വിപ്ലവം വി ആർ എസ് എടുത്ത ചരിത്രകാലത്ത് വിചാരിക്കാത്ത ഒരു കോണിൽ നിന്ന് ഒരു വിപ്ലവകർമം അരങ്ങേറി – ഇന്ത്യൻ രാഷ്ട്രീയത്തിലെ വിരിയാമുട്ടയായ രാഹുൽ ഗാന്ധി പാർട്ടിനേതൃത്വം ഉപേക്ഷിച്ചു. ”അയ്യോ അയ്യോ പോവല്ലേ” ലൈനിൽ ഖാദി
കിങ്കരന്മാർ മൂളിനോക്കിയെങ്കിലും ഏശിയില്ല. വായിലെ ആജന്മ വെള്ളിക്കരണ്ടി സ്ഥിരം പയ്യൻസ് കുടഞ്ഞുകളഞ്ഞ മട്ടാണ്. അതുകൊണ്ടെന്താ, മാസം കുറെയായിട്ടും പാർട്ടിക്ക് മൂപ്പനില്ല. കാൽച്ചോട്ടിൽ മണ്ണ് ടൺകണക്കിന് ഒലിച്ചുകൊണ്ടിരിക്കുന്നു.
ഗത്യന്തരമില്ലാതെ സംഘടനാപരിഷ്‌കരണം എന്ന കലാപരിപാടി തുടങ്ങുന്നു.
ബിജെപിയുടെ നട്ടെല്ല് ആർ എസ് എസ് ആയതുകൊണ്ട് ആ ലൈനിൽത്തന്നെയാവണം തച്ച് – പ്രചാരവേലയ്ക്ക് തൃണമൂലതലത്തിൽ ശാഖാരൂപങ്ങൾ. ആസൂത്രണം കടലാസിൽ കേമം. ശാഖയിലിരിക്കാൻ ആളെക്കിട്ടുമോ എന്നറിയാൻ മഷിയിട്ടു നോക്കണം. ഇങ്ങനെയാണോ പൊളിച്ചുപണി നടത്തേണ്ടത് എന്നതിന്മേൽ പ്രതിപക്ഷത്തെ സഹമുറിയന്മാരുടെ താത്വിക സംവാദം. ഗാന്ധിയന്മാരെ നന്നാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് ഇടതുപക്ഷത്തെ സിദ്ധാന്തവൈദ്യന്മാരുടെ അരിഷ്ടം വാറ്റ്.
എന്തെന്നാൽ, പ്രതിപക്ഷം എന്നത് ഒരു സങ്കല്പമായി ശുഷ്‌കിച്ചിരിക്കുന്നു. ആ തക്കത്തിന് മോദിപ്പടയുടെ തോന്ന്യാസലീലകൾ രാജ്യത്തെ കുട്ടിച്ചോറാക്കുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയം തലയ്ക്കുപിടിച്ച മുഖ്യധാരാ രാഷ്ട്രീയ സിരകൾക്ക് മറ്റൊന്നും അത്ര ഗൗനമില്ലാതായിട്ട് കാലം കുറെയായി. ഇവിടെയാണ് വിരിയാമുട്ടയുടെ
പ്രവൃത്തി വിപ്ലവകരമാകുന്നത്, വിരിഞ്ഞ മുട്ടകൾക്കും മൂത്ത കുക്കുടങ്ങൾക്കും സംഗതി തിരിയാതെ പോകുന്നതിൽ അത്ഭുതമില്ലെങ്കിലും. ജനാധിപത്യത്തിൽ പ്രതിപക്ഷം ഒരു ബാലൻസിംഗ് ആക്ടാണ്. ഭരണകൂടത്തെ മാനേജ് െചയ്യുന്ന ഭരണകക്ഷിയെ ഒന്നു ബാലൻസ് ചെയ്തു നിർത്തുക. സീറ്റെണ്ണം കുറവായതുകൊണ്ട് തുലാഭാരത്തിൽ ഭരണകക്ഷിയുടെ ത്രാസ് താണുതന്നെയിരിക്കും. വിശേഷിച്ചും മൃഗീയ ഭൂരിപക്ഷമുള്ള സന്ദർഭങ്ങളിൽ. അപ്പോഴും, പൊങ്ങിപ്പോയ ത്രാസിലെ ആളെണ്ണമല്ല കാര്യം, ഉള്ള ആളിന്റെ നിലപാടും സ്ഥൈര്യവുമാണ്.
ഭരണകക്ഷിക്ക് സമനില നഷ്ടപ്പെടുമ്പോൾ ഭരണഘടനയുടെ കാവലാൾപ്പണിയാണ് പ്രതിപക്ഷത്തിന്റേത്. അതാണ് സാധാരണ വിവക്ഷ. ഭരണത്തിലിരിക്കെ അവലംബിക്കുന്ന നയപരിപാടികൾ പൗരാവലിയെ എങ്ങനെ ബാധിക്കുമെന്ന് മുമ്പേർ വിചിന്തനം ചെയ്ത് അനുകൂലമോ പ്രതികൂലമോ ആയ നിലപാടെടുക്കുക. വേണ്ടിവന്നാൽ അതിന്മേൽ ബഹുജനങ്ങളെ കൂട്ടി പ്രക്ഷോഭമുയർത്തുക. ഈ നിലപാടിന്റെ അടിസ്ഥാനം ഭരണഘടനാ വ്യവസ്ഥകളും വിവക്ഷകളുമാണ്. അങ്ങനൊരു പൊതു കാൻവാസുള്ളതുകൊണ്ട്, എത്രകണ്ട് രാഷ്ട്രീയ വൈജാത്യമുള്ളവരായാലും പ്രതിപക്ഷകക്ഷികളുടെ ചുമതലയ്ക്ക് ഒരു വ്യക്തത കിട്ടുന്നു. കുഴമറിച്ചിലൊന്നും ആവശ്യമില്ല. ഭരണകക്ഷിയെ ഭരണഘടനാനുസൃത ബാലൻസിൽ പിടിച്ചുകെട്ടുക എന്നതിലാണ് ദീർഘകാലമായി
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള പ്രതിപക്ഷങ്ങളുടെ ശീലം.
പലപ്പോഴും സ്വന്തം നിലയ്ക്ക് ഭരണം കയ്യാളിയിട്ടുള്ളവർ എന്ന നിലയ്ക്ക് ഇടയ്ക്കിടെ കിട്ടുന്ന പ്രതിപക്ഷവേഷത്തിൽ എടുക്കേണ്ട പണി അത്ര അപരിചിതമല്ലതാനും.
ഇവിടെയാണ് പ്രതിപക്ഷം എന്ന റോളിൽ കോൺഗ്രസിന്റെ പ്രകടനം വിലയിരുത്തേണ്ടത് പ്രധാനമാകുന്നത്. കാരണം, കേന്ദ്രത്തിൽ തുടർച്ചയായി രണ്ടാംവട്ടം ആ റോളിലേക്ക് ഈ പാർട്ടി എത്തുന്നത് ഇതാദ്യമാണ്; അതും ആൾബലത്തിൽ നന്നേ
ശുഷ്‌കിച്ച നിലയിൽ. സംസ്ഥാനങ്ങളിൽ ഈ റോൾ വഹിച്ചു ശീലമുണ്ട്. കേന്ദ്രത്തിലാകട്ടെ ജനതാഭരണത്തിലും വാജ്‌പേയിയുടെ ബിജെപി ഭരണത്തിലും മാത്രമാണ് മുൻശീലം. രണ്ടും ഹ്രസ്വമായ കാലയളവുകൾ. മാത്രമല്ല, കാതലായ രാഷ്ട്രീയ ഭീഷണിയൊന്നും അന്നുണ്ടായിരുന്നില്ല. ഇപ്പോൾ, കഥ പാടേ വ്യത്യസ്തം.
ഒന്നാമത്, ‘കോൺഗ്രസ് മുക്ത ഭാരത്’ ആണ് ബിജെപിയുടെ പ്രഖ്യാപിത ഇംഗിതംതന്നെ. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വലിയ അളവിൽ അത് നടപ്പായിട്ടുമുണ്ട്. ബിജെപി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലാകട്ടെ, മിക്കേപ്പാഴും കോൺഗ്രസല്ല പ്രതിയോഗി, മറ്റു കക്ഷികളാണ്. അതിൽ തനി പ്രാദേശികർ തൊട്ട് വ്യാപ്തി
നന്നേ കുറഞ്ഞ ദേശീയ കക്ഷികൾ വരെയുണ്ട്.
രണ്ട്, ‘തുടർച്ച’യുടെ രാഷ്ട്രീയം. നരേന്ദ്ര മോദി വാചകമടിയും പ്രാസവാക്യങ്ങളും കൊണ്ട് പ്രചാരവേലയിൽ മുന്നേറുന്നു. അതേസമയം ഭരണഘടനാവിവക്ഷകളെ പുറങ്കാലിനടിക്കുന്ന നയപരിപാടികൾ അവലംബിക്കുന്നു. ഫലത്തിൽ, സാധാരണ
ഗതിക്കുള്ള ഭരണകൂട മാനേജ്‌മെന്റല്ല ടിയാന്റെ സർക്കാരിന്റേത്. മറിച്ച്, മാനേജർ കയറി ഭരണകൂടം തന്നെയാകുന്ന താദാത്മ്യപ്പെടലാണ്. ഈ അനുഭവം ഇന്ത്യയ്ക്ക് പുതിയതാണ്. ഇന്ദിരാഗാന്ധി ഒരിടക്കാലത്ത് ഭരണകൂടംതന്നെയായി. അതുപക്ഷെ അല്പായുസ്സായിരുന്നു. മാത്രമല്ല, ഇന്ദിരയ്ക്ക് അന്ന് മോദിക്കുള്ള മാതിരി സംഘടനാപരമായ കെട്ടുറപ്പുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സഞ്ജയ് ഗാന്ധി ഒരു പാർലമെന്റ് നിയോജകമണ്ഡലത്തിന് ഒരു കോടി ഉറുപ്പിക നീക്കിവയ്ക്കുക എന്ന ആശയം വച്ചത്. എന്നുവച്ചാൽ 540 മണ്ഡലങ്ങൾ പിടിക്കാൻ 540 കോടി ഉറുപ്പികയുണ്ടെങ്കിൽ ഭരണം സ്ഥിരമായി കീശയിൽ വയ്ക്കാം. അതായിരുന്നു
അമ്മയുടെയും പുത്രന്റെയും ജനാധിപത്യസങ്കല്പം. സ്ഥിരമായി ഭരണം കയ്യടക്കുക എന്നതുതന്നെ അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധമാണെന്നതിരിക്കട്ടെ,
ഭരണത്തുടർച്ച എന്ന് ഇന്ന് സർവരും ഘോഷിക്കുന്ന ഭംഗിവാക്കിന് അന്നത്തെ പ്രയോഗം ഭരണസ്ഥിരത എന്നായിരുന്നു. സുസ്ഥിര ഭരണമില്ലെങ്കിൽ രാജ്യത്തിന് ഗുണകരമല്ല. സുസ്ഥിര ഭരണം എന്നാൽ ഭരണകൂടത്തെ മാനേജ് ചെയ്യുന്നവരുടെ ഭരണഘടനാനുസൃത നയനിലപാടുകളുടെ സ്ഥിരതയല്ല, മാനേജർ കസേരയിൽ ഒരേ കൂട്ടർ ഇരിപ്പുറപ്പിക്കുക എന്നാണു വിവക്ഷ. ഈ സമഗ്രാധിപത്യ ഇംഗിതത്തിന്റെ നവരൂപമാണ് ഭരണത്തുടർച്ച. അതിന്റെ രാഷ്ട്രീയ മുദ്രാവാക്യമാണ് കോൺഗ്രസ് മുക്ത ഭാരത്.
സ്വാതന്ത്ര്യലബ്ധി തൊട്ട് കോൺഗ്രസാണ് ഇന്ത്യയിൽ ഭരണവർഗത്തെ രാഷ്ട്രീയമായി പ്രതിനിധാനം ചെയ്തുപോന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ആദ്യകാലത്ത് ഇതായിരുന്നു രീതി. സംസ്ഥാനങ്ങൾ 1950-കളിൽത്തന്നെ കോൺഗ്രസേതര കക്ഷി
കൾ ഭരണം പിടിച്ചുതുടങ്ങി. 1952-ലെ പൊതുതിരഞ്ഞെടുപ്പാണ് കോൺഗ്രസില്ലാതെയും രാജ്യത്ത് കാര്യങ്ങൾ നടക്കുമെന്ന ആദ്യസൂചന നൽകിയത്. പ്രാദേശിക കക്ഷികളും ഇടതുകക്ഷികളും സോഷ്യലിസ്റ്റുകളും ഈ എതിർകാറ്റിന്റെ രൂപങ്ങളായി. അപ്പോഴും പക്ഷെ കോൺഗ്രസ്തന്നെയായിരുന്നു രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്. കോൺഗ്രസും കോൺഗ്രസ് വിരുദ്ധരും എന്നതായിരുന്നു എല്ലായിടത്തെയും രാഷ്ട്രീയനില. വിരുദ്ധർക്ക് കോൺഗ്രസിന്റെ തന്നെ പ്രകൃതം പല പ്രകാരേണ പകർന്നുകിട്ടി. അതിനു മുഖ്യ കാരണം കേന്ദ്രത്തിൽ കോൺഗ്രസിനുള്ള സ്ഥിരമായ ആധിപത്യമായിരുന്നു. ഫെഡറലിസത്തെ ക്രമാനുഗതമായി ചിറകരിഞ്ഞു വന്ന ആ പാർട്ടി സംസ്ഥാനങ്ങളിലെ പ്രതിയോഗികളുടെയും പ്രലോഭന മാതൃകയായി. അധികാരനേട്ടത്തിനുള്ള മാർഗദീപം
എന്ന നിലയ്ക്കു മാത്രമായിരുന്നില്ല പ്രലോഭനം. ഭരണകൂടത്തിന്റെ മാനേജർ കസേരയിൽ ഇരുന്നു കഴിഞ്ഞാൽ ഏതു കക്ഷിയും ഭരണകൂടത്തോട് പൊരുത്തപ്പെട്ട് വിശ്വസ്ത ദല്ലാൾമാരാകും.
ഭരണകൂട ഏജൻസികളെ വ്യത്യസ്ത കക്ഷികൾ കൈകാര്യം ചെയ്യുന്ന രീതി മാത്രം നോക്കിയാൽ ഇതറിയാം. കേന്ദ്രത്തിൽ സി ബി ഐ കൂട്ടിലെ തത്തയെങ്കിൽ, സംസ്ഥാനങ്ങളിൽ പോലീസും വിജിലൻസും മാടത്തകളാണ്. മറ്റൊന്നാണ് ”നിയമം നിയമത്തിന്റെ വഴിക്ക്” എന്ന സ്ഥിരം ഡയലോഗ്. ദോശ ചുടാനുള്ള ഉപകരണം മാത്രമാണ് ചട്ടുകം, ദോശയ്ക്ക് ഉപയുക്തമാകാത്ത ചട്ടുകം മാറ്റും. നീതി സൃഷ്ടിക്കാനുള്ള ഉപകരണപ്രസക്തി മാത്രമേ ഏതു നിയമത്തിനുമുള്ളൂ എന്നും നിയമം നിയമത്തിന്റെ വഴിക്കല്ല നീതിയുടെ വഴിക്കാണ് പോകേണ്ടതെന്നുമർത്ഥം. നീതിയുടെ
വഴിക്കു പോകാത്ത നിയമങ്ങൾ ലംഘിക്കപ്പെടാനുള്ളതാണ്. അമ്മാതിരി നിയമലംഘനങ്ങളുടെ ഉസ്താദായിരുന്നു, സാക്ഷാൽ ഗാന്ധി. എന്നാൽ ടിയാന്റെ പ്രഖ്യാപിത അനുയായികൾ തൊട്ട് ബൂർഷ്വാ ജനാധിപത്യത്തെ പഴിക്കുന്ന കമ്മ്യൂണിസ്റ്റുകാർ വരെ മേപ്പടി അസംബന്ധ ഡയലോഗ് വേദവാക്യം പോലെ ഓതുന്നു
– ഭരണത്തിലിരിക്കെ. ആഭ്യന്തര നയം തൊട്ട് വിദ്യാഭ്യാസം വരെ, സാമ്പത്തിക നയം തൊട്ട് സാമൂഹിക നീതി വരെ ഏതിനത്തിലും ഭരണത്തിലെത്തിയാൽപ്പിന്നെ രാഷ്ട്രീയകക്ഷികൾ അടിസ്ഥാനപരമായി ഒരേ തൂവൽപ്പക്ഷികളാണ്. ഇതാണ് കോൺഗ്രസിന്റെ ദീർഘമായ അധികാര സാന്നിധ്യം വഴി ഇന്ത്യൻ രാഷ്ട്രീയത്തിനുണ്ടായ കോൺഗ്രസിസം.
1970-കൾ വരെ കോൺഗ്രസിസം കാതലായ വെല്ലുവിളിയൊന്നും നേരിട്ടിരുന്നില്ല. കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ തോല്പിക്കുന്നവർ പോലും ഈ പ്രകൃതത്തിന്റെ അടിയാന്മാരും കുടിയാന്മാരുമായിരുന്നു. ഈ പോക്കിനെതിരായ ആദ്യത്തെ രാഷ്ട്രീയ നീക്കമാണ് റാം മനോഹർ ലോഹ്യയുടെ ആശയം വച്ച് ജയപ്രകാശ് നാരായൺ നടത്തിയ നവനിർമാൺ പ്രക്ഷോഭം. രാഷ്ട്രീയതയുടെ പ്രകൃതം മാറ്റാൻ പോന്നതായിരുന്നു ആ ഉദ്യമം. എന്നാൽ തുടക്കത്തിനു ശേഷം അതും പരമ്പരാഗത അധികാര രാഷ്ട്രീയത്തിന്റെ പ്രകൃതമാർജിച്ചു. എന്നുവച്ചാൽ, കോൺഗ്രസിസം.
അടിയന്തരാവസ്ഥ ഈ പ്രതിപക്ഷ ദൗത്യത്തിന്റെ ക്ഷിപ്രഫലമായിരുന്നെങ്കിലും അതേ അടിയന്തരാവസ്ഥതന്നെ ഇപ്പറഞ്ഞ ആർജിത കോൺഗ്രസിസത്തിന്റെ ഉത്തോലകവുമായി. ഇന്ദിരയെ തള്ളിമാറ്റിവന്ന ജനതാസർക്കാർ നോക്കുക. ഇടതുപക്ഷം തൊട്ട് വലതുപക്ഷം വരെ അണിനിരന്ന ആനമയിലൊട്ടക കൂടാരം.
രാഷ്ട്രീയ പ്രത്യയശാസ്ര്തങ്ങൾ ബലി കഴിച്ച് അവർ അധികാര രാഷ്ട്രീയത്തിന്റെ കുട പിടിച്ചു. ഫലത്തിൽ, രാജ്യത്തെ പ്രതിപക്ഷം ഇന്ദിരയുടെ പ്രതിപക്ഷമായി ചുരുങ്ങി. ലോഹ്യാ തിസീസ് ഗോപി വരച്ചു, ‘നവനിർമാൺ’ ഗോവിന്ദ!
വാസ്തവത്തിൽ, അടിയന്തരാവസ്ഥ ഒരു മികച്ച അവസരമായിരുന്നു – കോൺഗ്രസിസത്തിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയതയുടെ അച്ചുതണ്ടും പ്രകൃതവും മാറ്റാൻ. അച്ചുതണ്ട് ക്രമേണ മാറുകതന്നെയായിരുന്നു. പ്രാദേശിക രാഷ്ട്രീയത്തിന്റെ വേരിറക്കവും അതിനു ദേശീയ രാഷ്ട്രീയത്തിൽ െകെവരുന്ന വർധിച്ച സ്വാധീനവും ഒരുവശത്ത്. ജനതാസർക്കാരിന്റെ പതനശേഷം ഹിന്ദുത്വ വലതുപക്ഷം രാഷ്ട്രീയരൂപം വിപുലമാക്കിയത് മറ്റൊരു വശം. ജനസംഘം പ്രച്ഛന്നവേഷം കളഞ്ഞ് ബിെജപിയായി. ഹിന്ദുത്വം പല സംസ്ഥാനങ്ങളിലും നേരിട്ടുതന്നെ അധികാര രാഷ്ട്രീയത്തിലെത്തി. ഗുജറാത്ത് അതിന്റെ പരീക്ഷണശാലയായി. ഓർക്കണം,
അദ്വാനിയുടെ രഥയാത്ര ഗുജറാത്തിൽ നിന്ന് തുടക്കമിട്ടത് ഒട്ടും യാദൃച്ഛികമായല്ല. ഇന്നത്തെ മോദിതന്നെയാണ് അന്ന് അതിന്റെ ആസൂത്രകൻ. സംശയിക്കേണ്ട, സംഘപരിവാരത്തിന്റെ നിയോഗിക്കപ്പെട്ട കയ്യാളായിത്തന്നെ. ഇതേ കയ്യാളിന്റെ വിപുലീകരിച്ച കൈവിരുതായി പരീക്ഷണത്തിന്റെ അനന്തരഗഡു – ഗുജറാത്ത് 2002.
പരിവാരത്തിന്റെ ‘ലിബറൽ’ മുഖംമൂടിയായ വാജ്‌പേയി അടക്കം രാജ്യം ക്ഷോഭിച്ചിട്ടും ഒരു ചുക്കുമുണ്ടായില്ല. വിശ്വസ്ത കയ്യാൾ വെറും ഒരു ദശകമിപ്പുറം രാജ്യത്തിന്റെ പ്രധാനമ്രന്തിയായി, ‘ഭരണത്തുടർച്ച’ നേടി ദില്ലിയിൽ വിലസുന്നു. ഈ വിലസലിന്റെ
പ്രകൃതം നോക്കൂ – മന്ത്രിസഭ സമം മോദി, ഭരണകൂടം സമം മോദി. ഇവിടെയാണ് അടിയന്തരാവസ്ഥ ഒരു വൃത്തം പൂർത്തിയാക്കുന്നത്. എന്നുവച്ചാൽ, തുടങ്ങിയിട്ട ഇന്ദിരയിൽ നിന്ന് അതേതരം തുടക്കത്തിലേക്ക് വീണ്ടും. 1975-ൽ നിന്ന് 2014-ൽ എത്തുമ്പോൾ പക്ഷെ പുനർജനിയുടെ പ്രകൃതം മാറി. ആദ്യവട്ടം സംഗതി ഒരു വ്യക്തിയുടെ അധികാരക്കാമത്തിന്റെ ഫലമെങ്കിൽ രണ്ടാംവട്ടം അതൊരു രാഷ്ട്രീയ പരിണാമത്തിന്റെ ഫലമാണ്; ആത്യന്തികമായി ജനാധിപത്യ പ്രക്രിയയ്ക്ക് കൂടുതൽ പ്രതിലോമകരമായ ഫലം. ഇതാണ് അടിയന്തരാവസ്ഥ എന്ന അവസരത്തെ, ഇന്ത്യൻ രാഷ്ട്രീയതയുടെ പ്രകൃതമാറ്റത്തിനുള്ള അവസരത്തെ, ഈ രാജ്യം വിനിയോഗിച്ച രീതി. കോൺഗ്രസിസത്തിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയം അച്ചുതണ്ടെടുത്ത് ഉരുത്തിരിഞ്ഞുവന്ന വലതുപക്ഷരാ്രഷ്ടീയത്തിന് സമ്മാനിച്ചു. ഈ വലതുപക്ഷം ക്ലാസിക്കൽ പാഠാവലിയിലുള്ള തരം വലതുപക്ഷമല്ല, തനത് ഇന്ത്യൻ വലതുപക്ഷമാണ്. രാജ്യത്ത് പടർന്ന വേരിറക്കമുള്ള ജാതി മത വർഗീയതയിലാണ് അതിന്റെ പ്രത്യയശാസ്ര്തക്കാതൽ. വ്യത്യസ്ത മതങ്ങളുടെ സങ്കരഭൂവാണ്, ബഹുസ്വരതയുടെ ആരണ്യശ്രീയാണ് എന്നൊക്കെ ഉപന്യസിക്കാമെങ്കിലും ഇന്ത്യ എന്നും ജാതി മത വർഗീയതയുടെ മാനസഭൂവാണ്. ചാർവാകർ തൊട്ട് ബൗദ്ധർ വരെ അതിന്റെ ചൂടും ചോരക്കലിയുമറിഞ്ഞു. ബൗദ്ധർതന്നെ മറ്റു പല ദേശീരൂപങ്ങളോടും ഇതേ അക്രമഭീകരത പ്രവർത്തിച്ചു.
ഭീകരതയ്ക്ക് മതമില്ലെന്ന് ബുദ്ധിജീവികൾ മേനി പറയാറുണ്ട്. എന്നാൽ ഭീകരതയ്ക്ക് മതമുണ്ട്. ഏതെങ്കിലും ഒരു മതമല്ല, സർവ മതങ്ങളുടെയും അടിസ്ഥാന പ്രകൃതത്തിലുണ്ട് ഭീകരതയുടെ ബീജം. വിശ്വാസത്തിന്റെ, ആചാരത്തിന്റെ പേരിൽ ഒരു പ്രത്യേക വിഭാഗമായി വേർതിരിയുമ്പോൾ സ്വാഭാവികമാണ് ഇതര വിഭാഗങ്ങളോടുള്ള മനോസംഘർഷം, അന്യതാഭാവം. ദൈവംതന്നെയാണ് അതിെന്റ അച്ചുതണ്ട്. ഒറ്റദൈവമതങ്ങളുടെ മുഖ്യശത്രു നിരീശ്വരന്മാരും രണ്ടര ശത്രു ബഹുദൈവമതങ്ങളും. ബഹുദൈവമതങ്ങളുടെ ഒന്നാംശത്രു നിരീശ്വരന്മാർ, പിന്നാലെ വരുന്നു ആചാരവ്യത്യസ്തതയുള്ളവർ. തൻകൂറ്റുവർഗീയതയുടെ ഈ പ്രകൃതം പൊങ്ങിയും താണും കിടക്കുമെന്നേയുള്ളൂ. പ്രേരകരുണ്ടാവുമ്പോൾ പ്രതി തലപൊ
ക്കും, കാലാവസ്ഥ പ്രതികൂലമായാൽ മറക്കുട പിടിക്കും. അതാണ് ഇന്ത്യൻ പാരമ്പര്യം. ഈ പാരമ്പര്യത്തിന്റെ നവീനകാല ഉത്സാഹക്കമ്മിറ്റിയായി ഉയർന്നുവന്ന തനതു വലതുപക്ഷമാണ് ഹിന്ദുത്വരാഷ്ട്രീയം.
അടിയന്തരാവസ്ഥയുടെ അനുഭവപാഠത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വലതുപക്ഷവത്കരണത്തിലേക്ക് വേഗം നീക്കിയത് ഹിന്ദുത്വരാഷ്ട്രീയം മാത്രമല്ല, 1991-ലെ സാമ്പത്തിക നയംമാറ്റം കൂടിയാണ്. ആഗോള ശീതയുദ്ധകാലത്ത് പടിഞ്ഞാറൻ മുതലാളിത്തം ആവിഷ്‌കരിച്ച ബ്രട്ടൻവുഡ് സമ്പ്രദായത്തിന്റെ (ലോകബാങ്കും അന്താരാഷ്ട്ര നാണ്യനിധിയും അതിന്റെ ഉപകരണങ്ങളാണ്) വികാസപ്പടർച്ചയ്ക്കുള്ള തടസമായത് മുഖ്യപ്രതിയോഗിയുടെ പതനമാണ് – സോവിയറ്റ് യൂണിയന്റെ. അതോടെ പരുങ്ങലിലായ ധനമുതലാളിത്തത്തിന്റെ ആഗോളീകരണം അടുത്ത പടിയിലേക്കു കടന്നു. സമാന്തരമായി യന്ത്രസാങ്കേതികത്വം ഉപയുക്തമാക്കി. പൊതുവെ കരുതുമ്പോലെ വിനിമയ മാധ്യമങ്ങളുടെ വികാസമല്ല ആഗോളീകരണമുണ്ടാക്കിയത്. മറിച്ച് ധനമുതലാളിത്തത്തിന്റെ സുഗമമായ പടർച്ചയ്ക്ക് വിനിമയമാധ്യമങ്ങളുടെ വികാസം ആവശ്യമായിരുന്നു. അവർ അതിനുള്ള വികാസയത്‌നം ത്വരികമാക്കി. സമാനമായ ഒരുദാഹരണം പറയാം. ലോകയുദ്ധകാലേ, മുറിവേൽക്കുന്ന പട്ടാളക്കാർ അണുബാധ മൂലം ചത്തുവീഴുകയും പട്ടാളക്കാർക്ക് ഗംഭീര ദൗർലഭ്യമുണ്ടാവുകയും ചെയ്തു. ആ സമ്മർദത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തതാണ്
ആന്റി-ബയോട്ടിക് ഔഷധങ്ങൾ. എന്നുവച്ചാൽ, മനുഷ്യരാശിയുടെ ആരോഗ്യസേവയ്ക്കല്ല, യുദ്ധത്തിന്റെ ആവശ്യകതയിലേക്കാണ് ആന്റി-ബയോട്ടിക്കുകൾ കണ്ടുപിടിച്ചത്. പിന്നീടത് പൊതുഗുണത്തിനായി വിനിയോഗിക്കപ്പെടുകയും അതുവരെ പ്രാകൃതപ്പരുവത്തിലായിരുന്ന അലോപ്പതി, ആധുനികവൈദ്യമായി അതിവേഗം ബഹുദൂരം കയറിേപ്പാവുകയുമാണുണ്ടായത്. ഇതേമാതിരി, വിനിമയ മാധ്യമങ്ങൾ ഓരോന്നിന്റെയും വികാസച്ചുവടുകൾ
നോക്കിയാലറിയാം, ഭരണകൂടത്തിന്റെ നിരീക്ഷണാവശ്യങ്ങൾക്കുവേണ്ടി തരപ്പെടുത്തിയത് പിന്നീട് വാണിജ്യാടിസ്ഥാനത്തിൽ വിപുലപ്പെടുത്തി ജനങ്ങൾക്കു കൂടി ലഭ്യമാക്കുകയായിരുന്നു. യുഎസ് ചാരപ്പടയ്ക്കു വേണ്ടിയുണ്ടാക്കിയ ഉരുപ്പടി പിന്നീട് ബിൽ ഗേറ്റ്‌സ് ലേലത്തിൽ പിടിച്ചതും മൈക്രോസോഫ്റ്റുണ്ടായതും
സോഫ്റ്റ്‌വെയർ നമ്മുടെ നിത്യജീവിതത്തിലെ ശ്വാസോച്ഛ്വാസമായതും (പൾമനറി പ്രശ്‌നങ്ങളുയർന്നപ്പോൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന ബദൽ വൈദ്യവുമിറങ്ങി) നമുക്കറിയാം. ചേതോവികാരത്തിന്റെ ആരൂഢം പക്ഷെ പൊതുനന്മയായിരുന്നില്ല എന്നു ചുരുക്കം. പുതിയ വിനിമയ മാധ്യമങ്ങളെ വികസിപ്പിച്ചതും പടുത്തുയർത്തിയതും ലോകത്തെ ധനമുതലാളിത്തത്തിന്റെ ആവശ്യവും
കൗശലവുമായിരുന്നു.
ഈ കളത്തിൽ കമ്മ്യൂണിസ്റ്റ് ചൈന 1970-കൡലേ പങ്കുചേർന്ന് തടി കാത്തു. ഇന്ത്യ വീണ്ടുമൊരു മൂന്നു പതിറ്റാണ്ടു വൈകി. വിദേശകടത്തിന്റെ മുടിവു പറഞ്ഞാണ് നരസിംഹറാവു സർക്കാർ ഇപ്പറഞ്ഞ ആഗോളക്കെണിയിലേക്ക് രാജ്യത്തെ വച്ചുകൊടുത്തത്. അതുകൂടിയായപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വലതുപക്ഷവത്കരണത്തിന് ഔദ്യോഗിക സാധൂകരണം കൈവന്നു. യഥാർത്ഥത്തിൽ റാവുവിന്റെ/കോൺഗ്രസിന്റെ കാര്യമായ ഈ ചുവടുമാറ്റം ആ പാർട്ടിക്ക് രാഷ്ട്രീയമായി ആത്മഹത്യാപരമാവുകയായിരുന്നു. കാരണം, വലതുപക്ഷത്തിന് ഒരു തനതുരൂപം ഉരുത്തിരിഞ്ഞുകഴിഞ്ഞ രാജ്യത്ത് സാമ്പത്തികതലത്തിലെ ഈ പച്ചയായ വലതു ചുവട് രാഷ്ട്രീയഗുണമുണ്ടാക്കുക ഹിന്ദുത്വ രാഷ്ട്രീയത്തിനാണ്. ഒന്നാമത്, ടി വലതുപക്ഷം തനതാണ്, ആഗോളധനമുതലാളിത്തത്തിന്റെ വിവക്ഷകൾക്ക് കോൺഗ്രസിനേക്കാൾ അനുരൂപവുമാണ്. കോൺഗ്രസിന്റെ വലതുപക്ഷ പ്രകൃതത്തിൽ ഒരു കാപട്യഘടകമുണ്ട് – ക്ഷേമരാഷ്ട്രസങ്കല്പത്തിന്റെ. സോഷ്യലിസഭാവത്തോടെയുള്ള ഒരു മുതൽപക്ഷസങ്കല്പമാണത്. ജവഹർലാൽ ആവിഷ്‌കരിച്ച കമാൻഡ് ഇക്കോണമി വാസ്തവത്തിൽ റഷ്യയിൽ നിന്നുള്ള പകർപ്പെടുപ്പായിരുന്നു. സ്റ്റാലിൻ ഭരണകാലത്തെ ന്യൂ ഇക്കണോമിക് പോളിസിയുടെ ഇറക്കുമതിയായിരുന്നു പഞ്ചവത്സര പദ്ധതി. ജവഹർ ലാലിന്റെ റഷ്യൻ സന്ദർശന
ത്തിന്റെ പരിണതഫലങ്ങളാണിതൊക്കെ. കോൺഗ്രസിസത്തിന് വ്യക്തമായ ആധിപത്യമുള്ളിടത്ത് ടി ആധിപത്യം ഭരണതലത്തിലും നിലനിർത്താൻ ഉപയുക്തമായ ഉപാധികളാണിതെല്ലാം.
കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിക്ക് ഭരണോപാധിയായ കമാൻഡ് ഇക്കോണമി ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിക്ക് ചേരുന്നതല്ല. എന്നിട്ടും അതിനെ കടം കൊണ്ടത് കോൺഗ്രസിന്റെ ആധിപത്യ ലക്ഷ്യങ്ങൾക്ക് പറ്റിയ മാർഗം എന്ന നിലയ്ക്കാണ്. കോൺഗ്രസിസം ക്ഷയിക്കുവാറെ ടി കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥ അപ്രസക്തമായി. ക്ഷേമരാഷ്ട്രസങ്കല്പം, രാഷ്ട്രനിർമാണം ഇത്യാദിക്കുള്ള അവലംബമായി പ്രചരിപ്പിച്ച ഈ കേ്രന്ദീകൃത സിസ്റ്റം വാസ്തവത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന് പ്രതിലോമകരമാണെന്ന് ആ സിസ്റ്റത്തിനുള്ളിൽ നിൽക്കെ ഒരു രാഷ്ട്രീയകക്ഷിക്കും വേണ്ടവിധം സമർത്ഥിക്കാനായില്ല – പ്രാവർത്തികതലത്തിൽ പ്രത്യേകിച്ചും. കാരണം രാഷ്ട്രീയ ചക്രവാളത്തിലെ സകല കക്ഷികളും യഥാർത്ഥ രാഷ്ട്രീയത്തിൽ നിന്ന് അധികാര രാഷ്ട്രീയത്തിലേക്കു മാത്രമായി സ്വന്തം ശിരോച്രകവാളം ചുരുക്കിക്കഴിഞ്ഞിരുന്നു. ആ തെറ്റു തിരിച്ചറിഞ്ഞുള്ള തിരുത്തൽക്രിയയായിരുന്നു 1991-ൽ നടന്നതെന്നു തെറ്റിദ്ധരിക്കേണ്ട. ധനമുതലാളിത്തത്തിന്റെ ആഗോള രാഷ്ട്രീയത്തിന് വേണ്ടി ഇവിടുത്തെ സാമ്പത്തി
കക്കളം അഴിച്ചിടുക മാത്രമായിരുന്നു.
കോൺഗ്രസിസത്തിന്റെ രാഷ്ട്രീയപ്രസക്തിക്കൊപ്പം രാഷ്ട്രീയസാമ്പത്തികതയുടെ ഹബ്ബ് കൂടി ഊരിക്കളഞ്ഞതോടെ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമായി. രാഷ്ട്രീയ സാമ്പത്തികതയുടെ മുതൽപക്ഷ പ്രകൃതം അവർക്ക് ഒസ്യത്തായുണ്ട്. ശേഷിക്കുന്നത് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ പേശിയും മാംസവും മാത്രമായിരുന്നു. കോൺഗ്രസിനെ ചവിട്ടിയൊതുക്കാൻ ഇപ്പറഞ്ഞ സാഹചര്യത്തിൽ ബിജെപിക്ക് സുഗമമായിരുന്നു. ഒന്ന്, രണ്ടുകൂട്ടരും തമ്മിലുള്ള പ്രകൃതവ്യത്യാസം. തീവ്ര വലതുപക്ഷത്തിന് എന്തുകൊണ്ടും വലതുപക്ഷ വിശ്വാസ്യത പ്രച്ഛന്ന വലതുപക്ഷത്തേക്കാൾ കൂടുതലാണ്. പ്രച്ഛന്നതയ്ക്ക് പ്രസക്തിയില്ലാതായ തുറന്ന കമ്പോളത്തിൽ പ്രത്യക്ഷവലതിന്റെ ആവശ്യമേയുള്ളൂ. ആ പ്രകൃതവും സമീപനങ്ങളും തിരഞ്ഞെടുപ്പുവേദിയിൽ ഭംഗിയായി വിനിമയം
െചയ്യാൻ പോന്ന സംഘടനായന്ത്രവും തന്ത്രങ്ങളും മതി.
അതാണ് 1980-കൾ തൊട്ട് ആർ എസ് എസ് ഒരുക്കിവന്നത്, പരീക്ഷിച്ചുറപ്പിച്ച സംസ്ഥാന മാതൃകകൾ വഴി. ജനമനസ്സിലെ വർഗീയതയ്ക്കുള്ള രാഷ്ട്രീയാവിഷ്‌കാര മാധ്യമങ്ങൾ സമർത്ഥമായി രൂപപ്പെടുത്തി – പശു, പള്ളി, പാകിസ്ഥാൻ. ഈ ആരൂഢത്തിന്മേൽ പണി
യുന്ന ദേശീയതയ്ക്ക് സ്വാഭാവികമായും വിഭാഗീയതയുടെ തീവ്രത ലഭിക്കും. അതിന് സാംസ്‌കാരിക ദേശീയത എന്ന ലേബലുമൊട്ടിച്ചു. ഇതൊക്കെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ വിപണനം നടത്താൻ വേണ്ട നവീനരീതിശൈലികളും പണവും ആഭ്യന്തര മുതൽപക്ഷ വിഭാഗങ്ങൾ സർവാത്മനാ സംഭാവന ചെയ്തു. അവരെ
സംബന്ധിച്ച് പ്രച്ഛന്നവലതിനെ കളഞ്ഞ് കറ തീർന്ന വലതിനെ കിട്ടുന്നതില്പരം താദാത്മ്യ സായൂജ്യം മറ്റൊന്നില്ല. അഭീഷ്ടമുഗ്ദ്ധരായ നവമധ്യവർഗവും അസംതൃപ്തി പൂണ്ടിരുന്ന പരമ്പരാഗത മധ്യവർഗവും ഈ പടയുടെ ലക്ഷണമൊത്ത കോറസായി. തനതുവലതുപക്ഷത്തിന് ആകെപ്പാടെ എടുക്കേണ്ടിയിരുന്ന പണി സംഘടനായന്ത്രത്തെ എണ്ണയിട്ടു നിർത്തുകയും പ്രചാരണമോഡ് സദാ പുലർത്തുകയുമാണ്.
കോൺഗ്രസിനാകട്ടെ ഇപ്പറഞ്ഞ രണ്ടുമില്ല. ആഭ്യന്തര മുതൽപക്ഷക്കാരെ അത്രവേഗം നഷ്ടപ്പെട്ടു, അങ്ങനെ പാർട്ടി ഖജാനക്ഷയിച്ചു. നെഹ്‌റു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള ആശ്രിതരും പറ്റിത്തീനികളുമാണ് കേന്ദ്ര നേതൃത്വം. പ്രാദേശിക തലങ്ങളിലാകട്ടെ അധികാര പ്രതീക്ഷയിൽ കാലാകാലം ഒത്തുകൂടുന്ന ആൾക്കൂട്ടങ്ങൾ മാത്രം. അധികാരസാധ്യത ഒഴിഞ്ഞുപോയാൽ ആൾക്കൂട്ടങ്ങൾ പിരിഞ്ഞുപോകും. തുടർച്ചയായ അധികാരനഷ്ടം ആൾക്കൂട്ടങ്ങളെ മറുകണ്ടം ചാടിക്കുന്നു. കാരണം ലളിതം – അധികാരത്തിലേക്കുള്ള പ്രവേശനോപാധി മാത്രമാണ് അവരെ സംബന്ധിച്ച് രാഷ്ട്രീയകക്ഷി; അല്ലാതെ ഏതെങ്കിലും പ്രാതിനിധ്യപരമായ പ്രതിബദ്ധതയോ ആശയക്കൂറോ ഇല്ല. ഇങ്ങനെ രാഷ്ട്രീയപരമായി അച്ചുതണ്ടുസ്ഥാനവും സംഘടനാപരമായി സാംഗത്യമുള്ള ചട്ടക്കൂടുമില്ലാതായ കോൺഗ്രസിന്റെ ഏക ഒട്ടുപശയ്ക്കാണ് നേതൃത്വം ഒഴിയുക വഴി രാഹുൽഗാന്ധി ശേഷിച്ച പശിമ കൂടി ഇല്ലാതാക്കിയത്. ഈ തുറുങ്കൻ നേരത്തെ പരിഷ്‌കരണ യത്‌നത്തിന്റെ
പ്രകൃതം മാത്രം നോക്കിയാൽ മതി കോൺഗ്രസ് എത്തിച്ചേർന്നിരിക്കുന്ന പാപ്പരത്തത്തിന്റെ വ്യാപ്തിയറിയാൻ: ആർ എസ് എസ്സിനെ അനുകരിച്ചുള്ള ശാഖാനിർമിതി. ആർ എസ് എസ്സിന് വ്യക്തമായ പ്രത്യയശാസ്ര്തമുണ്ട്, കോൺഗ്രസിന് തീരെയില്ലാത്തത് അതാണ്. വലതുപക്ഷവത്കരണം സംഭവിച്ചുകഴിഞ്ഞ െപാതുരാഷ്ട്രീയ ഇടത്തിൽ ഹിന്ദുത്വരാഷ്ട്രീയം ഓട്ടോമാറ്റിക് ചോയ്‌സ് എന്ന
നിലയിൽ പന്തൽ വിരിച്ചുകഴിഞ്ഞു,
കോൺഗ്രസാകട്ടെ ഇപ്പോഴും പ്രചരണവലതുപക്ഷമായി ഇരുട്ടിൽത്തപ്പുന്നു. ഈ പരിതോവസ്ഥയിൽ ശാഖാനിർമാണം, വണ്ടിയില്ലാത്തവൻ കാർപോർച്ച് പണിയുമ്പോലെയാണ്. മോദിഭരണത്തിന്റെ വികർമങ്ങൾ വഴി ജനകീയ പ്രതിഷേധമുണ്ടാവുകയും അതുവഴി, എന്നുവച്ചാൽ ബൈ ഡിേഫാൾട്ട്, വണ്ടി വീണുകിട്ടുകയും ചെയ്യും എന്ന ദിവാസ്വപ്നത്തിലാണ് ഗാന്ധിയൻഗണം. അല്ലാതെ, നയം മാറ്റാനോ ജനാധിപത്യപരമായി പാർട്ടി പുന:സംഘടിപ്പിക്കാനോ, ജനകീയ
പ്രക്ഷോഭമുഖത്ത് നേതൃതപരമായി പങ്കെടുക്കാനോ ഉദ്യമങ്ങളില്ല. ഏെറക്കുറെ ഇതൊക്കെത്തന്നെയാണ് ഒട്ടുമിക്ക പ്രതിപക്ഷ കക്ഷികളുടെയും ആഭ്യന്തരനില. തികച്ചും പുതിയ ഈ പശ്ചാത്തലത്തോട് പുതിയ കാഴ്ചപ്പാടും അതിൻപ്രകാരമുള്ള പുതിയ സമീപനങ്ങളുമല്ല ഒരൊറ്റ പാർട്ടിയും സ്വീകരിക്കുന്നത്. രാഷ്ട്രീയ സാമ്പത്തികതയുടെ കാര്യത്തിൽ ഏറെക്കുറെ പൂർണമായും അടിയറവു പറഞ്ഞുകഴിഞ്ഞ, ബദലേയില്ലെന്ന തുറന്ന സമ്മതത്തിലുള്ള മനോഭാവത്തിലാണിഷ്ടന്മാർ. അതുകൊണ്ടുതന്നെ എന്താണ് പ്രവർത്തിക്കേണ്ടത് എന്ന കാര്യത്തിൽ ഒരു കക്ഷിക്കും അർത്ഥയുക്തിയുള്ള ഒരു നിലപാടുമില്ല. ഓരോ പ്രശ്‌നമുഖങ്ങൾ തുറക്കുമ്പോഴും അവർ കേവലം ഓളത്തിൽ പൂട്ടുകാർ മാത്രമായി ഒതുങ്ങിപ്പോവുന്നു. അതുകൊണ്ടുതന്നെ, ഗൗരവമേറിയ പ്രശ്‌നമുഖങ്ങൾ അതിവേഗം, നിസ്സാരമായി അടഞ്ഞുപോകുന്നു. ആർട്ടിക്കിൾ 370 ആവട്ടെ, മുത്തലാക്ക് നിയമമാവട്ടെ, യുഎപിഎയുടെ േഭദഗതിയാവട്ടെ, സാമ്പത്തികത്തകർച്ച ക്ഷണിച്ചുവരുത്തിയ തിരുമണ്ടൻ നടപടികളാവട്ടെ. എന്തിനേറെ, നിർമല സീതാരാമന്റെ ബജറ്റിലെ ഓട്ട 1.76 ലക്ഷം കോടിയുടേതാണെന്നിരിക്കെ ടി ഓട്ടയടയ്ക്കാനുള്ള കാശാണ് റിസർവ് ബാങ്കിന്റെ കരുതൽശേഖരത്തിൽ നിന്നെടുത്ത അതേ 1.76 ലക്ഷം കോടി എന്നത് ഒരു ദിവസത്തെ പത്രപ്രസ്താവനയിലും ചില്ലറ ട്വീറ്റുകളിലും ഒതുങ്ങിപ്പോയി.
2008-ലെ ആഗോളമാന്ദ്യത്തിൽ ഇന്ത്യ പിടിച്ചുനിന്നത് റിസർവ് ബാങ്കിന്റെ കരുതൽക്കരുത്തിലാണെന്ന് ഓർക്കുക. നിലവിൽ രാജ്യം നേരിടുന്ന സമ്പദ് തളർച്ചയും ഭീഷണിയുയർത്തി കരിമേഘമാകുന്ന പുതിയ ആഗോളമാന്ദ്യവും കണക്കിലെടുക്കാതെ വിത്തെടുത്ത് ഉരലിൽ കുത്തുന്ന തിരുമണ്ടന്മാരുടെ ധനകാര്യവി
ചാരത്തിന്മേൽ യാതൊരു പ്രക്ഷോഭവുമില്ല. ഇവിടെയാണ് അച്ചുതണ്ട് പ്രത്യയശാസ്ര്തപരമായിത്തന്നെ മാറിപ്പോയ ഭരണരാഷ്ട്രീയത്തെ നേരിടാൻ പ്രതിപക്ഷം പരമ്പരാഗത റോളിൽ നിന്നു മാറേണ്ടതിന്റെ അനിവാര്യത.
ഒന്നാമത്, ഭരണകക്ഷി ഇന്നിപ്പോൾ ഭരണകൂടത്തിന്റെ സ്റ്റേജ് മാനേജരല്ല; അതിപ്പോ
ൾ ഭരണകൂടംതന്നെയായിട്ടുണ്ട്. ഭരണഘടനാസ്ഥാപനങ്ങളെ വെട്ടുന്നു, ചുരുക്കുന്നു, പലപ്പോഴും തൃണവത്ഗണിക്കുന്നു. അനുസരിക്കുന്നതായി ഭാവിക്കുന്ന ഘട്ടങ്ങളിൽപോലും ഉള്ളാലേ ആത്മാർത്ഥതയുള്ള അനുസരണയല്ലത്. റിസർവ് ബാങ്ക് മുതൽ തിരഞ്ഞെടുപ്പു കമ്മിഷൻ വരെ നീണ്ട ഒരു പട്ടികതന്നെയുണ്ട് തെളിവായി. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ തുരപ്പൻപരിപാടി കൾക്കെല്ലാം അന്തർലീനമായി ഭരണഘടനതന്നെ മാറ്റിക്കളയാനുള്ള ഇംഗിതം കിടപ്പുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആത്യന്തിക ഉന്നവും അതുതന്നെയാണെന്ന് അവരുടെ ഭരണപരമായ ചെയ്തികൾ മാത്രമല്ല, ആധാരപ്രമാണങ്ങളും പരസ്യമാക്കുന്നു. ഇതെല്ലാം ഭരണകൂടത്തിന്റെ ചരിത്രത്തിലുടനീളമുള്ള പ്രകൃതഭാവങ്ങളാണ്. എല്ലാത്തരം അധികാരാവകാശങ്ങളും കേന്ദ്രീകരിച്ച് സ്വന്തം സ്വേച്ഛാപ്പിടിയിൽ വയ്ക്കുകയും വിനിയോഗിക്കുകയും ചെയ്യുക എന്ന ചിരപുരാതന പ്രകൃതം. ഭരണകൂടത്തിൽ ജനങ്ങൾ പിടിച്ചുവാങ്ങിയതാണ് ഇന്നു കാണുന്ന പൗരസ്വാതന്ത്ര്യവും പൗരാവകാശങ്ങളും. അതവർ നേടിയെടുത്ത പലതരം പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും വിത്താണ് ഓരോ രാജ്യത്തെയും ഭരണഘടനകൾ. വെറും രണ്ടര നൂറ്റാണ്ടേ ആയിട്ടുള്ളൂ, ലിഖിത ഭരണഘടനകൾ വച്ചുള്ള ഭരണം ഭൂഗോളത്ത് ആരംഭിച്ചിട്ട്. അങ്ങനെ ഭരണകൂടത്തിന്റെ വിവിധ രൂപങ്ങളിൽ നിന്ന് ജനങ്ങൾ പിടിച്ചുവാങ്ങിയ സ്വന്തം അവകാശസ്വാതന്ത്ര്യങ്ങൾ പലതും തിരിച്ചുപിടിക്കുന്ന പണിയാണ് ഭരണകൂടങ്ങൾ ഇന്നെടുക്കുന്നത്. വിശേഷിച്ചും സമഗ്രാധിപത്യ പ്രത്യയശാസ്ര്തങ്ങൾ പേറുന്ന സ്റ്റേജ് മാനേജർമാർ ജനതയുടെ പേരു പറഞ്ഞ് അധികാരം കയ്യാളുന്നിടങ്ങളിൽ. റിസർവ് ബാങ്കിനെ കുറുകെ വെട്ടി ഒറ്റയടിക്ക് നോട്ട് റദ്ദാക്കുന്ന സാമ്പത്തിക വിഡ്ഢിത്തം മുതൽ തിരഞ്ഞെടുപ്പു കമ്മിഷനെ ഏറാൻമൂളിയാക്കി വോട്ടിംഗ് യന്ത്ര തിരിമറി വരെ. ഇതിനൊക്കെയുള്ള കൂസലില്ലായ്മ വരുന്നത് താൻതന്നെയാണ് ഭരണകൂടം എന്ന മനോഗതിയിൽ നിന്നാണ്. ആ മനോഗതി ഇന്നൊരു ലളിത യാഥാർത്ഥ്യമാണ്. നരേന്ദ്ര മോദി എന്ന മുഖംമൂടി കൊണ്ട് ഹിന്ദുത്വ വലതുപക്ഷം ഇന്ത്യൻ ഭരണകൂടമാവുന്നു.
എല്ലാത്തരം അധികാര കേന്ദ്രീകരണങ്ങളുടെയും ലക്ഷ്യമതാണ് – ഒറ്റ ഭാഷ, ഒറ്റ തിരഞ്ഞെടുപ്പ്, ഒറ്റ കക്ഷി, ഒറ്റ സംസ്‌കാരം – എന്തിലും ഏതിലും ഒറ്റ, ഒറ്റ, ഒറ്റ. ഐക്യഭാവനയുടെ പ്രച്ഛന്നവേഷത്തിലുള്ള ഈ സർവകേന്ദ്രീകരണമാണ് ഭരണകൂടത്തിന്റെ ചരിത്രപരമായ കാതൽപ്രകൃതം. ഈ പ്രകൃതമാറ്റത്തിന് രാജ്യം നിസ്സഹായതയോടെ ഒട്ടൊക്കെ ഗോളം തിരിയാതെ, നോക്കുകുത്തിയാവുമ്പോഴാണ് പ്രതിപക്ഷത്തിന്റെ പങ്കും പ്രകൃതവും പുനർചിന്തയ്ക്ക് വിധേയമാക്കേണ്ടത്. ഭരണകൂടംതന്നെയായി അതിവേഗം മാറുന്ന ഭരണകക്ഷിക്കു മുന്നിൽ പരമ്പരാഗത രീതിശീലങ്ങളുള്ള പ്രതിപക്ഷമല്ല വേണ്ടത്. ഭരണകൂടത്തെ ജനതയ്ക്കുവേണ്ടി നേരിടുന്ന ഒന്നാണ്. അേപ്പാൾ സ്വാഭാവികമായും പ്രാഥമികങ്ങളിലേക്ക് മടങ്ങേണ്ടതുണ്ട്. ഭരണഘടനാടിസ്ഥാനം വച്ച് ഭരണകൂടങ്ങളിൽ നിന്ന് ജനത സ്വന്തം
അവകാശസ്വാതന്ത്ര്യങ്ങളും പൗരാധികാരങ്ങളും പിടിച്ചുവാങ്ങിയ അതേ പ്രാഥമികപ്രവൃത്തികളിലേക്ക്. ഉദാഹരണമായി, എല്ലാ വലതുപക്ഷങ്ങളെയും പോലെ ഹിന്ദുത്വരാഷ്ട്രീയവും സ്ഥിരമായി ചെയ്യുന്നത് പൊതുമണ്ഡലത്തിലെ വിനിമയത്തെ വക്രീകരിക്കലാണ്. സന്ദേശങ്ങൾക്കും വിവരങ്ങൾക്കും യഥാർത്ഥത്തിൽ സുഗമമായ ഒഴുക്കുണ്ടാവില്ല, മറിച്ച് അവ തടയുകയും രൂപമാറ്റം വരുത്തുകയും ചെയ്യും. സമൂഹത്തിനുള്ളിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ അതത് അതിരുകൾ കടക്കുമ്പോഴേക്കും അത് നിർവഹിക്കുന്നു. ഈ വക്രീകരണം രാജ്യത്തെ ഏതു ചർച്ചയിലും സംവാദത്തിലും കാണാം. ചർച്ച ചെയ്യപ്പെടുന്ന പ്രശ്‌നത്തിലെ/
പ്രമേയത്തിലെ മർമപദങ്ങൾ തങ്ങൾക്കു വേണ്ട തരത്തിൽ വക്രീകരിക്കുന്നു. അങ്ങനെ ചർച്ചയെ സുഗമമാക്കുക അല്ല, കഴുത്തു ഞെരിക്കുകയാണ് പരിപാടി.
ഉദാഹരണമായി ‘ജനാധിപത്യം’ എന്ന വാക്ക്. ജനാധിപത്യത്തിലെ ഭൂരിപക്ഷം എന്നത് ഒരു മത്സരമാണെന്നും, ഭൂരിപക്ഷത്തെ സൃഷ്ടിക്കുന്നതും പൊളിക്കുന്നതും
അധികാരത്തിനു വേണ്ടിയുള്ള ഈ ജനമത്സരമാണെന്നും ജനങ്ങൾ പൊതുവെ തിരിച്ചറിയുന്നില്ല. ഭൂരിപക്ഷ മത വിശ്വാസം പോലെയല്ല ജനാധിപത്യത്തിലെ ഭൂരിപക്ഷം. മതപരത സാമൂഹിക ജീവിതത്തിലെ ഒരു സ്ഥിരഭാവമാണ്. അധികാരമത്സരത്തെ ജനാധിപത്യത്തിന്റെ ആന്തരികമായ അവിഭാജ്യഘടകമായി മനസിലാക്കാത്തപക്ഷം ഭൂരിപക്ഷം ഓരോ വേളയിൽ/പ്രമേയത്തിൽ ഉണ്ടാക്കപ്പെടുന്നതാണ്, പൊളിക്കപ്പെടുന്നതാണ് എന്ന ജനാധിപത്യ മർമം ഉൾക്കൊള്ളാതെ പോകും. ഭൂരിപക്ഷത്തെ ഹിന്ദു ജനസംഖ്യയുമായി ബന്ധിപ്പിച്ചുകൊണ്ട് അതിനൊരു സ്ഥിരതകല്പിക്കുകയാണ് ഹിന്ദുത്വ വലതുപക്ഷം െചയ്യുന്നത്. ഹിന്ദുമത വിശ്വാസത്തെ ജനസംഖ്യാപരമായ ഭൂരിപക്ഷ സാന്നിധ്യമായി
കല്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ജനാധിപത്യ ഭൂരിപക്ഷം എന്നാൽ ഇങ്ങനെയാണ് ധരിക്കേണ്ടതെന്ന കാതൽപ്പിശകാണ് മുന്നേറ്റുന്നത്. അതുകൊണ്ടുതന്നെ ഇപ്പറഞ്ഞതരം ‘ഭൂരിപക്ഷ’ത്തിന്റെ പേരിൽ ആൾക്കൂട്ടങ്ങൾ നടത്തുന്ന ക്രിമിന
ൽപ്രവൃത്തികളെ സാധൂകരിക്കുന്നു. ജനാധിപത്യത്തിന്റെ പ്രക്രിയാപരമായ ഘടകങ്ങളെ ഇവ്വിധം കാറ്റിൽപ്പറത്തുമ്പോൾ അവർ പച്ചയ്ക്കു വെല്ലുവിളിക്കുന്നത് ജനാധിപത്യത്തെത്തന്നെയാണ്. അങ്ങനെ ജനാധിപത്യം എന്നതിന് പ്രതിലോമകരമായ അർത്ഥങ്ങൾ ഉയർത്തുന്നു.
ഇങ്ങനെ, പ്രാഥമികങ്ങളിലേക്ക് മടങ്ങുമ്പോൾ, പൗരന്റെ േക്ലശഭാരം ഇരട്ടിക്കുകയാണ്. നിലവിലുള്ള പ്രതിപക്ഷത്തിന് പൗരെന്റ ക്ലേശങ്ങൾ ഏറ്റെടുത്തു പ്രവർത്തിക്കാൻ കഴിവുണ്ടോ എന്നതാണ് ചോദ്യം. അമ്മാതിരി മൗലിക പോരാട്ടങ്ങൾ നടത്തി ശീലമുള്ള ചിന്തയോ പ്രവൃത്തിശൈലിയോ ഇക്കൂട്ടർക്ക് കമ്മിയാണ്. കാരണം, ഭരണകക്ഷികളോട് മത്സരിക്കുന്ന ഉപരിപ്ലവ രാഷ്ട്രീയപ്പോരിലാണ് അവരുടെ തഴക്കം. ഭരണഘടനയെ തൃണമാക്കുന്ന ഭരണകൂടത്തോട് പോരടിച്ച ശീലമില്ല. ഭരണഘടനയെ വിഗണിക്കുന്നവരെ നേരിടാൻ ഭരണഘടനാപരമായ മാർഗങ്ങളുണ്ടെന്ന് അംബേദ്കർ പറഞ്ഞു. എന്നാൽ അതേ മാർഗങ്ങളുടെ മൂർത്ത സ്തംഭങ്ങളെത്തന്നെ ഒരുകൂട്ടർ ക്ഷുദ്രമാക്കുന്നെങ്കിലോ? അങ്ങനെ പോയിപ്പോയി സാക്ഷാൽ ഭരണഘടന തന്നെ മാറ്റിയാലോ? ബാബാ സാഹേബ് ഗോപി വരയ്ക്കും.
ഇവിടെ ഭരണകൂടത്തിനുള്ള പ്രതിപക്ഷമാകാൻ നിലവിലുള്ള കക്ഷികൾ മാറ്റേണ്ടത് സ്വന്തം തലയാണ്. എവിടെയും എന്നും സാധാരണ ജനതയാണ് ഭരണകൂടങ്ങളുടെ എതിർഭാഗത്ത്. ആ ജനങ്ങൾക്കു വേണ്ടി, ജനത്തെപ്രതി, പ്രവർത്തിക്കുവതെങ്ങനെ?
അതൊരു പുതിയ പ്രത്യയശാസ്ര്ത സമീപനം ആവശ്യപ്പെടുന്നു. ഭരണകൂടവും ജനതയും തമ്മിലുള്ള ചിരപുരാതന അങ്കത്തിൽ ജനതയുടെ പോരാട്ട മാനിഫെസ്റ്റോ രൂപപ്പെടുത്തുന്ന ഒന്ന്. കോൺഗ്രസ് തൊട്ട് വലത്തോട്ടും ഇടത്തോട്ടുമുള്ള പ്രതിപക്ഷ
കക്ഷികളിൽ ആർക്കുണ്ടതിനുള്ള ശേഷി, മനസ്?
രാഹുൽ ഗാന്ധി ഇതൊന്നും ചിന്തിച്ചിട്ടല്ല ചുമടൊഴിഞ്ഞത്. എങ്കിലും ആ പ്രവൃത്തി ഭംഗ്യന്തേരണ ഒരു പുനർചിന്തയ്ക്ക് രാജ്യത്തെ വിരിഞ്ഞ കുക്കുടങ്ങളെ ക്ഷണിക്കുകയാണ്. അതിനുള്ള സിരാരോഗ്യം ആ മൂത്തുനരച്ച ശിരസുകൾക്കില്ലെങ്കിലും. അപ്പോൾ യുവശിങ്കങ്ങളോ? ക്ഷമിക്കണം, അവർ ഫേസ്ബുക്കിൽ മുഖം മിനുക്കുന്ന തിരക്കിലാണ്. ട്വിറ്ററിൽ വർഗവിപ്ലവം നടത്തുന്ന തിരക്കിലാണ്. ശിഷ്ടമുള്ള പാവങ്ങൾ ‘മൻ കീ ബാത്തി’നു കാതോർ
ത്ത് സ്വച്ഛ് ഭാരതിനായി കാത്തിരിക്കുന്നു.