2014 മെയ് 24. മുംബൈയ്ക്കടുത്തുള്ള താനെ ജില്ലയിലെ കല്യാണില്‍ മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദൂധ്‌നാക്കയിലെ ഗോവിന്ദ് വാഡി പരിസരം. അവിടെ താമസക്കാരനും അടുത്തുള്ള അന്‍സാരി ചൗക്കില്‍ ക്ലിനിക് നടത്തി വരുന്ന യുനാനി ഡോക്ടറുമായ ഇജാസ് മജീദിന്റെ മകന്‍ ആരീബ് മജീദി(23)നെ അന്ന് കാണാതാവുകയുണ്ടായി. നവിമുംബൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അരീബ് രാവിലെ പതിനൊന്നരയോടടുത്ത് സമീപത്തുള്ള പള്ളിയില്‍ നിസ്‌കരിക്കാനെന്നും പറഞ്ഞ് പോയതായിരുന്നു.
അന്നേ ദിവസംതന്നെ അതേ പരിസരത്ത് താമസക്കാരായ അമന്‍ നയീം താണ്ടെല്‍, ഫഹദ് തന്‍വീര്‍ ഷെയ്ഖ്, ഷഹീം ഫാറൂക്ക് ടാങ്കി എന്നീ മറ്റു മൂന്ന് ചെറുപ്പക്കാരെക്കൂടി കാണാതാവുകയുണ്ടായി. അമന്‍ നയീം താണ്ടെല്‍ രാത്രി ഒമ്പതിനും പത്തിനുമിടയില്‍ പുറത്ത് ചൈനീസ് ഭക്ഷണം കഴിക്കാനെന്നു പറഞ്ഞും, ഫഹദ് ഷെയ്ഖ് രാത്രി ഏഴിനും എട്ടരയ്ക്കുമിടയില്‍ പുതിയ ജോലി ലഭിച്ചെന്നു പറഞ്ഞും വീട്ടില്‍ നിന്ന് പോയപ്പോള്‍ ഷഹീം ടാങ്കി വൈകീട്ട് ആറിനോടടുത്ത് ആരോടും ഒന്നും പറയാതെയാണ് പുറത്ത് പോയത്. അവരില്‍ അമന്‍ താണ്ടെല്‍, ഫഹദ് ഷെയ്ഖ് എന്നിവര്‍ ആരീബിനെപ്പോലെ തന്നെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളും ഷഹീം ടാങ്കി ഒരു കോള്‍സെന്റര്‍ ജീവനക്കാരനുമായിരുന്നു.
നാല് ചെറുപ്പക്കാരെ ഒരേദിവസം ഒരേ പരിസരത്തു നിന്ന് ഒന്നിച്ച് കാണാതായതിനാല്‍ അവരുടെ വീട്ടുകാര്‍ മാത്രമല്ല, പരിസരവാസികളും ഒരുപോലെ പരിഭ്രാന്തരായത് സ്വാഭാവികം മാത്രം. ഇത് സംബന്ധിച്ച് പോലീസില്‍ പരാതിയും രേഖപ്പെടുത്തുകയുണ്ടായി. ഇങ്ങനെ ദുരൂഹത സൃഷ്ടിച്ചുകൊണ്ട് അപ്രത്യക്ഷരായ ആ നാല് ചെറുപ്പക്കാരെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം ചെന്നെത്തിയത് അവര്‍ ഒരുകൂട്ടം തീര്‍ത്ഥാടകരോടൊപ്പം ഇറാഖിലേക്ക് പോയെന്നായിരുന്നു. പിന്നീടത് സ്ഥിരീകരിക്കുകയും ചെയ്തു. കല്യാണിലെതന്നെ ഒരു ട്രാവല്‍ എജന്‍സിയായിരുന്നു ആ തീര്‍ത്ഥയാത്ര സംഘടിപ്പിച്ചത്. കാണാതായതിന്റെ മൂന്നാം ദിവസം അരീബ് തന്റെ വീട്ടുകാരെ വിളിച്ച് താന്‍ ഇറാഖിലെത്തിയ കാര്യം അറിയിച്ചതിനു പുറമേ പറയാതെ പോയതിന് മാപ്പ് ചോദിക്കുകയുമുണ്ടായി.
എന്നാല്‍ തീര്‍ത്ഥയാത്രക്ക് പോയ ആ ചെറുപ്പക്കാര്‍ തങ്ങള്‍ പോകുന്ന കാര്യം എന്തുകൊണ്ട് വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി സൂക്ഷിച്ചു എന്ന ചോദ്യം മറ്റൊരു ദുരൂഹതയായി അവശേഷിക്കുമ്പോഴാണ് ബാഗ്ദാദിലെത്തിയശേഷം അവര്‍ നാല് പേരും ടാക്‌സി പിടിച്ച് ഫലൂജയിലേക്ക് പോയതായി തിരിച്ചെത്തിയ തീര്‍ഥാടക സംഘത്തെ ചോദ്യം ചെയ്ത പോലീസിനു ലഭിച്ച മറുപടി. തീര്‍ത്ഥാടക സംഘം തിരിച്ചെത്തിയപ്പോള്‍ അവരോടൊപ്പം തിരിച്ചു വരാതെ ആ നാല് പേര്‍ മാത്രമെന്തിന് ഫലൂജയിലേക്ക് പോയി എന്നതും അതുവരെയുണ്ടായിരുന്ന ദുരൂഹതകളുടെ ഉദ്വേഗം വര്‍ദ്ധിപ്പിക്കാന്‍ നിമിത്തമായി.
അങ്ങനെയിരിക്കുമ്പോഴാണ് ദുരൂഹതകളുടെ യവനിക ഉയര്‍ത്തിക്കൊണ്ട് ജൂലൈ മദ്ധ്യത്തില്‍ ആരീബും ഷഹീം ടാങ്കിയും തങ്ങളുടെ വീട്ടുകാരെ ഫോണില്‍ വിളിച്ചത്. തങ്ങള്‍ ഐ.എസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നും അല്ലാഹുവിനു വേണ്ടിയുള്ള ആ കര്‍മത്തിന്റെ ഫലമായി കുടുംബം മുഴുവനും ‘ജന്നത്തി’ല്‍ (സ്വര്‍ഗം) പോകുമെന്നും പറഞ്ഞ് അവര്‍ വീട്ടുകാരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് കുറെ നാള്‍ അവരെക്കുറിച്ച് വിവരമൊന്നും വീട്ടുകാര്‍ക്ക് ലഭിച്ചില്ല. ചെറുപ്പക്കാരെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസ് അവരുടെ വീട്ടുകാരേയും മറ്റു പലരേയും ചോദ്യം ചെയ്തുകൊണ്ടുള്ള പതിവ് ചടങ്ങുകളുമായി വട്ടം കറങ്ങി.
എന്നാല്‍ ആഗസ്റ്റ് 26-ന് വീണ്ടും ആ ചെറുപ്പക്കാരിലാരോ ഒരാള്‍ തന്റെ വീട്ടില്‍ വിളിച്ച് ആരീബ് മൊസൂളിലെ ഒരു ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി അറിയിച്ചു. ഇക്കാര്യം ആരീബിന്റെ വീട്ടുകാര്‍ അറിഞ്ഞ ശേഷം അവര്‍ ആരീബിനു വേണ്ടിയുള്ള അന്ത്യകര്‍മങ്ങളും നടത്തി.
കൊല്ലപ്പെട്ട ആരീബ് തിരിച്ചെത്തുന്നു
ആരീബിന്റെ വേര്‍പാട് തീര്‍ത്ത വേദനയില്‍ തീ തിന്ന് കഴിയുമ്പോഴാണ് നവംബര്‍ മാസത്തിലൊരു ദിവസം ആരീബിന്റെ പിതാവായ ഡോ. ഇജാസ് മജീദിനെ വിസ്മയപ്പെടുത്തിക്കൊണ്ട് ഒരു ഫോണ്‍ വിളി വന്നത്. വിശ്വസിക്കാനായില്ലെങ്കിലും ആ പിതാവ് സ്വന്തം മകന്റെ ശബ്ദം തിരിച്ചറിയുകതന്നെ ചെയ്തു. കാരണം എന്നെങ്കിലുമൊരു ദിവസം മകന്‍ തിരിച്ചെത്താതിരിക്കില്ല എന്ന പ്രത്യാശയുടെ ഒരു കൈത്തിരിനാളം അദ്ദേഹം അപ്പോഴും ഉള്ളിന്റെയുള്ളില്‍ കെടാതെ കാത്തുസൂക്ഷിച്ചിരുന്നു. ഐ.എസ്സിന് വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ പരിക്കേറ്റ താന്‍ തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് പലായനം ചെയ്തതായും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടതിനാല്‍ അവിടെ നിന്ന് വീട്ടിലെത്താനുള്ള വഴികള്‍ തേടുകയാണെന്നും ആരീബ് പിതാവിനോട് പറഞ്ഞു പോലും. മകന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഡോ. ഇജാസ് മജീദ് ഉടന്‍തന്നെ ഇക്കാര്യം എ്രഅ എന്ന ട്രളധമഭടഫ എഭവണലളധഥടളധമഭ അഥണഭഡസയെ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 28-ന് പുലര്‍ച്ചയ്ക്ക് അടിയന്തര രേഖകളുടെ പിന്‍ബലത്തില്‍ ഒരു ടര്‍ക്കിഷ് വിമാനത്തില്‍ മുംബൈ വിമാനത്താവളത്തിലെത്തിച്ച ആരീബിനെ അവിടെ വച്ച് എന്‍.ഐ.എ. അറസ്റ്റ് ചെയ്യുകയായിരുന്നു.ഇക്കാര്യം എന്‍.ഐ.എ. ആരീബിന്റെ വീട്ടുകാരെ അറിയിക്കുകയുണ്ടായി.
പിന്നീട് ആരീബിനെതിരെ ഭീകരവിരുദ്ധ നിയമ പ്രകാരവും അതോടൊപ്പംതന്നെ ഇന്ത്യയുടെ ഒരു ഏഷ്യന്‍ സുഹൃദ് രാജ്യത്തിനെതിരെ യുദ്ധത്തിനൊരുങ്ങിയ കുറ്റവും ആരോപിച്ച് കേസെടുത്ത എന്‍.ഐ.എ. അയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് വാങ്ങിയ ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ അല്ലാഹുവിന്റെ പണിക്കു വേണ്ടി പോയതാണെന്നായിരുന്നു ആദ്യ മറുപടി. തുടര്‍ന്ന് എന്‍.ഐ.എ. മുമ്പാകെ ഒരു കുമ്പസാരംതന്നെ നടത്തി അയാള്‍. ഐ.എസ്സിനെക്കുറിച്ചും ജിഹാദിനെക്കുറിച്ചുമുള്ള വായനയ്ക്ക് പുറമേ ചില ഓണ്‍ലൈന്‍ വീഡിയോകള്‍ കാണുകയും ചെയ്ത ശേഷമാണ് ഐ.എസ്സി ല്‍ ചേരാനുള്ള പ്രചോദനമുണ്ടായതെന്ന് ആരീബ് തന്റെ കുമ്പസാരത്തില്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുകയുണ്ടായി. അതിനിടയില്‍ ഫഹദ് ഷെയ്ഖ്, അമന്‍ താണ്ടെല്‍, ഷഹീം ടാങ്കി എന്നിങ്ങനെയുള്ള സമാനമനസ്‌കരെ കണ്ടുമുട്ടുകയും അവരുമായി കൂടിയാലോചനകള്‍ നടത്തിയുമാണ് നിരന്തര പരിശ്രമങ്ങള്‍ക്ക് ശേഷം ആരോരുമറിയാതെ ഏത് വിധേനയും ഐ.എസ്സില്‍ ചേരുകയെന്ന ലക്ഷ്യവുമായി തീര്‍ത്ഥാടനത്തിന്റെ മറവില്‍ ഇറങ്ങിത്തിരിച്ചതെന്നും ആരീബ് പറഞ്ഞു.
അവിടെ ചെന്ന ശേഷമുള്ള സംഭവവികാസങ്ങളെല്ലാം ആരീബ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ എണ്ണിയെണ്ണിപ്പറഞ്ഞു. തുടക്കത്തില്‍ ഹീനമായ ജോലികള്‍ ചെയ്യേണ്ടി വന്നതും അതുപോലെ തന്നെ ഐ.എസ്സ്. പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകളോടുള്ള മര്യാദ കെട്ട പെരുമാറ്റങ്ങളും ബോംബുസ്‌ഫോടനത്തില്‍ പരിക്കേറ്റ താന്‍ മൂന്നു ദിവസം ചികിത്സ ലഭിക്കാതെ കിടന്നതുമൊക്കെ അവയില്‍ ചിലതായിരുന്നു. മോസൂളിലെയും മറ്റും ചില ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഐ.എസ്സ്. തന്നെ നിയുക്തമാക്കിയെങ്കിലും അവയെല്ലാം അവസാന നിമിഷത്തില്‍ തന്റേതല്ലാത്ത പലവിധ കാരണങ്ങളാല്‍ പരാജയപ്പെട്ടതായും ആരീബ് ചോദ്യം ചെയ്യലില്‍ പറഞ്ഞുവത്രേ. അങ്ങനെയുള്ള ഒരു ദൗത്യത്തിനിടയിലുണ്ടായ ബോംബു സ്‌ഫോടനത്തിലാണ് തനിക്ക് പരിക്കേറ്റതെന്നും അവന്‍ വെളിപ്പെടുത്തി. ഒടുവില്‍ പരിക്കുകള്‍ ഭേദമായി ആസ്പത്രി വിട്ടശേഷമാണ് പലായനത്തിനൊരുങ്ങിയതും.
ആരീബ് തിരിച്ചെത്തിയ സാഹചര്യത്തില്‍ അമന്‍ നയീം താണ്ടെല്‍, ഫഹദ് തന്‍വീര്‍ ഷെയ്ഖ്, ഷഹീം ഫാറൂക്ക് ടാങ്കി എന്നിവരും തിരിച്ചെത്തുമെന്ന് കരുതി അവരുടെ മാതാപിതാക്കള്‍ കാത്തിരുന്നെങ്കിലും അവരിതുവരെ തിരിച്ചെത്തുകയുണ്ടായില്ല. എന്നാല്‍ ഐ.എസ്സില്‍ ചേരാന്‍ പോയ ഫഹാദ് ഷെയ്ഖ്, ഷഹീം ടാങ്കി എന്നിവര്‍ ആരീബിനെപ്പോലെ അയുധമെടുക്കുകയുണ്ടായില്ലെന്നും അവര്‍ സിറിയയിലെ ഒരു എണ്ണ റിഫൈനറിയിലും ആസ്പത്രിയിലുമായി ജോലി ചെയ്തു വരികയാണെന്നുമാണ് പിന്നീട് ലഭിച്ച റിപ്പോര്‍ട്ടുകള്‍. അതേസമയം അമന്‍ താണ്ടെലിനെക്കുറിച്ച് വിവരമൊന്നുമില്ല താനും.
ആരീബിനെതിരെ ംഭഫടശതഴഫ അഡളധവധളധണല ൂറണവണഭളധമഭ അഡള(ംഅൂഅ)ന്റെ വിവിധ വകുപ്പുകളും അതോടൊപ്പംതന്നെ ഇന്ത്യന്‍ ശിക്ഷാനിയമ(എൂഇ) വകുപ്പുകളും പ്രകാരം 8000 പേജുകള്‍ വരുന്ന ചാര്‍ജ് ഷീറ്റ് എന്‍.ഐ.എ.യുടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഐ.എസ്സില്‍ ചേരാന്‍ പോയ സംഭവങ്ങള്‍ക്ക് പുറമേ ഇന്ത്യയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ടര്‍ക്കിയിലേക്ക് നുഴഞ്ഞു കയറിയപ്പോള്‍ ആരീബ് പിടിയിലായി എന്ന തരത്തിലാണ് ചാര്‍ജ്ഷീറ്റിലെ ആരോപണം. ചാര്‍ജ്ഷീറ്റില്‍ ആരീബിന്റെ കൂടെ പോയ മറ്റു മൂന്നു പേരെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇപ്പോഴും എന്‍.ഐ.യുടെ കസ്റ്റഡിയില്‍തന്നെയാണ് ആരീബ്.
ഐ.എസ്സിന്റെ വിളി കേട്ട പെണ്‍കുട്ടി
കല്യാണിലെ യുവാക്കളേപ്പോലെ പൂനെയില്‍ നിന്ന് ഐ.എസ്സില്‍ ചേരാനൊരുങ്ങിയ സാമ്പത്തികമായി സാമാന്യം ഭേദപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയെത്താത്ത ഒരു വിദ്യാര്‍ത്ഥിനിയെ പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം പിന്തിരിപ്പിക്കാന്‍ കഴിഞ്ഞതും പോയ വര്‍ഷം വാര്‍ത്താപ്രാധാന്യം നേടിയ ഒരു സംഭവമായിരുന്നു. ഇന്ത്യയില്‍ ഐ.എസ്സിന്റെ ഒരു പ്രധാന കണ്ണിയായി സംശയിക്കപ്പെടുന്ന ജയ്പൂര്‍ സ്വദേശിയായ സിറാജുദിന്‍ എന്ന ആളെ അറസ്റ്റ് ചെയ്ത ശേഷമുള്ള ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പൂനെ നഗരത്തിലെ ഒരു കോളേജില്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പൂനെ എ.ടി.എസ് (അഭളധ ൗണററമറധലള രേഴടഢ) അവളെ ചോദ്യം ചെയ്ത ശേഷമാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ടെലിവിഷനില്‍ കണ്ട ഒരു ഡോക്യുമെന്ററിയാണ് തന്നെ ഐ.എസ്. പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാക്കിയത് എന്ന് അവള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞതായി എ.ടി.എസ്. ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുകയുണ്ടായി. അതിനു ശേഷം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 200ല്‍ പരം ഐ.എസ്. അനുഭാവികളായ ചെറുപ്പക്കാരുമായി ഇന്റര്‍നെറ്റ് വഴി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ പെണ്‍കുട്ടിക്ക് ഉന്നത വിദ്യാഭ്യാസത്തിനും മറ്റുമുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഐ.എസ്. പ്രവര്‍ത്തകര്‍ ക്ഷണിച്ച പശ്ചാത്തലത്തിലായിരുന്നു അവള്‍ സിറിയയിലേക്ക് പോകാനൊരുങ്ങിയതത്രേ. ഇങ്ങനെ ഐ.എസ്സില്‍ ചേരാനൊരുങ്ങിയ പെണ്‍കുട്ടി തന്റെ ജീവിതശൈലി തന്നെ മാറ്റുകയുണ്ടായി. ഉദാഹരണമായി പൊതുവേ ജീന്‍സും മറ്റും ധരിച്ചിരുന്ന അവള്‍ ബുര്‍ഖ(പര്‍ദ) ധരിക്കാന്‍ തുടങ്ങി. അവളിലെ ഈ മാറ്റം വീട്ടുകാരെപോലും അത്ഭുതപ്പെടുത്തിയിരുന്നു. പക്ഷേ, അപ്പോഴും വീട്ടുകാര്‍ അവളുടെ തീരുമാനം മനസ്സിലാക്കിയിരുന്നില്ല. കാരണം, കല്യാണിലെ ചെറുപ്പക്കാരെപ്പോലെ തന്നെ വീട്ടുകാര്‍ അറിയാതെയായിരുന്നു അവളും ഐ.എസ്സില്‍ ചേരാന്‍ പദ്ധതി ഒരുക്കിയത്.
പെണ്‍കുട്ടിയെ പിന്നീട് എ.ടി.എസ്സും, വീട്ടുകാരും മതാചാര്യന്മാരും ചേര്‍ന്ന് മാനസികമായ ഒരു പുനപരിവര്‍ത്തന പ്രക്രിയക്ക് വിധേയയാക്കി വരികയായിരുന്നു.
ഐ.എസ്സിന്റെ നെറ്റ് വര്‍ക്ക്
വിജ്ഞാനത്തിന്റെ ഒരു എക്‌സ്പ്രസ് ഹൈവേയായി ഇന്റര്‍നെറ്റ് മാറിയിട്ടുള്ളതിനാല്‍ ആ ഇന്റര്‍നെറ്റ് വഴി എത്രയും പെട്ടെന്ന് അറിവിന്റെ ജിജ്ഞാസ ശമിപ്പിക്കാന്‍ കഴിയുമെന്ന ഗുണകരമോ ദോഷകരമോ ആയ ഇന്നത്തെ സാഹചര്യത്തില്‍ ലോകത്തിലെ യുവതീയുവാക്കളെ പലവിധത്തില്‍ പ്രലോഭിപ്പിച്ചും മസ്തികപ്രക്ഷാളനം നടത്തിയും തങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിച്ച് തങ്ങളോടൊപ്പം ചേരാന്‍ പ്രേരിപ്പിക്കുന്ന ഐ.എസ്സിന്റെ നെറ്റ്‌വര്‍ക്ക് ഇന്ന് പല രാജ്യങ്ങളിലുമായിട്ടാണ് വ്യാപിച്ചു കിടക്കുന്നത്. ഇങ്ങനെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യുവതീയുവാക്കളെ റിക്രൂട്ട് ചെയ്ത് അവിടെയെല്ലാം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആസ്ഥാനവും അന്തരീക്ഷവും ഉറപ്പാക്കുക എന്നതാണ് ഐ.എസ്സിന്റെ പ്രാഥമിക ലക്ഷ്യമായി കാണാന്‍ കഴിയുന്നത്. ഒരു രാജ്യത്തിലെ പൗരന്മാരെക്കൊണ്ട് അതേ രാജ്യത്തിനെതിരെ യുദ്ധം ചെയ്യിക്കുക എന്ന ഭീകരവാദത്തിന്റെ പൊതുതന്ത്രമാണ് ഐ.എസ്സും കാത്തുസൂക്ഷിക്കുന്നത്. എന്നാല്‍ ലോകത്തില്‍ മറ്റുള്ള ഭീകരവാദ സംഘടനകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരെ ഇന്റര്‍നെറ്റ്, ഫെയ്‌സ്ബുക്ക് പോലുള്ള മാധ്യമങ്ങളിലൂടെ സ്വാധീനിക്കുകയോ ആകര്‍ഷിക്കുകയോ ചെയ്തുവരുന്നത് ഐ.എസ്സ്. മാത്രമാണെന്നും കരുതപ്പെടുന്നുണ്ട്. അതിന്റെ ബലിയാടുകളാണ് കല്യാണിലെ ആ നാല് യുവാക്കളും പൂനെയിലെ പെണ്‍കുട്ടിയും. എന്നാല്‍ അവരില്‍ മാത്രം ഒതുങ്ങുന്നതല്ല ആ സ്വാധീനം എന്നുകൂടി മനസ്സിലാക്കേണ്ടതാണ്. ഇങ്ങനെയുള്ള ഐ.എസ്സ്. അനുഭാവികളെ തിരഞ്ഞ് കണ്ടെത്താനോ പിടികൂടാനോ പ്രയാസമാകുന്നത് അവരെല്ലാം പല പേരുകളിലുള്ള ചാറ്റ്‌റൂമുകളില്‍ നിന്ന് ആശയവിനിമയം നടത്തി പിന്നീടവ ഡിലീറ്റ് ചെയ്ത് കളയുന്നതുകൊണ്ടാണെന്ന് ഒരുദ്യോഗസ്ഥന്‍ പറഞ്ഞതിനോട് യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്യാം.