അഴിമതിയെന്നു കേട്ടാൽ ഉറക്കം കിട്ടാത്തത്ര ധർമരോഷമുള്ളവർ ഇന്ത്യയിലുണ്ടെന്നു പറഞ്ഞാൽ സാമാന്യബോധമുള്ളവർക്ക് ചിരി വരും. അത്രയ്ക്ക് സർവസാധാരണമാണിവിടെ സംഗതി. 2 ജി സ്പെക്ട്രം കേസിൽ ഒന്നേമുക്കാൽ ലക്ഷം കോടി പൊതുഖജാനയ്ക്ക് നഷ്ടമുണ്ടാക്കിയെന്ന വെടിക്കെട്ടിന്മേൽ മൂല്യചർച്ച നടത്തുന്ന മദ്ധ്യവർഗം സത്യത്തിൽ, ഇതുസംബന്ധിച്ച് ടെലിവിഷൻ സൊറയുടെ
ഉപഭോഗികൾ മാത്രമാണെന്നു പറഞ്ഞാൽ അവർക്കു ചൊറിയും. ഒരു നിമിഷം… ഡ്രൈവിങ് ലൈസൻസിനു കൈമടക്ക്, ഗ്യാസ് കണക്ഷന് പിൻവാതിൽമണി, എന്തിനധികം, ടെലിഫോൺ ലൈൻമാന് കൊടുക്കുന്ന ദീവാളി ബക്ഷീസ് വരെ ലക്ഷണം തികഞ്ഞ അഴിമതിയല്ലേ? 2 ജി രാജയുടെ മിനിയേച്ചറുകളാണ് ഒരുമാതിരിപ്പെട്ട എല്ലാ പൗരന്മാരും. സ്ഥലംമാറ്റത്തിന് മന്ത്രിയോട് ശുപാർശ ചെയ്യുന്ന പത്രക്കാരും ശ്രീമതി നീരാറാഡിയയും തമ്മിലുള്ള വ്യത്യാസം പവർബ്രോക്കിംഗിന്റെ തോതിലും നിലവാരത്തിലും മാത്രമല്ലേ? എന്നിരിക്കെ, എന്തുകൊണ്ടാണ് അണ്ണാഹസാരെ പൊടുന്നനെ ദേശീയഹീറോയും ജന്തർമന്തർ രായ്ക്കുരാമാനം
ഇന്ത്യൻ താഹിൻ സ്ക്വയറുമായി ഘോഷിക്കപ്പെട്ടത്? പ്രത്യക്ഷ കാരണങ്ങൾ രണ്ടാണ്. ഒന്ന്, ഹസാരെ രാഷ്ട്രീയക്കാരനല്ലെന്ന പൊതുവിചാരിപ്പ്. രണ്ട്, ഹസാരെ തെരഞ്ഞെടുത്ത തന്ത്രം. രാഷ്ട്രീയകക്ഷികളിൽ ഒന്നിലും ഉൾപ്പെടാത്തതിന്റെ ഗുണം,
നിങ്ങൾ ആരുടെയും ‘ആള’ല്ലെന്നതാണ്. സഖാക്കൾ ഉടനടി അരാഷ്ട്രീയത്തിന്റെ
ലേബലൊട്ടിച്ചുകളയുമെന്ന അപകടം മാത്രമേയുള്ളൂ. കാരണം, അവർ ലേബലിന്റെ ആരാധകരാണ്. പാർട്ടിയാപ്പീസിന്റെ ബോർഡിൽ കമ്മ്യൂണിസ്റ്റ് എന്ന ലേബലൊട്ടിച്ചതുകൊണ്ട് ആരും കമ്മ്യൂണിസ്റ്റാവുന്നില്ലെന്ന് ഇക്കാല മലയാളികൾക്കും
ബംഗാളികൾക്കുമെങ്കിലും അറിയാം. എന്തായാലും, ആരുടെയെങ്കിലും തോളിലിരുന്നില്ലെങ്കിൽ നിങ്ങൾക്ക് രാഷ്ട്രീയമില്ലെന്നാണ് പൊതുവേ രാഷ്ട്രീയക്കാരുടെ ആക്ഷേപക്കച്ചേരി. കുറഞ്ഞപക്ഷം ഒരു ചെറിയാൻ ഫിലിപ്പെങ്കിലുമാകണം – ആജീവനാന്ത സ്വതന്ത്ര സഹയാത്രിക. ഇതെന്തു ജാതി സ്വാതന്ത്ര്യമാണെന്നറിയണമെങ്കിൽ കംഗാരുക്കുഞ്ഞുങ്ങളെ നോക്കിപ്പഠിക്കണം.
അണ്ണാഹസാരെ ജന്തർമന്തറിൽ പട്ടിണി കിടന്നത് ഇപ്പറഞ്ഞ പഴികളൊന്നുമേശാതെയാണ്. ഭരണകൂടത്തെ മാത്രമല്ല, ഭരണവർഗത്തെ മൊത്തത്തിലാണ് അദ്ദേഹം വെല്ലുവിളിച്ചത്. തെളിച്ചുപറഞ്ഞാൽ രാജ്യത്തെ മുഴുവൻ രാഷ്ട്രീയത്തൊഴിലാളികളെയും മുതലാളികളെയും.ഗാന്ധിയൻ എന്നതാണ് ഈ മുൻപട്ടാളക്കാരന്റെ ഏക ലേബൽ. ചെന്നിത്തലയും കുഞ്ഞൂഞ്ഞും തൊട്ട് ടി.എച്ച്. മുസ്ത
ഫ വരെ ഗാന്ധിയന്മാരാണ് – ഗാന്ധിക്കു പ്രീഫിക്സായി സോണിയ എന്നോ രാഹുൽ എന്നോ ചേർത്താലും ഇഷ്ടന്മാർക്ക് വിരോധമില്ല. ആന്റണി ജന്മനാ ഗാന്ധിയനാണ്. ഒരണ സമരകാലത്ത് പ്രീഫിക്സ് മോഹൻദാസ് ഗാന്ധിയുടേതായിരുന്നു. ഇന്ദിരയ്ക്കെതിരെ ചിക്മംഗലൂർ കലാപമുണ്ടാക്കിയപ്പോഴും മുൻവാൽ അതുതന്നെ. വൈകാതെ ഇന്ദിരാഗാന്ധിയനായി. ഇപ്പോൾ അവരുടെ മരുമകളും ചെറുമകനുമടക്കം ആരുടെയും വാലണിയാൻ റെഡി. അറ്റത്തൊരു ഗാന്ധിവേണമെന്നേയുള്ളൂ. ഈ സൈസ് ഗാന്ധിയന്മാർക്ക് പുതിയ പിള്ളേരുടെ സോഷ്യൽ നെറ്റ്വർക്കിൽ തീരെ മൈലേജ് കിട്ടില്ല. ഇനി ഇതല്ല ഒറിജിനൽ മോഹൻദാസ് മോഡലാണെന്നു പറഞ്ഞാലും രക്ഷയില്ല. അത്തരം ഗാന്ധിഗിരി വെർച്വൽലോകത്ത് പച്ചതൊടില്ല. അവിടെ നിറയുന്നത് വെർച്വൽ വിപ്ലവ വായാടിത്തമാണ്. അതുകൊണ്ടുതന്നെ റിയലിനെ കണ്ടാൽ തിരിച്ചറിയുന്ന അനുശീലനമില്ല. എന്നിരിക്കെ യാണ് 72-കാരനായ ഹസാരെയ്ക്ക് വലിയ മാർക്കറ്റ് കിട്ടുന്നത്. കാരണം, വെർച്വൽലോകത്ത് സാധാരണ ഗതിയിൽ സ്വയം മാർക്കറ്റിംഗ് നടത്തുന്ന വിരുതന്മാർക്കില്ലാത്ത ഒരു ട്രേഡ് സീക്രട്ട് ഈ
വൃദ്ധനുണ്ടായിപ്പോയി. മാർക്കറ്റ് ചെയ്യുന്ന ചരക്കിന്റെ ഭാഗം തന്നെയായി അദ്ദേഹം. രാവിലെ പണ്ടത്തിനും ഉച്ചയ്ക്ക് ഖാദിക്കും വൈകിട്ട് സ്മാളിനും താരമൂല്യം മാർക്കറ്റ് ചെയ്യുന്ന മോഹൻലാലല്ലിത്. സമ്പന്നസ്വദേശികളുടെ ഫാബ് ഇന്ത്യാ മോഡലോ മറാത്താമാണുസോ അല്ല. അമ്മാതിരി കാപട്യപ്രദർശനങ്ങൾക്കില്ലാത്ത ഒന്നുണ്ട് – മൂല്യാധികാരം. തനിക്ക് പറയാനുള്ളതിൻമേൽ അതു പറയാനുള്ള ആത്മീയാധികാരം തനിക്കുണ്ടെന്ന് മനസ്സാക്ഷിക്കുത്തില്ലാതെ എവിടെയും പറയാനുള്ള സത്യശേഷി. അതുമാത്രം വച്ചാണ് ഒരു കൊടിയുടെയും കെയറോഫില്ലാതെ ഭരണകൂടത്തെ
ഈ മനുഷ്യൻ വെല്ലുവിളിച്ചത്.
സാധാരണഗതിയിൽ ഒരു ഭരണകൂടവും ഇതത്ര ഗൗനിക്കാറില്ല. സത്യഗ്രഹം പോലുള്ള നിർമമ സമരമുറകൾ അത്രയ്ക്ക് തമാശയായിക്കഴിഞ്ഞിട്ടുണ്ട്. അതിരു കടന്നാൽ സാമദാനഭേദദണ്ഡങ്ങൾ വഴി ഭരണകൂടം പ്രശ്നമൊതുക്കും. ഇതേ ഹസാരെതന്നെ മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യയുടെ പേരിൽ ഉണ്ണാവ്രതമിരുന്നപ്പോൾ മൻമോഹൻസിങ് നേരിട്ടു പറ്റിച്ചതാണ്. ആദ്യം ചർച്ച, പിന്നെ സർക്കാർവക ജ്യൂസ്. പാവം വയസൻ വീണുപോയി. പിന്നെ, തിരിഞ്ഞുനോക്കിയില്ല, ഒരു സർക്കാർശ്വാനനും. ഈ അനുഭവം പാഠമാക്കിക്കൂടിയാണ് ഹസാരെ ഇക്കുറി ഇറങ്ങിയത്. ശരിയായ രാഷ്ട്രീയംതന്നെയിറക്കി. അധികാരരൂപങ്ങളെ വെല്ലുവിളിക്കുക, നാണംകെടുത്തുക
ഇത്യാദി പ്രകടനങ്ങൾ നാഗരിക മദ്ധ്യവർഗത്തിന് ഹരം പകരുന്ന കാഴ്ചകളാണ്. യു.പി.എ. സർക്കാരാണെങ്കിൽ നാറ്റത്തിൽ കുളിച്ചുനിൽക്കുന്ന ഘട്ടം. ശ്രദ്ധിക്കപ്പെടാനും പ്രചാരം കിട്ടാനും മാധ്യമങ്ങളെക്കൊണ്ടുള്ള പ്രയോജനം ഈ ഹരാകർഷണത്തോട് ചേർത്തുവയ്ക്കണം. വേണ്ടത്, ഈ ഘടകങ്ങളെ സമന്വയിപ്പിക്കാൻ പറ്റിയ സ്ഥലവും സമയവും കൃത്യമായി തെരഞ്ഞെടുക്കലാണ്. ഹസാരെയുടെ തെരഞ്ഞെടുപ്പ് സൂക്ഷ്മമായിരുന്നു. സ്ഥലം ദില്ലി. സമയം അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പുകാലം. ലോകകപ്പ് ക്രിക്കറ്റിനും ഐ.പി.എല്ലിനുമിടയിൽ മുഹൂർത്തം കുറിച്ചു. അഴിമതിയല്ല, ആകാശം ഇടിഞ്ഞുവീണാലും ക്രിക്കറ്റ് എന്ന ദേശീയഞരമ്പുദീനം വിട്ടുള്ള ഒരു കളിക്കും തയ്യാറല്ലാത്ത ഇന്ത്യൻ മദ്ധ്യവർഗത്തെ മുഖവിലയ്ക്കെടുത്തു. ഇനി വേണ്ടത് ഫോക്കസാണ്. അഴിമതിവിരുദ്ധ നിയമം എന്നൊക്കെ പറഞ്ഞാൽ നിരന്തര ശ്രദ്ധ കിട്ടുന്ന പരുവത്തിലല്ല, ഇപ്പറഞ്ഞ പൗരാവലി. പകരം വിഷയം കുറെക്കൂടി നേർപ്പിച്ച് ഹരം നിലനിർത്തുന്നതാക്കണം. സർക്കാരിന്റെ നിർദിഷ്ട ലോക്പാൽ ബില്ലിലെ വ്യവസ്ഥകളെത്തന്നെ ടാർഗറ്റ് ചെയ്തു. അതായത്, അഴിമതിക്കാര്യത്തിൽ പരമോന്നത നിരീക്ഷകനാകുന്ന ലോക്പാലിന് ഏതഴിമതിക്കേസും ചെല്ലേണ്ടത് പാർലമെന്റ് വഴി മാത്രമായിരിക്കും എന്നാണ് ഒരു വകുപ്പ്. കള്ളനെ പിടിക്കാൻ പെരുങ്കള്ളനെ ചുമതലയേല്പിക്കുന്ന അഭ്യാസം. (പി.ജെ. തോമസിനെ സെൻട്രൽ വിജിലൻസ് കമ്മിഷണറാക്കുക, കെ.ജി. ബാലകൃഷ്ണനെ മനുഷ്യാവകാശകമ്മിഷൻ ചെയർമാനാക്കുക എന്നൊക്കെ നാനാർത്ഥം പറയാം).
ലോക്പാലിനെതന്നെ നോക്കുകുത്തിയാക്കുന്നതാണ് മറ്റൊരു വകുപ്പ്. അയച്ചുകിട്ടുന്ന പരാതിയിൽ കുത്തും വെട്ടുമൊക്കെയിട്ടിട്ട് ഒരു നടപടിക്കു ശുപാർശിക്കുക. ശുപാർശ കേൾക്കണമെന്നു നിർബന്ധമില്ല. ചുരുക്കത്തിൽ നമ്മുടെ വനിതാകമ്മിഷൻ, ജുഡീഷ്യൽ കമ്മിഷൻ എന്നൊക്കെ പറയുമ്പോലുള്ളൊരു കടലാസുപുലി. ഭരണകൂടത്തിന്റെ ഈ ഉഡായ്പിനെയാണ്. ഹസാരെ ദേശീയശ്രദ്ധയിലെത്തിച്ചത്. അതേറ്റു. തങ്ങളെ പറ്റിക്കുന്നു എന്നു കേട്ടാൽ പൗരാവലിക്ക് ധർമരോഷം ഇരട്ടിക്കുമല്ലോ.
പ്രശ്നം വകതിരിച്ചു കഴിഞ്ഞാൽ പോംവഴി നിർദേശിക്കണം. അക്ഷമരായ ചെറുപ്പക്കാർക്ക് എപ്പോഴും വേണ്ടത് ക്യാപ്സൂൾ പോംവഴികളാണ്. ഹസാരെ അവിടെയും നിരാശപ്പെടുത്തിയില്ല. ബില്ലുണ്ടാക്കുന്ന കമ്മിറ്റിയിൽ പകുതിപ്പേർ സർക്കാരിൽനിന്നാവാം; ബാക്കി പകുതി പൊതുസമൂഹത്തിൽനിന്നുവേണം. അവി
ടാണ് ഈ കമ്പക്കെട്ടിലെ യഥാർത്ഥ രാഷ്ട്രീയം.
ഭരണഘടനപ്രകാരം നിയമം നിർമിക്കേണ്ടത് പാർലമെന്റാണ്. ജനപ്രതിനിധിയുടെ സഭ. ജനങ്ങൾ നേരിട്ടു തെരഞ്ഞെടുത്തവ ർക്കേ ജനങ്ങളുടെ പേരിൽ നിയമം നിർമിക്കാൻ അധികാരമുള്ളൂ. അങ്ങനെ ജനങ്ങളുടെ ഔദ്യോഗികസമ്മിതിയില്ലാത്ത ഒരു കൂട്ടം ആളുകളെ നിയമനിർമാണത്തിൽ പങ്കാളികളാക്കാൻ ഒരു സർക്കാരിനും
അവകാശമില്ല. സ്വാഭാവികമായും സർക്കാർ ഉരുണ്ടുകളിക്കും. അതുകൊണ്ടാണ് ഇങ്ങനൊരു സംയുക്ത സമിതിയെ നിയോഗിച്ചതായി വിജ്ഞാപനമിറക്കണമെന്ന് ഹസാരെ ശഠിച്ചതും വിജയിച്ചതും. ഇതൊരു ഭരണഘടനാപ്രശ്നമുണ്ടാക്കും, പാർലമെന്ററി വ്യവസ്ഥിതിയെ വെള്ളത്തിലാക്കും എന്നാണ് നിയമകേസരികളുടെയും ഭരണവിദ്വാന്മാരുടെയും കുറ്റപ്പെടുത്തൽ. അതിൽ അത്ഭുതമില്ല. കാരണം, ഇതൊരു പുതിയ രാഷ്ട്രീയമാണ്.
നിയമനിർമാതാവാകാനുള്ള ജനങ്ങളുടെ അച്ചാരമാണ് വോട്ട്. അതു കിട്ടിയവർക്ക് വിപുലമായ ഉദ്യോഗസ്ഥപ്പടയുടെ സേവനവും കിട്ടുന്നു. ഈ അച്ചുതണ്ടാണ് അഴിമതിയുടെ പ്രയോക്താക്കളും പ്രായോജകരും. അപ്പോൾ അച്ചാരം പിഴച്ചെന്നല്ലേ അർത്ഥം? അങ്ങനെയുള്ളപ്പോൾ എന്തു വേണമെന്ന് ഭരണഘടനയും മിണ്ടുന്നില്ല. സകല ജനപ്രതിനിധികളും അവരെ തെരഞ്ഞെടുക്കുന്ന വോട്ടർമാരും നന്മയിൽ ഗോപാലന്മാരായിരിക്കും എന്ന സോദ്ദേശ്യ സാഹിത്യമാണ് ഫലത്തിൽ ആ ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നത്. വേണമെങ്കിൽ അയ്യഞ്ചുകൊല്ലം കൂടുമ്പോൾ പ്രതിനിധികളെ മാറ്റാനുള്ള അധികാരം പൗരാവലിക്കുണ്ടെന്നതാണ് ലിഖിതമായ ഏക പോംവഴി. കഴിഞ്ഞ ആറു പതിറ്റാണ്ടിനുള്ളിൽ ഈ അധികാരം പലതരത്തിൽ പലവട്ടം പ്രയോഗിച്ചുനോക്കി. രാഷ്ട്രീയലോകം ഒരേ വീഞ്ഞ്, പല കുപ്പി എന്ന പ്രതിഫലം തന്നു. സ്വാഭാവികമായും ഈ കുരുക്കിനൊരു രാഷ്ട്രീയപോംവഴി കാണണം. പാർട്ടികളതു ചെയ്യില്ല. പിന്നെ ആര്?
ജനം സംഘടിതമല്ല. സംഘടിക്കുന്നവർ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സത്യത്തിൽ, പാർലമെന്ററി ജനാധിപത്യത്തിന്റെ ഇന്ത്യൻ മാതൃകതന്നെ അടിസ്ഥാനപരമായ ഒരു ജനവിരുദ്ധത മുന്നോട്ടുവയ്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ സംഘടിതവിഭാഗങ്ങൾ മുന്നോട്ടുവയ്ക്കുന്ന പേരുകളിൽ ഒന്നിനെ തെരഞ്ഞെടുക്കാനുള്ള അവകാശമേ വോട്ടർക്കുള്ളൂ. ആ അർത്ഥത്തിൽ ഇത് ഇലക്ഷനല്ല, സെലക്ഷനാണ്. അബദ്ധം പിണഞ്ഞ സെലക്ഷൻ തിരുത്താനായി, തെരഞ്ഞെടുക്കപ്പെട്ടയാളെ തിരിച്ചുവിളിക്കാനും വകുപ്പില്ല. ജനങ്ങളുടെ ഈ നിസ്സഹായത മുതലാക്കുകയാണ് പാർലമെന്ററി രാഷ്ട്രീയക്കാരെല്ലാം ചെയ്യുന്നത്. അങ്ങനെ ദീർഘകാലമായി വെട്ടിലാക്കപ്പെട്ട ജനങ്ങൾക്കും മുരടിച്ച പാർലമെന്ററി വ്യവസ്ഥയ്ക്കും പോംവഴിയുടെ ചെറുജാലകം തുറക്കുകയാണ് ഹസാരെയുടെ നീക്കം. നിയമനിർമിതിയിൽ പൊതുസമൂഹത്തിന്റെ ഇടപെടലിനുള്ള വഴിതുറക്കൽ. ലോക്പാൽ ബിൽ വന്നാലുടൻ രാജ്യം അഴിമതിമുക്തമാകും എന്ന് ഇതിനർത്ഥമില്ല. മറിച്ച്, നമ്മുടെ മുരടിച്ച രാഷ്ട്രീയപ്രക്രിയയ്ക്ക് അനിവാര്യമായ പരിണാമത്തിലേക്കുള്ള ഒരു കാൽച്ചുവടാണിതെന്നു കാണാം.
ഇത്തരമൊരു പരിണാമം കലശലായി ആവശ്യപ്പെടുന്ന കാലയളവുകൂടിയാണിത്. സാമ്പത്തികവളർച്ചാനിരക്ക് ഇരട്ടയക്കത്തിലാക്കാൻ പണിപ്പെടുകയാണ് ഭരണകൂടം. സാമ്പത്തികവളർച്ച അഴിമതിയെ തടയുമെന്ന അഥവാ കുറയ്ക്കുമെന്ന ന്യായം നവസാ
മ്പത്തികനയത്തിന്റെ വക്താക്കൾ മുറയ്ക്ക് പറയുന്നുണ്ട്. അതാണ് മറ്റൊരു വിദഗ്ദ്ധ അസംബന്ധം. അഴിമതിയുള്ള രാജ്യത്തോട് വ്യവസായ സംരംഭകർക്കും നിക്ഷേപകർക്കും പ്രത്യേക താൽപര്യംതന്നെയുണ്ട്. തങ്ങളുടെ ഇംഗിതങ്ങൾക്കും ആദായവർദ്ധനയ്ക്കും ബന്ധപ്പെട്ട അധികാരികളെയും ഇടനിലക്കാരെയും ഗ്രീസടിച്ചാൽ മതി. നിയമവഴിയേ പോകുന്നതിലും ആയാസരഹിതമാണീ കുറുക്കുവഴി. അമേരിക്കൻ നഗരങ്ങൾ വികസിച്ചത് ഈ വഴിക്കാണ്. സാമ്പത്തികവളർച്ചയെ സഹായിക്കുന്ന രാഷ്ട്രീയനയങ്ങൾക്ക് കരാറഴിമതികൾ മികച്ച വളമായിരുന്നു. മറിച്ചും. ഇത്തരം സിംബയോസിസ് ഇന്ത്യൻ അധികാരികൾക്കു പഥ്യമാണ്. കാരണം, അവരുടെ കണ്ണ് വികസന നിരക്കിലാണ്. അതു സാദ്ധ്യമാകുന്ന മുറയ്ക്ക്, മറ്റെല്ലാം മൂടിവയ്ക്കാം. 3 ജി വേഗത്തിൽ മൊബൈൽ പ്രവർത്തിക്കുമ്പോൾ
ആരാണ് പഴയ 2 ജി കൈമടക്കിന്റെ ചളിയെപ്പറ്റി പരാതി പറയുക?
എന്നാൽ, വ്യവസ്ഥാപിതമായ അഴിമതി ആഭ്യന്തര മൊത്തഉല്പാദനത്തെതന്നെ കാർന്നുതിന്നും എന്നതിനൊരു സജീവ രക്തസാക്ഷിയുണ്ട് – റഷ്യ. അവിടെ ജി.ഡി.പിയുടെ 2.9 ശതമാനമാണ് പ്രതിവർഷം ഈ വകയിൽ മുങ്ങിപ്പോവുന്നത്. ചുരുക്കത്തിൽ, അഴിമതിവിരുദ്ധ ബില്ലിന്റെ കാലികപ്രസക്തി ഫേസ്ബുക്ക് പിള്ളകളുടെ താരാരാധനയ്ക്കും ചാനൽസൊറയുടെ റേറ്റിംഗ്ക്രമത്തിനും
രാഷ്ട്രീയകക്ഷികളുടെ ആധിവ്യാധികൾക്കുമൊക്കെ അപ്പുറം പോകുന്ന ഒന്നാണ്.
ലോക്പാൽ ബില്ലിന്റെ ഭാവി എന്തായാലും പാർലമെന്ററി രാഷ്ട്രീയത്തിന്റെ അടഞ്ഞ വ്യവസ്ഥിതിക്ക് സ്വയം പരിണമിക്കാനുള്ളൊരു ഷോക്ചികിത്സയാണ് അണ്ണാ ഹസാരെ കൊടുത്തിരിക്കുന്നത്. അതാണ് രാഷ്ട്രീയലേബലില്ലാത്തവന്റെ അർത്ഥപുഷ്ടിയുള്ള
രാഷ്ട്രീയം.