”നമ്മൾ പ്രകൃതിതന്നെയാണെന്ന സത്യം നാം പലപ്പോഴും മറന്നുപോകുന്നു. ‘പ്രകൃതി’ നമ്മളിൽ നിന്നും വേറിട്ട ഒന്നല്ല. അതുകൊണ്ട് പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം നമുക്ക് നഷ്ടപ്പെട്ടു എന്നു പറയുമ്പോൾ യഥാർത്ഥത്തിൽ നമുക്ക് നമ്മളോടുതന്നെയുള്ള ബന്ധമാണ് നഷ്ടപ്പെട്ടിരിക്കുന്നത്”
– ആൻഡി ഗോഡ്സ്വർത്തി (ലോകപ്രസസ്ത പാരിസ്ഥിതിക കലാകാരൻ)
മൂന്നുമാസം നീണ്ടുനിന്ന ബിനാലെ ദിനങ്ങളിൽ ഏതാണ്ടെല്ലാ ദിവസവും പ്രധാന വേദിയായ ആസ്പിന വാളിലെ ഒരു മരച്ചുവട് സംഗീതംകൊണ്ടും കലാകൂട്ടായ്മകൾകൊണ്ടും തത്സമയ ചിത്രരചനകൾകൊണ്ടും ചർച്ചകൾകൊണ്ടും സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. വത്സൻ കൂർമ കൊല്ലേരി എന്ന ഇന്ത്യൻ സമകാലിക ശില്പിയും ജ്യോതിബസു എന്ന ചിത്രകാരനുമായിരുന്നു കലയുടെ പുതു ഊർജ വെളിച്ചവും ആനന്ദവും പകർന്ന് ഈ വേദിയെ സജീവമാക്കി നിലനിർത്തിയത്.
ഈ രണ്ടു പ്രതിഭാധനരായ കലാകാരന്മാരാണ് ബിനാലെ വേദിയെ അക്ഷരാർത്ഥത്തിൽ ഒരു ജനകീയ കലാകേന്ദ്രമാക്കി മാറ്റിത്തീർത്തത്. ആസ്പിൻ വാളിനുള്ളിലെ ഈയൊരു മൂല, കലാകൂട്ടായ്മയുടെ, ആസ്വാദനത്തിന്റെ, വിശ്രമത്തിന്റെ, നൃത്തത്തിന്റെ സംഗീതത്തിന്റെ, സർഗാത്മകതയുടെ ഇടമാക്കി മാറ്റിയതിൽ വത്സൻ കൂർമ കൊല്ലേരി എന്ന ശില്പിയുടെ തെങ്ങിൻതടിയിൽ പണിതീർത്ത ഇരിപ്പിടങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
ചകിരിയിൽ മെനഞ്ഞെടുത്ത ‘കേര’ എന്ന ശില്പപരിസരവും കൊച്ചിയുടെ ഭൂമികയിൽ നിന്ന് കണ്ടെടുക്കപ്പെട്ട തെങ്ങിൻ തടികളിൽ തീർത്ത ഇരിപ്പിടങ്ങളും ഊഞ്ഞാലും തന്റെ സർഗാത്മകതയുടെ പുതുപരീക്ഷണങ്ങളും കൊണ്ട് വത്സൻ ആ ‘ഇട’ത്തെ
(സ്പേസ്) ഒരു ആഘോഷ ഭൂമികയാക്കി മാറ്റിത്തീർത്തു. വിവരണാതീതമായ
ഒരു സൗന്ദര്യശക്തി നിറഞ്ഞുനിന്നു മൂന്നുമാസക്കാലം ആ കലാപരിസരത്ത്. ഇങ്ങനെ പ്രകൃതിയിലെ ഏത് ഇടങ്ങളെയും തന്റെ ശില്പകലാവൈദഗ്ദ്ധ്യത്തിലൂടെ, അതാതിടങ്ങളിൽ നിന്നും കണ്ടെത്തുന്ന വസ്തുക്കളിലൂടെ, വത്സൻ സൗന്ദര്യത്തിന്റെ ‘പുതു ഇട’ങ്ങളായി മാറ്റുന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയുണ്ട്.
സമകാലിക ശില്പകലാരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കലാകാരന്മാരിലൊരാളായ വത്സൻ കൂർമ കൊല്ലേരി എന്ന പാട്യം(തലശ്ശേരി)കാരന് ഈ പ്രകൃതിതന്നെയാണ് തന്റെ കലാമാധ്യമം. അയാൾ കല്ലുകളുടെയും മണ്ണിന്റെയും വായുവിന്റെയും മരത്തടികളുടെയും എല്ലുകളുടെയും (അറബടളഴറണ 1998) കരിയിലകളുടെയും ചെമ്പ്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളുടെയും ഒക്കെ ഹൃദയമറിഞ്ഞ് അവയ്ക്ക് പുതുജീവൻ നൽകുന്ന പ്രകൃതിയുടെ ശില്പിയാണ്. തന്റെ ചുറ്റുപാടുകളിൽനിന്ന് ‘ശില്പ കവിതകൾ’ അയാൾ കണ്ടെടുക്കുന്നു, പുനരാഖ്യാനങ്ങൾ രചിക്കുന്നു.
ഫോട്ടോഗ്രാഫ് ചെയ്യാനാകാത്ത ശില്പാനുഭവങ്ങൾ വത്സൻ കൂർമ കൊല്ലേരിയുടെ ശില്പപരിസരങ്ങൾ അനുഭവിച്ചു മാത്രം അറിയാനാകുന്നവയാണ്. അത് ഫോട്ടോഗ്രാഫുകളിൽ പകർത്തി പുനരാനുഭവങ്ങൾ സൃഷ്ടിക്കാനാകുന്നവയല്ല. പല ശില്പങ്ങളും ഒരിക്കൽ മാത്രം ഉപയോഗിക്കാനായി നിർമിക്കപ്പെടുന്നവയുമാണ്. അത് പുനർനിർമിക്കാനായി സൃഷ്ടിക്കപ്പെട്ട ‘കേവല കലാവസ്തുക്കൾ’ അല്ല. അതിനാൽതന്നെ വത്സൻ തന്റെ പല രചനകളുടെയും ഫോട്ടോലാപ്പുകളെ പ്രോത്സാഹിപ്പിക്കാറുമില്ല. ശില്പാനുഭവങ്ങൾ കാഴ്ചക്കാരന്റെ ഓർമകളിൽ ജീവിക്കുന്നു. മാത്രമല്ല അവ ഒരു സമൂഹത്തിന്റെ കൂട്ടായ ഓർമകളെ ഉണർത്തുകയും ചെയ്യുന്നു. ഒരിക്കലും നശിക്കാത്ത മോഹം കൊണ്ടുണ്ടാക്കപ്പെടുന്ന ‘മരിച്ച’ സ്മാരകങ്ങളെ, നശ്വരതയുടെ കവിത നിറഞ്ഞ തന്റെ ശില്പ പരിസരങ്ങളിലൂടെ വത്സൻ വെല്ലുവിളിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു ഇങ്ങനെ. ‘സ്മാരകങ്ങൾ’ എന്ന ആശയത്തെ, മെറ്റീരിയലുകളെ സ്വാഭാവികമായ മരണങ്ങളിലേക്ക്, രൂപമാറ്റങ്ങളിലേക്ക്, പുതുജീവനുകളിലേക്ക് വഴി നടക്കാൻ അനുവദിച്ചുകൊണ്ട് ഈ ശില്പി നിരാകരിക്കുന്നു. ഒരുപക്ഷെ, ചലനമില്ലാത്ത ചലനങ്ങൾ എന്ന എപ്പോഴത്തെയും ശില്പപരിമിതിയെ
അതിലംഘിക്കാനുള്ള ഒരു സർഗാത്മക ശ്രമമാകാം ഇത്. വളരെ പ്രത്യേകതകൾ നിറഞ്ഞ വത്സന്റെ ശില്പരചനാരീതി സ്ഥലകലയോടും പാരിസ്ഥിതിക കല)യോടും അടുത്തുനിൽക്കുമ്പോൾതന്നെ സ്വതന്ത്രമായ ഒരു പുതു ഇടം കണ്ടെത്തുകയും ചെയ്യുന്നുണ്ട്.
2011ൽ ഇന്തോനേഷ്യയിലെ ജോഗ്ജ ബിനാലെയിൽ വത്സൻ ചെയ്ത ഇൻസ്റ്റലേഷൻ ആ മണ്ണിനെക്കുറിച്ചായിരുന്നു, ഇന്തോനേഷ്യയുടെ ഹൃദയമറിഞ്ഞാണ് ഈ കലാകാരൻ തന്റെ കലാപ്രവർത്തനം ഇവിടെയും തുടർന്നത്. അഗ്നിപർവതങ്ങളുടെ നാടായ ഇന്തോനേഷ്യയിൽ പരമ്പരാഗത ടെറാകോട്ട (ഭൂമിയെ ചുട്ടെടുത്ത – terracota – എന്നാണ് ആ വാക്കിന്റെ അർത്ഥംതന്നെ) ശില്പനിർമാണത്തിലേർപ്പെട്ടിരിക്കുന്ന ഗ്രാമങ്ങളിൽ പോയി അവർക്കൊപ്പം നിർമിച്ചെടുത്ത കുടങ്ങളും മുളകളും ഇന്തോനേഷ്യയിലെ ഒരുതരം പരമ്പരാഗത നാരുകളുമൊക്കെ ചേർത്താണ് തന്റെ ശില്പപരിസരം വത്സൻ രൂപപ്പെടുത്തിയത്. ഒരുവട്ടം അഗ്നിപർവതം പൊട്ടിത്തെറിച്ചാൽ നിറയുന്ന കറുത്ത പൊടി, തണുക്കുന്നതോടെ പ്രകൃതിക്ക് ഉർവരത സമ്മാനിക്കുന്നു. ഒരു വളവും
പ്രയോഗിക്കാതെ ജോഗ്ജയുടെ മണ്ണിനെ വർഷത്തിൽ 3,4 വട്ടം വിളവെടുക്കാൻ പാകത്തിൽ ഉർവരതയുടെ ആഘോഷഭൂമിയാക്കി അഗ്നിപർവതങ്ങൾ മാറ്റുന്നു. മുളയും നെല്ലും ഗോതമ്പുമെല്ലാം അങ്ങനെ ജോഗ്ജയുടെ മണ്ണിൽ തഴച്ചുവളരുന്നു. പ്രകൃതിയുടെ ഈ മായാജാലത്തിലാണ് അമൂർത്തമായ സൗന്ദര്യശാസ്ര്തം നിലയുറപ്പിക്കുന്നത്.
കേരളീയന്റെ പരമ്പരാഗത വാസ്തുകലയുടെ അടിസ്ഥാന മാധ്യമങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയതാണ് ചെങ്കല്ല്. ചെങ്കല്ല് പ്രാചീനമായ ചില ഓർമകളെ ഉണർത്തുന്നു. വ്യക്തിപരമായ ജീവിത ഓർമകളല്ല മറിച്ച് ഒരു സമൂഹം എന്ന നിലയിലുള്ള ഒരു തരം സമൂഹസ്മൃതിയെയാണ് അത് കുറിക്കുന്നത്.
ചെങ്കല്ല് അതിന്റെ സൗന്ദര്യശാസ്ര്തത്തിലേക്ക്, ഒരു ശില്പമാധ്യമംഎന്ന നിലയിൽ ചെങ്കല്ലിന്റെ അടരുകളുടെ സൂക്ഷ്മതയിലേക്ക് സാദ്ധ്യതകളെ, തന്റെ തത്വചിന്തയും സൗന്ദര്യശാസ്ര്തവും പ്രകടിപ്പിക്കാനുള്ള മാധ്യമം എന്ന രീതിയിൽ കൊല്ലേരി ആഴ
ത്തിൽ പതിപ്പിച്ചിട്ടുമുണ്ട്.
2007ൽ തൽവാർ ഗ്യാലറി ന്യൂയോർക്കിലും, 2006ൽ ആനന്ദ് ആർട് ഗ്യാലറി ഡൽഹിയിലും സംഘടിപ്പിക്കപ്പെട്ട വത്സന്റെ retrospective-ന്റെ പേര് ‘New Clear Age – Retrospective as artwork’ എന്നായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനം
ഡൽഹിയിൽ നടക്കുമ്പോാണ് ഒരു ശില്പി ന്യൂക്ലിയർ ഏജ് അല്ല നമുക്ക് വേണ്ടതെന്നും ഒരു പ്രകാശം നിറഞ്ഞ പുതുകാലമാണ് (ന്യൂക്ലിയർ ഏജ്) കുറച്ചുകൂടി വ്യക്തമായ, തെളിഞ്ഞ ദിനങ്ങളാണ് നമുക്ക് വേണ്ടതെന്നും വിളിച്ചുപറഞ്ഞത്. ഇങ്ങനെ ധീരവും പരീക്ഷണങ്ങളും നിറഞ്ഞതാണ് കൊല്ലേരിയുടെ കലാജീവിതയാത്രകൾ. അവിടെ ആത്യന്തികമായ സത്യമായ ഈ മണ്ണും മരങ്ങളും കാറ്റും ജലവും ഒക്കെയാണ് നിറഞ്ഞി
രിക്കുന്നത്. അമൂർത്തമായ ഒരു ശില്പഭാഷയിലൂടെ, നശ്വരമായ നിർമിതികളിലൂടെ അയാൾ മണ്ണിന്റെ ചില കവിതകൾ കുറിക്കുന്നു. അഞ്ചു തലമുറയെ അവരുടെ ജീവിതത്തെ നിയന്ത്രിച്ച പഴയ മുത്തച്ഛൻ ക്ലോക്കുകളിലെ സ്പ്രിങ്ങുകൾ കൊണ്ട്
മെടഞ്ഞ് രൂപപ്പെടുത്തി അവതരിപ്പിച്ച How Goes the Enemy (2004/2005) എന്ന ശില്പം ‘സമയം’ എന്ന നമ്മുടെ/സമൂഹത്തിന്റെ ശത്രുവിനെ കുറിച്ചു മാത്രമല്ല ‘സമയം’ എന്ന നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്ന ഏകകത്തെ കുറിച്ചുള്ള ഒരു കവിത
കൂടിയായിരുന്നു. ഒരുപാട് മനുഷ്യരുടെ ജീവിതസമയത്തെ നിയന്ത്രിച്ചിരുന്ന ഈ ക്ലോക്ക് സ്പ്രിങ്ങുകൾക്ക് തന്റെ കൈകളിലെത്തുമ്പോഴും അതേ സംക്ഷോഭം ഉണ്ടായിരുന്നതായി ശില്പിയുടെ സാക്ഷ്യം!
ആ സംക്ഷോഭത്തെയാണ് വത്സൻ തന്റെ ശില്പത്തിലേക്ക് മെടഞ്ഞത്. ഓർമകളുടെ (സമൂഹ സ്മൃതികളുടെ) സൂക്ഷിപ്പുകാരനും അവലോകനും വിവർത്തകനും സൂക്ഷിപ്പുകാരനും ആകണം കലാകാരൻ എന്ന ഉറച്ച വിശ്വാസമാണ് വത്സന്റെ കലയോടുള്ള സമീപനത്തിന്റെ അടിസ്ഥാനശിലകളിലൊന്ന്. പരമ്പരാഗത ശില്പപരിമിതികൾക്കപ്പുറത്തേക്ക് വത്സൻ ശില്പകലയുടെ സാദ്ധ്യതകൾ വിസ്തൃതമാക്കുന്നു. വായുപോലും അയാളുടെ മാധ്യമങ്ങളിലൊന്നായി വരുന്നത് അങ്ങനെയാണ്. കൊച്ചിയുടെ വായുവിനാൽ മെടഞ്ഞ ഒരു ചെമ്പുകമ്പി ശില്പവും
കൂടി കൊച്ചി-മുസിരിസ് ബിനാലെ 2012ൽ വത്സൻ അവതരിപ്പിച്ചിരുന്നു.
മരണത്തെക്കുറിച്ചും അതിനാൽതന്നെ ജീവിതത്തെക്കുറിച്ചുമുള്ള സൂക്ഷ്മവും ശക്തവുമായ ആഖ്യാനത്തിന്റെ സൗന്ദര്യത്താൽ ബിനാലെ സന്ദർശകരെ പിടിച്ചുലച്ച ‘നോ ഡെത്ത്’ ആകട്ടെ മറവിക്കെതിരായ ആഖ്യാനമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ‘ഹരിതകത്തിന്റെ മരണത്തെക്കുറിച്ച്’ എന്ന തലക്കെട്ടിൽ ‘ശാന്തം’ മാസികയിൽ എം.പി. പ്രതീഷ് എഴുതിയ കുറിപ്പിൽ ഇങ്ങനെ നിരീക്ഷിക്കുന്നു.
“മനുഷ്യേതരമായ (സചേതനമോ അചേതനമോ ആയ) അനേകം വസ്തുക്കൾകൊണ്ടാണ് ‘നോ ഡെത്ത്’ രൂപപ്പെടുത്തിയത്. അവയിൽ കൂണുകളും ചിതൽപ്പുറ്റും മരത്തോലും പൂക്കുലയും പോളകളും ചുള്ളിക്കമ്പും ഉണങ്ങിയ ചില്ലയും ഇലകളും ഓലകളും ചകിരിയും ഉണ്ട്. ഇരുമ്പും കളിമണ്ണും കല്ലും കരിയും ഉണ്ട്. അവയ്ക്കിടയിൽ അനാഥമായെന്നോണം കിടക്കുന്ന ഒരു മനുഷ്യശരീരവും. ചിതലിനും മണ്ണിനുമിടയിൽ മണ്ണുതന്നെയായിത്തീരേണ്ട ഒരു ശരീരമാണത്. പ്രകൃതി-മനുഷ്യലയം എന്ന പൗര
സ്ത്യദർശനത്തിന്റെ പ്രത്യക്ഷമാണ് ഈ ശില്പം. (ഓരോ വസ്തുവും അതിനു പിറകിലെ പരിണാമകാലങ്ങളെയും ഇടങ്ങളെയും കൂടി സൂചിപ്പിക്കുന്നു).
കേരളീയതയുടെ ബിംബങ്ങൾ
കേരളത്തിന്റെ നാട്ടുജീവിതത്തിന്റെ ഓർമയാണ് ‘നോ ഡെത്ത്’. നമ്മുടേതായി മുമ്പുണ്ടായിരുന്ന ഒരു ജീവിതശൈലിയുടെ ഓർമ. മണ്ണിൽ തുടങ്ങുന്ന പലവിധ തൊഴിലുകളുടെ, ഗോത്രജീവിതത്തിന്റെ, വിശ്വാസധാരകളുടെ, പാർപ്പിടങ്ങളുടെ
ഒക്കെ സൂചകങ്ങൾ ഈ ശില്പത്തിനകത്തു കാണാനാവും. എപ്പോഴോ, എവിടെയോ വച്ച് നാം കൈവിട്ട നമ്മുടെ ഇടങ്ങളെ, നേരങ്ങളെ വസ്തുക്കളിലൂടെ ഓർമിച്ചെടുക്കുകയും, ആഗോളീകൃതലോകത്ത് മാർക്കറ്റിനു മുന്നിലെ അടിമജീവിതത്തിൽനിന്നും
പുറത്തുകടക്കാനുള്ള ഒരു ജൈവപാതയുടെ തെളിച്ചെടുക്കലിന് ഈ ഓർമയെ ആയുധമാക്കുകയും ചെയ്യുന്നു വത്സൻ. അഴുക്കുകളുടെയും ആസക്തിയുടെയും ചവറ്റുകൊട്ടയിൽ നിൽക്കുമ്പോഴും മണ്ണിൽ അലിഞ്ഞുപോകാത്ത, അഴിഞ്ഞുതീരാത്ത ഒരു പദാർത്ഥവും ഇയാൾ കലയിൽ ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
മരണമുറി/ഓർമമുറി
മോർച്ചറിയുടെ ശീതീകരിച്ച പാതിയിരുട്ടിൽ ഏറ്റവും പ്രിയപ്പെട്ട ഒരു മനുഷ്യന്റെ മുഖത്തെ അഭിമുഖീകരിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന അതേ മരവിപ്പും ഭാരവും വത്സൻ കൊല്ലേരിയുടെ പ്രതിഷ്ഠാപനം നമുക്കു തരുന്നു. മരിച്ച/മറന്നുപോയ വസ്തുക്കൾക്കിടയിൽ സ്വന്തം ശരീരത്തെ (cultural body) നാം കണ്ടുമുട്ടുകയാണ്.
ജീവിച്ചിരുന്ന കാലത്തെ അയാളുടെ/അവയുടെ രൂപം ഈ മുറിക്കകത്ത് കാഴ്ചക്കാരെ വേട്ടയാടുന്നു. മറന്നുകഴിഞ്ഞ അനേകം പാതകളെ, വരമ്പുകളെ നാം നേരിടുന്നു. നമ്മൾ ചെരിപ്പഴിച്ച് മണ്ണിലൂടെ നടക്കുന്നു. കല്ലുകളിലും ഇലകളിലും ചവിട്ടുന്നു. നനയുകയും വിയർക്കുകയും ചെയ്യുന്നു. നമ്മുടെ വിവരങ്ങളുടെ സ്പർശനം തിരിച്ചുകിട്ടുന്നു. ചെവിക്കുള്ളിലേക്ക് അനേകം ഒച്ചകൾ കയറിവരുന്നു. പലമാതിരി ഗന്ധങ്ങൾ നമ്മളറിയുന്നു. മരണങ്ങൾക്കു താഴത്തെ ഇരുട്ട് കാണുന്നു. പ്രാണികളും പറവകളും നമുക്ക് ചുറ്റിനുമുണ്ട്. നിശ്ചലവും നിശ്ചേതനവുമായി ഒന്നുമില്ല.
സാങ്കേതികവിദ്യയുടെ പുതുതലമുറക്കാലത്തെ കലാകാരന്മാർക്കിടയിൽ വിനിമയമൂല്യം കുറഞ്ഞ ജൈവപദാർത്ഥങ്ങളിലേക്ക് ശില്പകലയെ തിരിച്ചുനടത്തുന്ന ഈ ശില്പി ഒരു ശുഭസൂചകമാണ്. പാരിസ്ഥിതികമായ ഒരു സൗന്ദര്യശാസ്ര്തത്തിന്റെ വഴി ത്താര ഇയാളിൽനിന്ന് ആരംഭിക്കുന്നു. ‘നോ ഡെത്ത്’ എന്ന പ്രതിഷ്ഠാപനം ഓർമയുടെ ആഖ്യാനവും സ്വപ്നത്തിന്റെ ഭാഷയും (മറവിയുടെ) മരണത്തിനെതിരായ ഒടുവിലത്തെ കലാപവുമാകുന്നത് അപ്രകാരമാണ്.
പാറമേൽ ഒരു ഇലയോ, ഐസ്കഷ്ണമോ എന്തുമാകട്ടെ, എന്റെ കലയിലൂടെ വസ്തുക്കളുടെ ഉപരിതല കാഴ്ചകളുടെ അടിയിൽ എത്താനാണ് ശ്രമിക്കുന്നത്. ഒരു പാറയുടെ ഉപരിതലത്തിൽ കലാപ്രവർത്തനം നടത്തുന്നത് അതിന്റെ ആന്തരിക
ഊർജത്തെ മനസിലാക്കാനുള്ള ശ്രമം കൂടിയാണ് എന്ന പ്രശസ്ത പാരിസ്ഥിതിക കലാകാരൻ ആൻഡി ഗോഡ്സ്വർത്തിയുടെ പ്രത്യയശാസ്ര്തവുമായാണ് വത്സന്റെ കലാപ്രവർത്തനം കൂടുതൽ അടുത്തുനിൽക്കുന്നത്.
അയാളുടെ ശില്പഭാഷയിലേക്ക് ഊർജത്തിന്റെ വൃത്തത്തെ വത്സൻ കൈപിടിച്ചു നടത്തുന്നു. കാലത്തിന്റെ വെറുമൊരു ഫോസിലാകാൻ അയാൾ വിസമ്മതിക്കുന്നു. തന്നെ ചുറ്റിനിൽ ക്കുന്ന, ജീവിക്കുന്ന പ്രകൃതിയിൽ നിന്ന്. വിവിധ ശില്പമാധ്യമങ്ങളെ കണ്ടെത്തി അവയുടെ ജീവനും തന്റെ ജീവനും അയാൾ പുനരാഖ്യാനം നടത്തുന്നു. ശില്പകലയുടെ ഊർജനൃത്തത്താൽ വത്സൻ പ്രാപഞ്ചികമായ പ്രകൃതി നൃത്തവുമായി ഒരു ബന്ധം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ആകെ കുഴഞ്ഞു മറിഞ്ഞ നമ്മുടെ കാലത്തെ സ്വയം പുനർനിർമാണത്തിന്റെ ഒരു സൗന്ദര്യശാസ്ര്തത്താൽ അയാൾ പ്രതിരോധിക്കുന്നു. ഒത്തുതീർപ്പുകൾക്ക് വിസമ്മതിക്കുന്നതിന്റെ ശക്തമായ ഒരു യാഥാർത്ഥ്യം കൊല്ലേരിരചനകളിൽ കാണുന്നുണ്ട്,.
1953ൽ തലശ്ശേരിക്കടുത്ത് കണ്ണൂർ ജില്ലയിൽ പാട്യത്ത് ജനനം. പച്ചപ്പു നിറഞ്ഞ കൊച്ചുഗ്രാമമായിരുന്നു പാട്യം. 1971ൽ ശില്പകല പഠിക്കാനായി മദ്രാസിൽ വത്സൻ ചേരുമ്പോൾ പ്രശസ്ത ശില്പി ധൻപാലായിരുന്നു കോളേജ് ഓഫ് ഡ്രാഫ്റ്റ്സിന്റെ ചുമതലക്കാരൻ.
ജാമിതീയ-അമൂർത്തതയിലായിരുന്നു വത്സന്റെ ശില്പകലാലോകം തുടക്കത്തിൽ. വെങ്കലത്തിലും ശിലയിലും പരീക്ഷണാത്മക ശില്പകലയിലേക്ക് വഴിമാറിയ ശില്പകലാജീവിതം പിന്നീട് വിവിധ ലോഹങ്ങൾ പരസ്പരം കൂട്ടിയിണക്കിയ ശില്പകലയിലേക്കും അവസാനം ചെങ്കല്ലിലേക്കും മരത്തിലേക്കും ചകിരിയിലേക്കും മണ്ണിലേക്കും കൂടുതൽ കൂടുതൽ അടുത്തു. ഹരിതകം കൂടുതലുള്ള ഇടങ്ങളിലേക്ക് ഈ ശില്പി നീങ്ങി. തന്റെ ശില്പകലാജീവിതത്തെ stone age, bronze age, new clear age, drainage എന്നിങ്ങനെ വിഭജിച്ചും വത്സൻ വിവിധ മാധ്യമങ്ങളിലൂടെയുള്ള തന്റെ യാത്രകളെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള അവസരം നമുക്ക് അനുവദിച്ചുതരുന്നുണ്ട്. 1976ൽ
കോളേജ് ഓഫ് ആർട് ആന്റ് ക്രാഫ്റ്റ്സിൽ (ചെന്നൈ) നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ വത്സൻ ഉന്നതകലാപഠനാർത്ഥം ബറോഡയിലേക്ക് നീങ്ങി. 1979ൽ ബറോഡയിൽനിന്ന് ബിരുദാനന്തരബിരുദവും നേടി.
ലോകത്തെ പ്രശസ്തമായ കലാവിദ്യാഭ്യാസ സ്ഥാപനം Ecole Nationale Superior Des Beaux Arts (പാരീസ്)ൽ സ്കോളർഷിപ്പോടെ ശില്പകലയിൽ ഉന്നതപഠനം 1986ൽ പൂർത്തിയാക്കി. പാരീസ് വിശാലമായ ലോകകലയുടെ വാതായനം വത്സനു മുന്നിൽ തുറന്നിട്ടു. ഇന്ന് ഇന്ത്യ മുഴുവനും യാത്ര ചെയ്തുകൊണ്ട് ശില്പകലാപ്രവർത്തനം തുടരുന്ന വത്സൻ വിവിധ രാജ്യങ്ങളിലും ഇന്ത്യയിൽ വിവിധയിടങ്ങളിലും തന്റെ ശില്പകലാ പരിസരങ്ങൾ നിർമിച്ചുകൊണ്ടിരിക്കുന്നു.
കൂത്തുപറമ്പിൽ നിന്ന് പാനൂരിലേക്ക് പോകുന്ന മനോഹരമായ റോഡിൽ ഏതാണ്ട് രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ പാട്യത്തെത്താം. പാട്യം സ്കൂളിനരികെയാണ് വത്സന്റെ സ്വപ്നശില്പ പാഠ്യസ്ഥലം – ‘ശില്പപാട്യം’.
ഇന്ന് നാം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ‘കരകൗശലവൈദഗ്ദ്ധ്യ’ത്തെ ബഹുമാനിക്കുന്ന, അഭ്യസിക്കുന്ന, അന്വേഷണങ്ങളിൽ താൽപര്യമുള്ളവരുടെ ഇടമാണിത്. പ്രകൃതിയിൽ
നിന്നും ഒട്ടും വേറിട്ടല്ല ശില്പപാട്യം. ഇവിടെ മരവും മണ്ണും മൃഗങ്ങളും മനുഷ്യനും ഒന്നുചേർന്ന് സ്നേഹത്തിന്റെ കലാപരിസരം ഒരുക്കിയിരിക്കുന്നു. പ്രകൃതിയിൽനിന്ന് ഒട്ടും ദൂരെ മാറാതെ എങ്ങനെയാണ് ആധുനിക മനുഷ്യനായി ജീവിക്കുക എന്ന
സംശയത്തിന്റെ കണിക എങ്കിലും ബാക്കിനിൽക്കുന്നവർ ശില്പപാട്യത്തിലേക്ക് വരിക. ചെങ്കല്ലും മരങ്ങളും ശില്പങ്ങളും ചേർന്ന് നിങ്ങൾ നിങ്ങളെത്തന്നെ മറന്നുപോയി, പ്രകൃതിയുടെതന്നെ ഭാഗമായിത്തീരുന്ന അത്ഭുതപൂർവമായ അന്തരീക്ഷത്തിലേക്ക്
ലയിച്ചുപോകും. സ്വയംകണ്ടെത്തലിന്റെ പുതുവഴികൾ കണ്ടെത്താനുള്ള ഈ ഇടത്തിൽ വത്സൻ കൂമ കൊല്ലേരിയെയും കണ്ടുമുട്ടാം.
‘സ്വയം നവീകരണം’ ആണ് കൊല്ലേരിയുടെ രചനകളിൽ ആവർത്തിക്കുന്ന ബിംബമെന്ന് കൊല്ലേരിയുടെ വിദ്യാർത്ഥിയായിരുന്ന നേഹ (Neha Sarai) നിരീക്ഷിക്കുന്നു. അനന്തതയുടെ ആഘോഷമാണ് കൊല്ലേരിരചനകളെന്നുകൂടി നേഹ കണ്ടെത്തുന്നുണ്ട്.
കേവലമൊരു ശില്പമല്ല കൊല്ലേരിയുടെ ശില്പകലാപരിസരങ്ങൾ. അത് വസ്തുകലയുടെ, പ്രകൃതിയുടെ, പാരമ്പര്യത്തിന്റെ, അനുഷ്ഠാനങ്ങളുടെ, നിത്യജീവിതത്തിന്റെ വിശദമായ ഇടങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളുമായി ഒരു സംവാദത്തിനുള്ള ഇടം കൊല്ലേരിരചനകൾ സൃഷ്ടിച്ചിരിക്കുന്നു.
നാം നിത്യജീവിതത്തിൽ കണ്ടുമുട്ടാറുള്ള വിവിധതരം മാധ്യമങ്ങളെയും ഉപയോഗിച്ച് സാദ്ധ്യമാക്കുന്ന ഈ ഭാഷണം പ്രകൃതിയുടെ ഒരു ‘പച്ച’വായനയായി മാറുന്നുണ്ട്. കാഴ്ചക്കാരന്റെ/ മനുഷ്യന്റെ പ്രകൃതിയുമായുള്ള നൂറ്റാണ്ടുകളായുള്ള ഇടപെടലുകളുടെ ഓർമകൾ ജീനുകളിൽ തുടിക്കുന്നു. മണ്ണും ഇലകളും മരവും കല്ലുമൊക്കെ പുതുരൂപത്തിൽ കൊല്ലേരി ശില്പപരിസരങ്ങളിൽ നമ്മെ നമ്മുടെതന്നെ സ്വയം നവീകരണ സാദ്ധ്യതകളുടെ ഉൾവഴികളിലേക്ക്, ഹൃദയാറകളിലെ ആഴങ്ങളിലേക്ക് ക്ഷണിക്കുന്നു.
ഇവിടെ നമ്മെ ചുറ്റിനിൽക്കുന്ന, നാം നിരന്തരമിടപെടുന്ന മാധ്യമങ്ങൾ ചിന്തയുടെ പുതുഭാഷണങ്ങളിൽ, ശില്പകലാപരിസരങ്ങളിൽ നമ്മളോട് അനന്തതയുടെ, നൂറ്റാണ്ടുകളുടെ ബന്ധത്തിന്റെ കഥകൾ പറയുന്നു. ജീവിതത്തെ കുറിച്ച്, പ്രകൃതിയെ
കുറിച്ച്, മരണത്തെ കുറിച്ച്, ജൈവികതയെ കുറിച്ച്, മനനത്തെ കുറിച്ച് ഇവ വാചാലമാകുന്നു.
വത്സൻ കൂർമ കൊല്ലേരി: 97471 21381
valsankoorakolleri@gmail.com