കൈരളിയുടെ കാക്കയും പി4 കമ്മ്യൂണിക്കേഷനും ചേർന്നൊരുക്കിയ അഞ്ചാമത് ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റിൽ റൈറ്റർ ഓഫ് ദി ഈയർ അവാർഡിനർഹനായ ബംഗാളി എഴുത്തുകാരനാണ് മനോരഞ്ജൻ ബ്യാപാരി. ബംഗാളി ഭാഷയിലെ ആദ്യത്തെ ‘ദളിത്’ എഴുത്തുകാരൻ കൂടിയാണ് മനോരഞ്ജൻ ബ്യാപാരി.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്നു വർഷത്തിനുശേഷം അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിലെ ബംഗ്ലാദേശിൽ ജനനം. വിഭജനത്തെത്തുടന്ന് അവിടെനിന്നും പലായനം ചെയ്ത കുടുംബത്തോടൊപ്പംപശ്ചിമബംഗാളിലെ അഭയാർത്ഥിക്യാമ്പിലെത്തി. പട്ടിണി മൂലം
സഹോദരി മരിച്ചു. രോഗബാധിതനായ പിതാവ് ചികിത്സ ലഭി
ക്കാതെയും മരിച്ചു. ജീവിക്കാൻ വഴിയില്ലാതെ പതിനാലാം വയസിൽ വീടുവിട്ടിറങ്ങി. അങ്ങനെ ഇന്ത്യയിൽ പലയിടങ്ങളിലും അലഞ്ഞതിനിടയിൽ വിശപ്പടക്കാൻവേണ്ടി കാലികളെ മേയ്ച്ചു, ക
ക്കൂസുകൾ കഴുകി, ചായക്കടയിലും ലോറിയിലും ക്ലീനറായി, ശ്മശാനത്തിൽ ശവശരീരങ്ങൾ മറവുചെയ്തു, കാവൽക്കാരനായി.
അതിനാൽ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞില്ല. എങ്കിലും സമൂഹത്തിലെ അനീതികളോട് പൊരുത്തപ്പെടാൻ കഴി
യാതെ വന്നപ്പോൾ നക്‌സൽ പ്രസ്ഥാനത്തിലേക്ക് മനസ് മാറി.
അതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജ
യിലിൽ വച്ച് ഒരു സഹതടവുകാരൻ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചാനയിച്ചു. ജയിലിൽ പെൻസിലും കടലാസും ലഭ്യമല്ലാതിരുന്നതിനാൽ തറയിൽ വടിക്കമ്പുകൊണ്ടും മൺകട്ടകൊണ്ടും എഴുതിയായിരുന്നു പഠനം. പിന്നീട് രക്തം വിറ്റ്‌പേപ്പറും പേനയും വാങ്ങി. അങ്ങനെ രണ്ടു വർഷത്തെ ജയിൽ
വാസത്തിനിടയിൽ എഴുതാൻ മാത്രമല്ല അക്ഷരങ്ങൾ കൂട്ടിവായിക്കാനും പഠിച്ചു. ഒടുവിൽ ജാമ്യത്തിലിറങ്ങിയ മനോരഞ്ജൻ ബ്യാപാരി ജീവിക്കാനുള്ള തയ്യാറെടുപ്പിൽ ഒരു സൈക്കിൾറിക്ഷക്കാരനായി.
ജീവിതത്തിന്റെ തുടക്കം
കൊൽക്കത്തയിലെ തെരുവുകളിൽ റിക്ഷ ഓടിച്ചിരുന്ന കാലം. അക്ഷരം പഠിച്ചതിനാൽ യാത്രക്കാരെയും കാത്തുള്ള ഇരി
പ്പിനിടയിൽ എന്തുകിട്ടിയാലും വായിക്കാൻ ഒരുതരം ആർത്തി
യായിരുന്നു. അങ്ങനെ ഒരുപാട് കഥകളും നോവലുകളും വായിച്ചുതീർത്തു. ആ വായനക്കിടയിൽ അർത്ഥം മനസിലാക്കാൻ
കഴിയാതെപോയ ‘ജിജിബിഷ’ എന്നൊരു വാക്ക് തൊണ്ടയിൽ കുരുങ്ങിയ മുള്ളുപോലെ മനോരഞ്ജന്റെ മനസ്സിൽ അസ്വസ്ഥത
തീർത്തുകൊണ്ട് കിടന്നിരുന്നു. ഒരുദിവസം വിജയ്ഗഡ് ജ്യോതിഷ് റേ കോളേജിനടുത്ത് യാത്രക്കാരെ കാത്തിരിക്കുമ്പോൾ
കോളേജിലെ അധ്യാപികയായ ഒരു സ്ത്രീ വന്ന് മനോരഞ്ജ
ന്റെ റിക്ഷയിലിരുന്നു. അവരെ റിക്ഷയിലിരുത്തി കൊണ്ടു പോകുന്നതിനിടയിൽ ‘ജിജിബിഷ’ എന്ന ബംഗാളി വാക്കിന്റെ അർ
ത്ഥം ചോദിച്ചു. അവരാ വാക്കിന്റെ അർത്ഥം ജീവിക്കാനുള്ള അഭിനിവേശം എന്നാണെന്നു പറഞ്ഞശേഷം അത് ചോദിക്കാനുണ്ടായ സാഹചര്യവും കാരണവും കൂടി ആരാഞ്ഞു. താൻ വായിച്ച ഒരു നോവലിൽനിന്നു ലഭിച്ചതാണാ വാക്ക് എന്ന് മറുപടി
നൽകി. അന്നേരം ഏതെല്ലാം പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്നായി അധ്യാപികയുടെ ചോദ്യം. മനോരഞ്ജൻ താൻ വായിച്ച
കുറെ പുസ്തകങ്ങളുടെ പേരും വെളിപ്പെടുത്തി. ബംഗാളി സാഹിത്യത്തിലെ വിസ്മയമായ മഹാശ്വേതാതാദേവിയുടേതടക്കം
പല പ്രശസ്ത എഴുത്തുകാരുടെയും പുസ്തകങ്ങളായിരുന്നു
അവ. അതുകേട്ട അധ്യാപിക വിസ്മയം പൂണ്ടു. വായനയിൽ
ഇത്രയും താത്പര്യം പുലർത്തുന്ന ആ റിക്ഷാക്കാരനെക്കുറി
ച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ അവർ ശ്രമിച്ചു. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിക്കിടയിൽ ഒരിക്കലും സ്‌കൂളിൽ
പോയിട്ടില്ലാത്ത താൻ എഴുത്തും വായനയും സ്വായത്തമാക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അറിയിച്ചപ്പോൾ എന്തുകൊണ്ടോ ആ അധ്യാപികയ്ക്ക് റിക്ഷാക്കാരനോട് സഹതാപത്തി
നു പകരം ആദരവാണ് തോന്നിയത്. അതിനിടയിൽ അധ്യാപി
കക്കിറങ്ങേണ്ടതായ സ്ഥലം എത്തിച്ചേർന്നു. അതിനാൽ റിക്ഷയിൽനിന്നിറങ്ങുമ്പോൾ അവർ ഒരു കടലാസുതുണ്ട് മനോരഞ്ജ
ന്റെ കയ്യിൽ കൊടുത്തു. എന്നിട്ട്, ‘എന്തെങ്കിലും എഴുതാനാഗ്രഹമുണ്ടെങ്കിൽ സ്വാഗതം’ എന്നുമാത്രം പറഞ്ഞ് റിക്ഷക്കൂലി
യും കൊടുത്ത് അവർ പോയി.
ആ കടലാസുതുണ്ടിൽ അവരുടെ പേരും വിലാസവുമാണെഴുതിയിരുന്നത്. അവർ പോയശേഷം റിക്ഷയിൽ അവരിരുന്ന സീ
റ്റിനടിയിൽ നിന്നും ലഭിച്ച ഒരു പുസ്തകം തുറന്നു നോക്കിയപ്പോഴാണ് ആ യാത്രക്കാരിയും ആ പുസ്തകത്തിന്റെ രചയിതാവും ഒരേ ആളായിരുന്നുവെന്നും അത് പ്രശസ്ത എഴുത്തുകാരി
മഹാശ്വേതാദേവിയല്ലാതെ മറ്റാരുമായിരുന്നില്ലെന്നുമുള്ള യാഥാർ
ഥ്യം മനോരഞ്ജൻ ബ്യാപാരിയെ അത്ഭുതപ്പെടുത്തിയത്.
എഴുത്തിലേക്ക്
”ആ സംഭവത്തിനുശേഷം ഞാൻ എന്തെങ്കിലുമൊക്കെ എഴുതാൻ ശ്രമിച്ചുനോക്കി”.
എഴുത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചു പറഞ്ഞു തുട
ങ്ങിയപ്പോൾ മനോരഞ്ജൻ ബ്യാപാരി വികാരഭരിതനായി.
”എൺപതുകളുടെ കാലമായിരുന്നു അത്. അങ്ങനെ ഏതാനും ആഴ്ചകൾക്കകം 20 പുറങ്ങളോളം വരുന്ന ഒരു കഥയെഴുതി മഹാശ്വേതാദേവിക്ക് കൊണ്ടുകൊടുത്തു. ‘ഞാൻ റിക്ഷാ
ക്കാരൻ’ എന്ന പേരിലുള്ള ആ കഥ അധികം വൈകാതെതന്നെ മഹാശ്വേതാദേവി എഡിറ്ററായുള്ള ബർത്തിക എന്ന പ്രസി
ദ്ധീകരണത്തിൽ അച്ചടിച്ചു വരികയും ചെയ്തു. അതോടെ റി
ക്ഷാക്കാരനായ ഞാനും ഒരു എഴുത്തുകാരനായി”.
അടിച്ചമർത്തപ്പെട്ടവരുടെ ജീവിതസംഘർഷങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ഡസനോളം നോവലുകളും നൂറോളം കഥകളും കുറെയേറെ ലേഖനങ്ങളും ‘ഇതിബ്രിത്തെ ചണ്ഡാൾ ജീ
ബൻ’ (ഒരു ചണ്ഡാളന്റെ ആത്മകഥ) എന്ന ആത്മകഥയും ബ്യാപാരിയുടേതായി പുറത്തുവന്നു. അദ്ദേഹത്തിലൂടെയാണ് ബംഗാളി ഭാഷയിലെ ദളിത് സാഹിത്യത്തിന്റെ
പിറവിയും രേഖപ്പെടുത്തിയിരിക്കുന്നത്.
മനോരഞ്ജൻ ബ്യാപാരിയെ തേടിയെത്തിയ വിവിധ അവാർ
ഡുകളിൽ ചിലതാണ് 2013ലെ ഘന്ത അനന്യ സമ്മാൻ, 2014ലെ
പശ്ചിംബംഗ ബംഗ്ലാ അക്കാദമിയുടെ സുപ്രഭ മജൂംദാർ പുരസ്‌കാരം, 2015ലെ ശർമിള ഘോഷ് സാഹിത്യ പുരസ്‌കാരം, കഴിഞ്ഞ
വർഷത്തെ ദ ഹിന്ദു നോൺ ഫിക്ഷൻ പുരസ്‌കാരം എന്നിവ.
ജയ്പൂർ ഫെസ്റ്റിവൽ മുതൽ മുംബൈയിലെ ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റ് വരെയുള്ള വിവിധ സാഹിത്യോത്സവങ്ങളിൽ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുക്കാനാവസരം ലഭിച്ചിട്ടുള്ള മനോരഞ്
ജൻ ബ്യാപാരിയായിരുന്നു ഈ വർഷം ഫെബ്രുവരിയിൽ കേരളത്തിലെ തിരൂരിൽ അരങ്ങേറിയ തുഞ്ചൻ ഉത്സവത്തിന്റെ
ഉദ്ഘാടകൻ. മുംബൈയിൽ ഗേറ്റ് വെ ലിറ്റ്‌ഫെസ്റ്റിൽ സംബന്ധി
ക്കാനെത്തിയ മനോരഞ്ജൻ ബ്യാപാരി എന്ന സാധാരണക്കാരനായ ‘വലിയ എഴുത്തുകാരൻ’ തന്റെ ഉള്ളം തുറക്കുകയാണി
വിടെ.
കടുത്ത ജീവിതയാഥാർത്ഥ്യങ്ങളെ പിന്നിട്ട എഴുത്തുകാരനായ താങ്കൾ ഇപ്പോൾ എന്ത് ചെയ്യുന്നു?
മനസിനും ശരീരത്തിനും കെല്പുള്ള കാലംവരെ ഏതൊരു
എഴുത്തുകാരനും എഴുതാൻ കഴിയും. അതിനാൽ ഞാൻ എഴു
ത്ത് തുടരുന്നു. പിന്നെ സ്വയം ജീവിക്കാനുള്ള അഭിനിവേശത്തോടൊപ്പം മറ്റുള്ളവർ ജീവിക്കുന്നത് കാണാനും ആഗ്രഹിക്കുന്നതി
നാൽ കൊൽക്കത്തയിലെ മുകുന്ദപൂരിലെ ഹെലൻ കെല്ലർ ബധിർ വിദ്യാലയ് എന്ന സ്‌കൂളിൽ പാചകക്കാരനായി തൊഴിൽ ചെ
യ്യുന്നു.
ജീവിതത്തിൽ പലവിധ സംഘർഷങ്ങളെ അഭി
മുഖീകരിച്ചശേഷം ഒരു എഴുത്തുകാരനായി പ്രസി
ദ്ധിയാർന്ന താങ്കൾ സ്വന്തം ജീവിതത്തോട് എങ്ങ
നെ പ്രതികരിക്കും?
ചിലർക്ക് മുപ്പതടി കുഴിച്ചാലും വളരെ കുറച്ചു വെള്ളം മാത്രമേ കിട്ടുകയുള്ളൂ. മറ്റുചിലർക്ക് മൂന്നടി കുഴിക്കുമ്പോഴേക്കും
ധാരാളം വെള്ളം കിട്ടിയെന്നുവരാം. അതിനെ എല്ലാവരും ഭാഗ്യമായി കണക്കാക്കുന്നു. എന്നാൽ ഞാൻ ഭാഗ്യത്തിൽ വിശ്വ
സിക്കുന്നില്ല. കാരണം മുന്നൂറടി കുഴിച്ചിട്ടും വെള്ളം കിട്ടാത്ത
വരുടെ കൂട്ടത്തിൽ പെട്ടവനാണ് ഞാൻ. എന്നെ എഴുത്തുകാരനാക്കാൻവേണ്ടി മഹാശ്വേതാദേവി എന്റെ റിക്ഷയിലെ യാത്ര
ക്കാരിയായി എത്തിയതും തുടർന്നുള്ള സംഭവങ്ങളും യാദൃച്ഛി
കം മാത്രം. അതിന് ഞാനെന്നും അവരോട് കടപ്പെട്ടവനാണ്.
അവർ എന്നെ മദൻ എന്നാണ് വിളിച്ചിരുന്നത്. മദൻ മഹാനാണെന്നും അയാൾ റിക്ഷ ഓടിക്കുന്നതോടൊപ്പം എഴുതുകയും
ചെയ്യുന്നുവെന്നും അവർ തന്റെ പ്രതിവാരപംക്തിയിലെഴുതിയത് റിക്ഷാക്കാരനായ എന്നെ എഴുത്തുകാരൻ എന്ന നിലയിൽ
പ്രസിദ്ധനാക്കി. നഗരത്തിനകത്തും പുറത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങൾ എന്നോടെഴുതാനാവശ്യപ്പെട്ട് സമീപിക്കാൻ
തുടങ്ങി. അതോടെ ജീവിക്കാനും എഴുതാനുമുള്ള എന്റെ അഭിനിവേശം വർദ്ധിച്ചു. ഒപ്പം ഒരു ദളിതനെന്ന നിലയിൽ എന്നെ
നോക്കിയിരുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റവും വന്നു.
എഴുത്തുകാരനായി അംഗീകാരങ്ങൾ നേടിയിട്ടും
താങ്കൾ പാചകക്കാരനായി തുടരുന്നതെന്തുകൊണ്ട്?
ജന്മംകൊണ്ട് മാത്രമല്ല ഉള്ളിലെ രോഷംകൊണ്ടും ഞാനൊരു ചണ്ഡാളനാണ്. പലതും എഴുതിക്കഴിഞ്ഞ ശേഷമാണ് എന്നെ
ബംഗാളിയിലെ ആദ്യത്തെ ദളിത് എഴുത്തുകാരനായി വിശേഷി
പ്പിക്കാൻ തുടങ്ങിയത്. എഴുത്തിലൂടെ പേരും പ്രശസ്തിയും നേടിയെങ്കിലും എന്റെ ജീവിതസംഘർഷങ്ങൾക്കും പ്രാരാബ്ധങ്ങൾ
ക്കും കുറവൊന്നുമില്ല. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണെന്റെ കുടുംബം. 30 വയസുള്ള മകന് ഇപ്പോഴും തൊഴിലൊന്നുമില്ല. മകൾ വിവാഹിതയാണ്. ജീവിക്കാൻവേണ്ടി പല വേഷങ്ങൾ കെട്ടിയാടിയ എന്റെ ഇപ്പോഴത്തെ ഉപജീവനമാർഗം
അതാണ്. കൂടാതെ അതൊരു സേവനം കൂടിയാണ്. സംഘർഷ
ത്തിലൂടെ ഏതു ശിഖരവും എത്തിപ്പിടിക്കാൻ കഴിയുമെന്ന് ഞാൻ
വിശ്വസിക്കുന്നു.
എന്തിനാണ് അല്ലെങ്കിൽ എന്തിനെക്കുറിച്ചാണ്
എഴുതുന്നത്?
എന്റെ സ്വകാര്യജീവിതത്തിലെ സംഭവങ്ങളാണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ഉദാഹരണമായി ബതാശേ ബാരൂദേർ ഗോന്ധോ (ൗദണറണ ധല ഏഴഭയമശഢണറ ധഭ ളദണ അധറ എന്ന ഇംഗ്ലീ
ഷ് പരിഭാഷ) എന്ന എന്റെ നോവൽതന്നെയെടുക്കാം. ഞാൻ
തടവിൽ കഴിഞ്ഞ ജയിലിനെക്കുറിച്ചുള്ളതാണത്. എനിക്കാരെയും കൊല്ലാൻ കഴിയുകയില്ല. അതിനാൽ എഴുത്തിലൂടെ എന്റെ രോഷം അല്ലെങ്കിൽ ക്രോധം പ്രകടമാക്കുന്നതോടൊപ്പം സാമൂഹിക അസമത്വങ്ങൾക്കെതിരെ പ്രതികരിക്കാനും ശബ്ദമുയർ
ത്താനും വേണ്ടിയാണ് ഞാനെഴുതുന്നത്. അത് ഞാൻ തുടരുന്നു. മനുഷ്യരെ കൊല്ലുന്ന തരത്തിലുള്ള വിപ്ലവത്തോടും തീ
വ്രവാദത്തോടും ഞാൻ വിയോജിക്കുന്നു. ജീവിക്കാൻവേണ്ടി
പാടുപെടുന്നവരും സമൂഹത്തിൽ അടിച്ചമർത്തപ്പെടുന്നവരുമാണ് എന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും. കാരണം, ഞാനും അവരിലൊരാളാണ്. മേൽവിലാസമില്ലാത്ത ഒരഭയാർത്ഥിയായിരുന്ന
എനിക്ക് സ്വന്തമെന്നു പറയാൻ രേഖാമൂലം ഒരു രാജ്യമുണ്ടായതുതന്നെ വളരെ വൈകിയായിരുന്നു.
ആത്മകഥയെഴുതാനുണ്ടായ പ്രചോദനം?
നിർദയവും മനുഷ്യത്വരഹിതവുമായ സാമൂഹിക വ്യവസ്ഥകളുടെയും സാഹചര്യങ്ങളുടെയും ബലിയാടുകളായി നിരവധി
പേർ ഇന്നും ജീവിക്കുന്നുണ്ട്. അത്തരം ചുറ്റുപാടുകളെ അതി
ജീവിക്കാൻ കഴിഞ്ഞ ആളെന്ന നിലയിൽ എന്റെ ജീവിതകഥ
അവർക്കുവേണ്ടി രേഖപ്പെടുത്തുകയാണ് ഞാനെന്റെ ആത്മകഥയിലൂടെ ചെയ്തത്.
എഴുത്തുകാരനല്ലായിരുന്നെങ്കിൽ?
പല വഴികൾ പിന്നിട്ട ആളാണ് ഞാൻ. യാദൃച്ഛികമായിട്ടെങ്കിലും എഴുത്തുകാരനായിത്തീർന്നതിൽ ഞാൻ ആശ്വസിക്കുന്നു. അല്ലെങ്കിൽ ഞാൻ ആരായിത്തീരുമായിരുന്നെന്നോ എന്നി
ലെ രോഷം എന്നെ എവിടെ കൊണ്ടെത്തിക്കുമായിരുന്നെന്നോ
എനിക്കറിയില്ല.
പുതിയ കൃതിയെക്കുറിച്ച്?
വിഭജനകാലത്തെ അഭയാർത്ഥികളെക്കുറിച്ചുള്ള ഒരു നോവലിന്റെ അവസാന മിനുക്കുപണിയിലാണ് ഞാൻ. ബീബർണോ
ശബ്ദേർ എന്നാണതിന്റെ പേര്.