വേറമ്മ എന്ന് ഞാൻ വിളിച്ചിരുന്ന എന്റെ അമ്മമ്മയുടെ നിത്യാനുഷ്ഠാനമായിരുന്നു കുളിക്ക് ശേഷമുള്ള രാമായണം വായന. വായന നിർത്തുന്നത് അഹല്യാസ്തുതിയോടെയായിരുന്നു. അത് കേട്ട് വളർന്നതുകൊണ്ടും വേറമ്മയോടുള്ള സ്നേഹംകൊണ്ടുമാവാം അതിപ്പോൾ എന്റെയും സ്ഥിരം പരിപാടിയായി മാറി.
അഹല്യാമോക്ഷം എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിലെ ബാലകാണ്ഡത്തിലാണ് വരുന്നത്. വിശ്വാമിത്രൻ സീതാസ്വയംവരത്തിന് രാമലക്ഷ്മണന്മാർക്കൊപ്പം വിദേഹ രാജ്യത്തിലേക്ക് പോകുന്നവഴി ഗംഗാതീരത് ഒരാശ്രമത്തിലെത്തി.
“പുണ്യദേശം ആനന്ദപ്രദം
സർവമോഹനകാരം ജന്തുസഞ്ചയഹീനം.”
മനസ്സിന് വലിയ ആഹ്ളാദമുണ്ടാക്കുന്ന ആ സ്ഥലത്തെക്കുറിച്ചു രാമൻ വിശ്വാമിത്രനോട് ചോദിച്ചു. അപ്പോഴാണ് ഗൗതമാശ്രമമാണതെന്നും
“ലോകേശൻ നിജസുതയായുള്ളോരഹല്യയാം
ലോക സുന്ദരിയായി ദിവ്യകന്യകാരത്നം
ഗൗതമ മുനീദ്രന് കൊടുത്തു വിധാതാവും” എന്ന് വിശ്വമിത്രൻ പറഞ്ഞു കൊടുക്കുന്നത്.
അങ്ങനെ ഗൗതമ മഹർഷിയുടെ ഭാര്യയായ അഹല്യയുടെ “ഭത്തൃ ശുശ്രുഷ ബ്രഹ്മചര്യാദി ഗുണങ്ങൾ കണ്ടെത്രയും പ്രസാദിച്ചു ഗൗതമ മുനീദ്രനും”. ഗൗതമ മഹർഷിയും അഹല്യയും ഏറെ നാൾ ആ പർണശാലയിൽ സന്തോഷത്തോടെ താമസിച്ചിരുന്ന കാര്യമൊക്കെ വിശ്വാമിത്രൻ രാമനോട് പറഞ്ഞു.
പക്ഷെ, അതങ്ങനെ അധിക നാൾ തുടരാൻ ദേവേന്ദ്രൻ സമ്മതിച്ചില്ല. ദേവ രാജാവിന് അഹല്യയോട് തോന്നിയ കാമാർത്തിയായിരുന്നു കാരണം.
“വിശ്വമോഹിനിയായൊരു അഹല്യരൂപം കണ്ട്
ദുസ്ച്യവനനും കുസുമായുധവശനായാൻ.
ചെന്തൊണ്ടി വയ്മലരും പന്തോക്കും മുലകളും
ചന്തമൊക്കും തുടക്കാംബുമാസ്വദിപ്പതി
നേന്തൊരു കഴിവെന്നു ചിന്ധിച്ചു ശതമഖൻ”.
ഒരു ദിനം, “ലൊകേശാത്മജസൂതനന്ദനനുടെ രൂപം
നാകനായകൻ കൈക്കൊണ്ടന്ത്യയാമാദിയിങ്കൽ
സന്ധ്യാവന്ദനത്തിന് ഗൗതമൻ പോയനേര
മന്താരാ പൂക്കാനുടജാന്തരെ പരവശാൽ
സൂത്രാമാവഹല്യയെ പ്രാപിച്ചു സസംഭ്രമം”.
“മിത്രൻ തന്നുദയം തൊട്ടടുത്തില്ലെന്നു കണ്ട” മഹർഷി തിരിച്ചു വന്നപ്പോൾ തന്റെ രൂപത്തിൽ നിൽക്കുന്ന ദേവേന്ദ്രനെ കണ്ട് “അതികോപം കൈക്കൊണ്ട് മുനീദ്രനും”. സത്യം പറഞ്ഞില്ലെങ്കിൽ ഭസ്മമാകുമെന്ന് അലറിയ മുനിയോട് തനിക്ക് തെറ്റ് പറ്റിയത് പൊറുക്കണമെന്ന് ദേവേന്ദ്രൻ അപേക്ഷിച്ചു. കോപം കുറക്കാനാകാതെ മഹർഷി ദേവേന്ദ്രനെ സഹസ്രഭഗനാകാൻ ശപിച്ചു.
മുറിക്കകത്തു പരിഭ്രമിച്ചു നിന്ന അഹല്യയെ ശിലാരൂപം കൈക്കൊണ്ട്, “നീഹാരതപവായുവർഷാദികൾ” സഹിച്ച് ആഹാരാദികളേതും കൂടാതെ രാമപാദാബ്ജം ധ്യാനിച്ച് വർഷങ്ങൾ കഴിക്കാനാണ് ശപിച്ചത്. പല ദിവ്യവത്സരം കഴിയുമ്പോൾ എത്തുന്ന രാമന്റെ പാദസ്പർശത്തോടെ ശാപമോക്ഷം കിട്ടുമെന്നും അങ്ങനെ ‘പൂതമാനസയായാൽ എന്നെയും ശുശ്രുഷിക്കാമെന്ന്’ പറഞ്ഞ് മഹർഷി ഹിമവൽ പ്രദേശങ്ങളിലേക്ക് യാത്രയായി.
അനേകായിരം വർഷങ്ങൾ തപസ്സ് ചെയ്ത അഹല്യ ഒടുവിൽ രാമപാദസ്പർശനമേറ്റ് ശാപമോചിതയായി.
രാമായണത്തിൽ വേറമ്മയെ അഹല്യയിലേക്ക് ആകർഷിച്ചതെന്താണെന്നറിയില്ല. (കൂടെ എപ്പോഴും എല്ലാവരും ഉണ്ടാവുമെന്ന മിഥ്യാധാരണകൊണ്ട് ചോദിക്കണമെന്ന് വിചാരിച്ചിട്ടും ചോദിക്കാതെ പോയ പലതിനൊപ്പം ഇതും). ഒരുപക്ഷെ അഹല്യയുടെ സ്വഭാവ വിശേഷങ്ങളാവാം. ഭർത്താവിന്റെ വേഷപ്പകർച്ചയിൽ വന്ന ദേവേന്ദ്രന്റെ സൂത്രം മനസ്സിലാക്കാനാവാതെ ചതിക്കപ്പെട്ടപ്പോഴും അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യമുള്ളപ്പോഴും ദേവേന്ദ്രനൊപ്പം തന്നെയും ശപിച്ച ഭർത്താവിനോടും തന്നോട് അനീതി കാണിച്ച ദേവേന്ദ്രനോടും ഒരു കടുത്ത വാക്ക് പോലും പറയാൻ അഹല്യ മുതിർന്നില്ല. തനിക്ക് സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അനേകായിരം വർഷങ്ങൾ ഏകാകിയായി, ശിലയായി തപസ്സ് ചെയ്ത് രാമപാദ സ്പർശം കൊണ്ട് ശാപമുക്തയാവുന്നത് വരെ മനസ്സ് കൂടുതൽ ശുദ്ധമാക്കാനാണ് അഹല്യ ശ്രമിച്ചത്.
മനുഷ്യ ജീവിതത്തിൽ ഇതുപോലെ ചതി-വഞ്ചനകൾ, സ്നേഹിക്കുന്നവരിൽ നിന്നുള്ള അവഗണനകൾ, ദേഷ്യം, പുറന്തള്ളൽ ഒക്കെ ഉണ്ടായെന്ന് വരം. അതിലൊന്നും തളരാതെ കുറ്റം ചെയ്യാത്ത മനസ്സിന്റെ ധൈര്യം തരുന്ന ശക്തിയിൽ ജീവിച്ച് പോകുമ്പോൾ ഒരു രാമപാദ സ്പർശം തീർച്ചയായും നമുക്കും ലഭിക്കും.
അഹല്യ തരുന്ന സന്ദേശം അതല്ലേ? വേറമ്മ അഹല്യയിൽ കണ്ടതും ഇതുതന്നെയായിരിക്കുമോ?