ശബരിമല അയ്യപ്പനെക്കൊണ്ട് ഒരു ഗുണമുണ്ടായി – മലയാളിയുടെ പരിണാമ
നിലവാരം അനാവരണം ചെയ്തുകിട്ടി. സാമൂഹ്യ മാധ്യമങ്ങൾ കുറച്ചുകാലമായി ഈ കർമം ശുഷ്‌കാന്തിയോടെ നിറവേറ്റിവരുന്നുണ്ടായിരുന്നു. എങ്കിലും വെബ്
ലോകമായതുകൊണ്ട് അതിനൊരു അശരീരിയുടെ ഭൗതിക പരിമിതിയുണ്ട്; ഒരു ത്രീ-ഡി ഇഫക്ടിന്റെ കുറവ്. ഫേസ്ബുക്കാദി ഓൺലൈൻ തട്ടിൻപുറത്ത് ഉടുമുണ്ടൂരി തലയിൽ കെട്ടി, വാലിൽ കുത്തി ഞൊളയ്ക്കുന്ന മഹതീമഹാന്മാരെ ഇഹലോകം കാണുക, വല്ലപ്പോഴും വരുന്ന സൈബർ കേസുകളിലൂടെയാണ്. ഡിജിറ്റൽ കുഴലെന്നല്ല, ചരിത്രപരമായി പലതരം കുഴലിലൂടെ കയറിയിറങ്ങിയ വിരുതനാണ് മലയാളി – നവോത്ഥാനം, സാക്ഷരത, പള്ളിക്കൂട പഠിപ്പ്, രാഷ്ട്രീയ പ്രബുദ്ധത. അതിലൂടൊക്കെ കടന്നിട്ടും വാലിന്റെ ഷേപ്പിന് യാതൊരു മാറ്റവുമില്ല. അതാണ് കാരക്ടറുള്ള വാലിന്റെ
സ്വത്വബലം. 21-ാം നൂറ്റാണ്ടിലും അതിനുള്ള അചഞ്ചലത വ്യക്തമാക്കിത്തരികയാണ് ശബരിമല കേസുകെട്ട്. അഥവാ, കടന്നുപോന്ന സുപ്രസിദ്ധ കുഴലുകളെയെല്ലാം ഈ വാൽ എങ്ങനെ ഇസ്‌പേഡാക്കി എന്ന ചരിത്രപാഠം.
പാഠം ഒന്ന് – ഭരണഘടനാ ജനാധിപത്യം എന്ന മഹാകുഴലിൽ കിടന്ന് ആകൃതി കളഞ്ഞുകുളിക്കാനുള്ളതല്ല സ്വന്തം വാലെന്ന് മലയാളി െതളിയിച്ചുകാട്ടുന്നു.
ജുഡീഷ്യറി മഹാശ്ചര്യം, അപ്രിയമോതിയാൽ ആളെക്കൂട്ടി പുറങ്കാലിനടിക്കും.
അതിപ്പൊ കൊടി കെട്ടിയ ഭരണഘടനാബഞ്ചായാലും. ശബരിമലകേസിൽ ഹിന്ദുക്കൾ അതു കാട്ടി. ബാവ-മെത്രാൻ കേസിൽ നസ്രാണികളും. നേരിട്ടൊരു ചാൻസ് ഒത്തുവന്നില്ലെങ്കിലും തങ്ങളും കൂട്ടിനുണ്ടെന്ന് ശബരിമലകേസിൽ ‘വിശ്വാസി’പക്ഷം പിടിച്ചുകൊണ്ട് മുസ്ലിങ്ങളും ഉറപ്പിച്ചു. ഇതാണ് പറയുന്നത്, ഭരണഘടനയും റിപ്പബ്ലിക്കൻ ജനായത്തവുമൊന്നുമല്ല ഇന്ത്യ ഭരിക്കുന്നത്, മതങ്ങളാണെന്ന്.
പാഠം – രണ്ട്, ആത്യന്തികാധികാരം നിലനിർത്താൻ വിശുദ്ധ വിശ്വാസികൾ ഏത് അവിശുദ്ധ കലാപരിപാടിയും അവലംബിക്കും. പുകമറ വെടിക്കഥ, നുണയഭിഷേകം, വികാരജ്വരം തുടങ്ങി അനവധിയുണ്ട് വഴിപാടുകൾ. ലക്ഷ്യമാണ് പ്രധാനം, മാർഗമല്ല. ആയതിനാൽ,സുപ്രീംകോടതിവിധിയുടെ പുറംപാട വലിച്ചൂരിയാണ് വ്യാഖ്യാനം. സത്യത്തിൽ, യുവതീപ്രവേശനത്തിനുള്ള അനുമതിയല്ല പ്രതിഷേധകരുടെ ശരിയായ
പ്രശ്‌നം. പുറമേക്കു പിടിക്കുന്ന പൊതുവായ ഭക്തജന മുഖംമൂടിയല്ല അതിനുള്ളി
ലെ ശരിയായ തത്പരകക്ഷികൾ.
411 പേജുള്ള സുപ്രീംകോടതി വിധി ന്യായത്തിന്റെ മർമം ഇപ്പോൾ പൊക്കിപ്പറയുന്ന യുവതീപ്രശ്‌നമല്ല. മറിച്ച് ശബരിമല ഒരു പൊതു ആരാധനാലയമാണെന്ന പ്രഖ്യാപനമാണ്. യുവതികൾക്കുള്ള വിലക്ക് എന്ന ആചാരത്തിന് നിയമസാധുത കിട്ടണമെങ്കിൽ അയ്യപ്പഭക്തർ ഒരു പ്രത്യേക മതവിഭാഗം (ഡിനോമിനേഷൻ) ആണെന്നു സ്ഥാപിക്കേണ്ടിയിരുന്നു. 12 കൊല്ലത്തെ വ്യവഹാരത്തിൽ അത് സാധിച്ചില്ല. ഹൈന്ദവ മതവിശ്വാസങ്ങളുടെ പൊതുവായ ചട്ടക്കൂടിൽപ്പെടുന്ന ഒന്നുമാത്രമാണ് അയ്യപ്പനും അയ്യപ്പഭക്തിയുമെന്ന് കോടതി കണ്ടെത്തി. അങ്ങനെയുള്ളിടത്ത് ലിംഗവിവേചനം
ഒരുതരത്തിലും സാധ്യമല്ല. ഈവഴിക്ക്, പൊതു ആരാധനാലയം എന്ന നിഗമനത്തിന്റെ ഉപഫലമായാണ് യുവതീവിലക്ക് റദ്ദാക്കപ്പെട്ടത്. അവിടെത്തന്നെയാണ് തത്പരകക്ഷികളുടെ മുഖംമൂടി പൊളിയുന്നതും. പ്രതിഷേധമുന്നണിയിലെ പ്രധാന കളിക്കാരെ പരിചയപ്പെടാം
തന്ത്രി കുടുംബം, ബ്രാഹ്മണസഭ, പന്തളം കൊട്ടാരം, എൻഎസ്എസ്, ടീമിലേക്ക് ഇടിച്ചുകയറി കളം പിടിച്ച ഫാൻസ് അസോസിയേഷനുകൾ രണ്ടെണ്ണം വേറെയും – സംഘപരിവാറും കോൺഗ്രസും.
ഇതിൽ ആദ്യ മൂന്നു കൂട്ടരും ശബരിമലയിൽ നേരിട്ട് ലാഭേചതമുള്ള കക്ഷികളാണ്. താഴമൺ തന്ത്രി കുടുംബത്തിനാണ് അവിടുത്തെ പൗരോഹിത്യ മേലധികാര കുത്തക (1902 മുതൽ). ആദായനികുതിവകുപ്പ് കണ്ണടച്ചു കൊടുക്കുന്ന ഗംഭീര വരായ്ക മാത്രമല്ല ഈ കുത്തക വഴി സാധിക്കുന്നത്. ആഗോളതലത്തിൽതന്നെ ക്ഷേത്രപ്രതിഷ്ഠയ്ക്കും അവയുടെ താന്ത്രികാധികാരത്തിനുമുള്ള സാങ്കേതിക മൂലധനം കൂടിയാണ് ശബരിമലയിലെ ഈ ആധിപത്യം. ദേവസ്വം ബോർഡുകളിൽ പൂജാവിധി പഠിച്ച അബ്രാഹ്മണർക്കും തൊഴിൽ കിട്ടിവരുന്ന ഇക്കാലത്ത് അതിന് അപവാദമായ ക്ഷേത്രം
ശബരിമലയാണ്. മലയാള ബ്രാഹ്മണർ (നമ്പൂതിരി)ക്ക് മാത്രമാണവിടെ ശാന്തിപ്പണി. തന്ത്രി കു ടുംബത്തിന്റെയും യോഗക്ഷേമസഭയുടെയും ചേതം ഇവിടെയാണ് – പൊതു ആരാധനാലയമാകുന്നതോടെ ഇപ്പറഞ്ഞ മേഖലകളിൽ അവയുടെ കുത്തക വെള്ളത്തിലാകാം.
ഇന്നോളം ഭൂജാതമായിട്ടില്ലാത്ത ഒരു രാജ്യത്തിന്റെ പേരിൽ ചുട്ടെടുത്ത മിത്തു വഴിയാണ് മൂന്നാംകൂട്ടരുടെ ലാഭം – പന്തളം കൊട്ടാരം. തിരുമല നായ്ക്കനെ പേടിച്ച് പണ്ട് പാണ്ഡ്യരാജ്യം വിട്ടോടിയ കൂട്ടർക്ക് കൈപ്പുഴ തമ്പാൻ എന്ന ജന്മി നൽകിയ സൗജന്യ ഭൂമി വച്ചാണ് ഈ കൊട്ടാരക്കളിയുടെ പ്രാരംഭം. പിന്നീട് ശബരിമല നിൽക്കുന്ന കോന്നി പ്രദേശം മുതൽ പന്തളം വരെ പല കഷണങ്ങളായി ഭൂമി വാങ്ങിയെടുത്ത് ലോക്കൽ ജന്മികളായ കൂട്ടരാണിത്. തൃപ്പാപ്പൂർ തൊട്ട് കൊച്ചി വരെ പടേയാട്ടം നടത്തി തിരുവിതാംകൂർ രാജ്യമുണ്ടാക്കിയ അനിഴം തിരുനാൾ മാർത്താണ്ഡവർമ ‘പന്തളം രാജ്യ’ത്തെ ആക്രമിച്ചില്ല. കാരണം, അങ്ങനൊരു രാജ്യം അവിടുണ്ടായിരുന്നില്ല. ഇപ്പറഞ്ഞ പാണ്ഡ്യജന്മിമാർ തിരുവിതാംകൂർ രാജാവിന്റെ വിനീതദാസന്മാരായി കഴിഞ്ഞുകൂടുകയും ചെയ്തു. കപ്പം കൊടുക്കാൻ കാശില്ലാതെ വന്നപ്പോൾ പലിശക്കാരിൽ നിന്ന് കടം വാങ്ങി കെണിയിലായി. ടി കെണി തീർക്കാൻ തിരുവിതാംകൂറിന് സ്വന്തം സ്വത്തുവക മുഴുവൻ തീറെഴുതി പകരം പെൻഷൻ തുക കൈപ്പറ്റിയ ക്ഷാത്രവീര്യമാണ് ഈ കക്ഷിയുടെ ഒസ്യത്ത്. (പന്തളം അടമാനം എന്ന ചരിത്രരേഖവായിക്കുക). അങ്ങനെ തിരുവിതാംകൂറിന്റെ വകയായ ശബരിമലയിൽ നാലണയുടെ അവകാശമില്ലാത്തവർ ചുട്ടെടുത്ത കഥയാണ് അയ്യപ്പന്റെ പിതൃസ്ഥാനം. സത്യത്തിൽ മലയരയന്മാരുടെ ‘ചാത്തൻപുര’യായിരുന്ന ഈ ദേവാലയത്തിൽ വൈദിക ഹിന്ദുമതം കുത്തിത്തിരുകിയ ധർമശാസ്താ സങ്കല്പത്തിലേക്ക് രണ്ടാമതുണ്ടായ കുത്തിച്ചെലുത്തലായിരുന്നു അയ്യപ്പൻ. അതെന്തായാലും ‘പന്തളം കൊട്ടാര’ത്തിന്റെ ഇന്നത്തെ ചേതം ഈ സാംസ്‌കാരിക മേലാളത്തമാണ്.
എൻഎസ്എസ്സിന്റെ ചേതം കുറെക്കൂടി പ്രകടമായ ഒന്നാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ ക്ലീൻ 96 ശതമാനമാണ് നായർ സംഘടനയുടെ കൈപ്പിടിയിലുള്ളത്. ഈ ക്ഷേത്രങ്ങളെയെല്ലാം തീറ്റിപ്പോറ്റുന്ന ശബരിമല പൊതു ആരാധനാലയമാകുന്നതോടെ റിക്രൂട്ട്‌മെന്റിന്റെ സ്വഭാവം മാറും. പെരുന്ന പോപ്പിന്റെ അംശവടി ഒടിയും.
ചുരുക്കിയാൽ, ബ്രാഹ്മണർ, ക്ഷത്രിയർ, കേരള ശൂദ്രനായ നായർ എന്നിങ്ങനെ മൂന്നു ജാതിയുടെ സാമ്പത്തിക, സാംസ്‌കാരിക കോയ്മകൾക്കുള്ള പച്ചയായ ചേതമാണ് ശബരിമലയിലെ േകാടതിവിധി. അഥവാ ജാതിയാണ് ഈ വിശ്വാസപ്പുകമറയ്ക്കുള്ളിലെ യാഥാർത്ഥ്യം. ഹിന്ദുമതത്തിലെ വർണജാതിക്കാരല്ലാതെ അധ:സ്ഥിതരാക്കപ്പെട്ട ഒരൊറ്റ ജാതിയും സ്വന്തം പെണ്ണുങ്ങളെ
നാമജപകൂത്തിന് തെരുവിലിറക്കിയില്ലെന്നത് ശ്രദ്ധിക്കുക.
പാചകവാതക വിലക്കയറ്റം തൊട്ട് പെൺപീഡന പരമ്പര വരെ ഒരു സാമൂഹ്യ പ്രശ്‌നത്തിനും കമാന്നു മിണ്ടാത്ത മേപ്പടി വർണഹിന്ദുപ്പെൺെകാടികളെ
പൊടുന്നനെ തെരുവിൽ കണ്ടപ്പോൾ ഹിന്ദുത്വ രാഷ്ട്രീയത്തിന് ലഡു പൊട്ടി.
കാൽച്ചോട്ടിലെ പരമ്പരാഗത പശമണ്ണ് സംഘികൾ കൊണ്ടുപോകുമോ എന്നു ബേജാറായി ഗാന്ധിയന്മാരും കോറസിൽ കൂടി. യഥാർത്ഥ സ്റ്റേക്-ഹോൾഡേഴ്‌സായ ജാതിസംഘവും പിന്നാലെ കൂടി കളം പിടിച്ച ഈ രാഷ്ട്രീയ സംഘവും ടെംപോ നിലനിർത്താൻ ഒരേ കുട പിടിച്ചു – ഇടതുപക്ഷ സർക്കാർ എന്ന പൊതുശത്രു. ഓർക്കണം, നാമജപത്തെ കോമാളിത്തമാക്കിയ ആവേശത്തിൽ. ഒരിടത്തും യഥാർത്ഥ ശത്രുവിന്റെ പേര് കമാന്ന് ഉച്ചരിച്ചിട്ടില്ല – സുപ്രീംകോടതി.
ഇവ്വിധം പലതരം സ്റ്റേയ്ക്കുള്ള പല പ്രമാണികൾ ഐക്യം പ്രാപിച്ചപ്പോൾ പഴയ വിമോചന സമര കാൻവാസ് പൂരിപ്പിക്കേണ്ട ദൗത്യം യുഡിഎഫ് ഏറ്റെടുത്തു – മുസ്ലിംലീഗും കത്തോലിക്കാ പാർട്ടികളും ഈ ‘വിശ്വാസ’ സംരക്ഷണത്തിന് വാക്കാൽ പിന്തുണ പ്രഖ്യാപിച്ചു. ഇങ്ങനൊക്കെയല്ലേ കയറിയിറങ്ങിയ ചരിത്രക്കുഴലുകളെ പാഴ്‌വസ്തുവാക്കിക്കൊണ്ട് മലയാളിവാൽ സ്വന്തം വ്യക്തിത്വം കാക്കുക?
പാഠം മൂന്ന് – ജാതിമതങ്ങളുടെ ആധിപത്യ രാഷ്ട്രീയത്തിൽ എക്കാലവും ബലി മൃഗമാക്കപ്പെടുന്ന വർഗത്തിന് പുതിയ ചരിത്രത്തിലും മലയാളി നൽകുന്ന പരമ്പരാഗത വിധിന്യായം. വനിതാശാക്തീകരണത്തിന്റെ അവകാശവാദം ഉന്നയിക്കാത്ത ഒരു വിശ്വാസിക്കൂട്ടമോ രാഷ്ട്രീയക്കൂട്ടമോ കേരളത്തിലില്ല. ലിംഗസമത്വത്തിന്റെ നെയ്യഭിഷേകത്തിന് യാതൊരു പഞ്ഞവുമില്ല. അങ്ങനെയുള്ള ദൈവത്തിന്റെ സ്വന്തം മണ്ണിൽ ആർത്തവമുള്ള പെണ്ണിനെ കണ്ടാൽ ദൈവത്തിന് കൺട്രോൾ പോകുന്നെങ്കിൽ
പാവം മനുഷ്യരെന്തു പിഴച്ചു? ഈ പ്രപഞ്ചലീലയുടെ ആനുകാലിക വ്യാകരണം ഒരു ലളിത ദ്വന്ദ്വമാണ് – ആർത്തവം – ബ്രഹ്മചര്യം.
ആജീവനാന്ത ബ്രഹ്മചര്യം സ്വയം തിരഞ്ഞെടുത്ത കഥാപാത്രമാണ് അയ്യപ്പൻ. പ്രേമിച്ചു കെട്ടാൻ പുറകെ നടന്ന പെണ്ണ് െതാട്ടടുത്തിരിപ്പുണ്ട് – മാളികപ്പുറത്തമ്മ. എന്നിട്ടും എന്തിനീസ്ര്തീവിരുദ്ധനിഷ്ഠ തിരഞ്ഞെടുത്തു എന്നു ചോദിക്കരുത്. ദൈവങ്ങൾ അങ്ങനെയാ – ഓരോ രൂപത്തിൽ ഓരോ ലീലാവിലാസം. കാമുകനു നിഷ്ഠ പിഴച്ചാൽ ടിയാനെ വേൾക്കാമെന്ന പ്രത്യാശയിൽ കഴിഞ്ഞുകൂടുകയാണ് നിത്യകന്യകയായ മാളികപ്പുറം. മല ചവിട്ടാൻ കന്നി അയ്യപ്പന്മാർ വരാത്തപക്ഷം അവളുടെ ആശ സാധി
ച്ചുനൽകാം എന്നതാണ് അയ്യപ്പന്റെ വ്രതനിഷ്ഠയിലെ ഉപവകുപ്പ്. ഇങ്ങനെ പരസ്പരവിരുദ്ധമായ രണ്ടു വ്രതങ്ങളാണ് ശബരിമലയിൽ പുലരുന്നത്. ഇതിലൂടെ വെളിവാകുന്ന മറ്റൊരു ടെക്‌നിക്കുണ്ട്. അയ്യപ്പന്റെ വ്രതം തെറ്റിക്കാതിരിക്കാൻ കൊല്ലംതോറും കന്നി അയ്യപ്പന്മാരുടെ സപ്ലൈ ഉറപ്പുവരുത്തുകയാണ് ആൺഭക്തന്മാരുടെ ഒരു ചുമതല. അങ്ങനെ മിത്തിൽപോലും പെണ്ണിനെ ഗോപി
വരപ്പിക്കുന്നു!
‘മൈനറാ’യ മൂർത്തിയുടെ വ്രതം സംരക്ഷിക്കാൻ ടിയാന്റെ മനുഷ്യരായ
രക്ഷകർത്താക്കൾ സെറ്റപ്പാക്കിയ ബന്തവസാണ് ആർത്തവമുള്ള പെണ്ണുങ്ങൾക്ക് മലയിലുള്ള വിലക്ക്. ഇവിടെയാണ് ഒരു മനുഷ്യജീവി പുറപ്പെടുവിക്കുന്ന
ഉല്പാദനപരമായ ലൈംഗികോർജത്തെ പ്രശ്‌നവത്കരിക്കുന്നത്. 41 ദിവസത്തെ
വ്രതമെടുത്ത് മല കയറുന്ന ആണിന് അവന്റെ പ്രത്യുല്പാദനശക്തി നിയന്ത്രിക്കാൻ കഴിയും എന്ന കല്പനയാണ് ഇക്കാര്യത്തിലുള്ള മുൻകൂർ ജാമ്യം. ലൈംഗികോർജത്തെ ഇങ്ങനെ നിയന്ത്രിക്കാൻ പെണ്ണിനു കഴിവില്ലെന്നും 41 ദിവസത്തിനുള്ളിലുള്ള അവളുടെ സ്വാഭാവിക ആർത്തവചക്രമാണ് അതിന്റെ തെളിവെന്നും ഈ കല്പനയുടെ യുക്തിയായി സമർത്ഥിക്കുന്നു. (എന്താണീ 41-െന്റ കണക്കെന്ന ചോദ്യമില്ല. സംഗതി 14 ആക്കിയാൽ ആണിന് വേണ്ടത്ര കൺട്രോളിനുള്ള നേരം തികയില്ലെന്നുണ്ടോ?) ഇങ്ങ
നൊക്കെയാണ് ആചാരപക്ഷക്കാരുടെ വിവേചനപരമായ ലിംഗവിചാരം. അതിന്റെ സ്വാഭാവികപരിണതിയായ ആൺകോയ്മ മാത്രമല്ല ഭക്തിഡയലോഗിന്റെ
പുകമറയിൽ മൂടിപ്പോവുന്നത്, വൈചാരികമായ അസംബന്ധങ്ങളും ആനമഠയത്തരങ്ങളും കൂടിയാണ്.
ലൈംഗികബന്ധം പുലർത്തുന്ന ജീവജാലങ്ങളിൽ ശാരീരിക സുഖത്തോടൊപ്പം പ്രത്യുല്പാദനത്തിന്റെ ൈനസർഗിക ക്രിയ കൂടിയാണല്ലോ രതി. എന്നാൽ, ബോധമണ്ഡല വികാസം വഴി ആന്തരിക ജീവിതം പ്രാപ്യമായ മനുഷ്യജീവിയിൽ സംഗതി ഇതിനുമപ്പുറം പോകുന്നു. ലൈംഗികമായ രതിബന്ധം കേവലം ശാരീരികാനന്ദവും പ്രത്യുല്പാദന സൗകര്യവും മാത്രമല്ല മനുഷ്യർക്കു നൽകുന്നത്. ഇണയോടു ചേരുമ്പോൾ സ്വത്വപരമായ ഒരു തുടർച്ചാഭാവം കൂടിയാണ്. തികച്ചും ഭൗതികവും പരിമിതവുമായ ദേവിചട്ടക്കൂടിനെ അതിലംഘിച്ചുപോവുന്നതായുള്ള ഒരു തോന്നലാണത്.
ഒറ്റപ്പാടിൽ നിന്ന് പൂർണതയിലേക്ക്. ഇതാണ് രതിവേഴ്ചയുടെ രൂപകാത്മകമായ ഭാവം. ഇണയോടുള്ള വൈകാരിക ബന്ധ ണ് ഈ അവസ്ഥയെ മെച്ചപ്പെടുത്തുന്ന ഘടകം. അങ്ങനെയിരിക്കെത്തന്നെ രണ്ടു വ്യക്തികൾക്കിടയിലെ ബാന്ധവത്തിൽ പല പൊരുത്തക്കേടുകളുണ്ടാവാം. വൈകാരികതയിലെ വൈജാത്യങ്ങൾ തൊട്ട് മറ്റൊരാളെ
സ്വന്തം സ്വകാര്യതയിലേക്ക് കടക്കാൻ അനുവദിക്കുമ്പോഴുള്ള എടങ്ങേറുകൾ വരെ. സമയവും അധ്വാനവും ഇവിടെ വൈയക്തിക മണ്ഡലത്തിലും പങ്കാളിത്ത മണ്ഡലത്തിലുമായി വീതിക്കേണ്ടിവരുന്ന പ്രശ്‌നം വേറെ. ഇതാണ് മിക്ക മതങ്ങളിലും ബ്രഹ്മചര്യം പ്രിയങ്കര വകുപ്പായതിന്റെ പ്രാേയാഗിക കാരണം. ആണിനെ കാര്യകർത്താവും പെണ്ണിനെ സഹായഘടകവുമായി കണ്ടുപോന്ന സാമൂഹിക ക്രമങ്ങളിലെല്ലാം ഈ നിലപാടിന് ശക്തമായ വേരിറക്കമുണ്ട്.
ഒരാണിന്റെ ജീവിതത്തിലെ ആദ്യഘട്ടങ്ങളിൽ അവന്റെ ലക്ഷ്യവും ശ്രദ്ധയും
ചിതറിപ്പോകാതിരിക്കാൻ ഈ നിഷ്ഠയാണ് ഉപദേശിക്കപ്പെടുന്നത്. ഉദാഹരണമായി വിദ്യാഭ്യാസത്തിനുള്ള സമ്പൂർണ സമർപ്പണം. ആത്മീയമണ്ഡലത്തിലാകട്ടെ ഈ നിഷ്ഠയെ ഈശ്വരസാക്ഷാത്കാരം, മോക്ഷം, ദൈവരാജ്യത്തോടുള്ള അടുപ്പം, ആത്മവിമോചനം തുടങ്ങി ഏതെങ്കിലും രൂപത്തിലുള്ള അതിലംഘന മാർഗമായാണ് കണക്കാക്കുന്നത്. ഈ ചിന്താസന്ധിയിലാണ് സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെ അമിതമായി ലൈംഗികവത്കരിച്ച് ഇപ്പറഞ്ഞ ലക്ഷ്യങ്ങൾക്കുള്ള മാർഗതടസ്സമായി (ശത്രുവായി) കല്പിക്കുന്നത്. മികച്ച ഉദാഹരണം പെണ്ണ്.
എല്ലാത്തരം മതവിശ്വാസങ്ങളിലെയും സാരോപദേശ കഥകൾക്ക് ഒരു പൊതുലൈനുണ്ട്. അതിലെല്ലാം ആണിനെ പ്രലോഭിപ്പിച്ച് ദിശ തെറ്റിക്കുന്നത് പെണ്ണാണ്; മറിച്ചല്ല. പ്രസിദ്ധമായ ആ പ്രതിപ്പട്ടിക നോക്കുക – അപ്‌സരസ്, മാലാഖ, മലക്ക്, മനുഷ്യസു ന്ദരി… യോഗിയുടെ ശക്തമായ ഇച്ഛയെ തുളയ്ക്കുന്ന കാമബാണ സെറ്റപ്പ്. സാധാരണ രതിബന്ധം മുഖേനയായാലും ബ്രഹ്മചര്യനിഷ്ഠ വഴിക്കായാലും പ്രക്രിയകളുടെ ആത്യന്തിക ലക്ഷ്യം ഒറ്റപ്പാടിൽ നിന്ന് തുടർച്ചാഭാവം കൈവരിക്കലാണല്ലോ. പ്രകൃതിദത്തമായ ഭൗതികശരീരത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങുന്നതാണ് ഇപ്പറഞ്ഞ രണ്ടിലും മനുഷ്യവ്യക്തി. എന്നുവച്ചാൽ തികച്ചും ഭൗമജീവി. ഈ ഭൗമികത പ്രകൃതിയോടുള്ള ബന്ധത്തെ കൃത്യമായി വിശദീകരിക്കുന്നു; അതുകൊണ്ടുതന്നെ പെണ്ണിനോടുള്ള ബന്ധത്തെയും. കാരണം, പെണ്ണ് എന്നത് പ്രകൃതിയുടെ സ്രൈ്തണവ്യവസ്ഥിതിയാണ്, സൃഷ്ടിക്കുവേണ്ടിയുള്ള പ്രകൃതിയുടെ ഭൗതികഭാഗം. പെണ്ണിന് സൃഷ്ടിക്കാൻ കഴിയുമ്പോൾ ആണിന് അതിൽ സംഭാവന ചെയ്യാനേ പാങ്ങുള്ളൂ. അതുകൊണ്ടുതന്നെ വ്യക്തമായും കാണാം, പെൺശരീരമാണ് പ്രകൃതിയോട് കൂടുതൽ ചേർന്നത്, കൂടുതൽ ഭൗമികം. അത് ജീവനെ സൃഷ്ടിക്കുന്നു, വളർത്തുന്നു, പുലർത്തുന്നു. അതിനാൽ, പെണ്ണിൽനിന്ന് അകലുക/മോചിതനാവുക എന്നതിനർത്ഥം പ്രകൃതിയിൽ നിന്ന് അകലുക/മോചിതനാവുക എന്നാണ്. ബ്രഹ്മചര്യത്തിന്റെ എല്ലാത്തരം ഈഷൽഭേദങ്ങളും ഈ സാരാർത്ഥത്തിൽ സ്ര്തീവിരുദ്ധവും അതുകൊണ്ടുതന്നെ പ്രകൃതിവിരുദ്ധവുമാകുന്നു.
ഈ ആന്തരിക വൈരുധ്യമാണ് പെണ്ണു തൊട്ട് ലിംഗന്യൂനപക്ഷങ്ങൾ വരെയുള്ള മനുഷ്യവർഗങ്ങളെ നോർമലായി േനരിടുന്നതിൽ ഈ സങ്കല്പക്കാർക്ക് വൈക്ലബ്യമുണ്ടാക്കുന്നത്. ടി വൈക്ലബ്യം അവരെ ഈ പറഞ്ഞ സഹജീവികളെയെല്ലാം തങ്ങളുടെ മാർഗത്തിലെ പ്രതിപക്ഷമായി ചാപ്പയടിക്കാൻ പ്രേരിപ്പിക്കുന്നു. ഈ ചാപ്പയടിയിലെ ഒരു പ്രിയങ്കര ടെക്‌നിക്കാണ് അക്കൂട്ടർക്കെല്ലാം അമിത രതീയത കല്പിച്ചുകെട്ടുന്ന പതി വ് . ആണിന് സമമല്ലാത്ത അധ:കൃത വർഗങ്ങളാണ് അവരെല്ലാം
എന്നതാണ് പുരുഷസങ്കല്പത്തിലെ ചിരപുരാതന ഭാവന. ചുരുക്കിയാൽ, പ്രകൃതിദത്തമായ ലോകത്തോടുള്ള കല്പിത വെറുപ്പിന്റെയും വികല വിചാരത്തിന്റെയും വിത്താണ് ബ്രഹ്മചര്യം. ഈ വൈകല്യത്തെ മൂർത്തവത്കരിക്കുകയും അതിനെ ആരാധിക്കുകയും ചെയ്യുന്നു എന്നതാണ് ആണിന് ഇക്കാര്യത്തിൽ സ്ഥിരമായി പറ്റുന്ന അമളി. ശബരിമലപ്രശ്‌നത്തിന്റെ കാതലായി ആചാരസംരക്ഷണവാദികൾ പ്രചരിപ്പിക്കുന്നത് ഈ മനോഭാവവും സ്വയംകൃതാനർത്ഥ മണ്ടത്തരവുമാണ്. കഥയറിയാതെ ധാരാളം പെണ്ണുങ്ങളും ഈ കെണിയിൽ വീഴുന്നു.
അത് വിശ്വാസപ്രസ്ഥാനങ്ങൾ നൂറ്റാണ്ടുകളിലൂടെ മനുഷ്യരിലുണ്ടാക്കിയ വ്യാജ
ബോധനിർമിതിയുടെ ഫലമാണെന്നത് മറ്റൊരു കാര്യം. വാസ്തവത്തിൽ, ഇത്
വകതിരിവിലൂടെ ബോധവികാസമുണ്ടാക്കാൻു മനുഷ്യ വംശത്തിനുള്ള
സാധ്യതയ്ക്ക് പച്ചയായ പാരവയ്പാണ്. ഈ സൈസ് വ്യാജബോധനിർമിതിയുടെ ആഴമറിയാൻ ബ്രഹ്മചര്യത്തിന്റെ പ്രതിയോഗിയായി പ്രചരിപ്പിക്കപ്പെടുന്ന ഘടകം തന്നെ സഹായിക്കും – ആർത്തവം.
പ്രകൃതിദത്തമായ ഒരു കേവല ശാരീരിക പ്രക്രിയയാണ് ആർത്തവമെങ്കിലും അതിന് അശുദ്ധിയുടെ മുദ്രയടിച്ചു കൊടുത്തതിൽ സുദീർഘമായ ഒരു തന്ത്രസമുച്ചയമുണ്ട്. മനുഷ്യന്റെ ന്യായബോധത്തെ മറികടക്കാൻ മതങ്ങൾ എക്കാലവും അവലംബിക്കുന്ന അടവാണല്ലോ വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധമില്ലായ്മ. ഈ പണിക്ക് ഉപയുക്തമാക്കുക കെട്ടുകഥകളെയാണ്. ഇന്ത്യയിൽ പുരാണം എന്നു പറയും. കഥയിൽ ചോദ്യമില്ല എന്ന ചിരപുരാതന താരിഫ് മുതലാക്കി ആദ്യം കഥയിറക്കും, പിന്നെ അതിന്മേലുള്ള ആചാരനിർമിതിയും. രണ്ടുമായാൽപ്പിന്നെ ചോദ്യങ്ങളില്ല; ഉത്തരങ്ങൾ മാത്രം. അങ്ങനെയുള്ളൊരു കഥയിൽ നിന്നാണ് ആർത്തവത്തിന്റെ അശുദ്ധികല്പന ഉരുത്തിരിയുന്നത്.
ബ്രഹ്മാവിന്റെ നിർദേശപ്രകാരം വിശ്വരൂപൻ എന്നൊരു ബ്രഹ്മരക്ഷസ്സിനെ ദേവരാജനായ ഇന്ദ്രൻ സ്വന്തം ഗുരുവാക്കുന്നു. വൈദിക ചടങ്ങുകളിലും മറ്റും
ഹവിസ്സർപ്പിക്കാൻ ഗുരുവിനെ ഇന്ദ്രൻ അർപ്പണബുദ്ധ്യാ സഹായിക്കുന്നു. ഈ
ചടങ്ങുകളുടെ ഫലമായി കിട്ടുന്ന വരങ്ങൾ കൊണ്ട് അസുര ഗണത്തെ തോല്പിക്കാമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ യജ്ഞത്തിലെ അർപ്പണമൊക്കെ ഗുരു
നടത്തിയത് സ്വന്തം അമ്മയായ രക്ഷസ്സിന്. കലി പൂണ്ട ഇന്ദ്രൻ ടിയാനെ വകവരുത്തുന്നു. പ്രതികാരമൂർത്തിയായി മാറിയ അമ്മരക്ഷസ്സ് ഇന്ദ്രനെ വേട്ടയാടാനിറങ്ങുന്നു. ഗുരുവിനെ കൊന്നതിലെ ബ്രഹ്മഹത്യാപാപം മൂലം (ടി ഗുരുവിന്റെ പിതാവ് ബ്രാഹ്മണനായിരുന്നത്രെ) ഇന്ദ്രൻ ദേവലോകത്തു നിന്ന് ഭ്രഷ്ടനാവുന്നു. ഒടുവിൽ ഒരു താമരപ്പൂവിൽ ഒളിക്കുന്നു. 10,000 കൊല്ലം അവിടിരുന്ന് വിഷ്ണുഭജന. ഒടുവിൽ വിഷ്ണു പ്രത്യക്ഷപ്പെട്ട് പോംവഴി പറയുന്നു. ബ്രഹ്മഹത്യാപാപം പോക്കാൻ വഴിയില്ല. പകരം, പ്രത്യാഘാതം ലഘൂകരിക്കാൻ ഈ പാപം പല കഷണങ്ങളാക്കി പലരിലൂടെ വിടണം.
അങ്ങനെ ഇന്ദ്രന്റെ പാപം ഏറ്റുവാങ്ങാൻ നാലുപേരെ കെണ്ടത്തുന്നു – ഭൂമി, സമുദ്രം, വൃക്ഷങ്ങൾ, മനുഷ്യസ്ര്തീകൾ. അവർ ആച്രന്ദതാരം ടി പാപക്കഷണങ്ങളുടെ പ്രത്യാഘാതം പുറത്തുവിട്ടുകൊണ്ടിരിക്കണം. ഭൂമി വിള്ളലുകളായും, സമുദ്രം തിരയും നുരയുമായും, വൃക്ഷങ്ങൾ കറയായും, പെണ്ണുങ്ങൾ ആർത്തവരക്തമായും. ഇവ്വിധം പൗരാണികതയിൽ ഉറപ്പിച്ചെടുത്ത അശുദ്ധിക്കു മേലാണ് 21-ാം നൂറ്റാണ്ടിലെ ആചാരനിഷ്ഠയുടെ ‘യുക്തി’.
ശാസ്ര്തീയമായി നോക്കിയാൽ, ഗർഭാശയത്തിന്റെ ഉൾഭിത്തിയുടെ ലൈനിംഗാണ് മാസാമാസം പെൺശരീരം പൊഴിയുന്നത് – ബീജസംയോഗം നടക്കാത്ത വേളയിൽ. എൻഡോമെട്രിയൽ കോശകലകൾ, സർവിക്കൽ മ്യൂക്കസ്, യോനീ സ്രവങ്ങൾ, ബാക്ടീരി യൽ ഫ്‌ളോറ ഇത്യാദി അടങ്ങിയതാണ് ആർത്തവരക്തം എന്ന പേരിൽ പുറന്തള്ളുന്നത്. ഇങ്ങനെ ശരീരം പുറന്തള്ളുന്ന വസ്തുക്കളെ മാലിന്യമായി കണക്കാക്കുന്നപക്ഷം ഒരു നീണ്ട പട്ടിക വേറെ വരും – മലം, മൂത്രം, വിയർപ്പ്, മൂക്കിള, കണ്ണീര്, കാർബൺഡയോക്‌സൈഡ്… ഇതെല്ലാം മാലിന്യങ്ങളെങ്കിൽ ശബരിമലയിൽ ആണുങ്ങൾക്കും കടക്കാൻ വകുപ്പില്ല.
ചുരുക്കിയാൽ, ബ്രഹ്മചര്യം വച്ചുള്ള മതത്തിന്റെ യുക്തി, ജീവശാസ്ര്തത്തെ തങ്ങൾക്ക് സൗകര്യപ്രദമായ ഒരു ഭാഗത്തുവച്ച് മുറിച്ചെടുത്ത് ഉപയോഗിക്കുന്നു. ഇവിടെയാണ് ഈ സമീപനത്തിന്റെ സാമൂഹിക ശാസ്ര്ത വശം കൂടി മനസ്സിലാക്കേണ്ടത്. ആർത്തവത്തിന് ദുർമുദ്ര ചാർത്തുന്ന ഏർപ്പാട് പല മനുഷ്യസംസ്‌കാരങ്ങളിലും കാണാനാവും. രണ്ടു ലിംഗജാതികൾക്കിടയിൽ ആദ്യമായി ഭിന്നതയുണ്ടാക്കിയ പ്രതിഭാസമാണ് ആർത്തവം.
ചോര പുറത്തു തൂവുന്നത് ഭീകരമാണെന്ന ടോട്ടം കാല വിശ്വാസത്തിലാണ് അങ്ങനെ തൂവിക്കളയുന്ന ചോരയോട് സ്പർശബന്ധമരുതെന്ന വ്യവസ്ഥ ഉടലെടുക്കുന്നത്. കാരണം, ടോട്ടംകാലത്ത് ചോരയ്ക്ക് ദിവ്യപരിവേഷമായിരുന്നു. മനുഷ്യനും മൃഗരാശിക്കുമെല്ലാം ചോരയുണ്ട്, അതുകൊണ്ട് ഇരുവരുടെയും പൂർവികർ ഒരേ കൂട്ടരാണെന്നും,
എല്ലാവരിലുമുള്ള ചോരയ്ക്ക് വിശുദ്ധ പദവിയുണ്ടെന്നും അവർ വിശ്വസിച്ചു! ചോരയിലെ ഈ ഐകമത്യഭാവനയാണ് ചോര തൂവുക എന്നാൽ ദിവ്യത്വം തൂവിക്കളയുക എന്ന വിശ്വാസത്തിന് വഴിവച്ചത്. അതായത്, വിശുദ്ധമായതിനെ
തൂവിക്കളയുന്ന ദേഹം അശുദ്ധമാകുന്നു എന്ന വിചാരഗതി.
ടോട്ടം കാലത്തുനിന്ന് മനുഷ്യൻ 21-ാം നൂറ്റാണ്ടു വരെ എത്തി. മന്ത്രവടിയിൽ നിന്ന് സ്‌പെയ്‌സ് ലാബു വരെ എത്തി. ഇേപ്പാഴും പക്ഷെ ആചാരവിശ്വാസങ്ങളുടെ ചാവി ചില ടോട്ടംകാല ജീവികളുടെ അരയിൽത്തന്നെയാണ്. അവിടമാണ് സ്വന്തം ജീവിതത്തിന്റെ ഭദ്രാസനം എന്നുറപ്പിച്ച് നാമജപം ചെയ്യുകയാണ് അടിമകളുടെ റോൾ. ഏറ്റുചൊല്ലി തുള്ളുകയാണ് ഭടജനത്തിന്റെ റോൾ. ഇതാണ് വ്യാജബോധനിർമിതി മനുഷ്യരിലുണ്ടാക്കുന്ന മാസ് ഹിസ്റ്റീരിയ. ഈ പേട്ടതുള്ളലാണ് കേരളം ആരംഭിച്ചിരി
ക്കുന്ന നവോത്ഥാനം 2.0.