ഒരിടവേളയ്ക്കുശേഷം വീണ്ടും തൂക്കിക്കൊലയുടെ സിന്ദാബാദുകൾ
ഉഷാറായി. കുറേക്കാലമായി അഫ്സൽ ഗുരുവാണ് അവരുടെ ഇന്ധനം. ഇന്ത്യൻ പാർലമെന്റ് ആക്രമിച്ച പുള്ളിയെ സുപ്രീംകോടതി വിധിച്ചിട്ടും കൊന്നുതള്ളാത്തതിലാണ് ദേശീയ അർശസ്. ദയാഹർജി വച്ച് രാഷ്ട്രപതി ഉരുളുന്നു, ന്യൂനപക്ഷപ്രീണനത്തിനായി കോൺഗ്രസ് സർക്കാർ ഉരുണ്ടുകളിക്കുന്നു, അതല്ല കാശ്മീരികളെ സോപ്പിടാനാണ് ഈ ഉരുട്ടിപ്പിരട്ട് എന്നൊക്കെ തരാതരം വ്യാഖ്യാനങ്ങൾ. നേരു പക്ഷെ, പലപ്പോഴും മനുഷ്യർ വിചാരിക്കാത്തത്ര പരമലളിതമായിരിക്കും. ഈ കേസിൽ അതിങ്ങനെയാണ്
– തൂക്കാൻ ആളില്ല!
ഇന്ത്യയിൽ വധശിക്ഷ കാത്തുകിടക്കുന്നവരുടെ എണ്ണം
ഇപ്പോൾ 32. ജഡ്ജിക്ക് തൂക്കാൻ വിധിക്കാം, തൂക്കാനുള്ള പണി
ആരാച്ചാരുടേതു മാത്രം. പ്രൊഫഷണൽ കോളേജുകളൊന്നും ആ
പണി പഠിപ്പിക്കുന്നില്ല. കയറുപിരിക്കുക, എണ്ണയിട്ടു വഴറ്റുക, മുഖംമൂടി
തുന്നുക, കൊരവള്ളിക്കുതന്നെ കയറു വീഴ്ത്താൻ ശീലിക്കുക,
തൂക്കേണ്ടവന്റെ മുഖത്തു നോക്കിയാൽ പനിപിടിക്കാതിരിക്കുക,
സർവോപരി താൻ ചെയ്യുന്നതും ഒരു കൊലയാണെന്ന
ബോധം തലയിൽ കയറാതെ നോക്കുക – ഇതൊന്നും പഠിപ്പി
ക്കുന്ന ഐ.ഐ.ടികളില്ല. സ്വയംതൊഴിലിന്റെ ഭാഗമായി ചെയ്യാമെന്നുവച്ചാൽതന്നെ
കൂലി തുലോം തുച്ഛം. സ്ഥിരവരുമാനം പ്രതീ
ക്ഷിക്കയേ വേണ്ട. മാത്രമല്ല, തൂക്കിലേറുന്നവന്റെ ബന്ധുക്കൾ
ശാശ്വതഭീഷണിയായിരിക്കും. ഇത്തരത്തിൽ, ഈ പണിക്ക് ആളി
ല്ലാതായതു മാത്രമാണ് വധശിക്ഷ വൈകുന്നതിനു കാരണം.
അതുനിൽക്കട്ടെ. ഒരുത്തനെ തൂക്കിലിടുന്നത് എന്തിനാണ്?
ലളിതമാണുത്തരം – ജീവിച്ചിരുന്നാൽ അവൻ സമൂഹത്തിന്
ആപത്താണ്. പഴയൊരു പുള്ളിയുടെ പ്രശസ്തമായ കേസെടുക്കാം.
്ര്രകിസ്തുവിനെ കഴുവേറ്റിയത് ടിയാൻ ജീവനോടിരുന്നാൽ ഇസ്രായേൽ
ജനതയ്ക്കും റോമാ സാമ്രാജ്യത്തിനും ആപത്താണെന്ന
ന്യായം പറഞ്ഞായിരുന്നല്ലോ. സത്യത്തിൽ അങ്ങനൊരു ഭീഷണി
യുണ്ടായിരുന്നോ?
ഒരിക്കലുമില്ലെന്ന് 2000 കൊല്ലമായി ക്രിസ്ത്യാനികൾ പറഞ്ഞുനടക്കുന്നു.
അവരെ സംബന്ധിച്ച് ടിയാൻ നിത്യജീവനിലേക്കുള്ള ഇടനിലപ്പാലം
വരെയാണ്. ക്രിസ്തു ക്രിസ്ത്യാനിയല്ലാത്തതിനാൽ
നമുക്ക് വിശ്വാസികളുടെ സാക്ഷ്യം വിടാം. വസ്തുതകൾ മാത്രം
നോക്കാം. ലക്ഷണം തികഞ്ഞ യഹൂദനായിരുന്നു ക്രിസ്തു – ജന്മംകൊണ്ടും
കർമംകൊണ്ടും. പ്രായപൂർത്തിയായ ശേഷം നടത്തിയ
അരുളപ്പാടുകളുടെ മൊത്തം പേറ്റന്റും യഹൂദമതത്തിനുള്ളതാണ്.
എന്നുവച്ചാൽ, തോറയിലും താൽമൂദിലുമില്ലാത്ത ഒറ്റവാക്യംപോലും
ക്രിസ്തു പുതുതായി പറഞ്ഞിട്ടില്ല. അതിപ്പോ ‘നിന്നെ
പ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക’ ആയാലും ‘ആകാശത്തിലെ
പറവകളു’ടെ വിതക്കാര്യമായാലും, അക്ഷരം വിടാതുള്ള
കടമെടുപ്പാണ് ടിയാൻ നടത്തിയത് കെട്ടുപോയ യഹൂദമത
ത്തിന്റെ സാരസ്യം വീണ്ടെടുക്കുകയായിരുന്നു അദ്ദേഹം. ശരിക്കു
പറഞ്ഞാൽ പൗരോഹിത്യം നശിപ്പിച്ച യഹൂദമതത്തിന്റെ കാമ്പ്
വീണ്ടെടുത്തുവച്ചതാണ് ക്രിസ്തുമതം. അത്രയും ചെയ്താൽ ക്രിസ്തു
പരമാവധി ഒരു മതപരിഷ്കർത്താവു മാത്രമായി ഒതുങ്ങിയേനേ.
മോശയോട് ഗർജിക്കുകയും കല്ലുമഴ പെയ്യിക്കുകയുമൊക്കെ
ചെയ്യുന്ന ഉഗ്രമൂർത്തി എന്ന ഭീതിജനകമായ റോളിൽനിന്ന്
ദൈവത്തെ കരുണാമയനും ക്ഷമാമൂർത്തിയുമായ മാനവികത്വ
ത്തിലേക്ക് പറിച്ചുനടുക എന്ന വിപ്ലവകരമായ പരിണാമവും
അദ്ദേഹം നടത്തി. മനുഷ്യന്റെ ദൈവസങ്കല്പത്തെ ഇങ്ങനെ റാഡി
ക്കലായി, മാറ്റിമറിച്ചയാളെ ആരൊക്കെയാവും പേടിക്കുക? സാധാരണ
മനുഷ്യരൊഴികെ, സംഘടിതപ്രസ്ഥാനക്കാരായ സർവരും –
മതമായാലും മാർക്സിസ്റ്റ്പാർട്ടിയായാലും. അവർക്ക് ടിയാൻ
ആപത്തുതന്നെയാണ്. അതുകൊണ്ട് സാമൂഹികാപത്തായി
ചിത്രീകരിക്കും, തളയ്ക്കാൻ നോക്കും. അറ്റകൈക്ക് ഉന്മൂലനം
ചെയ്യും. ഏത് റാഡിക്കലിന്റെയും ജീവിതവിധിയാണത്.
ഒരുത്തനെ ഉന്മൂലനം ചെയ്യുന്നത്, അയാളുടെ സാന്നിദ്ധ്യമുളവാക്കുന്ന
പേടി മറികടക്കാനുള്ള മനുഷ്യമനസിന്റെ തറവേലയാണ്.
പേടിക്ക് പോംവഴി രണ്ടേ ഭൂമിയിലുള്ളൂ – ഒന്നുകിൽ അതിനു
കീഴ്പെടുക, അല്ലെങ്കിൽ നേരിടുക. കീഴടങ്ങൽ പലവിധമുണ്ട്.
അടിമപ്പെട്ട് ആജീവനാന്തം ആരാധിക്കുക. ഇതാണ് ദൈവഭയക്കാരുടെ
ലൈൻ. മറ്റൊന്ന്, ഭയമുളവാക്കുന്ന ആളെ/വസ്തുവിനെ ഒഴി
വാക്കി നടക്കുക, അങ്ങനൊന്ന് ഇല്ലെന്ന് നടിക്കുക. വേറൊരുപായമുണ്ട്,
പേടിപ്പെടുത്തുന്ന സംഗതിയെ കൊച്ചാക്കി സ്വയം
വലിപ്പം ഭാവിക്കുക. പ്രശസ്ത ഉദാഹരണം ജപ്പാൻകാർ. എന്തും
ഏതും ചെറുതാക്കിവയ്ക്കാൻ അവർക്കുള്ള വൈഭവം/പൂതി എന്തുകൊണ്ടെന്ന്
അന്വേഷിച്ച ആർതർ കൊയേസ്ലർ രസകരമായ ഒരു
ത്തരം തന്നിട്ടുണ്ട്. ചരിത്രാതീകാലം തൊട്ടേ വമ്പൻ പ്രകൃതിക്ഷോഭങ്ങളുടെ
ഇരയാണീ ചെറുദ്വീപസമൂഹം – ഭൂകമ്പം, സുനാമി,
അഗ്നിപർവതങ്ങൾ…. കാറ്റടിച്ചാൽ മനുഷ്യരുടെ കാറ്റുപോകുന്ന
പരിവട്ടം. ഈ പരമ്പരാഗത പ്രകൃതിപ്പേടിക്ക് ജപ്പാൻകാർ കണ്ടുപിടിച്ച
പോംവഴിയാണ് പ്രകൃതിയിൽ കാണുന്നതിനെയൊക്കെ
ചെറുതാക്കിവയ്ക്കുന്ന ശീലം. ചെടിയും മരവും വളരാൻ വിടാതെ
കഷണിച്ച് ചെറുതാക്കിനിർത്തുക, അതിനെ ഒരു കലയായി വികസിപ്പിക്കുക
(ഉദാ: ബോൺസായ്). ജപ്പാൻകാരുടെ മൈക്രോകമ്പ
ത്തിന്റെ പൊരുൾ അവരുടെ മാക്രോപേടിയിലാണെന്നു സാരം.
ഇത്രകണ്ട് ചിന്തോദ്ദീപകമൊന്നുമല്ല നമ്മുടെ നാട്ടിലെ രീതി.
പേടിയുളവാക്കുന്നവരെ തെറിവിളിക്കുക, തല്ലുക, ഒറ്റപ്പെടുത്തുക….
അങ്ങനൊക്കെയാണ്. ഉന്മാദമുള്ളവരെ പിടിച്ചു ചങ്ങലയ്ക്കി
ടുന്ന പഴയ പതിവും, ഭ്രാന്താശുപത്രിയിൽ തള്ളുന്ന പുതിയ
ശൈലിയുമോർക്കുക. നമ്മളെപ്പോലല്ലാത്തവരെ നമുക്കു പേടി
യാണ്. നോർമലല്ല എന്നാവും ന്യായം. എന്താണ് നോർമൽസി
എന്ന് ഒരുത്തനും ആധികാരികമായ നിർവചനവും പറ്റില്ല. ചുരു
ക്കത്തിൽ, പേടി ഉളവാക്കുന്നവനെ പൂട്ടുക എന്നതാണ് ബഹുഭൂരിപക്ഷത്തിന്റെയും
ലളിതസാധാരണ പോംവഴി. ജയിലുണ്ടാവു
ന്നത് ഈ പോയിന്റിലാണ്. പിടിച്ചു ജയിലിലാക്കിയാൽ സമൂഹ
ത്തിന്റെ മനോശല്യം തീരും. എന്നിട്ടും തീരുന്നില്ലെങ്കിലോ, ഭൂമിയി
ൽനിന്നേ പുറത്താക്കുക.
ജയിൽ കണ്ടുപിടിച്ചതുതന്നെ അധികാരിവർഗത്തിന്റെ ആൾ
പ്പേടിയുള്ള പോംവഴിയായിട്ടാണ്. തങ്ങൾക്കുള്ള ഭീഷണിയെ സമൂഹത്തിനുള്ള
ഭീഷണിയായി വ്യാഖ്യാനിച്ചുകൊണ്ടാണ് എക്കാലവും
അധികാരിവർഗം തടവറയെ ന്യായീകരിക്കാറ്. ആ വകുപ്പി
ലാണ് കള്ളനെയും ഘാതകനെയുമൊക്കെ അകത്താക്കുന്ന പതി
വ്. ഒരാളും കള്ളനായി പിറക്കുന്നില്ല – എ. രാജയും കൽമാഡിയുമടക്കം.
പ്രശ്നം, സമൂഹത്തിലെ ജീവിതാന്തരീക്ഷവും വ്യവസ്ഥകളുമാണ്.
അല്ലെങ്കിൽപ്പിന്നെ മോഷണ ഇൻസ്റ്റിംഗ്റ്റുമായി പിറക്ക
ണം. അതിൽപ്പോലുമുണ്ട് ജനിതകമായ പാരമ്പര്യപ്രശ്നവും
അതിനു കാരണമായ വ്യവസ്ഥിതിപ്രശ്നങ്ങളും. കായംകുളം കൊച്ചു
ണ്ണിയെ നമുക്കറിയാം. പക്ഷെ ടിയാന്റെ സന്തതിപരമ്പര അമ്മാതിരി
റോബിൻഹുഡ് ജീവിതം തുടർന്നതായി കേട്ടിട്ടില്ല. ഒരുപക്ഷെ
അക്കാലത്ത് ജനാധിപത്യരാഷ്ട്രീയം ഇല്ലാഞ്ഞിട്ടാവാം – മാണിക്കുശേഷം
ജോസ്മാണി, ഉമ്മൻചാണ്ടിക്കുശേഷം ചാണ്ടി ഉമ്മൻ…
(ഇതും വാസ്തവത്തിൽ സാമൂഹ്യവ്യവസ്ഥിതിയുടെ ഫലംതന്നെയല്ലേ?)
ഏതായാലും, അധികാരശക്തികൾക്ക് പഥ്യമല്ലാത്തവ
രെയും മുഖ്യധാരയ്ക്ക് ഉൾപ്പേടിയുണ്ടാക്കുന്നവരെയും പ്രത്യക്ഷ
ത്തിലോ അല്ലാതെയോ ചങ്ങലയ്ക്കിടും. അതാണ് ചരിത്രവും വർ
ത്തമാനവും. ജനായത്തം വന്ന മുറയ്ക്ക് ഈ തടവിന് ചില നവീകരണമൊക്കെ
കല്പിച്ചു. ‘വഴിതെറ്റിയ’ മുട്ടാടുകളെ ശിക്ഷിക്കുകയും
ശിക്ഷാനുഭവകാലത്ത് കുഞ്ഞാടുകളാക്കി പുനരധിവസിപ്പിക്കാൻ
അവസരമൊരുക്കുകയും ചെയ്യുക. ജയിൽശിക്ഷയുടെ ഉദ്ദേശ്യം
അങ്ങനെ പരിഷ്കരിക്കപ്പെട്ടു. ഈ വകുപ്പിൽ പിടിച്ചാണ് ജീവപര്യന്തക്കാരെ
എട്ടും പത്തും കൊല്ലം കഴിയുമ്പോൾ നല്ലനടപ്പിന്റെ
പേരിൽ മോചിപ്പിക്കുന്നത്. കുറ്റവാളി പരിഷ്കൃതനായിരിക്കുന്നു
എന്ന് പൊതുസമൂഹം അംഗീകരിക്കുന്നു എന്നാണിതിനർത്ഥം.
പച്ചയ്ക്കു പറഞ്ഞാൽ, അവനെക്കൊണ്ടുള്ള ശല്യം/പേടി മാറിയിരി
ക്കുന്നു.
തടങ്കലിന്റെ അർത്ഥം പരിഷ്കൃത ജീവിതത്തിലേക്കുള്ള പുനരധിവസിപ്പിക്കലാണെന്ന്
പറയുന്ന സമൂഹത്തിന് വധശിക്ഷയെ
എങ്ങനെ അംഗീകരിക്കാനാവും? അവിടാണ് നമ്മുടെ ആധുനിക
നീതിന്യായ വ്യവഹാരത്തിന്റെ ഇട്ടത്താപ്പ്. ഇപ്പറയുന്ന പുനരധി
വാസത്തിനുള്ള സാദ്ധ്യതപോലും 100% അടഞ്ഞുകഴിയുമ്പോൾ
വേണമല്ലോ ഒരു കുറ്റവാളിയ തട്ടിക്കളയാൻ തീരുമാനിക്കേണ്ടത്.
അത്രയ്ക്കും കൈവിട്ടുപോയവനാണ് കക്ഷിയെന്ന് എങ്ങനെയാണ്
ഉറപ്പുവരുത്തുക? കുറഞ്ഞപക്ഷം കുറെക്കാലമെങ്കിലും അകത്തി
ട്ട്, ‘നന്നാക്കാൻ’ പറ്റുമോ എന്നെങ്കിലും പരീക്ഷിച്ചുനോക്കണ്ടേ?
അതുചെയ്യാതെയുള്ള മുൻവിധി എങ്ങനെയാണ് സമചിത്തതയുള്ള
നീതിന്യായകല്പനയാവുക?
ഇന്ത്യൻ പീനൽകോഡിലോ ഭരണഘടനയിലോ ആളെ തൂക്കി
ക്കൊല്ലാൻ വകുപ്പില്ല. കുറ്റകൃത്യത്തിന്റെ കാഠിന്യക്കൂടുതലനുസരിച്ച്
ഒന്നോ ഒന്നിലേറെയോ ജീവപര്യന്തം വിധിക്കാനേ നിയമമു
ള്ളൂ. രാജാവിനേക്കാൾ രാജഭക്തിയുള്ള ചില ജഡ്ജിമാർ ആളെ
തട്ടാൻ നീതിന്യായസംഹിതയ്ക്ക് പുറത്തുനിന്നൊരു സൂത്രം തിരുകി
ക്കയറ്റി – ‘അസാധാരണങ്ങളിൽ അസാധാരണമായ’ കേസുകളിൽ
ആളെ തൂക്കാമെന്ന്. അസാധാരണത്തെ സാധാരണമല്ലാത്ത
തെന്നു പറയാം. ഉദാഹരണമായി മനുഷ്യരൊക്കെ സാധാരണ
കാലത്തേ പല്ലുതേയ്ക്കും. ചിലർ രാത്രിയിലും തേയ്ക്കും. ഇതോടൊപ്പം
ഉച്ചയ്ക്കുകൂടി ദന്തധാവനം ചെയ്യുന്നത് അസാധാരണമെന്നു പറയാം.
അസാധാരണത്തിൽ അസാധാരണമോ? കൂലിക്ക് ആളെ
വച്ച് സ്വന്തം പല്ലു തേപ്പിച്ചെടുക്കുന്ന വല്ല കേസുകെട്ടുമുണ്ടാവണം.
കൊലക്കേസിൽ ഈ ജാതി അപഗ്രഥനശൈലി എങ്ങനെ
വിനിയോഗിക്കും? ഒന്നാമത്, മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിൽ
അത്ര അസാധാരണമായി ഒന്നുമില്ല. മാവോയിസ്റ്റുകൾ
സി.ആർ.പി.എഫുകാരെ കൊല്ലുന്നു – അവർക്കതിന് അവരുടേതായ
ന്യായീകരണങ്ങളുണ്ട്. അടുക്കാടികൾക്കുവേണ്ടി, അവരുടെ
ശത്രുപക്ഷമായ ഭരണവർഗത്തോട് പോരാട്ടം നടത്തുമ്പോൾ
ഇത്തരം ‘ക്രിയാത്മക’ നടപടി അനിവാര്യമാകും എന്നിത്യാദി. തിരി
ച്ച്, ഭരണകൂടത്തിനുവേണ്ടി പോലീസുകാർ ചെയ്യുന്ന കൊലയ്ക്കുമുണ്ട്
സാമൂഹികമായ ന്യായീകരണം. ഇതിൽ, ഭരണകൂടത്തിന്റെ
ന്യായം മാത്രം ശരിയാകുന്നതെങ്ങനെ? യുദ്ധം എന്ന ഓമനപ്പേരിൽ
രണ്ടു രാഷ്ട്രങ്ങൾ നടത്താറുള്ള കൂട്ടക്കൊലകൾ രണ്ടു ഭരണകൂടങ്ങളുടെ
ന്യായങ്ങൾ തമ്മിലുള്ള സംഘർഷമാണല്ലോ.
അഫ്ഗാനിസ്ഥാനിലും ഇറാക്കിലും കയറി ജോർജ് ബുഷ് നട
ത്തിയ കൊലപരമ്പരകളിൽ അസാധാരണമായി ഒന്നുമില്ല. കാരണം,
അത് അമേരിക്കൻ പ്രസിഡന്റുമാരുടെ തൊഴിലിന്റെ ഭാഗമാണ്.
യുദ്ധം ഭൂമിയിലെ ഏറ്റവും വലിയ വ്യവസായമായിരിക്കെ
(ആയുധവ്യാപാരം തൊട്ട് നശിപ്പിക്കപ്പെട്ട പ്രദേശങ്ങളിലെ പലയിനം
പുനർനിർമാണം വരെയുള്ള അതിവിപുലമായ വ്യവസായം)
കൊല സാധാരണ കാര്യമാകുന്നു. നക്സൽ വർഗീസിനെ
വെടിവച്ചുകൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഐ.ജി. ലക്ഷ്മണ
അന്നത്തെ ഭരണകൂടകല്പന നടപ്പാക്കുക മാത്രമാണു ചെയ്തത്.
അടിയന്തരാവസ്ഥക്കാലത്ത് താൻ നടത്തിയ നക്സൽവേട്ടകൊ
ണ്ടാണ് കേരളം രക്ഷപ്പെട്ടതെന്ന് സാക്ഷാൽ കരുണാകരൻ പലകുറി
നെഞ്ചുവിരിച്ചു പറഞ്ഞു. തലമൂത്ത സിവിൽസർവീസുകാരൻ
സി.പി. നായർ രോമാഞ്ചത്തോടെ അതേറ്റുപറഞ്ഞുനടക്കു
ന്നു. കേരളത്തിൽ പലർക്കുമുള്ള ഉള്ളിലിരിപ്പ് ഇവർ പരസ്യമായി
പറയുന്നെന്നേയുള്ളൂ. സ്വാഭാവികമായും ലക്ഷ്മണയ്ക്കും അതു പറയാം.
അമേരിക്കയ്ക്കു ശല്യമായ/പേടിയുള്ള ഒസാമ ബിൻലാദനെ
കിടപ്പറയിൽ കയറി തട്ടിയിട്ട് കടലിലെറിഞ്ഞ ഒബാമയും ഇതുതന്നെയല്ലേ
പറയുന്നത്? ലോകപോലീസിനതു പറയാമെങ്കിൽ
കേരളാപോലീസിനും പറയാം. ചുരുക്കത്തിൽ കൊല അത്ര അസാധാരണമായ
ചരക്കേയല്ല. പിന്നെങ്ങനെയാണതിൽ ‘അസാധാരണങ്ങളിലെ
അസാധാരണത്വം’ അവരോധിക്കാനാവുക?
പാർലമെന്റാക്രമണക്കേസുതന്നെയെടുക്കാം. പാടേ സംശയാസ്പദമായ
ഒരു കേസുകെട്ടാണിത്. പോലീസ് നടത്തിയതായി അവകാശപ്പെട്ട
അന്വേഷണംതന്നെ സാമാന്യവിവരമുള്ളൊരു
കീഴ്ക്കോടതിവക്കീലിന് നിഷ്പ്രയാസം പൊളിച്ചടുക്കി കയ്യിൽ
കൊടുക്കാവുന്ന ഉരുപ്പടിയാണ്. മുൻകൂർ തയ്യാറാക്കിയ തിരക്കഥ
എന്നു പ്രഥമദൃഷ്ട്യാ വ്യക്തമാവുമെന്നതു പോട്ടെ. ബാലിശമായ
പൊരുത്തക്കേടുകളാണ് തലങ്ങും വിലങ്ങും. ഇതൊന്നും വിചാരണക്കോടതിയിൽ
യഥാവിധി ചർച്ചചെയ്യപ്പെട്ടില്ല. വിചാരണ
എന്നതുതന്നെ ലക്ഷണമൊത്ത പ്രഹസനമായിരുന്നു എന്നത്
ജുഡീഷ്യറിക്കുപോലും നടുക്കമുണ്ടാക്കിയില്ല. പ്രൊഫ. ഗീലാനിയെ
ആദ്യം തൂക്കാൻ വിധിച്ച കോടതിക്കുതന്നെ പിന്നീട്
വെറുതെ വിടേണ്ടിവന്നു. ഇതേമാതിരി കേസു നടത്താൻ
അഫ്സൽ ഗുരുവിന് അവസരംപോലും നിഷേധിക്കപ്പെട്ടിട
ത്താണീ ദേശീയനാടകം കറതീർന്ന അക്രമമാവുന്നത്. പാകി
സ്ഥാനെ പ്രതിക്കൂട്ടിലാക്കാൻ ആസൂത്രണം ചെയ്ത കൗണ്ടർപ്ലോ
ട്ടാണ് പാർലമെന്റാക്രമണം എന്ന് അന്നേ പലർക്കും ബോദ്ധ്യമായിരുന്നു.
എന്നാൽ ദേശാഭിമാനം വിജൃംഭിപ്പിക്കുന്ന രാഷ്ട്രീയ
ത്തിന്റെ കോറസിൽ ചേരാനാണ് മാധ്യമങ്ങളും എഴുത്തുകാരും
മത്സരിച്ചത്. ‘പൊളിറ്റിക്കലി കറക്ട്’ ആകാനുള്ള ഈ വെമ്പ
ലിൽപ്പെട്ട് പാർലമെന്റാക്രമണക്കേസിന്റെ സത്യാന്വേഷണം കടലെടുത്തു.
ജുഡീഷ്യറിയെ ഈ നാടകത്തിൽ കക്ഷിചേർത്തതല്ലേ
എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽപ്പിന്നെ
എന്തുകൊണ്ട് ശരിയായ വിചാരണ നടക്കാതിരുന്നതിനെ ഒരൊറ്റ
ജഡ്ജിയും ചോദ്യം ചെയ്തില്ല?
പാർലമെന്റാക്രമിച്ചു എന്നു മുഴക്കിപ്പറയുന്നതിന്റെ രാഷ്ട്രീയം
നമുക്കു മനസ്സിലാവും. എന്നാൽ, ഈ ആക്രമണത്തിൽ ഒരൊറ്റ
എം.പിപോലും തട്ടിപ്പോയില്ലെന്നോർക്കണം. അപ്പോൾ പ്രതീകാ
ത്മകമായിട്ടാണ് കേസിലെ ശിക്ഷാപരിഗണന. ഇന്ത്യൻ ജനാധി
പത്യത്തിന്റെ പരമോന്നതക്ഷേത്രത്തിൽ തൊട്ടുകളിച്ചാൽ അത്
‘അസാധാരണങ്ങളിൽ അസാധാരണം’ എന്നു പറഞ്ഞ് തൂക്കുകയർ
വിധിക്കും. ഗുജറാത്ത് തൊട്ട് ബോംബെ വരെ വർഗീയകലാപങ്ങൾ
എന്ന മറയിൽ പലകുറി നടന്ന കൂട്ടക്കുരുതികൾ ‘സാധാരണ’മെങ്കിൽ,
ആ കുരുതികളിൽ ഹോമിക്കപ്പെട്ട മനുഷ്യജീവനേ
ക്കാൾ വില എം.പിമാർക്കും മന്ത്രിമാർക്കുമുണ്ടെന്നല്ലേ വരുന്നത്?
ഇവിടെ ദേശീയ കോറസിന്റെ ഊളത്തരത്തിൽ കോടതിയും പങ്കുചേർന്നു.
അഥവാ കോടതി വികാരത്തിനടിമപ്പെട്ടു. അപ്പോൾ
യഥാർത്ഥ ചേതോവികാരം, അഫ്സൽഗുരുവിനെപ്പോലുള്ളവരുടെ
പേരിലുള്ള പേടിപോലുമല്ല, ഗൂഢരാഷ്ട്രീയമാണെന്നർത്ഥം.
രാഷ്ട്രീയലക്ഷ്യങ്ങൾക്കായി തൂക്കിക്കൊലയെ ഉപാധിയാക്കാമെ
ന്ന്.
ഇനി, തൂക്കിക്കൊല എങ്ങനെ നീതിന്യായത്തെ ബാലിശമാ
ക്കുന്നു എന്നു നോക്കാം. തൂക്കിലേറ്റപ്പെട്ടവനല്ല യഥാർത്ഥ കുറ്റ
വാളി എന്നുവന്നാലോ? റിട്ട. കോൺസ്റ്റബിൾ രാമചന്ദ്രൻനായർ
ചെയ്തമാതിരി, വയസുകാലത്ത് കുറ്റബോധം മൂത്ത് ദില്ലിപോലീ
സിലെ ഏമാന്മാർ വല്ലവരും പാർലമെന്റാക്രമണം വേറെ കക്ഷി
കളാണ് ആസൂത്രണം ചെയ്തതെന്ന് ഡയറി എഴുതിയാൽ തൂക്കി
ക്കൊന്നവനെ തിരിച്ചുകൊണ്ടുവരാൻ സാധിക്കുമോ? അർഹതയി
ല്ലാത്ത ശിക്ഷാനുഭവത്തിന്റെ പേരിൽ ഭരണകൂടത്തിൽനിന്ന് നഷ്ട
പരിഹാരം ഈടാക്കാൻ വകുപ്പുണ്ട്. പരേതന്റെ കേസിൽ ഇതി
നെന്തു വില?
രണ്ട്, തൂക്കുകവഴി പ്രതിയുടെ പുനരധിവാസം എന്ന സാമൂഹിക
മേനിനടിപ്പ് ഒറ്റയടിക്ക് വെള്ളത്തിലായില്ലേ? ചത്തുപോയവനെ
ഗുണദോഷിച്ചു പരിഷ്കൃതനാക്കാൻ വകുപ്പില്ലല്ലോ.
മൂന്ന്, ഒരുവനെ നീതിപീഠം മുഖേന ഉന്മൂലനം ചെയ്യുക എന്നത്
സമൂഹം ഒന്നടങ്കം ചെയ്യുന്ന കൊലപാതകമാണ്. ഒരു കൊലയ്ക്ക്
പ്രതിവിധി മറുകൊല എന്നത് ജൂറിസ്പ്രൂഡൻസാകുമ്പോൾ
അതെന്തുതരം നൈതികബോധമാണ്? കണ്ണിനു കണ്ണെന്ന മട്ടിൽ
എല്ലാവരും പെരുമാറിയാൽ രാജ്യം അന്ധന്മാരുടേതാകുമെന്ന് പറ
ഞ്ഞയാളെ രാഷ്ട്രപിതാവായി എഴുന്നള്ളിക്കുന്ന രാജ്യമാണിത്.
മിതമായി പറഞ്ഞാൽ, വധശിക്ഷ ജുഡീഷ്യറിയുടെതന്നെ ആത്മ
ഹത്യയാണ്. സമചിത്തതയും വിവേകവുമുള്ള നീതിന്യായ വ്യവഹാരത്തിനു
കടകവിരുദ്ധമായ പ്രാകൃതത്വം. വിവേകമല്ല, വികാരമാണതിന്റെ
ആധാരശക്തി. വികാരത്തെ അടിസ്ഥാനമാക്കുന്ന
നീതിന്യായം പ്രകൃതവശാലേ വിരോധാഭാസമാണ് – ഓക്സിമൊറോൺ.
നാല്, കൊലയ്ക്ക് കൊല വഴി കൊലപ്പേടി മാറ്റാൻ സമൂഹ
ത്തിനു കഴിയില്ല. മറിച്ച് കൊലപാതക പ്രകൃതം സമൂഹംതന്നെ
ആവർത്തിക്കുകയാണ്. 1995-ൽ പഞ്ചാബിലെ ഒരു ജഡ്ജി തുട
ങ്ങിവച്ച ഈ എക്സ്ട്രാ-ജുഡീഷ്യൽ ഗുണ്ടായിസത്തെ 2010 വരെ
അനുകരിച്ച വകയിൽ തൂക്കുകയർ കിട്ടിയത് 35 പേർക്ക്. വെറും 15
കൊല്ലത്തിൽ രാജ്യത്തിന്റെ നീതിബോധം കൈവരിച്ച ‘നേട്ടം’.
ലോകവ്യാപകമായി വധശിക്ഷ നിർത്തലാക്കിവരുന്ന കാലയളവി
ലാണ് ഇന്ത്യൻ ജുഡീഷ്യറിയുടെയും പൊതുസമൂഹത്തിന്റെയും
ഈ മനോഭാവമെന്നോർക്കണം.
അഞ്ച്, പീനൽകോഡിലില്ലാത്ത വകുപ്പ് കുത്തിക്കയറ്റി
വധശിക്ഷ വിധിക്കുമ്പോൾ ആധാരമായ കേസിനും കുറ്റകൃത്യ
ത്തിനും അപ്പുറം അതൊരു അന്തരീക്ഷസൃഷ്ടി നടത്തുന്നുണ്ട്. ജഡ്
ജിമാർ നിർമമ നീതിമാന്മാരൊന്നുമല്ല. സാന്ദർഭിക വൈകാരികത
അവരെയും ഭരിക്കുന്നുണ്ട്. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ
കൊല്ലുന്നത് ഒരു വൈകാരിക നിശ്ചയമാണ്. അതിനെ ഒരു കുറ്റം/
പിഴ ആയി കണ്ട് വധശിക്ഷ വിധിക്കുന്നത് വൈകാരികമായിട്ടാവുമ്പോൾ
ന്യായാധിപനും ഘാതകനാകുന്നു.
സാധാരണ കൊലപാതകി
സാമൂഹ്യദ്രോഹിയാകുന്നത് വ്യവസ്ഥിതിയുടെ കിടപ്പുവശം
കൊണ്ടാണെന്നെങ്കിലും പറയാം. ജഡ്ജി ഘാതകനാകുന്നതല്ലേ
‘അസാധാരണങ്ങളിൽ അസാധാരണം?’ വികാരത്തിനടിപ്പെടാൻ
പാടില്ലാത്തതും നിർമമമായ അപഗ്രഥനത്തിന് അവധാനതയും
അവസരവും അധികാരവുമുള്ള ഉത്തരവാദസ്ഥാനമുള്ളതുമായ
ഒരാളെന്ന ചിരപുരാതന വയ്പ് അനുസരിച്ച്. അതുകൊണ്ട്, ആരാ
ച്ചാരെ തിക്കി ഉലകം ചുറ്റണ്ട. ആൾ ഇവിടെത്തന്നെയുണ്ട് –
എന്നിലും നിങ്ങളിലും നമ്മുടെ നീതിബോധത്തിലും.