സാഹിത്യം ശ്രമിക്കുന്നത് ഭാഷയും യാഥാർഥ്യവും തമ്മിലുള്ള വൈരുധ്യം പരിഹരിക്കാനാണെന്ന് ചിന്തകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം പറഞ്ഞു. മുംബൈയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന കാക്ക ത്രൈമാസികയുടെ പത്താം വാർഷികാഘോഷ ചടങ്ങിൽ ‘സാഹിതീയതയുടെ നൈതികമാനങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സുനിൽ. നമ്മുടെ അനുഭവങ്ങളുടെയും ദൈനംദിന ഭാഷയുടെയും ഇടയിലുള്ള വിടവിനെ നികത്തി അനുഭവങ്ങളെ ഉദ്ദീപിപ്പിക്കുകയും സാക്ഷാത്കരിക്കുകയും ചെയ്യുകയാണ് സാഹിത്യം.
ഭാഷയിൽനിന്ന് പിൻവാങ്ങിപ്പോയ അനുഭവത്തെ ഭാഷയെക്കൊണ്ടുതന്നെ വീണ്ടെടുക്കുന്നതാണ് കവിത. ഒപ്പം നീതിബോധത്തെ അനുഭവജ്ഞാനമാക്കി മാറ്റാനും കലയ്ക്ക് കഴിയുന്നുണ്ട്. നമ്മൾ ജയിച്ച ഓരോ പരീക്ഷയും നമ്മുടെ തോറ്റ ജീവിതമാണെന്ന സത്യം മറന്നുപോകുന്നെന്നും സുനിൽ പി. ഇളയിടം പറഞ്ഞു.
കല, രാഷ്ട്രീയം, ആധ്യാത്മികത എന്നിവ അന്തിമമായി നീതിയുടെ ഇടത്തിൽ ചെന്നുചേരും. നീതിബോധത്തെ അനുഭവജ്ഞാനമാക്കി മാറ്റാൻ കലയ്ക്ക് കഴിയും. പ്രതീകങ്ങൾ കവിയുടെമാത്രം സ്വകാര്യസ്വത്തല്ലെന്നും സുനിൽ പി. ഇളയിടം പറഞ്ഞു.
ഏഷ്യാറ്റിക് സൊസൈറ്റി ദർബാർഹാളിൽ നടന്ന പരിപാടിയിൽ നോവലിസ്റ്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കാക്ക പത്രാധിപർ മോഹൻ കാക്കനാടൻ, അഡ്വ. എ.വി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്കും സുനിൽ പി. ഇളയിടം മറുപടി നൽകി.