ബൈബിളിലെ സംഭവങ്ങളെയും പ്രമേയങ്ങളെയും കഥാപാത്രങ്ങളെയും, കാലീകവും കാല്പനീകവും ഭാവനാത്മകവുമായി പുനഃസൃഷ്ടിച്ചിട്ടുള്ള ധാരാളം കൃതികൾ വിശ്വസാഹിത്യത്തിലുണ്ട്. കാലാതിവർത്തിയായ റഷ്യൻ സാഹിത്യകാരൻ ദസ്‌തെയ്‌വ്‌സ്‌കിയുടെ ‘കാരമസോവ് സഹോദരന്മാർ’, കസാന്ദ് സാക്കീസിന്റെ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’, സരമാഗുവിന്റെ ‘യേശുക്രിസ്തുവിന്റെ സുവിശേഷം’ തുടങ്ങിയവ സമാനതികളില്ലാത്ത ആവിഷ്‌ക്കാരങ്ങളാണ്. മലയാള സാഹിത്യത്തിലും സമാനമായി ഭാവനാവ്യവഹാരങ്ങൾ വിവർത്തനമായും മൗലീക രൂപത്തിലും ഉണ്ടായിട്ടുണ്ട്. മഹാകവി വള്ളത്തോള്ളിന്റെ ‘മഗ്ദലമറിയം’, മീരയുടെ സൂര്യനെ അണിഞ്ഞ സ്ത്രീ’, സക്കറിയയുടെ എന്തുണ്ട് പീലാത്തോസേ വിശേഷം?’, സി.ജെ. തോമസിന്റെ ‘ആ മനുഷ്യൻ നീ തന്നെ’, ബെന്യാമിന്റെ ‘പ്രവാചകന്മാരുടെ രണ്ടാം പുസ്തകം’ എന്നിവ പ്രധാന ഉദാഹരണങ്ങളാണ്. സാറാ ജോഫിന്റെ ‘സാറായിയുടെ മരുദേശങ്ങൾ’ ഈ അഖ്യാന സമ്പ്രദായത്തിലെ ഒടുവിലത്തെ കൃതിയാണ്.ചരിത്രവും മനുഷ്യനും നിരന്തരം നവീകരിക്കപ്പെടുന്നുണ്ട്. ചരിത്രത്തിന്റെ സങ്കീർണ്ണമായ ഉരുവുംകൊള്ളലിൽ രാഷ്ട്രീയപരമായും ജനാധിപത്യപരമായും പങ്കുചേരുന്നതിലൂടെയാണ്. മതം മിക്കപ്പോഴും കലാത്തെ മൂല്യത്തെ ചരിത്രഘട്ടമായും തൂനീകരിക്കുന്നു. ഈ പ്രവണത അജൈവികവും അശാസ്ത്രീയവുമാണ്. മതം ശാസ്ത്രത്തെ ഭയപ്പെടുന്നതും നിഷേധിക്കുന്നതും അതിന്റെ വിഗ്രഹങ്ങൾ ഉടഞ്ഞുപോകാതിരിക്കാനാണ്. അശാസ്ത്രീയമായി പ്രയോഗിക്കപ്പെടുന്ന മാതാവിഷ്‌ക്കാരങ്ങൾക്ക് കാലത്തെ നേരിടാനുള്ള പ്രാപ്തിയുണ്ടാവില്ല.
”ഒരു മതവും സ്വയം നവീകരിക്കില്ല” (ആനന്ദ്). നവീകരിക്കാനും നവീകരിക്കപ്പെടാനും അറയ്ക്കുന്ന മതം മനുഷ്യനെ ഇരുണ്ടകാലത്തിലേക്ക് നയിക്കും. മൂല്യങ്ങളെ ശാസ്ത്രീയമായ വിചാരണയ്ക്ക് നിരന്തരം വിധേയമാക്കുന്നത്, മതത്തെ നിഷേധിക്കാനല്ല, നവീകരിക്കാനും ജനാധിപത്യവൽക്കരിക്കാനുമാണ്. മനുഷ്യശരീരങ്ങളുടെ വീണ്ടെടുപ്പും ആഘോഷവുമാണ് മതത്തിന്റെ ലക്ഷ്യവും സാധ്യതയും. കലത്തോടുള്ള കലാപമാണ് ശാസ്ത്രബോധം. ശരീരവും ശാസ്ത്രവും ചരിത്രവും, ദേശവും, ഭാഷയും, പ്രകൃതിയും, ശരീരബോധങ്ങളും മതശാസനികളിലും വിശ്വാസപരിസരങ്ങളിലും എങ്ങനെ അടയാളപ്പെടുത്തുന്നുവെന്നത്. മതേതര ജീവിതത്തിന് ഏറെ സംഗതമാണ്. ‘സാറായിയുടെ മരുദേശങ്ങൾ’ ഇത്തരത്തിലൊരു അന്വേഷണമാണ്.
ബൈബിൾ പഴയ നിയമത്തിലെ യൂനായുടെയും സാറായിയുടെയും കഥകളെ ചരിത്രത്തിനുള്ളിൽ സാറാ ജോസഫ് അടയാപ്പെടുത്തുന്നു. സഹിത്യത്തിലെ നോവലെറ്റ് എന്ന ഭാവനാ സങ്കേതമാണ് ടീച്ചർ ഉപയോഗിക്കുന്നത്. മതഗ്രന്ഥങ്ങളിൽ കഥാപാത്രങ്ങളെ ചരിത്രവൽക്കരിക്കുന്നത് മതവിശ്വസത്തെ അവഹേളിക്കാനാല്ല, അവർക്ക് വർത്തമാനകലവുമായി ജനാധിപത്യപരമായി സംവദിക്കാനും വിചാരണങ്ങളെയും വിചാരങ്ങളെയും നേരിട്ട് കാലഹരണപ്പെടാതെ നിലനിൽക്കാനും കഴിയുമെന്നതുകൊണ്ടാണ്. മതത്തിന്റെ മൂല്യങ്ങൾ നീതിബദ്ധമായും കാലാനുസൃതമായും വികാസം പ്രാപിക്കേണ്ടത് ഇത്തരം അവിഷ്‌ക്കാരങ്ങളിലൂടെയാണ്. ”ഏതൊരു ഇതിഹാസവും വളരുന്നത് അത് വായിക്കപ്പെടുന്ന ദേശകാലങ്ങളിൽവെച്ച് അതിന് പുതിയ വ്യാഖ്യാനങ്ങളും ആവിഷ്‌ക്കാരങ്ങളും ഉണ്ടാകുമ്പോഴാണ്. നൂറ്റണ്ടുകളുടെ ഈ മഹാസഞ്ചയവും കൂടിച്ചേർന്ന് അനുദിനം വികസ്വരമായിക്കൊണ്ടിരിക്കുന്ന മഹാഗ്രന്ഥമാണ് ബൈബിൾ”.
ചൂണ്ടുവിരലില്ലാത്ത നഗരങ്ങൾ:
യൂനായുടെ ഒളിച്ചോട്ടങ്ങൾ’ എന്ന ആദ്യ ലഘുനോവൽ ദൈവവും മനുഷ്യനും തമ്മിലുള്ള
സംവാദസാധ്യതകളെ ചരിത്രത്തിനുള്ളിൽ യാഥാർത്ഥ്യമാക്കുനുള്ള ശ്രമമാണ്. ബി.സി. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന യൂനയുടെ പുതിയ അവതാരങ്ങളെ ചരിത്രത്തിൽ അന്വേഷിക്കുന്നു.
‘സമുദ്രശില’ എന്ന നോവലിൽ പുരാണകഥാപത്രമായ അംബയെ തന്റെ ജീവിതപരിസത്തിൽ പുനരവതരിപ്പിക്കുന്ന സുഭാഷ് ചന്ദ്രനും ഇതുപോലെയൊരു കൃത്യം നിർവ്വഹിക്കുന്നു. മഹാഖ്യാനങ്ങളുടെ മറുപാടങ്ങൾ അവയെ കൂടുതൽ പ്രസക്തമാക്കുന്നു. ജഢം ധരിക്കാനറയ്ക്കുന്ന മിത്തുകളെ ഗർഭം ധരിക്കാൻ കാലത്തെ സജ്ജമാക്കുകയാണ് ടീച്ചർ. ഇതിഹാസങ്ങളുടെ പ്രജനനശേഷി അവയുടെ മൂല്യങ്ങളുടെ കാലീക ആവിഷ്‌ക്കാര സാധ്യതകളുടെ തെളിവാണ്. കാലമാണ് ബൈബിളിന്റെയും ഇതിഹാസങ്ങളുടെയും കണ്ണ്. ദൈവവും സമൂഹവും കൈവിട്ട യൂനയുടെ ജീവിതം, ഭാര്യയുടെ കാഴ്ചപാടിലൂടെയാണ് സാറാ ടീച്ചർ അവതരിപ്പിക്കുന്നത്. ‘ക’ എന്ന മഹാനഗരത്തിലേക്ക് പോകാനും അതിനെതിരെ പ്രസംഗിക്കാനുള്ള ദൈവത്തിന്റെ കല്പനക്ക് വിരുദ്ധമായി നേർവിവരീത ദിശയിലുള്ള ‘തി’യിലെത്തി. യുനായെക്കുറിച്ചുള്ള സാമ്പ്രദായിക ഹീറോയിസത്തിന്റെ വാഴ്ത്തുപാട്ടല്ല ടീച്ചറിന്റെ ലക്ഷ്യം. വീരചരിത്രങ്ങൾ രചിക്കുന്നതിനിടിൽ അദൃശ്യരാക്കപ്പെടുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും, പരിതോവസ്ഥ
ഓർമ്മപ്പെടുത്തുന്ന ചരിത്രനിയോഗം ഈ ലഘുനോവലിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങളിലൊന്നാണ്.
ഇതിഹാസ നായകരുടെ പരയോട്ടത്തിൽ വെന്തുപോയ ജനങ്ങളെക്കുറിച്ച് രാജേന്ദ്രൻ എടത്തുംകരയുടെ ”ഞാനും ബുദ്ധനും” വിവരിക്കുന്നുണ്ട്. സിദ്ധാർത്ഥന്റെ കാരുണ്യത്തിന്റെ വർണ്ണനകൾക്കിടയിൽ കപിലവസ്തുവിനകത്തും പുറത്തുമുള്ള നിരവധി മനുഷ്യരുടെ നിശബ്ദ നിലവിളികൾ നീരാവിയായിപ്പോയി. രാമായണ മഹാഭാരതങ്ങളിൽ മനനമാർന്ന നിലവിളി മാത്രമായി ഒതുങ്ങിപ്പോയ ഊർമ്മിള മുതൽ ഹിംസുബി വരെയുള്ള സ്ത്രീകൾ മനസ്സുകൊണ്ട് സംസാരിച്ചതിന്റെ പതിനായിരത്തിലൊന്നുപോലും ഇതിഹാസകാരന്മാർ കേൾക്കാതെപോയി.
”യൂനയുടെ ഒളിച്ചോട്ടങ്ങൾ” എന്ന ലഘുനോവലിൽ ദൈവങ്ങളെക്കുറിച്ച് ഉയർത്തുന്ന സംശയങ്ങളും ചോദ്യങ്ങളും നീരിശ്വരവാദത്തിന്റെ ആഘോഷമല്ല. മറിച്ച്, ക്രിസ്തുമതം നൂറ്റാണ്ടുകളായി കെട്ടിപ്പൊക്കിയ ദൈവസങ്കൽപ്പങ്ങളുടെ വിചാരണയും പൊളിച്ചെഴുത്തുമാണ്. ”നീയെന്നെ അവിശ്വസിക്കുന്നു” എന്ന ദൈവത്തിന്റെ പരാതിക്ക് യൂന നൽകുന്ന മറുപടി, ”എങ്ങനെ അവിശ്വസിക്കാതിരിക്കും” എന്നാണ്. യൂനയുടെ പ്രവചനമനമസരിച്ച് ദൈവം നിനവയിലെ ജനത്തെ ശിക്ഷിച്ചില്ല. അവരെ രക്ഷിക്കുന്നത് തനിക്കുനേരയുള്ള പരിഹാസമായാണ് യൂനയ്ക്ക് അനുഭവപ്പെട്ടത്.
യൂന പറയുന്നു: ”എനിക്കെന്ത് സംഭവിച്ചാലും നീ നിന്റെ വഴിയെ സഞ്ചരിക്കുന്നു… ശിക്ഷിക്കുമെന്ന് പറഞ്ഞിരുന്ന നഗരത്തെ രക്ഷിച്ചുകൊണ്ട് നീ എന്നെ പരിഹസിച്ചു. ഞാൻ ഇനിയും നിന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കും”. സ്‌നേഹത്തിൽനിന്നും ഒളിച്ചോടിയ യൂനയ്ക്ക് ദൈവം മഹാസ്‌നേഹത്തിലേക്കാണ് വഴിതുറന്നത്. എന്നാൽ ഇതേവിധത്തിൽ നിനെവയിലെ ജനത്തോട് ഇടപെടുന്നത് യൂനയ്ക്ക് ഉൾക്കൊള്ളാൻ ആവുന്നില്ല. അപരനെയും ഉൾക്കൊള്ളുന്ന ദൈവം ചെകുത്താനാണ് എന്ന പ്രാകൃത മത ബോധത്തിന്റെ സവിശേഷതയാണിത്. മഹാമത്‌സ്യത്തിന്റെ ഉദരത്തിൽനിന്നും ദൈവം യൂനയെ എടുത്തെറിഞ്ഞത് ചൂണ്ടുവിരലുകളില്ലാത്ത ഒരു പുലയാടി നഗരത്തിലേക്കാണ്. അർബുദകഥകൾപോലെ അനീതിയുടെയും അക്രമത്തിന്റെയും മാരക വൈറസുകൾ അതിവേഗം പടരുന്ന പട്ടണം: ”ഒരു തക്കീതിനും ചെവികൊടുക്കാത്ത നഗരം”.
അതിശക്തമായ സാമൂഹിക വിമർശനമാണ് സാറാ ടീച്ചർ നിനെവെക്കുറിച്ച് പറയുന്നത്. തെറ്റുകളുടെ പ്രസക്തി അസ്തമിച്ച നഗരം, തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവനെ കുറ്റവാളി എന്നു വിളിക്കുന്നു. യൂനയെ വിഴുങ്ങിയ തിമിംഗലംപോലെ ഭയങ്കരമായ വലിയ വിപത്ത് നഗരത്തെ വിഴുങ്ങാൻ ഒരുങ്ങുന്നു. അപ്പനെയും അമ്മയെയും വലിച്ചെറിഞ്ഞ് അവർ സുഖഭോഗങ്ങളിൽ രമിക്കുന്നു. മലിനമാക്കപ്പെട്ട നദികളും, രക്തമൊഴുകുന്ന തെരുവുകളും, മഹാമാരി പിടിപെട്ട് തുരുതുരെ ഈയ്യാംപാറ്റകളെപ്പോലെ കൊഴിഞ്ഞുവീഴുന്ന ജനം എന്നിവ ലോകത്തിന്റെ
തിന്മയുടെ ആഴം വെളിവാക്കുന്നു. സാറാ ടീച്ചറിന്റെ ഇഷ്ട പ്രമേയമായ പരിസ്ഥിതി ദർശനവും ”യൂനയുടെ ഓളിച്ചോട്ടങ്ങളെ” കൂടുതൽ ഹരിതാപമാക്കുന്നു. മനുഷ്യദർശനവും പ്രകൃതിസ്‌നേഹവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾപോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു: ”അപ്പനും അമ്മയ്ക്കും വേണ്ടി വാദിക്കുന്നതുപോലെയാണ്”. മാതാപിതാക്കളെപ്പോലെ മണ്ണും വെള്ളവും മനുഷ്യശരീരത്തിന്റെ രൂപപ്പെടലിൽ പങ്കുചേരുന്നു. ഭൂമിക്കുവേണ്ടി സംസാരിക്കുന്നവരെ പരിസ്ഥിതി തീവ്രവാദിയാണെന്ന് ഭൂമിക്ക് ചരമഗീതം രചിക്കുന്നവർ മുദ്രകുത്തുന്നു. അവർ
വയലുകൾ തട്ടിപ്പറിച്ചും, വെള്ളം മറിച്ചുവിറ്റും പുളിച്ചുനാറിയ ആസ്വാദനങ്ങളിൽ മുഴുകുന്നു. മണ്ണിന്റെ അവകാശികൾ തെരുവുകളിൽ മണ്ണുതിന്നു കഴിയുന്നു. വെള്ളത്തിലും വായുവിലും ഭക്ഷണത്തിലും മരണം പടരുന്നു. പുലയാടി നഗരങ്ങളുടെ നേരെ ചൂണ്ടുവിരൽ ഉയർത്തുന്നവർ ഓടയിലെറിയപ്പെടുന്നു. കല്ലെറിയപ്പെടുമ്പോഴും യൂനമാർ ഉണ്ടാകും, മാംസപിണ്ഡമായി ജീവിക്കാനവർക്കാവില്ല. ഒരേസമയം യൂനയെയും നിനെവയെയും വീണ്ടെടുക്കുന്ന ദൈവം, യൂനയുടെ ഭാര്യയുടെയും പെൺമക്കളുടെയും രൂപത്തിലാണ് അവതരിക്കുന്നത്. ”അപരന്റെ ദൈവം
ചെകുത്താനാണെന്ന” സങ്കുചിതബോധ്യത്തിൽ നിന്നും വീട്ടിലേക്ക് ക്ഷണിക്കുന്ന മാതാവാണ് ദൈവം എന്ന തിരിച്ചറിവിൽ യൂന എത്തിച്ചേരുന്നു.
ഉടലിന്റെ പലായനങ്ങൾ
ജനതകളുടെ പിതാവായ അബ്രഹാമിന്റെ ദേശാന്തര തീർത്ഥാടനങ്ങളെയും, അബ്രഹാമിന്റെ
ദൈവാനുഭവങ്ങളെയും സാറായിയുടെ പക്ഷത്തുനിർത്തി അടയാളപ്പെടുത്തുന്നതാണ് ”സാറായിയുരെ മരുദേശങ്ങൾ”. അകത്തും പുറത്തും ദേശങ്ങളിലൂടെയും ശരീരത്തിലൂടെയും പലായനങ്ങൾ അനുഭവിച്ചവളാണ് സാറായി. അബ്രഹാമിന് ദൈവത്തെ അനുസരിച്ചതിന്റെ ഐതിഹാസിക ചരിത്രമാണ് സാക്ഷ്യപ്പെടുത്താനുള്ളതെങ്കിൽ, സാറായിക്ക് പറയാനുള്ള ദൈവാനുസരണത്തിന്റെ പേരിൽ അബ്രഹാം തനിക്കുനൽകിയ അപമാനത്തിന്റെ വിവരണമാണ്. വിശ്വാസികളുടെ നിത്യമാതൃകയായ അബ്രഹാമിന്റെ വിവരണങ്ങളിലെ അതീജീവനത്തിന്റെ പേരിലുള്ള പുരുഷാധിപത്യ ന്യായീകരണങ്ങളുടെ കാപട്യത്തെ ടീച്ചർ തുറന്നുകാട്ടുന്നു.
സാറായിയുടെ ചോദ്യങ്ങൾ ദൈവനിഷേധമല്ല, പുരുഷാധിപത്യത്തിന്റെ മൂശയിൽ പരുവപ്പെടുത്തിയ പുരുഷദൈവബോധ്യങ്ങളുടെ നീരസമാണ്. ”അങ്ങയുടെ കർത്താവായ യഹോവ സ്ത്രീയോ പുരുഷനോ? എന്ന സാറായിയുടെ ഒറ്റ ചോദ്യത്തിൽ അബ്രഹാമിന്റെ അനുസരണത്തിന്റെ മേൽ കെട്ടിപ്പൊക്കിയ വിശ്വാസ ചരിതങ്ങൾ ചീട്ടുകൊട്ടാരംപോലെ നിലംപരിചമാകുന്നു. അബ്രഹാമിന്റെ പുരുഷകേന്ദ്രീകൃത ബോധ്യങ്ങളെ സാറായി നിശിതമായി പരിഹസിക്കുന്നുണ്ട്. ആധിപത്യങ്ങളെ ന്യായീകരിക്കുന്ന ആൺകോയ്മയുടെ ദൈവസങ്കല്പങ്ങളായിരുന്നു അവയിൽ മിക്കവയും. കനാൻനാട് തനിക്ക് ദൈവം വാഗ്ദത്തം ചെയ്തുവെന്ന അബ്രഹാമിന്റെ അവകാശവാദത്തെ തദ്ദേശീയരായ കനാന്യരുടെ പക്ഷത്തുനിന്നാണ് സാറായി വിചാരണ ചെയ്യുന്നത്.
അതിഥിപ്രീയരായ കനാന്യരെ സ്വന്തം മണ്ണിൽനിന്നും പുറത്താക്കുന്ന ദൈവനീതിയെ സാറായി ”ഭയപ്പെട്ടു”. ”കനാനീയർക്ക് സ്വന്തം ദേശം നഷ്ടപ്പെടുമോ?”, സാറായി അടുപ്പിനൊടും വിറകിനൊടും അപ്പങ്ങളൊടും ചോദിച്ചു. വംശാധിപത്യങ്ങളെ സധൂകരിക്കുന്നതിന് ദൈവസങ്കൽപ്പങ്ങളെ ഉപയോഗിക്കുന്ന സെമിറ്റിക് മതധാരകളാണ് സാറായിലൂടെ ടീച്ചർ പുനർവായിക്കുന്നത്.
അബ്രഹാം തന്റെ ജീവരക്ഷക്കായി ഭാര്യയായ സാറായിയുടെ ”പെങ്ങൾ പദവി” ഉപയോഗിക്കുന്നുണ്ട്. തന്റെ അപ്പന്റെ മകളെങ്കിലും, ഒരേ അമ്മയുടെ മക്കളല്ല എന്ന കേവലയുക്തി ആണധികാരത്തിന്റെ അശ്ലീല ന്യായമാണ്. ഫറവോനും ഹെരാർ രാജാവായ അബീമെലേക്കിനും സാറായിയെ അബ്രഹാം ഭാഗ്യരത്‌നം പോലെ കൈമാറുന്നു. ദൈവത്തിന്റെ വിശ്വസ്തനും നീതിമാനുമെന്ന് സ്വയം വിശേഷിപ്പിക്കുന്ന അബ്രഹാം തന്റെ ഭാര്യയുടെ ഉടലും മാനവും ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിൽ സാറായി അത്ഭുതപ്പെട്ടു. യഹോവ അബ്രഹാമിന്റെ പുത്രന് ജനിക്കാനുള്ള ഗർഭപാത്രം വിശുദ്ധമായി സൂക്ഷിക്കാൻ വേണ്ടിയാണ് സാറായി രണ്ടുതവണയും രക്ഷിച്ചതെന്ന് അബ്രഹാം പറയുന്നുണ്ട്. സാറായിയുടെ പ്രതികരണം അബ്രഹാമിനെയും അബ്രഹാമിന്റെ ദൈവസങ്കൽപ്പങ്ങളെയും ഉരുക്കിക്കളയുന്നു: ”ഇനി എത്ര രാജക്കന്മാരുടെ കിടപ്പറ കണ്ടതിനുശേഷമാണ് നിങ്ങളുടെ യഹോവ, മച്ചിയായ എന്റെ ഗർഭപാത്രത്തിൽ നിങ്ങളുടെ വാഗ്ദത്ത സന്തതിയെ ജനിപ്പിക്കുക”.
പുരുഷകേന്ദ്രീകൃത മതബോധത്തെയും അതിന്റെ ഗുണഭോക്താക്കളോടും ദൈവനീതി വ്യഖ്യാനങ്ങളുടെ പൊള്ളത്തരത്തോടും സാറാ ടീച്ചർ വിമർശനാത്കവും വിമോചനാത്മകവുമായി നടത്തുന്ന അക്ഷരപോരാട്ടമാണ് ‘സാറായിയുടെ മരുദേശങ്ങൾ’. എന്ന പുസ്തകം.
ഉപസംഹാരം:
”സാറായിയുടെ മരുദേശങ്ങൾ” എന്ന പുസ്തകത്തിലെ രണ്ടു നോവലെറ്റുകളും ബൈബിൾ എന്ന മഹാഖ്യാനത്തിന്റെ പാഠഭേദങ്ങളാണ്. ബൈബളിലെ ചരിത്രജീവിതങ്ങൾ മഹത്വവത്ക്കരിക്കപ്പെടുമ്പോൾ സാധൂകരിക്കപ്പെടുന്ന ആധിപത്യ യുക്തികളെ തുറന്നുകാട്ടുകയാണ് സാറാ ടീച്ചർ. യൂനയെയും അബ്രഹാമിനെയും സാറായിയെയും ജൈവീകവൽക്കരിക്കുന്നത്, അകത്തും പുറത്തും ഒരുപോലെ പലായനം അനുഭവിക്കുന്ന പെൺ ഉടലുകളുടെമേലുള്ള പുരുഷാധിപത്യ/വംശാധിപത്യ ന്യായങ്ങളെ ആഘോഷിക്കുന്ന ദൈവസങ്കൽപ്പങ്ങളെ വിചാരണ ചെയ്യാനാണ്. യൂനയെ അന്വേഷിച്ചുനടന്ന് കണ്ടെത്തുന്ന ഭാര്യയും പെൺമക്കളും, ഹാഗാറിനെയും യിശ്‌യയേലിനെയും മരുഭൂമിയിൽനിന്നും തിരികെ വീട്ടിലെത്തിക്കുന്ന സാറായിയും വിമോചനത്തിന്റെ സ്‌ത്രൈണസൗന്ദര്യമാണ്.
Mobile: 9495542577