കേരള സംഗീത നാടക അക്കാദമിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് മുംബയിൽ തുടക്കം കുറിക്കുന്നു.
നെരൂൾ (west) റെയിൽവേ സ്റ്റേഷനടുത്തുള്ള ടെർണ ഓഡിറ്റോറിയത്തിൽ വെച്ച് സെപ്തംബർ 2 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ആഘോഷങ്ങൾ അക്കാദമി അദ്ധ്യക്ഷ കെ.പി.എ.സി. ലളിത ഉത്ഘാടനം ചെയ്യും.
ചടങ്ങിൽ അക്കാദമി സിക്രട്ടറി രാധാകൃഷ്ണൻ നായർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മധു തുടങ്ങിയവർ വിശിഷ്ട അതിഥികളായിരിക്കും.
ഉത്ഘാടനത്തിനു ശേഷം പ്രശസ്ത കഥകളി കലാകാരൻ ശ്രീ കോട്ടക്കൽ ദേവദാസ് നയിക്കുന്ന കഥകളിയിൽ “ബകവധം” ആട്ടക്കഥയിലെ പ്രശസ്തമായ ആശാരിയുടെ വേഷം അവതരിപ്പിക്കും.
മുംബയ് ആസ്ഥാനമായുള്ള പശ്ചിമ മേഖലാ സാംസ്ക്കാരിക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വജ്ര ജൂബിലിയുടെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ, പ്രഭാഷണങ്ങൾ, ചിത്രപ്രദർശനങ്ങൾ, സെമിനാറുകൾ, മുഖാമുഖങ്ങൾ, ശില്പശാലകൾ, കവിയരങ്ങുകൾ എന്നിങ്ങനെ നിരവധി സാംസ്കാരിക പരിപാടികൾ ഗോവയിലും, മഹാരാഷ്ട്രയിലും, ഗുജറാത്തിലും,രാജസ്ഥാനിലുമായി അവതരിപ്പിക്കും.