നാടോടികളും അലഞ്ഞുതിരിഞ്ഞവരുമായ മനുഷ്യർ ഒരുമിച്ച്
ഒരിടത്ത് താമസിക്കാൻ തുടങ്ങുന്നതോടെയാണ് വീടുകൾ എന്ന
ആശയം രൂപപ്പെടുന്നത്. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം
എന്ന നിർവചനത്തിൽ ആ കുടുംബത്തിന് ചേർന്നിരിക്കാനും
ഇളവേൽക്കാനുമുള്ള ഇടം എന്ന നിലയിൽ വീടുകൾ പലവിധത്തിൽ
രൂപംകൊണ്ടു. മനുഷ്യൻ ഭാവനാസമ്പന്നനായിരുന്നതി
നാൽ വീടുകളും അതിനനുസരിച്ച് വലുതായി മനോഹരമാവുകയും
ചെയ്തു.
ഒരുകാലത്ത് വീട് മേലാളനും ചാള കീഴാളനും എന്ന
ദു:സ്ഥിതി ഉണ്ടായിരുന്നു എന്നത് മറന്നുകൊണ്ടല്ല ഇത് പറയുന്ന
ത്. അത്തരം വിവേചനപൂർണമായ കാലങ്ങളെ മറികടന്നവർ
ക്കൊക്കെ വീട് ഒരു സ്വപ്ന ഇടമാവുകയും തങ്ങളുടെ വീടുകൾ
ഏറ്റവും മനോഹരമാക്കാനും ഓരോ വ്യക്തിയും ശ്രമിച്ചുതുടങ്ങുകയും
ചെയ്തു. അപ്പോഴും തങ്ങളുടെ ചുറ്റുപാടുനിന്നും ലഭ്യമാവുന്ന
വസ്തുക്കളായിരുന്നു അതിന് പൂർവികർ ഉപയോഗിച്ചിരുന്ന
ത്. അന്ന് വീടിനേക്കാളേറെ തൊടികളിലായിരുന്നു അവർ ശ്രദ്ധ
കേന്ദ്രീകരിച്ചത്. ഓരോ തൊടികളിലും എല്ലാവിധ മരങ്ങളും ചെടി
കളും വേണം എന്ന വാശിയോടെ അവയൊക്കെ ശേഖരിക്കാനും
നട്ടുപിടിപ്പിക്കാനും വരുംതലമുറകൾക്കായി സൂക്ഷിക്കാനും ആ
തലമുറ എപ്പോഴും ശ്രദ്ധ വച്ചു. പിന്നീട് വീട് അഹങ്കാരത്തിന്റെയും
പ്രൗഢിയുടെയും പൊങ്ങച്ചത്തിന്റെയും പ്രതീകങ്ങളായി മാറി.
വിദേശപണത്തിന്റെ ഒഴുക്കാവാം ഇത്തരമൊരു മാറ്റത്തിന് കാരണമായത്.
വലിയ വീടുകൾ തിളങ്ങുന്ന നിറങ്ങളോടെ തലയുയർ
ത്തിപ്പിടിച്ചുനിന്നു. അത്തരം ഒരു വീട് സംസ്‌കാരംതന്നെ വളർന്നുവന്നു.
സ്വകാര്യത എന്ന പേരിൽ ഇത്തരം വീടുകളിൽ മനുഷ്യർ
ചെയ്തുവച്ച അനേകം പരിഷ്‌കാരങ്ങൾതന്നെയാണ് മനുഷ്യരെ
തമ്മിൽ അകറ്റിയത് എന്ന ബോദ്ധ്യത്തിൽ നിന്ന് വീടുകളുടെ നിർ
മാണത്തിന്റെ പുതുമകളിലൂടെ ഒരു സൗഹൃദസംസ്‌കാരം സ്വപ്നം
കണ്ട ഒരുകൂട്ടം മനുഷ്യരെയാണ് രവിവർമ തമ്പുരാൻ തന്റെ ‘പൂജ്യം’
എന്ന നോവലിലൂടെ പരിചയപ്പെടുത്തുന്നത്.
ചിന്താപുരം എന്നൊരു ദേശത്ത് പ്രയോഗത്തിൽ വരുത്താവുന്ന
സ്വപ്നങ്ങൾ മാത്രം കാണുന്ന കുറച്ചു മനുഷ്യർ അവർ ഹൃദയനഗരി
എന്നു പേരിട്ട ഒരു മലയടിവാരത്തിൽ കുറച്ച് ഭൂമി സ്വന്ത
മാക്കുകയും അതിൽ വളരെ വ്യത്യസ്തമായ വീടുകൾ പണിയാനാഗ്രഹിക്കുകയും
ചെയ്തു. അവരുടെ കണക്കുകൂട്ടലുകൾക്കൊത്ത
ആർക്കിടെക്റ്റിനെ – പുരന്ദരൻ – അവർക്ക് കിട്ടുകയും ചെയ്യുന്നു.
വീടുകളെപ്പറ്റി അവർ സൂക്ഷിക്കുന്ന സ്വപ്നം വളരെ ഉദാത്ത
മാണ്. ”വീടുകളെ ഒരിക്കലും കൽക്കൂമ്പാരങ്ങളാക്കി മാറ്റരുത്.
താമസിക്കുന്നവരുടെ കണ്ണിൽ നോക്കി അവരെ ഉത്സാഹവും
ഉന്മേഷവും ഉള്ളവരാക്കാൻ കഴിയുന്ന ജീവികളായിരിക്കണം
ഓരോ വീടും. പുറമേയുള്ള കാഴ്ചയിലല്ല അകമേയുള്ള അർ
ത്ഥപുഷ്ടിയിലാണ് ഓരോ വീടിന്റെയും ജീവനിരിക്കുന്നത്”.
അത്തരം സ്വപ്നങ്ങൾ പൂർണമാക്കാനാവുന്ന ഒരു എഞ്ചിനീയറായിട്ടാണ്
അവർ പുരന്ദരനെ കാണുന്നത്. വീടുകൾക്കുള്ളിലും
പുറമെയും സൗഹൃദം നിറഞ്ഞുനിൽക്കാനായി വീടുകൾക്കു
ചുറ്റും മതിൽ വേണ്ട എന്ന നിർദേശം അയാൾ മുന്നോട്ടുവയ്ക്കുന്നു.
അനാവശ്യ വലിപ്പവും അനാവശ്യ അലങ്കാരങ്ങളും ചേർന്ന്
ആഡംബരപ്രവർത്തനങ്ങളും പാഴ്‌ചെലവുമായി മാറരുതെന്നും
അയാൾ പറഞ്ഞു.
മതിൽ ഒരു സുരക്ഷിതത്വത്തിന്റെ അടയാളമായി നാം കരുതുന്നുവെങ്കിൽ
നമ്മൾക്ക് നമ്മെത്തന്നെ വിശ്വാസമില്ല എന്നതിന്റെ
ലക്ഷണമായിട്ടാണ് അതിനെ കാണേണ്ടതെന്നാണ് അനേകം
വാദമുഖങ്ങളിലൂടെ പുരന്ദരൻ വീണ്ടും വീണ്ടും പറഞ്ഞുറപ്പിച്ചത്.
അയാളെ ഇവിടേക്ക് ക്ഷണിച്ചുകൊണ്ടുവന്ന ഹൃദയനഗരിയുടെ
ആദിപിതാക്കന്മാർക്ക് അതൊക്കെ സമ്മതമായിരുന്നു. സ്‌നേഹം
എന്ന കയറുകൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ട നമ്മൾക്കെന്തി
നാണ് മതിൽ എന്ന അക്രൂരന്റെ ചോദ്യം ആ സമ്മതത്തിന്റെ തെളി
വാണ്. ഈ മഹത്തായ ആശയം മറ്റു ചിലരിലേക്കും എത്താനും
അതിനൊരു സാർവലൗകികത്വം ലഭിക്കാനുമാണ് മൂന്നു പേരെക്കൂടി
തങ്ങളിലേക്കവർ ചേർക്കുന്നത്. പക്ഷെ ആ മൂന്നുപേർക്ക്
പുരന്ദരൻ ഏകാധിപതിയെപ്പോലെ സംസാരിക്കുന്നു എന്ന
സംശയം തോന്നിത്തുടങ്ങുകയും തങ്ങൾക്ക് മതിൽ വേണം എന്ന്
ശാഠ്യപൂർണമായൊരുു സമീപനത്തിലേക്ക് അത് നീങ്ങുകയും
ചെയ്യുന്നു. ബബ്ബറാണ് മതിലിനായി ഏറ്റവും വാശിപിടിക്കുന്നത്.
അയാൾക്ക് വളരെ സ്വാർത്ഥപൂർണവും പുരുഷസഹജവുമായ
ചില കാരണങ്ങൾ ഉണ്ട്. ഭാര്യയെ അതിനുള്ളിൽ തളച്ചിടുന്നതി
ലൂടെ അയാൾ ആത്മനിർവൃതിയടയുന്നു. ആ ദുഷ്ടലാക്ക് മറ്റാരും
അറിയാതിരിക്കാനാണ് മൂന്നുപേരെക്കൂടി കൂട്ടുന്നത്. ഏതായാലും
ഹൃദയനഗരി എന്ന ഉദാത്തസ്വപ്നം പൊലിയുന്നു.
വിശ്വാസം, മതം എന്നിങ്ങനെയുള്ള വേർതിരിവുകൾക്കപ്പുറമായിരുന്നു
ഹൃദയനഗരി ആദിപിതാക്കന്മാരുടെ ഭാവനയിൽ.
ആദ്യം അവിടെ അമ്പലമുണ്ടാവുന്നു. അതൊരു സ്ര്തീയുടെ ആവശ്യമായതിനാൽ
അതനുവദിക്കാം എന്നാണ് തീരുമാനം. പക്ഷെ
പിന്നീട് മോസ്‌ക്കും പള്ളിയും അതുകൊണ്ടുതന്നെ നിരാകരി
ക്കാനും ആവുന്നില്ല. അങ്ങനെ ഒന്നുചേർന്നുനിൽക്കുന്ന ആരാധനാലയങ്ങൾ
പരസ്പര സ്‌നേഹത്തിന്റെ വലിയ ഒരു ലോകം
കെട്ടിപ്പടുക്കുമെന്ന സ്വപ്നമൊക്കെ കാറ്റിൽ പറത്തി അവിടെയും
സ്പർധകൾ ആരംഭിക്കുകയും നമ്മുടെ ഏതൊരു സാധാരണ നാട്ടി
ൻപുറത്തിന്റെയും ഇന്നത്തെ അവസ്ഥയിലേക്ക് ഹൃദയനഗരി
മാറിപ്പോവുകയും ചെയ്യുന്നു. ആ നഗരിയിലെ ആളുകൾക്ക് പരസ്
പരം മിണ്ടാൻ പോലും പ്രയാസമാവുന്നു. മുതിർന്നവരേക്കാൾ
ഇതിന്റെ തിക്തഫലങ്ങൾ കൂടുതൽ അനുഭവിച്ചത് കുട്ടികളായിരുന്നു.
അവർക്ക് ഒന്നിച്ചു കളിക്കാനും സംസാരിക്കാനും പ്രയാസമുണ്ടായിത്തുടങ്ങി.
ഒരു വലിയ സ്വപ്നം ഉള്ളിൽ സൂക്ഷിച്ചവർക്ക് അതങ്ങനെ
നശിച്ചുപോവുന്നതിന് വിട്ടുകൊടുക്കാനാവില്ലല്ലോ. അതുകൊണ്ടുതലന്നെ
അതിനെ തിരിച്ചുപിടിക്കാനുള്ള ശ്രമവും അവർ തുടങ്ങുന്നു.
ഒരു കൂട്ടായ്മയായി ജന്മദിന ആഘോഷമായി ഒക്കെ തങ്ങൾ
ക്കിടയിലെ സംഘർഷങ്ങളെ അലിയിച്ചുകളയാനാണ് അവർ
ശ്രമിക്കുന്നത്. അപ്പോഴും കൂട്ടത്തിൽ ചേരാതെയിരുന്ന ബബ്ബറിനാവട്ടെ
മതിൽക്കെട്ടിന്റെയും സ്വകാര്യതയുടെയും പേരിൽ പിടിച്ച
വാശികൾക്കെല്ലാമായി കനത്ത വില കൊടുക്കേണ്ടിയും വരുന്നു.
അതോടെ താൻ ചെയ്തുപോയ തെറ്റുകളെക്കുറിച്ച് അയാൾ പൂർ
ണബോധമുള്ളവനാവുന്നു. ആദ്യം മുതൽ പുരന്ദരൻ വട്ടത്തിലും
വൃത്തത്തിലും അവരെ ഇരുത്തിയതും കാര്യങ്ങൾ പറഞ്ഞതുമൊക്കെു
പൂജ്യം എന്ന ശൂന്യതയല്ല അതൊരു പൂർണതയാണ്
എന്ന ബോദ്ധ്യം ബബ്ബറിന് കൈവരുന്നതോടെ ബാക്കി മതിലുകളും
പൊളിയുന്നു. ഹൃദയനഗരി സ്വതന്ത്രമാവുന്നു.
ഇങ്ങനെയൊരു പ്രമേയം മലയാളനോവലിൽ പുത്തനാണ്.
അതെഴുതിയ രീതിയും പുതിയതുതന്നെ. ഭാഷാപ്രയോഗങ്ങളും
വളരെ വ്യത്യസ്തമാണ്. എന്തിനേറെ, കഥാപാത്രങ്ങളുടെ പേരുകൾ
പോലും വളരെ വിചിത്രമെന്ന് തോന്നാവുന്നവയാണ്. പൂജ്യം
എന്ന പേരുപോലും പുതുമയുള്ളതാണ്. വീട് എപ്രകാരമാണ്
സൗഹാർദപരമാകുന്നത് എന്ന് വെളിപ്പെടുത്തിത്തന്ന ഈ
നോവൽ മലയാള സാഹിത്യത്തിൽ വിശദമായ വായന ആവശ്യ
പ്പെടുന്നുണ്ട്.
പൂജ്യം
രവിവർമ തമ്പുരാൻ (നോവൽ)
നാഷണൽ ബുക് സ്റ്റാൾ
കോട്ടയം
വില 170 രൂ