താൻ കടന്നുപോയ എല്ലാ വഴിയിലും വസന്തം വിരിയിച്ച പ്രതിഭ. അദ്ധ്യാപകൻ,
പത്രാധിപർ, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ
ഉൾപ്പെടെ എം.ടി. വാസുദേവൻ നായർ തന്നെ രേഖപ്പെടുത്തിയ മേഖലകൾ നിരവധിയാണ്.
മാടത്ത് തെക്കെപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർക്ക് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ
1933 ജൂലയ്15ന് ജനിച്ചു. കുമരനെല്ലൂർ ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം
കഴിച്ചതിനു ശേഷം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953ൽ രസതന്ത്രത്തിൽ
ബിരുദം നേടി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കഥ പറഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത്.
പൊന്നാനിയിൽ ബാല്യം അനുഭവിച്ചപ്പോൾ കിട്ടിയ മതസൗഹാർദത്തിന്റെ ഊഷ്മള അനുഭവങ്ങൾ എം.ടിയുടെ പുസ്തകങ്ങളിൽ കാണാം. കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകർച്ചയും ജന്മിത്വത്തിന്റെ അവസാനഘട്ടവും മറ്റും നായർകുടുംബങ്ങളിലുളവാക്കിയ പ്രതിസന്ധികൾ ഒരുകാലഘട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എം.ടി. കൃതികളിലുണ്ട്.
സ്‌കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. വിക്‌ടോറിയ
കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രി
ബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ
മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന
കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം
ശ്രദ്ധേയനായിത്തീർന്നത്.
1957ൽ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ‘പാതിരാവും
പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശ: പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ ആണ്. ആദ്യനോവലിനുതന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീകൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’
എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു.
അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്‌കാരം ലഭിച്ചു. ഇതുകൂടാതെ ‘കാലം’ (1970-കേന്ദ്ര സാഹിത്യ
അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്) എന്നീകൃതികൾക്കും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്‌കാരം ലഭിച്ചു. 2005ലെ മാതൃഭൂമി പുരസ്‌കാരവും എം.ടിക്കുതന്നെയായിരുന്നു.
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1999ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
എം.ടി. പരിസ്ഥിതിവാദി കൂടിയാണ്. ‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്‌നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപ്പൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. മക്കൾ: സിതാര, അശ്വതി.