(അതിജീവനത്തിന്റെ ഉത്കണ്ഠകളിൽ മുഴുകുമ്പോഴും മിബിൻ എന്ന ഈ ചിത്രകാരൻ തന്റെ ഭാവനയെ ഉഴുതുമറിച്ചു കൊണ്ടിരിക്കുകയാണ്).
രബീന്ദ്രനാഥ ടാഗോറിന്റെ അവസാനകാല കവിതകളിലൊന്നിൽ (ശേഷ്‌ലേഖ (1942) എന്ന കവിതാസമാഹാരത്തിൽ) ഒരു പക്ഷിയെ സംബോധന ചെയ്തുകൊണ്ട്, പക്ഷിയോട് പാടാത്ത തെന്തുകൊണ്ടാണെന്നും, പുലരിയുടെ ആദ്യസ്പർശമേൽക്കുന്ന പച്ചമരങ്ങളുടെ ഇലകൾക്കിടയിൽ നിന്ന് ഉണരുന്ന ഒരു മിടിപ്പാണ് നിന്റെ ഗാനമെന്നും പറയുന്നുണ്ട്.
പ്രകൃതിയെ പ്രണയിക്കുന്ന ടാഗോറിന്റെ ശാന്തിനികേതനിൽ നിന്ന് പഠിച്ചിറങ്ങിയ മിബിൻ എന്ന ചിത്രകാരന്റെ ചിത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ചിത്രലിപികളിലൂടേയും കവിതകളെഴുതാമെന്ന് നമ്മളറിയുന്നു. കാവ്യാത്മകമായ പ്രതീകങ്ങളാൽ സമൃദ്ധമാണ് ചിത്രങ്ങൾ. മിബിന്റെ ചിത്രങ്ങളിലെ വിഷയങ്ങൾ നമ്മുടെ ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങുന്നതും മോഹിപ്പിക്കുന്നതുമാണ്. ജലച്ചായത്തിന്റെ മുഴുവൻ സാദ്ധ്യതകളും നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുമുണ്ട്.
മിനിയേച്ചർ ചിത്രങ്ങളുടെ സ്വാധീനത്തിലൂടെ സഞ്ചരിച്ച് സ്വന്തമായൊരു ചിത്രീകരണരീതി സൃഷ്ടിച്ചിരിക്കുകയാണ് മിബിൻ. സമകാലിക സംഭവവികാസങ്ങളുടെ അനുഭവപരിസരത്തുനിന്നു ലഭിക്കുന്ന ആശയങ്ങളിൽ നിന്നുള്ള പ്രചോദനങ്ങളിലൂടെ ചെയ്യുന്ന ചിത്രങ്ങളിൽ ചിഹ്നങ്ങളും ചേർത്ത് അർത്ഥസമ്പുഷ്ടമാക്കിയിരിക്കുകയാണ്. എന്തൊക്കെയായിരിക്കാം ആ ചിഹ്നലിപികളിലൂടെ പറയുവാനുദ്ദേശിക്കുന്നത്? അതിന്റെ അർത്ഥങ്ങളെ തേടി പോകുന്നതിനേക്കാൾ നല്ലത് അത് ചിത്രത്തിന് അലങ്കാരമാവുന്നുണ്ടോ എന്നു നോക്കുന്നതാണ്. അലങ്കാരമാവുക മാത്രമല്ല, ചി
ഹ്നങ്ങൾ ചിത്രങ്ങളെ നിഗൂഢവും അയഥാർത്ഥവും ആയ തലങ്ങളിലേക്കുയർത്തുകയും ചെയ്യുന്നുണ്ട്. സാമൂഹ്യാപചയങ്ങളുടെ വിശകലനാത്മകമായ ചിത്രദൃശ്യങ്ങളിൽ നർമത്തിന്റെ മേമ്പൊടി ചാലിച്ചിരിക്കുന്നതായി കാണാം. ചിത്രങ്ങളുടെ സ്ഥായീഭാവം ആനന്ദമാണ്. ചില ചിത്രങ്ങളിൽ മനുഷ്യരൂപങ്ങൾ ആൺ-പെൺ വ്യത്യാസമില്ലാതെ പ്രകൃതിയിൽ ലയിച്ച് പരസ്പരാകർഷണത്തിൽ പ്പെട്ട് നൃത്തം ചെയ്യുന്നവരായി ചിത്രീകരിച്ചിട്ടുണ്ട്. സൂക്ഷ്മമായ പ്രകൃതിചിത്രണത്തിന്റെ അകമ്പടിയോടെ പല പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരൂപങ്ങൾ ചിത്രപ്രതലത്തിൽ നിന്ന് വേറിട്ടു നിൽക്കുന്നവരായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഒരു അയഥാർത്ഥ പ്രതീതിയുടെ തലത്തിലേക്ക് ചിത്രങ്ങളെ ഉയർത്തുന്നു.
ഗുരുവായൂർ സ്വദേശിയായ മിബിന്റെ പ്രാഥമിക വിദ്യാഭ്യാസമെല്ലാം നാട്ടിൽത്തന്നെയായിരുന്നു. ചിത്രകലയിൽ കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആഎഅയും പിന്നീട് കൽക്കട്ടയിലെ വിശ്വഭാരതിയിൽ നിന്ന് ഛഎഅയും എടുത്തു. പഠനാനന്തരം നിതാന്തസഞ്ചാരിയായ മിബിൻ തന്റെ സഞ്ചാരാനുഭവങ്ങളോടൊപ്പം തന്നെ മാറുന്ന ചിന്തകളേയും ലാവണ്യബോധത്തോടെ ചിത്രങ്ങളിൽ ഉൾപ്പെടുത്തി നിരന്തരമായ മാറ്റങ്ങളോടെ പുതിയ പുരാവൃത്തങ്ങളുടെ ചിത്രീകരണരീതിയിലേക്കുള്ള യാത്രയിലാണ്.
മിബിന്റെ ചിത്രങ്ങളിലൂടെ ഒന്നുകൂടി നമുക്കു യാത്ര ചെയ്യാം. ചിത്രങ്ങളെ ഞാൻ ഓരോന്നായി നിരീക്ഷിക്കുന്നില്ല. ജലച്ചായത്തിൽ ചെയ്ത ചിത്രങ്ങളെല്ലാം കാണുമ്പോൾ, ശാന്തിനികേതൻ പരിസരത്തുള്ള സാന്താൾ വംശജരുടേയും ബാവുൾ ഗായകരുടേയും സ്വാധീനങ്ങൾ കാണാം. അവരുടെ ജീവിതരീതികൾ, ആഘോഷങ്ങൾ എല്ലാം മിബിൻ സൂക്ഷ്മമായി നിരീക്ഷണം ചെയ്തിട്ടുണ്ട്. അതേസമയം മുഗൾ, മറ്റു ഇന്ത്യൻ മിനിയേച്ചർ ചിത്രങ്ങളുടെ പഠനത്തിലൂടെയും അയഥാർത്ഥ ശൈലികളും കൂടി ചേർന്ന് സ്വന്തമായൊരു ശൈലിയിലേക്കെത്തിച്ചേർന്നിട്ടുമുണ്ട്. ഒരു ശില്പികൂടിയാണ് മിബിൻ. അധികമൊന്നും ശില്പങ്ങൾ ചെയ്തിട്ടില്ലെങ്കിലും കരിങ്കല്ലിന്റെ കാഠിന്യത്തെ മെരുക്കിയെടുക്കുന്നതിൽ മിബിൻ
വിജയിച്ചിട്ടുണ്ട്. ചിത്രങ്ങളിലെ രൂപങ്ങളുടെ സ്വാധീനം ശില്പങ്ങളിലും നിഴലിക്കുന്നുണ്ട്. മനുഷ്യരൂപങ്ങളോടൊപ്പം തന്നെ മുതലകളും പക്ഷികളും എലികളും മറ്റനേകം പറഞ്ഞറിയിക്കുവാൻ പറ്റാത്ത തരത്തിലുള്ള ബിംബങ്ങളാലും സമൃദ്ധമാണ് ചിത്രങ്ങൾ.
ഒരു സ്വപ്‌നസഞ്ചാരിയുടെ സ്വപ്‌ന ചിത്രങ്ങളാണിതെല്ലാം എന്നുപറയുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു. ഇത്തരം അനുഭൂതികളുടെ ഉൾവിളിയിൽ നിന്ന് നിർമിച്ചെടുത്ത ഈ ചിത്രങ്ങളിൽ ജീവന്റെ തുടിപ്പും ദൃശ്യമാണ്. പ്രകൃതി നിരന്തരം ഈ ചിത്രങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇടയ്‌ക്കൊന്നു പറയട്ടെ, ചിത്രങ്ങളിൽ വരുന്ന മനുഷ്യരൂപങ്ങളിൽ മിക്കതും പച്ചനിറമുള്ള മുഖംമൂടി ധരിച്ചവരാണ്.
കാർഷികവൃത്തിയോടൊപ്പമുള്ള ഒഴിവു സമയങ്ങളിലെ ആഘോഷത്തിമർപ്പുകൾ, അലസതയുടെ ആലസ്യത്തിൽ വീണു കിടക്കുന്ന മനുഷ്യരൂപങ്ങൾ, സ്വപ്‌നങ്ങളിൽ നിർബാധം വിഹരിക്കുന്നവർ, പക്ഷിമൃഗാദികൾ തുടങ്ങി എല്ലാം ചേർന്നുള്ള ഒരു പാരസ്പര്യം ചിത്രങ്ങളിലുടനീളം കാണാം.
ഇറ്റാലോ കാൽവിനോ എന്ന ഇറ്റാലിയൻ എഴുത്തുകാരന്റെ ഒരു കഥയുണ്ട്. ൗThe Baron In The Trees (മരങ്ങളിലെ പ്രഭുകുമാരൻ). മരങ്ങളിലേക്ക് കയറിപ്പോയ ഒരു പ്രഭുകുമാരൻ പിന്നീട് മരത്തിൽ നിന്നിറങ്ങാതെ മരങ്ങളിലൂടെ മാത്രം സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്തതായിട്ടാണ് കഥ. ഈ കഥ തത്വചിന്തയുടെ ഉൾത്തുടിപ്പുള്ളതും സ്വാതന്ത്ര്യത്തിന്റെ ഭാവാർത്ഥം കലർന്നതുമാണ്. ഈ കഥയും മിബിന്റെ ചിത്രങ്ങളും തമ്മിലുള്ള ബന്ധമെന്താണെന്ന് നിങ്ങൾ ആലോചിച്ചേക്കാം. ഈ കഥയിലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ലാഞ്ചനകൾ മിബിന്റെ ജീവിതത്തിലും ചിത്രങ്ങളിലും ദൃശ്യമാണ്.
സ്വാതന്ത്ര്യത്തിന്റേയും ആനന്ദത്തിന്റെയും സാദ്ധ്യതകളന്വേഷിക്കുന്ന ഒരു ദർശനരീതി തന്റെ ചിത്രങ്ങളിലൂടെ മിബിൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിജീവനത്തിന്റെ ഉത്കണ്ഠകളിൽ മുഴുകുമ്പോഴും തന്റെ ഭാവനയെ ഉഴുതുമറിച്ചു കൊണ്ടിരിക്കുകയാണ് മിബിൻ എന്ന നാടോടിയായ ചിത്രകാരൻ.