കേരളീയകലാപാരമ്പര്യത്തെ നമ്പൂതിരി എന്ന പേരിലേക്ക് ആവാഹിച്ച കലാകാരനാണ് കെ.എം. വാസുദേവന്‍ നമ്പൂതിരി അഥവാ ആര്‍ടിസ്റ്റ് നമ്പൂതിരി. വരയുടെ വൈഭവത്തിന് നമ്പൂതിരി എന്ന നാലക്ഷരമാണ് മലയാളിയുടെ മനസ്സില്‍ ഇടം നേടിയിട്ടുള്ളത്. മലയാളം ആനുകാലികങ്ങളിലെ പ്രശസ്തരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് നമ്പൂതിരിയുടെ ചിത്രങ്ങള്‍ എപ്പോഴും പുതിയ വിസ്മയങ്ങള്‍ തീര്‍ക്കാറുണ്ട്. സാഹിത്യത്തിന്റെ ഉള്ളറിഞ്ഞ വരകള്‍ നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ പ്രത്യേകതയാണ്. വളരെ ജനപ്രിയമാണ് നമ്പൂതിരിയുടെ വരകള്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപസവിശേഷതകള്‍ അറിഞ്ഞ് ഭാവങ്ങള്‍ നിറഞ്ഞവയുമാണ്. അദ്ദേഹത്തിന്റെ ചിത്രകലാ രീതിയെ ധാരാളം പേര്‍ ഇന്ന് അനുകരിക്കുന്നുണ്ട്. രാജാരവിവര്‍മയ്ക്ക് ശേഷം ഒരു ചിത്രകാരനെ ഹൃദയത്തോട് ഏറ്റവും കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നതും നമ്മള്‍ നമ്പൂതിരിയെയാണ്.
കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ് നമ്പൂതിരി. 2003-ലെ രാജാരവിവര്‍മ പുരസ്‌കാരം ലഭിച്ചത് ആര്‍ടിസ്റ്റ് നമ്പൂതിരിക്കായിരുന്നു.
ലോഹത്തകിടില്‍ ശില്പങ്ങള്‍ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പിയുമാണ് ആര്‍ടിസ്റ്റ് നമ്പൂതിരി. കഥകളി നര്‍ത്തകരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരം ഈ അടുത്ത കാലത്ത് പ്രദര്‍ശിപ്പിച്ചിരുന്നു.
1925 ചിങ്ങമാസത്തിലെ ആയില്യം നാളില്‍ എടപ്പാളിനടുത്ത നടുവട്ടത്ത് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജനത്തിന്റേയും മൂത്ത മകനായി ജനിച്ചു. ശില്പിയും ചിത്രകാരനുമായ വരിക്കാശ്ശേരി കൃഷ്ണന്‍ നമ്പൂതിരി വഴിയാണ് മദ്രാസിലെ കോളേജ് ഓഫ് ആര്‍ട്സില്‍ എത്തുന്നത്. അവിടെവച്ച് കെ.സി.എസ്. പണിക്കരുടെ ശിഷ്യനായി.കെ.സി.എസ്. പണിക്കര്‍, റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്നു ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960-ല്‍ രേഖാചിത്രകാരനായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചേര്‍ന്നു. പിന്നീട് കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ആയിരക്കണക്കിനു രേഖാചിത്രങ്ങള്‍ വരച്ചു. എം.ടിയും വി.കെ.എന്‍-നുമൊക്കെ തങ്ങളുടെ കൃതികള്‍ക്ക് നമ്പൂതിരി വരയുടെ ഭാഷ്യം ചമയ്ക്കുന്നതിനായി മോഹിച്ചവരാണ്. വരയുടെ പരമശിവന്‍ എന്നാണ് വി.കെ.എന്‍. നമ്പൂതിരിയെ വിളിച്ചത്. മറ്റൊരു സ്ഥാപനത്തില്‍ ജോലി നോക്കുകയാണെങ്കിലും തന്റെ കൃതിക്ക് നമ്പൂതിരിയെക്കൊണ്ട് വരപ്പിക്കാമോ എന്ന് വി.കെ.എന്‍. ഭാഷാപോഷിണിയില്‍ വിളിച്ചു ചോദിച്ചതും എഴുത്തുകാരന്റെ ചിത്രകാരനോടുള്ള അടങ്ങാത്ത ഇഷ്ടത്തിന്റെ ഉദാഹരണമാണ്.
നമ്പൂതിരിച്ചിത്രങ്ങല്‍ എന്ന ശൈലിതന്നെ പ്രശസ്തമായി. പ്രശസ്ത നിരൂപകനായിരുന്ന എം. കൃഷ്ണന്‍ നായര്‍ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എന്‍. കഥകള്‍ക്കു വരച്ച രേഖാചിത്രങ്ങല്‍ എന്നിവ പ്രസിദ്ധമാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആര്‍ട് ഡയറക്ടറായിരുന്നു. കാഞ്ചനസീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകല്പന ശ്രദ്ധേയമായിരുന്നു. അരവിന്ദന്‍, ഷാജി എന്‍. കരുണ്‍, പത്മരാജന്‍ എന്നിവരുടെ ചലച്ചിത്ര പ്രവര്‍ത്തനങ്ങളില്‍ നമ്പൂതിരി പങ്കാളിയായിട്ടുണ്ട്. ‘ഉത്തരായന’ത്തിലെ കലാസംവിധാനത്തിന് സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഞാന്‍ ഗന്ധര്‍വന്റെ ആടയാഭരണങ്ങള്‍ നമ്പൂതിരിയുടെ കലാസംഭാവനയായിരുന്നു.
മികച്ച എഴുത്തുകാരന്‍ കൂടിയാണ് നമ്പൂതിരി. ഭാഷാപോഷിണിയില്‍ നുറോളം ലക്കങ്ങള്‍ പിന്നിട്ട ആത്മകഥയില്‍ വരപോലെ മനോഹരമായി അദ്ദേഹത്തിന്റെ എഴുത്തും. തന്റെ ചിത്രങ്ങളിലൂടെ കഥകള്‍ക്കും നോവലുകള്‍ക്കും മറ്റൊരു മാനവും വ്യാഖ്യാനവും നല്‍കാന്‍ നമ്പൂതിരിക്ക് സാധിച്ചു. കഥയ്ക്ക് വെറുമൊരു ചിത്രം വരയ്ക്കാനല്ല, വിഷ്വലിന് വ്യാഖ്യാനം നല്‍കാനാണ് അദ്ദേഹം ശ്രമിച്ചത്. കവിതയ്ക്ക് വരയ്ക്കുമ്പോള്‍ ഒരു ഇമേജ് എടുത്തു വരയ്ക്കുകയാണ് പതിവ്. ചിത്രകലയോടൊപ്പം കര്‍ണാടക സംഗീതവും കഥകളിയും വാദ്യകലകളും നമ്പൂതിരിക്ക് പ്രിയപ്പെട്ടതാണ്. നിരന്തരമായ പാട്ട് കേള്‍ക്കല്‍ തന്റെ വരയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയും. കഥകളി പദത്തിന്റെ പശ്ചാത്തലത്തില്‍ വരയിലൂടെ ഒരു കളിയരങ്ങ് സൃഷ്ടിക്കാന്‍ നമ്പൂതിരി മാത്രമേയുള്ളൂ.