ഭരണവർഗത്തിന്റെ ക്രൂരതകൾക്കും പൊതുജനങ്ങളുടെ അധി
ക്ഷേപങ്ങൾക്കും ഇരയായ ഒരു സമൂഹം – ഉചല്യ. ജന്മംകൊണ്ട്
കുറ്റവാളികളായി മുദ്ര കുത്തപ്പെട്ട ഈ ഗോത്രവർഗത്തിൽ ജനിച്ച
ലക്ഷ്മൺ ഗെയ്ക്വാദ് അതേ നാമത്തിലെഴുതിയ ആത്മകഥാംശപരമായ
നോവലിന് 1988-ലെ കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡ് ലഭിച്ചു. ലാത്തൂരിൽ അദ്ദേഹം ടാക്സി ഡ്രൈവറായി
രിക്കുന്ന കാലത്താണ് ഉച്ല്യ കേന്ദ്രപുരസ്കാരത്തിന് അർഹമായത്.
ലാത്തൂർ ഭൂകമ്പത്തിനുശേഷം മുംബയിലേക്ക് വണ്ടി കയറിയ
ഗെയ്ക്വാദിന് ഏകദേശം 20 വർഷം മുമ്പ് മഹാരാഷ്ട്രാ സർ
ക്കാർ ഗോരെഗാവ് ഫിലിം സിറ്റിയിൽ ഒരു കാന്റീൻ നടത്താൻ
അനുമതി നൽകി. കഴിഞ്ഞ മാസം ആ സ്ഥലം ഒഴിഞ്ഞുകൊടുക്ക
ണമെന്നാവശ്യപ്പെട്ട് ചില ഉദ്യോഗസ്ഥർ സമീപിച്ചെങ്കിലും മുഖ്യ
മന്ത്രി പൃഥ്വിരാജ് ചവാന്റെ നേരിട്ടുള്ള ഇടപെടലിൽ തത്കാലം
സർക്കാർ നടപടികൾ നിർത്തിവച്ചിരിക്കയാണ്.
ഉചല്യ എന്നാൽ പൊതുവെ കള്ളൻ എന്നാണ് അർത്ഥമെ
ങ്കിലും കണ്ണിൽ പെട്ടതെല്ലാം കട്ടു പെറുക്കി കൊണ്ടുപോകുന്നവർ
എന്നാണ് സംസാരഭാഷയിൽ ഉദ്ദേശിക്കപ്പെടുന്നത്. അങ്ങനെയുള്ള
ഒരു വർഗത്തിൽ അല്ലെങ്കിൽ സമുദായത്തിൽനിന്ന് ആദ്യ
മായി വിദ്യാഭ്യാസം നേടിയ ലക്ഷ്മൺ ഗെയ്ക്വാദിന്റെ ഈ
നോവൽ അദ്ദേഹത്തെ ദേശീയതലത്തിലും അന്താരാഷ്ട്രതല
ത്തിലും ഒരുപോലെ പ്രശസ്തനാക്കുകയുണ്ടായി.
ഉചല്യ എന്ന നോവൽ പ്രസിദ്ധീകരിച്ചുവന്നതോടെയാണ്
ജന്മംകൊണ്ട് കുറ്റവാളികളായ ഒരു മനുഷ്യസമൂഹം ഈ ലോക
ത്തുണ്ടെന്ന യാഥാർത്ഥ്യവും അവരുടെ അവസ്ഥയും പുറംലോകം
ഞെട്ടലോടെ അറിയുന്നത്. മറാഠി സാഹിത്യത്തിൽ ഒരു
വിസ്ഫോടനമായിത്തീർന്ന ഉചല്യ പിന്നീട് ഇംഗ്ലീഷ്, ഹിന്ദി, ഉർ
ദു, ഗുജറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നി
ങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി.
മറാഠിയിൽ ഇതിനകം പന്ത്രണ്ടോളം പതിപ്പുകൾ ഇറ
ങ്ങിയിട്ടുള്ള ഉചല്യ ഏതാനും വർഷങ്ങൾക്കു മുമ്പ് ദാമോദരൻ
കാളിയത്ത് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അതേപേരി
ൽതന്നെ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. ഇന്നിപ്പോൾ
കാൽ നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞിട്ടും ഒരു വിസ്മയവും ചോദ്യചിഹ്ന
വുമായി തുടരുന്ന ആ നോവലിലേക്കും അതിന്റെ നാൾവഴികളി
ലേക്കും മനസ്സാ ഒരു മടക്കയാത്രയ്ക്കൊരുങ്ങുകയാണ് രചയിതാവായ
ലക്ഷ്മൺ ഗെയ്ക്വാദ്.
”ഞങ്ങളുടെ പൂർവികർ കൂലിപ്പണിക്കാരായിരുന്നു. എന്നാൽ
ഇംഗ്ലീഷ് സർക്കാർ അവരെ ക്രിമിനലുകളായി മുദ്ര കുത്തിയതി
നാൽ എല്ലാവരും ഞങ്ങളെ ക്രിമിനലുകളായിത്തന്നെ കാണുകയായിരുന്നു.
ഇന്നും അതുതന്നെയാണ് അവസ്ഥ. ഉപജീവനത്തി
നുള്ള എല്ലാ വാതിലുകളും ഞങ്ങൾക്കു മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടപ്പോൾ
കളവ് നടത്തി ജീവിക്കുകയെന്നതായിരുന്നു
മുന്നിൽ കണ്ട ഏകമാർഗം. ആരുംതന്നെ കുറ്റവാളികളായി ജനി
ക്കുന്നില്ലെന്നും സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്ന
തെന്നും നിയമംപോലും സമ്മതിക്കുമ്പോൾ ജന്മംകൊണ്ട് കുറ്റവാളികളായി
മുദ്ര കുത്തപ്പെട്ട ഒരു വിഭാഗം ഈ ഭൂമിയിലുണ്ടെങ്കിൽ
അത് ഞങ്ങൾതന്നെയാണ്. ഇതെങ്ങനെ സംഭവിച്ചു എന്നതിന്റെ
സാമൂഹ്യശാസ്ര്തപഠനം ഭാവിയിലെങ്കിലും നടക്കാതിരിക്കില്ലെന്ന്
ഞാൻ കരുതുന്നു. കാരണം, അതൊരു പഴയ ശാപമാണ്. ഒരു
പ്രത്യേക ഗോത്രവർഗത്തിൽ ജനിച്ചുപോയതിന്റെ തീരാശാപം.
ഞങ്ങളുടെ പൂർവികർ ക്രിമിനലുകളായിരുന്നുവെന്ന അറിവോ
അതിനുള്ള തെളിവോ ഇല്ല. എന്നുമാത്രമല്ല, ഏതെങ്കിലും
പ്രത്യേക സമുദായത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നവരല്ല ക്രിമിനലുകൾ.
കൂലിപ്പണിക്കാരായിരുന്ന ഞങ്ങളുടെ പൂർവികരെ സമ്പ
ന്നവർഗം അടിമകളെപ്പോലെ പണിയെടുപ്പിച്ച് ചൂഷണം ചെയ്തു.
ഞങ്ങൾക്ക് താമസിക്കാൻ പ്രത്യേക ഇടങ്ങളൊന്നുമില്ലായിരു
ന്നതിനാൽ പണി തേടി പല ദിക്കുകളിലേക്കും നാടോടികളായി
നീങ്ങിയാണ് ജീവിച്ചുപോന്നിരുന്നത്. ഞങ്ങളുൾപ്പെടുന്ന ഗോത്രവർഗത്തിൽ
ഇരുനൂറോളം വിഭാഗങ്ങളുണ്ട്. മൊത്തത്തിൽ അവരെയെല്ലാം
‘ഗുമക്കഡ്’ എന്നാണ് വിളിക്കപ്പെടുന്നത്. എന്നുവ
ച്ചാൽ ക്രിമിനൽ ട്രൈബ്സ്. 1871-ൽ ബോംബെ പ്രസിഡൻസി
യിലെ ഒരു നിയമവകുപ്പ് പ്രകാരമാണ് നാടോടികളായ ഞങ്ങളുടെ
സമുദായത്തെ ക്രിമിനൽ വംശജരാക്കി ഇംഗ്ലീഷുകാർ മാമോദീസാ
മുക്കിയത്. പിന്നീട് 1913-ൽ നടന്ന സെറ്റിൽമെന്റ് പ്രകാരം
ഈ ക്രിമിനൽ വംശജരെ മുന്നൂറോളം ഏക്കർ സ്ഥലത്ത് ചുറ്റും
വലിയ കമ്പിവേലി കെട്ടി അതിനുള്ളിൽ പാർപ്പിച്ചു. പുറത്തുപോകാൻ
അനുവാദമില്ല. ഞങ്ങൾ ആ ക്യാമ്പിലുണ്ടെന്ന് ഉറപ്പുവരുതതാനായി
ദിവസവും പലവട്ടം ഹാജരെടുക്കുമായിരുന്നു. സോലാപൂരിലായിരുന്നു
ഇങ്ങനെ ആദ്യത്തെ സെറ്റിൽമെന്റ് നടന്നത്.
1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഈ ഗോത്രസമൂഹത്തിന്
മാത്രം സ്വാതന്ത്ര്യമായില്ല. പിന്നീട് 1952 ആഗസ്റ്റ്
31-നാണ് പ്രത്യേക പരിഗണനയിൽ ഇവരെ വിമുക്തരാക്കിയത്.
അതിനിടയിൽ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന എഴുതിക്കഴി
ഞ്ഞിരുന്നതിനാൽ ആ ഭരണഘടനയിൽ ഞങ്ങളുടെ ഗോത്രസമൂഹത്തിന്റെ
സ്വാതന്ത്ര്യമോ പൗരത്വമോ പരാമർശിക്കപ്പെടാതെ
പോവുകയും ചെയ്തു. അതിനാൽ ഞങ്ങളെ രേഖയിൽ പെടാത്ത
നാടോടിവർഗ(ഉണഭമളധതധണഢ മ്രബടഢധഡ ൗറധഠണല)മാക്കി എഴുതിത്ത
ള്ളി. ഇംഗ്ലീഷുകാരുടെ രേഖയിൽ ക്രിമിനൽ ട്രൈബുകളെങ്കിലുമായ
ഞങ്ങൾ ഭാരതസർക്കാരിന്റെ രേഖയിൽ പെടാതെ ഇന്നും
ഞങ്ങളുടെ അസ്തിത്വാന്വേഷണം തുടരുകയാണ്. ആ സമൂഹത്തി
ൽനിന്ന് വിദ്യാഭ്യാസം നേടിയ ആദ്യവ്യക്തിയാണ് ഞാൻ. വിദ്യാഭ്യാസമെന്ന്
വച്ചാൽ പത്താംക്ലാസ് വരെ. തുടർന്ന് പഠിക്കാൻ
ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ അനുവദിച്ചില്ല.
ലാത്തൂരിലാണ് ഞാൻ പഠിച്ചത്. വീട്ടുകാർക്കൊന്നും ഞാൻ പഠി
ക്കാൻ പോകുന്നതിൽ താൽപര്യമില്ലായിരുന്നു. എന്നെ പഠിപ്പിച്ച്
വലിയ ആളാക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. പക്ഷേ
അച്ഛന് അതിന് കഴിയുമായിരുന്നില്ല. അതിനാൽ ലാത്തൂരിലെ
തുണിമില്ലിൽ പണിക്കു പോവുകയാണ് ഞാൻ ചെയ്തത്.
തുണിമില്ലിൽ ചാട്ടവാറുകൊണ്ട് അടിച്ചാണ് എന്നെക്കൊണ്ട്
പണിയെടുപ്പിച്ചിട്ടുള്ളത്. അവരുടെ കണ്ണിൽ നികൃഷ്ടനായിരുന്നു
ഞാൻ. അടി കൊണ്ട് ഭക്ഷണം വരെ ഇട്ടെറിഞ്ഞ് ഓടിപ്പോയിട്ടുണ്ട്
ഞാൻ. പോലീസ് എന്റെ അമ്മയുടെ സാരി വലിച്ചഴിക്കുന്നതും
എന്റെ സഹോദരിയെ മർദിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം
ഇത്തരമൊരു സമുദായത്തിൽ ജനിച്ചുപോയ കുറ്റത്തിന്
ഞാൻ സ്വയം ശപിക്കാറുണ്ട്.
തുണിമില്ലിൽ പണി ചെയ്യുന്നതിനിടയിൽ ഭഗവാൻ റാവു
ദേശ്പാണ്ഡെ എന്ന അഭിഭാഷകൻ എന്നെ തൊഴിലാളി സംഘടനാപ്രവർത്തനങ്ങളിലേക്ക്
കൂട്ടിക്കൊണ്ടുവന്നു. ഇടതുപക്ഷ
ത്തോടായിരുന്നു എന്റെ ചായ്വ്. അങ്ങനെ പലതും വായിക്കാൻ
അവസരം ലഭിച്ചു. ഒപ്പം എഴുതാനും ശ്രമിച്ചു. കവിതയെന്നു വിളി
ക്കാവുന്ന ഗീതങ്ങളായിരുന്നു എഴുതിത്തുടങ്ങിയത്. സംഘടനായോഗങ്ങളിലും
മറ്റും അവ വായിച്ചു കേൾപ്പിച്ചപ്പോൾ അഭിനന്ദ
നങ്ങളും പ്രോത്സാഹനങ്ങളും ലഭിച്ചു. ‘ബന്ദ് ദർവാസ’ എന്നൊരു
കൃതി ഒരു മാസികയിൽ അച്ചടിച്ചുവരിക കൂടി ചെയ്തപ്പോൾ തുടർ
ന്നെഴുതാൻ പ്രചോദനമായി.
ഇതിനിടയിൽ എന്റെ സംഘടനാപ്രവർത്തനങ്ങളും സാമൂഹ്യ
പ്രവർത്തനങ്ങളും വിപുലമായി. 1976-ൽ ഓൾ ഇന്ത്യ ഡീനോട്ടി
ഫൈഡ് നൊമാഡിക് ട്രൈബ്സ് അസോസിയേഷൻ സ്ഥാപിച്ച്
അതിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത ബംഗാളി എഴു
ത്തുകാരി മഹാശ്വേതാദേവി, ബല്ലയ്യ നായിഡു എന്നിവർ ഞങ്ങ
ളുടെ ഈ സംഘടനയ്ക്ക് പിന്തുണയുമായെത്തി. ഇപ്പോഴും ആ
സംഘടന സജീവമാണ്. സംഘടനയുടെ മഹാരാഷ്ട്രാഘടകം
പ്രസിഡന്റാണ് ഞാൻ. മറാത്താവാഡിയിൽ ഈ സംഘടനയുടെ
പ്രക്ഷോഭം നടക്കുമ്പോൾ 25000-ത്തിൽപരം വരുന്ന ഒരു ജനക്കൂ
ട്ടത്തെ നയിച്ച് ശ്രദ്ധേയനായി. അങ്ങനെയാണ് ‘അക്കർമാശി’
യുടെ രചയിതാവായ ശരൺകുമാർ ലിംബാലെയുമായി പരിചയ
ത്തിലായത്. ഉചല്യ എന്ന ആത്മകഥാപരമായ നോവൽ അദ്ദേഹ
ത്തിന്റെ പ്രേരണയിലും മാർഗനിർദേശത്തിലുമാണ് ഞാൻ പൂർ
ത്തിയാക്കിയത്. സ്വന്തമായി നാടും വീടും തൊഴിലുമില്ലാത്ത നിസ്സ
ഹായരും നിഷ്കളങ്കരും അദ്ധ്വാനശീലരുമായ ഒരു മനുഷ്യസമൂഹത്തെ
സ്വന്തം രാജ്യത്തുതന്നെ ക്രിമിനലുകളും രേഖയിൽ
പെടാത്തവരുമാക്കിക്കൊണ്ട് വഞ്ചിക്കപ്പെട്ട പീഡാനുഭവങ്ങൾ
എരിയുന്ന നെരിപ്പോടായി നെഞ്ചിൽ സൂക്ഷിക്കുന്ന ഉചല്യ വർ
ഗത്തിന്റെ ജീവിതത്തിന് പുതിയ അർത്ഥവും അന്തസും തിരയുകയായിരുന്ന
എനിക്ക് ആ വർഗത്തിന്റെ ഐഡന്റിറ്റി വെളിപ്പെടുത്ത
ണമെന്നത് ഒരു തീവ്ര സപര്യയായിരുന്നു. ഇതിനായി കണ്ടെ
ത്തിയ മാർഗം എഴുത്താണ്. പക്ഷെ എന്തെഴുതണമെന്ന് നിശ്ച
യമുണ്ടായിരുന്നില്ല. കവിതയോടായിരുന്നു ആകർഷണമെങ്കിലും
എഴുതിവന്നപ്പോൾ അത് നോവലോ ആത്മകഥയോ ആയി.
അതിന് ഞാൻ പ്രതിനിധീകരിക്കുന്ന ഗോത്രവർഗത്തിന്റെ പേരുതന്നെ
നൽകി – ‘ഉചല്യ’.
ഉചല്യയിൽ സാഹിത്യസംബന്ധമായ മൂല്യങ്ങളേക്കാൾ കൂടുതൽ
സാമൂഹ്യശാസ്ര്തപരമായ യാഥാർത്ഥ്യങ്ങൾക്ക് മുൻതൂക്കം
നൽകാനാണ് ഞാൻ ശ്രമിച്ചത്. കാരണം വെറും പത്താംക്ലാസുകാരനായ
എന്റെ അനുഭവ യാഥാർത്ഥ്യങ്ങൾ സാഹിത്യത്തിന് വഴ
ങ്ങുന്നതായിരുന്നില്ല. ഞങ്ങളെ മനുഷ്യരായി അംഗീകരിക്കാൻ
കൂട്ടാക്കാത്തവരോടുള്ള ഒരു പകപോക്കൽ കൂടിയായിരുന്നു ഉചല്യ
യിലൂടെ ഞാൻ നിർവഹിച്ചത്. എനിക്കതിൽ സംതൃപ്തിയുണ്ട്. ഒപ്പം
അടങ്ങാത്ത വേദനയും.
ഉചല്യ എന്ന നോവൽ 25 വർഷം പൂർത്തിയാക്കിയിരി
ക്കുന്ന ഒരു സാഹചര്യത്തിൽ താങ്കൾ ആ കൃതിയെ എങ്ങനെ
വിലയിരുത്തും?
ഒരു കൃതിയും വിലയിരുത്തേണ്ടത് രചയിതാവല്ല, വായനക്കാ
ർതന്നെയാണ്. ഇത്രയും കാലത്തിനിടയിൽ നിരവധി ഭാഷകളി
ലേക്ക് വിവർത്തനം ചെയ്യപ്പെട്ടതും മൂലകൃതിയുടെ 12 പതിപ്പുകളിറങ്ങിയതുമാണ്
ഉചല്യയെ സംബന്ധിച്ചിടത്തോളം വായനക്കാരുടെ
വിലയിരുത്തൽ. അതേസമയം ഉചല്യ എന്ന നോവൽ
എനിക്ക് വളരെയേറെ പേരും പ്രശസ്തിയും അംഗീകാരങ്ങളും
പണവും നേടിത്തന്നുവെങ്കിലും അതിലെല്ലാമുപരിയായി ഡിനോ
ട്ടിഫൈഡ് നൊമാഡിക് ട്രൈബ്സ് എന്ന ഞങ്ങളുടെ സമുദായ
ത്തിന് സാമൂഹ്യനീതി ലഭ്യമാക്കാൻ അത് സഹായകമായി എന്നു
ള്ളതാണ്. ഈ പുസ്തകം വായിച്ച് ഇന്നും പല ദേശഭാഷക്കാരും
എന്നെ വിളിച്ച് അഭിനന്ദിക്കുകയും വിസ്മയം പ്രകടിപ്പിക്കുകയും
ചെയ്യാറുണ്ട്. വേൾഡ് മറാഠി ഭാഷാ സമ്മേളനം മുംബയിൽ നട
ന്നപ്പോൾ അതിലെ മുഖ്യാതിഥിയായി എന്നെ ക്ഷണിച്ചത് ഉചല്യ
നിമിത്തമായിരുന്നു. 1994-ൽ ചൈന സന്ദർശിക്കാനിടയായതും
മറ്റും ഉചല്യയുടെ പേരിലായിരുന്നു. ഇങ്ങനെ ഉചല്യ എന്ന
പുസ്തകം നിമിത്തം എത്രകണ്ട് സന്തോഷം ലഭിച്ചുവോ അത്രതന്നെ
വേദനകളും എനിക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്. എന്റെ ഉയ
ർച്ച ചിലർക്കെല്ലാം ഇഷ്ടപ്പെട്ടപ്പോൾ മറ്റു ചിലർക്കത് സഹിക്കാനായില്ല.
ഇതിൽ എന്റെ അടുത്ത ആൾക്കാരും സമുദായക്കാരും
മറ്റു ചില ജാതിവാദികളുമൊക്കെ ഉൾപ്പെടുന്നു. അവരെല്ലാം
ചേർന്ന് എന്നെ കൊലപ്പെടുത്താൻ വരെ ശ്രമിച്ചതിനു പുറമെ
എന്റെ കുടുംബക്കാരെ മർദിക്കുകയും മാനസിക പീഡനയിൽ നൽ
കുകയും ചെയ്തു. ഉചല്യ എന്ന നോവലിലൂടെ ഞാൻ ക്രിമിനലുകളായ
ഞങ്ങളുടെ സമൂഹത്തെ ഒറ്റുകൊടുക്കുകയാണെന്ന ആരോപണം
വരെ എനിക്കെതിരെ നടന്നു. അതിനാൽ ഒരു എഴുത്തുകാരൻ
എന്നതിനു പകരം പണ്ടത്തെ ആ ലക്ഷ്മൺ ഗെയ്ക്വാദ്
തന്നെയായി തുടർന്നാൽ മതിയെന്നുപോലും എനിക്ക് തോന്നിയി
ട്ടുണ്ട്. മാനസികമായി തളർന്ന ഞാൻ ഒടുവിൽ ലാത്തൂരിലെ ;ഭൂക
മ്പത്തിനുശേഷം കുടുംബത്തെയും കൊണ്ട് മുംബയിലേക്ക് വരി
കയാണ് ചെയ്തത്. എന്നാൽ ഞങ്ങളുടെ സമൂഹത്തിന് നീതി ലഭി
ക്കാൻ വേണ്ടിയുള്ള എന്റെ പോരാട്ടം ഞാൻ തുടരുകതന്നെയാണ്.
ജന്മംകൊണ്ട് കുറ്റവാളിയായി മുദ്രകുത്തപ്പെട്ട വർഗം മറ്റി
ടങ്ങളിലുമുണ്ടോ?
ആന്ധ്ര, കർണാടക, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, ഉത്ത
ർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെല്ലാമുണ്ട്.
ഡിനോട്ടിഫൈഡ് നൊമാഡിക് ട്രൈബ്സ് അസോസി
യേഷന്റെ പ്രധാന അജണ്ട എന്താണ്?
രാജ്യത്ത് എട്ടുകോടിയിൽപരം ജനസംഖ്യയുള്ള ഒരു വിഭാഗ
ത്തിനെതിരെ പണ്ട് ജന്മംകൊണ്ട് കുറ്റവാളികളായി മുദ്രകുത്തി
ക്കൊണ്ടുള്ള ബ്രിട്ടീഷ് നിയമം ഇപ്പോഴും തുടർന്നുവരുന്നത് നിർ
ത്തലാക്കി അവരെ ഭാരതത്തിലെ മറ്റെല്ലാ പൗരന്മാരെയും
പോലെ സമാനമായ അധികാരവും അവകാശങ്ങളും നൽകി പരി
ഗണിക്കണമെന്നതാണ് സംഘടനയുടെ പ്രധാന അജണ്ട.
പ്രക്ഷോഭം എവിടെ വരെ എത്തിനിൽക്കുന്നു?
കഴിഞ്ഞ 25 വർഷങ്ങളായി മഹാരാഷ്ട്രയിൽ മാത്രം ഒതുങ്ങിനി
ന്നിരുന്ന പ്രവർത്തനങ്ങൾ ഇന്ന് ഗുജറാത്ത്, മധ്യപ്രദേശ്, യു.പി.,
ആന്ധ്ര, കർണാടക, ബംഗാൾ എന്നിവിടങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു.
ഇതിനോടനുബന്ധമായി രാജ്യവ്യാപകമായി ‘ഡിനോ
ട്ടിഫൈഡ് നൊമാഡിക് ട്രൈബ്സ് റൈറ്റ്സ് ആക്ഷൻ ഗ്രൂപ്പ്
ഇന്ത്യ’ എന്ന മറ്റൊരു സംഘടനയും പ്രവർത്തിച്ചുവരുന്നു. ഈ
സംഘടനയുടെ നിരന്തരമായ ഇടപെടൽ മൂലം ഭാരത സർക്കാർ
ഒരു ‘തേഡ് ഷെഡ്യൂൾ’ തയ്യാറാക്കുന്ന കാര്യം ഏലോചിച്ചുവരികയാണ്.
ഏതാനും വർഷങ്ങൾക്കു മുമ്പ് ആദ്യമായി നൊമാഡിക്
ഗോത്രവർഗക്കാരുടെ വികസനത്തിനായി ഒരു സ്വതന്ത്ര മന്ത്രാലയം
സ്ഥാപിതമായതും ജനങ്ങളുടെ പ്രക്ഷോഭത്തിന്റെയും
എന്റെ ഉചല്യ എന്ന പുസ്തകത്തിന്റെയും നേട്ടമാണ്.
ജന്മംകൊണ്ട് കുറ്റവാളികളായ ഒരു സമുദായത്തിൽ ജനിച്ച
താങ്കൾ കളവ് നടത്തിയിട്ടുണ്ടോ?
ഞങ്ങളുടെ സമുദായത്തിൽ കുട്ടികൾക്ക് എട്ടൊമ്പതു വയസാകുമ്പോൾതന്നെ
അവരെയും കളവ് പഠിപ്പിക്കുമായിരുന്നു. ഞാൻ
സ്കൂളിൽ പഠിക്കാൻ പോയിരുന്നതിനാൽ എനിക്ക് ആ ഊഴം
വീണുകിട്ടിയില്ല. എന്നാൽ എന്റെ ജ്യേഷ്ഠൻ മാണിക് ദാദയ്ക്ക് ആ
ദുര്യോഗമുണ്ടായിട്ടുണ്ട്.
മില്ലിൽ പണി ചെയ്തിരുന്ന താങ്കൾ എങ്ങനെയാണ്
സ്കൂളിൽ പോയിരുന്നത്?
മില്ലിൽ എനിക്ക് സ്ഥിരം രാത്രി ഷിഫ്റ്റായിരുന്നു. 11 മുതൽ
പുലർച്ചെ 7 വരെ ജോലി. അതു കഴിഞ്ഞ് വീട്ടിലെത്തി എന്തെ
ങ്കിലും കഴിച്ച് ഒമ്പതു മണി വരെ ഉറങ്ങും. പത്തുമണിക്ക് സ്കൂളിൽ
പോകും. അഞ്ചു മണിവരെയായിരുന്നു സ്കൂൾ.
ഏത് സ്കൂളിലാണ് പഠിച്ചത്?
മുമ്പ് നാലാംക്ലാസുവരെ ബാദൽഗാവ് സ്കൂളിലായിരുന്നു.
പിന്നീടാണ് ലാത്തൂരിലെ മില്ലിൽ പണിക്ക് കേറിയത്. അതോടെ
സ്കൂൾ വിട്ടു. അതിനുശേഷം മില്ലിലെ നല്ലവനായ ടൈം കീപ്പ
റുടെ ഉപദേശപ്രകാരമാണ് വീണ്ടും ലാത്തൂരിലെ ശിവാജി
ഹൈസ്കൂളിൽ ചേർന്നത്.
സ്കൂളിൽ സഹപാഠികളുടെ സമീപനം എങ്ങനെയായി
രുന്നു?
ഞാൻ ഉചല്യ വംശത്തിൽ നിന്നുള്ളവനായിരുന്നതിനാൽ
പലരും വെറുപ്പോടെയാണ് എന്നെ വീക്ഷിച്ചിരുന്നത്. മറ്റു ചിലർ
എന്റെ കണ്ണു തട്ടുമെന്ന് കരുതി ഒഴിഞ്ഞുമാറി.
ഉചല്യയ്ക്കുശേഷമുള്ള രചനകൾ ഏതെല്ലാം?
ഇതുവരെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ദുഭംഗ്,
വഡ്ഡാർ വേദ്ന, വക്കീല്യ പാർധി, വിപാഷണ, ഉഠാവ് എന്നിവ
അവയിൽ ചിലതാണ്. ഇതിൽ ഏറ്റവും ഒടുവിലെഴുതിയതാണ്
ഉഠാവ്. അഴിമതിക്കെതിരെയുള്ള ഉയിർത്തെഴുന്നേല്പാണ് ഇതിന്റെ
ഇതിവൃത്തം. ലാത്തൂരിൽ ഭൂകമ്പം തകർത്ത ജീവിതങ്ങളെ സ്പർ
ശിക്കുന്നതാണ് ദുഭംഗ് എന്ന നോവൽ. അദ്ധ്വാനശീലരായ
വഡ്ഡാർ സമൂഹത്തെ കുറിച്ചുള്ള ‘വഡ്ഡാർ വേദ്ന’യ്ക്ക് 2001-ൽ
സർക്കാരിന്റെ മഹാരാഷ്ട്രാ ഗൗരവ് പുരസ്കാരവും വക്കീല്യ പാർ
ധിക്ക് മഹാരാഷ്ട്രാ ഫൗണ്ടേഷൻ പുരസ്കാരവും ലഭിച്ചു. സാർക്ക്
ലിറ്റററി അവാർഡ് അടക്കം അറുപതോളം പുരസ്കാരങ്ങൾ
എന്റെ എല്ലാ കൃതികൾക്കുമായി ഇതുവരെ ലഭിച്ചു.
താങ്കളുടെ കൃതികളെല്ലാം സമൂഹത്തെ കേന്ദ്രീകരിച്ചുള്ളതാണല്ലോ?
മനുഷ്യനാണ് സമൂഹത്തിന്റെ ആണിക്കല്ല്. മനുഷ്യനില്ലെങ്കിൽ
സമൂഹമില്ല. മനുഷ്യന്റെ കഥ പറയുമ്പോൾ സമൂഹം സ്വാഭാവികമായും
കഥാപാത്രമാകുന്നു. മനുഷ്യൻ നന്നായാൽ സമൂഹവും
നന്നാകും.
അപ്പോൾ സമൂഹത്തെ നന്നാക്കാൻ വേണ്ടിയാണോ എഴു
ത്ത്?
എന്നു ഞാൻ പറയില്ല. എന്നാൽ സാമൂഹിക മാറ്റത്തിന് ഒരുപക്ഷേ
എഴുത്ത് നിമിത്തമായേക്കാം. ഉചല്യ അതാണ് തെളിയി
ച്ചത്. ഞങ്ങളുടെ സമുദായത്തിന്റെ പ്രശ്നങ്ങളും ഞങ്ങൾക്കെതിരെ
നടന്നുവന്നിരുന്ന അന്യായങ്ങളും അനീതികളും പുറത്തുകൊണ്ടുവരാൻ
ഉചല്യ എന്ന പുസ്തകത്തിന് കഴിഞ്ഞു. പലരും ഈ പുസ്തക
ത്തിന്മേൽ പി.എച്ച്.ഡി. എടുത്തു. അതിക്ഷുദ്രമായ ജാതിയിൽ
ജനിച്ച എന്റെ ആത്മനിവേദനങ്ങൾ ഏതെങ്കിലുമൊരു വ്യക്തിയി
ലൊതുങ്ങുന്നതല്ല, മറിച്ച് ലക്ഷക്കണക്കിന് ആളുകളുടേതാണെന്ന്
ഉചല്യ തെളിയിക്കുകയുണ്ടായി.
താങ്കളൊരിക്കൽ സോലാപൂരിൽ നിന്ന് ലോക്സഭാതെരഞ്ഞെടുപ്പിൽ
മത്സരിക്കാൻ തയ്യാറായശേഷം പിന്മാറിയതെ
ന്തുകൊണ്ടാണ്?
ശരിയാണ്. മുൻപ്രധാനമന്ത്രി വി.പി. സിംഗിന്റെ ഉപദേശപ്രകാരമാണ്
ബി.എസ്.പിയുടെ ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങിയത്.
അവസാന നിമിഷത്തിൽ പിന്മാറുകയായിരുന്നു. നമ്മുടെ
രാജ്യത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥി നന്നായതുകൊണ്ട്
കാര്യമില്ലെന്നും മറിച്ച് അയാൾ പണവും സ്വത്തും പ്രശ
സ്തിയും ഉള്ള ഉന്നതകുലജാതനായിരിക്കുന്നതോടൊപ്പം ഗുണ്ടായി
സം, കാപട്യം തുടങ്ങിയ കലകളിൽ വിദഗ്ദ്ധനായിരിക്കണമെന്നുമുള്ള
വൈകിക്കിട്ടിയ അറിവാണ് തെരഞ്ഞെടുപ്പു മത്സരത്തിൽ
നിന്ന് പിന്മാറാൻ പ്രേരണയായത്.
ഇന്ന് മറാഠിസാഹിത്യരംഗത്ത് ശ്രദ്ധേയരായ എഴുത്തുകാർ
ആരെല്ലാമാണ്?
മറാഠിസാഹിത്യരംഗം ഇപ്പോഴും അതിന്റെ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്നുണ്ട്.
ശ്രദ്ധേയരായ പലരും ഈ രംഗത്തുണ്ട്. ജയന്ത്
പവാർ, പ്രധ്ന്യ പവാർ തുടങ്ങിയവർ അവരിൽ ചിലർ മാത്രം.
സാഹിത്യനിരൂപണരംഗം എങ്ങനെ?
മറാഠി സാഹിത്യനിരൂപണ രംഗത്ത് ഭാൽ ചന്ദ്ര ഫഡ്കെ,
വസന്ത് ആബാജി സഹാകെ, ആർ.ജി. ജാധവ്, ഹാത്
കണ്ടംഗ്ലേകർ, മധു ജാംബ്കർ, ഗംഗാധർ പാൻതാവ്ണെ തുട
ങ്ങിയ നിരൂപക ശ്രേഷ്ഠന്മാർക്ക് ശേഷം ഈ രംഗത്ത് മികവ് പുല
ർത്തിക്കൊണ്ട് പുതിയവരാരും കടന്നുവരുന്നതായി കാണുന്നില്ല.
നിരൂപണരംഗം ഏതാണ്ട് ശുഷ്കമായിക്കൊണ്ടിരിക്കുകയാണെന്നു
വേണം പറയാൻ.
ഇന്റർനെറ്റും സെൽഫോണുമൊക്കെ പുതിയ തലമുറക്കാരുടെ
വായനാശീലം അപഹരിച്ചതായി പറയപ്പെടുന്നത്
എന്തുകൊണ്ട്?
ചുരുങ്ങിയപക്ഷം മറാഠിയിൽ അങ്ങനെയില്ലെന്ന് ഞാൻ പറയും.
കോളേജുകളിലും മറ്റ് യുവതലമുറക്കാരുടെ സദസ്സുകൾക്കു
മുന്നിലും പ്രസംഗിക്കാൻ ചെല്ലുമ്പോഴുള്ള അനുഭവങ്ങളുടെ അടി
സ്ഥാനത്തിലാണ് ഇത് പറയുന്നത്. അവരെല്ലാം വായനയിൽ
തൽപരരാണ്. അവരുടെ ചിന്തകൾ വളരുന്നുണ്ട്. അവർ പ്രാണഭാഷാവാദികളല്ല.
ഇന്റർനെറ്റും സെൽഫോണും ഉപയോഗിക്കുന്ന
വരുമാണവർ. അവ കാലത്തിന്റെ ആവശ്യമാണ്. അവയ്ക്ക് അവരുടേതായ
വഴിയുണ്ട്.
താങ്കളുടെ മക്കൾ ഉചല്യ വായിച്ചശേഷമുണ്ടായ പ്രതികരണങ്ങൾ?
നോവലിന്റെ ഉള്ളടക്കം അവരുടെ മനസ്സിനെ സ്പർശിക്കുകയുണ്ടായെങ്കിലും
തങ്ങളും ഉചല്യ സമുദായത്തിൽപെട്ടതാണെന്നു
ള്ളതിന്റെ അപകർഷതാബോധമൊന്നും അവരെ ബാധിക്കുകയു
ണ്ടായില്ല.
താങ്കളുടെ സമുദായത്തെ ജന്മംകൊണ്ട് കുറ്റവാളികളായി
മുദ്രകുത്തിയ ബ്രിട്ടീഷുകാർ എന്നേ തിരിച്ചുപോയി. ഇപ്പോൾ
നമ്മുടെ രാജ്യം ഭരിക്കുന്ന രാഷ്ട്രീയക്കാരെക്കുറിച്ച് എന്താണഭിപ്രായം?
സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ രാഷ്ട്രീയക്കാരിൽ വരേണ്ടി
യിരുന്ന മാറ്റം നടന്നിട്ടില്ല. അവരുടെ രീതികളും പഴയപടിതന്നെ.
എല്ലാവരും തങ്ങളുടെ കോട്ടകൾ പടുത്തുയർത്താനുള്ള മത്സര
ത്തിലാണ്. രാജ്യവും രാജ്യത്തെ ജനങ്ങളും അവർക്ക് പ്രശ്നമേയല്ല.
ഒരുവശത്ത് ഉപജീവനത്തിന്റെ എല്ലാ വഴികളും അടഞ്ഞതി
നാൽ വിശപ്പടക്കാൻ മറ്റ് നിർവാഹമില്ലാതെ പത്തോ ഇരുപതോ
രൂപ മോഷ്ടിക്കുന്നവരെ ഏറ്റവും വലിയ കുറ്റക്കാരായി പ്രഖ്യാപി
ക്കുമ്പോൾ മറുവശത്ത് കൈക്കൂലിയും അഴിമതിയും നടത്തി
കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നവർ വാഴ്ത്തപ്പെടുകയും
സംരക്ഷിക്കപ്പെടുകയുമാണ്. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നി
ല്ല. മെട്രോപൊളിറ്റൻ നഗരങ്ങളിൽപോലും ദേശഭാഷകളുടെ അടി
സ്ഥാനത്തിൽ വെറുപ്പും വിദ്വേഷവും പരോക്ഷമായോ പ്രത്യക്ഷ
മായോ കുത്തിപ്പൊക്കുകയാണ്. വരുംകാലങ്ങളിൽ ഏറെ പ്രശ്നങ്ങ
ൾ നമ്മുടെ രാജ്യത്തിന് നേരിടേണ്ടതായിവരും.
കള്ളന്മാരുടെ സമുദായത്തിൽനിന്ന് ആദ്യമായി വിദ്യാഭ്യാസം
നേടിയ താങ്കൾ എഴുത്തിലൂടെ പല പുരസ്കാര
ങ്ങളും നേടിയിട്ടുണ്ടെങ്കിലും കുടുംബം പുലർത്തുന്നതെങ്ങ
നെ?
നേരത്തെ സൂചിപ്പിച്ചതുപോലെ, കള്ളനെന്ന വിളി കേൾ
ക്കാതിരിക്കാൻ വേണ്ടിയാണ് അടിയും തൊഴിയും സഹിച്ച് തുണി
മില്ലിൽ തൊഴിൽ ചെയ്തത്. പിന്നെ തൊഴിലാളിസംഘടനയിൽ
പ്രവർത്തിക്കുമ്പോഴും പല തൊഴിലും ചെയ്തു. സാഹിത്യ അക്കാദമി
അവാർഡ് നേടുമ്പോൾ ടാക്സിഡ്രൈവറായിരുന്നു.
അവാർഡ് നേടി പേരും പടവുമെല്ലാം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെ
ട്ടുതുടങ്ങിയപ്പോൾ തുണികൊണ്ട് മുഖം മറച്ചാണ് ടാക്സി ഓടിച്ചി
രുന്നത്. മുംബയിലെത്തിയശേഷവും പല തൊഴിലും ചെയ്തു. ഒടുവിൽ
മുംബയിലെ ഗോരെഗാവിലുള്ള ഫിലിം സിറ്റിയിൽ മഹാരാഷ്ട്രാ
സർക്കാരിന്റെ അനുമതിയോടെ 20 വർഷം മുമ്പ് ഒരു തട്ടുകട
ആരംഭിച്ചത് കുറെക്കൂടി മോടി പിടിപ്പിച്ച് കാന്റീനായി ഇപ്പോഴും
നടത്തിവരുന്നു. മെക്കാനിക്കൽ എഞ്ചിനീയറായ മകനും സഹായത്തിനുണ്ട്.
ഒരു ദിവസം നിരവധി ചലച്ചിത്ര താരങ്ങളും മറ്റും
എത്തുന്ന ഫിലിം സിറ്റിയിൽ കാന്റീൻ നടത്തുന്ന താങ്കളെ
ആരെങ്കിലും തിരിച്ചറിയാറുണ്ടോ?
അപൂർവം ചിലർ മാത്രം. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനുമൊക്കെ
അതിൽപെടും. അവർ വന്ന് കുശലം പറയാറുണ്ട്.
ബാക്കിയെല്ലാവർക്കും ഞാനൊരു കാന്റീൻനടത്തിപ്പുകാരൻ
മാത്രം.
ഇപ്പോൾ എന്തെങ്കിലും എഴുതുന്നുണ്ടോ?
രവീന്ദ്ര ഭവൻ എന്ന പേരിൽ കേന്ദ്ര സാഹിത്യ അക്കാദമി
യെയും അവിടത്തെ അനുഭവങ്ങളെയും കുറിച്ച് എഴുതിക്കൊണ്ടി
രിക്കുകയാണ്. എഴുത്തിൽ മറ്റു ചില പ്രൊജക്ടുകളും മനസിലു
ണ്ട്. അവയിലൊന്ന് എന്റെ അനുഭവക്കുറിപ്പുകളാണ്.
അക്കാദമിയിൽ അംഗമാണോ?
അംഗമാണ്. കൂടാതെ ഇക്കഴിഞ്ഞ ജനുവരി വരെ എക്സിക്യൂ
ട്ടീവ് കമ്മിറ്റിയംഗവും കൂടിയായിരുന്നു.
അക്കാദമിയുടെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരു
ത്തുന്നു?
രാജ്യത്തെ എല്ലാ ഭാഷാസാഹിത്യമേഖലകളെയും പ്രതിനിധീ
കരിക്കുന്ന ഒരു സംയുക്ത ഘടകമായ കേന്ദ്ര സാഹിത്യ അക്കാദമിയിൽ
സഹകരണം എന്ന ഒന്നില്ല. അവിടെ പ്രാദേശിക ഭാഷക
ൾക്ക് സ്ഥാനമില്ല. പകരം ഇംഗ്ലീഷിനാണ്. അക്കാദമിയിൽ അംഗ
ങ്ങൾ ഇരിക്കുന്നതുപോലും ഏതാണ്ട് അയിത്തമുള്ളതുപോലെയാണ്.
അതായത് മറാഠിയും മലയാളവും ബംഗാളിയുമെല്ലാം
വെവ്വേറെയാണിരിക്കുക. അവിടെയും ലോബികളുടെ മത്സരമായതിനാൽ
നേതൃത്വത്തിലിരുന്നവർതന്നെ വീണ്ടും എത്തുന്നു.
വാസ്തവത്തിൽ സാഹിത്യ അക്കാദമിക്ക് ഭാരത സംസ്കൃതിയെ
പോഷിപ്പിക്കാൻ സ്വന്തമായൊരു ഭാഷ വേണ്ടിയിരിക്കുന്നു.
അക്കാദമി അവാർഡ് നേടിയ ലക്ഷ്മൺ ഗെയ്ക്വാദ്
എന്ന എഴുത്തുകാരന്റെ ഇപ്പോഴത്തെ ലോകം?
ഉചല്യയ്ക്ക് അക്കാദമി അവാർഡ് നേടിയ ശേഷം എന്റെ ലോകം
കൂടുതൽ വിസ്തൃതവും വിശാലവും തിരക്കേറിയതുമായിത്തീരുകയാണുണ്ടായത്.
രാജ്യത്തെ പ്രഗത്ഭരായ എല്ലാ എഴുത്തുകാരുമായും
സൗഹൃദം പങ്കുവയ്ക്കാനിടയായത് ഒരു വലിയ ഭാഗ്യമായി
ഞാൻ കരുതുന്നു. കേരളത്തിലെ എം.ടി. വാസുദേവൻ നായർ,
സച്ചിദാനന്ദൻ തുടങ്ങിയ എഴുത്തുകാരുമായുള്ള സൗഹൃദംതന്നെ
ഉദാഹരണമാണ്. സാഹിത്യസമ്മേളനങ്ങളിലും സെമിനാറുകളി
ലുമൊക്കെ സംബന്ധിക്കാൻ നിരന്തരം യാത്ര ചെയ്യേണ്ടതായും
വരുന്നു. കൊച്ചിയിലും തിരൂരിലെ തുഞ്ചൻപറമ്പിലുമൊക്കെ
എത്തിയത് അങ്ങനെയാണ്. ഇതിനെല്ലാമിടയിൽ എഴുതാനും
സംഘടനാപ്രവർത്തനങ്ങൾക്കുമായി സമയം കണ്ടെത്തുന്നു.
എന്റെ ദൗത്യവും അതാണല്ലോ.
1994-ൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചൈന
സന്ദർശനം മറക്കാനാകാത്ത ഒന്നാണ്. ‘ചീനീ മാത്തീത്ല്യ ദിവസ്’
എന്ന പുസ്തകം ആ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയതാണ്.
താങ്കളുടെ ‘ഗാന്ധിജി കാ ബക്രി’ എന്ന പ്രസിദ്ധമായ
ഹിന്ദികഥ എഴുതാനുണ്ടായ പ്രചോദനം?
അതൊരു യഥാർത്ഥ സംഭവത്തെ അല്ലെങ്കിൽ അനുഭവത്തെ
ആധാരമാക്കി എഴുതിയതാണ്.
ആ കഥയിലെ ഗാന്ധിജിയുടെ ആടും രാംസിംഗ് എന്ന
കഥാപാത്രവും സംഭവങ്ങളും യാഥാർത്ഥ്യവുമായി ബന്ധമു
ള്ളതാണോ?
ആ കഥ പറഞ്ഞാൽ നീണ്ടുപോകും. എങ്കിലും ചുരുക്കിപ്പറയാം.
സാബർമതിയിൽ രാംസിംഗ് എന്ന ഒരു പ്രമുഖ വ്യക്തിയെ
ആദരിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിക്കാൻ ചില
സുഹൃത്തുക്കൾ എന്നെ ക്ഷണിക്കുകയുണ്ടായി. സാബർമതി
യിലെ പ്രമുഖ വ്യക്തിയല്ലേ എന്ന് കരുതി സുഹൃത്തുക്കളുടെ
ക്ഷണവും സ്വീകരിച്ച് ഞാൻ പുറപ്പെട്ടു. അവിടെ ചെന്ന് ചടങ്ങിൽ
വച്ച് രാംസിംഗ് ആരാണെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.
എന്തുകൊണ്ടെന്നാൽ, ചെറുപ്പത്തിൽ ഗാന്ധിജിയുടെ ആടിനെ
വേവിച്ചുതിന്നതായിരുന്നു വയസാംകാലത്ത് രാംസിംഗ് ആദരിക്ക
പ്പെടാൻ നിമിത്തമായത്. രാംസിംഗ് ഇന്ന് ജീവിച്ചിരിപ്പില്ല.
താങ്കളുടെ സമുദായത്തിൽ പെട്ടവരിൽ (ഉചല്യ)
ഇപ്പോഴും മോഷണം നടത്തുന്നവരുണ്ടോ?
മഹാരാഷ്ട്രയിലെ സോലാപൂർ, ബീഡ് എന്നിവിടങ്ങളിലും
ആന്ധ്ര, കർണാടക എന്നിവിടങ്ങളിലും ഇതേ സമുദായത്തിൽ
പെട്ട കുറച്ചുപേർ ഇപ്പോഴും മോഷണം കുലത്തൊഴിലായി
കൊണ്ടുനടക്കുന്നുണ്ട്. എന്നാൽ ഇതേ സമുദായത്തിലെ പുതിയ
തലമുറക്കാരിൽ നല്ലൊരു വിഭാഗം ഇന്ന് വിദ്യാഭ്യാസം നേടി
ഐ.എ.എസ്., എഞ്ചിനീയർ എന്നിങ്ങനെ ബിരുദധാരികളായി
പല ഉന്നതസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നു. സോലാപൂരിൽ
നൂറുകണക്കിന് പേരെ മോഷണ തൊഴിലിൽ നിന്ന് പിന്തിരിപ്പിച്ച്
റിക്ഷാഡ്രൈവർമാരും മറ്റുമാക്കി അന്തസ്സുള്ള ജീവിതത്തിലേക്ക്
കൊണ്ടുവരാൻ എനിക്ക് കഴിയുകയുണ്ടായി. പലരും കടകൾ നട
ത്തിയും മാന്യമായ മറ്റ് തൊഴിലുകൾ ചെയ്തുമാണ് ഇപ്പോൾ ജീവി
ക്കുന്നത്.
ഉചല്യ ഇപ്പോൾ മറാഠിയിൽ സിനിമയാവുകയാണല്ലോ.
സിനിമയ്ക്ക് നോവലിനോട് നീതി പുലർത്താൻ കഴിയുമെന്ന്
തോന്നുന്നുണ്ടോ?
നോവലും സിനിമയും രണ്ട് വ്യത്യസ്ത മാധ്യമങ്ങളാകയാൽ
അത്തരമൊരു ആശങ്ക പുലർത്തുന്നതിൽ അർത്ഥമില്ല. എന്നാൽ
ഉചല്യ എന്ന നോവൽ ഉയർത്തിക്കാട്ടുന്ന വിഷയം സിനിമയെയും
സ്വാധീനിക്കാതിരിക്കില്ല.
ഉചല്യ സിനിമയാക്കുന്നത് ആരാണ്?
2010-ൽ നാല് ദേശീയ പുരസ്കാരങ്ങൾ നേടിയ ‘മീ സിന്ധുതായി
സപ്കാൽ’ എന്ന ചിത്രത്തിന്റെ സംവിധായകനും ബോളി
വുഡ് നടനും സർവോപരി മലയാളിയുമായ ആനന്ദ് മഹാദേവൻ
ആണ് ചിത്രം നിർമിക്കുന്നത്. ഉചല്യയുടെ തിരക്കഥയും അദ്ദേഹമാണ്
കൈകാര്യം ചെയ്യുന്നത്. പ്രശസ്ത ചലച്ചിത്ര പ്രവർത്തകരായ
ജബ്ബാർ പട്ടേൽ, അമോൽ പാലേകർ, വിജയ മേത്ത എന്നിവർ
ഇതിനുമുമ്പ് ഉചല്യ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും എന്തുകൊണ്ടോ
പിന്നീട് കയ്യൊഴിയുകയാണുണ്ടായത്. 2009-ൽ മികച്ച
നടനുള്ള ദേശീയ അവാർഡ് നേടിയ (ചിത്രം ജോഗ്വാ) ഉപേന്ദ്ര
ലിമയെ, 2012-ൽ ധാഗ് എന്ന മറാഠി ചിത്രത്തിലെ അഭിനയത്തിന്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഉഷജാധവ്, 2011-ൽ ബാബു
ബാന്റ് ബജാ എന്ന ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള
അവാർഡ് നേടിയ വിവേക് ചാബുക്സ്വാർ എന്നിവരാണ് അഭി
നേതാക്കൾ. പ്രശസ്ത മറാഠി ദളിത് കവി നാംദേവ് ധസ്വാൾ ഗാന
ങ്ങൾ രചിക്കുന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു?
എന്റെ ഭാര്യ നിരക്ഷരയാണ്. എന്നിരുന്നാലും എല്ലാം സഹിച്ച്
സാമൂഹ്യനീതിക്കുവേണ്ടിയുള്ള എന്റെ പ്രവർത്തനങ്ങളിൽ നല്ല
സഹകരണമാണ് നൽകുന്നത്. ഞങ്ങൾക്ക് രണ്ടു പെൺമക്കളും
ഒരു മകനുമുണ്ട്. വളരെ ബുദ്ധിമുട്ടിതന്നെ അവർക്ക് വിദ്യാഭ്യാസം
നൽകി. അവർക്ക് മാന്യമായ തൊഴിലുമുണ്ട്. എന്റെ മുത്തച്ഛനും
മുത്തശ്ശിയും അച്ഛനമ്മമാരും സഹോദരനുമെല്ലാം വയറിനുവേണ്ടി
ജീവിതം മുഴുവൻ ‘ഉചല്യ’ എന്ന ശാപവും പേറി അലഞ്ഞുനടന്നു.
അതേസമയം നീതിക്കും അവകാശങ്ങൾക്കും സാമൂഹികപരിവർത്തനത്തിനും
വേണ്ടിയുള്ള എന്റെ അലച്ചിൽ തുടരുകതന്നെയാണ്.
എങ്കിലും ഞങ്ങളുടെ വെറുക്കപ്പെട്ട സമുദായത്തിന്റെ
അലച്ചിലിൽ മാറ്റം വന്നിട്ടുള്ളതിൽ എനിക്ക് ആനന്ദമാണുള്ളത്.