ദേശീയ പുരസ്കാരം
ദേശീയ പുരസ്കാരം കിട്ടുന്നതുവരെയുള്ള ഇടവേളയിൽ
എന്റെ ജീവിതംതന്നെ കടുത്ത പ്രതിസന്ധിയുടേതായിരുന്നു.
കെ.ആർ. മോഹനേട്ടന്റെ യാഗത്തിൽ വർക്ക് ചെയ്തു. ഇടയ്ക്ക് സ്വർ
ണപ്പണിയെപ്പറ്റിപോലും ആലോചിച്ചു. ദേശീയ അവാർഡ് കിട്ടിയതോടെ
നാട്ടിലെ പീടികത്തിണ്ണയിൽ ഇരിക്കാനാവാതെയായി.
അനാവശ്യ കമന്റുകൾ. അതെന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു.
ഭാഷ
ഭാഷ എനിക്ക് പ്രശ്നമായി തോന്നിയിട്ടില്ല. ഭൂപൻ ഹസാരികയുമായി
ഒരു മണിക്കൂർ യാതൊരു പ്രശ്നവുമില്ലാതെ സംസാരി
ച്ചിട്ടുണ്ട്. അതിന് എനിക്ക് ഭാഷ തടസ്സമായിട്ടില്ല. അതങ്ങനെ
സാദ്ധ്യമാവുകയായിരുന്നു. എന്നാൽ ദേശീയ പുരസ്കാരം
വാങ്ങാൻ ഡൽഹിയിൽ എത്തിയപ്പോൾ ബുദ്ധദേവ് ദാസ് ഗുപ്ത
യോട് അത്തരമൊരു കമ്മ്യൂണിക്കേഷൻ സാദ്ധ്യമായില്ല. അതിൽ
എനിക്ക് വിഷമമുണ്ട്. സൂഫി പറഞ്ഞ കഥ ചെയ്യുമ്പോൾ നായികയായി
ബോളിവുഡ് താരം ശർബാനി മുഖർജി എത്തിയപ്പോൾ
ഭാഷ എനിക്ക് വിലങ്ങുതടിയായിട്ടില്ല. ഭാഷയറിയാത്തത് എന്നെ
വിഷമിപ്പിച്ചിട്ടില്ല. എന്നാൽ ആ ഭാഷയിൽ ഇറങ്ങുന്ന പുസ്തകങ്ങൾ
ആ ഭാഷയിൽ വായിക്കാൻ കഴിയുന്നില്ലല്ലോ എന്ന നേരിയ വേദന
മാത്രം ഞാൻ കൊണ്ടുനടക്കുന്നു. ആരുമായും സംവേദനത്തിൽ
ഏർപ്പെടുന്നതിൽ എനിക്ക് പ്രശ്നമില്ല. മിണ്ടാൻ കഴിയാത്ത ആളാണെങ്കിൽപോലും
അയാളുമായി സംവദിക്കാൻ ഒരു ഭാഷ ഞാൻ
കണ്ടെത്തും. നടനെന്ന നിലയിൽ എനിക്കു ലഭിച്ച പരിശീലനം
അതിന് ഗുണകരമായിട്ടുണ്ട്.
ജോസ് ചിറമ്മൽ
ജോസ് ചിറമ്മലിന്റെ കളരിയിലൂടെയാണ് എന്നിലെ ഞാൻ
പാകപ്പെട്ടുവന്നത്. ജോസേട്ടൻ നടനെ കൈകാര്യം ചെയ്യുന്ന രീതി
തന്നെ വിഭിന്നമായിരുന്നു. അയാൾ അറിയാതെതന്നെ അയാളി
ലൂടെ ആ കഥാപാത്രത്തിനുവേണ്ട എക്സ്പ്രഷൻ ഉണ്ടാക്കിയെടുക്കുന്നതിൽ
ജോസേട്ടൻ പ്രഗത്ഭനായിരുന്നു. ഭോമ, മുദ്രാരാ
ക്ഷസം ഉൾപ്പെടെ ജോസേട്ടന്റെ നിരവധി പ്രൊഡക്ഷനിൽ ഭാഗമായിട്ടുണ്ട്.
സന്തോഷപ്രദമായ കാലമായിരുന്നു അത്. സാമ്പത്തി
കമായി ദുരിതകാലമായിരുന്നെങ്കിലും അത് എന്നെ സംബന്ധിച്ച്
വളരെ ഗുണകരമായി മാറുകയാണുണ്ടായത്. സിനിമയിൽ ഒരു
കഥാപാത്രം, അത് ഞാനാണെങ്കിൽ എങ്ങനെ ചെയ്യും എന്ന
എന്റെ അവബോധമാണ്, എന്റെ കഥാപാത്രങ്ങളിലൂടെ പുറത്തുവരുന്നത്.
നാടകത്തിലും സിനിമയിലും ഇതുതന്നെയാണ് ഞാൻ
അവലംബിക്കുന്നത്.
മുരളി
ഞാൻ കണ്ട നടന്മാരിൽ മഹാനടൻതന്നെയായിരുന്നു മുരളി
യേട്ടൻ. ഞാൻ പറയുന്നത് വേഗത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാനും
അത് പിടിച്ചെടുത്ത് മാറാനും മുരളിയേട്ടന് കഴിഞ്ഞിരുന്നു. ഞങ്ങൾ
തമ്മിലുള്ള കൊടുത്തുവാങ്ങൽ അത്ര ശക്തമായിരുന്നു. നെയ്ത്തുകാരനിലെ
അപ്പമേസ്ത്രിയുടെ മാനറിസങ്ങൾ മുരളിയേട്ടൻ മനോഹരമായി
അവതരിപ്പിച്ചു. കെ.ആർ. മോഹനേട്ടനൊപ്പം സുബ്ര
ഹ്മണ്യ ഷേണായിയെ കണ്ടപ്പോഴാണ് ഓർമയിൽനിന്ന് കാര്യങ്ങൾ
പറയുമ്പോൾ കൈകൊണ്ട് കണ്ണിൽനിന്ന് പീളയെടുക്കുന്നതുപോലെയുള്ള
ഓർമകളിലേക്കുള്ള സഞ്ചാരം ഞാൻ കണ്ടത്. അത്
അപ്പമേസ്ര്തിയിൽ നന്നായി പരീക്ഷിക്കുകയും വിജയിക്കുകയും
ചെയ്ത. പുലിജന്മത്തിൽ കാരിഗുരുക്കളായും പ്രകാശനായുമുള്ള
പകർന്നാട്ടവും ആത്മസമർപ്പണവും മുരളിയേട്ടനുണ്ടായിരുന്നു.
ജഗതി ശ്രീകുമാർ
സൂഫി പറഞ്ഞ കഥയിൽ ജഗതി ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്.
അഭിനയിക്കുന്ന സമയത്തെ ചെറിയ ചിരിയുടെ കാര്യം എത്രയോ
പടങ്ങളിൽ അഭിനയിച്ചുകഴിഞ്ഞ് സൂഫിയുടെ ഡബ്ബിംഗ് സമയത്ത്
ഓർത്തെടുത്തു പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. എന്നെ അതി
ശയിപ്പിച്ച നടന്മാരിലൊരാളാണ് ജഗതിയും.
അജിത
ഞാൻ സ്വർണപ്പണി ഉപേക്ഷിച്ച് സിനിമയുടെ മേഖലയിലേക്ക്
പ്രവേശിക്കുമ്പോൾ എന്റെ ഭാര്യ അജിതയോട് ഞാൻ പറഞ്ഞത്,
‘ഞാൻ ഒന്നാംക്ലാസിൽ പഠിക്കാൻ പോവുകയാണ്, നീ കുടുംബം
നോക്കണം’ എന്നാണ്. എന്റെ എല്ലാ സഹനത്തിനൊപ്പവും ദാരി
ദ്ര്യത്തിലും വീടിന്റെ ജപ്തി, കുട്ടികളുടെ അസുഖം അങ്ങനെ എല്ലാ
പ്രതിസന്ധിഘട്ടങ്ങളിലും അജിത എന്റെകൂടെ ഉറച്ചുനിന്നു.
എന്നാൽ ഇന്ന് കാര്യങ്ങൾ നടത്താനുള്ള ധൈര്യം അജിത ആർ
ജിച്ചുകഴിഞ്ഞു. നാടകസമയത്ത് ഒരു പെൺകുട്ടി എന്റെ സമീപ
ത്തിരുന്നാൽ വളരെ പൊസസ്സീവായിരുന്ന അവൾ ഇന്ന് അക്കാര്യങ്ങളിൽനിന്നെല്ലാം
മാറി. ജീവിതത്തിൽനിന്ന് അവൾ വളരെയേറെ
പഠിച്ചു. പൈസ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവിക്കാൻ പഠി
ച്ചു. അത് വലിയ ഭാഗ്യമായാണ് തോന്നുന്നത്. എന്റെ ഈ ഉയർ
ച്ചയ്ക്കുപിന്നിൽ അവൾ സഹിച്ച സഹനങ്ങൾ തള്ളിപ്പറയാനാവില്ല.
ഇ.എം. ശ്രീധരൻ
ഞാൻ നെയ്ത്തുകാരൻ എന്ന ഇ.എം.എസ്സിനെപ്പറ്റിയുള്ള
എന്റെ ചിത്രം കാണാൻ അനിയേട്ടൻ എന്ന ഇ.എം. ശ്രീധരനോട്
പറഞ്ഞപ്പോൾ അനിയേട്ടൻ ആദ്യം അഭിപ്രായപ്പെട്ടത്, ‘എനിക്ക്
കാണേണ്ട. എന്റെ അച്ഛനെ വിറ്റ് കാശാക്കുകയല്ലേ’ എന്നാണ്.
എന്നാൽ അനിയേട്ടൻ ആ സിനിമ കണ്ടശേഷം എന്നെ വിളിച്ച്
സംസാരിക്കുകയും ‘എന്റെ അച്ഛന് ഇതിലും വലിയ ഒരു സ്മാരകം
ഉണ്ടാവില്ല’ എന്ന് വ്യക്തമാക്കുകയുമുണ്ടായി. പിന്നീട് സിനിമയെ
പ്പറ്റി ‘ഹൃദയവാതിലിൽ വിരൽ തൊടുമ്പോൾ’ എന്ന ലേഖനം
എഴുതി. സിനിമ മറ്റുള്ളവരെ കാണിക്കാൻ അനിയേട്ടൻതന്നെ രംഗ
ത്തിറങ്ങുകയും ചെയ്തു. അങ്ങനെ എത്രയോ പേരോട് എനിക്ക്
നന്ദിയുണ്ട്.
ബഹിഷ്കൃത വേദനകൾ
എന്റെ നാലു സിനിമകളിലും ബഹിഷ്കൃതരുടെ വേദനകൾ
ഉണ്ടെന്നത് സത്യമാണ്. നമുക്കുശേഷവും ജീവിതം നിലനിൽക്കും.
ജീവിതത്തിന്റെ പ്രതിസന്ധികളെ മറികടന്നവരാണ്, അവർ നൽ
കിയ അവശേഷിപ്പുകളാണ് നമ്മുടെ ജീവിതത്തിന്റെ ഊർജമായി
മാറേണ്ടത്. പുലിജന്മത്തിലെ കാരിഗുരുക്കൾ സമൂഹത്തിനുവേണ്ടി
ജീവിതം സമർപ്പിക്കുകയാണ്. ചെഗുവേരയെ നമുക്ക്
വേണമെങ്കിൽ മണ്ടൻ, പൊട്ടൻ എന്നൊക്കെ വിശേഷിപ്പിക്കാം.
ക്യൂബയിലെയും മറ്റു രാഷ്ട്രങ്ങളിലെയും ജനതയുടെ വിഷമതകൾ
തന്റേതുകൂടിയാണെന്ന തിരിച്ചറിവാണ് ചെഗുവേരയെ മാറ്റിയത്.
കാരിഗുരുക്കളുടേതും അങ്ങനെയായിരുന്നു. അതാണ് മിത്തി
ലേക്ക് എത്തിക്കുന്നത്. വാഴുന്നവരുടെ ഭ്രാന്തും മറ്റുള്ളവരുടെ
ആധിയും തീർക്കാൻ വേണ്ടിയാണ് കാരിഗുരുക്കൾ പുലിമട തേടി
ഇറങ്ങുന്നത്. നമുക്ക് അറിവുണ്ടാകുന്നത് പുസ്തകത്തിൽനിന്നു
മാത്രമല്ലല്ലോ. തെയ്യം കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ജനങ്ങൾ
തൊഴുതു നിൽക്കുന്നതിനപ്പുറത്ത് തെയ്യത്തിനും വേദനകളുണ്ട്.
ക്രൈസ്റ്റിനും ഉണ്ടായിരുന്നു വേദനകൾ. ഈ വേദനകൾ ജനം
തിരിച്ചറിയണമെന്നില്ല.
ഇടതുപക്ഷം
ഇടതുപക്ഷ അനുഭാവിയാണെങ്കിലും പറയേണ്ട കാര്യങ്ങൾ
എനിക്ക് തുറന്നുപറയാൻ പേടിയില്ല. പുലിജന്മത്തിൽ എന്റെ
വിഹ്വലതകൾ പങ്കുവച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ നന്നാക്കാൻ
ഉള്ളിൽനിന്നുതന്നെ എതിർക്കണം. പിൻവാങ്ങുകയല്ല. ഞാൻ
ഒറ്റയ്ക്കാണ് നിലനിൽക്കുന്നതെങ്കിൽ പ്രശ്നങ്ങളില്ല. സംഘമാകുമ്പോൾ
ഓടിപ്പോകാൻ പറ്റില്ല. ഒറ്റയ്ക്ക് പതറിവീഴാം. എന്നാൽ
സംഘമാകുമ്പോൾ പരിക്കു പറ്റരുത്. മുമ്പ് നിങ്ങൾ ഇങ്ങനെ പ്രതി
കരിച്ചില്ലേ എന്നു ചോദിച്ചാൽ സിനിമയുടെ ഭാഷയിൽ ക്ലോസപ്
മാത്രമേയുള്ളൂ, മാസ്റ്റർഷോട്സ് ഇല്ലെന്നു പറയാനാവും.
സൂഫി പറഞ്ഞ കഥ
സൂഫി പറഞ്ഞ കഥ വർഷങ്ങൾക്കു മുമ്പുതന്നെ മൾബറി
പ്രസിദ്ധീകരിച്ചപ്പോൾ എന്നെ ആകർഷിച്ചിരുന്നു. വിശ്വാസം
പോസിറ്റീവാണ്. പ്രാർത്ഥനകൾ നല്ലതാണ്. അത് ദുരുപയോഗം
ചെയ്യരുത്. അവനവനുവേണ്ടി മാത്രം പ്രാർത്ഥിക്കരുത്. മറ്റുള്ളവ
ർക്കുകൂടിയാകണം പ്രാർത്ഥനകൾ. എന്നാൽ എനിക്കു തോന്നു
ന്നത്, പുസ്തകത്തിന് സംവിധായകൻ കൊടുക്കുന്ന വായനകൾ
വ്യത്യസ്തമാണ്. രക്തസാക്ഷിക്ക് പുഷ്പാർച്ചന നടത്തുന്നത്,
അയാൾ നമുക്കുവേണ്ടി മരിച്ചതാണെന്ന് ഓർമപ്പെടുത്തുകൂടിയാണ്.
അത്തരം ഓർമപ്പെടുത്തലാണ് സൂഫിയിലൂടെ നടത്തുന്നത്.
രണ്ടു സംസ്കാരങ്ങൾ, പാരസ്പര്യം എല്ലാം സൂഫി പറയുന്നു.
വിശ്വാസത്തെ ഞാൻ ഒരിക്കലും തള്ളിപ്പറയില്ല. മനുഷ്യനെ നിലനിർത്താനുള്ള
പോസിറ്റീവ് എനർജിക്കാണെങ്കിൽ അത് നല്ല
കാര്യമാണ്. അമ്പലത്തിൽ ഭക്തിഗാനം വയ്ക്കുമ്പോൾ നിങ്ങളുടെ
ധ്യാനത്തെ, ശ്രദ്ധയെയാണ് ഭക്തിഗാനം തകരാറിലാക്കുന്നത്.
ക്ഷേത്രത്തിലേക്കു പോകുമ്പോൾ അയാളുടെ ധ്യാനത്തിലേ
ക്കാണ് പോകുന്നത്. നിങ്ങൾക്ക് പ്രാർത്ഥിക്കണമെങ്കിൽ മൗനമായി
പ്രാർത്ഥിക്കാം, അല്ലാതെ ഹലേലുയ പാടേണ്ട കാര്യമില്ല.
പ്രാർത്ഥനകൊണ്ട് രോഗം മാറില്ല. ഇതേ ആളുകൾ എന്തിനാണ്
പ്രാർത്ഥനയ്ക്കൊപ്പം മിഷൻ ഹോസ്പിറ്റലും നടത്തുന്നത്.
നാടകത്തിന്റെ വിശാലലോകത്തുനിന്നാണ് പ്രിയൻ എന്ന
പ്രിയനന്ദനൻ സിനിമയിലെത്തുന്നത്. വായനയുടെയും നാടകപ്രവർത്തനങ്ങളുടെയും
അനുഭവപാരമ്പര്യം പ്രിയന്റെ ജീവിതത്തിൽ
ഓരോ പ്രവർത്തനത്തിനും മുതൽക്കൂട്ടാവുകയും ചെയ്തു. അച്ഛന്റെ
മരണത്തോടെ ചെറുപ്പത്തിൽതന്നെ കുടുംബഭാരം ഏറ്റേണ്ടിവന്ന
ഒരാൾക്ക് നേടാവുന്ന വിദ്യാഭ്യാസത്തിന് അപ്പുറത്ത് പ്രിയൻ നേടി
യത് മുഴുവൻ സാമൂഹ്യബന്ധങ്ങളിൽനിന്നാണ്. നൂറുകണക്കിന്
നാടകങ്ങളിൽ നല്ല നടനുള്ള പുരസ്കാരം, പിന്നീട് നാടകസംവി
ധായകൻ. വിവിധ പ്രമുഖർക്കൊപ്പം സിനിമാരംഗത്ത് പ്രവർത്തി
ച്ചു. ആദ്യചിത്രമായ ‘നെയ്ത്തുകാരനി’ലൂടെ മുരളിക്ക് നല്ല നടനുള്ള
ദേശീയ പുരസ്കാരം നേടിക്കൊടുത്തു. രണ്ടാംചിത്രമായ ‘പുലിജന്മം’
മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരത്തിന്
അർഹനാക്കി. സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
എന്നിവയാണ് മറ്റു ചിത്രങ്ങൾ. കൂട്ടത്തിൽ നിരവധി ഡോക്യുമെന്ററികളും.
മിൽമയെപ്പറ്റി മണിലാൽ ഒരു ഡോക്യുമെന്ററി സംവിധാനം
ചെയ്തപ്പോൾ അതിൽ പ്രിയൻ അഭിനയിക്കുകയുണ്ടായി.
സൈക്കിൾ ചവിട്ടിവരുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. അന്ന്
ആദ്യ സീനിൽ ഈ ചിത്രീകരണം നടന്നപ്പോൾ അതിന്റെ അസോസിയേറ്റായിരുന്ന
ജോസ് തോമസാണ് അല്പം സീരിയസായും തമാശയായും
പറഞ്ഞത്, ‘ലോകസിനിമയിലേക്ക് സൈക്കിൾ ചവിട്ടി
ഒരാൾ’ എന്ന്. അത് ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരംവരെ
എത്തിയപ്പോൾ ആ തമാശ യാഥാർത്ഥ്യമായി
ത്തീർന്നു. ഇപ്പോൾ പ്രിയൻ വൈശാഖന്റെ കഥയെ ആസ്പദമാക്കി
സി.വി. ബാലകൃഷ്ണൻ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളിലാണ്.
പ്രിയനുമായി നടത്തിയ അഭിമുഖത്തി
ൽനിന്ന്:-
നാടകം/സിനിമ
നാടകത്തിന്റെ സംവേദനം നമ്മൾ അടുത്തുനിന്ന്, പ്രേക്ഷകരിൽനിന്ന്
കാണുന്നു. നാടകത്തിൽ പ്രേക്ഷകൻ ഉൾപ്പെടുന്നത്
നമുക്ക് അറിയാനാവും. നാടകംതന്നെ പല സ്റ്റേജുകളിൽ വ്യത്യസ്ത
അനുഭവങ്ങളാണ് നമുക്ക് നൽകുക. ഒരുതരം കൊടുത്തുവാങ്ങലുണ്ട്.
എന്നാൽ സിനിമയിൽ ഒന്നേയുള്ളൂ. കാഴ്ചയുടെ തലവും
വേറെയാണ്. ഞാൻ നാടകത്തിലേക്ക് കടന്നുവന്നത് അച്ഛന്റെ
വഴിയിലാണ്. നിരവധി അമേച്വർ നാടകങ്ങളിൽ അച്ഛൻ (രാമകൃഷ്ണൻ)
നടനായിട്ടുണ്ട്. അച്ഛനാണ് എന്നെ ചെറുപ്പത്തിൽ നാടകത്തിൽ
പ്രോംപ്റ്റ് ചെയ്യാൻ പറയുന്നത്. അത് തുടർന്നു. സംഭാഷണത്തിന്റെ
മോഡുലേഷൻ രീതി, പ്രോംപ്റ്ററിലൂടെ, പിന്നീട്
സംവിധായകനായപ്പോൾ ഗുണം ചെയ്തു. ഇത്തരം നീക്കിയിരിപ്പുകൾ
എന്റെ ജീവിതനിക്ഷേപങ്ങളാണ്.
നാടകം ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. കണ്ണൂർ ജില്ലയിൽ
സിനിമാക്കാരനേക്കാൾ ഞാൻ നിരവധി നാടകങ്ങളുടെ സംവിധായകനാണ്.
എന്നാൽ തൃശൂരിൽ നടനും. ചെറുപ്പത്തിൽ നാടകംകൊണ്ട്
ജീവിക്കണം എന്ന് വിചാരിച്ചിരുന്നു. എന്നാൽ അച്ഛൻ
ജീവിതത്തിൽനിന്ന് നടന്നുപോയതോടെ വീടിന്റെ ഉത്തരവാദിത്തം
തലയിലായി. പഠനം മുടങ്ങി. വ്യത്യസ്ത ജോലികൾ ചെയ്തു.
എന്നാൽ വായന എന്നെ പുതുക്കിപ്പണിയുകയായിരുന്നു. മുതി
ർന്ന ആളുകളുമായുള്ള ചർച്ചകൾ എനിക്ക് ഊർജം നൽകി.
നക്സലൈറ്റ് പ്രസ്ഥാനക്കാർ, സാംസ്കാരികവേദി പ്രവർത്തക
ർ, ഇടതുപക്ഷ പാർട്ടി പ്രവർത്തകർ എന്നിവരുമായുള്ള
ചങ്ങാത്തം എന്റെ ചിന്തയിലും വായനയിലും പുതിയ അറിവുകൾ
സമ്മാനിച്ചു. നമ്മുടെ ഭൂമി, കാട് ചൂഷണം ചെയ്യുന്ന ഉത്കണ്ഠകൾ
‘പുലിജന്മ’ത്തിൽ പങ്കുവച്ചിട്ടുണ്ട്. യുക്തിബോധമുള്ള സിനിമകൾ
ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം.
സിനിമ
മണിലാൽ സംവിധാനം ചെയ്ത മിൽമയെപ്പറ്റിയുള്ള ഡോക്യുമെ
ന്ററിയുടെ പ്രവർത്തനങ്ങളിലാണ് ആദ്യം സഹകരിക്കുന്നത്. അന്ന്
സ്വർണപ്പണിയായിരുന്നു. ഇത് വിട്ട് ഈ മേഖലയിലേക്ക് വരണോ
എന്ന് അന്ന് മണിലാൽ ചോദിച്ചു. എന്നാൽ ഒന്ന് നഷ്ടമാകാതെ
മറ്റൊന്ന് നേടാൻ കഴിയില്ലെന്ന് എനിക്ക് പൂർണബോദ്ധ്യമുണ്ടായി
രുന്നു. സിനിമയിൽ അസോസിയേറ്റായി നടന്ന സമയത്ത് എല്ലാതരത്തിലുമുള്ള
പുച്ഛം, ദാരിദ്ര്യം, അവഗണന അങ്ങനെ പലതും
അനുഭവിച്ചിട്ടുണ്ട്. എന്നാൽ 2000-ൽ സ്വന്തമായി ഒരു സിനിമ
ചെയ്യും എന്നു ഞാൻ നിശ്ചയിച്ചിരുന്നു. അതായിരുന്നു ‘നെയ്ത്തുകാരൻ’.
നെയ്ത്തുകാരൻ
കെ.ആർ. മോഹനൻ, പി.ടി. കുഞ്ഞുമുഹമ്മദ്, വി.ജി. തമ്പി
(കവി), മണിലാൽ ഉൾപ്പെടെ നിരവധി പേർക്കൊപ്പം പ്രവർത്തി
ച്ചാണ് ഞാൻ സിനിമയുടെ എല്ലാ കാര്യങ്ങളും പഠിക്കുന്നത്; ഏഴു
വർഷത്തോളം. എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കിയി
രുന്നു. അതിനുശേഷമാണ് ‘നെയ്ത്തുകാരൻ’ ചെയ്തത്. ആദ്യം
എൻ. ശശിധരൻ നാടകമായി എഴുതിയത് പിന്നീട് സിനിമയാക്കുകയായിരുന്നു.
എല്ലാവരും വന്നു. സിനിമ ഷൂട്ടിംഗ് തുടങ്ങാനി
രിക്കെ നിർമാതാവ് മാറി. പിന്നീട് സ്വർണം പണയം വച്ചും സുഹൃ
ത്തുക്കളിൽനിന്ന് കടം വാങ്ങിയുമൊക്കെയായിരുന്നു ചിത്രീകരണം.
ആകെ പ്രതിസന്ധി. ഡീസൽ അടിക്കാൻതന്നെ കാശില്ല.
പകൽ ചിത്രീകരണം കഴിഞ്ഞാൽ രാത്രി കാശിനു വേണ്ടിയുള്ള
നെട്ടോട്ടം. നിരവധി സുഹൃത്തുക്കൾ സഹായിച്ചു. ആദ്യചിത്രത്തി
ന്റെ നിർമാണംതന്നെ എന്റെ ജീവിതത്തിലെ വെല്ലുവിളിയായി.
മാനസികമായ ഊർജം മാത്രമായിരുന്നു കൈമുതൽ. പാലക്കാടുനിന്ന്
എസ്.എം. ദാസിനെ കിട്ടി. അവസാനം പടം പൂർത്തിയായി.
വലിയ സമ്പാദ്യം വലിയ സൗഹൃദങ്ങളാണെന്നു മനസ്സിലാക്കിയതോടൊപ്പം
അവിചാരിതമായ സൗഹൃദങ്ങൾ തുണയാകുന്നതും
ഞാൻ കണ്ടു. കേരളത്തിൽ നാടകപ്രവർത്തനങ്ങളുമായി നട
ന്നതും അലഞ്ഞതുമായ കരുത്ത് എനിക്ക് തുണയായി. സിനിമയുടെ
പോസ്റ്റർ എഴുതി, സുഹൃത്തുക്കൾ തിയേറ്റർ വാടകയ്ക്കെടുത്ത്
‘നെയ്ത്തുകാരൻ’ പ്രദർശിപ്പിച്ചു. രണ്ടാഴ്ചയോളം ഓടി. രണ്ടു
പ്രിന്റിൽ. സൂര്യ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. സത്യൻ അന്തിക്കാട്,
നരേന്ദ്രപ്രസാദ് എന്നിവർ തന്ന ഊർജം എനിക്ക് വലുതായിരു
ന്നു. കേരളത്തിൽ മുഴുവൻ സമാന്തരമായി ‘നെയ്ത്തുകാരൻ’ കളിച്ചു.
അവാർഡുകൾ
സംസ്ഥാന അവാർഡ് കിട്ടി. സ്വീകരണങ്ങൾ ലഭിക്കുന്നു. ഒരു
സ്ഥലത്തുനിന്ന് സ്വർണമെഡൽ തന്നു. ഒരു പവനായിരുന്നു.
ദാരിദ്ര്യം കാരണം അത് ഉരുക്കി വിൽക്കാൻ നോക്കുമ്പോൾ അത്
വെള്ളിയായിരുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായി. അതിജീ
വിക്കുകയായിരുന്നു. മനുഷ്യന് ദുര്യോഗകാലമെന്നത് പക്ഷിക
ൾക്ക് തൂവൽ പൊഴിയുന്ന കാലംപോലെയാണ്. അത്രയുംകാലം
സഹിച്ചിരുന്നാൽ പുതിയ തൂവലുമായി പുറത്തുവരാം. ദസ്ത
യോവ്സ്കിയും വാൻഗോഗും എനിക്ക് ദുരിതകാലങ്ങളിൽ കൂട്ടായി.
വ്യാജജീവിതം ജീവിച്ചവർക്ക് യഥാർത്ഥ ജീവിതത്തിന്റെ ദുരിതമറിയില്ല. അപ്പമേസ്ത്രിയുടെ വീടാക്കാൻ ചേനത്തെ വീടിന്റെ
വരാന്ത പൊളിച്ചുകളഞ്ഞു. അത് ഇപ്പോഴും വീട്ടാക്കടമാണ്.
നെയ്ത്തുകാരന്റെ നെഗറ്റീവ് ഏസിയിൽ വയ്ക്കാൻ കഴിഞ്ഞില്ല.
എന്നിട്ടും അത് ഒട്ടിപ്പിടിച്ചില്ല. എന്റെ ജീവിതത്തിൽ അങ്ങനെ നിരവധി
അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്. പിന്നെ നാലു വർഷം രക്ഷ
യില്ലാതായി. അവാർഡ് കിട്ടിയത് വിനയായി. ഞാൻ തെറ്റിദ്ധരിക്ക
പ്പെട്ടു. നിരവധി ഉദ്ഘാടനങ്ങൾ. എന്നാൽ പൈസയില്ല. നിരവധി
മെമന്റോകൾ. പണ്ട് നാടകത്തിന് കിട്ടിയ അവാർഡുകൾ വീട്ടിൽ
ചാക്കിൽ കെട്ടിക്കിടക്കുന്നുണ്ട്.
പുലിജന്മം
നാലുവർഷം കഴിഞ്ഞാണ് പുലിജന്മം ചെയ്തത്. ഓണത്തിന്
സൗദിയിലുള്ള എം.ജി. വിജയ് നാട്ടിൽ വന്നു. മുപ്പത്തിയഞ്ച്
ലക്ഷം തരാം, നിനക്ക് ഇഷ്ടമുള്ള സിനിമ ചെയ്യൂ എന്ന് പറഞ്ഞു.,
അതായിരുന്നു പുലിജന്മം. നാല്പത് ലക്ഷത്തോളം ചെലവായി.
ആളുകളുടെ സഹകരണം ഉണ്ടായി. അതിന് ദേശീയ അവാർഡ്
കിട്ടി. ദേശീയ അവാർഡ് ലഭിച്ചെങ്കിലും ഇടവേളകളിൽ എനിക്കു
ണ്ടായിരുന്ന ജീവിതത്തെ ആരും നോക്കുന്നില്ല. നാട് ഒരു ലക്ഷം
രൂപ തന്നു. സർക്കാർ തന്നു. എനിക്ക് വീട് പണിയാൻ പറ്റി. അത്
വലിയ കാര്യംതന്നെയായി. അങ്ങനെ ഞാൻ അന്തസ്സുള്ള കടക്കാരനായി.
പിന്നീട് സൂഫി പറഞ്ഞ കഥയും ഭക്തജനങ്ങളുടെ
ശ്രദ്ധയ്ക്കും ചെയ്തു. ഇപ്പോൾ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്.
ഇനിയും നിരവധി കാര്യങ്ങളുണ്ട്. അത് പിന്നീടൊരിക്കലാവാം.