തോക്കിൻകുഴലിലൂടെ സമാധാനം സ്ഥാപിക്കാനാവുമെന്ന ഭരണവർഗത്തിന്റെ മൂഢമായ വിശ്വാസത്തിന്റെ ബാക്കിപത്രമാണ് ഇന്ന് കശ്മീർ. പതിറ്റാണ്ടുകളായി അവിടെ നടന്നുവരുന്ന സമരങ്ങൾക്ക് ഭീകരവാദമുഖം നൽകാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ അവിടെ അപ്രത്യക്ഷരാവുന്ന സാധാരണക്കാർ ഒരു ചോദ്യമായി മുന്നിൽ നിൽക്കുന്നു. മക്കളെ നഷ്ടപ്പെടുന്ന അമ്മമാർക്കും ഭർത്താക്കന്മാരെ നഷ്ടപ്പെടുന്ന സ്ര്തീകൾക്കും ഇവിടെ നിസ്സഹായരായി നോക്കിനിൽക്കാനേ സാധിക്കുന്നുള്ളൂ. ഭീകരവാദികൾക്കും ഭരണാധികാരികൾക്കുമിടയിൽ പാവപ്പെട്ട മനുഷ്യർക്ക് എന്തുചെയ്യാനാവും?
കശ്മീർ എന്നു കേൾക്കുന്ന മാത്രയിൽതന്നെ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന ദേശഭക്തി
മൂത്ത സാധാരണ ഇന്ത്യക്കാരനും കശ്മീരിയുടെ ദു:ഖം കാണാനാവുന്നില്ല. അവരെ വിശ്വാസത്തിലെടുക്കാൻ ഭരണാധികാരികൾ ഒരു ശ്രമവും നടത്തുന്നില്ല എന്നതാണ് സത്യം. പതിനാല് വർഷം മുമ്പ് പത്രിബാലിൽ അഞ്ച് ഗ്രാമീണരെ നിഷ്‌കരുണം കൊല ചെയ്ത രാഷ്ട്രീയ റൈഫിൾസിലെ ജവാന്മാരെ ജനുവരി 22ന് പട്ടാള കോടതി വെറുതെ വിട്ടപ്പോൾ നടുങ്ങിയത് കശ്മീരികൾ മാത്രമല്ല മന:സാക്ഷി ഇനിയും ആർക്കും പണയപ്പെടുത്താത്ത ഇന്ത്യക്കാരുമായിരുന്നു. സിബിഐ സുപ്രീംകോർട്ടിൽ ഈ പട്ടാളക്കാർ കുറ്റവാളികളാണെന്ന് വാദിച്ചതിനെ മറികടന്നായിരുന്നു പട്ടാളക്കോടതിയുടെ തീരുമാനം. ഇതുപോലെ എത്രയെത്ര സംഭവങ്ങൾക്ക് കശ്മീരി ജനത സാക്ഷ്യം വഹിച്ചിരിക്കുന്നു.
Armed Forces Special Powers Act (AFSPA), Public Safety Act, J & K Disturbed Areas Act 1992 എന്നു തുടങ്ങി എത്രയെത്ര കരിനിയമങ്ങൾ കശ്മീരിൽ അധികാരികൾ തുടർന്നുവരുന്നു. അഎൂേഅയിൽ ഒരു ഭടന് വാറണ്ട് കൂടാതെ എവിടെയും കടന്നുചെല്ലാം, ആരെയും അറസ്റ്റു ചെയ്യാം, ആർക്കെതിരെയും ആയുധം പ്രയോഗിക്കാം. ഇതിനെതിരെ മിസോറാമിൽ ഇറോം ശർമിള 14 വർഷമായി നിരാഹാരസമരം നടത്തിവരുന്നത്
ഇപ്പോൾ മാധ്യമങ്ങൾപോലും മറന്നുതുടങ്ങിയിരിക്കുന്നു. അരുന്ധതി റോയ് കശ്മീർ ജനതയുടെ കഷ്ടതകൾ വിവരിച്ചപ്പോൾ ബലാത്സംഗം ഒരു ആയുധമായി അവിടെ പട്ടാളക്കാർ ഉപയോഗിക്കുന്നുവെന്നാണ് പറഞ്ഞത്. ഇതൊക്കെയറിഞ്ഞിട്ടും മൗനം പാലിക്കുന്ന ലോകജനതയെ അവർ ശക്തമായ ഭാഷയിൽ അപലപിക്കുകയുണ്ടായി.
ലോകത്തിലെ ഏറ്റവും വലിയ സായുധസേനാവിന്യാസമാണ് കശ്മീരിലുള്ളത്. ഏകദേശം അഞ്ചുലക്ഷം ഇന്ത്യൻ പട്ടാളക്കാർ ആ പ്രദേശത്തുണ്ടെന്നതാണ് അനൗദ്യോഗിക കണക്കുകൾ. അതിൽ 30,000 പട്ടാളക്കാരെ ഡിസംബറിൽ പിൻവലിച്ചപ്പോൾ രാജ്യരക്ഷാമന്ത്രിയായ എ.കെ. ആന്റണി പറഞ്ഞത് സ്ഥിതിഗതികൾ ശാന്തമാകുമ്പോൾ തുടർന്നും പിൻവലിക്കുമെന്നാണ്. ആ ഒരവസ്ഥ സംജാതമാവാനുള്ള സാഹചര്യങ്ങൾ അവിടില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യംതന്നെ. കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവരും അപ്രത്യക്ഷരായവരും ഏകദേശം 1,10,000 വരുമെന്ന് ചില കണക്കുകൾ പറയുന്നു.
കാണാതാകുന്ന യുവജനതയും പിച്ചിച്ചീന്തപ്പെടുന്ന സ്ര്തീത്വവും എല്ലാം കശ്മീരിയുടെ വിധിയെന്ന് സമാധാനിച്ച് വീണ്ടും നമുക്ക് വോട്ടുചെയ്യാം. ലോകത്തിലെ ഏറ്റവും വലിയ
ജനാധിപത്യ രാഷ്ട്രമാണല്ലോ ഇന്ത്യ.