(ഹരിത സാവിത്രി (ഹരിത ഇവാന്‍) രചിച്ച ‘മുറിവേറ്റവരുടെ പാതകള്‍’ എന്ന പുസ്തകത്തെ കുറിച്ച്. യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ കൃതി സാമ്പ്രദായിക അര്‍ത്ഥത്തിലുള്ള യാത്രാവിവരണ പുസ്തകം എന്നതിലേറെ മിഴിവുറ്റ മാനവിക ചിത്രങ്ങളുടെ സംഘാതമാണ്.)
സാമ്പ്രദായിക അര്‍ത്ഥത്തില്‍ യാത്രാവിവരണം എന്നത് ഒരു പ്രത്യേക ലക്ഷ്യസ്ഥലത്തേക്കുള്ള യാത്രയെ പുറപ്പെട്ടുപോക്കുമുതല്‍ പിന്തുടരുന്ന ആഖ്യാനമാണ്. എന്നാല്‍ അത്തരം വമ്പന്‍ പുറപ്പെട്ടുപോക്കുകളില്ലാതെ, തികച്ചും സാധാരണമായ, യൂറോപ്യന്‍ നിത്യജീവിതത്തിലെ ചുറ്റുവട്ടങ്ങളിലോ ചെറുയാത്രകളുടെ യാദൃശ്ചികതകളിലോ കണ്ടുമുട്ടുന്ന ചെറിയ മനുഷ്യരുടെ ജീവിതങ്ങളിലേക്ക്, ഭൂതകാലങ്ങളിലേക്ക് അനുതാപപൂര്‍ണ്ണവും സ്നേഹര്‍ദ്രവുമായ ഹൃദയാടനം നടത്തുന്ന ഒരെഴുത്തുകാരി വരച്ചിടുന്ന രേഖാചിത്രങ്ങളാണ് ‘മുറിവേറ്റവരുടെ പാതകള്‍’. ഓരോ മനുഷ്യനും അവരവരുടേതായ ഇതിഹാസ ദുരന്തങ്ങള്‍ അനുഭവിച്ചവരോ, അനുഭവിച്ചു കൊണ്ടിരിക്കുന്നവരോ ആണെന്നും, അവിടെ ദേശചരിത്രവും വംശചരിത്രവും മാത്രമല്ല; തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത വിധിവിഹിതങ്ങള്‍വരെ അവരുടെ ജീവിതങ്ങളില്‍ ഇരുള്‍ മൂടിയേക്കാമെന്നു ഈ പുസ്തകം നിരന്തരം നമ്മോടു പറയുന്നു. എല്ലാ ഇരുളുകള്‍ക്കുമെതിരെ സ്നേഹത്തിന്റെയും കരുതലിന്റെയും തൂവല്‍സ്പര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഏതാണ്ടൊരു പക്ഷപാതിത്തം തന്നെ എഴുത്തുകാരി പ്രകടിപ്പിക്കുന്നുമുണ്ട്.
ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മനുഷ്യര്‍ക്ക് സങ്കല്പ്പിക്കാനാകാത്ത തരം അസ്ഥി തുളഞ്ഞിറങ്ങുന്ന തണുപ്പിനെയും ജനസാന്ദ്രത അത്രക്കും താഴ്ന്നുനില്‍ക്കുന്നതിന്റെ മടുപ്പിക്കുന്ന പ്രശാന്തതയേയും ദീര്‍ഘമായ ശൈത്യകാലത്തിന്റെ ഗാര്‍ഹികത്തടവിനെയും കാട്ടുപന്നിയും മാനുകളും കുറുക്കനും കാട്ടുമുയലുകളും ഉള്‍പ്പെടുന്ന ഭൂമിയുടെ അവകാശികളെ നോക്കിയിരുന്നും ഗ്രാമത്തിനു അതിരിടുന്ന ഇരുണ്ടു പച്ച നിറമുള്ള കാടിന്റെ പ്രലോഭനം നേരിട്ടും തള്ളിനീക്കുന്ന ദിനങ്ങള്‍ക്ക് അറുതി കുറിച്ചുകൊണ്ട്, വസന്തത്തിന്റെ വരവോടെ ‘അനാഘ്രാതമായ പ്രകൃതിയുടെ ലഹരി’യിലേക്ക് ഉണര്‍ന്നു തുടങ്ങുന്ന യൂറോപ്യന്‍ പകലുകളെ കുറിച്ച് ഭാവഗീതാത്മകായി വാചാലയാകുന്നുണ്ട് ‘ഏകാന്തത കുറുകുന്ന മറുദേശപ്പക്ഷി’യായ ഗ്രന്ഥകാരി. എവിടെപ്പോകുമ്പോഴും ഒരാളെ കൂടെക്കൊണ്ടു പോകുക മനസ്സിന്റെ പക്ഷപാതിത്തങ്ങളാണ്. ‘വേരുകളില്ലാത്തവരുടെയും സ്വന്തം അസ്തിത്വത്തിനായി പോരാടുന്നവരുടെയും കണ്ണീരും വേദനയും’ എപ്പോഴും കാണുക എന്നതാണ് ഹരിതാ ഇവാന്‍ എന്ന എഴുത്തുകാരിയുടെ ആ പക്ഷപാതിത്തം. അതൊരു നിയോഗമാണ്: മില്‍ട്ടന്റെ സാത്താനെപ്പോലെ, നിങ്ങള്‍ക്ക് നിങ്ങളുടെ നരകത്തില്‍നിന്നു മോചനമില്ല; കാരണം അത് നിങ്ങളുടെ ഉള്ളില്‍ത്തന്നെയാണ്.
ആഖ്യാനപ്പടര്‍പ്പുകളുടെ സൂക്ഷ്മശരീരങ്ങള്‍
ഇതിഹാസ മാനമുള്ള ആഖ്യാനസാധ്യതകള്‍ ഒളിച്ചിരിക്കുന്ന അനുഭവകാണ്ഡങ്ങളുടെ സൂക്ഷ്മശരീരങ്ങള്‍ (microcosm) പലതുണ്ട് ഹരിതയുടെ തൂലികാചിത്രങ്ങളില്‍. വൈയക്തിക അനുഭവങ്ങള്‍ വംശങ്ങളുടെയും ദേശചരിത്രങ്ങളുടെയും പടര്‍പ്പുകളിലേക്ക് വ്യാപരിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം ആദ്യലേഖനമായ ‘ഒരു ഹണിമൂണ്‍ യാത്ര’ തന്നെയാണ്. കസീല്‍ദാ മുത്തശ്ശിയില്‍ തുടങ്ങുന്ന നാലുതലമുറകളുടെ ആഖ്യാനച്ചെപ്പ്, ഇവാനില്‍ എത്തിച്ചേരുന്ന സ്വന്തം ഭര്‍തൃകുടുംബത്തിന്റെ തന്നെ വേരുകളാണ് അന്വേഷിക്കുന്നത്. ഹെമിംഗ് വേയുടെ പിലാറിനെ (For Whom the Bell Tolls) ഓര്‍മ്മിപ്പിക്കുന്ന ഔറിയ മുത്തശ്ശിയില്‍, ജീവിതാശയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും ജിപ്സി രക്തം തുടിച്ചുനില്‍പ്പുണ്ട് എന്നുതോന്നാം. എസ്തേവ അപ്പൂപ്പന്‍ തന്റെ യൗവ്വനം ഹോമിച്ച ജനറല്‍ ഫ്രാങ്കോക്കെതിരായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടവും, ഹെമിംഗ് വേയുടെ മാസ്റ്റര്‍പീസിനെയെന്ന പോലെത്തന്നെ, ലാറ്റിന്‍ അമേരിക്കന്‍ ക്ലാസിക്കുകളെയും ഓര്‍മ്മിപ്പിക്കുന്നു. ഔറിയയുടെ വിവാഹശേഷം സ്വയമൊരു ബ്രസീലിയന്‍ നാവികനെ കണ്ടെത്തി അയാളോടൊപ്പം പുതിയ നാട്ടിലേക്ക് പോകുന്ന കസീല്‍ദാ മുത്തശ്ശിയുടെ ആ താവഴി കൂടി അന്വേഷണവിധേയമാക്കുകയും ഫിക് ഷനായി രൂപപ്പെടുത്തുകയും ചെയ്താല്‍ അതെന്തൊരു അപാരമായ, രാഷ്ട്രാന്തരീയ, സംസ്കാരാന്തരീയ ആഖ്യാനപ്പടര്‍പ്പാവാം എന്ന് കൃതഹസ്തയെന്നു ഇതിനോടകം തെളിയിച്ചു കഴിഞ്ഞ ഗ്രന്ഥകാരിയെ ഒന്നു പ്രകോപിപ്പിക്കാന്‍ ഈ ലേഖകനു തോന്നുന്നു.
പോളിഷ് രുചിക്കൂട്ടുകളെ കുറിച്ചുള്ള അജ്ഞതയില്‍ ചെന്നുചാടുന്ന ഏടാകൂടങ്ങളെ കുറിച്ച് സ്വയം കളിയാക്കുന്ന ‘മനോലോയുടെ ബിക്കിനി’യെന്ന അധ്യായം, ‘തവിട്ടുനിറവും നീണ്ട തലമുടിയുമുള്ള ആരോടും മിണ്ടാത്ത ഇന്ത്യക്കാരി, മഞ്ഞുപോലെ വെളുത്ത, കുരുവിയെപ്പോലെ ചിലക്കുന്ന ഒരു പോളിഷ് സുന്ദരി, പിറുപിറുക്കുന്നതുപോലെ സംസാരിക്കുന്ന, എഴുന്നേറ്റു നടക്കാന്‍ വയ്യാത്ത ഒരു കിളവന്‍’ എന്നിങ്ങനെ വിചിത്രമായ ഒരു മുക്കൂട്ടു സൗഹൃദത്തിന്റെ ഉത്പത്തി ആഖ്യാനമായിത്തീരുന്നതും അതിലൊരാളുടെ മരണം സൃഷ്ടിക്കുന്ന സ്നേഹവേദനയില്‍ അവസാനിക്കുന്നതും ഹൃദ്യമായ വായനാനുഭവമാണ്. ഈ മുക്കൂട്ടിലെ പോളിഷ് സുന്ദരി ആഗ തന്നെയാണ് ‘യോയെസ്’ എന്ന അധ്യായത്തിലും കടന്നുവരുന്നത്. ലൗറയുടെ ഇന്ത്യന്‍ മാന്ത്രികത സംബന്ധിച്ച വികല ധാരണ പോലെ, ഇന്ത്യക്കാരുടെ മുളകുതീറ്റയാണ് ആഗയെ ചൊടിപ്പിക്കുന്നത്. തൊട്ടുകൂട്ടാനുള്ള ഇഞ്ചിക്കറി വാരിത്തിന്നതിന്റെ ചൊരുക്ക് ഹാസ്യാത്മകമായി ഗ്രന്ഥകാരി ചിത്രീകരിക്കുന്നു. എന്നാല്‍, പ്രസന്നമായ അവതരണം ബാസ്ക് പ്രവിശ്യയുടെ സ്വാതന്ത്ര്യദാഹത്തെ കുറിച്ചും കമ്യൂണിസ്റ്റ് ഭീകരാനുഭവങ്ങളെ കുറിച്ചുമുള്ള വേദനിപ്പിക്കുന്ന ഓര്‍മ്മകളിലേക്ക് സംക്രമിക്കുന്നതാണ് യോയെസ് എന്ന വിപ്ലവനായികയുടെ ദുരന്തത്തിനുള്ള അര്‍ച്ചനയായി ഈ അധ്യായത്തെ മാറ്റുന്നത്. ‘വിപ്ലവകാരിയുടെ വീട്ടില്‍ താമസിക്കാനെത്തിയ രണ്ടു വിദേശിപ്പെണ്ണുങ്ങ’ളെ സദാ പിന്തുടരുന്ന രഹസ്യപ്പോലീസിന്റെ സാന്നിധ്യം, സര്‍വ്വാധിപത്യ ഭരണകൂടങ്ങളുടെ ‘സുരക്ഷാ പാരനോയ’ എന്ന കറുത്ത ഫലിതത്തില്‍ ചെന്നുമുട്ടുന്നുണ്ട്.
ദേശത്തിന്റെ രാഷ്ട്രീയം നിര്‍ണ്ണായകമാകുന്ന മറ്റൊരു ഭാഗമാണ് ‘മമ്മാസിത്ത’ എന്ന അധ്യായത്തിലെ ജൂലിയന്റെ കഥ. 1976 മുതല്‍ 1983 വരെയുള്ള കാലം അര്‍ജന്റിനക്ക് മേല്‍ അശനിപാതമായി പിടിമുറുക്കിയ ജോര്‍ജി വിദേലയുടെ സൈനിക ഭരണത്തിന്റെയും ഇടതുവിരുദ്ധ ‘ഡേര്‍ട്ടി വാര്‍’ ശുദ്ധീകരണ പ്രക്രിയയുടെയും നാളുകളില്‍ ഭരണകൂട വിരുദ്ധ കലാപത്തിന് ഇറങ്ങിത്തിരിച്ച അമ്മൂമ്മ അഡോള്‍ഫയുടെയും ‘കാണാതായ’ പതിനാലുകാരി മകള്‍ ഇന്‍ഗ്രിഡിന്റെയും കഥയാണ് അത്. അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാതെ സൈനികരുടെ ബലാല്‍ക്കാര ക്യാമ്പുകളില്‍ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ താല്‍പര്യമുള്ളവര്‍ക്ക് ദത്തു നല്‍കപ്പെട്ടു. ‘ചെറിയമ്മ’ എന്ന അര്‍ത്ഥത്തില്‍ ‘മമ്മാസിത്ത’ എന്ന് ജൂലിയന്‍ തന്നെ വിളിക്കുന്നതിനു പിന്നിലെ സ്നേഹദാഹം ഗ്രന്ഥകാരി തിരിച്ചറിയുന്നുണ്ട്.
‘കമ്യൂണിസ്റ്റ്’ എന്ന അധ്യായവും രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം കേന്ദ്രീയമായ ഒന്നാണ്. 1979 മുതല്‍ മരീനാലേദയുടെ മേയറായി ഇന്നും തുടരുന്ന ഗോര്‍ദിലോ, റോബിന്‍ ഹുഡ് മേയര്‍ എന്നും ഡോണ്‍ക്വിക്സോട്ട് എന്നും വിളിക്കപ്പെടുന്നത് പ്രദേശത്തു അദ്ദേഹം വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് മോഡല്‍ വികസനത്തിന്റെ പേരിലാണ്. ‘നമ്മുടെ നാട് കാണാന്‍ ഇന്ത്യയില്‍നിന്ന് വന്ന കമ്യൂണിസ്റ്റ്’ എന്ന അദ്ദേഹം തന്നെ പരിചയപ്പെടുത്തുന്നത് ഗ്രന്ധകാരി ലജ്ജ കൊണ്ട് ചൂളാന്‍ ഇടയാക്കുന്നു. അതെന്തായാലും, ‘യോയെസി’ലെ ആഗയില്‍ നിന്ന് ഏറെ ദൂരെയാണ് ഗോര്‍ദിലോ. അടുത്ത തലമുറയുടെ പ്രതിനിധികള്‍ സമത്വം എന്ന ആശയത്തിന്റെ അര്‍ത്ഥം പഠിക്കാന്‍ ബയോടോപ്പി ബിഗോടോപി സന്ദര്‍ശിക്കണം എന്ന ഗ്രന്ഥകാരിയുടെ അഭിവാദ്യത്തോടെയാണ് അധ്യായം അവസാനിക്കുന്നതും.
പ്രഥമ നോവലിന്റെ വിത്തുകള്‍.
‘
എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഇങ്ങനെ മുറിവേല്‍ക്കുന്നത്?’ എന്ന, പര്‍വ്വതങ്ങളോളം പഴക്കമുള്ള ചോദ്യം ഉന്നയിക്കപ്പെടുന്നത് ‘പര്‍വ്വതങ്ങളുടെ വധു’ എന്ന അധ്യായത്തില്‍ തന്നെയാണ്. പര്‍വ്വതം എന്നതാകട്ടെ, അതിന്റെ പാരുഷ്യത്തിലും ആദിമ വിശുദ്ധിയിലും കുര്‍ദ്ദ് ജനതയുടെ രൂപകം തന്നെയായി സാഹിത്യത്തിലും സിനിമയിലുമെല്ലാം ഇടം പിടിച്ചിട്ടുമുണ്ട്. യെശാര്‍ കമാലിന്റെ Memed, My Hawk പോലുള്ള ഫിക് ഷനല്‍ ക്ലാസിക്കുകള്‍ മുതല്‍ ബെഹരൂസ് ബൂചാനിയുടെ No Friend But the Mountains: Writing from Manus Prison പോലുള്ള ആത്മാഖ്യാനങ്ങളിലും, ബെഹ്മാന്‍ ഗോബാദിയുടെ Turtles Can Fly പോലുള്ള സിനിമകളിലും വരെ കുര്‍ദ്ദ് സഹനവും അതിജീവനവും ചിത്രീകരിക്കുന്ന ഒട്ടേറെ കൃതികളില്‍ ഇതു കാണാം. അമേരിക്കയില്‍ കുടിയേറിയ കുര്‍ദ്ദ് ദമ്പതികള്‍ നാടിനെയോര്‍ത്തു സഹന്‍ദ് പര്‍വ്വതനിരയുടെ പേരിട്ടു വളര്‍ത്തിയ പെണ്‍കുട്ടിയുടെ ദുരനുഭവങ്ങളിലൂടെ ഗ്രന്ഥകാരി ചിത്രീകരിക്കുന്ന ജീവിതഖണ്ഡം, ഒരു കാന്തക്കല്ലുപോലെ അവരെ ആകര്‍ഷിച്ചതിന്റെ ഫലമായിരുന്നല്ലോ ‘സിന്‍’ എന്ന നോവലും.
മറ്റൊരു അദ്ധ്യായമായ ‘ലിലാന്‍’ എന്ന ഭാഗത്തിലെ കുര്‍ദ്ദ് യുവതിയാണ് നോവലിന്റെ നിമിത്തമായ യാത്രയിലേക്ക് തന്നെ പ്രചോദിപ്പിച്ചതെന്ന് ഗ്രന്ഥകാരി അന്യത്ര തുറന്നു പറഞ്ഞിട്ടുമുണ്ട്. ടര്‍ക്കിഷ്, ഇറാനിയന്‍, ഇറാഖി, സിറിയന്‍ ഭരണ കൂടങ്ങളോടും, ഒപ്പം ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖയ്ദ തുടങ്ങിയ ഭീകര സംഘടനകളോടും എതിരിട്ടു ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങളിലൂടെ കുര്‍ദ്ദ് ജനതയുടെ, വിശിഷ്യാ സ്ത്രീകളുടെ, മോചനത്തിനായി നിരന്തരം ശ്രമിക്കുന്ന പെണ്‍ഗറില്ലാ സംഘാംഗമാകാന്‍ പോകുന്ന ലിലാന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശമാണ് അവിടം സന്ദര്‍ശിക്കാനുള്ള ക്ഷണം. കഥാബീജങ്ങളുടെ പുസ്തകം എന്ന് ‘മുറിവേറ്റവരുടെ പാത’യെ വിശേഷിപ്പിക്കാമെങ്കില്‍, ഈയൊരു അനുഭവഖണ്ഡമൊഴിച്ചുള്ള ഭാഗങ്ങളെല്ലാം ഇനിയും അപ്രകാരം സാക്ഷാത്കരിക്കപ്പെടെണ്ടതായിട്ടാണ് ഇരിക്കുന്നത്.
കഥകള്‍, പൊരുളുകള്‍.
എല്ലാ മികച്ച സാഹിത്യകൃതികളും വായനാന്ത്യത്തില്‍ മനുഷ്യജീവിതം എന്ന സമസ്യയുടെ ഏതെങ്കിലുമൊക്കെ അടരുകളിലേക്ക് പുതിയൊരു വെട്ടം തുറക്കുമെന്ന അര്‍ത്ഥത്തില്‍ അവയെല്ലാം ദൃഷ്ടാന്ത കഥകള്‍ കൂടിയാണ്. ഈ പുസ്തകത്തിലെ മിക്ക അധ്യായങ്ങളും, അതിന്റെ ഏറ്റവും സ്നേഹപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍, അത്തരം ചില ദൃഷ്ടാന്ത വാക്യങ്ങളില്‍ അവസാനിക്കുന്നവയാണ് എന്നു കാണാം. ‘ഹൃദയം നയിക്കുന്ന പാതയിലൂടെ യാത്ര ചെയ്യുന്നതിനെ മാത്രമാണ് ജീവിതം എന്ന് വിളിക്കേണ്ടത്’ എന്ന പാഠം പകര്‍ന്നു നല്‍കുന്ന ആന്ദ്രെയുടെയും അവന്റെ പ്രിയപ്പെട്ട ഓഗിയുടെയും കഥ പറയുന്ന ‘ധ്രുവമനുഷ്യന്‍’ അത്തരത്തിലുള്ള ഒന്നാണ്. ഇറ്റാലിയന്‍ ഗവര്‍മെന്റ് നല്‍കുന്ന സ്കോളര്‍ഷിപ്പിന്റെ സഹായത്തോടെ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി ഫിന്‍ലന്‍ഡ് യൂനിവേഴ്സിറ്റിയില്‍ പഠിക്കാനെത്തിയ ആന്ദ്രെ എന്ന യുവാവിലൂടെ മാതൃ-പുത്ര സ്നേഹത്തിന്റെയും ജീവിത പ്രതിസന്ധികളെയും സഹനീയമാക്കുന്ന പ്രണയത്തിന്റെയും ചിത്രങ്ങളാണ് വിവരിക്കപ്പെടുന്നത്. രണ്ടു യുവതികളും ഒരു പുരുഷനും ഉള്‍പെട്ട വിചിത്രമായ ഒരു പ്രണയക്കുരുക്കിന്റെ കഥ പറയുന്ന ‘ക്ലാര’യില്‍, തന്റെ ഇന്ത്യന്‍ യാഥാസ്ഥിതികത ‘ഏതോ പൗരാണിക കാലത്ത് നിന്നും പതുക്കെ തല പുറത്തിട്ടു നോക്കുന്ന ഒരു ദിനോസര്‍’ ആയി തന്നെ മാറ്റുന്നത് ഗ്രന്ഥകാരി കണ്ടെത്തുന്നു.
മാജിക്കല്‍ റിയലിസ്റ്റ് സാധ്യതകള്‍ വേണ്ടുവോളമുള്ള ‘മന്ത്രവാദിനി’യിലെ ലൗറയുടെ വിചിത്ര ഭാവങ്ങള്‍ ഒട്ടൊരു കൗതുകവും ഒപ്പം ആര്‍ദ്രമായ സ്നേഹപാശത്തിന്റെ പാരസ്പര്യവുമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ മന്ത്രവാദത്തെ കുറിച്ചൊക്കെ ലൗറക്കുള്ള ‘ഒറിയന്റലിസ്റ്റ്’ ധാരണകള്‍ ഇത്തിരി ഹാസ്യാത്മകമായി ഗ്രന്ഥകാരി ചിത്രീകരിക്കുന്നു. ‘ഡീഗോയും അനീഷും തമ്മില്‍’ എന്ന ആഖ്യാനത്തില്‍, രണ്ടു ഭൂഖണ്ഡങ്ങളിലെങ്കിലും, നിസ്സഹായജന്മങ്ങളായി ഭിന്നലൈംഗികതയുടെ/ പ്രത്യക്ഷത്തിന്റെ നെരിപ്പോടു ജീവിതങ്ങള്‍ എന്ന നിലയില്‍ രണ്ടു വ്യക്തികള്‍ ഗ്രന്ഥകാരിയുടെ ഹൃദയത്തില്‍ സന്ധിക്കുന്നു. ഒരാള്‍ക്ക് സാന്ത്വനം പകരുന്ന സൗഹൃദം പങ്കിടാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ടെങ്കില്‍ ‘കനിവിന്റെ ഒരു നോട്ടംകൊണ്ട് പോലും സഹായിക്കാന്‍ കഴിയാതെ പോയ’തിന്റെ നീറ്റലാണ് അപരനെ കുറിച്ചുള്ള ഓര്‍മ്മകള്‍.
വിമാനങ്ങളുടെ ചിത്രങ്ങള്‍ ശേഖരിക്കുന്ന ഹോബിയുള്ള പയ്യനില്‍ നിന്ന് വൈമാനികനായി വളരുന്ന ആല്‍ബെര്‍ട്ട് ബാറ്റില്‍ എന്ന യുവാവിന്റെ ആത്മബലിയുടെ കഥ പറയുന്ന ‘ആകാശംകൊണ്ട് മുറിവേറ്റവന്‍’, ആരും തിരിച്ചറിയുക പോലും ചെയ്യാത്ത ത്യാഗോജ്വലമായ സേവനങ്ങളിലൂടെ അതീവ ദുര്‍ഘട ഇടങ്ങളില്‍ നിശ്ശബ്ദ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലികോപ്റ്റര്‍ ദൗത്യസംഘത്തെ കുറിച്ചുള്ള ‘മുനിസ്ട്രോളിലേക്കുള്ള വഴി’, കുട്ടിക്കാലത്ത് കളിക്കൂട്ടുകാരിയോടൊപ്പം നീരാട്ടു നടത്തിയിരുന്ന സൗമ്യയായ നാട്ടുപുഴ ‘വെള്ളത്തിളിറങ്ങിയാല്‍ ചൊറിയും’ എന്ന മട്ടിലേക്ക് അഴുകിപ്പോയതിന്റെ ഓര്‍മ്മകളെ സീന്‍ നദിക്കരയിലേക്കും വിധുരനായ വയോധികന്റെ ഇന്ത്യക്കാരിയായിരുന്ന ഭാര്യയെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും സംക്രമിപ്പിക്കുന്ന ‘പാരീസിലെ മാലിനി’, മുക്കാല്‍ നൂറ്റാണ്ടുകാലം കൂടെ ജീവിച്ച പങ്കാളിയുടെ വിലാപയാത്ര തിരിച്ചറിയാനാകാതെ ശൂന്യമായ വൃദ്ധനയനങ്ങളോടെ, വലിയ തിരക്കുകളുള്ള മക്കളെ അലോസരപ്പെടുത്താതെ, വൃദ്ധസദനത്തിലെ വീല്‍ ചെയറിലിരിക്കുന്ന, ഡിമെന്‍ഷ്യയുടെ പിടിയിലമര്‍ന്ന റബേക്കയെ അവതരിപ്പിക്കുന്ന ‘റബേക്ക തനിച്ചാണ്’, ഭീകരാക്രമണങ്ങള്‍ പതിവാകുന്ന ദിനങ്ങളിലൊന്നില്‍ ഭൂഗര്‍ഭ റെയില്‍പാതയുടെ ഇടനാഴിയില്‍ കാണാനിടയാകുന്ന അജ്ഞാതനുമായി ഉരുത്തിരിയുന്ന സൗഹൃദം അത്തരമൊരു ദുരന്തത്തിനുശേഷം അയാളെ കാണാതാവുന്നതിന്റെ സമസ്യയില്‍ അവസാനിക്കുന്നതിന്റെ കഥ പറയുന്ന ‘മാഞ്ഞുപോയൊരാള്‍’, തുടങ്ങിയവയാണ് തുടര്‍ന്ന് വരുന്ന ഭാഗങ്ങളില്‍.
പുസ്തകത്തിലെ ഗാന്ധിയന്‍ സ്പര്‍ശമാണ് അവസാന അധ്യായമായ ‘കാറ്റലോണിയയുടെ ഗാന്ധിമാര്‍ഗ്ഗം’. തലക്കെട്ട് സൂചിപ്പിക്കുന്ന പോലെത്തന്നെ, കാറ്റലോണിയന്‍ റഫറണ്ടത്തിനു തുരങ്കം വെക്കാന്‍ സ്പാനിഷ് സൈന്യം നടത്തുന്ന അത്യാചാരങ്ങളെ അഹിംസാത്മകമായും തോക്കുകള്‍ക്കെതിരെ പൂക്കള്‍ നല്‍കിയും അഭിവാദ്യം ചെയ്യുന്ന കൂട്ടത്തിലെ ജോര്‍ഡിയെയും സുഹൃത്തുക്കളെയും ലേഖനം പിന്തുടരുന്നു. ‘നിങ്ങളുടെ ഗാന്ധിയാണ് ഞങ്ങളുടെ പ്രചോദനം’ എന്ന ജോര്‍ഡിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുംവിധം കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട് പോരാളികള്‍. “ന്യുക്ലിയര്‍ യുദ്ധങ്ങളുടെ ഈ കാലത്ത് ഈ സമരം സഹനത്തിന്റെയും ധീരതയുടെയും പേരിലാവും അറിയപ്പെടുക” എന്ന് പുസ്തകാന്ത്യത്തിലാണ് നാം വായിക്കുന്നത്.
ബാസ്ക് പ്രവിശ്യയിലേക്കുള്ള യാത്രാമധ്യേ ഗ്രന്ഥകാരിക്കും കൂട്ടുകാരിക്കും ആതിഥ്യമരുളുകയും പുലര്‍ച്ചെ സമൃദ്ധമായ ഭക്ഷണക്കുട്ട സമ്മാനം നല്‍കി ഇനിയും വരണമെന്ന് ഹൃദയപൂര്‍വ്വം ഓര്‍മ്മിപ്പിക്കുകയും ചെയ്തു യാത്രയാക്കുന്ന വൃദ്ധ കര്‍ഷകദമ്പതികളെ പോലെ സ്നേഹചിത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കഥകളാണ് പുസ്തകം നിറയെ. എന്നാല്‍, ചരിത്രത്തിന്റെയോ വംശീയ ദുരനുഭവങ്ങളുടെയോ ഇരുള്‍ച്ചക്കു നേരെ കണ്ണടച്ചിരുട്ടാക്കുന്ന എസ്കേപ്പിസ്റ്റ് ശുഭാപ്തിയിലേക്ക് അതൊരിക്കലും വീണുപോകുന്നുമില്ല. സൗമ്യവും ഭാവഗീതാത്മകവുമായ പ്രകൃതിവര്‍ണ്ണനകളെ, ദുസ്സഹമായ ശൈത്യത്തിന്റെയും മടുപ്പിക്കുന്ന എകാന്തയുടെയും കഠിനയാഥാര്‍ത്ഥ്യങ്ങള്‍ക്കു പകരം വെക്കാനുള്ള പ്രകാശബിന്ദുക്കളായി ഗ്രന്ഥകാരി കണ്ടെടുക്കുകയാണ്.