ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സാക്ഷരതാ
നിരക്കിൽ ഗണ്യമായ അന്തരമാണുള്ളത്. 2011-ലെ ഔദ്യോഗിക
കണക്കുകൾ പ്രകാരം സ്ത്രീകളുടെ സാക്ഷരതാ നിരക്ക്
64.60 ശതമാനവും പുരുഷന്മാരുടേത് 80.9 ശതമാനവുമായിരുന്നു.
അതിന് പല കാരണങ്ങളും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതേസമയം
ഇന്ത്യയിലെ ഗ്രാമീണ ഭാഗങ്ങളിൽ ഈ നിരക്കിലെ
അന്തരം അതിനേക്കാൾ താഴ്ന്ന നിലയിലാണ്. അതായത് സ്ത്രീ
കളുടേത് 59 ശതമാനവും പുരുഷന്മാരുടേത് 79 ശതമാനവും. ഇതിനുമുണ്ട്
പലവിധ കാരണങ്ങൾ. പരമ്പരാഗതമായ വിശ്വാസ
ങ്ങൾ, മതപരമായ കീഴ്വഴക്കങ്ങൾ, കുടുംബത്തിലെ സാമ്പത്തി
ക പരാധീനതകൾ, ബാലവിവാഹങ്ങൾ എന്നിവ ഗ്രാമീണ
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കാരണ
ങ്ങളിൽ ചിലതു മാത്രം. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്ന
ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങൾക്കും ഈ വൈകിയ വേളയി
ലെങ്കിലും മാതൃകയായിത്തീരുന്ന ഒരു ചുവടുവയ്പാണ് മഹാരാഷ്ട്രയിലെ
മുർബാദ് താലൂക്കിലെ ഒരു ഗ്രാമത്തിൽ നൂറുശതമാനം
സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി തുടക്കം
കുറിച്ച ‘ആജീബായിച്ചി ശാള’ എന്ന അപൂർവ പാഠശാലയും ആ
പാഠശാലയിലെ വിദ്യാർത്ഥികളും.
മുംബൈയിൽനിന്നും 120 കി.മീ. അകലെ, താനെ ജില്ലയി
ലെ കല്യാണിനടുത്ത് കല്യാൺ-അഹമ്മദ്നഗർ ദേശീയപാത
(എൻ.എച്ച്. 222)യിലുള്ള ഒരിടമാണ് മുർബാദ് താലൂക്ക്. പച്ച വി
രിച്ച കൃഷിഭൂമികൾക്ക് സഹ്യാദ്രി മലനിരകളുടെ നിമ്നതലങ്ങൾ
പശ്ചാത്തലമൊരുക്കുന്ന മുർബാദ് താലൂക്ക് മഹാരാഷ്ട്രയിലെ
എണ്ണപ്പെട്ട ആദിവാസി മേഖലകളിലൊന്നാണ്. ആദിവാസികളൾക്കു
പുറമെ മറ്റു ജനവിഭാഗങ്ങളും താമസക്കാരായി ഇരുനൂറോളം
ഗ്രാമങ്ങളുള്ള മുർബാദ് താലൂക്കിൽ മുർബാദ് പട്ടണ
ത്തിൽനിന്നും 25 കി.മീ. അകലെയായി മാൽഷേജ് ചുരത്തിന്റെ
അടിവാരത്തിലുള്ള ഫാംഗണെ എന്ന ഗ്രാമത്തിലാണ് ആ അപൂർ
വ പാഠശാല. കൊല്ലവർഷം 1656ൽ ശിവാജി ചക്രവർത്തി സ്ഥാപിച്ച
സിദ്ധഗഡ് കോട്ടയ്ക്കു പുറമെ 200ൽപരം വർഷങ്ങളായി മസ
എന്ന ഗ്രാമത്തിലെ ഖാംബ്ലിംഗേശ്വർ ക്ഷേത്രത്തിൽ എല്ലാ
വർഷവും സംഘടിപ്പിച്ചു വരാറുള്ള ‘മസ യാത്ര’ എന്ന മേളയും
അതിനോടനുബന്ധിച്ചുള്ള വലിയ കാലിച്ചന്തയുമൊഴികെ മുർ
ബാദ് താലൂക്കിന്റെ പ്രസിദ്ധിയിലേക്ക് സംഭാവനയായിത്തീരുന്ന
മറ്റൊന്നും കാര്യമായി ചൂണ്ടിക്കാട്ടാനുണ്ടായിരുന്നില്ല സമീപകാലം
വരെ. എന്നാൽ ഫാംഗണെ ഗ്രാമത്തിൽ ആജിബായിച്ചി
ശാള പ്രവർത്തനമാരംഭിച്ചതോടെ ആ അപൂർവ പാഠശാലയോടൊപ്പം
അതിലെ വിദ്യാർത്ഥികളും ഫാംഗണെ ഗ്രാമവും മുർബാദ്
താലൂക്കും വിദേശങ്ങളിൽ പോലും ഒരുപോലെ ചർച്ചാവിഷയമായിത്തീരുകയായാണുണ്ടായത്.
എന്താണ് ആജീബായീച്ചി ശാള?
മറാഠി ഭാഷയിൽ ആജീബായി എന്നാൽ മുത്തശ്ശി എന്നാണർ
ത്ഥം. ശാള എന്നാൽ പാഠശാല അഥവാ സ്കൂൾ എന്നും. അങ്ങ
നെ ആ രണ്ട് വാക്കുകളും കൂടിച്ചേരുമ്പോൾ മുത്തശ്ശിമാരുടെ പാഠശാലയായി.
മുത്തശ്ശിമാരുടെ പാഠശാലയോ എന്ന് അത്ഭുതം തോന്നിയേക്കാം.
പക്ഷേ, വാസ്തവമാണ്. പലവിധ കാരണങ്ങളാൽ
കുട്ടിക്കാലത്തെന്നല്ല, ജീവിതത്തിൽ ഒരിക്കലും സ്കൂളിന്റെ പടി
കാണാനും അക്ഷരാഭ്യാസം നേടാനും ഭാഗ്യമില്ലാതെ പോയവരും
ആ ഒരു അടങ്ങാത്ത മോഹം തങ്ങളുടെ ജീവിതസന്ധ്യയിലും കാ
ത്തുസൂക്ഷിക്കുന്നവരുമായ ഒരുകൂട്ടം മുത്തശ്ശിമാരാണ് ആ പാഠശാലയിലെ
വിദ്യാർത്ഥികൾ. വിദ്യ അഭ്യസിക്കാൻ പ്രായം ഒരു പ്രതി
ബന്ധമല്ലെന്നും സാഹചര്യതോടൊപ്പം നിശ്ചയദാർഢ്യവും ധൈര്യവുമാണ്
അതിന് വേണ്ടതെന്നും ഈ ലോകത്തിനു കാട്ടിക്കൊടുത്തുകൊണ്ട്
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചവരാണ്
മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമൊക്കെയായി
ഇന്ന് 60നും 90നും ഇടയിൽ എത്തിനിൽക്കുന്ന ആ മുത്തശ്ശി
മാർ. അതുകൊണ്ടുതന്നെയാണ് ആജീബായീച്ചി ശാള അഥവാ മു
ത്തശ്ശിമാരുടെ പാഠശാല എന്ന നിർവചനം പൂർത്തിയാക്കപ്പെടുന്നത്.
എഴുപതോളം കുടുംബങ്ങളുള്ള ഫാംഗണെ ഗ്രാമത്തിന്റെ
അലങ്കാരവും അഭിമാനവുമാണ് മുത്തശ്ശിമാരുടെ ആ പാഠശാല
ഇന്ന്.
നിസ്വാർത്ഥമായ ചുവടുവയ്പ്
വാർധക്യസഹജമായ രോഗങ്ങളും മരുന്നും മന്ത്രവുമൊക്കെ
യായി പരസഹായത്തോടെ കഴിയേണ്ടതായ ഒരു കാലമാണ് ഏതൊരു
മനുഷ്യന്റെയും ജീവിതസന്ധ്യയെന്ന് ആലങ്കാരികമായി വി
ശേഷിപ്പിക്കുന്ന അറുപതു മുതലുള്ള പ്രായം. അങ്ങനെയുള്ള ഒരു
പ്രായത്തിൽ അവരെ സ്കൂളിലേക്കാനയിച്ച് അക്ഷരം പഠിപ്പി
ക്കാനുള്ള ശ്രമത്തിനു പിന്നിലെ അപഹാസ്യതയും അതിനവർ
തയ്യാറായാൽതന്നെ അതെത്രമാത്രം പ്രായോഗികമാക്കാൻ കഴി
യും എന്ന സംശയവുമാണ് ആ അപൂർവ പാഠശാലയെക്കുറിച്ച്
പറഞ്ഞുകേട്ടപ്പോൾ ആദ്യം മനസിലുയർന്നത്. പക്ഷേ, അവിടെ
ചെന്ന് നേരിൽ കാണുകയും കേൾക്കുകയും ചെയ്തപ്പോഴാണ് അത്
തികച്ചും ഉദാത്തമായ പ്രതിബദ്ധതയുടെയും തീവ്രമായ ഇച്ഛാശക്തിയിലടിയുറച്ച
ലക്ഷ്യബോധത്തിന്റെയും വെളിച്ചത്തിൽ മുന്നോട്ടു
വെച്ച നിസ്വാർത്ഥമായ ഒരു ചുവടാണെന്ന് ബോധ്യമായത്.
മാത്രമല്ല, അതുവരെ അക്ഷരഗന്ധം ശ്വസിക്കാനാകാതെ വീർ
പ്പുമുട്ടിക്കഴിഞ്ഞിരുന്ന ആ ഗ്രാമത്തിലെ മുത്തശ്ശിമാരെ സംബന്ധി
ച്ചിടത്തോളം അതൊരു പുതുയ ജീവിതത്തിന്റെ തുടക്കം കൂടിയായിരുന്നു.
ആജിബായീച്ചി ശാള എന്ന സ്വപ്നം
ഫാംഗണെ ഗ്രാമത്തിലെ ജില്ലാപരിഷത്ത് സ്കൂൾ അദ്ധ്യാപകനും
സാമൂഹിക പ്രവർത്തകനുമായ യോഗേന്ദ്ര ബാംഗറിന്റെ
സ്വപ്നമാണ് ആജിബായീച്ചി ശാള അഥവാ മുത്തശ്ശിമാരുടെ പാഠശാല.
ആയകാലത്ത് വിദ്യാഭ്യാസം നേടാൻ കഴിയാതെപോയതി
ന്റെ നഷ്ടബോധം കാത്തുസൂക്ഷിക്കുന്ന വാർധക്യബാധിതരായ
സ്ത്രീകളെ സാക്ഷരരാക്കുന്നതോടൊപ്പം ഒരു ഗ്രാമത്തെ നൂറു ശതമാനം
സാക്ഷരത കൈവരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുക
എന്നീ ലക്ഷ്യങ്ങളുമായി തുടക്കം കുറിച്ച ഇന്ത്യയിലെ ആദ്യത്തെ
പാഠശാലയാണിത് എന്നു പറയാം. അതുകൊണ്ടുതന്നെയാണ്
ആ പാഠശാല അപൂർവവും ഇന്ത്യയിലെ മറ്റു ഗ്രാമങ്ങൾക്ക് മാതൃകയുമായിത്തീരുന്നത്.
ഇങ്ങനെയൊരു പാഠശാല സ്ഥാപി
ക്കാൻ പ്രേരണയും പ്രചോദനവുമായിത്തീർന്നത് ഒരു മുത്തശ്ശിയുടെ
ആത്മഗതമായിരുന്നുവെന്ന് ബാംഗർ പറയുന്നു. അതായത്,
വർധക്യകാലത്ത് തനിക്ക് ഭക്തിസംബന്ധമായ പുസ്തകങ്ങൾ
വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഒരിക്കൽ ആ ഗ്രാമത്തി
ലെ ഒരു മുത്തശ്ശി ആത്മഗതമെന്നോണം പറയുന്നത് കേട്ടപ്പോൾ.
അതിനുശേഷമാണ് മുത്തശ്ശിമാർക്കു വേണ്ടി ഒരു സ്കൂൾ എന്നസങ്കല്പം
ബാംഗറിന്റെ മനസ്സിൽ ഒരു സ്വപ്നമായി കുടിയേറിയത്.
കുറേനാൾ ആ സ്വപ്നം മനസ്സിൽ കൊണ്ടുനടന്നു. ഒടുവിൽ മോ
ത്തിറാം ദലാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായസഹകരണങ്ങൾ
ഒത്തുചേർന്നു വന്നപ്പോൾ ബാംഗറിന് തന്റെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ
മറ്റാരേയും കാത്തുനിൽക്കേണ്ടി വന്നില്ല.
അങ്ങനെ 2016 മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനത്തിൻനാൾ
ആ ഗ്രാമത്തിലൊരിടത്ത് ഒരു ഒറ്റമുറിക്കുടിലിലായി പ്രവർത്തനമാരംഭിച്ച
പാഠശാലയ്ക്ക് മുത്തശ്ശിമാരുടെ പാഠശാല എന്നർത്ഥം
വരുന്ന ആജിബായീച്ചി ശാള എന്ന് പേരും നൽകിയപ്പോൾ അക്ഷരദാഹികളായ
ഗ്രാമത്തിലെ മുത്തശ്ശിമാരിൽ പലരും ആ പാഠശാലയിലേക്ക്
ആവേശത്തോടെയാണ് എത്തിയത്. അപ്പോഴും
ചിലർ ശങ്കിച്ചുനിന്നു. ഈ പ്രായത്തിൽ തങ്ങൾക്ക് പഠിക്കാൻ കഴിയുമോ,
മറ്റുള്ളവർ എന്ത് പറയും എന്നൊക്കെയായിരുന്നു അവരുടെ
ശങ്കയ്ക്ക് കാരണം. തുടക്കത്തിൽ ഇരുപത്തിയേഴോളം മു
ത്തശ്ശിമാർ വിദ്യാർത്ഥികളായുണ്ടായിരുന്ന പാഠശാലയിലേക്ക് പി
ന്നീട് സമീപഗ്രാമങ്ങളിലെ മുത്തശ്ശിമാർ കൂടി എത്താൻ തുടങ്ങി
യതോടെ ഗ്രാമത്തിൽ തന്നെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരി
ടത്തേക്ക് പാഠശാല മാറ്റുകയുണ്ടായി. ഇന്ന് രണ്ടര വർഷത്തിനുശേഷം
ഗ്രാമത്തിലെ എല്ലാ വീടുകളിൽനിന്നുമുള്ള മുത്തശ്ശിമാരാണ്
ആജീബായീച്ചി ശാളയിലൂടെ സാക്ഷരതയുടെ ദേവദൂതികമാരായി
ഇന്ത്യയിൽമാത്രമല്ല വിദേശരാജ്യങ്ങളിൽ പോലും ചർച്ചാവിഷയമായി
തുടരുന്നത്. അമേരിക്ക, ഫ്രാൻസ്, ദുബായ്, കാനഡ
എന്നിവിടങ്ങളിൽനിന്നുള്ളവിദ്യാഭ്യാസ വിഭാഗം പ്രതിനിധി
കൾ ഫാംഗണെ ഗ്രാമത്തിലെ ആജീബായീച്ചി ശാളയിലെത്തി ത
ങ്ങളെ നേരിൽ കണ്ട് തങ്ങൾക്കറിയാത്ത ഭാഷയിൽ കൗതുകം
പ്രകടിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്തത് അവിടത്തെ വി
ദ്യാർത്ഥിനികളായ ആ മുത്തശ്ശിമാർക്ക് ഒരിക്കലും മറക്കാൻ കഴി
യാത്ത സംഭവമത്രേ.
”ജീവിതത്തിൽ ആഹാരാദികൾ പോലെത്തന്നെയാണ് അറി
വിന്റെയും പ്രാധാന്യം. സ്കൂളിൽ പോകാൻ ഒരിക്കലും കഴിഞ്ഞി
ട്ടില്ലാത്ത ഈമുത്തശ്ശിമാരെ സാക്ഷരരാക്കുക എന്നതും അതുപോലെതന്നെ
ഏറെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. അതുവഴി അവരുടെ
ജീവിതത്തിൽ അറിവിന്റെ നേരിയ വെട്ടമെങ്കിലും പകരാൻ
സാധിച്ചതിൽ താൻ സന്തുഷ്ടനാണെന്നതിൽക്കവിഞ്ഞ് മറ്റൊന്നും
ആജിബായീച്ചി ശാള എന്ന സങ്കല്പത്തിന്റെ ഉപജ്ഞാതാവായ
യോഗേന്ദ്ര ബാംഗറിന് പറയാനില്ല.
പ്രവർത്തനരീതി
എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെയാണ് മു
ത്തശ്ശിമാരുടെ പാഠശാലയുടെ പ്രവർത്തനസമയം. സാധാരണ
പാഠശാലകളിലേതുപോലെ തന്നെ അസംബ്ലിയും പ്രാർത്ഥനയും
(ശാരദാവന്ദനം) ഹാജരെടുപ്പുമൊക്കെ അവിടെയുമുണ്ട്. അതിനുശേഷം
മറാഠി ഭാഷയിലുള്ള നഴ്സറിപ്പാട്ടുകളും അക്ഷരമാലകളും
കണക്കു പട്ടികയും ചിത്രംവരയുമൊക്കെയായി പഠനം തുടരുന്നു.
എബിസിഡിയും ഉദ്യാനകൃഷിയും ഹോംവർക്കും ടെസ്റ്റ്പരീക്ഷകളുമൊക്കെ
അധ്യയനത്തിന്റെ ഭാഗമാണ്. ഒന്നരയോടെ
ഗ്രാമത്തിലെ മുഴുവൻ ആജിബായിമാരും(മുത്തശ്ശിമാർ) കുങ്കുമ
വർണത്തിലുള്ള കാഷ്ഠിയും (മഹാരാഷ്ട്രയിലെ പഴയ തലമുറ
ക്കാർ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന തറ്റുപോലുള്ള സാരി)
വെള്ള ബ്ലൗസും യൂണിഫോറമായി ധരിച്ച് കയ്യിൽ പുസ്തകസഞ്ചിയുമേന്തി
ഗ്രാമത്തിലെ ചെമ്മൺപാതയിലൂടെ പാഠശാലയിലേക്കും
വൈകീട്ട് നാലുമണിക്ക് തിരിച്ചു വീട്ടിലേക്കും നടന്നു
നീങ്ങുന്നത് ചേതോഹരമായ ഒരു കാഴ്ചയാണ്. കൂട്ടത്തിൽ ഏറ്റവും
മുതിർന്ന വിദ്യാർത്ഥിനി തൊണ്ണൂറു കഴിഞ്ഞ സീതാബായി ദേശ്മുഖ്
ആണ്. പാഠശാലയ്ക്കടുത്തുള്ള ഉദ്യാനത്തിൽ ഓരോ വി
ദ്യാർത്ഥിനിയും ഓരോ പൂച്ചെടി നട്ടിട്ടുണ്ട്. ഓരോന്നിനും അത് നട്ട
വിദ്യാർത്ഥിനിയുടെ പേരും പ്രത്യേക നമ്പറുമാണ് നൽകിയിരി
ക്കുന്നത്. അങ്ങനെയുള്ള ഓരോ ചെടിയുടെയും പരിപാലനത്തി
ന്റെ ചുമതല അത് നട്ട ആൾക്കാണ്.
അദ്ധ്യാപിക
ആജീബായീച്ചി ശാളയിലെ ഒരേയൊരദ്ധ്യാപികയാണ് ശീതൾ
മോരെ. കുട്ടികളെ പഠിപ്പിക്കുന്ന പോലെ അത്ര എളുപ്പമല്ല ഈ മു
ത്തശ്ശിമാരെ പഠിപ്പിക്കുന്നതെന്നാണ് ശീതൾ മോരെ പറഞ്ഞത്.
കാരണം, സന്ദർഭമനുസരിച്ച് ദേഷ്യപ്പെട്ടും ഷൗട്ട് ചെയ്തും അടി
ച്ചും കുട്ടികളെ പഠിപ്പിക്കാനാകും. മുത്തശ്ശിമാരോട് അങ്ങനെ പെരുമാറാനാവുകയില്ല
എന്നതുതന്നെ. പിന്നെ അവരിൽ ചിലർക്ക്
ഓർമശക്തിയുടെയും കാഴ്ചശക്തിയുടെയും കുറവുണ്ട്. അതെല്ലാം
തരണം ചെയ്തുകൊണ്ട് അവരിൽ ആത്മവിശ്വാസം ഊട്ടി
യുറപ്പിക്കാൻ കഴിഞ്ഞതിനാലാണ് അദ്ധ്യാപനം എളുപ്പമായതെന്നും
ആ അദ്ധ്യാപിക വ്യക്തമാക്കി.
അനുഭവങ്ങളും പ്രതികരണങ്ങളും
വീട്ടിലെ മടുപ്പുളവാക്കുന്ന അന്തരീക്ഷത്തിൽനിന്നും മാറി ഗ്രാമത്തിലെ
സമപ്രായക്കാർക്കൊപ്പം കുശുമ്പും കുന്നായ്മകളും പറഞ്ഞ്
സ്കൂളിൽപോകുന്നതും ഒന്നിച്ചിരുന്ന് അക്ഷരാഭ്യാസം നേടുന്നതും
ഭക്ഷണം കഴിക്കുന്നതുമൊക്കെ ആനന്ദദായകമായ ഒരു
നവാനുഭവമാണ് നൽകുന്നതെന്ന് പാഠശാലയിലെ ‘മുത്തശ്ശി
ക്കുട്ടികൾ’ ഒരേ സ്വരത്തിൽ പറയുമ്പോൾതന്നെ ആദ്യമായി അക്ഷരം
പഠിക്കാൻ ഇറങ്ങിത്തിരിച്ച സാഹചര്യത്തെക്കുറിച്ചും പ്രേരണകളെക്കുറിച്ചുമുള്ള
അവരുടെ പ്രതികരണങ്ങൾ വ്യത്യസ്തമാണ്:
”ഈ പ്രായത്തിൽ സ്കൂളിൽ പോകുന്നത് കണ്ടാൽ നാട്ടുകാർ
ചിരിക്കുമെന്നൊർത്തപ്പോൾ ആദ്യം അത് വേണ്ടെന്നു വച്ചതാണ്.
എന്നാൽ അക്ഷരാഭ്യാസംകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച്
കേൾക്കാനിടയായപ്പോൾ പിന്നെ മറുത്തൊന്നും ചിന്തിച്ചില്ല” –
അറുപത്തിരണ്ടിലെത്തിയ യശോദാ കേദാർ ഇങ്ങനെ പ്രതികരിച്ചപ്പോൾ
65-കാരിയായ കാന്തബായി മോറെയ്ക്ക് പറയാനുണ്ടായിരുന്നത്
മറ്റൊന്നാണ്: അതായത്, ”കണ്ണുണ്ടായിട്ടും കാഴ്ച
യറിയാത്തപോലെയായിരുന്നു ഇതുവരെ. ബാങ്കിൽ ചെന്നാൽ
അംഗുഷ്ഠം രേഖപ്പെടുത്തണം. പുറത്തു പോകുമ്പോൾ ട്രാൻസ്പോർട്ട്
ബസിന്റെ ബോർഡ് വായിക്കാനറിയില്ലായിരുന്നു. അക്ഷരങ്ങൾ
കൂട്ടി വായിക്കാൻ പഠിച്ചതിനാൽ നഷ്ടപ്പെട്ട കാഴ്ച്ച തിരി
ച്ചു കിട്ടിയ അനുഭവമാണ്. ഇപ്പോൾ ഒപ്പിടാനും പഠിച്ചതിനാൽ
ബാങ്ക് ഉദ്യോഗസ്ഥർക്ക് എന്നെപ്പോലുള്ളവരുടെ നേർക്കുള്ള വീ
ക്ഷണകോൺ തന്നെ മാറി” – അവർ പറഞ്ഞു.
‘ഗ്രാമത്തിലെ മറ്റുള്ള മുത്തശ്ശിമാർ പഠിക്കാൻ പോകുന്നത് കണ്ടാണ്
ഞാനും പോകാൻ തുടങ്ങിയത്. പഠിത്തം അത്ര എളുപ്പമുള്ള
കാര്യമല്ലെന്ന് മനസിലായി. എങ്കിലും ഞങ്ങളുടെ പ്രയത്നത്തെ
പുകഴ്ത്തിക്കൊണ്ട് പത്രങ്ങളിലും ടിവിയിലുമൊക്കെ വാർ
ത്തകളും ചിത്രങ്ങളും വരാൻതുടങ്ങിയപ്പോൾ സന്തോഷവും അഭിമാനവും
പ്രചോദനവും തോന്നി. മാത്രമല്ല, അക്ഷരം എഴുതാ
നും വായിക്കാനുമുള്ള കഴിവിന്റെ മഹത്വം ഇപ്പോഴാണ് മനസിലായത്’.
സ്വന്തം വയസ് എത്രയായെന്നുപോലും അറിയാത്ത കമലാബായി
എന്ന മുത്തശ്ശിയാണ് ഇത് പറഞ്ഞത്.
ചെറുപ്പത്തിൽ സ്കൂളിൽ പോയിട്ടില്ലാത്ത ഞാൻ ഇതുവരെ
നിരക്ഷരയായിട്ടാണ് കഴിഞ്ഞതെന്നും ഇനി മരിക്കുമ്പോൾ കുറെ
അക്ഷരങ്ങളെങ്കിലും മനസ്സിലിട്ട് അങ്ങുള്ള ലോകത്തേക്ക് കൊണ്ടുപോകാൻ
കഴിയുമല്ലോ എന്നോർക്കുമ്പോൾ സന്തോഷമുണ്ടെന്നുമായിരുന്നു
എൺപത് പിന്നിട്ട രമാബായി ചന്ദേലയുടെ പ്രതി
കരണം.
ഇങ്ങനെ ഫാംഗണെ ഗ്രാമത്തിലെ ഓരോ മുത്തശ്ശിയും ഇന്ന്
പാഠശാലയിൽ പോയി അക്ഷരം പഠിക്കുന്നതിന്റെ അവാച്യ നിർ
വൃതിയിലാണ്. അതിനവർ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നത്
ആജീബായീച്ചി ശാളയുടെ ചുക്കാൻ പിടിക്കുന്ന ബാംഗർ സാറിനോടും
അവരെ അക്ഷരം പഠിപ്പിക്കുന്ന ശീതൾമാഡത്തിനോടുമാണ്.