കേരളത്തിൽ ഇന്ത്യയുടെ ഏതു ഭാഗത്തുള്ളവർക്കും സധൈര്യം വന്നു താമസിക്കാം. പക്ഷെ മറ്റു പല സംസ്ഥാനങ്ങളിലും ഇന്ന് ചില മതവിഭാഗക്കാർക്കു മാത്രമേ അവിടെ കുടിയേറാൻ അനുവാദമുള്ളൂ. മത വിദ്വേഷം വളർത്തുന്നവർ ഇന്ത്യയുടെ പാരമ്പര്യത്തിനെതിരായാണ് പ്രവർത്തിക്കുന്നത്. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ന്യൂ ബോംബെ സമാജത്തിൽ കാവ്യ സന്ധ്യ ഉദ്‌ഘാടനം ചെയ്തു സംസാരിക്കവേ ചൂണ്ടിക്കാണിച്ചു.
ജവഹർലാൽ നെഹ്രുവിന്റെ ഭരണകാലത്തു ലക്ഷക്കണക്കിന് തിബത് വംശജരാണ് ഇന്ത്യയിൽ കുടിയേറിയത്. ഇന്നിപ്പോൾ വംശനാശം നേരിടുന്ന മ്യാൻമറിലെ റോഹിൻഗ്യൻ വംശജർക്ക് നേരെ ഇന്ത്യ തങ്ങളുടെ വാതിലുകൾ കൊട്ടിയടക്കുകയാണ്. ഇത് കാലാകാലങ്ങളായി നമ്മൾ കൈക്കൊണ്ടുവന്ന നിലപാടുകൾക്ക് എതിരാണ്, കുരീപ്പുഴ പറഞ്ഞു.
സാങ്കൽപ്പിക കഥാപാത്രങ്ങൾക്കു വേണ്ടിയാണു നമ്മളിപ്പോൾ നില കൊള്ളുന്നത്. രാമൻ എന്ന സാങ്കൽപ്പിക കഥാപാത്രത്തിന്റെ ജന്മദേശമെന്നവകാശപ്പെട്ടു അയോധ്യയിലുണ്ടായിരുന്ന പള്ളി പൊളിച്ചു മാറ്റിയ വർഗീയ കക്ഷികൾ അവിടെ അമ്പലം പണിയാനുള്ള തത്രപ്പാടിലാണ്. മാനുഷികമായ വശങ്ങളൊക്കെ എല്ലാവരും മറന്നു പോയിരിക്കുന്നു. അദ്ദേഹം തുടർന്നു.
തൻ്റെ ചില്ല കവിതകളും കുരീപ്പുഴ ചൊല്ലുകയുണ്ടായി. ആസ്വാദകരുടെ നിർബന്ധം മൂലം വളരെ പ്രസിദ്ധമായ ജെസ്സി എന്ന കവിതയും കുരീപ്പുഴ സദസ്സിൽ അവതരിപ്പിച്ചു.
ന്യൂ ബോംബെ കേരള സമാജം സെക്രട്ടറി അനിൽ പ്രകാശ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് എസ്. കുമാർ നന്ദി പറഞ്ഞു.