ജീവിതത്തിന്റെ ഓരോ നിമിഷത്തിൽനിന്നും ഓരോ കവിത ജനിക്കുമെന്ന് യശ:ശരീരനായ മറാഠി കവി നാരായൺ സുർവെ ഒരിക്കൽ പറയുകയുണ്ടായി. സുർവെയുടെ കവിതകൾ തന്നെ ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. ഏതൊരു ഭാഷയിലെയും സാഹിത്യമേഖലയിൽ എന്നും തളിരണിഞ്ഞ് മുൻനിരയിൽതന്നെ പ്രതിഷ്ഠിക്കപ്പെടുന്ന ഒരു രൂപകമത്രെ കവിത. മറ്റു സാഹിത്യരൂപങ്ങളിൽനിന്ന് കവിതയെ വ്യത്യസ്തവും അനുഭൂതിദായകവുമാക്കിത്തീർക്കുന്നത് അതിന്റെ കാവ്യാത്മകവും കാല്പനികവുമായ രചനാസൗഭഗംതന്നെയാണെന്നു പറയാം. ആധികാരികവും വൈയക്തികവുമായ ആത്മപ്രകാശനത്തിന്റെ സർഗാത്മകപ്രക്രിയയിൽനിന്ന് രൂപംകൊള്ളുന്ന കവിതയുടെ
യഥാർത്ഥ സ്വഭാവം വിശകലനം ചെയ്യാനോ അതിനൊരു നിർവചനം നൽകാനോ എളുപ്പമല്ലെന്നിരിക്കിലും വിനിമയം ചെയ്യപ്പെടുന്ന ഭാഷയുടെ ശബ്ദം, അർത്ഥം, താളം, വൃത്തശാസ്ര്തപരമായ ഛന്ദസ് എന്നിവ വഴി പുരാവിഷ്കരിക്കപ്പെടുന്ന അനുഭവയാഥാർത്ഥ്യങ്ങളുടെ കാല്പനികമെന്ന് തോന്നാവുന്ന ഒരു ബോധവത്കരണ
പ്രക്രിയയത്രെ കവിത അല്ലെങ്കിൽ കവിതയുടെ ധർമം. മറ്റേതു ഭാഷയിലുമെന്നപോലെ കാലാനുസൃതങ്ങളായ മാറ്റങ്ങളുടെ പടവുകൾ പലതും താണ്ടിയാണ് മറാഠിഭാഷയിലും കവിത ഒരു പ്രസ്ഥാനമായി ഇന്ന് എത്തിനിൽക്കുന്നത്.
അങ്ങനെയുള്ള മറാഠികവിതയുടെ ചരിത്രത്തെ തേടിപ്പോകുമ്പോൾ ഏ.ഡി. 1270-ാമാണ്ടിൽ ജീവിച്ചിരുന്ന സന്ത് നാംദേവ് എന്ന കവിയിലായിരിക്കും ചെന്നെത്തുക. നാംദേവ് ഒരു ഭക്തകവിയായിരുന്നുവെന്നും ഇവിടെ സൂചിപ്പിക്കട്ടെ. നാംദേവിന്റെ കവിതകൾ അറിയപ്പെടുന്നത് ‘അഭംഗ്’ എന്ന പേരിലാണ്. ഭക്തിയുടെ ചുവട് പിടിച്ചുകൊണ്ടുള്ള ഗീതകങ്ങളുടെയും കീർത്തനങ്ങളുടെയും ഒരു സംക്ഷിപ്ത രൂപമാണ് അഭംഗ്. നാംദേവ എന്ന കവിയുടെ കാലഘട്ടത്തിൽതനെന ജീവിച്ചിരുന്ന മറ്റൊരു കവിയാണ് സന്ത് ജ്ഞാനേശ്വർ. ജ്ഞാനേശ്വറിന്റെ കവിതകൾ ‘ഓവി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജ്ഞാനേശ്വറും ഒരു ഭക്തകവി യായിരുന്നു.
മാതൃഭാഷയായ മറാഠിക്ക് പുറമെ ഹിന്ദിയിലും അഭംഗുകൾ രചിച്ച നാംദേവിന് ദേശഭാഷാവ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാരുടെയും ബഹുമാനാദരങ്ങളും ആരാധനയും പിടിച്ചുപറ്റാൻ കഴിഞ്ഞിരുന്നു. ഇതിനു കാരണം, ഭക്തിയോടൊപ്പംതന്നെ സഹജീവികളോടും മാനവികതയോടുമുള്ള സ്നേഹകാരുണ്യങ്ങളും അദ്ദേഹം തന്റെ അഭംഗുകളിലൂടെ ഉയർത്തിക്കാട്ടിയതാണ്. ഇക്കാര്യത്തിൽ ജ്ഞാനേശ്വറും പിന്നിലായി രുന്നില്ല.
നാംദേവിനും ജ്ഞാനേശ്വറിനും ശേഷം മറാഠിയിൽ ഉദയംകൊണ്ട മറ്റ് ചില പ്രമുഖ കവികളാണ് സന്ത് ഏക്നാഥ്, സന്ത് തുക്കാറാം എന്നിവർ. ഇവർ യഥാക്രമം പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലു മാണ് ജീവിച്ചിരുന്നത്. പതിനേഴാം നൂറ്റാണ്ടിൽതന്നെ മുക്തേശ്വർ, രാംദാസ്, വാമൻ പണ്ഡിറ്റ്, രഘുനാഥ് പണ്ഡിറ്റ്, ശ്രീധർ പണ്ഡിറ്റ് എന്നീ കവികളും പതിനെട്ടാം നൂറ്റാണ്ടിൽ മോറോ പാന്ത് എന്ന കവിയും മറാഠിഭാഷയെ ധന്യമാക്കുകയുണ്ടായി. ഭക്തിയുടെ ചുവടുപിടിച്ചുതന്നെയാണ് ഈ കവികളും തങ്ങളുടെ സാന്നിദ്ധ്യം വിളിച്ചറിയിച്ചത്. മറാഠിയിൽ ആദ്യത്തെ എപ്പിക് കാവ്യമായി പരിഗണിക്കപ്പെടുന്നത് മോറേശ്വർ പാന്തിന്റെ ‘ആര്യഭാരത്’ എന്ന കൃതിയാണുതാനും. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ‘പൊവാസ’എന്ന പേരിലറിയപ്പെടുന്ന നാടൻപാട്ടുകളും വീരഗാഥകളും മറാഠികവിതാരംഗത്ത് സ്ഥാനം നേടുകയുണ്ടായി. ഇതോടൊപ്പംതന്നെ ‘ഫട്ടാക്ക’, ‘ലാവണി’ എന്നീ ഗാനരൂപങ്ങളും ആ ശാഖയിൽ ഉയർന്നുവന്നു. ഇവ പിന്നീട് ദൃശ്യാവിഷ്കാരമായും അവതരിപ്പിക്കപ്പെട്ടുപോന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടത്തിൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം ഇന്ത്യയിൽ സ്ഥാപിച്ചുകഴിഞ്ഞതോടെ സമൂഹത്തിലെ ഉപരിവർഗക്കാർ ഇംഗ്ലീഷിൽ പരിജ്ഞാനം നേടി ഇംഗ്ലീഷ് സാഹിത്യത്തെ നെഞ്ചോടു ചേർക്കാൻ തുടങ്ങി. ഇതിന്റെ പശ്ചാത്തലത്തിൽ വേർഡ്സ്വർത്ത്, ടെന്നിസൻ തുടങ്ങിയ ഇംഗ്ലീഷ് കവികളെയും അവരുടെ കവിതകളെയും സ്വാധീനിച്ച് പ്രകൃതിസൗന്ദര്യം, പ്രണയം അല്ലെങ്കിൽ അനുരാഗം തുടങ്ങി പല വിഷയങ്ങളെയും കുറിച്ച് കേശവസൂത്, റവ. തിലക് എന്നിവർ കവിതകളെഴുതാൻ തുടങ്ങി. കൃഷ്ണശാസ്ര്തി, കുണ്ടെ, ലേംദെ, മോഗരെ തുടങ്ങിയ ചിലരുടെ മറാഠികവിതകളിലും സംസ്കൃതത്തോടൊപ്പം ഇംഗ്ലീഷ്കവിതകളുടെയും സ്വാധീനം പ്രകടമായി. കേശവസൂതിനു പുറമെ ബാലകവി, ഗോവിന്ദാഗ്രജ്, മാധവ് ജൂലിയൻ എന്നിവരും ഇംഗ്ലീഷ് റൊമാന്റിക് കവിതകളെ സ്വാധീനിച്ച് കവിതകളെഴുതി. അവയെല്ലാം കൂടുതൽ വൈകാരികവും കാവ്യാത്മകവു മായിരുന്നു. പിന്നീട് മറാഠിയിലെ ആദ്യത്തെ വിപ്ലവകവിയെന്ന സ്ഥാനവും കേശവസൂതിനു നേടാൻ കഴിഞ്ഞു. മഹാത്മാ ഫുലെയ്ക്കു ശേഷം മറാഠിയിൽ ആധുനികതയുടെ വക്താവായെത്തിയതും അദ്ദേഹ മായിരുന്നു. ഇതേ കാലഘട്ടത്തിൽതന്നെയായിരുന്നു മഹാകവികളായ ആനന്ദ് കാനേകർ, അനിൽ, എൻ.ജി. ദേശ്പാണ്ഡെ എന്നിവരും രംഗത്തെത്തിയത്. കാനേകറുടെ ‘ചന്ദാരാത്’, അനിലിന്റെ ‘ഫൂൽവത്’, ദേശ്പാണ്ഡെയുടെ ‘സിൽ’ എന്നീ കവിതകളാണ് അവർക്ക് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്.
ഇരുപതുകളുടെ കാലഘട്ടത്തിൽ ‘മഹാരാഷ്ട്ര ശാരദാമന്ദിർ’ എന്ന പേരിൽ കവികളുടെ ഒരു സംഘടന പൂനെയിൽ രൂപംകൊള്ളുകയുണ്ടായി. പിന്നീട് രവികിരൺ മണ്ഡൽ എന്ന പേരിൽ മറ്റൊരു സംഘടനയും രൂപീകരിക്കപ്പെട്ടു. കിരൺ, ഉഷ എന്നീ ലഘുപ്രസിദ്ധീകരണങ്ങൾക്കു പുറമെ മനോരഞ്ജൻ, മഹാരാഷ്ട്രാ
സാഹിത്യനാരായണ, നവയുഗ് എന്നിവ കവിതയെ പ്രോത്സാഹിപ്പിച്ചു വന്നിരുന്ന പ്രസിദ്ധീകരണങ്ങ ളായിരുന്നു.
അതേസമയംതന്നെ സംസ്കൃതത്തിലെ ക്ലാസിക്കൽ രചനകളെ ആധാരമാക്കിയുള്ള കാവ്യരചനാശ്രമങ്ങളും മറാഠിയിൽ നടക്കുകയുണ്ടായി. ഒരുതരം വഴിമാറിയുള്ള സഞ്ചാരമായിരുന്നു അത്. അതിന്റെ കെഡ്രിറ്റ് സാധുദാസ് എന്ന കവിക്ക് അർഹതപ്പെട്ടതാണ്. പുരാണകഥയായ രാമായണത്തിൽ ‘രണവിഹാർ’, ‘വനവിഹാർ’, ‘ഗൃഹവിഹാർ’ എന്നീ കവിതകളിലൂടെ ഒരു പുനരാഖ്യാനം നടത്തിക്കൊണ്ടുള്ള സാധുദാസിന്റെ ശ്രദ്ധ ഒരു വൻവിജയമായി ഭവിക്കുകയും ചെയ്തു.ഇതിനിടയിലാണ് കൊച്ചുകൊച്ചു അനുവാചകവൃന്ദത്തെ ആകർഷിച്ചുകൊണ്ട് ഒരുകൂട്ടം കവികൾ രംഗപ്രവേശം ചെയ്തത്. ആ കൂട്ടത്തിൽ ഗോവിന്ദരാജ്, റെണ്ടാൾകർ, ബാലകവി തോംബാരെ എന്നിവർ അക്കാലത്തെ മുൻനിര കവികളായി സ്ഥാനം നേടുകയും ചെയ്തു.
തങ്ങളുടെ മുൻഗാമികളോ സമകാലികരോ ആയ മറ്റു കവികളെ അപേക്ഷിച്ച് ആ ത്രിമൂർത്തികൾ ഏറെ അനുഗൃഹീതരും പ്രതിബദ്ധരുമായിരുന്നു. ഇത്രയും സൂചിപ്പിച്ചത് മറാഠികവിതയുടെ പൂർവചരിത്രത്തിന്റെ
ഒരു ഭാഗം മാത്രമാണ്. ഈ ചരിത്രത്തിനും ആധുനികതയ്ക്കുമിടയിൽ നിന്നുകൊണ്ട് മറാഠികവിതയെ പരി പോഷിപ്പിച്ച നിരവധി പേരുണ്ട്.
ആധുനിക മറാഠികവിത
മറാഠികവിതയിൽ ആധുനികതയ്ക്ക് തുടക്കം കുറിച്ചത് മഹാത്മാ ജ്യോതിബ ഫുലെയിലൂടെയാണെന്നാണ് പറയപ്പെടുന്നത്. മഹാത്മാ ഫുലെയ്ക്കു ശേഷം അത്തരമൊരു ദൗത്യം ഏറ്റെടുത്ത് ആധുനികതയെ കൂടുതൽ തീവ്രമാക്കിയത് കേശവ് സൂത് എന്ന കവിതന്നെയായിരുന്നുവത്രെ. അദ്ദേഹത്തിന്റെ ‘തുത്താതി’, ‘നവശിപ്പായി’ എന്നീ കവിതകൾ ആ ഗണിത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നവയാണെന്ന് പറയാം. ലോകതലത്തിലുള്ള ആധുനിക പ്രസ്ഥാനം തന്നെയായിരുന്നു മറാഠികവിതയെയും ആധുനികതയിലേക്ക് കൈപ്പിടിച്ചാനയിച്ചതെന്ന കാര്യവും നിരാകരിക്കാനാകാത്തതാണ്. എന്നാൽ മറാഠികവിതയുടെ സംവേദനക്ഷമതയിൽ മുമ്പെങ്ങുമില്ലാത്ത ശക്തമായ ഒരു മാറ്റം സംഭവിക്കുന്നത് നാല്പതുകളിലായിരുന്നു. കവിതയിലൂടെ മനുഷ്യജീവിതം തേടിപ്പോകാനുള്ള ശ്രമവും അക്കാലത്താണ് നടന്നത്. ബി.എസ്. മർധേകർ എന്ന കവിയെ ആ ഒരു സംരംഭത്തിന്റെ അഗ്രഗാമിയായി ചൂണ്ടിക്കാട്ടാം. അങ്ങനെയുള്ള ആധുനിക മറാഠികവിതയുടെ ചുവടുവയ്പ് പരീക്ഷണാത്മകവും ധീരവുമായിരുന്നു. അത് പല വെല്ലുവിളികളും ഉയർത്തുകയുണ്ടായി. മർധേകർക്ക് ശേഷം വി.എസ്. രഗെ, വിന്ദകരന്ദീകർ, വസന്ത് ബാപ്പട്ട്, ശാന്ത ഷേൽക്കെ എന്നീ കവികളും കവയിത്രികളും തങ്ങളുടെ യാത്ര ആ വഴിക്ക് തുടർന്നുപോരുകയും ചെയ്തു.
അമ്പതുകളുടെ കാലഘട്ടത്തിലെ ലിറ്റിൽ മാഗസിൻ പ്രസ്ഥാനത്തിലൂടെ ദളിത് സാഹിത്യപ്രസ്ഥാനത്തിനും ശക്തി പ്രാപിച്ചു. ഡോ. ബാബാ സാഹേബ് അംബേദ്കറുടെ തത്വങ്ങളെ സ്വാധീനിച്ചുകൊണ്ട് അതുവരെ നഗരവാസികളും മദ്ധ്യവർഗക്കാരും ഉയർന്ന ജാതിക്കാരുമായ ഒരുകൂട്ടം പേർ കയ്യടക്കിവച്ചിരുന്ന സാഹിത്യ
സ്ഥാപനങ്ങളെ ഈ പ്രസ്ഥാനം വെല്ലുവിളിക്കുകയും അതുവഴി പുത്തൻകൂറ്റുകാരായ മറ്റൊരു കൂട്ടം ആധുനികകവികൾ തങ്ങളുടെ വ്യത്യസ്തവും വിചിത്രവും പ്രസാദാത്മകവുമായ കവിതകളുമായി
അതിർത്തി ലംഘിച്ചെത്തുകയും ചെയ്തു. ഭാൽ ചന്ദ്ര നെമാഡെ, നാരായൺ സുർവെ, അരുൺ കോലാട്കർ, ദിലിപ് ചിത്രെ, നാംദേവ് ധസ്സാൾ, വസന്ത് ആബാജി ദഹാകെ, മനോഹർ ഓക് എന്നിങ്ങനെയുള്ളവർ അതിൽ ചിലരാണ്.
ഭാൽ ചന്ദ്ര നെഡാഡെ ഒരേസമയം കവിയും നോവലിസ്റ്റും നിരൂപകനുമാണ്. അദ്ദേഹത്തിന്റെ പ്രശസ്ത കവിതാസമാഹാരങ്ങളാണ് ‘മെലഡി’, ‘ദേഖണി’ എന്നിവ. ജന്മം നൽകിയവർ നഗരത്തിലെ തെരുവോരത്തുള്ള കുപ്പത്തൊട്ടിയിലുപേക്ഷിച്ചുപോയശേഷം ഒരു തുണിമിൽതൊഴിലാളി എടുത്ത് കുറച്ചുകാലം വളർത്തുകയും വീണ്ടും തെരുവിൽ അനാഥനായി ജീവിക്കുന്ന തിനിടയിൽ എഴുതാനും വായിക്കാനും സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് ലോകപ്രശസ്ത കവിയായിത്തീർന്ന നാരായൺ സുർവെയുടെ ആദ്യത്തെ കവിതാസമാഹാരമാണ് ‘ഐസാ ഗ മീ ബ്രഹ്മ’.
മുംബയ് നഗരത്തിലെ തൊഴിലാളിവർഗത്തിന്റെ വികാരവും ശബ്ദവുമാണ് അദ്ദേഹത്തിന്റെ കവിതകളിലെ മുഴക്കമെന്നു പറയാം. മറാഠിക്കു പുറമെ ഇംഗ്ലീഷിലും കവിതകളെഴുതിയിരുന്ന അരുൺ കോലാട്കറുടെ 31 കവിതകളുടെ സമാഹാരങ്ങളുൾപ്പെടുന്ന ‘ജെജൂരി’യിലെ ജെജൂരി എന്ന കവിത ഏറെ പ്രശസ്തമാണ്. അതുപോലെതന്നെ ‘ദിജ് ആവാഹി’ എന്നതും. അധോലോക ത്തിന്റെ കവി എന്ന പേരിലറിയപ്പെടുന്ന നാംദേവ് ധസ്സാളിന്റെ കവിതകൾ പരിശോധിച്ചാൽ അവയെല്ലാം അതുവരെയുണ്ടായിരുന്ന കവിതാസമ്പ്രദായങ്ങളെയും സങ്കല്പങ്ങളെയും നിഷേധിക്കുന്ന തരത്തിലാണെന്ന് വ്യക്തമാകും. ദളിതസമൂഹം പൊതുവെ ഉപയോഗിച്ചുവരുന്ന വാക്കുകളും ഭാവപ്രകടനങ്ങളുമാണ് ധസ്സാൾ തന്റെ കവിതകളുടെ ആധാരശിലയാക്കി മാറ്റിയത്.
സാമൂഹിക സംഘർഷങ്ങളുടെ അടിസ്ഥാന ലക്ഷ്യം അസന്തുഷ്ടിയുടെ നിർമാർജ്ജനമാണെങ്കിൽ സമൂഹത്തിൽ കവിതയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്നു പറഞ്ഞ ധസ്സാൾ, കവിതയിൽ വർണാഞ്ചിതമായും ശക്തമായുംതന്നെ സന്തോഷം അല്ലെങ്കിൽ സന്തുഷ്ടി അന്തർലീനമായി കിടക്കുന്നുവെന്നും അവകാശപ്പെടുന്നു. കവിത രാഷ്ട്രീയംകൂടിയാണെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നു. ധസ്സാളിന്റെ ‘ഗോൾപീട്ട’, ‘ഗാണ്ടു ബഗീച്ച’, ‘യാ സത്തേത് ജീവ് രമത് നാഹി’ തുടങ്ങിയ കവിതകൾ അതിശക്തങ്ങളാണ്. ധസ്സാളിന്റെ
കവിതകൾ ലോകനിലവാരത്തോടൊപ്പം നിൽക്കുന്നതായിട്ടാണ് നിരൂപകരുടെ വിലയിരുത്തൽ.
നാല്പതുകൾക്കുശേഷം മറാഠികവിതകളുടെ സംവേദനക്ഷമതയിൽ വീണ്ടുമൊരു കുതിപ്പ് കാണാൻ തുടങ്ങിയത് ’90-കളിലായിരുന്നു. മന്യ ജോഷി, ഹേമന്ത് ദിവാതെ, സചിൻ കേത്കർ, മംഗേഷ് കാലെ, സലീൽ വാഘ്, മോഹൻ ബോർസെ, നിതിൻ കുൽക്കർണി, വർജേഷ് സോളങ്കി, സന്ദീപ് ദേശ്പാണ്ഡെ, വസന്ത് ഗുർജർ മുതലായ (ലിസ്റ്റ് അപൂർണം) കവികളുടെ ഒരു വൻനിരതന്നെ ഈ കാലഘട്ടത്തിൽ മറാഠികവിതയിൽ ഉത്തരാധുനികതയുടെ വക്താക്കളായി എത്തിച്ചേർന്നു. കവിതയുടെ വർത്തമാനകാലതരംഗങ്ങളിൽ വേറിട്ട ശബ്ദവുമായി മുൻനിരയിൽ നിൽക്കുന്ന കവികളിൽ ചിലരാണ് അരുൺ കാലെ, ഭുജംഗ് മേഷ്റാം, പ്രവീൺ ബന്തേകർ എന്നിവർ. ശൈലീപരവും പ്രമേയപരവുമായ പല ചിന്തകളും ഈ ആധുനികകവികൾ വിപുലവും വ്യത്യസ്തവുമാർന്ന രീതിയിൽ തങ്ങളുടെ കവിതകളിലൂടെ അവതരിപ്പിച്ചുവരികയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും മറാഠികവിതയുടെ സുവർണകാലമെന്ന് വിശേഷിപ്പിക്കാൻ തന്റെ സാന്നിദ്ധ്യം കൊണ്ട് നിമിത്തമായിത്തീർന്ന ഒരു കവിജന്മത്തെ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. കുസുമാഗ്രജ് എന്ന തൂലികാനാമത്തിൽ കവിതയെ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിൽ എന്നും കുടിയിരിക്കുന്ന വി.വി. ഷിർവാസ്കറാണത്. ഒരേസമയം കവിയും കഥാകാരനും നോവലിസ്റ്റും നാടകകൃത്തുമായിരുന്നു അദ്ദേഹം. ആ രംഗങ്ങളിലെല്ലാം ഉറച്ചുനിന്നുകൊണ്ട് മറാഠിഭാഷയ്ക്ക് അസൂയാവഹമായ സംഭാവനകൾ നൽകിയിട്ടുള്ള കുസുമാഗ്രജിന്റെ ‘വിഷാക’ പോലുള്ള കവിതാ സമാഹാരങ്ങൾ ഇന്നും ചർച്ച ചെയ്യപ്പെട്ടുവരുന്നു. ആയിരത്തിൽപരം കവിതകളാണ് അദ്ദേഹത്തിന്റേതായി മറാഠിയിലുള്ളത്. കാളിദാസന്റെ മേഘദൂത് (മേഘസന്ദേശം) മറാഠിയിലേക്ക് പരിഭാഷപ്പെടുത്തിയതും അദ്ദേഹമായിരുന്നു. 1974-ലെ സാഹിത്യ അക്കാദമി പുരസ്കാരവും ’88-ൽ ജ്ഞാനപീഠവും കരസ്ഥമാക്കിയ കുസുമാഗ്രജ് 1999-ൽ നിര്യാതനായി. അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 27 ലോകമറാഠി ദിനമായി ആചരിച്ചുവരുന്നത് മറാഠി ഭാഷയ്ക്ക് അദ്ദേഹം നൽകിയിട്ടുള്ള അമൂല്യസംഭാവനകൾ പരിഗണിച്ചാണ്.