‘തന്ത’യില്ലാത്ത (മരിച്ചുപോയവരല്ല) സന്തതികളില്ല
എന്നു വച്ചാൽ തന്തയില്ലാത്തവരായി ആരും ജനിക്കുന്നില്ല
എന്നർത്ഥം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ അവിഹി
തമായി പിറന്നതുകൊണ്ട് വഴിയിലുപേക്ഷിക്കപ്പെടുന്ന
കുഞ്ഞിനുപോലും അജ്ഞാതനായ ആരോ ഒരാൾ തന്ത
യായി എവിടെയെങ്കിലും കാണും. തന്തയുടെ പങ്കാളിത്തമി
ല്ലാതെ തള്ളയ്ക്ക് പ്രസവിക്കാനാവുകയില്ലല്ലോ. എന്നിരുന്നിട്ടും
ചിലപ്പോഴൊക്കെ തന്തയില്ലാത്തവനെന്നോ തന്തയ്ക്ക് പിറ
ക്കാത്തവനെന്നോ ഒക്കെ അർത്ഥം വരുന്ന ചില അധിക്ഷേ
പ പ്രയോഗങ്ങൾ എല്ലാ ഭാഷകളിലുമുള്ള വർത്തമാനങ്ങ
ളിൽ സൗകര്യപൂർവം കടന്നുവരാറുണ്ട്.
വാസ്തവത്തിൽ ഒരാളുടെ തന്ത ആരാണെന്നുള്ള വ്യക്ത
മായ അറിവ് അയാളുടെ തള്ളയുടേത് മാത്രമാണ്. അതി
നാൽ ഏതൊരാൾക്കും അയാളുടെ തള്ള പറയുന്ന ആളെ
മാത്രമേ തന്തയായി സ്വീകരിക്കാനോ കരുതാനോ നിർവാഹമുള്ളൂ.
ഏതൊരു സന്തതിയുടെയും വിധിയാണത്. പ്രകൃതി
നിയമമായി കരുതപ്പെടുന്ന ആ വിധി ചോദ്യം ചെയ്യപ്പെടാനാവാത്തതാണുതാനും.
കാരണം, തന്ത ആരായാലും ഒരു
കുഞ്ഞിനെ പത്തു മാസം വരെ തന്റെ ഗർഭപാത്രത്തിൽ
സൂക്ഷിച്ചു കൊണ്ടുനടന്ന ശേഷം ലോകത്തിന് കാഴ്ചവയ്ക്കു
ന്നത് തള്ളയാണ്. ആ തള്ളയുടെ ചൂട് പറ്റിക്കിടന്നും തള്ള
യുടെ മുലപ്പാൽ നുകർന്നുമാണ് ഏതൊരു കുഞ്ഞും ആളായി
ത്തീരുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഏതൊരു
വ്യക്തിയുടെയും ഐഡന്റിറ്റിയുടെ പ്രതീകമായിത്തീരുന്നതും
പരിഗണിക്കപ്പെടുന്നതും അയാളുടെ തന്തയുടെ പേരുതന്നെ
യാണ്. തള്ളയുടേതല്ല. അതാണ് നാട്ടുനടപ്പ്. ലോകനടപ്പും.
എന്നാൽ ആ നാട്ടുനടപ്പിനും ലോകനടപ്പിനും വിപരീതമായി
തന്തയുടെ പേരിന് പകരം തള്ളയുടെ പേര് സ്വന്തം
ഐഡന്റിറ്റിയുടെ ശാപമാക്കിക്കൊണ്ട് നടക്കാൻ വിധിക്ക
പ്പെട്ട ഒരുകൂട്ടം ആൾക്കാരുണ്ട്. കൊൽഹാട്ടി എന്ന ഗോത്രവ
ർഗത്തിലെ ആട്ടക്കാരികൾക്ക് ജനിക്കുന്ന സന്തതികളാണവർ.
അതിനാൽതന്നെ ആ സന്തതികൾ തന്തയില്ലാത്തവരായിട്ടാണ്
അറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും. അത്തര
ത്തിലൊരാളായ ഡോ. കിഷോർ ശാന്താബായി കാലെ രചി
ച്ച്, മുംബയിലെ ഗ്രന്ഥാലി പ്രസിദ്ധീകരിച്ച ആത്മകഥാപരമായ
മറാഠി നോവലാണ് ‘കൊൽഹാട്ട്യാംച്ച പോർ’ അഥവാ
കൊൽഹാട്ടിയുടെ സന്തതി.
പേര് സൂചിപ്പിക്കുംപോലെ കൊൽഹാട്ടിസന്തതികളുടെയും
ഒപ്പം കൊൽഹാട്ടിവർഗത്തിന്റെയും ജീവിത യാഥാർ
ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ നോവൽ.
ആത്മകഥയുടെ നേരും സത്യസന്ധതയും അച്ചടക്കവും
നോവലിന്റെ സംവേദനപരമായ ധർമവും സമന്വയിപ്പിച്ചുകൊണ്ടുള്ള
രചനാരീതിയാണ് ഈ പുസ്തകത്തെ ആത്മ
കഥാപരമായ നോവൽ എന്ന് വിശേഷിപ്പിക്കാൻ നിമിത്തമാകുന്നത്.
തന്തയില്ലാത്തവനായി ലോകം മുദ്ര കുത്തുകയും
അങ്ങനെ ജീവിക്കേണ്ടിവരികയും ചെയ്ത സാഹചര്യങ്ങളും
കാര്യകാരണങ്ങളും രചയിതാവ് വിശദമായും വ്യക്തമായും
പ്രതിപാദിക്കുന്നത് തന്തയില്ലാത്ത ഒരു സമൂഹത്തിന്റെ
തന്നെ പ്രതിനിധിയായിക്കൊണ്ടാണ്. അതിനാൽ അതൊരു
കുമ്പസാരമോ വെളിപ്പെടുത്തലോ കൂടിയാകുന്നു. അതേസമയം
അത്തരം സാഹചര്യങ്ങളെയും കാര്യകാരണങ്ങളെയും
പ്രതിക്കൂട്ടിലേറ്റി ചോദ്യം ചെയ്യാനും ഡോ. കിഷോർ ശാന്താബായി
കാലെ മടികാട്ടുന്നില്ല. ”എന്റെ അമ്മ ശാന്താബായി
ഒരു ആട്ടക്കാരിയായിരുന്നു” എന്ന് തുറന്നുപറഞ്ഞുകൊ
ണ്ടുള്ള നോവലിന്റെ തുടക്കംതന്നെ പല മുന്നറിയിപ്പുകളുടെയും
സൂചനയാണ്.
തന്തയില്ലാത്തവനെന്ന് സ്വയം സമ്മതിക്കുന്ന ഡോ.
കിഷോർ ശാന്താബായി കാലെ മഹാരാഷ്ട്രയിലെ സോലാ
പ്പൂരിലുള്ള നേർളെ ഗ്രാമത്തിൽ കൊൽഹാട്ടി വർഗത്തിൽ
പ്പെട്ട ശാന്താബായി കാലെ എന്ന നൃത്തക്കാരിയുടെ രണ്ടു
മക്കളിൽ മൂത്തവനാണ്. പിറപ്പിച്ച തന്തയുടെ പേരറിയാത്ത
തിനാലാണ് തന്റെ പേരിനോടൊപ്പം ഐഡന്റിറ്റിയായി
അമ്മയുടെ പേര് ചേർക്കേണ്ടിവന്നതെന്നും ഇത് കൊൽഹാ
ട്ടിവർഗത്തിലെ എല്ലാ ആട്ടക്കാരികൾക്കും ജനിക്കുന്ന സന്ത
തികളുടെ ഒരു ശാപമാണെന്നും നോവലിൽ അദ്ദേഹം വ്യക്ത
മാക്കുന്നുണ്ട്.
അങ്ങനെയുള്ള കൊൽഹാട്ടി വർഗത്തിൽ നിന്ന് ആദ്യ
മായി എം.ബി.ബി.എസ്. ബിരുദം നേടിയ ആളും അതേ വർ
ഗത്തിൽ നിന്ന് ആദ്യമായി എഴുത്തുകാരനായിത്തീർന്ന
ആളും കൂടിയാണ് ഡോ. കിഷോർ ശാന്താബായി കാലെ. ഒരു
എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ കന്നിസംരംഭമാണ്
കൊൽഹാട്ട്യാംച്ച പോർ. വിപ്ലവം സൃഷ്ടിച്ച ആ ആദ്യ
രചനയിലൂടെതന്നെ മറാഠി സാഹിത്യരംഗത്ത് അദ്ദേഹം
സ്ഥിരപ്രതിഷ്ഠിതനാവുകയും ചെയ്തു. വളരെയേറെ ചർച്ച
ചെയ്യപ്പെടുകയും ഇന്നും പരക്കെ വായിക്കപ്പെടുകയും ചെയ്യു
ന്നതായ ഒരു പുസ്തകമാണിത്. 1994ൽ ആദ്യമായി പ്രസിദ്ധീ
കരിച്ചശേഷം ഇതുവരെ ഈ പുസ്തകത്തിന്റെ 20ൽപരം പതി
പ്പുകൾ ഇറങ്ങിക്കഴിഞ്ഞു. കൂടാതെ ഇംഗ്ലീഷ് അടക്കം നിരവധി
ഭാഷകളിൽ പരിഭാഷകപ്പെടുത്തുകയുമുണ്ടായി. ഇംഗ്ലീ
ഷിൽ ‘എഗെയ്ൻസ്റ്റ് ഓൾ ഓഡ്‌സ്’ എന്ന പേരിൽ പ്രശസ്ത
എഴുത്തുകാരി സന്ധ്യാ പാണ്ഡെയാണ് പരിഭാഷപ്പെടുത്തി
യത്. ഇത് 2000ത്തിൽ പെൻഗ്വിൻ ബുക്‌സ് പ്രസിദ്ധീകരിച്ചു.
ഈയിടെ ദാദറിലെ പ്രശസ്തമായ പുസ്തകക്കടയിൽ
മറ്റൊരു പുസ്തകം തേടിച്ചെന്നപ്പോൾ ‘കൊൽഹാട്ട്യാംച്ച
പോർ’ ചോദിച്ച് എത്തുന്നവരുടെ തിരക്ക് കണ്ടതാണ് അത്
വാങ്ങാനും വായിക്കാനും പ്രേരണയായത്.
കിഷോർ എന്നു പേരായ കൊൽഹാട്ടിച്ചെക്കന് സ്വന്തം
പ്രയത്‌നം കൊണ്ടും നിശ്ചയദാർഢ്യംകൊണ്ടും എല്ലാ പ്രതി
കൂല സാഹചര്യങ്ങളെയും മറികടന്ന് കിഷോർ ശാന്താബായി
കാലെ എന്ന ഡോക്ടറിലേക്കെത്താൻ കഴിഞ്ഞുവെ
ങ്കിലും ആ ജീവിതയാത്രയ്ക്കിടയിൽ അവന്റെ അനുഭവങ്ങളും
യാതനകളും ചില്ലറയായിരുന്നില്ല. അതിനാൽതന്നെ തന്ത
യില്ലാത്ത അവന്റെ തലയിലെഴുത്തായിത്തീരുന്ന ഈ പുസ്ത
കത്തിന്റെ വായന അനുവാചകനെ എന്നും വേട്ടയാടിക്കൊ
ണ്ടിരിക്കും. കൊൽഹാട്ട്യാംച്ച പോർ എന്ന ടൈറ്റിൽ തന്നെ
പരോക്ഷമായെങ്കിലും അതാണ് പറയുന്നത്.
അമ്മ ആട്ടക്കാരിയായതിനാൽ ഒരമ്മയുടെ സ്‌നേഹവും പരി
ലാളനകളും ലഭിക്കാതെ പോയ ബാല്യകൗമാരങ്ങളിൽ തന്ത
യില്ലാത്തവൻ എന്ന പുറംലോകത്തിന്റെ നിന്ദയും പരിഹാസ
ങ്ങളും ആത്മപീഡനങ്ങളായി സ്വീകരിച്ചുകൊണ്ടുതന്നെ
അമ്മവീട്ടിലുള്ളവരുടെ ക്രൂരതകൾ കൂടി ഏറ്റുവാങ്ങി അദ്ധ്വാനിക്കാനും
കഷ്ടപ്പെടാനും നിർബന്ധിതനായി കിഷോർ.
തന്റെ സമപ്രായക്കാരായ മറ്റു കുട്ടികൾ പുസ്തകസഞ്ചിയും
തൂക്കി സ്‌കൂളിൽ പോകുന്നതും വരുന്നതും അവൻ കൗതുകത്തോടെ
നോക്കിനിന്നു. അപ്പോഴൊക്കെ സ്‌കൂളിൽ പോകാൻ
അവനും കൊതിച്ചു. എന്നാൽ കിഷോറിനെ സ്‌കൂളിലയയ്ക്കാനുള്ള
ഉത്തരവാദിത്വം ആർക്കുമില്ലായിരുന്നു. അതേസമയം
ആട്ടക്കാരിയായ അവന്റെ അമ്മയുടെ വരുമാനത്തിൽ ജീവി
ക്കുന്ന മുത്തച്ഛനും മറ്റും കിഷോറിനെ ആട്ടക്കാരുടെ ട്രൂപ്പിൽ
തബലക്കാരനോ ഹാർമോണിയക്കാരനോ ആയി അയച്ച് ആ
വരുമാനം കൂടി തിന്നാൻ കാത്തിരിക്കുകയായിരുന്നു. അതി
നാൽ സ്‌കൂളിൽ പോകാനുള്ള മോഹവുമായി കൊച്ചു
കിഷോർ തന്റെ അമ്മയുടെ സഹപാഠിയായിരുന്ന ‘ഗാവ്‌ളി
ഗുരുജി’ എന്ന അദ്ധ്യാപകനെ സമീപിച്ച് സങ്കടമുണർത്തിച്ചു.
അദ്ദേഹം കിഷോറിനെ താൻ അദ്ധ്യാപകനായുള്ള നേർളെ
ഗ്രാമത്തിലെ സ്‌കൂളിൽ ചേർക്കാൻ കൊണ്ടുപോയി.
എന്നാൽ സ്‌കൂളിൽ പേര് രേഖപ്പെടുത്താനായി
ഹെഡ്മാസ്റ്റർ പിതാവിന്റെ പേര് ചോദിച്ചപ്പോൾ കിഷോറിന്
പകപ്പ് നിൽക്കാനേ കഴിഞ്ഞുള്ളൂ. കാരണം പിതാവ് ആരാണെന്നോ
പിതാവിന്റെ പേരെന്താണെന്നോ അവനറിയുമായിരുന്നില്ല.
അതുവരെ തന്റെ പിതാവിനെ കുറിച്ച് ആരോടെ
ങ്കിലും ചോദിക്കുകയോ അമ്മയോ മറ്റോ പിതാവിനെ കുറിച്ച്
എന്തെങ്കിലും പറയുന്നത് കേൾക്കുകയോ ചെയ്തിരുന്നില്ല
അവൻ. പക്ഷെ ഗാവ്‌ളി ഗുരുജി അന്നേരം ഇടപെട്ട് കിഷോറിന്റെ
പേരിനൊപ്പം അവന്റെ അമ്മയുടെ പേരായ ശാന്താബായി
കാലെ എഴുതിച്ചേർത്തു. കൊൽഹാട്ടി വർഗത്തിലെ
ആട്ടക്കാരികളുടെ സന്തതികൾ തന്തയില്ലാത്തവരാണെന്നും
അത്തരം സന്തതികൾ തന്തയുടെ പേരിനു പകരം തള്ളയുടെ
പേരിലാണ് അറിയപ്പെടുന്നതെന്നുമുള്ള കാര്യം ഗാവ്‌ളി ഗുരു
ജിക്കറിയാമായിരുന്നു. അങ്ങനെ ശാന്താബായി കാലെ എന്നു
ള്ളത് കിഷോറിന്റെ ഐഡന്റിറ്റിയായി.
കിഷോർ ശാന്താബായി കാലെ സ്‌കൂളിൽ പോകാൻ തുട
ങ്ങി. അമ്മവീട്ടിലെ ഓരോ പണിയും ചെയ്തു തീർത്ത ശേഷമാണ്
സ്‌കൂളിൽ പോക്ക്. സ്‌കൂൾ വിട്ടു വന്നാലും പണിയോടു
പണി തന്നെ. ഒടുവിൽ രാവേറെ ചെന്ന ശേഷമാണ് അവന്
പഠിക്കാൻ സമയം കിട്ടിയിരുന്നതുതന്നെ.
ക്ലാസിൽ ഹാജരെടുത്തുകൊണ്ട് അദ്ധ്യാപകർ ഓരോരു
ത്തരുടെയും പേര് വിളിക്കുമ്പോൾ കിഷോറിന്റെ ഊഴമെത്തി
യാൽ എല്ലാവരും ചിരിക്കും. എന്നിട്ട് സഹപാഠികൾ അവനോട്
അവന്റെ അച്ഛനെക്കുറിച്ച് ചോദിക്കും. അപ്പോഴെല്ലാം
അവൻ ഒഴിഞ്ഞുമാറി. തന്തയില്ലാത്തവൻ എന്നു വിളിച്ച് അവ
ർപോലും പരിഹസിച്ചു. അതിനാൽ സ്‌കൂളിലും പുറത്തും
അവൻ കൂട്ടംതെറ്റി നടന്നു. പക്ഷെ പഠിത്തത്തിൽ അവൻ
എല്ലാവരെയും പിന്നിലാക്കി. അതിനാൽ അദ്ധ്യാപകർ
അവനെ മറ്റു കുട്ടികൾക്ക് മാതൃകയാക്കി ചൂണ്ടിക്കാട്ടുമായിരു
ന്നു. വാസ്തവത്തിൽ അതും അവനെ മറ്റുള്ളവരുടെ ശത്രുവാ
ക്കുകയാണുണ്ടായത്. കാരണം അവൻ തന്തയില്ലാത്ത
കൊൽഹാട്ടിച്ചെക്കനാണല്ലോ. അവരാണെങ്കിൽ ഉയർന്ന
ജാതിയിലും സമ്പന്ന കുടുംബങ്ങളിലും പെട്ടവർ.
പത്തു പാസായ കിഷോർ ശാന്താബായി കാലേക്ക് ഉയ
ർന്നു പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സാഹചര്യ
ങ്ങൾ ഒട്ടും അനുകൂലിച്ചില്ല. പഠിത്തത്തോട് സുല്ലു പറഞ്ഞ്
അവൻ പല തൊഴിലുകളും ചെയ്തു. എന്നാൽ തുടർന്ന് പഠി
ക്കാൻ മനസ് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അതിനാൽ പഠിത്ത
ത്തോടൊപ്പം തുടരാവുന്ന തൊഴിലുകളിലേർപ്പെട്ടു. വരുമാനം
തുച്ഛമായിരുന്നെങ്കിലും ഒരുവിധം മുന്നോട്ടു നീങ്ങി.
ഒടുവിൽ എം.ബി.ബി.എസ്സിന്റെ അവസാന വർഷ
പരീക്ഷ അടുത്തെത്തി. മുംബയിൽ താമസിച്ചുകൊണ്ടുള്ള
പഠനത്തിൽ ചിലരൊക്കെ സഹായിച്ചുവെങ്കിലും വലിയൊരു
തുക കടബാദ്ധ്യതയുണ്ടായി. കോളേജ് കാന്റീനിൽ പോലും
പണം കൊടുക്കാനില്ലാതെ പല ദിവസങ്ങളിലും പട്ടിണി കിട
ന്നു. അപ്പോഴും പാർട്‌ടൈം തൊഴിലുകൾ ചെയ്തുകൊണ്ടിരു
ന്നു. എല്ലാം കൂടി കിഷോറിനെ അവശനാക്കിയിരുന്നു. പഠനം
പൂർത്തിയാക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാതെ
വന്നപ്പോൾ ഒരിക്കൽ ഉറക്കഗുളികകൾ കഴിച്ചും മറ്റൊരിക്കൽ
ടിക്കം കഴിച്ചും ആത്മഹത്യയ്‌ക്കൊരുങ്ങി. അതും പരാജയപ്പെ
ട്ടു. വീണ്ടും പണത്തിനുവേണ്ടിയുള്ള അലച്ചിലായി. പലിശയ്‌ക്കെടുത്ത
കുറച്ച് പണവുമായി തിരിച്ച് മുംബയിലെത്തി.
എന്നാൽ എപ്പോഴും പഠനത്തിനു വേണ്ടുന്ന പണം തേടി
യുള്ള അലച്ചിലുകൾക്കിടയിൽ കോളേജിലെ ഹാജർ കുറവായിപ്പോയതിനാൽ
പരീക്ഷയെഴുതാൻ കോളേജ് അധികൃതർ
അനുവദിച്ചില്ല. അങ്ങനെ അടുത്ത വർഷം, അതായത്
1994ൽ, കിഷോർ ശാന്താബായി കാലെ എന്ന കൊൽഹാട്ടി
സന്തതി ഡോ. കിഷോർ ശാന്താബായി കാലെയായി മാറി.
കൊൽഹാട്ട്യാംച്ച പോർ എന്ന ആത്മകഥാപരമായ
നോവൽ അവിടെ അവസാനിക്കുന്നു.
ബിരുദം നേടിയ ഡോ. കിഷോർ ശാന്താബായി കാലെ
തിരിച്ച് സോലാപൂരിലെത്തി പ്രാക്ടീസും ഒപ്പം സാമൂഹ്യപ്രവ
ർത്തനവും തുടങ്ങി. അതിനിടയിൽ എഴുത്തും പൂർത്തിയാക്കി
ക്കഴിഞ്ഞിരുന്നു.
അങ്ങനെയാണ് സമൂഹത്താൽ പൊതുവെയും കുടുംബ
ക്കാരാൽ പ്രത്യേകിച്ചും ചൂഷണം ചെയ്യപ്പെട്ട് കഴിഞ്ഞിരുന്ന
കൊൽഹാട്ടി സ്ര്തീകളുടെ വ്യഥകളും കഷ്ടതകളും അവർക്ക്
ജനിക്കുന്ന തന്നെപ്പോലുള്ള തന്തയില്ലാത്ത സന്തതികളുടെ
ശാപവും ഈ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്ന
കൊൽഹാട്ട്യാംച്ച പോർ ആദ്യമായി അദ്ദേഹം പ്രസിദ്ധീകരിച്ചത്.
മനുഷ്യമനസ്സാക്ഷിയെ ചകിതമാക്കുന്ന നിരവധി സംഭവ
ങ്ങളും മുഹൂർത്തങ്ങളും ഈ പുസ്തകത്തിന്റെ വായനയ്ക്കിടയിൽ
നേരിടേണ്ടിവരുന്നുണ്ട്. അവയിലൊന്നാണ് കൊൽഹാട്ടി
യുടെ സന്തതി ആത്മഗതമെന്നോണം ഉന്നയിക്കുന്ന ചോദ്യം.
അതായത്, ‘ഞാനും എന്റെ ഇളയ സഹോദരനും ഒരേ
അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ജനിച്ചവരാണ്. എന്നാൽ
കടലാസ് രേഖകൾ ഞങ്ങൾ മൂന്ന് പേരെയും പരസ്പരം വേർ
പെടുത്തുകയാണ് ചെയ്തത്. സ്‌കൂളിൽ എന്റെ പേര് കിഷോർ
ശാന്താബായി കാലെ. കാരണം എന്റെ അച്ഛനാരെന്ന് അറി
യില്ല. ശാന്താബായി കാലെ എന്ന അമ്മയുടെ പേരിപ്പോൾ
ശാന്താബായി കൃഷ്ണറാവു വഡ്കർ. കാരണം കൊൽഹാ
ട്ടിക്കാരിയും ആട്ടക്കാരിയുമായ ശാന്താബായി കാലെ
ഇപ്പോൾ അയാളുടെ രണ്ടാംഭാര്യയോ വെപ്പാട്ടിയോ ആണ്.
എന്റെ ഇളയ സഹോദരൻ ദീപക് കോണ്ടീബാ കാലെ. കൃഷ്ണറാവു
വഡ്കർ തന്നെയാണ് അവന്റെ പേര് അങ്ങനെ
സ്‌കൂൾ രേഖയിൽ പെടുത്തിയത്. കാരണം അവൻ മറ്റാരുടെയോ
സന്തതിയാണ്. കൃഷ്ണറാവു വഡ്കർ അമ്മയെ
വെപ്പാട്ടിയാക്കാൻ തയ്യാറായത് കുഞ്ഞായിരുന്ന അവനെയും
അമ്മയോടൊപ്പം സ്വീകരിച്ചുകൊണ്ടാണ്. എന്നാൽ ഭാവി
യിൽ അയാളുടെ നിയമപ്രകാരമുള്ള (ആദ്യ) ഭാര്യയ്ക്കും അവരുടെ
മക്കൾക്കുമുള്ള തറവാട്ട്‌സ്വത്തിന്റെ അവകാശം ദീപക്
ഉന്നയിക്കാതിരിക്കാൻ വേണ്ടിയാണ് കൃഷ്ണറാവു വഡ്കർ
അങ്ങനെ ചെയ്തത്. കോണ്ടീബാ കാലെ ഞങ്ങളുടെ അമ്മ
യുടെ പിതാവും ഞങ്ങളുടെ മുത്തച്ഛനുമാണ്. എന്നിരുന്നിട്ടും
കൃഷ്ണറാവു വഡ്കർ മുത്തച്ഛനെ ദീപക്കിന്റെ അച്ഛനാക്കി.
ഹൃദയം മൂന്നു കഷ്ണങ്ങളായി മുറിച്ച പോലെയാണ്
ഇങ്ങനെ ഞങ്ങളെ വേർപെടുത്തിയത്. ഇന്ന് ഞാൻ
ഡോക്ടറായി. നാളെ സമൂഹത്തിലെ എല്ലാവരും എന്നെ
മാന്യനും അന്തസ്സുള്ളവനുമായി അംഗീകരിക്കും. പക്ഷെ
എന്റെ പൂർവചരിത്രം മായ്ച്ചുകളയാൻ ആർക്കു കഴിയും?”
മറ്റൊരിടത്ത് പറയുന്നത് ശ്രദ്ധിക്കാം:
”വേശ്യയെന്നാൽ പണത്തിനുവേണ്ടി നിത്യവും വ്യക്തികളുമായി
ശാരീരികബന്ധത്തിലേർപ്പെടുന്നവരാണ്. എന്നാൽ
ഒരു കൊൽഹാട്ടിപ്പെണ്ണിന് അന്നവും സംരക്ഷണവും നൽ
കാൻ ആരെങ്കിലും തയ്യാറായാൽ വിവാഹമണ്ഡപത്തിൽ
ഏഴ് വലം വച്ച് താലി കെട്ടി കൊണ്ടുവരുന്ന പെണ്ണിനെ
പോലും അതിശയിപ്പിക്കുമാറ് പാതിവ്രത്യനിഷ്ഠയുള്ളവളായി
അവൾ ജീവിക്കും”.
നോവലിൽ ചൂണ്ടിക്കാട്ടുന്ന മറ്റൊരു സംഭവം:
”കർമാളയിലെ എം.എൽ.എ. നാഗ്‌ദേവ് റാവു ജഗതാപ്
ഒരു ദിവസം വോട്ട് ചോദിക്കാനായി നേർളെയിൽ എത്തി.
അയാൾ എന്റെ അമ്മയായ ശാന്തയെ കണ്ടു. പിന്നെ മുത്തച്ഛ
നോട് പറഞ്ഞു, ‘നിനക്ക് എന്തു വേണമെങ്കിലും ആവശ്യപ്പെടാം,
പകരം നിന്റെ മകളെ എന്റെ കൂടെ വിടുക’ എന്ന്.
‘ശാന്ത എന്റെ വീട്ടിൽതന്നെ നിൽക്കും. അവളെ ആടാൻ വിടി
ല്ല. നിങ്ങൾക്ക് എന്റെ വീട്ടിൽ വരികയും പോവുകയും
ചെയ്യാം. നിങ്ങളല്ലാതെ മറ്റാരും വരാൻ അനുവദിക്കില്ല’ – മറുപടിയായി
മുത്തച്ഛൻ ഈ വ്യവസ്ഥ മുന്നോട്ടുവച്ചു”.
ഇനി വേറൊരു സംഭവം:
”ക്ലാസ്‌മേറ്റ്‌സായ സഞ്ജയനും ഞാനും അടുത്ത കൂട്ടുകാർ
കൂടിയായിരുന്നു. കുസും എന്ന മറ്റൊരു ആട്ടക്കാരിയുടെ സന്ത
തിയായ അവന്റെ അവസ്ഥയും എന്നെപ്പോലെയായിരുന്നു.
കൊൽഹാട്ടി വർഗത്തിലെ നമ്പർ വൺ ആട്ടക്കാരിയെന്ന്
അവരെ വിശേഷിപ്പിക്കാം. അതിസുന്ദരിയായ അവർ ആടുമ്പോൾ
തിയേറ്റർ പ്രകമ്പനം കൊള്ളുകയും കാണികൾ പണം
വാരിക്കോരി എറിയുകയും ചെയ്യുമായിരുന്നു. പല സിനിമാ
ക്കാരും അവരെ ക്ഷണിച്ചു. എന്നാൽ തന്റെ കാലിലെ ചിലങ്ക
കൾ എന്നെന്നേക്കുമായി പറിച്ചെറിഞ്ഞ അവർ കാംബ്ലെ
എന്നൊരാളുടെ കൂടെ മുംബയിൽ കുടുംബജീവിതം തുടർന്നു.
കാംബ്ലെ കൊൽഹാട്ടിയേക്കാൾ താഴ്ന്ന ‘മഹാര’ എന്ന അയി
ത്തജാതിയിൽപ്പെട്ട ആളായിരുന്നു. അത്തരമൊരാളുടെ കൂടെ
ഒരു കൊൽഹാട്ടി ജീവിക്കുന്നത് വലിയ അപരാധമായിട്ടാണ്
കൊൽഹാട്ടി വർഗക്കാർ കരുതിപ്പോരുന്നത്. അതിനാൽ
സഞ്ജയന്റെ അമ്മയായ കുസുമിനെ കൊൽഹാട്ടി പഞ്ചായത്ത്
ജാതിയിൽ നിന്ന് പുറത്താക്കി. എന്നു മാത്രമല്ല, കുസുമിനെ
വീട്ടിൽ കയറ്റിയാൽ കുസുമിന്റെ കുടുംബക്കാരെയും
ജാതിയിൽ നിന്ന് പുറത്താക്കുമെന്ന് കുടുംബക്കാരെ ഭീഷണി
പ്പെടുത്തുകയും ചെയ്തു. അവർക്ക് പഞ്ചായത്തിന്റെ ഉത്തരവ്
അനുസരിക്കാതിരിക്കാൻ നിവൃത്തിയില്ലായിരുന്നു”.
അതേസമയം കൊൽഹാട്ടിപ്പെണ്ണ് ആടുമ്പോൾ മഹാർ
ജാതിക്കാരൻ കാഴ്ചക്കാരനായിരുന്ന് എറിയുന്ന പണം സ്വീകരിക്കുന്നത്
എന്തുകൊണ്ട് കുറ്റകരമായി കാണുന്നില്ല എന്ന
ചോദ്യശരത്തിലൂടെ കൊൽഹാട്ടി പഞ്ചായത്തിനെ പ്രതിക്കൂ
ട്ടിലേറ്റുക കൂടി ചെയ്യുന്നുണ്ട്.
തങ്ങളുടെ വർഗത്തെ, അതായത് കൊൽഹാട്ടി സമുദായത്തെ
ഉണർത്താൻ വേണ്ടി മാത്രമാണ് താനൊരു എഴുത്തുകാരനായതെന്ന്
പുസ്തകത്തിന്റെ ആമുഖത്തിൽ ഡോ.
കിഷോർ ശാന്താബായി കാലെ വ്യക്തമാക്കുന്നു. എന്നാൽ
ഇത്തരമൊരു പുസ്തകമെഴുതിയതിന്റെ പേരിൽ കൊൽഹാട്ടി
പഞ്ചായത്തിന്റെ ഭ്രഷ്ട് അദ്ദേഹത്തിനും സ്വീകരിക്കേണ്ടിവ
ന്നു. എങ്കിലും അദ്ദേഹം എഴുത്ത് തുടർന്നു. ‘മീ ഡോക്ടർ
ഝാലോ’ (ഞാൻ ഡോക്ടറായി), ‘ഹിജഡ ഏക് മർദ്’
(ഹിജഡ ഒരു പുരുഷൻ), ‘മായ് കീ ലേക്രൂ’ (അമ്മയുടെ മക
ൻ), ‘മാജി ആയി’ (എന്റെ അമ്മ), ‘മാജി ശാള’ (എന്റെ പള്ളി
ക്കൂടം), ‘ആത്മബൽ’ (ആത്മബലം) എന്നിങ്ങനെ നിരവധി
കൃതികൾ പിന്നീടദ്ദേഹം രചിക്കുകയും ചെയ്തു.
‘അമ്മ’യെന്ന രണ്ടക്ഷരം ഡോ. കിഷോർ കാലെ എന്ന
എഴുത്തുകാരന് ഒരു വലിയ ബലഹീനതയായിരുന്നു. അതി
നാൽ ഓരോ കൃതിയിലും അമ്മയുടെ സാന്നിദ്ധ്യം പ്രകടമാ
ക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
ഇടയ്ക്കു വച്ച് ബുദ്ധമതം സ്വീകരിച്ച ഡോ. കിഷോർ ശാന്താബായി
കാലെു ഏറ്റവും ഒടുവിലെഴുതിയ കൃതിയാണ് ‘ബുദ്ധ്
ബാട്‌ല’ (ബുദ്ധൻ കളങ്കിതനായി). ഈ കൃതിയും ഏറെ വിവാദങ്ങൾ
ക്ഷണിച്ചുവരുത്തിയിരുന്നു.
ഡോ. കിഷോർ ശാന്താബായി കാലെയിൽ നിന്ന് മറാഠി
സാഹിത്യത്തിലേക്ക് പിന്നെയും പല സംഭാവനകൾ ലഭിക്കുമായിരുന്നു.
പക്ഷെ 2007ൽ ബീഡ് ജില്ലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ
അദ്ദേഹം മരണമടഞ്ഞു.