എത്രയോ വർഷങ്ങൾക്കുശേഷം നൂറ്റിമുപ്പതോളം ചിത്രങ്ങൾപുറത്തിറക്കി (2012-ൽ) മലയാള സിനിമ കുതിക്കുകയാണ്. ഇതിന്റെ ടേണോവർ മുന്നൂറു കോടിയിലധികം വരുമെന്നും കണക്കുകൾ കാണിക്കുന്നു. ഒരുപറ്റം പുതിയ സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും മറ്റു കലാകാരന്മാരും അതിനേക്കാളുപരി പുതുമുഖ
നടീനടന്മാരും രംഗത്തെത്തുന്ന മലയാളസിനിമയുടെ മൊത്തം സംഭാവനയെന്തെന്നു ചോദിച്ചാൽ നിരാശയാവും പലപ്പോഴും ഫലം. നല്ല വിജയം കൊയ്ത വിരലിലെണ്ണാവുന്ന സിനിമകൾ. അതിനു തൊട്ടുതാഴെ നിൽക്കുന്ന മുതൽമുടക്ക് തിരിച്ചുപിടിച്ച ചിത്രങ്ങൾ. എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന എട്ടു നിലയിൽ പൊട്ടിയ ചിത്രങ്ങൾ. ഇവയ്ക്കിടയിൽ ശ്രദ്ധേയമായ, ഒരു പത്തുകൊല്ലം കഴിഞ്ഞാൽ ചൂണ്ടിക്കാട്ടാൻ പറ്റുന്നവയായി, എത്ര നല്ല ചിത്രങ്ങൾ? അതാണ് കണക്കെടുപ്പ്. ആ വിജയമാണ് മലയാളസിനിമയുടെ മുഖം മ്ലാനമാണെന്ന് പറയുന്നത്.
യൗവനലഹരിയിൽ പുതുരക്തത്തിളപ്പിൽ അല്പം ആവേശത്തിന്റെയും അതിലേറെ ഭാവനയുടെയും ചിറകിൽ അരങ്ങത്തെത്തുന്നവർ ഒരുപാടുണ്ട്. അവർക്കൊരു കൈത്താങ്ങ് കിട്ടുമ്പോൾ ഒരുപക്ഷേ, അവർ ഒരു വസന്തം വിരിയിച്ചേക്കും. ഒരു നല്ല സിനിമയുടെ പിന്നിൽ അണിനിരക്കുന്ന ഒരുപാട് ഘടകങ്ങൾ അവർ അവിടെ ശ്രദ്ധിച്ചെന്നുവരില്ല. ആദ്യവിജയത്തിന്റെ ലഹരിയിൽ ആർക്കും ആ ഘട്ടങ്ങൾ ഉൾക്കൊള്ളാനായെന്നും വരില്ല. പിന്നീട്, വിണ്ടും ചിത്രം നിർമിക്കാൻ ശ്രമിക്കുമ്പോഴാണ് പരിമിതികൾ പതുക്കെ ബോദ്ധ്യപ്പെടുക. പല നീക്കുപോക്കുകൾക്കും വശംവദനായി പിന്നെ സിനിമയെടുക്കുമ്പോൾ അത് ബാധിക്കുന്നത് സിനിമയുടെ മൊത്തം ഗുണത്തെയാണ്. ആദ്യം ഒരു ഉഗ്രൻ സിനിമയെടുത്ത് പതുക്കെ, പതുക്കെ സിനിമയുടെ നിലവാരം താഴുന്ന, അല്ലെങ്കിൽ കാരിയർ ഗ്രാഫിൽ വൻ ഇടിവ് കാണിക്കുന്ന നിരവധി സംവിധായകരെ മലയാള സിനിമയിൽ ചൂണ്ടിക്കാണിക്കാൻ കഴിയും. അല്ലെങ്കിൽ തൊണ്ണൂറ്റിയഞ്ച് ശതമാനം സംവിധായകരും അങ്ങനെയാണെന്ന് പറയാം.
ഇത് സിനിമയുടെ ബാലപാഠങ്ങൾ വേണ്ടത്ര അറിയാത്തതുകൊണ്ടുള്ള ദോഷമാവാം. പഠിക്കാൻ കൂട്ടാക്കാത്ത ശാഠ്യവുമാവാം (ഈഗോ പ്രോബ്ലം) കാരണം. അല്ലെങ്കിൽ സിനിമയ്ക്കു പിന്നിലെ രസതന്ത്രം അറിയാത്തതുമാവാം. നഗരത്തിന്റെ ഒരു കഷ്ണവും അതിവേഗ ജീവിത ശൈലിയും വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിൽ ഉളവാകുന്ന പ്രശ്നങ്ങളും, സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ഒന്നു കരകയറിയ
ചിത്രങ്ങൾ ചിലതു കണ്ടേക്കാം. അതു കണ്ട് മലയാളസിനിമയിൽ ‘ഇതാ ഒരു നൂതന തരംഗം’ എന്ന ലേബൽ കുത്തുന്നതിനു മുമ്പ് ഈ സിനിമകൾക്ക് മനുഷ്യമനസുകളിൽ എത്രകാലം പിടിച്ചുനിൽക്കുവാനാകുമെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ നവ സിനിമകളിൽ ശ്രദ്ധേയമായ അഞ്ചു ചിത്രങ്ങളെക്കുറിച്ചുള്ള ജി.പി. രാമചന്ദ്രന്റെ ഈ ലക്കത്തിലെ ലേഖനം ഒരു പരിധിവരെ നമ്മുടെ സിനിമയിൽ വന്ന ഈ മാറ്റം വിശകലനം ചെയ്യുന്നു.