മലയാളിയുടെ എല്ലാ ഇണക്കളുമായി ചേർത്തുവയ്ക്കാൻ കഴിയുന്ന ഒരാളാണ് വി.കെ.
ശ്രീരാമൻ.
നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ എന്നീരംഗങ്ങളിൽ തന്നെ അടയാളപ്പെടുത്തിയതോടൊപ്പം ‘നമ്മളിൽ നമ്മിലൊരാളായി എന്നാൽ നമ്മെ പോലെയല്ലാത നമ്മോടൊപ്പം ജീവിക്കുന്ന ചിലരെകുറിച്ചുള്ള’ വേറിട്ട കാഴ്ചകൾ എന്ന പരിപാടി ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ മുൻ മാതൃകകളില്ലാത്ത ഒന്നാണ്.
ലളിതവും ആർജവവുമുള്ള ഒരു ഭാഷ സൃഷ്ടിക്കുകവഴി എഴുത്തിലും വേറിട്ട
വഴികളിലൂടെ സഞ്ചരിക്കാൻ വി.കെ. ശ്രീരാമനായി. ചിത്രരചനയുടെ മേഖലയിലും ശ്രീരാമൻ തന്റെ വഴി തുറന്നിട്ടുണ്ട്.
1953-ൽ തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനിയിൽ ജനനം. അമ്മ പ്രധാനാദ്ധ്യാപികയായിരുന്ന വടുതല അപ്പർ പ്രൈമറി സ്‌കൂളിലായിരുന്നു
ശ്രീരാമന്റെ പ്രാഥമിക വിദ്യാഭ്യാസം. ഹ്രസ്വകാലത്തെ പ്രവാസജീവിതത്തിനു
ശേഷം നാട്ടിലേക്കു തിരിച്ചുവന്നതിനിടയിലായിരുന്നു സിനിമയിലേക്കുള്ള
വഴിതുറക്കൽ. ബന്ധുവായിരുന്ന പ്രശസ്ത കഥാകൃത്ത് സി.വി. ശ്രീരാമന്റെ
സ്‌നേഹപൂർവമുള്ള നിർബന്ധവും ആ ടയ്ക്കുണ്ടായ പ്രശസ്ത സംവിധായകൻ അരവിന്ദനുമായുള്ള അടുപ്പവും സിനിമയിലേക്കുള്ള പ്രവേശനത്തിനുള്ള പ്രേരകമായിരുന്നു. അരവിന്ദന്റെ ‘തമ്പ്’ ആയിരുന്നു ആദ്യ ചിത്രം. പവിത്രന്റെ ‘ഉപ്പ്’എന്ന സിനിമയിൽ നായകനായിരുന്നു.
ഒരു വടക്കൻ വീരഗാഥ, ഉത്തരം, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, ലയനം തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലൂടെ മലയാള സിനിമാരംഗത്തു ശ്രദ്ധേയനായി. ആധാരം, സർഗം, വൈശാലി, ഹരികൃഷ്ണൻസ്, ഭരത്ചന്ദ്രൻ ഐ.പി.എസ്. തുടങ്ങിയവയാണു മറ്റു ചില പ്രധാന സിനിമകൾ. സുഹൃത്തുകളുടെ ഉൾപ്പെടെ
മിക്ക ചിത്രങ്ങളിലും ചെറുതല്ലാതെ വേഷങ്ങൾ ഇപ്പോഴും ശ്രീരാമനുണ്ട്.
വി.കെ. ശ്രീരാമന്റെ മുസ്ലീം കഥാപാത്രങ്ങൾ പ്രത്യേകം ശ്രദ്ധ നേടിയിട്ടുണ്ട്.
സി.വി. ശ്രീരാമന്റെ ഇഷ്ടദാനം എന്നചെറുകഥ ടെലിസിനിമയായി സംവിധാനം
ചെയ്തായിരുന്നു ടെലിവിഷന് രംഗത്തേക്കു കടന്നത്. ദൂരദർശൻ സംപ്രേഷണം ചെയ്ത
ഇഷ്ടദാനത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ്
കരസ്ഥമാക്കുകയുണ്ടായി. ഇതിനു ശേഷമായിരുന്നു നാട്ടരങ്ങ്, നാട്ടുകൂട്ടം തുടങ്ങിയ ടോക്ക് ഷോകളുടെ അവതാരകനായത്. തന്റെ ആജ്ഞാശക്തിയുള്ള വ്യക്തിത്വത്തിലൂടെ ഈ പരിപാടികൾ ശ്രദ്ധേയവും അനായാസവുമായി അവതരിപ്പിക്കാൻ ഇദ്ദേഹത്തിനായി. നിരവധി ജനകീയ പ്രശ്‌നങ്ങൾ ഈ ഷോകളിലൂടെ പൊതുസമൂഹത്തിെന്റ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. വേറിട്ട കാഴ്ചകളിലൂടെ ഏറ്റവും നല്ല കമന്റേറ്റർക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡും ഈ പരിപാടിയിലൂടെ നേടുകയുണ്ടായി.
കലാകമുദി, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിലൂടെ പ്രസിദ്ധീകൃതമായ
രചനകളിലൂടെയും വേറിട്ട കാഴ്ചകളുടെ ലിഖിതരൂപത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ
സാഹിത്യപ്രവേശം. നിരവധി പതിപ്പുകൾ വിറ്റഴിഞ്ഞ വേറിട്ട കാഴ്ചകൾ, ഇതര വാഴ്‌വുകൾ എന്നിവയാണ് പ്രധാന രചനകൾ. 2008-ൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്‌മെന്റ് പുരസ്‌കാരം നേടി.