ഇരുട്ടുപരന്നാൽ മാത്രം
ചലനാത്മകമാകുന്ന
ചില
ജീവിതങ്ങളുണ്ട്.
പൊന്തക്കാടുകളിൽ
നൂണ്ട് നുണ്ട്
വെളിച്ചത്തിന്റെ
ഉറവ തേടിത്തേടി
ജീവിതം
ഇരുട്ട് മാത്രമാണെന്ന
‘ബോധ്യത്തിൽ’
വിരാമമായവർ .
(പെരുച്ചാഴികളെക്കുറിച്ച്
മാത്രമല്ല )
‘സന്തോഷ’മെന്നത്
തൊലിപോലെ
കറുത്തതാണെന്നും,
വെളിച്ചം
വെളിവുകിട്ടാത്ത
വെളുപ്പാണെന്നും
പെരുച്ചാഴികൾക്കും
തിരിച്ചറിവുണ്ടായിട്ടുണ്ട്.
( മുൾക്കാടുകൾ മാത്രം
വിധിക്കപ്പെട്ട
മൻഷ്യർ ഉണ്ടായിരുന്നെന്ന്
നരവംശ ശാസ്ത്രം)
ഉപ്പിന്
പുളിച്ചതെന്ന്
പറയാതെ
ഉപ്പെന്ന്
പറഞ്ഞതിന്റെ പേരിൽ
തല്ലിക്കൊല്ലപ്പെട്ടവന്റെ
ആത്മാവ്
കൂടുവെച്ചത്
നവോത്ഥാനമെന്ന
വാക്കിന്റെ
ഇടത്തേയറ്റത്താണ്.
(ആകാശത്തിന്റെ വേരിൽ
മൺമറഞ്ഞുപോയവർ
ഉമ്മവെച്ചിട്ടാവും
ഉണങ്ങാത്ത മുറിവുപോലെ
മിന്നുന്നുണ്ട്
അവിടിവിടെ
ചില നക്ഷത്രങ്ങൾ)
പട്ടികളോടാണ്,
ഒരുപാട് കുരയ്ക്കണ്ട …
നാല് കാലിലാണെങ്കിലും
നിങ്ങൾക്കുമുണ്ട്
ജാതിയിലെ
ഏറ്റക്കുറച്ചിലുകൾ …
പക്ഷേ,
തെരുവിലുള്ളവയുടെ
വരിയുടക്കണമെന്നത്
മാത്രമാണ്
പൊതു ആവശ്യമാകുന്നത് ….
പിടിക്കപ്പെടുന്നതിന്
തൊട്ടുമുമ്പ് വരെ
കടലിലെ
മീനുകൾക്കിടയിൽ
വേർതിരിവുകൾ
ഉണ്ടായിരുന്നില്ല..
സത്യം,
വർഗ്ഗ ബോധത്തിൽ
വിള്ളൽ വീഴ്ത്തിയത്
വലകളുടെ
അധിനിവേശമാണ് …
വിഷത്തിന്റെ കാര്യത്തിലെ
ഏറ്റക്കുറച്ചിൽ
മാത്രമല്ല,
പാമ്പുകൾക്കും
തേളുകൾക്കും
വിഭാഗീയതയുടെ
അംഗീകാരം
ലഭിക്കാൻ
മറ്റ് പല കാരണങ്ങളുമുണ്ട്.
മഴയിൽ
പച്ചമരത്തിന്
തീ പിടിക്കുന്നതും ,
കടലിൽ വിതച്ച
പ്രണയ വിത്തുകൾ
വിളവെടുപ്പിന്
പാകമാകുന്നത്
കാത്തിരുന്നും
ഉറഞ്ഞുപോയവർ
ദൈവങ്ങളായി
വാഴിക്കപ്പെട്ടു.
(ഉറഞ്ഞു പോയതു കൊണ്ട് ,
പ്രതിരോധിക്കാൻ
ആവതില്ലാത്തതുകൊണ്ട് മാത്രം
അവർ
ഇന്നും
ദൈവങ്ങളായി തുടരുന്നു.)
ഉള്ള് ചിതലെടുത്തെന്നും,
ഇനിയും
ചുവട്ടിലിരിക്കുന്നത്
അപകടമാണെന്നും
ഉപദേശിച്ചതിനാണ്
ബുദ്ധൻ
ബോധിയോട്
കലഹിച്ചത്.
(എവിടെയോ ,
വെളിച്ചം കയറാത്ത
ഒരു
മുറിയിലിരുന്ന്
യശോധര
സിദ്ധാർത്ഥനെ
ഓർത്തു )
സൂക്ഷിച്ച് നോക്കിയാൽ
കാണാം,
ഓരോ ജന്തുവിലും
മനുഷ്യൻ
ചിതറിക്കിടക്കുന്നത്.