടേതായതുതന്നെ അങ്ങനെയാണ്. (‘രാവിലെ കൊഴിഞ്ഞ പൂക്കളെപ്പറ്റി’, ‘തുരുമ്പ്’). ഉറക്കം നഷ്ടപ്പെട്ടതുകൊണ്ട് അയാൾക്ക് ലഭിക്കുന്ന ചില നേട്ടങ്ങളുമുണ്ട്. നക്ഷത്രവെളിച്ചത്തിൽ മാത്രം നിഴൽ പുറപ്പെടുവിക്കുന്ന രൂപങ്ങളെ തിരിച്ചറിയാനാകുന്നു; ആ നിഴലുകൾ ഭൂമിയെച്ചുറ്റുന്നത് കൂടിവരുന്ന തണുപ്പുകൊണ്ട് അനുഭവിക്കാനാകുന്നു. ഇമ്മാതിരി ഉറക്കം നഷ്ടപ്പെട്ട ഒരു കുട്ടിയാണ് രാത്രി പന്ത്രണ്ടരയ്ക്ക് ഒരമ്മ പാടുന്ന താരാട്ടിൽ,
ചൂളംകുത്തിപ്പോകുന്നത്
എണ്ണത്തീവണ്ടിയാണോ
ചരക്കു, തീവണ്ടിയാണോ
ആളെക്കേറ്റുന്നതാണോ
എന്നാലോചിച്ചു കിടക്കാതെ
ഈ രാത്രി
അങ്ങനെ
കേറിപ്പൊയ്‌ക്കൊണ്ടിരിക്കുകയാണ്
അതിൽ.
(രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്)
എന്നിങ്ങനെയുള്ള വരികൾ കേൾക്കാനാവുക. അങ്ങനെ ഉറങ്ങാതിരുന്ന കുട്ടിയാണ്, തന്റെ കവതാപുസ്തകത്തിന് ‘രാത്രി
പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്’ എന്ന് പേരിടുക. തന്റെ നഷ്ടപ്പെട്ട ഉറക്കത്തെ ലോകത്തിനു മുമ്പിലേയ്ക്ക് പ്രക്ഷേപണം ചെയ്യാനുള്ള ഒരു വഴിയാണ് പാതിരാ പിന്നിട്ട ഈ താരാട്ട്; കവിതയും.
ഈ സമാഹാരത്തിലെ ശ്രദ്ധേയമായൊരു കവിതയാണ്, ‘വേല കേറുമ്പോൾ’. തികച്ചും ഗ്രാമീണമായ അന്തരീക്ഷം, താളം.
കടപ്പറമ്പത്ത് കാവിലമ്മയുടെ വേല കൂടാൻ പോകുന്നതും പല കാഴ്ചകൾ കാണുന്നതും പാടത്തൂടാരവം കൂട്ടി അരിക്കുന്ന ജന
ക്കൂട്ടം ഒരു പെരുംമൃഗത്തെപ്പോലെ തോന്നിക്കുന്നതും, ആ പുരാതന മൃഗത്തെ കാവിലമ്മയ്ക്ക് ബലികൊടുത്ത് മടങ്ങിപ്പോരുന്നതും, വയൽവരമ്പിലൂടെ ഒരു ചിലമ്പൊലിച്ചിരിക്കരച്ചിൽ ഇഴയുന്നതും: ഒരു ബലിയുടേയും ആത്മവിശുദ്ധീകരണത്തിന്റെയും
ഛായയുള്ള കവിത. കവിതയിൽ, ഒരൊറ്റ വാചകം പോലും പൂർണക്രിയയിൽ അവസാനിക്കുന്നില്ല. പോകുമ്പോൾ, പായുമ്പോൾ,
ഇഴയുമ്പോൾ എന്നിങ്ങനെ ഓരോ വാക്യവും ഇപ്പോൾ മുഴുവനാകും എന്ന് തോന്നിപ്പിച്ചുകൊണ്ട് അവസാനിക്കും; വേല എന്നത് ഒരിക്കലും അവസാനിക്കാത്തതോ, അവസാനിക്കാൻ കവി ഇഷ്ടപ്പെടാത്തതോ ആയ ഒരാഭിചാരപ്രക്രിയയാണ് എന്ന് ഓർ
മിപ്പിച്ചുകൊണ്ട്. അതൊടൊപ്പം, പഴയ ചങ്ങാതിച്ചിരിയലിഞ്ഞ് വെയിലിന്നൂക്കു കുറയുന്നതും അമരത്തിൽപ്പൊട്ടുന്ന കതിനയ്‌ക്കൊപ്പം കേൾക്കുന്ന ചിലമ്പൊലി, ഉത്സവം കഴിയുമ്പോൾ ഒരു ചിരിക്കരച്ചിലായി ഇഴയുന്നതും കവിതകൊണ്ട് അടയാളപ്പെടും; ടയറുവണ്ടിയിലെ കെട്ടുകാളകളും ഐസിൻ വണ്ടിയിലെ സിപ്പപ്പും ആധുനികതയുടെ മുദ്രകളായി വെളിച്ചപ്പെടുകയും ചെയ്യും.
വേലകൂടാൻ പോകുന്ന ‘നമ്മളി’ലെ ഞാൻ വരുന്നത് എവിടെ നിന്നാണ്? അയാൾ ആദ്യം മുതൽക്കേ കവിയോടൊപ്പമുണ്ട്.
ഏറെ ഉൾവലിഞ്ഞ ഏകാകിയായ ഒരാൾ. ‘കവിത’എന്നു പേരിട്ടൊരു കവിതയിൽ,
ഉൾവലിഞ്ഞ്
ഞാനെന്റെ
എല്ലിൽച്ചെന്നു തട്ടി,
ഉയിരുകോച്ചുംവിധമൊരു
ശബ്ദുമുണ്ടായി (കനം)
എന്നു വായിക്കുമ്പോൾ കണ്ടുമുട്ടുന്ന ആൾതന്നെ. പ്രത്യക്ഷ
ത്തിൽ സൂചനകൾ കുറവാണെങ്കിലും നഗരത്തിന്റെ രീതികളോട് പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന ഒരു ഗ്രാമീണനാണ് ഇങ്ങ
നെ ഒഴിഞ്ഞുമാറുന്നത് എന്നു കാണാൻ പ്രയാസമില്ല. പരിചിതമുഖങ്ങളിൽ നിന്ന് ഒഴുഞ്ഞുമാറാൻ ശ്രമിക്കുന്ന ഒരാൾ.
ഒഴിഞ്ഞുമാറേണ്ട
വിധങ്ങളെപ്പറ്റി
പുതിയ വിദ്യകൾ
പഠിപ്പിക്കുന്നെന്നെ
പുതിയ കെട്ടിടച്ചുമരുകൾ
പിന്നെ പരീക്ഷിക്കാനായി
പരിചിതമുഖപരമ്പര
വരുന്നു നേർക്കുനേർ (പരീക്ഷ, കനം)
കെട്ടിടച്ചുമരുകളാണ് ഗുരുക്കന്മാർ, പഠനം ഒഴിഞ്ഞുമാറേണ്ടവിധങ്ങളെക്കുറിച്ച്. പണ്ടും കളരികളിൽ ഒഴിഞ്ഞുമാറാൻ പഠിപ്പിച്ചിരുന്നല്ലോ. പക്ഷേ, ഇവിടെ അങ്ങനെയല്ല. ഒഴിഞ്ഞുമാറിയില്ലെങ്കിൽ ശിക്ഷ പരിചിതമുഖങ്ങളെ നേരിടേണ്ടിവരുക എന്നതാണ്. എതിരാളിയുടെ വാൾത്തലയേറ്റ് കഴുത്തുപോകുകയായിരുന്നു ഭേദം – എന്നു തോന്നിപ്പിക്കുന്ന വിധം കഠിനമായ പരാജയബോധം. തോൽവി എന്തിലുമാകാം. പ്രണയത്തിൽ, തൊഴിലിൽ, സ്‌നേഹബന്ധങ്ങളിൽ അങ്ങനെ എന്തിലും. എന്നാൽ കാല്പനികരായ ചങ്ങമ്പുഴയെയോ കുഞ്ഞിരാമൻ നായരെയോ പോലെ ഉത്തരാധുനികനായ കവിക്ക് തന്റെ തോൽവിയെക്കുറിച്ച് പാടിക്കരയുക വയ്യല്ലോ. അതിനാലാണ് അയാൾ ഉയിരുകോച്ചുന്ന ഒച്ചയെന്ന് കവിതയെ അടയാളപ്പെടുത്തുന്നത്. ‘കനം’, ‘തുരുമ്പ്’, ‘ഭാഷയും കുഞ്ഞും’ എന്നീ സമാഹാരങ്ങളിലൊക്കെ കാണുന്ന മനുഷ്യന് ഈ സ്വഭാവമുണ്ട്. എന്നാൽ ‘രാത്രി പന്ത്രണ്ടരയക്ക് ഒരു താരാട്ട്’ എന്ന സമാഹാരത്തിലെത്തുമ്പോൾ അയാൾ കുറച്ചൊരു പ്രസന്നത കൈവരിച്ചതായിക്കാണം; അസ്വസ്ഥതകളുണ്ടെങ്കിലും, ഉറക്കം വീണ്ടെടുത്തിട്ടില്ലെങ്കിലും. ആ പ്രസന്നതയിൽ നിന്നാവണം, അയാൾക്ക് പുറത്തിറങ്ങാൻ സാധിക്കുന്നുണ്ട്. ഒരു പക്ഷേ,
തന്റെ ഗ്രാമം തിരിച്ചുകിട്ടിയതുകൊണ്ടു കൂടിയാകാം ഇത്. അങ്ങനെ പുറത്തിറങ്ങുന്ന മനുഷ്യൻ പിന്നെ ചെന്നുപെടുന്നത് പൂരപ്പറമ്പുകളിലത്രേ. ‘ഉത്സവം’, ‘പൂരപ്പറമ്പിൽ’, ‘വേലകേറുമ്പോൾ’ തുടങ്ങിയ കവിതകളിലൊക്കെ ഇത് കാണാം.
മറ്റൊരു തരത്തിൽപ്പറഞ്ഞാൽ ഈ സമാഹാരത്തിൽ കവി ചെന്നെത്തുന്നതായി കാണപ്പെടുന്ന ഒരേ ഒരു പൊതു ഇടം പൂരപ്പറമ്പാണ്. അതിന്നർത്ഥം, ഉള്ളിലേയ്ക്കുള്ളിലേയ്ക്കിറങ്ങിപ്പോയ ആ മനുഷ്യൻ അവിടെ നിന്ന് ഉത്സവക്കളത്തിലേക്ക് തെറിച്ചുവീണു എന്നാണ്. അതൊട്ടും അസ്വാഭാവികവുമല്ല. നിറയെ ആളുകളുണ്ടെങ്കിലും, പൂരപ്പറമ്പ് ഒരർത്ഥത്തിൽ വിജനമാണ്. ഓരോരു
ത്തർക്കും അവരവരുടെ ലോകങ്ങളിൽ അഭിരമിക്കാവുന്നതും.
മിഖായേൽ ബക്തിൻ മുന്നോട്ടുവച്ച കാർണിവൽ സംസ്‌കാരത്തോട് പൂർണമായിത്തന്നെ ഇണങ്ങുന്ന ഒരിടമാണ് ഈ വേലപ്പറമ്പ്. വ്യക്തികളുടെ സ്വതന്ത്രവും പരിചിതവുമായ ഇപെടലുകളും, അസാധാരണ പെരുമാറ്റങ്ങളും, വൈരുദ്ധ്യങ്ങളും ദൈവനിന്ദപോലും അംഗീകരിക്കപ്പെടുന്നതും കടപ്പറമ്പത്ത് കാവിലമ്മയുടെ വേലകൂടാനുള്ള യാത്ര മുതൽക്കുതന്നെ ആഘോഷത്തിന്റെ ഒരു സവിശേഷസംസ്‌കൃതി വെളിപ്പെടുന്നു. സാമാന്യവും സൂക്ഷ്മവുമായ കാഴ്ചകളുണ്ട് അതിൽ. വലിയ പാടം മുറിച്ച് കടന്നുപോകുന്ന ആൾക്കൂട്ടം; ചിലമ്പൊലികൾ; പൊട്ടുന്ന കതിനകൾ; ഐസും സിപ്പപ്പും വിൽക്കുന്ന വണ്ടികൾ; ബലൂൺ കച്ചവടക്കാർ – അതൊക്കെക്കണ്ട് കറുത്തമേനിയിൽ ചുവപ്പുടുത്ത് ദേശത്തോടൊപ്പം വേലകൂടാനായി പോകുന്ന ‘നമ്മൾ’ അടയാളപ്പെടുത്തുന്ന കാഴ്ചയുടെ പരപ്പ് ഒരു ഭാഗത്ത്. മറ്റൊരു ഭാഗത്ത്,
വിരലിൽ നിന്നൂർന്ന മത്തങ്ങാ ബലൂൺ പിടിക്കാനായോടുന്ന കുട്ടി; സിപ്പപ്പു വലിക്കുന്ന (താടിനീട്ടിയ, കാവിചുറ്റിയ) വൃദ്ധൻ; മുഖത്തെ കോലമുയർത്തി മോരുംവെള്ളം കുടിക്കുന്ന പൂതന്മാർ, ചവിട്ടടി പിഴച്ച് നെൽക്കുറ്റികൾക്കിടയിൽ വീണുപോയ ഒരാൾ…
അങ്ങനെ കാഴ്ചയുടെ സൂക്ഷ്മത. അമ്മിഞ്ഞയിൽ നിന്നകലുന്ന കുട്ടിക്കു കിട്ടുന്ന കൗതുകങ്ങളാണ് മാമ്പഴവും സിപ്പപ്പുമെല്ലാം (എം.എൻ. വിജയനെ ഓർമിക്കുന്നു). അങ്ങനെയെങ്കിൽ, ആ വൃദ്ധൻ – അയാളിലൂടെ കവിയും – ബാല്യം വീണ്ടെടുക്കുകയല്ലേ, പൂരപ്പറമ്പിൽ? കോലമുയർത്തി വെള്ളം കുടിക്കുന്ന പൂതന്മാരെയും ശ്രദ്ധിക്കണം. ദൈവത്തിന് വിശപ്പും ദാഹവുമില്ല.
അതുള്ള മനുഷ്യരാണ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിക്കുന്ന പൂതം മനുഷ്യനോ ദൈവമോ? പലതരം ദൈവങ്ങളെക്കാണാം, രാമന്റെ കവിതയിൽ. ചിലപ്പോൾ,
ആ നദിയെ
താനെവിടെ
വച്ചുവെന്നതറിയാതെ
ലോകമെങ്ങും പരതുന്ന
ദൈവമെൻ ദൈവം-
കാറ്റിലെങ്ങോ
പാറിപ്പോയോ
രിലയെത്തിരഞ്ഞ്
ശൂന്യാകാശങ്ങളിൽ
ചൂട്ടുവീശും
ദൈവമെൻ ദൈവം-
(ഇപ്പോൾ പ്രാർത്ഥിക്കുന്ന ദൈവം, ഭാഷയും കുഞ്ഞും)
കാണാതാകുന്ന വസ്തുക്കളെത്തിരഞ്ഞു നടക്കുന്ന ഒരു ‘ഞാൻ’ ഈ കവിതകളിൽ ധാരാളമാണെന്നിരിക്കെ, അങ്ങനെയൊരു ദൈവവും ഉണ്ടായിരിക്കണമല്ലോ! മറ്റു ചിലപ്പോൾ, ‘മ്യൂസിയത്തിൽ’എന്ന കവിതയിൽ കാണുംപോലെ, ഇപ്പോൾ
അസ്തിത്വമേ ഇല്ലാതായിപ്പോയ ദൈവങ്ങൾ. ‘ഖേയിൽ’ എന്നും ‘ഭോൽ’ എന്നും, ‘കുദും’ എന്നും ‘കുഷും’ എന്നും ഒക്കെ പേരുള്ള ദൈവങ്ങൾ പണ്ടുണ്ടായിരുന്നവരാണ്. പക്ഷേ, ഇപ്പോഴോ, എല്ലാവരേയും മണ്ണിനടയിൽ നിന്നു കുഴിച്ചെടുത്തു പുറത്തിട്ടു ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങളിൽ, പ്രാർത്ഥനാ ഗാനങ്ങൾ കല്ലിച്ചു കിടന്നു പുറത്തെടുത്തു കിടത്തിയ ദൈവങ്ങളെ നോക്കി നിലവിലെ സർവശക്തരായ ദൈവങ്ങളും നമ്മളും നെടുവീർപ്പിടുന്നു. ചരിത്രമുണ്ടായ കാലം മുതൽക്ക് ഇന്നോളം ദൈവസങ്കല്പത്തിലുണ്ടായ പരിണാമത്തെക്കുറിച്ച് ഓർക്കാതെ ഈ കവിത വായിച്ചു മുഴുമിപ്പിക്കുക വയ്യ. ‘വേലകേറുമ്പോൾ’എന്ന കവിതയിൽ കാണുന്നതുപോലെ, മാതൃദേവതാരാധനയുമായി അഭേദ്യമായി ബന്ധപ്പെടുന്ന ദൈവങ്ങളെയും ഈ കവിതകളിൽക്കാണാം. നൂറുനൂറു നാട്ടുകഥകളിലൂടെയും ഇടശ്ശേരിയുടെ ‘കാവിലെപ്പാട്ടി’ലൂടെയും മറ്റും നമ്മുടെ മനസ്സിൽ വേരുറച്ച ഒരു അമ്മദൈവം. ക്രൂരയും കുപിതയും ബലിയാൽ പ്രീതയാകുന്നവളുമായ അമ്മ. കറുത്ത മേനിയിൽ ഉടുത്ത ‘ചുവപ്പ്’ ഈ ദേവിയെ പ്രീതിപ്പെടുത്താനുള്ളതാണ്. ആ ദേവിക്കുതന്നെയാണ് ഒരു പുരാതന പെരുംമൃഗമായി പരിണമിച്ച ആൾക്കുട്ടത്തെ ബലികൊടുക്കുന്നത്.
കവിതയിൽ കാണുന്ന ബലിയെ കവിയുടെ മരണസങ്കല്പവുമായി കൂട്ടിച്ചേർത്തുവായിക്കേണ്ടതുണ്ട്. മരിക്കുന്നവരെല്ലാം, അതിനു മുമ്പ്, ഏതോ നിഗൂഢഭാഷയിൽ തനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ജീവിതത്തിന്റേത് എന്നു കരുതുന്ന ഒരു തെളിമയായിട്ടോ, (‘നാലുനാൾ കഴിഞ്ഞ്’ എന്ന കവിത) ദൃഢനിശ്ചയത്തിന്റെ കവിൾത്തുടിപ്പായിട്ടോ (കവിള്) താൻ വായിച്ചെടുത്ത സന്ദേശങ്ങൾ മരണത്തിന്റേതായിരുന്നു എന്നു തിരിച്ചറിയാൻ കഴിയാതെ പോയതുകൊണ്ട് താനെത്തുമ്പോഴേക്ക് ചിത കെട്ടടങ്ങിയിട്ടുണ്ടാകും.
നോട്ടത്തിന്റെ കോണളവുകളിലുള്ള വ്യത്യാസം രാമന്റെ കവിതയ്ക്ക് എപ്പോഴുമൊരു പുതുക്കം നൽകുന്നുണ്ട്. ജീവിതത്തേയും മരണത്തേയും വേർതിരിക്കുന്നതിലും അങ്ങനെ ചില വീക്ഷണകോണുകൾ പ്രവർത്തിക്കുന്നതു കാണും. ”ഈ തൂൺ മറ
ഞ്ഞു നിന്നാൽ മരിക്കുന്നതു കാണില്ല” (മരിക്കുന്നതെനിക്കു കാണണ്ട, ഭാഷയും കുഞ്ഞും) എന്നും, ”ആളുകൾ നോക്കാൻ സാധ്യതയുള്ള ഈ പ്രത്യേക കോണിൽ നിന്നു നോക്കിയാൽ പിന്നിലുള്ളവ കാണില്ല” (ഭൂതകാലത്തിനെതിരെ ഒരു നീക്കം, ഭാഷയും കുഞ്ഞും) എന്നും, എഴുതിയതിന്റെ തുടർച്ചയായിട്ടും
മരിച്ചമാതിരി
നിൽക്കാൻ കഴിയുന്ന
ഒരു സ്ഥലമുണ്ട്
ഏതു മഹാസംഭവത്തിനും
പിന്നിൽ,
ഏതു നിസ്സാരകാര്യത്തിനും
പിന്നിൽ-‘
(മോഹിക്കണ്ട)
എന്നും വായിക്കാം. അതാകട്ടെ, കഷ്ടിച്ചു കയറിനിൽക്കാൻ മാത്രമുള്ള ഇടമാണ്. വിസ്തരിച്ചു കിടക്കാനുള്ളതല്ല. പെരുവിരലിൽ ചന്ദ്രനെ മറയ്ക്കും പോലെ, ഒരു പ്രത്യേക സ്ഥാനത്ത്, പ്രത്യേക ബിന്ദുവിൽ മാത്രം സാധിക്കുന്ന അത്ഭുതം. സവിശേഷമായ ഒരു നിഷേധസ്വഭാവം ഇത്തരം കവിതകളിലൊക്കെ ആവർ ത്തിക്കുന്നു. ‘മോഹിക്കണ്ട’, ‘കാണണ്ട’, ‘ഇങ്ങനെയല്ല’, ‘ഞാൻ വരില്ല’- എന്ന മട്ടിൽ അപ്പോൾ മരണത്തെക്കുറിച്ച് ഇങ്ങനെ ആവർത്തിക്കുന്നത് കടുത്ത ജീവിതാഭിരതി കൊണ്ടാണ് എന്നു വേണ്ടേ മനസ്സിലാക്കാൻ? തന്റെ ദീർഘായുസ്സിന്റെ രഹസ്യം ലോകത്തിനു മുമ്പിലേയ്ക്ക് ഒരു ശവം വലിച്ചെറിഞ്ഞു കൊടുക്കാൻ താത്പര്യമില്ലാത്തതാണെന്ന് ഈ കവി പ്രഖ്യാപിച്ചിട്ടുമുണ്ടല്ലോ.
ആളുകൾ മരിക്കുമ്പോൾ സന്തോഷിക്കുന്ന ഒരാളുമുണ്ട് കവിക്കുള്ളിൽ. അയാൾക്കതിന്റ കാരണം അറിഞ്ഞുകൂടായിരുന്നു. ഇങ്ങനെ ഒരു സ്വഭാവമുള്ളതിൽ അയാൾക്ക് പ്രയാസമുണ്ടായിരുന്നു.
ഒരിക്കൽ ഒരു വെളുത്തചുമര് അതിന്റെ രഹസ്യം വെളിപ്പെടുത്തി:
ഒരിറക്കു വിഷം,
ഒരു കുരുക്കു പിടച്ചിൽ
സ്വയം തീരേണ്ടയാളായിരുന്നു
നീ-
വേണ്ടസമയത്ത് ചെയ്തില്ല
അതാണ് ഇപ്പോൾ
ഇങ്ങനെയൊക്കെ തോന്നുന്നത് –
(വെളുത്ത ഭിത്തി)
തനിക്ക് ലഭിക്കാതെപോയ മരണത്തിന്റെ ആഹ്ലാദം മറ്റൊരാൾ ക്ക് ലഭിക്കുന്നതു കാണുമ്പോഴുള്ള സന്തോഷമെന്നോ, മരിക്കാതെ രക്ഷപ്പെട്ടതിലുള്ള ആശ്വാസമെന്നോ, രണ്ടു വിരുദ്ധസ്ഥായികളിൽ വിശദീകരിക്കാവുന്ന ഒരു കാരണം. മരണത്തോടുള്ള ആഭിമുഖ്യം അയാൾക്ക് എക്കാലത്തുമുണ്ട്. ഒരിക്കൽ ആത്മഹത്യാമുനമ്പിലേയ്ക്ക് കയറിപ്പോയിട്ട്, ഏതോ കടലക്കാരന്റെ വിളിയിൽ തിരിച്ചിറങ്ങിപ്പോന്നിട്ടുണ്ട് അയാൾ (‘ആത്മഹത്യാ മുനമ്പിൽ,’ ‘ഭാഷയും കുഞ്ഞും’). മരണം ആഹ്ലാദദായകമായ ഒരഭയസ്ഥാനമാണെന്ന് തോന്നലുണ്ടെങ്കിലും അതിലേയ്ക്ക് എടുത്തുചാടാനുള്ള
ആത്മധൈര്യമില്ല. അതുകൊണ്ടാണ്, സന്തോഷത്തിനു പിറകെ സംഘർഷം വരുന്നത്. എന്നാൽ മരണത്തെ തോല്പിച്ചതിനു ശേഷമുള്ള ജീവിതം, അയാൾക്ക് ദുസ്സഹമാണ്, ഉറക്കമില്ലാത്തതാണ്.
ഇവിടെയാണ് കടപ്പറമ്പത്തുകാവിലമ്മയ്ക്കുള്ള ബലി എന്ന സങ്കല്പം പ്രധാനമാകുന്നത്. താൻകൂടി ഉൾപ്പെടുന്ന പുരുഷാരം കവിതയിൽ പെട്ടെന്ന് ഒരു പുരാതനബലിമൃഗമായി മാറുകയാണല്ലോ;
”പതിയും സൂര്യന്റെ പതിഞ്ഞവെട്ടം വീ-
ണതിൻ ചെതുമ്പൽ മിനുങ്ങുമ്പോൾ
ഉയർന്നുപൊങ്ങുന്ന പൊടിയിലൂടതി-
ന്നകത്തെ സങ്കടം തെളിയുമ്പോൾ-”
മിനുങ്ങുന്ന ചെതുമ്പലുകൾക്കകത്ത് സങ്കടമാണ്. ഈ മൃഗത്തിനെന്തിനാണ് സങ്കടം? അതിനുണ്ടോ വിവേചനബുദ്ധി? എന്നാൽ ആ മൃഗത്തിനകത്താണ് കവി. അഥവാ കവിക്കകത്ത് ആ മൃഗം. അപ്പോൾ ആ മൃഗത്തെ ബലികൊടുക്കുക എന്നത് ആത്മബലിതന്നെയാണ്. വിടാതെ പിൻതുടരുന്ന മൃത്യുബോധത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഈ ബലി എന്നും വരാം. ഒറ്റയ്ക്കു മരിക്കാൻ ഭയമുള്ളതുകൊണ്ടാവുമോ, ദേശത്തെ മുഴുവൻ കുരുതികൊടുക്കുന്നത്?
”ഓരോ മരണത്തെയും കുറിച്ചോർത്തുള്ള കുറ്റബോധത്തിന്റെ പേരായിരിക്കുന്നു കവിത” (ഇങ്ങനെയായിരുന്നില്ല എന്റെ കവി ത) എന്നത് കവിതയുടെ സത്യവാങ്മൂലമാണെങ്കിൽ, ‘വേലകേറുമ്പോൾ’ എന്നത് , ആ മരണത്തെ അതിജീവിക്കാനുള്ള ഇച്ഛയുടെ സാക്ഷ്യപത്രമാകുന്നു. താൻകൂടി ഉൾപ്പെടുന്ന ആ ദേശബലി (ദേശത്തെ ബലികൊടുക്കുക എന്നും ദേശം നൽകുന്ന ബലി എന്നുമുള്ള അർത്ഥത്തിൽ) ഒരവസാനമല്ല; പുൻജനിയാണ് എന്ന് ഇതിനെ ചുരുക്കട്ടെ.