തകഴിയെയും എസ്.കെ. പൊറ്റെക്കാടിനെയും പോലെ ദേശത്തെ അതിന്റെ യഥാർത്ഥ രൂപഭാവങ്ങളോടെ ആവിഷ്‌കരിച്ച എഴുത്തുകാരുണ്ട്. ദേശത്തെ പ്രച്ഛന്നവേഷം കെട്ടിച്ച എഴുത്തുകാരും ഉണ്ട്. എന്നാൽ കഥകളും ഉപകഥകളും കൊണ്ട് ദേശത്തെ എത്രയും മായികമായൊരു സൗന്ദര്യാനുഭവമാക്കി മാറ്റിയത് എസ്. ഹരീഷാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ‘മീശ’യിലെ ഒന്നാം അദ്ധ്യായത്തോളം സൗന്ദര്യാത്മകമായ രണ്ടാം അദ്ധ്യായം. ആ രണ്ടാം അദ്ധ്യായമാണ് നമ്മുടെ സമൂഹത്തിൽ വലിയൊരു കോളിളക്കത്തിന് നിമിത്തമായത്. മതവിരുദ്ധമെന്ന് ആർത്തു വിളിച്ച് തെരുവിലിറങ്ങാൻ മാത്രം ആ അദ്ധ്യായത്തിലൊന്നുമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. തീർച്ചയായും ഒരു കഥാപാത്രം തീർത്തും ക്ഷുദ്രമായ ഒരു പ്രസ്താവന നടത്തുന്നുണ്ട്. യുവതികൾ രാവിലെ കുളിച്ച് ഭംഗി
യായി വസ്ര്തധാരണം ചെയ്ത് അമ്പലത്തിൽ പോകുന്നത് ലൈംഗികബന്ധത്തിന് തങ്ങൾ തയ്യാർ എന്ന് സൂചിപ്പിക്കുകയാണെന്ന് വ്യാഖ്യാനിക്കുന്നത് വങ്കത്തംതന്നെയാണ്. അതിന് വാസ്തവവുമായി ഒരു ബന്ധവുമില്ല. എന്നാൽ അമ്പലത്തിൽ പോകുന്ന സ്ര്തീകളെല്ലാം ഈശ്വരസേവയ്ക്ക് പോകുന്നവരാണെന്ന ധാരണയും അത്രതന്നെ വങ്കത്തമാണ്. പുതുവസ്ര്തങ്ങളും ആഭരണങ്ങളും പ്രദർശിപ്പിക്കാനും പൊങ്ങച്ചം പറയാനും വീട്ടുവിശേഷങ്ങൾ വിളമ്പാനുമാണ് അവർ പ്രധാനമായും ഈ പ്രഭാതയാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്. വിമർശനത്തിന്റെ അമ്പ് ഈ മർമത്തിൽ എയ്ത് കൊള്ളിച്ചിരുന്നെങ്കിൽ ആർക്കും എതിർക്കാനാവുമായിരുന്നില്ല.
മതങ്ങളുണ്ടാക്കിയതും ആചാരാനുഷ്ഠാനങ്ങൾ വിധിച്ചതുമൊക്കെ മനുഷ്യൻതന്നെയാണെന്ന വസ്തുത വിസ്മരിക്കപ്പെടുന്നതുകൊണ്ടാണ് മതം തൊട്ടാൽ പൊള്ളുന്ന ഒരു വിഷയമായിത്തീർ
ന്നത്.
മീശ ആൺകോയ്മയുടെ പ്രതീകമാണ്. അതുകൊണ്ടാണ് രണ്ടാം അദ്ധ്യായത്തിൽ തീർത്തും സ്ര്തീവിരുദ്ധമായ പ്രസ്താവന നടത്തുന്ന കഥാപാത്രം കടന്നുവരുന്നത്. ഇപ്പോഴത്തെ െപൺകിടാങ്ങളിലാരുടെയും ലൈംഗികജീവിതത്തിൽ ശാന്തിക്കാർക്ക് സ്വാധീനമുണ്ടെന്ന് തോന്നുന്നില്ല. അവരുടെ ജീവിതത്തിലിപ്പോൾ തുറവികൾ ഏറെയാണ്. പഠിക്കാനോ ജോലിക്കോ ഷോപ്പിങ് മാളുകളിലോ സിനിമയ്‌ക്കോ പോകാനുള്ള സ്വാതന്ത്ര്യം അവർ നേടിയെടുത്തുകഴിഞ്ഞു. അവിടെയൊക്കെ ചുള്ളന്മാരായ യുവാക്കളുമായി ഇടപഴകാനുള്ള സന്ദർഭങ്ങളും ഉണ്ട്. എന്നിരിക്കെ അമ്പലത്തിലെ ശാന്തിക്കാരെ തിരിഞ്ഞുനോക്കാൻ പോലും ഈ പുതുതലമുറപ്പെൺകിടാങ്ങൾ തയ്യാറാവുകയില്ല. സംബന്ധം എന്ന അസംബന്ധമാകട്ടെ ഒഴിഞ്ഞുപോവുകയും ചെയ്തു.
എന്നാൽ മീശയിലെ ആ കഥാപാത്രം പറഞ്ഞത് നമ്മൾ ഉപേക്ഷിച്ചു കളഞ്ഞ വളരെ പഴയൊരു കാലത്തിന് തികച്ചും അനുയോജ്യമാണുതാനും. ഇങ്ങനെ കാലം തെറ്റി ഒരു കഥാപാത്രം കടന്നുവരുന്നത് എഴുത്തുകാരന്റെ സൂക്ഷ്മതക്കുറവു കൊണ്ടാണ്. ഇരുപത്തിമൂന്നാമത്തെ അദ്ധ്യായത്തിലെ കുഞ്ഞച്ചൻ എന്ന കഥാപാത്രമാകട്ടെ സ്ര്തീവിരുദ്ധത ആഘോഷമാക്കുന്ന ഒരുപദേശം വാവച്ചന് നൽകുന്നുമുണ്ട്. എഴുത്തുകാരന്റെ ഭാവന മന്ദീഭവിക്കുകയും അയാൾ വെറുമൊരു പകർപ്പെഴുത്തുകാരൻ മാത്രമായിത്തീരുകയും ചെയ്യുന്ന സന്ദർഭത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഹരീഷ് അലക്ഷ്യമായി ഉറയിൽ നിന്ന് ഊരിയ വാൾ സ്വപക്ഷത്തെത്തന്നെ മുറിവേല്പിച്ചു എന്നൊരു വൈപരീത്യം ഇവിടെ സംഭവിച്ചിട്ടുണ്ട്. ആ വസ്തുത ആരും കണക്കിലെടുത്ത് കണ്ടില്ല. രാഷ്ട്രീയക്കാർ സ്വാർത്ഥലാഭം ലാക്കാക്കി വിഘടിപ്പിച്ച സമൂഹത്തിൽ
എഴുത്തുകാരൻ ആവിഷ്‌കാരസ്വാതന്ത്ര്യം കരുതൽധനംപോലെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്.
മീശ മുളയ്ക്കും മുമ്പേതന്നെ എഴുത്തുകാരുടെ നില പരുങ്ങലിലായ ഒരു രാജ്യമാണ് നമ്മുടേത്. ഇേപ്പാൾ അത് കൂടുതൽ പരുങ്ങലിലായി. അവർക്കിപ്പോൾ
എഴുത്തിന്റെ അനർഗളതയെ ഉൾഭയത്തോടു കൂടി കാണേണ്ടി വന്നിരിക്കുന്നു. തങ്ങളുടെ ഏതെങ്കിലും വാക്കോ ആശയമോ സാംസ്‌കാരികമായി അധ:പതിച്ചുപോയ ഈ സമൂഹം തീക്കളിയിലെത്തിക്കുമോ എന്നൊരു ഭീതി അവരെ പിന്തുടരാൻ തുടങ്ങിയിരിക്കുന്നു. ചില പത്രാധിപന്മാരും ആ ഭയം പങ്കുവച്ച് തുടങ്ങിയിട്ടുണ്ട്. അവർക്ക് പല ഒത്തുതീർപ്പുകൾക്കും വഴങ്ങേണ്ടിവരുന്നു. ഭയമുളവാക്കുകയാണല്ലോ ഫാസിസ്റ്റുകളുടെ ശൈലിതന്നെ.
എങ്കിലും എഴുത്തുകാർ അധീരരാകരുത്. പേക്ഷ, കുത്തുമ്പോൾ മർമത്തുതന്നെ കുത്താനാണ് അവർ ശീലിക്കേണ്ടത്. അല്ലാതെ കാടിലും പടർപ്പിലും കുത്തി പരിഹാസ്യരാവുകയല്ല.
വിമർശനം വളരെ കൃത്യമാണെന്ന് ആർക്കും തോന്നണം. തോന്നിയാൽ മാത്രം പോരാ, അത് പ്രകടിപ്പിക്കാൻ വായനാസമൂഹം മുന്നോട്ടുവരികയും വേണം. ഫാസിസത്തെ ചെറുക്കാനുള്ള ഒരുപാധിയായി അത് മാറിത്തീരുകയും ചെയ്യും. അന്ധവിശ്വാസം ഏത് മതത്തെയും, അധികാരം ഏത് രാഷ്ട്രീയകക്ഷിയെയും ഫാസിസ്റ്റാക്കാമെന്ന പാഠവും നാം വിസ്മരിക്കരുത്.
Mob: 94971 93637