കെ ജി ജോർജ് മരിച്ചത് എറണാകുളത്ത് സിഗ്നേച്ചർ എന്ന ഒരു വൃദ്ധസദനത്തിൽ വെച്ചായിരുന്നു എന്ന വാർത്തയെ പിൻപറ്റി ഒട്ടനവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഭാര്യയെവിടെ, മക്കളെവിടെ സുഹൃത്തുക്കളെവിടെ എന്നൊക്കെ ഒരുപാട് ചോദ്യങ്ങളും തുടർന്നുള്ള കണ്ടെത്തലുകളുമായിരുന്നു അവയിൽ അധികവും..പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെപ്പേർ അഭിപ്രായങ്ങൾ എഴുതി. സിഗ്നേച്ചർ ഒരു ‘ഓൾഡ് ഏജ് ഹോം’ അല്ല എന്ന് അതിന്റെ സാരഥി ജോസഫ് അലക്സ് പറയുന്നതും ആ പേരിനോട് മലയാളി ഇപ്പോഴും ഒരു അകൽച്ച സൂക്ഷിക്കുന്നത് മനസ്സിലാക്കിയാവാം. പക്ഷെ, പ്രായമേറുന്നവരെ പരിചരിക്കാൻ, അവർക്കു സന്തോഷകരമായ, വേദനയില്ലാത്ത ഒരു മരണം സാധ്യമാക്കാൻ ഇത്തരം സ്ഥാപനങ്ങൾ വേണ്ടിവരുന്നത് ഒരു യാഥാർഥ്യം മാത്രമാണ്.
1993-ൽ കൊച്ചുബാവ വൃദ്ധസദനം എഴുതുമ്പോൾ എഴുപത്തിയഞ്ചാം വയസ്സിലെ ദാരുണ വാർദ്ധക്യങ്ങളുടെ നിസ്സഹായതയായിരുന്നു മുന്നിൽ കണ്ടത്. ഒരു വൃദ്ധസദനത്തിലെത്തുന്ന സിറിയക് ആന്റണി എന്ന നായകന്റെ മനോവ്യാപാരങ്ങളിലൂടെ അങ്ങനെയൊരു സ്ഥാപനം മലയാള മണ്ണിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറും എന്ന് മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കൊച്ചുബാവ എഴുതിവെച്ചിരുന്നു. ഇപ്പോഴാകട്ടെ കേരളത്തിലെ ഒട്ടനവധി വീടുകൾ ഓരോ വൃദ്ധ സദനങ്ങളായി മാറിക്കഴിഞ്ഞു.
ഇപ്പോൾ മനുഷ്യർ ആ ചിന്തയോട് കൂടുതൽ ഇണങ്ങിക്കഴിഞ്ഞതായി കാണാം. ജോലി ചെയ്യാതെ ജീവിക്കാനാവില്ലെന്ന സത്യം അച്ഛനമ്മമാർക്കും മക്കൾക്കും നന്നായറിയാം. വൈകുന്നേരം വീട്ടിലെത്തുന്ന ജോലികളെക്കാൾ വിദേശങ്ങളിൽ സ്ഥിരതാമസമാകുന്ന ഉദ്യോഗങ്ങളിലേക്കാണ് എല്ലാവരും നോട്ടമിടുന്നത്. പ്രത്യേകിച്ചും അണുകുടുംബങ്ങളുടെ വരവോടെ പന്തണ്ടാം ക്‌ളാസ് കഴിയുന്നതോടെ തന്നെ അച്ഛനമ്മമാർ വീട്ടിൽ ഒറ്റപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അന്യനാടുകളിൽ പഠിക്കാൻ പോകുന്ന മലയാളി കുട്ടികളുടെ എണ്ണം അടുത്തകാലത്തായി ക്രമാതീതമായി കൂടിയിട്ടുണ്ട്. വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളാകട്ടെ ഒരു തിരിച്ചു വരവിന് തുനിയാറുമില്ല. അവരുടെ പഠനത്തിന് അനുസരിച്ച ഒരു ജോലിയും ശമ്പളവും ഇവിടെ ലഭിക്കാറില്ല എന്നതുതന്നെ പ്രധാന കാരണം. മക്കളുടെ ജോലിസ്ഥലങ്ങളിൽ പോയി ശിഷ്ട ജീവിതം അവരോടൊപ്പം കഴിച്ചുകൂട്ടുന്നവർ ഇപ്പോഴുണ്ടെങ്കിലും പല അവസരങ്ങളിലും അത് പ്രയോഗികമാവാറില്ല. അങ്ങനെ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യർക്ക് മാന്യമായ പരിചരണം ലഭ്യമാക്കുന്ന, അവർക്ക് സമപ്രായക്കാരുമായി സംസാരിച്ചിരിക്കാവുന്ന വൃദ്ധസദനങ്ങൾ ഈ കാലഘട്ടത്തിന്റെ ഒരാവശ്യം തന്നെയാണ്. 2030 എത്തുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയുടെ 20 ശതമാനം 60 വയസ്സിനു മുകളിലുള്ളവരായിരിക്കും എന്നാണ് ചില പഠനങ്ങൾ പറയുന്നത്. അതായത് ഏതാണ്ട് 35-40 ലക്ഷം ആളുകൾ.
എന്നാൽ, പഴയ സ്‌കൂൾ മുറിപോലെയുള്ള കെട്ടിടങ്ങളാണ് ഇത് കേൾക്കുമ്പോൾ നമ്മുടെ ഓർമയിൽ വരിക. ആ കാലം മാറിത്തുടങ്ങി.. ഇന്ന് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങളുണ്ട്. അവിടെ താമസിക്കുന്നവരുടെ ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിദഗ്ധരായ ഡോക്ടർമാരുണ്ട്. വീടുകളിൽ ജോലിക്കാരെ കിട്ടാൻ വിഷമമുള്ള ഇക്കാലത്ത് യാഥാർഥ്യം മനസ്സിലാക്കാൻ നമ്മളും തയ്യാറാവണം. പ്രായമേറുമ്പോൾ വൃത്തിയും വെടിപ്പുമുള്ള ഇത്തരം സ്ഥാപനങ്ങളിലേക്ക് മാറിത്താമസിക്കാൻ നമ്മൾ മാനസികമായി തയാറെടുക്കേണ്ടിയിരിക്കുന്നു.