നൂറു വർഷം പൂർത്തിയാക്കിയ ഇന്ത്യൻ സിനിമയുടെ ചരിത്രയാത്രയ്ക്കിടയിൽ നാഴികക്കല്ലുകളായി വർത്തിക്കുന്ന ചില ചലച്ചിത്ര സൃഷ്ടികളുണ്ട്. 1973ൽ എം.എസ്. സത്യു സംവിധാനം ചെയ്ത ‘ഗരം ഹവ’ എന്ന ചിത്രം അവയിലൊന്നായി ചൂണ്ടിക്കാട്ടാം. ഗരം ഹവ എന്നാൽ ഉഷ്ണക്കാറ്റ് എന്നാണർത്ഥം.
1947ൽ വർഗീയാടിസ്ഥാനത്തിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ വിഭജനം അഴിച്ചുവിട്ട അസഹിഷ്ണുതകളുടെ ഉഷ്ണക്കാറ്റ് നമ്മുടെ രാജ്യത്ത് വരുത്തിത്തീർത്ത വിനകൾ കുറച്ചൊന്നുമായിരുന്നില്ല. ഒരുകൂട്ടം മനുഷ്യമനസുകളിലും അവരുടെ ജീവിതങ്ങളിലും വിഭജനം ഏല്പിച്ച മുറിവുകൾ ഇന്നും ഉണങ്ങാതെ
അവശേഷിക്കുകയാണ്. ആ മുറിവുകൾ ഇനി ഉണങ്ങുമെന്നും തോന്നുന്നില്ല. അങ്ങനെയുള്ള വിഭജനത്തിന്റെ പരിണതികൾ വിശകലനം ചെയ്യുന്ന ഒരു ചലച്ചിത്രസൃഷ്ടിയാണ് ഗരം ഹവ. അതുവരെ സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ഏകാത്മകതയുടെയും മൂല്യങ്ങൾ പൊന്നുപോലെ കാത്തുസൂക്ഷിച്ച നിഷ്‌കളങ്കരായ മനുഷ്യർക്കിടയിൽ വർഗീയതയുടെ വിവേചനബോധവും വെറുപ്പും വിശ്വാസമില്ലായ്മയും അടിച്ചേല്പിച്ച വിഭജനം സ്വന്തം വേരുകൾ ഉപേക്ഷിച്ചുപോകാൻ അവരെ
നിർബന്ധിതരാക്കിയ ഒരു സാഹചര്യപ്രതിസന്ധിയെ രാഷ്ട്രീയവും സാമൂഹികവും സർവോപരി മാനുഷികവുമായ കോണുകളിലൂടെ അനുഭവവേദ്യമാക്കുന്ന ആ ചിത്രം സമൂഹത്തിൽ ഒരു പൊതു ഐഡന്റിറ്റിയുടെ അനിവാര്യതയിലേക്കു വിരൽ ചൂണ്ടുക കൂടി ചെയ്യുന്നു.
വിഭജനമെന്ന പ്രമേയത്തെ സ്പർശിച്ചുകൊണ്ട് മറ്റു ചില ചലച്ചിത്ര സംരംഭങ്ങൾ ഗരം ഹവയ്ക്ക് മുമ്പും നടന്നിട്ടുണ്ട്. നെമായ് ഘോഷിന്റെ ചിന്ന മൂൽ (1951), ഋത്വിക് ഘട്ടക്കിന്റെ മേഘേ ധാക്കതാര (1960), കോമൾ ഗാന്ധാർ (1961), സുബർണരേഖ (1965) എന്നിവയും മറ്റും അവയിൽ ചിലതാണ്. എന്നാൽ
പ്രമേയത്തോടുള്ള സമീപനം, അവതരണത്തിന്റെ വൈകാരിക തീവ്രത, പാത്രസൃഷ്ടി, അഭിനേതാക്കളുടെ പ്രകടനം, മൊത്തത്തിലുള്ള ട്രീറ്റ്‌മെന്റ് എന്നീ ഘടകങ്ങളാണ് ഗരം ഹവയെ ഇന്ത്യൻ സിനിമാചരിത്രത്തിലെ ഒരു നാഴികക്കല്ലാക്കിത്തീർക്കുന്നത്. ഗരം ഹവയ്ക്ക് ശേഷം 1987ലാണ് വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഭീഷ്മ സാഹ്‌നി രചിച്ച ‘തമസ്’ സിനിമയാകുന്നത്. ബൽരാജ് സാഹ്‌നി (ഭീഷ്മ സാഹ്നിയുടെ മൂത്ത സഹോദരൻ), എ.കെ. ഹംഗൽ, ഫാറൂക്ക് ഷെയ്ക്ക്, ജലാൽ ആഖ, ദീനാനാഥ് സുഷ്ടി, ഷൗക്കത്ത് കെയ്ഫി (കെയ്ഫി ആസ്മിയുടെ ഭാര്യ), ബദർ ബീഗം എന്നിങ്ങനെ നാടക-സിനിമാരംഗത്തെ പ്രഗത്ഭരായിരുന്നു ഗരം ഹവയിലെ അഭിനേതാക്കൾ.
മാർക്‌സിസ്റ്റ് എഴുത്തുകാരി ഇസ്മത് ചുഗ്തായിയുടെ കഥയ്ക്ക് തിരക്കഥ രചിച്ചത് പത്രപ്രവർത്തകയും ആക്റ്റിവിസ്റ്റും തിയേറ്റർ പ്രവർത്തകയുമായ ഷമാ സെയ്ദി, കവിയും ഷായറുമായ കെയ്ഫി ആസ്മി എന്നിവർ ചേർന്നാണ്. എം.എസ്. സത്യുവിന്റെ ഭാര്യയായ ഷമാ സെയ്ദി, ശ്യാം ബെനെഗൽ അടക്കമുള്ള നിരവധി പ്രമുഖ സംവിധായകരുടെ സ്ഥിരം തിരക്കഥാകൃത്താണ്. മൊത്തത്തിൽ ഗരം ഹവ എന്ന ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാംതന്നെ ഇടതുപക്ഷ കലാസാംസ്‌കാരിക കൂട്ടായ്മയായ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനു(ഇപ്റ്റ)മായി ബന്ധപ്പെട്ടവരാണ്. ഇവരിൽ ചിലർ ഇന്ന് ജീവിച്ചിരിപ്പില്ല.
1974ൽ മികച്ച ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ്, മികച്ച കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണത്തിനുമുള്ള ഫിലിം ഫെയർ അവാർഡ് അടക്കം മറ്റു പല അവാർഡുകളും നേടിയ ഗരം ഹവ അതേവർഷം കാൻ ഫെസ്റ്റിവലിലേക്കും മികച്ച വിദേശഭാഷാചിത്രത്തിനും നോമിനേറ്റ് ചെയ്യുകയുണ്ടായി.
ഹിന്ദിയിൽ നവ സിനിമാപ്രസ്ഥാനത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി എത്തിയ ശ്യാം ബെനെഗൽ, കുമാർ സാഹ്‌നി, മണി കൗൾ എന്നീ പേരുകൾക്കൊപ്പം നിൽക്കുന്നതാണ് ഗരം ഹവയുടെ സംവിധായകനായ എം.എസ്. സത്യുവിന്റെ പേരും. യഥാർത്ഥ പേര് മൈസൂർ ശ്രീനിവാസ് സത്യു എന്നാണ്. ഹിന്ദി-ഉർദു നാടകരംഗത്തെ തലമൂത്ത കാരണവർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സത്യുവിനെ 1975ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. ഹിന്ദിയിലും കന്നഡയിലുമായി ഒമ്പതോളം ഫീച്ചർ ചിത്രങ്ങൾ, പതിനഞ്ചിൽപരം ഡോക്യുമെന്ററി-ലഘുചിത്രങ്ങൾ, മൂന്ന് ടെലിഫിലിമുകൾ, നാല് സീരിയലുകൾ എന്നിവ അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. അതിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഒരു സീരിയൽ തകഴി ശിവശങ്കരപ്പിള്ളയുടെ ‘കയർ’ എന്ന നോവലിനെ ആധാരമാക്കി അതേ പേരിൽതന്നെയുള്ളതാണ്.
ഹബീബ് തൻവീറിന്റെ ഓഖ്‌ല, മുംബയിലെ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) തുടങ്ങി പല പ്രശസ്ത തിയേറ്റർ ഗ്രൂപ്പുകളുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള സത്യു സംവിധാനം ചെയ്ത ‘ദാരാഷിക്കോ’, ‘മുദ്രരാക്ഷസ്’, ‘ആഖ്‌രിഷമ’, ‘രാഷമോൺ’, ‘ബക്‌രി’, ഗിരിജാ കെ സപ്‌നെ’, ‘മോട്ടേരാം കെ സത്യഗ്രഹ്’, ‘അമൃത’ തുടങ്ങിയ നാടകങ്ങൾ ഏറെ പ്രസിദ്ധങ്ങളാണ്. സിനിമയ്ക്കുള്ള നിരവധി ദേശീയ പുരസ്‌കാരങ്ങൾക്കു പുറമെ 1994ൽ സംഗീത നാടക അക്കാദമി അവാർഡും അദ്ദേ
ഹത്തെ തേടിയെത്തുകയുണ്ടായി.
ഇന്ന് 1984ൽ എത്തിനിൽക്കുന്ന എം.എസ്. സത്യു എന്ന ആ കലാകാരൻ മുംബയിലെ ജുഹുവിലുള്ള തന്റെ വസതിയിൽ വച്ച് ‘കാക്ക’യ്ക്കു നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ തുടർന്ന് അവതരിപ്പിക്കുന്നത്.
കന്നഡക്കാരനായ താങ്കൾ മുംബയിലും ഹിന്ദി സിനിമാരംഗത്തും എത്തിച്ചേർന്ന സാഹചര്യം?
എന്റെ സ്‌കൂൾ വിദ്യാഭ്യാസം മൈസൂരിലും (അന്ന് കർണാടക സംസ്ഥാനമില്ല) കോളേജ് വിദ്യാഭ്യാസം ബാംഗ്ലൂരിലും നടന്നു. കോളേജിൽ വച്ച് നാടകത്തിനോട് വലിയ കമ്പമായിരുന്നു. 1952ൽ ബി.എസ്.സിക്കു പഠിക്കുമ്പോൾ ഏതോ ഉൾവിളി തോന്നി മുംബയിൽ (ബോംബെ) എത്തി. ഇവിടെ വളരെ ബുദ്ധിമുട്ടി. പല തൊഴിലും ചെയ്തു. കൂട്ടത്തിൽ ചില നാടകങ്ങളുടെ അണിയറയിലും പ്രവർത്തിച്ചു. ഭാഷ വശമില്ലാത്തതിനാൽ അണിയറയിൽതന്നെ ഒതുങ്ങിക്കൂടി. ക്രമേണ തിയേറ്റർ ഗ്രൂപ്പുകളുടെ സ്റ്റേജ് ഡിസൈനറും ആർട് ഡയറക്ടറുമൊക്കെയായി. പിന്നീട് ഡയറക്ടറുമായി. 1965ൽ ചേതൻ ആനന്ദിന്റെ
ഹക്കീക്കത്ത് എന്ന പ്രശസ്ത ചിത്രത്തിന്റെ ആർട് ഡയറക്ടറാകാൻ അവസരം ലഭിച്ചതോടെ സിനിമാരംഗത്തെത്തി. ആ വർഷത്തെ മികച്ച ആർട് ഡയറക്ടർക്കുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു.
ഒരു സിനിമാസംവിധായകനായതെങ്ങനെ?
1968ൽ കുട്ടികൾക്കു വേണ്ടി ഒരു ചിത്രം ചെയ്തു – ‘ഏക് ഥാ ഛോട്ടൂ, ഏക് ഥാ മോട്ടൂ’. ചിൽഡ്രൻസ് ഫിലിം സൊസൈറ്റിക്കു വേണ്ടിയായിരുന്നു അത്. അങ്ങനെ സിനിമാസംവിധായകനുമായി.
താങ്കൾക്ക് പേരും പ്രശസ്തിയും നേടിത്തന്ന ‘ഗരം ഹവ’ എന്ന ചിത്രം ചെയ്യാനുണ്ടായ പ്രേരണ?
ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തെ തുടർന്ന് 1956 വരെയുള്ള കുടിയേറ്റകാലത്ത് മുസ്ലീങ്ങൾ അടക്കമുള്ള എല്ലാ മതവിഭാഗക്കാർക്കും നേരിടേണ്ടിവന്ന പ്രശ്‌നങ്ങളാണ് ആ ചിത്രം ചെയ്യാൻ പ്രേരണയായത്.
എഴുപതുകളുടെ കാലഘട്ടത്തിൽ വിഭജനം പ്രമേയമാക്കി ഒരു ചിത്രം നിർമിച്ചപ്പോൾ ആ പ്രമേയത്തിന്റെ പ്രസക്തി എന്തായിരുന്നു?
എഴുപതുകളിലല്ല, ഇന്നും എന്നും പ്രസക്തിയുള്ള ഒരു പ്രമേയമാണത്. വിഭജനത്തെ സ്പർശിച്ചുകൊണ്ട് അതുവരെ ഗൗരവമായ ഒരു സിനിമ ആരും ചെയ്തിരുന്നില്ല. അതുകൊണ്ടാണ് ഗരം ഹവ എന്ന ചിത്രത്തിന് ഏറെ സ്വീകരണം ലഭിച്ചതും അത് ചർച്ച ചെയ്യപ്പെട്ടതും. ഇന്നും സിനിമയെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഗരം ഹവ കടന്നുവരാറുണ്ട്.
ആ ചിത്രത്തിലൂടെ താങ്കൾ ഉദ്ദേശിച്ചതെന്താണ്?
ഒരു മതേതര രാജ്യത്ത് ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസ്ലീങ്ങൾ മുഖ്യധാരയുടെ ഭാഗം തന്നെയാണെന്നും അവരെ അകറ്റിനിർത്താൻ പാടില്ലെന്നുമാണ് ഗരം ഹവയിലൂടെ ഞാൻ പറഞ്ഞത്. എനിക്കിന്നും പറയാനുള്ളത് അതുതന്നെയാണ്.
ഗരം ഹവയുടെ നിർമാണ ഘട്ടത്തിലും പിന്നീട് അതിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടും താങ്കൾക്ക് നേരിടേണ്ടിവന്ന പ്രശ്‌നങ്ങൾ?
പ്രശ്‌നങ്ങൾ പലതും നേരിടേണ്ടിവന്നിട്ടുണ്ട്. അവയിൽ പ്രധാനമാണ് ആഗ്രയിൽ ഗരം ഹവയുടെ ചിത്രീകരണം നടക്കുമ്പോഴുണ്ടായ ജനപ്രതിഷേധവും പ്രക്ഷോഭവും. ചിത്രീകരണം നടത്താൻ അവരനുവദിച്ചില്ല. അതിനാൽ യഥാർത്ഥ ലൊക്കേഷനു പുറത്ത് മറ്റൊരു യൂണിറ്റിനെ വച്ച് ചിത്രീകരണം (ശൂന്യമായ ക്യാമറ കൊണ്ട്) നടത്തി ജനശ്രദ്ധ തിരിക്കുകയും അതേ സമയംതന്നെ യഥാർത്ഥ ലൊക്കേഷനിൽ ചിത്രീകരണം തുടരുകയും ചെയ്തു. പിന്നീട് ചിത്രം പ്രദർശിപ്പിച്ചാലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ ഭയന്ന് സർക്കാർ എട്ടുമാസത്തോളം ചിത്രം പ്രദർശനാനുമതി നൽകാതെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
ഒടുവിൽ പ്രദർശനാനുമതി ലഭിച്ചതെങ്ങനെ?
പല സർക്കാരുദ്യോഗസ്ഥരെയും രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവർത്തകരെയുമൊക്കെ ചിത്രം കാണിച്ചശേഷം അവരുടെയെല്ലാം ശുപാർശപ്രകാരം അനുമതി ലഭിച്ചു.
ഗരം ഹവ എന്ന സിനിമയ്ക്ക് വർത്തമാന കാലഘട്ടത്തോടെ ഏതെങ്കിലും വിധത്തിൽ സംവദിക്കാനാകുമോ?
വിഭജനത്തിന്റെ പരിണതിയായുള്ള ആ ഉഷ്ണക്കാറ്റ് അടക്കിപ്പിടിച് അസഹിഷ്ണുതയായി ഇന്നും എവിടെയൊക്കെയോ പതിയിരിപ്പുണ്ട്. ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് ഇടയ്‌ക്കൊക്കെ ആഞ്ഞുവീശുകയും ചെയ്യുന്നു അത്. ഇങ്ങനെ മുസ്ലീങ്ങൾ മാത്രമല്ല, എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട മനുഷ്യരും നേരിടുന്ന ഒരു
പ്രതിസന്ധിയുടെ നേർക്കാഴ്ചയായിട്ടാണ് ഗരം ഹവ എന്ന ചിത്രം കാലഭേദമില്ലാതെ സംവദിക്കുന്നത്.
ഹിന്ദി സിനിമയിൽ തുടങ്ങിയ താങ്കൾ ഇടയ്ക്കു വച്ച് കന്നഡ സിനിമയിലേക്ക് ഒരു ചുവടുമാറ്റം നടത്തുകയുണ്ടായല്ലോ?
അടിസ്ഥാനപരമായി ഞാനൊരു കന്നഡഭാഷിയാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. എന്നുവച്ച് ഏതെങ്കിലുമൊരു പ്രത്യേക ഭാഷയിലോ സ്ഥലത്തോ ഒതുങ്ങിനിന്ന് സിനിമ ചെയ്യണമെന്ന നിർബന്ധമൊന്നുമ എനിക്കില്ല. മാത്രമല്ല, കാലവും സ്ഥലവും പ്രതിനിധീകരിക്കുന്ന വിഷയം അല്ലെങ്കിൽ പ്രമേയം അവതരിപ്പിക്കാൻ ഏതൊരു കലാകാരനും ചിലപ്പോൾ ദേശഭാഷകളുടെ അതിർത്തി ആലോചിക്കേണ്ടിവരും. അതിനാൽ 1978ൽ ‘ചിത്തേഗു ചിന്തെ’ എന്ന കന്നഡ ചിത്രം ചെയ്തു. ആ ചിത്രത്തിൽ യേശുദാസ് പാടിയ ഒരു പാട്ടുണ്ട്. ആ വർഷത്തെ കർണാടക സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി അവാർഡ് ഈ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി. ഒരു സിനിമാതാരത്തിന്റെ രാഷ്ട്രീയരംഗപ്രവേശമായിരുന്നു പ്രമേയം.
മറ്റു ചില കന്നഡ സിനിമകൾ കൂടി താങ്കൾ ചെയ്തിരുന്നല്ലോ?
1982ലെ ‘ബര’, 2009ലെ ‘ഇജ്ജോഡു’ എന്നിവയാണത്. ഒരു വരൾച്ചബാധിത പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ബര യു.ആർ. അനന്തമൂർത്തിയുടെ കഥയെ അവലംബിച്ചുള്ളതാണ്. ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ആ ചിത്രത്തിനു ലഭിച്ചു. ഇതേ ചിത്രം 1983ൽ ഹിന്ദിയിൽ ‘സൂഖ’ എന്ന പേരിൽ നിർമിച്ചപ്പോൾ അതിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഫിലിം ഫെയറിന്റെ ക്രിട്ടിക്‌സ് അവാർഡും ലഭിച്ചു.
ഇത്തരമൊരു വിഷയത്തിൽ കെ. ബാലചന്ദർ തമിഴിൽ തണ്ണീർ തണ്ണീർ എന്നൊരു ചിത്രം നിർമിച്ചിരുന്നല്ലോ?
ബാലചന്ദർ 1981ലാണ് ആ ചിത്രം നിർമിച്ചത്. വിഷയത്തിലുള്ള സാദൃശ്യം യാദൃച്ഛികം മാത്രം. കഥകളിലും ട്രീറ്റ്‌മെന്റിലും വൈവിധ്യമുണ്ട്. രണ്ടു ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയുണ്ടായി.
ഇജ്ജോഡു എന്ന ചിത്രം ദേവദാസികളെ കുറിച്ചാണല്ലോ. അതിലൂടെ താങ്കൾ പറയാൻ ശ്രമിച്ചതെന്താണ്?
എന്നോ നിരോധിച്ചുകഴിഞ്ഞതാണ് ദേവദാസി സമ്പ്രദായം. എന്നാൽ ഇന്നും ആ സമ്പ്രദായം തുടർന്നുവരികയാണ്. ഇത് ദേവദാസി സമ്പ്രദായത്തിന്റെ മാത്രം കാര്യമല്ല. സർക്കാർ നിയമം മൂലം നിരോധിക്കുന്ന പല കാര്യങ്ങളും അങ്ങനെതന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സമൂഹം സ്വീകരി
ക്കാത്ത നിരോധനം ഒരിക്കലും ഒരു പോംവഴിയാകുന്നില്ലെന്നും അത് ഗുണത്തിനു പകരം ദോഷമേ ചെയ്യൂ എന്നും ചൂണ്ടിക്കാട്ടുകയായിരുന്നു ഞാൻ ആ ചിത്രത്തിലൂടെ. അല്ലാതെ ദേവദാസികളുടെ കഥ മാത്രം പറയുകയായിരുന്നില്ല.
അപ്പോൾ നിരോധനം ഒരു അനാവശ്യ നിയമമാണെന്നാണോ?
എന്നല്ല. ഒരു കാര്യം നിയമം മൂലം നിരോധിക്കുമ്പോൾ അതിന് ബദലായ പോംവഴികളുടെ മുൻവിധികൾ സ്വീകരിക്കേണ്ടതാണ് സർക്കാർ. നിർഭാഗ്യവശാൽ അതുണ്ടാകുന്നില്ല. ഉദാഹരണമായി ബാലവേലതന്നെയെടുക്കാം. ബാലവേല നമ്മുടെ രാജ്യത്ത് നിയമം മൂലം നിരോധിച്ചതല്ലേ. എന്നിട്ടും പരസ്യമായിതന്നെ അത് തുടരുന്നു. കാരണം അത് നിരോധിച്ച സർക്കാർ ബാലവേല ചെയ്യാൻ നിർബന്ധിതരാകുന്നവരുടെ സംരക്ഷണത്തിനായി ഒന്നും ചെയ്തില്ല. ഗാന്ധിജയത്തി തുടങ്ങിയ ദിനങ്ങളിൽ സർക്കാർ മദ്യവില്പന നിരോധിച്ച് ഡ്രൈ ഡേ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ മദ്യശാലകൾ നാളെ മദ്യം ലഭിക്കില്ലെന്ന് തലേന്നുതന്നെ ബോർഡെഴുതി വയ്ക്കുന്നതിനാൽ ഉപഭോക്താക്കൾ നേരത്തേ മദ്യം വാങ്ങിവച്ച് അന്നേദിവസം ഉപയോഗിക്കുന്നു. കൂടാതെ അന്നേദിവസം മദ്യത്തിന്റെ കരിഞ്ചന്ത വില്പന മുറപോലെ
നടക്കുകയും ചെയ്യുന്നു. അതിനാൽ സർക്കാരിന്റെ ഹിപ്പോക്രസിയുടെ പ്രതീകങ്ങൾ മാത്രമാണ് ഇത്തരം നിരോധന നിയമങ്ങൾ. ദേവദാസി സമ്പ്രദായത്തിന്റെ നിരോധനവും ഇതിൽനിന്ന് വ്യത്യസ്തമാകുന്നില്ല.
ഇജ്ജോഡുവിൽ മീരാജാസ്മിൻ എന്ന നടിയെ അഭിനയിപ്പി
ക്കാൻ കാരണം?
‘പെരുമഴക്കാലം’ എന്ന മലയാളചിത്രത്തിലാണ് ആ കുട്ടിയുടെ അഭിനയം ഞാൻ കണ്ടത്. എനിക്കത് ഇഷ്ടപ്പെട്ടു. അങ്ങനെ ഇജ്ജോഡുവിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ മീര സമ്മതിക്കുകയും ചെയ്തു. ഇജ്ജോഡുവിലും മീരയുടെ അഭിനയം മികവുറ്റതായിരുന്നു.
താങ്കൾ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന സിനിമകൾ ചെയ്യുന്നത് എന്തുകൊണ്ടാണ്?
ഒരു പൗരന് അവൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് അകന്നുനിൽക്കാനാവില്ല. പൗരൻ എന്ന നിലയിൽ അയാൾക്ക് ആ ചുറ്റുപാടുകളോട് പലപ്പോഴും
പ്രതികരിക്കാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ ഒരു കലാകാരനെന്ന നിലയിൽ ഞാൻ പ്രതിനിധീകരിക്കുന്ന ചുറ്റുപാടുകളോടുള്ള എന്റെ പ്രതികരണമാണ് എന്റെ സിനിമകൾ.
സിനിമയിൽ കഥയ്ക്കാണോ അത് കൈകാര്യം ചെയ്യുന്ന ഇഷ്യൂവിനാണോ കൂടുതൽ പ്രാധാന്യം?
എല്ലാ സിനിമകളുടെയും ധർമം കഥപറച്ചിലാണ്. അതിനാൽ സിനിമയ്ക്ക് പൊതുവെ ഒരു കഥാതന്തു ആവശ്യമാണ്. എന്നാൽ എല്ലാ സിനിമകളിലും ഒരു ഇഷ്യൂ ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ ചിലപ്പോഴൊക്കെ ഒരു ചിത്രത്തിലൂടെ പറയപ്പെടുന്ന കഥയേക്കാൾ കൂടുതൽ പ്രാധാന്യം ആ ചിത്രം
മുന്നോട്ടുവയ്ക്കുന്ന ഇഷ്യൂവിനായിരിക്കും.
സിനിമയിൽ താരാധിപത്യം അല്ലെങ്കിൽ സ്റ്റാ വാല്യൂ ഒരനിവാര്യ ഘടകമാണോ?
നല്ല അഭിനേതാക്കൾ സിനിമയുടെ അനിവാര്യഘടകംതന്നെയാണ്. അവരെ ഉപയോഗിക്കുന്നതുകൊണ്ട് ഗുണമല്ലാതെ ദോഷം ചെയ്യുകയില്ല. അവരുടെ സാന്നിദ്ധ്യം പ്രേക്ഷകരെ ആകർഷിക്കും. എഴുപതുകളിൽ പാരലൽ, മെയിൻ സ്ട്രീം എന്നിങ്ങനെ സിനിമയെ വേർതിരിച്ചപ്പോൾ അഭിനേതാക്കൾക്കും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നു. പിന്നീടതെല്ലാം മാറുകയായിരുന്നു.
പാട്ടും സംഗീതവും സിനിമയിൽ ഉപയോഗിക്കുന്നതിനോട് ചില പ്രമുഖ സംവിധായകർ മടി കാട്ടുന്നതെന്തുകൊണ്ടാണ്?
സിനിമയിൽ പാട്ട് വേണ്ടെന്ന് ചിലർ ശഠിച്ചിരുന്നു. എന്നാൽ പിന്നീട് അവരിൽ പലരും അവരുടെ സിനിമകളിൽ സംഗീതം ഉപയോഗിക്കുകയുണ്ടായി. ഉദാഹരണമായി ഹിന്ദിയിലെ ശ്യാം ബെനെഗൽ, മണികൗൾ എന്നിവരുടെ കാര്യംതന്നെയെടുക്കാം. ചില സംഗീതരൂപങ്ങളെക്കുറിച്ച് സിനിമയെടുത്ത ആൾ കൂടിയാണ് മണികൗൾ. സംഗീതം നമ്മുടെ പെർഫോമിങ് ആർട് രൂപങ്ങളുടെ ഭാഗമാണ്. അതിൽ എല്ലാ കലകളും ഉൾപ്പെടുന്നു. അവ സിനിമയിൽ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ഇന്ത്യൻ സിനിമയുടെ വ്യത്യസ്തതയും അതാണ്. അതേസമയം വിദേശ സിനിമകൾക്ക് അവരുടേതായ വ്യത്യസ്തതകളുണ്ട്.
സംസ്‌കൃത നാടകവേദിയിൽ സംഗീതവും കവിതയും നൃത്തവുമൊക്കെയുണ്ടല്ലോ. പിന്നെ സിനിമയിൽ എന്തുകൊണ്ടായിക്കൂടാ?
പക്ഷേ അവ ഉപയോഗിക്കേണ്ടത് സിനിമയുടെ സൗന്ദര്യശാസ്ര്തവുമായി ഇണങ്ങിച്ചേരുന്ന തരത്തിലായിരിക്കണം. അതിനാൽ സിനിമയിൽ സംഗീതം പാടില്ലെന്നു പറയുന്നത് ഒരു നോൺസെൻസ് തിയറിയാണ്.
സിനിമാനിരൂപണങ്ങൾ കൊണ്ട്‌പ്രേക്ഷകസമൂഹത്തിന് വല്ല പ്രയോജനവുമുണ്ടോ?
പ്രേക്ഷകസമൂഹത്തിന്റെ ആസ്വാദന നിലവാരവും സംവേദനക്ഷമതയും പണ്ടത്തേതിനേക്കാൾ ഉയർന്നുകഴിഞ്ഞു. സിനിമയുടെ സൗന്ദര്യശാസ്ര്തം മനസിലാക്കാൻ നിരൂപണങ്ങൾ സഹായിച്ചേക്കും.
എന്നാൽ സിനിമയുടെ സൗന്ദര്യശാസ്ര്തം അറിയുന്ന വളരെ കുറച്ച് നിരൂപകരാണ് നമുക്കുള്ളത്. സിനിമാനിരൂപണങ്ങളുടെ പേരിൽ ജേർണലിസ്റ്റുകളുടെ വിവരക്കേടുകളാണ് കൂടുതലും അച്ചടിച്ചുവരുന്നത്. അവകൊണ്ട് പ്രേക്ഷകന് യാതൊരു പ്രയോജനവുമില്ല.
സിനിമയുടെ സാങ്കേതിക വശങ്ങളുമായി പ്രേക്ഷകൻ കൂടുതൽ അടുത്തുകഴിഞ്ഞതായി പറയാമോ?
തീർച്ചയായും. ധാരാളം സിനിമകൾ കാണാൻ അവസരം ലഭിക്കുന്നതിനാൽ പ്രേക്ഷകൻ സിനിമയുടെ അഡ്വാൻസ്ഡ് ടെക്‌നോളജിയുമായി കൂടുതൽ അടുത്തുകഴിഞ്ഞു. അവന്റെ ആസ്വാദനശേഷിയും വികസിച്ചു. അതിനാൽ സിനിമയുടെ പല സാങ്കേതികവശങ്ങളെയും കുറിച്ച് ചിന്തിക്കാനും വിലയിരുത്താനും ആസ്വദിക്കാനും അവൻ പ്രാപ്തനായിട്ടുണ്ട്. ഇതൊരു നല്ല പ്രവണതയാണ്.
ഇന്നത്തെ ഇന്ത്യൻ സിനിമയുടെ പൊതുവെയുള്ള അവസ്ഥ
എങ്ങനെ വിലയിരുത്തുന്നു?
നൂറുവർഷം പൂർത്തിയാക്കിയ ഇന്ത്യൻ സിനിമ മൊത്തത്തിൽ വളരെയേറെ പുരോഗതി നേടിയിട്ടുണ്ട്. പുതിയ തലമുറക്കാർ അവരുടെ കയ്യൊപ്പുകളുമായി രസകരങ്ങളായ പല സിനിമകളും ചെയ്യുന്നുണ്ട്.
മലയാള സിനിമകൾ കാണാറുണ്ടോ?
മലയാളത്തിലെ പല സിനിമകളും കാണാറുണ്ട്. അവയെല്ലാം നല്ല നിലവാരം പുലർത്തുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. മലയാളസിനിമയിൽ പുതിയ നല്ല അഭിനേതാക്കൾ എത്തുന്നുണ്ടെങ്കിലും ഇപ്പോഴും ചില പഴയ നടന്മാരുടെ പേരിൽതന്നെ മലയാളസിനിമ തൂങ്ങിക്കിടക്കുകയല്ലേ എന്ന് ഞാൻ സംശയിക്കുന്നു.
വർഷങ്ങൾക്കു മുമ്പ് കേരള സംസ്ഥാന അവാർഡ് കമ്മിറ്റിയുടെ തലപ്പത്തിരുന്ന താങ്കൾ അടൂർ ഗോപാലകൃഷ്ണന്റെ ‘മതിലുകൾ’ അവഗണിച്ചത് മന:പൂർവമായിരുന്നില്ലേ?
അടൂർ ഗോപാലകൃഷ്ണൻ എന്റെ സുഹൃത്താണ്. മതിലുകൾ എന്ന ചിത്രത്തിന് നല്ല കഥയ്ക്കുള്ള അവാർഡും ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിന് ഏറ്റവും നല്ല ചിത്രത്തിനുള്ള അവാർഡും നൽകിയതിൽ യാതൊരു പക്ഷഭേദവുമില്ലായിരുന്നു. കമ്മിറ്റിയിലുണ്ടായിരുന്ന ഏഴ് പേരുടെ വ്യക്തമായ തീരുമാനമാണത്. എന്നാൽ മാധ്യമങ്ങളടക്കം ആരൊക്കെയോ അത് വിവാദമാക്കുകയാണ് ചെയ്തത്. വളരെ ലളിതമായ ട്രീറ്റ്‌മെന്റിലൂടെ നല്ല ഹ്യൂമറും അഭിനയവും നിറഞ്ഞ ഒരു നല്ല ചിത്രമായിരുന്നു ശ്രീനിവാസന്റേത്. അതിനാലാണ് അതിന് നല്ല ചിത്രത്തിനുള്ള അവാർഡ് നൽകിയത്. അല്ലാതെ അടൂരിനെ താഴ്ത്തിക്കെട്ടാനായിരുന്നില്ല.
തകഴി ശിവശങ്കരപ്പിള്ളയുടെ ‘കയർ’ എന്ന നോവൽ താങ്കൾ സീരിയലാക്കിയല്ലോ. അതിലും ചില വിവാദങ്ങൾ ഉയർന്നതെന്തുകൊണ്ടാണ്?
കയർ ദൂരദർശനു വേണ്ടി ചെയ്തതാണ്. അതിന്റെ ചിത്രീകരണവേളയിൽ ചില പ്രശ്‌നങ്ങളുണ്ടായതല്ലാതെ മറ്റ് വിവാദങ്ങളൊന്നും അത് സൃഷ്ടിക്കുകയുണ്ടായില്ല. തകഴിവിരുദ്ധരായ ചില ആർഎസ്എസുകാർ പ്രശ്‌നമുണ്ടാക്കിയതാണത്. ചില തെറ്റിദ്ധാരണകളുടെയും രാഷ്ട്രീയപ്രേരണകളുടെയും ഭാഗമായുണ്ടായ ആ
പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തു.
ഒരുകാലത്ത് സിനിമയ്ക്ക് ഭീഷണിയായിരുന്ന ടി.വിയുമായി സിനിമ ഒത്തുതീർപ്പിലായെന്ന് പറയാമോ?
ഒത്തുതീർപ്പെന്ന് പറയാനാവില്ലെങ്കിലും ടെലിവിഷന് ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സിനിമ. സിനിമയെ അപേക്ഷിച്ച് ടി.വി. ഒരു തൽക്ഷണ മാധ്യമമാണ്. സംഭവങ്ങൾ എത്രയും പെട്ടെന്ന് പ്രേക്ഷകരിലെത്തിക്കാനാകും. എന്നാൽ റിയാലിറ്റി ഷോകളും തരംതാണ സീരിയലുകളും ആ മാധ്യമത്തെ ചൂഷണം ചെയ്തുവരികയാണ്. എല്ലാ മാധ്യമങ്ങൾക്കും ഒരു വ്യാകരണമുണ്ട്. ടി.വിക്കാർ ആ വ്യാകരണങ്ങൾ പാലിക്കുന്നില്ല. ടി.വിയുടെയോ സിനിമയുടെയോ വ്യാകരണം എന്താണെന്ന് അവർക്കറിയില്ല. ഒരു ജേർണലിസ്റ്റിക് ചട്ടക്കൂടിൽ നിന്നുകൊണ്ട് ടി.വിയുടെ ധർമം നല്ലതാണ്. പക്ഷേ അതിന്റെ ടെക്‌നോളജി ദുരുപയോഗം ചെയ്യപ്പെടുകയാണ്.
മലയാളത്തിൽ ജോൺ അബ്രഹാം എന്നൊരു ചലച്ചിത്ര പ്രവർത്തകനുണ്ടായിരുന്നു. അറിയുമോ?
ജോൺ അബ്രഹാമിനെ അറിയും. അദ്ദേഹത്തിന്റെ അഗ്രഹാരത്തിൽ കഴുതൈ കണ്ടിട്ടുണ്ട്. ജോണിന്റെ ടാലന്റ് വെളിപ്പെടുത്തുന്ന വളരെ നല്ല സിനിമയാണത്. മദ്യം അദ്ദേഹത്തെ നശിപ്പിച്ചു. അദ്ദേഹത്തിൽനിന്ന് പലതും ലഭിക്കുമായിരുന്നു. മദ്യപിച്ചാൽ എല്ലാ നോൺസെൻസുകളും പറയുമായിരുന്നു അദ്ദേഹം.
കലാകാരന്മാർ അധികവും കമ്മ്യൂണിസ്റ്റ് (ഇടതുപക്ഷ) അനുഭാവികളാകുന്നതെന്തുകൊണ്ടാണ്?
മൂല്യാധിഷ്ഠിതമായ പ്രത്യയശാസ്ര്തങ്ങൾ അടിത്തറയാക്കിയതാണ് കമ്മ്യൂണിസം. താൻ ജീവിക്കുന്ന സമൂഹത്തോടും ലോകത്തോടും തന്റെ കലാസൃഷ്ടികളോടും പ്രതിബദ്ധതയുള്ള ഒരു കലാകാരന് ഇടതുപക്ഷ അനുഭാവിയല്ലാതാകാൻ കഴിയുകയില്ല.
ഒരു കമ്മ്യൂണിസ്റ്റ് (ഇടതുപക്ഷ) അനുഭാവിയായ താങ്കൾ നമ്മുടെ രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
കമ്മ്യൂണിസം വിഭജിച്ച് പല കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് ഇന്നുള്ളത്. അവരും ഭരണാധികാരത്തിനു വേണ്ടി ശ്രമിക്കുകയാണ്. ഒന്നിച്ചുനിൽക്കാൻ കഴിയാത്ത അവരെങ്ങനെ ഒരു രാജ്യത്തെ മുഴുവൻ ഭരിക്കുമെന്ന് ഞാൻ സംശയിക്കുന്നു. ദേശീയ പാർട്ടിയെന്ന് അഭിമാനിക്കുന്ന കോൺഗ്രസ് കഴിഞ്ഞ കുറെ വർഷങ്ങൾക്കുള്ളിൽ ഒരുപാട് തെറ്റുകളാണ് ചെയ്തിട്ടുള്ളത്. ബി.ജെ.പി. പുരോഗതി പ്രാപിച്ചുവരികയാണ്. അഴിമതിപരമ്പരാഗതമായി തുടർന്നുവരികയാണ്. ഇടതുപക്ഷ പാർട്ടികൾ ഭരിച്ചിരുന്നതും ഭരിക്കുന്നതുമായ ഇടങ്ങളിൽ (കേരളം, ബംഗാൾ, ത്രിപുര) അഴിമതി ഇല്ലായിരുന്നുവെന്നോ ഇല്ലെന്നോ ഉള്ള കാര്യം ആശ്വാസകരമാണ്.
താങ്കൾ ഇപ്പോൾ വിശ്രമത്തിലാണോ?
എനിക്ക് 84 വയസായി. എന്നാൽ എന്റെ മനസും ശരീരവും സജീവമാണ്. അതിനാൽ എനിക്ക് വെറുതെയിരിക്കാനാവില്ല. എന്നുവച്ചാൽ ഞാനിപ്പോഴും രംഗത്തുതന്നെയുണ്ട്. ചിലപ്പോൾ സിനിമ ചെയ്യുന്നു. അല്ലെങ്കിൽ നാടകം. മറ്റു ചിലപ്പോൾ നാടകത്തിനുവേണ്ടി സ്റ്റേജ് ഡിസൈൻ ചെയ്യും. അതുമല്ലെങ്കിൽ സിനിമയ്ക്കു വേണ്ടി കലാസംവിധായകനാകും. എന്റെ ഹൃദയം ഇതിനിടയിൽ ഒരിക്കൽ നിലച്ചുപോയതാണ്. എന്നെ ചികിത്സിച്ച ഡോക്ടർമാരെയും എന്റെ ബന്ധുമിത്രാദികളെയും വിസ്മയപ്പെടുത്തിക്കൊണ്ട് എന്റെ ഹൃദയം വീണ്ടും പ്രവർത്തിച്ചുതുടങ്ങുകയാണുണ്ടായത്. അക്ഷരാർത്ഥത്തിൽ ഞാൻ മരിച്ച് ജീവിച്ച ആളാണ്.
അടുത്ത സിനിമാസംരംഭത്തെക്കുറിച്ച്?
ഒരു സിനിമ മനസിലുണ്ട്. അതിന്റെ കടലാസുപണികൾ ഏതാണ്ട് പൂർത്തിയായി. അത് നമ്മുടെ സംഗീതരീതിയെയും ഒരു സംഗീതജ്ഞന്റെ ജീവിതത്തെയും ആധാരമാക്കിയുള്ള ഒരു ബഹുഭാഷാചിത്രമാണ്. ഇന്ത്യയിലെ പല നഗരങ്ങളിലും വച്ചായിരിക്കും ചിത്രീകരിക്കുക. എന്നാൽ നാടകപ്രവർത്തനത്തിന്റെ
തിരക്കു മൂലം പൂർണമായും ആ പദ്ധതിയിലേക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. അധികം വൈകാതെ അത് തുടങ്ങും.
ഇതുവരെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്ത താങ്കളുടെ വഴിമാറിയുള്ള ഒരു സഞ്ചാരമായിരിക്കില്ലേ അത്?
ആയിരിക്കാം. ഒരു ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം അയാളുടെ ആത്മാർത്ഥതയും സത്യസന്ധതയുമാണ് പ്രധാനം. അയാൾ കൈകാര്യം ചെയ്യുന്ന വിഷയം ഏതുമാകാം.
ഇന്നത്തെ തലമുറയ്ക്ക് പരിചിതനല്ലാത്ത പ്രശസ്ത നടൻ ബൽരാജ് സാഹ്നിയെക്കുറിച്ച്?
ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാവായിരുന്നു ബൽരാജ് സാഹ്നി. അദ്ദേഹം അഭിനയിച്ച അവസാന ചിത്രമാണ് ഗരം ഹവ. ആ ചിത്രത്തിനുവേണ്ടി ഡബ്ബ് ചെയ്ത് കഴിഞ്ഞതിന്റെ പിറ്റേന്നുതന്നെ അദ്ദേഹം മരിച്ചു. ഗരം ഹവയ്ക്കു വേണ്ടി അവസാനം അദ്ദേഹം ഡബ്ബു ചെയ്ത വരി – ”ഇൻസാൻ കബ് തക്
അകേല രഹ് സക്താ ഹെ?” (മനുഷ്യന് എത്രകാലം തനിച്ച് ജീവിക്കാനാകും?) – ഏതാണ്ട് അറം പറ്റിയപോലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എഴുത്തുകാരൻ കൂടിയായിരുന്ന അദ്ദേഹം ഇപ്റ്റയുടെ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. ഗരം ഹവ കാണാൻ അദ്ദേഹത്തിനായില്ല.
‘തമസ്’ എഴുതിയ പ്രശസ്ത എഴുത്തുകാരൻ ഭീഷ്മ സാഹ്നിയുടെ മൂത്ത സഹോദരനായ ബൽരാജ് സാഹ്നി ഒരു വലിയ മനുഷ്യസ്‌നേഹിയും കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു.
എ.ഐ.വൈ.എഫിന്റെ ആദ്യത്തെ പ്രസിഡന്റ് അദ്ദേഹമായിരുന്നു. അതിന്റെ രൂപീകരണത്തിൽ അദ്ദേഹവും പി.കെ. വാസുദേവൻ നായരും പങ്കാളികളായിരുന്നു. അദ്ദേഹത്തെ എന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പത്മശ്രീ ലഭിച്ചിരുന്നുവെന്നല്ലാതെ മറ്റ് ദേശീയ ബഹുമതികളൊന്നും അദ്ദേഹത്തിന് നൽകുകയുണ്ടായില്ല. അതൊരു വലിയ നന്ദികേടായി അവശേഷിക്കുന്നു. കഴിഞ്ഞ വർഷം തപാൽ വകുപ്പ് അദ്ദേഹത്തിന്റെ മുഖമുള്ള ഒരു തപാൽസ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.