1970 ൽ സർക്കസ് (ജെമിനി) പശ്ചാത്തലമാക്കി രാജ് കപൂർ
സംവിധാനം ചെയ്തു നിർമിച്ച ‘മേരാ നാം ജോക്കർ’ എന്ന ചിത്രത്തിൽ
ഹൃദയസ്പർശിയായ ഒരു രംഗമുണ്ട്. അതായത്, കേന്ദ്ര
കഥാപാത്രമായ കോമാളി ട്രപ്പീസിൽ കാണിക്കുന്ന അഭ്യാസങ്ങൾ
കണ്ട് കാണികൾ കയ്യടിക്കുമ്പോൾ അതേ അഭ്യാസങ്ങൾ കണ്ട്
ഭയവിഹ്വലയായി മുൻനിരയിലിരിക്കുന്ന ഒരു വൃദ്ധയ്ക്ക് ഹൃദയാഘാതം
സംഭവിക്കുന്നു. ആ വൃദ്ധ തന്റെ മാതാവാണെന്ന് കോമാളി
തിരിച്ചറിയുന്നതിനിടയിൽ കോമാളിയുടെ അടുത്ത കലാപ്രകടനത്തിനായുള്ള
അറിയിപ്പുണ്ടാകുന്നു. അതിനാൽ മാതാവിന്റെ
ജഡത്തിനരികിൽ നിന്ന് വീണ്ടും റിംഗിലെത്തി കാണികളെ ചിരി
പ്പിക്കാൻ നിർബന്ധിതനായിത്തീരുന്നു അയാൾ. അങ്ങനെ ദു:ഖം
കടിച്ചിറക്കി റിംഗിലെത്തുന്ന അയാൾ ചില തമാശകൾ അവതരിപ്പിച്ച
ശേഷം സ്വന്തം കുപ്പായത്തിന്റെ ഇടതുവശത്തിനുള്ളിൽ
നിന്ന് ഒരു വെള്ളരിപ്രാവിനെ പുറത്തെടുത്ത് പറത്തി വിട്ടുകൊണ്ട്
‘മാ… മാ’ (അമ്മേ) എന്നു വാവിട്ടു കരയുന്നു. പിന്നെ ഒരു നി
മിഷത്തെ മൗനത്തിനുശേഷം തുടരുന്ന സംഭാഷണത്തിൽ സർ
ക്കസിനെ ജീവിതത്തോടുപമിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു:
”സർക്കസ് ഒരു കളിയാണ്. മൂന്നു മണിക്കൂർ നേരത്തെ കളി.
അതിൽ ആദ്യത്തെ ഒരു മണിക്കൂർ ബാല്യവും രണ്ടാമത്തെ മണിക്കൂർ
യൗവനവും മൂന്നാമത്തെ മണിക്കൂർ വാർധക്യവുമാണ്.
അതിനുശേഷം ഒന്നുമില്ല, ആരുമില്ല. ശൂന്യമായ കസേരകളും
അണഞ്ഞ വെളിച്ചവും മാത്രം ബാക്കി…… കിളിയൊഴിഞ്ഞ
കൂടുപോലെ തമ്പും”. ഇത്രയും പറഞ്ഞ് അയാൾ ചിരിക്കുകയോ
കരയുകയോ ചെയ്യുന്നു. ഇങ്ങനെ ചിരിച്ചുകൊണ്ട് കരയാനും കരഞ്ഞുകൊണ്ട്
ചിരിക്കാനും വിധിക്കപ്പെട്ടവരാണ് സർക്കസ് കളി
ക്കാർ. ഒരിടത്തും സ്ഥിരമായി തങ്ങി നിൽക്കാൻ കഴിയാത്ത അവർ
ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ എങ്ങുനിന്നോ എപ്പോഴോ
വന്ന് ഏതെങ്കിലുമൊരിടത്ത് തമ്പടിക്കുന്നു. പിന്നെ കണ്ടും
കേട്ടും മടുത്ത സ്ഥിരം വിനോദങ്ങളുടെ ആരവങ്ങൾക്കിടയിൽ
കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസങ്ങളുടെ അകൃത്രിമവും വിസ്മയകരവുമായ
വേറിട്ടൊരു ദൃശ്യാനുഭൂതി നേരിട്ട് പകർന്നു നൽകി
പെട്ടെന്നൊരു ദിവസം ആരോടും യാത്ര പറയാതെ എങ്ങോട്ടോ
പോകുന്നു. അങ്ങനെ അവർക്കുപോലും അപരിചിതങ്ങളായ നഗരങ്ങളും
ഗ്രാമങ്ങളും താണ്ടിയുള്ള അവരുടെ യാത്രകൾ തുടർ
ന്നുകൊണ്ടേയിരിക്കും. അവർക്ക് പോയേ പറ്റൂ. അതവരുടെ നിയോഗമാണ്.
അക്ഷരാർത്ഥത്തിൽ സർക്കസുകാരാണ് യഥാർത്ഥ പ്രവാസികൾ.
നാടകം, സിനിമ എന്നിവ പോലെ സർക്കസും ഒരേസമയം
ഒരു കലാരൂപവും വ്യവസായവുമാണ്. ആ കലയിൽ പക്ഷെ, നാട്യങ്ങളില്ല.
തന്ത്രങ്ങളുമില്ല. തികഞ്ഞ അച്ചടക്കവും ക്ഷമയും ശ്രദ്ധയും
മാനസിക നിയന്ത്രണവും മെയ്‌വഴക്കവും സൂക്ഷ്മതയും
കഠിനമായ അദ്ധ്വാനവും സർവോപരി സാഹസികതയുമാണ് ഒരു
സർക്കസുകാരന്റെ കൈമുതൽ.
മുമ്പൊക്കെ ദീർഘചതുരാകൃതിയിലുള്ള
തുറന്ന വേദികളിലും തിയേറ്ററുകളിലുമായി അവതരിപ്പിച്ചു
വന്നിരുന്ന സർക്കസ് പിന്നീട് തമ്പുകൾക്കുള്ളിലെ വൃത്താകൃതിയിലുള്ള
വേദികളിലേക്ക് ചുവടു മാറുകയായിരുന്നു.
കാഴ്ചക്കാർക്ക് എല്ലാ വശത്തുനിന്നും കണ്ടാസ്വദിക്കാൻ
സൗകര്യപ്പെടുന്നതിനു വേണ്ടിയായിരുന്നു അത്. ഇങ്ങനെ വൃത്താകൃതിയിലുള്ള
വേദിയിൽ അവതരിപ്പിച്ചു വന്നതിനാലാണ് അതി
ന് സർക്കസ് എന്ന പേര് ലഭിച്ചതെന്നും കരുതപ്പെടുന്നു. ആ വേദി
റിംഗ് എന്ന പേരിലും അറിയപ്പെടുന്നു.
കൃത്രിമത്വമില്ലാതെ ഒരേസമയം എല്ലാതരം ആൾക്കാരുമായി
നേരിട്ട് സംവദിക്കാനും അവരെ രസിപ്പിക്കാനും കഴിയുന്ന സർ
ക്കസ് എന്ന കലാരൂപത്തിന് അയ്യായിരം വർഷങ്ങളുടെ പഴക്കമുണ്ടത്രെ.
റോമാക്കാരനായ ജനറൽ പോമ്പിയാണ് സർക്കസ് കലയുടെ
ഉപജ്ഞാതാവായി കരുതപ്പെടുന്നത്. ഈ കലാരൂപത്തിന്
സർക്കസ് എന്ന പേര് നൽകിയതും അദ്ദേഹം തന്നെ.
ആധുനിക സർക്കസ്
ആധുനിക സർക്കസിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന
ത് 1742-1814 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഫിലിപ് ആസ്ത്‌ലെ
എന്ന ഇംഗ്‌ളീഷുകാരനാണ്. തന്റെ ഇരുപത്തിയാറാമത്തെ വയസിൽ
42 അടി വ്യാസമുള്ള വൃത്തത്തിനുള്ളിൽ കുതിരകളെ ഉപയോഗിച്ച്
അഭ്യാസ പ്രകടനങ്ങൾ നടത്തുകയുണ്ടായി. അതുവരെ
പലരും കുതിരകളെ നേരെ ഓടിച്ചുകൊണ്ടായിരുന്നു അഭ്യാസങ്ങൾ
കാണിച്ചിരുന്നത്. അതിനാൽ ആസ്ത്‌ലെയുടെ അഭ്യാസങ്ങൾ
ശ്രദ്ധേയമായി. ജനം അതിനെ സർക്കസ് എന്ന് വിളിക്കുകയും
ചെയ്തു. അന്നുമുതൽ ഇന്നുവരെ എല്ലാ സർക്കസുകളും 42
അടി വ്യാസമുള്ള വൃത്തം അല്ലെങ്കിൽ സർക്കിളിനുള്ളിലാണ് (റിംഗ്)
ഒരു അലിഖിത നിയമം പോലെ അവതരിപ്പിച്ചു വരുന്നത്. അങ്ങനെ
1770-ൽ തന്റെ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിന്റെ
ഇടവേളകളിൽ കാണികളുടെ വിരസത അകറ്റാനായി ആസ്ത്‌ലെ
അമ്മാനമാട്ടക്കാരെയും ചെപ്പടിവിദ്യക്കാരെയും കായികാഭ്യാസി
കളെയും കോമാളികളെയുമൊക്കെ ഉപയോഗിച്ചുകൊണ്ടുള്ള വി
നോദ പരിപാടികളും അവതരിപ്പിക്കാൻ തുടങ്ങിയതോടെ സർക്ക
സ് എന്ന കലാരൂപത്തിന് ആസ്വാദകരേറി വന്നു. ഇങ്ങനെ പ്രസിദ്ധി
നേടിയ ആസ്ത്‌ലെയുടെ സർക്കസ് 1772-ൽ ലൂയി പതി
നാലാമന്റെ ക്ഷണമനുസരിച്ച് ഫ്രാൻസിലെ വേഴ്‌സായിൽസിലും
മറ്റും അവതരിപ്പിച്ചു പോന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലും
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമായി
സർക്കസ് അമേരിക്കയിലും ലോകത്തിന്റെ മറ്റിടങ്ങളിലും
പ്രചാരം നേടി.
സർക്കസ് ഇന്ത്യയിൽ
ഇന്ത്യയിൽ സർക്കസിന്റെ പിതാവായി പ്രതിഷ്ഠിക്കാവുന്ന
ആളാണ് വിഷ്ണുപാന്ഥ് ഛത്രെ. മഹാരാഷ്ട്രയിലെ ഖുർദ്വാഡി
രാജാവിന്റെ കുതിരപ്പന്തികളുടെ മേൽനോട്ടക്കാരനും കുതിരാഭ്യാസിയുമായിരുന്ന
വിഷ്ണുപാന്ഥ് ഛത്രെ റോയൽ ഇറ്റാലി
യൻ സർക്കസ് കണ്ടശേഷമാണ് 1880-ൽ ഛത്രേസ് ഗ്രേറ്റ് ഇന്ത്യൻ
സർക്കസിന് രൂപം നൽകിയത്. അതിനുശേഷം 1909-ൽ
ഇന്ത്യയിൽ സ്ഥാപിച്ച മറ്റൊരു സർക്കസ് സംഘമായിരുന്നു മധുസ്‌കർ
സർക്കസ്. 1970-ൽ നാരായൺറാവു വാലാവൽകർ ഈ
സർക്കസ് ഏറ്റെടുത്ത് അതിന്റെ പേര് ഗ്രേറ്റ് റോയൽ സർക്കസ് എന്നാക്കി
മാറ്റുകയാണ് ചെയ്തത്.
എന്നാൽ തന്റെ ഗ്രേറ്റ് ഇന്ത്യൻ സർക്കസുമായി ഇന്ത്യയിലുടനീളം
സഞ്ചരിച്ച ഛത്രെ ആയോധനകലയിലും മറ്റും വിദഗ്ദ്ധനായ
കീലേരി കുഞ്ഞിക്കണ്ണനെ തലശ്ശേരിയിൽ വച്ച് കാണുകയും
ഛത്രെയുടെ അഭ്യർത്ഥന പ്രകാരം കുഞ്ഞിക്കണ്ണൻ ഗ്രേറ്റ് ഇന്ത്യൻ
സർക്കസിലെ അഭ്യാസികൾക്ക് ആ കലയിൽ പരിശീലനം നൽ
കുകയും ചെയ്തു.
സർക്കസും മലയാളിയും
സർക്കസും മലയാളിയും തമ്മിലുള്ള ബന്ധത്തിന് ഒരു നൂ
ഒടടപപട ഏടഭ 2018 ഛടളളണറ 03 2
റ്റാണ്ടിലേറെ പഴക്കമാണുള്ളതെന്നു പറയാം. ഛത്രെയുടെ സർ
ക്കസിൽനിന്നു പ്രചോദനം ഉൾക്കൊണ്ട കീലേരി കുഞ്ഞിക്കണ്ണൻ
1901-ൽ കൊല്ലത്തെ ചിറക്കരയിൽ സർക്കസ് പഠിപ്പിക്കാനായി ഒരു
സ്‌കൂൾ സ്ഥാപിച്ചിരുന്നു. മലയാളികൾക്ക് സർക്കസുമായുള്ള
ബന്ധത്തിന് ഹരിശ്രീ കുറിച്ചത് കുഞ്ഞിക്കണ്ണന്റെ ആ സർക്കസ്
സ്‌കൂളിൽനിന്നാണ്. അവിടെ കുഞ്ഞിക്കണ്ണന്റെ ശിഷ്യത്വം സ്വീകരിച്ച
നിരവധി മലയാളികൾ പിന്നീട് മികച്ച സർക്കസ് താരങ്ങളായും
പ്രശസ്ത സർക്കസ് കമ്പനി ഉടമകളായും ആ രംഗത്ത് നിറഞ്ഞു
നിന്ന ഒരു കാലമുണ്ടായിരുന്നു. അവരിൽ ചിലരാണ് കല്ലൻ
ഗോപാലൻ, കെ.എം. കുഞ്ഞിക്കണ്ണൻ, ജെമിനി ശങ്കരൻ
എന്ന എം.വി. ശങ്കരൻ, ഗോപാലൻ മുല്ലോഴി, പി.ടി. ദിലീപ് തുടങ്ങിയവർ.
1939-ൽ കുഞ്ഞിക്കണ്ണന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർ
മയിൽ ശിഷ്യനായ എം.കെ. രാമൻ കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
മെമ്മോറിയൽ സർക്കസ് ആന്റ് ജിംനാസ്റ്റിക് ട്രെയിനിംഗ്
സെന്റർ ചിറക്കരയിൽ സ്ഥാപിക്കുകയും ചെയ്തു.
1920-ൽ കല്ലൻ ഗോപാലൻ സ്ഥാപിച്ചതാണ് ഗ്രേറ്റ് റെയ്മാൻ
സർക്കസ്. പിന്നീട് നാഷണൽ, ഭാരത്, അമർ എന്നീ സർക്കസ് കമ്പനികളും
സ്ഥാപിച്ചു. അതിനുശേഷം അമർ സർക്കസ് കമ്പനി
കോഴിക്കോട്ടുകാരനായ കെ.പി. ഹേംരാജ് ഏറ്റെടുത്തു. കഴിഞ്ഞ
പത്ത് വർഷത്തോളമായി മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശി
യായ ചന്ദ്രകാന്ത് പുരുഷോത്തം ഘാഡ്‌ഗെയാണ് അമർ സർക്ക
സ് നടത്തി വരുന്നത്.
അതേസമയം ബാബുറാവു കദം എന്ന മഹാരാഷ്ട്രക്കാരൻ
1920-ൽ സ്ഥാപിച്ച ഗ്രാന്റ് ബോംബെ സർക്കസിൽ പിന്നീട് കീ
ലേരി കുഞ്ഞിക്കണ്ണന്റെ അനന്തരവൻ കെ.എം. കുഞ്ഞിക്കണ്ണന്റെ
നേതൃത്വത്തിലുണ്ടായിരുന്ന വൈറ്റ് വേ, ഗ്രേറ്റ് ലയൺ എന്നീ സർ
ക്കസുകൾ കൂടി ലയിപ്പിച്ച് 1947-ൽ ഗ്രേറ്റ് ബോംബെ സർക്കസായി.
കെ.എം. കുഞ്ഞിക്കണ്ണന്റെ കാലശേഷം അനന്തരവൻ
കെ.എം. ബാലഗോപാലൻ ഈ സർക്കസിന്റെ പ്രധാന പങ്കാളി
യായി. ഇന്ത്യയിലെ ഏറ്റവും വലിയ സർക്കസ് കമ്പനികളിലൊന്നാണത്.
1951-ൽ തലശ്ശേരിക്കാരനായ എം.വി. ശങ്കരൻ സ്ഥാപിച്ചതാണ്
പ്രശസ്തമായ ജെമിനി സർക്കസ്. അതിനുശേഷം ജെമിനി
ശങ്കരൻ എന്ന പേരിലറിയപ്പെട്ട അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്
അപ്പോളോ, വാഹിനി, ജംബോ എന്നീ സർക്കസുകളും.
ഹിന്ദിയിലെ ശിക്കാരി, മേരാ നാം ജോക്കർ, കമലഹാസന്റെ
അപൂർവ സഹോദരങ്ങൾ എന്നീ ചിത്രങ്ങൾ ജെമിനി സർക്കസി
ന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ്.
1958-ൽ ഗോപാലൻ മുല്ലോളി സ്ഥാപിച്ചതാണ് രാജകമൽ സർ
ക്കസ്. അതേസമയം നേരത്തേ നിലവിലുണ്ടായിരുന്ന ഓറിയന്റൽ,
അരേന, വിക്ടോറിയ എന്നീ നാല് സർക്കസുകളെ ഉൾക്കൊള്ളിച്ച്
1991-ൽ പി.ടി. ദിലീപ് രൂപം നൽകിയതാണ് റാംബോ സർക്കസ്.
ദിലീപിന്റെ മക്കൾ സുജിത്, സുമിത് എന്നിവരാണ് ഇപ്പോൾ ഈ
സർക്കസിന്റെ ഉടമകൾ.
മലയാളികൾ അകലുന്നു
സർക്കസ് കലയോടുള്ള അഭിനിവേശം മാത്രമല്ല, തൊഴിലില്ലായ്മയും
ദാരിദ്ര്യവും ജീവിക്കാനുള്ള പ്രതികൂല സാഹചര്യങ്ങളുമായിരിക്കാം
അന്ന് ഭൂരിഭാഗം മലയാളികളെയും സർക്കസ് രംഗത്തേ
ക്ക് ആകർഷിച്ചത്. അതിനാൽ സർക്കസ് എന്ന കലാരൂപം മലയാളികളുടെ
മാത്രം കുത്തകയാണെന്ന് അന്യനാട്ടുകാർ സംശയി
ച്ചു പോന്നതിൽ അത്ഭുതമില്ല. ഇങ്ങനെ ഏറ്റവും കൂടുതൽ മലയാളികളുണ്ടായിരുന്ന
സർക്കസ് രംഗത്ത് ഇന്ന് ഉടമകളും കലാകാരന്മാരുമായി
വിരലിലെണ്ണാൻ മാത്രം മലയാളികളേ ഉള്ളൂ. കേരളത്തിൽ
ആളിപ്പടർന്ന ഗൾഫ് ജ്വരവും, വിദ്യാഭ്യാസ യോഗ്യത വേണ്ടാത്തതിനാൽ
നിലവാരമില്ലാത്ത ഒരു കലാരൂപമായി സർക്ക
സിനെ തെറ്റിദ്ധരിച്ചതും, മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് ശോഭനമായ
ഒരു ഭാവി വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക നേട്ടങ്ങളോ
അംഗീകാരങ്ങളോ ഇല്ലാതെ പോയതും കേരളത്തിലെ സാമൂഹി
ക-രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലുണ്ടായ മാറ്റങ്ങളുമാണ് മലയാളികളെ
ഈ കലാരംഗത്തുനിന്ന് അകറ്റി നിർത്താനുണ്ടായ
പ്രധാന കാരണങ്ങളായി പറയപ്പെടുന്നത്.
സർക്കസിന്റെ നിലനില്പ് അവതാളത്തിൽ
ഇന്ത്യയിൽ സർക്കസ് ലാഭകരമായ ഒരു വ്യവസായമല്ലാതായി
ട്ട് കാലം കുറച്ചായെന്നും ഭക്ഷ്യവസ്തുക്കൾ, വൈദ്യുതി, വെള്ളം
എന്നിവയുടെ വിലയും മൊത്തത്തിലുള്ള പരിപാലനച്ചെലവും
നിയന്ത്രണമില്ലാതെ കുതിച്ചുയരുമ്പോൾ ഈ വ്യവസായത്തിന്റെ
നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരവസ്ഥയിലാണെന്നും
പ്രശസ്തമായ റാംബോ സർക്കസിന്റെ ഉടമകളിലൊരാളായ സുജിത്
ദിലീപ് സാക്ഷ്യപ്പെടുത്തുന്നു. ടെലിവിഷന്റെ രംഗപ്രവേശം,
സീരിയലുകളും റിയാലിറ്റി ഷോകളും അടക്കമുള്ള വിനോദോപാധികളുടെ
അതിപ്രസരം, മാൾ സംസ്‌കാരം, സോഷ്യൽ മാധ്യമങ്ങ
ളുടെ കടന്നുകയറ്റം എന്നിവ പ്രേക്ഷകനെ സർക്കസിൽനിന്ന് മുഖം
തിരിക്കാൻ പ്രേരിപ്പിച്ചപ്പോൾ ഒരു കലയും വ്യവസായവുമെന്ന
നിലയിൽ വേണ്ടത്ര സംരക്ഷണവും പ്രോത്സാഹനവും സർ
ക്കാരിൽനിന്നു ലഭിക്കാതെ പോയതും സർക്കസിന്റെ ദുരവസ്ഥ
യ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. സർക്കസിനെ ഒരു കലയായിട്ടല്ലാതെ
വെറും എന്റർടെയിൻമെന്റ് മാത്രമായി കാണുന്നത്
ഇന്ത്യയിൽ മാത്രമാണെന്നും റഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ
സർക്കസ് ദേശീയ കലയായി അംഗീകരിക്കപ്പെട്ടതായും സുജിത്
ചൂണ്ടിക്കാട്ടുന്നു. വിദേശങ്ങളിൽ സർക്കസ് ആർട്ടിസ്റ്റുകൾക്ക് സർ
ക്കസിലല്ലാതെതന്നെ പുറത്ത് പല തൊഴിൽ സാധ്യതകളുമുള്ള
പ്പോൾ ഇവിടെ സർക്കസുകാരന് തമ്പിനു പുറത്ത് ഭിക്ഷ യാചി
ക്കേണ്ട ഗതികേടാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിദഗ്ദ്ധരായ
ആർട്ടിസ്റ്റുകളുടെ കുറവ് അല്ലെങ്കിൽ ദൗർലഭ്യം സർക്കസ് കല
നേരിട്ടുകൊണ്ടിരിക്കുന്ന മറ്റു പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായതി
നാൽ ആ രംഗത്തേക്ക് പുതിയ തലമുറക്കാരെ ആകർഷിക്കാനും
അവർക്കു പരിശീലനം നൽകാനും സർക്കാർ തലത്തിൽ സംവി
ധാനങ്ങൾ ഏർപ്പെടുത്തുകയും സർക്കസ് സ്‌കൂളുകൾ സ്ഥാപിക്കുകയും
ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന
സുജിത് കുട്ടികളെ വഴി തെറ്റിക്കുന്ന യാതൊന്നും സർക്കസി
ലില്ലെന്നും ഭിക്ഷ യാചിക്കാൻ വിടുന്നതിനേക്കാൾ അഭികാമ്യമല്ലേ
അവരെ മികച്ച സർക്കസ് താരങ്ങളാക്കി വളർത്തിയെടുക്കുന്നതെന്നും
അനുബന്ധമായി ചോദിക്കുന്നു.
പൂനെയിൽ ജനിച്ചു വളർന്ന സുജിത് സയൻസിൽ ബാച്ചിലർ
ബിരുദധാരിയും നല്ലൊരു മൃഗസ്‌നേഹിയും കൂടിയാണ്. സർക്ക
സുകളിലൂടെയാണ് പല വന്യജീവികളെയും നേരിൽ കാണാനുള്ള
അവസരം കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ലഭി
ച്ചിരുന്നത്. അതിനാൽ അത്തരം വന്യജീവികൾ സർക്കസുകളിലെ
ഒരു പ്രത്യേക ആകർഷണമായിരുന്നു. എന്നാൽ ആ മൃഗങ്ങളോട്
ക്രൂരമായി പെരുമാറുന്നുവെന്ന കാരണം പറഞ്ഞ് സർക്കസുകളിൽ
മൃഗങ്ങളെ നിരോധിച്ചത് സർക്കസിനേറ്റ ഒരു കനത്ത അടിയാണ്.
വന്യജീവികളാണെങ്കിലും അവ ഞങ്ങളുടെ കൂട്ടത്തിലെ ആർട്ടി
സ്റ്റുകളായിരുന്നു. അവയോടു ക്രൂരമായി പെരുമാറാൻ ഞങ്ങൾക്ക്
കഴിയുമോ എന്ന് ചോദിക്കുന്ന സുജിത് ഒരു കാര്യം കൂടി വെളി
പ്പെടുത്തുന്നു. അതായത്, പലരും കരുതുന്ന പോലെ സർക്കസ്
ഒരു തമാശക്കളിയല്ലെന്നും വയറ്റുപിഴപ്പിനു വേണ്ടി ജീവൻ പണയം
വച്ചുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന ഒരു കലാരൂപമാണെന്നും.
സർക്കസിനെ ഒരു പൈതൃക കലാരൂപമായി യുനെസ്‌കോ
അംഗീകരിച്ചിട്ടുള്ള കാര്യവും ആ യുവാവ് ഓർമപ്പെടുത്തുന്നു. കുടുംബവ്യവസായമായ
സർക്കസ് ഏതാണ്ട് കാൽ നൂറ്റാണ്ടു മുമ്പാണ്
സുജിത് ഏറ്റെടുത്തത്.
ഇന്ത്യയിൽ ഒട്ടുമിക്ക സർക്കസ് കമ്പനികളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണെന്നു
മാത്രമല്ല, സർക്കസിന്റെ നിലനില്പുതന്നെ
അവതാളത്തിലാണെന്നാണ് അമർ സർക്കസിന്റെ ഉടമയായ
ചന്തുഭായ് എന്ന ചന്ദ്രകാന്ത് ഘാഡ്‌ഗെക്ക് പറയാനുള്ളത്. ഇപ്പോൾ
അറുപത്തിയഞ്ച് വയസുള്ള ചന്തുഭായ് ജീവിതത്തിന്റെ
നാല്പത്തിയഞ്ച് വർഷങ്ങളാണ് വിവിധ തസ്തികകളിൽ സർക്ക
സ് രംഗത്ത് ചെലവഴിച്ചത്. തുടക്കം പോസ്റ്റർബോയ് ആയിട്ടായി
രുന്നു. അങ്ങനെ ജെമിനി മുതൽ ഒട്ടുമിക്ക പ്രശസ്ത സർക്കസ് കമ്പനികളിലൂടെ
ഏതാണ്ട് പത്ത് വർഷം മുമ്പ് അമർ സർക്കസ് കമ്പനിയുടെ
സാരഥ്യം ഏറ്റെടുക്കുകയായിരുന്നു.
”എക്കാലത്തും വിദ്യാഭ്യാസയോഗ്യതയൊന്നും വേണ്ടാത്ത
ഈ രംഗത്തെ പണി ഏതൊരു നിരക്ഷരനും ചെയ്യാൻ പറ്റും. അദ്ധ്വാനമാണ്
ഇവിടത്തെ യോഗ്യത. ഭൂമിയിലുള്ള എല്ലാ ആർട്ടി
സ്റ്റുകളെയും അവാർഡ്, അംഗീകാരം, ആനുകൂല്യങ്ങൾ എന്നിവ
നൽകി ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ
സർക്കസിലെ ആർട്ടിസ്റ്റുകൾക്കു മാത്രം അതില്ല. നൃത്തക്കാരിക്കും
സിനിമാതാരത്തിനും ക്രിക്കറ്റ് കളിക്കാരനുമൊക്കെ രാജ്യസഭാംഗംത്വം
നൽകാം, എന്നാൽ സർക്കസ് കളിക്കാരന് അത് പാടില്ല
എന്ന നിലപാടാണ് ഇവിടെ. നാട് ഭരിക്കാനെളുപ്പമാണ്, പക്ഷെ
ഒരു സർക്കസ് കമ്പനി നടത്തുക എളുപ്പമുള്ള കാര്യമല്ല”. സർ
ക്കസ് എന്ന കലാരൂപത്തിന്റെയും വ്യവസായത്തിന്റെയും ഇന്ന
ത്തെ പരിതോവസ്ഥകളിൽ മനം നൊന്ത് ചന്തുഭായ് ഇങ്ങനെ
ധാർമികരോഷം കൊള്ളുമ്പോൾ അതിന്റെ ധ്വനികൾ പലതാണ്.
എങ്കിലും ചന്തുഭായിക്ക് സംതൃപ്തിയാണ്. തന്റെ തമ്പിനുള്ളിലെ
എൺപതിൽ പരം ജീവനക്കാരുടെ കുടുംബം പുലർത്താൻ താൻ
നിമിത്തമാകുന്നതിന്റെ സംതൃപ്തി. അതിനാൽ എല്ലാ സർക്കസുടമകളുടെയും
എന്നപോലെ തന്റെ അവസ്ഥയും പരുങ്ങലിലാണെങ്കിലും
താൻ ജീവിച്ചിരിക്കുന്നിടത്തോളം ഈ സർക്കസ് കമ്പ
നി കൊണ്ടുനടക്കുമെന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.
ഈ സാഹചര്യത്തിൽ സർക്കസ് എന്ന കലാരൂപവും വ്യവസായവും
അധികം താമസിയാതെ ഏതോ യക്ഷിക്കഥ പോലെയായി
മാറിയെങ്കിൽ അത്ഭുതമില്ലെന്നാണ് അമർ സർക്കസിന്റെ മേൽ
നോട്ടക്കാരനായി ചന്തുഭായിയോടൊപ്പം പ്രവർത്തിക്കുന്ന ഒറ്റപ്പാലം
സ്വദേശി വേണു നായരുടെ പ്രതികരണം. സർക്കസിനോടുള്ള
അഭിനിവേശവും കുടുംബത്തിന്റെ സർക്കസ് പശ്ചാത്തലവുമാണ്
വർഷങ്ങൾക്കു മുമ്പ് വേണുവിനെ ഈ രംഗത്തെത്തിച്ചത്.
സർക്കസുകാർക്ക് മറ്റ് ആനുകൂല്യങ്ങളൊന്നുമില്ലെങ്കിലും കേരള
സർക്കാർ ഏർപ്പെടുത്തിയ പെൻഷൻ പിണറായി സർക്കാർ വർ
ദ്ധിപ്പിക്കുമെന്ന പ്രത്യാശയിലാണ് വേണു നായർ.
സർക്കസ് സാഹിത്യത്തിലും സിനിമയിലും
സർക്കസിനെക്കുറിച്ചും സർക്കസ് ജീവനക്കാരെക്കുറിച്ചും പല
ഭാഷകളിലായി നിരവധി സാഹിത്യകൃതികളും സിനിമകളുമുണ്ട്.
പ്രശസ്ത സ്‌കോട്ടിഷ് എഴുത്തുകാരനായ അലിസ്‌റ്റെയർ മക്‌ളീൻ
1975-ൽ രചിച്ച സർക്കസ് എന്ന നോവലും ഖുശ്‌വന്ത് സിംഗിന്റെ
നോട്ട്‌സ് ഓൺ ദി ഗ്രേറ്റ് ഇന്ത്യൻ സർക്കസ് എന്ന പുസ്തകവും
അവയിൽ ചിലതാണ്. മലയാളത്തിൽ ശ്രീധരൻ ചമ്പാട്
എഴുതിയ ഒരുപാടു സർക്കസ് കഥകളുണ്ട്. 1928-ൽ ചാർളി ചാപ്ലിൻ
സംവിധാനം ചെയ്തഭിനയിച്ച ‘ദി സർക്കസ്’ എന്ന സിനിമ
പ്രശസ്തമാണ്. തമിഴിൽ എസ്.എസ്. വാസന്റെ ചന്ദ്രലേഖ, കമലഹാസന്റെ
അപൂർവ സഹോദരങ്ങൾ, ഹിന്ദിയിൽ രാജ്കപൂറി
ന്റെ മേരാ നാം ജോക്കർ, ശിക്കാരി, മലയാളത്തിൽ പി. ഭാസ്‌കരന്റെ
നായര് പിടിച്ച പുലിവാല്, അരവിന്ദന്റെ തമ്പ്, എം.ടി. തിരക്കഥയെഴുതി
ഹരിഹരൻ സംവിധാനം ചെയ്ത വളർത്തുമൃഗങ്ങൾ,
കെ.ജി. ജോർജിന്റെ മേള, ഭരതന്റെ ആരവം, ലോഹിതദാസിന്റെ
ജോക്കർ എന്നിവ ഇന്ത്യയിൽ സർക്കസ് കേന്ദ്രീകരിച്ചു നിർ
മിക്കപ്പെട്ട സിനിമകളിൽ ചിലതത്രെ.