റോസമ്മ ജോർജ് കാക്കനാടൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് സെപ്തംബർ 14-ന് 26 വർഷം തികയുന്നു. കാക്കനാടൻ കുടുംബത്തിന്റെ നെടുംതൂണായിരുന്ന അമ്മച്ചിയെ കുറിച്ച് ഒരു ചെറുമകളുടെ ഓർമ. എന്തുകൊണ്ട് അമ്മച്ചിയെ കുറിച്ച് നേരത്തെ എഴുതിയില്ല എന്ന് ആരോ ചോദിക്കുന്നു. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന് കാലം മറുപടി പറയുന്നു.
അത് ഒരു വൈകുന്നേരമായിരിക്കണം. കുളി കഴിഞ്ഞ് മുടി വിരലുകൾ കൊണ്ട് ചീകി ഉണക്കിക്കൊണ്ടിരിക്കുന്ന അമ്മച്ചി. തനിയെ അലക്കിയ നല്ല വൃത്തിയുള്ള മുണ്ടും ചട്ടയും വേഷം. തോളിലൊരു വൃത്തിയുള്ള തോർത്തും. മുറുക്കിച്ചുവന്ന ചുണ്ടുകളിൽ ഞാൻ ഇതുവരെ കണ്ടതിലേക്കും ഏറ്റവും വലിയ വാത്സല്യത്തിന്റെ ഒരു പുഞ്ചിരി. അടുത്തു ചെന്നാൽ, കുട്ടിക്കൂറാ പൗഡറിന്റെ മണം. അമ്മച്ചിയെ ഓർക്കുമ്പോൾ ആദ്യം മനസിൽ ഓടിയെത്തുന്നത് ഇതാണ്.
ഏഴുവയസുകാരി പേരക്കുട്ടിയുടെ നീരു വന്ന വീർത്ത കാൽമുട്ടുകളിൽ ചെറു ചൂടുള്ള ധന്വന്തരി കുഴമ്പു തേച്ചു പിടിപ്പിച്ചുകൊണ്ടിരുന്നു അമ്മച്ചി. കുട്ടി ആ മണം ആസ്വദിച്ചുകൊണ്ടും. ഇന്ന് അന്നത്തെ ആ ഏഴുവയസ്സുകാരി അറിയുന്നു, ആ ഓരോ തലോടലും ഓരോ പ്രാർത്ഥനയായിരുന്നു എന്ന്. കാരണം പിന്നീട് റഷ്യയുടെ കൊടുംശൈത്യത്തിൽ പോലും ആ അസുഖം തിരിച്ചുവന്നില്ല.
അമ്മച്ചിയുടെ കാലിൽ പോയിട്ട് ചെരുപ്പിൽ പോലും അഴുക്കിന്റെ ഒരു തരിപോലും കാണില്ല. വൃത്തിയും വെടിപ്പും വസ്ര്തത്തിലും ദേഹശുദ്ധിയിലും മാത്രമല്ല, പാചകത്തിലും അടുക്കളയിലും മുറ്റത്തും എല്ലാം… എല്ലാം… വൃത്തി അമ്മച്ചി ഉള്ള വീട്ടിൽ പടർന്നിരുന്ന ഒരു വികാരമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലും പറ്റാത്ത നിലയിൽ അദ്ധ്വാനിയും ആയിരുന്നു അമ്മച്ചി. ആരോഗ്യമുള്ള സമയത്ത് ഒരു ജോലിക്കാരുടെയും സഹായമില്ലാതെ അമ്മച്ചി തൊടിയിൽ കൃഷി കൂടാതെ ചെറിയ കയ്യാലയും ചവിട്ടുപടിയും ഒക്കെ ഉണ്ടാക്കിയിരുന്നു. പ്രഷർ കുക്കറും ഗ്യാസും എല്ലാം ഉണ്ടായിട്ടും പാചകത്തിന് മടിക്കുന്ന പുതിയ തലമുറയ്ക്ക് സ്വയം നെല്ല് പുഴുങ്ങി കുത്തിയെടുത്ത അരി കൊണ്ട് ചോറ് വേവിച്ച്, കുട്ടികൾക്ക് ചോറുപൊതി കൊടുത്തുവിട്ട അമ്മച്ചിയെ പറ്റി പറയാൻ അത്ഭുതം എന്ന വാക്ക് പോരാതെ വരുന്നു.
വീട്ടിലുള്ളവർക്ക് മാത്രമല്ല അതിഥികൾക്കും വച്ചുവിളമ്പാൻ അമ്മച്ചിക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. പഴയ കമ്മ്യൂണിസ്റ്റ് ഒളിവുകാലത്ത് വീട്ടിൽ വന്നവർക്ക് അത് നന്നായി അറിയാമായിരുന്നു. അച്ചടിമാതൃകയിലുള്ള അമ്മച്ചയുടെ വടിവൊത്ത അക്ഷരം വളരെ പ്രസിദ്ധമായിരുന്നു. ഭക്തി എന്നത് ആത്മാവിൽ നിറഞ്ഞുനിന്ന ഒരു ഭാവമായതിനാലായിരിക്കാം, അത് പ്രദർശിപ്പിക്കുന്നതിൽ അവർ വളരെ വിമുഖയായിരുന്നു. എന്നാൽ കൊച്ചുമക്കളെ മിക്കവരെയും പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് അമ്മച്ചിയാണ്. സ്ര്തീകളുടെ ഇടയിൽ സർവസാധാരണമായ ആഭരണഭ്രമവും ആഡംബരവും പരദൂഷണവും അമ്മച്ചിക്ക് തികച്ചും അന്യമായിരുന്നു.
അലസമായി ഒരു നിമിഷം പോലും അമ്മച്ചി പാഴാക്കുമായിരുന്നില്ല. സാധാരണ തുന്നലും കമ്പിളി കൊണ്ടുള്ള സ്വെറ്റർ തുന്നലും അമ്മച്ചിക്ക് നന്നായി വഴങ്ങിയിരുന്നു. അമ്മച്ചി തുന്നിയ സ്വെറ്റർ ഇപ്പോഴും അലമാരിയുടെ കോണിൽ പരതിയാൽ കിട്ടും. അമ്മച്ചിയുടെ ചിട്ടയെപ്പറ്റി ഓർക്കുമ്പോൾ
ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് പലർക്കും ആ പരിശീലനവും സഹവാസവും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുകയാണ്. എടുത്ത സാധനം എടുത്തയിടത്തുതന്നെ തിരിച്ചുവയ്ക്കാൻ അമ്മച്ചി നിഷ്‌കർഷ പുലർത്തിയിരുന്നു. സാധനങ്ങൾ പരതി നടക്കുക എന്ന മുഷിഞ്ഞ പണിയിൽ നിന്നും എന്താശ്വാസമാവും അതുവഴി കിട്ടുക.
അക്ഷരങ്ങളെ ആദരിക്കാൻ മക്കളെ ചെറുപ്പത്തിൽതന്നെ പ്രേരിപ്പിച്ച അമ്മച്ചിക്ക് മക്കളെല്ലാംതന്നെ പ്രഗത്ഭരും അതിൽ ഒരാൾ മഹാസാഹിത്യകാരനും മറ്റൊരാൾ ചിത്രകാരനും ഒക്കെ ആയിത്തീരുന്നത് കാണാൻ ഭാഗ്യമുണ്ടായി. ഇന്നും എന്റെ മനസ്സിലെ നല്ല ഓർമകളിൽ ഒന്ന് അമ്മച്ചിയുമായുള്ള സായാഹ്നസവാരികളാണ്. വഴിയിലുള്ള മുൾച്ചെടിയും കൂർത്ത കല്ലുകളും മറ്റുള്ളവരുടെ പാദങ്ങൾക്ക് തടസ്സം വരുത്താതെ മാറ്റിയിരുന്ന അമ്മച്ചിയിൽ നിന്നും ഞാൻ പാഠ
ങ്ങൾ പഠിക്കുകയായിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യാനും ക്ഷമിക്കാനും മറ്റും… മറ്റും… പിൽക്കാലത്ത് പല പ്രതിസന്ധികളിലും ആ കരുത്തായ സ്‌നേഹത്തിന്റെ ഓർമ എനിക്കു തണലായി.
വീണ്ടും ഒരു സന്ധ്യയാവുകയാണ്. മുറ്റത്തിന്റെ കിഴക്കെയറ്റത്തെ തേന്മാവിൻചുവട്ടിൽ നിറയെ പൂത്ത മുല്ല. മുല്ലപ്പൂവിന്റെ മണം പരന്ന അമ്മച്ചിയുടെ മുറി. കയ്യിൽ കുറച്ചു പൂക്കളുമായി ഞാൻ അമ്മച്ചിയുടെ അടുത്തേക്ക്. അമ്മച്ചി പതിവുപോലെ കുളി കഴിഞ്ഞ് തലയിൽ രാസ്‌നാദിപ്പൊടി ഇടുന്നു.
ഓർമകൾക്ക് അവസാനമില്ല….
മൊബൈൽ: 7994406994