അസൂയ
എല്ലാം നഷ്ടമായവന്റെ
ഹൃദയത്തിലെ
ഒരേയൊരു നീക്കിയിരിപ്പ്.
ഏറുകണ്ണ്
നിനക്കുള്ളിലെവിടെയോ
ഞാനുണ്ടെന്ന പ്രതീക്ഷയില്‍
‘നിന്റെ കണ്ണിലെ എന്നെ’
കാണുവാനുള്ള
അധ:കൃതന്റെ അടവുനയം.
ചിറികോട്ടല്‍
എന്നിലെ അസൂയയുടെ
അലസിപ്പിക്കാനാവാത്ത ഗര്‍ഭം.
മുഖം കനപ്പിക്കല്‍
എത്ര ഓടിയിട്ടും
നിനക്കൊപ്പം എത്താനാവാത്തതിന്റെ
പന്തയരഹസ്യം.
തുറിച്ചുനോട്ടം
നിശബ്ദനാക്കപ്പെട്ട
ഇരയുടെ
ജന്മസിദ്ധമായ പ്രതിഷേധം.
മുറുമുറുപ്പ്
ഞാനും ഒന്നും മറന്നിട്ടില്ലെന്ന്
നിന്നെ അറിയിക്കുവാനുള്ള
ഒടുവിലത്തെ ആയുധം.
തെറിപ്പാട്ട്
ഒപ്പം നടന്ന ജീവിതം
വഴിയിലെവിടെയോ വച്ച്
പിന്തിരിഞ്ഞു നിന്ന്
ചെകിട്ടത്തടിച്ച്
നടന്നുപോയതിന്റെ
പൂതപ്പാട്ട്.
മഹാമൗനം
ഒരിക്കല്‍ പിഴച്ചുപോയ
നെഞ്ചിലെ താളം
തിരിച്ചെടുക്കാനുള്ള
പെടാപ്പാട്.
പൊട്ടിച്ചിരി
നീതന്നെയാണു ഞാനെന്ന
തിരിച്ചറിവിന്റെ
അടക്കിവയ്ക്കാനാവാത്ത
ആഹ്ലാദപ്രകടനം.