ഇളംമഞ്ഞുള്ള ഒരു പ്രഭാതത്തിൽ കറുകനാമ്പുകൾക്കിടയിലൂടെ വെറുതെയങ്ങനെ നടക്കുമ്പോൾ കിട്ടുന്ന സുഖം. ഒരു പേരറിയാപക്ഷി അപ്പോൾ പാടുന്നുവെങ്കിൽ അതൊരു മേമ്പൊടി. ഭയവിഹ്വലതകളില്ലാത്ത ഒരു മനസ്സാണ് അതു സമ്മാനിക്കുന്നത്.
ജീവിതത്തിന്റെ ലാളിത്യം, സാരസ്യം, ദർശനം ഒക്കെ അങ്ങനെയൊരു
നിമിഷത്തിലാവും മനസ്സിൽ ഇതൾ വിടർത്തുക. ധന്യതയാണത്. കലയിലുമുണ്ട് അങ്ങനെ ചില അത്യപൂർവ നിമിഷങ്ങൾ. ഒരു കവിതയുടെ നാലുവരി ഒരുപക്ഷെ ഒരു നവലോകം നിങ്ങൾക്കു തരും. ഒരു ഗാനത്തിന്റെ രണ്ടു വരി നിങ്ങളുടെ ഓർമയുടെ പൂക്കാലമാവും. ഒരു കഥയിലെ ഒരു വരി ഒരുപക്ഷെ നിങ്ങളുടെ മനസ്സിലെ കാറ്റാവും.
നീലാകാശവും നക്ഷത്രങ്ങളും വിരിയുന്ന ഈ ലോകം അപൂർവമാണ്. ആ അപൂർവതതന്നെയാണ് ശ്രീ. സി.എൻ. കരുണാകരന്റെ ചിത്രങ്ങൾ ഒരാൾക്ക് കാഴ്ചവയ്ക്കുന്നത്. ലാളിത്യം, പവിത്രവികാരങ്ങളുടെ സംഗമം, ഓമനിക്കാനുള്ള ആഗ്രഹവും. ആദ്യദർശനത്തിൽ ശ്രീ. കരുണാകരന്റെ ചിത്രങ്ങൾ അതൊക്കെയാവും
പ്രദാനം ചെയ്യുക. അവയ്ക്ക് വളച്ചൊടിച്ച നിർവചനങ്ങളുടെ കടുത്ത അതിർവരമ്പുകൾ വേണ്ട. നിറങ്ങളിൽ തിളങ്ങുന്ന ലേബലുകളുടെ മേൽവിലാസവും വേണ്ട. എന്നിട്ടും നിങ്ങളുടെ മനസ്സിൽ അനുരണനങ്ങൾ ഉയരുന്നുവെങ്കിൽ ഓർക്കുക. അത് സംശുദ്ധ
കലയുടെ സൂര്യതേജസ്സ്.
ഒരുപക്ഷെ കേരളത്തിലല്ല, മുംബയിലോ ദില്ലിയിലോ ആണെങ്കിൽ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന പ്രസിദ്ധ ചിത്രകാരനായി കരുണാകരൻ മാറിയേനെ. ആ ചിത്രങ്ങൾ സോത്ബിയോ ക്രിസ്റ്റിയോ ലേലത്തിൽ കോടിക്കണക്കിന് രൂപയ്ക്ക് വിറ്റ് വാർത്തകളിൽ വീണ്ടും സ്ഥാനം പിടിച്ചേനെ. അത് സംഭവിക്കുന്നത് നാമിനിയും (കേരളീയർ) ചിത്രകലയെ മനസ്സിലാക്കാനും പരിപോഷിപ്പിക്കാനും ഏറെ വൈകിയതുകൊണ്ടല്ലേ? അതല്ലെങ്കിൽ കാപട്യമില്ലാത്ത കരുണാകരൻ എന്ന നിഷ്‌കളങ്കമനസ്സനായ കരുണാകരന്റെ ലാളിത്യമാവാം. അതറിയാൻ വിശദാംശങ്ങളിലേക്ക് നമുക്ക് നീങ്ങാം.
ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സ് ആന്റ് ക്രാഫ്റ്റ്‌സിൽ വിദ്യാർത്ഥിയായിരുന്ന കരുണാകരന്റെ ജനനം ഗുരുവായൂരിനടുത്തുള്ള ബ്രഹ്മകുളത്താണ്. സി.വി. റോയ്ചൗധരിയുടെയും കെ.സി.എസ്. പണിക്കരുടെയും
ശിഷ്യനായ കരുണാകരന്റെ സതീർത്ഥ്യരായിരുന്നു ഇന്നത്തെ പ്രശസ്ത ചിത്രകാരന്മാരായ എസ്.ജി. വാസുദേവ്, അക്കിത്തം നാരായണൻ, വിശ്വനാഥൻ, മുത്തുക്കോയ, ആദിമൂലം കെ. ദാമോദരൻ എന്നിവർ. എല്ലാവരും ചോളമണ്ഡലത്തിന്റെ അഭിമാനപ്രതിഭകൾ. അകാലത്തിൽ മരിച്ചുപോയ ടി.കെ. പത്മിനിയായിരുന്നു വേറൊരു സതീർത്ഥ്യ. നമ്മുടെ പ്രശസ്ത രേഖാചിത്രകാരനായ
നമ്പൂതിരി കരുണാകരന്റെ ജൂനിയറായിരുന്നു.
മദ്രാസിലെ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്‌സിൽനിന്ന് പെയിന്റിംഗ് ഡിപ്ലൊമ എടുത്തശേഷം കുറച്ചുവർഷങ്ങൾ അദ്ദേഹം മദ്രാസിൽതന്നെയായിരുന്നു.
ഗവൺമെന്റ് ഓഫ് മദ്രാസിന്റെ ഒരു വിഭാഗമായ മദ്രാസ് ഡിസൈൻ ഡെമോൺസ്‌ട്രേഷൻ സെന്ററിൽ ഡിസൈനറായി. ഒപ്പം ചില സിനിമകളുടെയെല്ലാം കലാസംവിധായകനായി, അല്ലെങ്കിൽ പരസ്യചിത്രങ്ങൾ നിർമിച്ച്, അങ്ങനെ…
ഇരുപത്തഞ്ചുവർഷം.
അപ്പോഴാണ് കൊച്ചിയിൽ കേരള കലാപീഠം ആരംഭിച്ചത്. 1970-ൽ കേരള കലാപീഠത്തിന്റെ സാരഥിയായി അദ്ദേഹം എത്തി. മൂന്നുവർഷം അവിടെ കഴിഞ്ഞ അദ്ദേഹം സ്വന്തമായി എറണാകുളത്ത് ആർട് ഗ്യാലറി (ചിത്രകൂടം) തുടങ്ങാൻ ആ
ജോലി ഉപേക്ഷിച്ചു. കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് ഗ്യാലറിയായ അത് എഴുപത്തിയേഴു വരെ തുടർന്നു. പിന്നെ ചിത്രകലാരംഗത്ത് സജീവമായി. പത്തറുപത്തഞ്ചുകൊല്ലത്തെ ആ കലാസപര്യ ഇന്നും തുടരുന്നു.
കരുണാകരന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രദർശനം മുംബയിലെ ജഹാംഗീർ
ആർട് ഗ്യാലറിയിൽ ഒക്‌ടോബർ 17-ാം തീയതി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഈ നാൾവഴികളിൽ ഒട്ടനവധി അവാർഡുകൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. മദ്രാസ് ലളിതകലാ അക്കാദമി അവാർഡ് (1964), കേരള ലളിത കലാ അക്കാദമി അവാർഡ് (1971-72-75), റോട്ടറി ക്ലബ് ഓഫ് കൊച്ചി എക്‌സലൻസ് അവാർഡ് (2004), കേരള ലളിത കലാ അക്കാദമി ഫെല്ലോഷിപ്പ് (2005) എന്നിവ അവയിൽ ചിലതു മാത്രം.
ലളിത മനോഹര രൂപങ്ങളും നിറങ്ങളുടെ തെളിമയും സമ്പന്നമാക്കുന്ന കരുണാകരന്റെ ചിത്രങ്ങളെ ഒരു കവിതയോടുപമിക്കാം. പച്ച മനുഷ്യന്റെ പ്രതിബിംബങ്ങളോ, അവരുടെ കടുത്ത വികാരങ്ങളുടെ ഭാവാവിഷ്‌കാരമോ അവയിൽ ഒരിടത്തും കാണില്ല. അനാറ്റമിയുടെ സാദ്ധ്യതകൾ ഒട്ടും അനുസരിക്കാത്ത ആ ഭാവനയുടെ വേരുകൾക്ക് വളം നൽകിയിരിക്കുന്നത് ഭാരത സംസ്‌കാരപൈതൃകമാണെന്നു തോന്നുന്നു. പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും ചരിത്രങ്ങളുടെയും വ്യത്യസ്ത സംസ്ഥാനങ്ങളിലെ നാടോടിക്കഥകളുടെയും ചൂരും ചൂടും ഒപ്പിയെടുത്ത് പരിലസിക്കുന്ന ചിത്രങ്ങളുടെ മേന്മകൊണ്ടുതന്നെയാണ് പല പ്രമുഖവ്യക്തികളും സ്ഥാപനങ്ങളും അവ സ്വന്തമാക്കാൻ ബദ്ധപ്പെടുന്നത്. ഇന്ത്യയിൽ ദില്ലി, മുംബയ്, ഗോവ, വാരണാസി, മദ്രാസ്,
കേരളം (കൊച്ചി, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ) എന്നിവിടങ്ങളിലെ പ്രമുഖ ആർട് ഗ്യാലറികളിൽ പല പ്രാവശ്യം പ്രദർശിപ്പിക്കപ്പെട്ട കരുണാകരന്റേ ചിത്രങ്ങൾ ബ്രസീൽ, വാഷിംഗ്ടൺ, വിയന്ന, കുവൈറ്റ് എന്നീ വിദേശ രാജ്യങ്ങളിലെ പ്രമുഖ ഗ്യാലറികളിലും പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
മുംബയിലെ പുതിയ പ്രദർശനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹവുമായൊരു
ചെറിയ സംഭാഷണം:
ചോദ്യം: ബ്രസീലിൽ പല സ്ഥലത്തും (2002-ൽ) വാഷിംഗ്ടൺ, വിയന്ന, കുവൈറ്റ് എന്നീ വിദേശരാജ്യങ്ങളിലെ ഗ്യാലറികളിലും താങ്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്തായിരുന്നു പ്രതികരണം? ഇതിൽ കൂടുതൽ കല അറിയുന്നവരും ആസ്വദിക്കുന്നവരും എവിടെയാണ്?
ഉത്തരം: ചിത്രകലയെ അങ്ങേയറ്റം സ്‌നേഹിക്കുന്നവരും ആരാധിക്കുന്നവരുമാണ്
പല വിദേശരാജ്യങ്ങളിലെ ആൾക്കാരും. എങ്കിലും അല്പം ഗൗരവമായ ഒരു സമീപനം വാഷിംഗ്ടണിലെ ജനങ്ങൾക്കാണ്. പക്ഷെ അവർക്കും ബ്രസീലിലെ ജനങ്ങൾക്കും
ഏറെ സംശയങ്ങളുണ്ട്. എന്റെ കല അവർക്ക് ഏറെ ഇഷ്ടമാണെങ്കിലും അതിൽ ‘ബ്ലാക്ക് മാജിക്കി’ന്റെ അംശങ്ങൾ അടങ്ങിയിട്ടുണ്ടോ എന്നുള്ള സംശയം. ഇഷ്ടത്തോടെ കാണുകയും ഏറെ പുകഴ്ത്തുകയും ചെയ്യുന്ന അവർ അതുകൊണ്ടുതന്നെ ചിത്രങ്ങൾ
വാങ്ങാൻ വിമുഖത കാട്ടും.
ചോദ്യം: ഇത് യഥാർത്ഥമായി ചിത്രങ്ങളെയും ചിത്രകാരന്മാരെയും അവരുടെ ആശയങ്ങളെയും മനസ്സിലാക്കാത്തതുകൊണ്ടല്ലേ?
ഉത്തരം: ആവും. അതാണ് സത്യം.
ചോദ്യം: ഇന്ത്യയിൽ ഏതു നഗരമാണ് ചിത്രത്തിലെ തനിമയുമായി അങ്ങേയ്ക്ക് ഇഷ്ടപ്പെട്ടത്? കാരണം?
ഉത്തരം: മുംബയ്തന്നെ. അതും ജഹാംഗീർ ആർട് ഗ്യാലറി. ഭാരതത്തിൽ, ഒരുപക്ഷെ ഏറ്റവും കൂടുതൽ ആൾക്കാർ ചിത്രങ്ങൾ കാണുന്നതും വിലയിരുത്തുന്നതും ജഹാംഗീർ ആർട് ഗ്യാലറിയിലെ പ്രദർശനങ്ങളിലാണെന്നു തോന്നുന്നു. പല മുഖ്യധാരാപത്രങ്ങളും
മറ്റു ഭാഷാപത്രങ്ങളും എല്ലാംതന്നെ അവയ്ക്ക് വേണ്ടത്ര പ്രചരണവും നൽകുന്നുണ്ട്. ഇനി നിലനില്പിന്റെ പ്രശ്‌നത്തിൽ സ്വാർത്ഥലാഭമാണെന്നുതന്നെ കൂട്ടിക്കോളൂ, ഏറ്റവും നല്ല ബയേഴ്‌സ് ഉള്ളതും മുംബയിൽതന്നെയാണ്.
ചോദ്യം: ആരും ഇഷ്ടപ്പെടുന്ന ഈ ശൈലിയിലേക്ക് എങ്ങനെ എത്തി? എന്തെങ്കിലും സ്വാധീനം?
ഉത്തരം: മദ്രാസിലെ എന്റെ പഠനകാലത്ത് ഞാൻ ആദ്യം പ്രകൃതിദൃശ്യങ്ങൾ മാത്രമാണ് വരച്ചിരുന്നത്. അതെനിക്കിഷ്ടവുമായിരുന്നു. അന്നെന്നെ ആകർഷിച്ചിരുന്നത് സെസാൻ, ഗോഗിൻ തുടങ്ങി പ്രശസ്തരുടെ ചിത്രങ്ങളായിരുന്നു. മനുഷ്യരൂപങ്ങൾ അതേ രീതിയിൽ ചിത്രങ്ങളിലേക്ക് ആവാഹിക്കാൻ എനിക്കെന്തോ ചെറിയ പേടിയായിരുന്നു. കെ.സി.എസ്. പണിക്കരുടെ സമകാലികനായ ശ്രീനിവാസലുവുമായി ഒരു കൊല്ലത്തോളം അടുത്തിടപഴകാൻ എനിക്കവസരം കിട്ടി. മദ്രാസിലെ ഡിസൈൻ ഡെമോൺസ്‌ട്രേഷൻ സെന്ററിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനായിരുന്നു. ജാമിനി റോറിയുടെ ആരാധകനായിരുന്ന ശ്രീനിവാസലു മനുഷ്യരൂപങ്ങൾക്ക് പ്രത്യേക സ്റ്റൈൽ കൊടുത്തിരുന്നു. അതെന്നെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നു. പക്ഷെ എന്റെ ശൈലി വ്യത്യസ്തമാണ്. ഒപ്പം ഭാരതത്തിലെ പരമ്പരാഗത മ്യൂറൽ, മിനിയേച്ചർ ചിത്രങ്ങളുടെയും ശൈലി ചെറിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്.
ചോദ്യം: അമൂർത്തകലയോട് (അബ്‌സ്ട്രാക്റ്റ്) ആഭിമുഖ്യം തോന്നിയിട്ടില്ലേ?
ഉത്തരം: പൊള്ളാക്കിന്റെയും പോൾക്ലിയുടെയും ആരാധകനാണ് ഞാൻ. അതുപോലെതന്നെ ഭാരതീയചിത്രകാരന്മാരിൽ ലക്ഷ്മൺ ശ്രേഷ്ഠ, രാംകുമാർ, അച്യുതൻ കൂടല്ലൂർ എന്നിവരുടെ രചനകൾ സുന്ദരമാണ്. സമ്പന്നമാണ്. എനിക്കു ചെയ്യാനാവില്ല,
കാരണം, എല്ലാം പഠിച്ച് അവസാനം ചെയ്യേണ്ട ഒന്നാണ് അമൂർത്ത രചന എന്നൊരു തോന്നൽ. വളയത്തിലൂടെ ഏറെ ചാടി വളയമില്ലാതെ ചാടുന്ന അവസ്ഥ. അത്രകണ്ട് വളർന്നിട്ടില്ല ഞാനെന്നാണ് അഭിപ്രായം.
ചോദ്യം: കേരളത്തിൽ ഗ്യാലറികളുടെ, ചിത്രങ്ങളുടെ, ചിത്രകാരന്മാരുടെ അവസ്ഥ? ഭാവി?
ഉത്തരം: താരതമ്യ പഠനം നടത്തുമ്പോൾ കുറവാണ്. അല്പം മേന്മ അവകാശപ്പെടാവുന്നത് എറണാകുളത്തിനു മാത്രമാണ്. ഒരു കോസ്‌മോപൊളിറ്റൻ നഗരമായതുകൊണ്ടാവും ചിലരെങ്കിലും ഇത്തിരി ഗൗരവത്തോടെ ഈ രംഗത്തെ കാണുന്നുണ്ട്. തരക്കേടില്ലാത്ത ചില ഗ്യാലറികളും ഈ നഗരത്തിലുണ്ട്. പക്ഷെ മികച്ച പഠനമോ, നല്ല ബയേഴ്‌സോ ഇവിടെയുമില്ല. തിരുവനന്തപുരത്തിന്റെ പശ്ചാത്തലം രാഷ്ട്രീയത്തിനേ പറ്റൂ.
ചോദ്യം: ചില സിനിമകളുടെ കലാസംവിധാനം നിർവഹിച്ചു. അശ്വത്ഥാമാവ്, ഒരേ തൂവൽപക്ഷികൾ, പുരുഷാർത്ഥം എന്നിങ്ങനെ….
ഉത്തരം: താൽപര്യമെടുത്തോ, ഇഷ്ടമുണ്ടായിട്ടോ അതിലേക്കിറങ്ങിയതല്ല. സുഹൃത്തുക്കളുടെ നിർബന്ധമായിരുന്നു. ഫിലിം ഡവലപ്‌മെന്റ് കോർപറേഷന്റെയോ അതുപോലുള്ള മറ്റുള്ളവരുടെയോ സിനിമ ചെയ്യുമ്പോൾ പിന്നണിയിൽ പ്രവർത്തിക്കുന്നവർ ക്വാളിഫൈഡ് ആയിരിക്കണമെന്നുണ്ട്. കലയിൽ ഞാൻ നേടിയ ബിരുദം അതിനൊരു വഴിയായി എന്നു മാത്രം. സുഹൃത്തുക്കളായ സംവിധായകരുടെ ആവശ്യപ്രകാരമാണ് ഈ ചിത്രങ്ങൾ ക്കൊക്കെ ഞാൻ കലാസംവിധാനം നിർവഹിച്ചത്.
ചോദ്യം: മലയാളത്തിലെ പ്രമുഖ വാരിക,മാസികകളിൽ കഥകൾക്കൊക്കെ ഇലസ്‌ട്രേഷൻ, ടൈറ്റിൽ, പുസ്തകങ്ങളുടെ കവർ എന്നിവയൊക്കെ ചെയ്തിരുന്നുവല്ലോ ഏറെക്കാലം? അത് സംതൃപ്തി തരാത്ത തുകൊണ്ടാണോ ഇന്നു ചെയ്യാത്തത്?
ഉത്തരം: മലയാളത്തിലെ ഒരുവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൊക്കെ
ഇലസ്‌ട്രേഷൻസ്, ടൈറ്റിൽസ് എന്നിവ ചെയ്തിട്ടുണ്ട്; ഒരുപാട് നോവൽ, കഥാസമാഹാരങ്ങൾക്ക് കവറും. പൂർണമനസ്സോടെ ഇഷ്ടപ്പെട്ടുതന്നെയാണ് ഞാൻ അത് ചെയ്തിരുന്നത്. കഥകളിലെ ഭാവാവിഷ്‌കാരം രേഖകളിലൂടെ വെളിെപ്പടുത്തുക
നല്ലൊരു അനുഭവമാണ്. അതുപോലെതന്നെ ചാലഞ്ചും. പുസ്തകങ്ങളുടെ കവർപേജിൽ ഒപ്പം നമ്മുടെ ഭാവനയ്ക്കും ഒരു സ്ഥാനമുണ്ട്. ഇന്ന് കവർ പേജ് എല്ലാവരും ചെയ്യുന്നത് കംപ്യൂട്ടറിലല്ലേ? നമ്മൾ രണ്ടു ദിവസം കുത്തിയിരുന്നു ചെയ്യുന്നത് പുതിയ പിള്ളേർ
അര മണിക്കൂറിൽ കംപ്യൂട്ടറിൽ സൃഷ്ടിക്കുന്നു. സമയവും പണവും ലാഭം.
ചോദ്യം: അന്നത്തേയും ഇന്നത്തേയും കാലം?
ഉത്തരം: എല്ലാ അർത്ഥത്തിലും അജഗജാന്തരമാണുള്ളത്. അറുപതുകളിലെ കാലവും ചോളമണ്ഡലവും അല്ല ഇന്നുള്ളത്. കെ.സി.എസ്. പണിക്കർ എന്ന പ്രതിഭാസം വളർത്തിയെടുത്തത് ഒരുപറ്റം ശക്തരായ കലാകാരന്മാരെയാണ്. തെക്കെ ഇന്ത്യയിലെ
ആ പ്രതിഭകൾ ആഗോളതലത്തിൽതന്നെ അറിയപ്പെടുന്നവരാണ്. ചോളമണ്ഡലത്തിന് ആ നേതൃത്വഗുണം പിന്നീടുണ്ടായിട്ടില്ല. അതുപോലെതന്നെയല്ലേ ശാന്തിനികേതനത്തിന്റെ കാര്യവും. നേതൃത്വ കഴിവ് ഒരു പ്രസ്ഥാനത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിലയിരുത്തലാണ് ഇതിന്റെ പൂർണചിത്രം.
ചോദ്യം: ഇന്നത്തെ പുതിയ തലമുറ; പുതിയ കാലം എങ്ങനെ കാണുന്നു?
ഉത്തരം: പുതിയ തലമുറയിൽ കഴിവുള്ളവർ ഒരുപാടുപേരുണ്ട്, പ്രത്യേകിച്ചും കൃഷ്ണമാചാരി ബോസിനെപോലുള്ളവർ. അവരുടെ ലോകവും വിശാലമാണ്. കലയുടെ പല പുതിയ മുഖങ്ങളും കാഴ്ചവയ്ക്കുന്ന അവർ അറിവിലും വിശാലഹൃദയരാണ്. ഈ
രംഗത്തെ താളമിടിപ്പുവരെ അവർ കംപ്യൂട്ടറിലൂടെ അറിയുന്നു. അതുപോലെതന്നെ അവരുടെ പ്രദർശനവും വിപണനവും അവർ കംപ്യൂട്ടറിലൂടെ സുഗമമാക്കുന്നു. നമുക്കൊന്നും കിട്ടാത്ത കാലവും അവസരവും അവരുടെ സൃഷ്ടികളെ കൂടുതൽ കരുത്തുറ്റ താക്കും എന്നു പ്രതീക്ഷിക്കാം.