ഏപ്രിൽ-മെയ് മാസങ്ങളിൽ മുംബൈയിലെ പത്രങ്ങളിലെ ഒരു സ്ഥിരം വാർത്തയാണ് കർഷക ആത്മഹത്യ. ഈ വർഷം 2017 ഏപ്രിൽ വരെ നാലു മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ 852 കർഷകർ ആത്മഹത്യ ചെയ്തു. ഇതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ മണ്ഡലമായ വിദർഭയിൽ 409 കർഷകരാണ് ആത്മഹത്യ ചെയ്തത്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം മഹാരാഷ്ട്രയിൽ
മാത്രം 2015-ൽ 3228 കർഷകരും 2016-ൽ 3052 കർഷകരും ആത്മഹത്യ ചെയ്തു. അതായത് ഒരു ദിവസം ഏകദേശം 8 പേർ വീതം. ഇതിൽ ഏറിയ പങ്കും മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്താണ് സംഭവിക്കുന്നത്. മഹാരാഷ്ട്രയിൽ കർഷകരുടെ ഇടയിൽ ഒരു ചൊല്ലുണ്ട്, കടത്തിൽ ജനിച്ചു കടത്തിൽ ജീവിച്ചു കടത്തിൽ മരിക്കുന്നവരാണ് തങ്ങളെന്ന്. കർഷകരുടെ ആത്മഹത്യ ഒരു ദൈനംദിന സംഭവമായി മാറിയിരിക്കുന്ന ഇക്കാലത്ത് ആ വരികൾ തികച്ചും അന്വർത്ഥമായിരിക്കുന്നു. ഇത് മഹാരാഷ്ട്രയിലെ മാത്രം പ്രശ്നമല്ല. ആന്ധ്രപ്രദേശ്, കർണാടകം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കർഷക ആത്മഹത്യ ധാരാളം സംഭവിക്കുന്നുണ്ട്.
ഭരണകർത്താക്കളുടെ ദീർഘവീക്ഷണമില്ലായ്മയാണ് ഈ ആത്മഹത്യകൾക്ക്
ഏറ്റവും പ്രധാന കാരണം. ധാരാളം കർഷക പ്രീണന നയങ്ങൾ പാർലമെന്റിൽ പാസ്സാക്കാറുണ്ടെങ്കിലും അവയിൽ ഭൂരിപക്ഷവും കർഷകർക്ക് ഗുണകരമാവുന്ന രീതിയിൽ അവരുടെയടുത്ത് എത്തപ്പെടുന്നില്ലെന്നതാണ് ഏറ്റവും പ്രധാന കാര്യം. സബ്സിഡികൾ പലതും കർഷകരിൽ എത്തുന്നില്ല എന്ന് മാത്രമല്ല, അവരറിയാതെ അവരുടെ പേരിൽ അവ മറ്റുള്ളവർ ഉപയോഗിക്കുകയും ചെയ്യുന്നു. തുടർച്ചയായുള്ള കൃഷിനാശവും, വളത്തിനും മറ്റുമുള്ള വിലക്കയറ്റവും, കൂടാതെ മുൻ-പിൻ നോക്കാതെയുള്ള ഇറക്കുമതിയും കർഷകന്റെ നട്ടെല്ലൊടിക്കുന്ന പ്രവൃത്തികളാണ്. ആഗോളവത്കരണത്തിന്റെ മറവിൽ കാർഷികവിളകൾ പലതും ഇറക്കുമതി ചെ
യ്യപ്പെടുമ്പോൾ തങ്ങളുടെ ഉല്പന്നങ്ങൾ കെട്ടിക്കിടക്കുന്നത് നോക്കിയിരിക്കാനേ കർഷകർക്ക് കഴിയുന്നുള്ളൂ. കടക്കെണിയിൽ ആത്മഹത്യ ചെയ്യുമ്പോൾപോലും
അവരുടെ മരണം പ്രണയനൈരാശ്യവും മയക്കുമരുന്നും മൂലമാണെന്ന് പറഞ്ഞ് അവരെ അവഹേളിക്കുകയാണ് മോദിയുടെ കൃഷി മന്ത്രി രാധാമോഹൻ സിംഗ് ചെയ്തത്.
കാർഷികോല്പന്നങ്ങൾക്ക് നഷ്ടം വരാത്ത രീതിയിൽ താങ്ങുവില നടപ്പാക്കുക, ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക, ജലസേചന പദ്ധതികൾ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുക എന്നിങ്ങനെ യുക്തമായ തീരുമാനങ്ങളിലൂടെ മാത്രമേ കർഷകർക്ക് വേണ്ട സംരക്ഷണം നൽകാനാകു.
പ്രമുഖ മറാത്തി നടന്മാരായ നാനാ പടേക്കറും മകരന്ദ് അനാസ്പുരേയും ചേർന്നു പൂനെയിൽ ആരംഭിച്ച നാം ഫൗണ്ടേഷൻ (Naam Fondation) വിദർഭ പ്രദേശത്തുള്ള കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി ഊർജിതമായി പ്രവർത്തിച്ചു വരുന്നുണ്ട്. പടേക്കർ പറഞ്ഞു: ”കൊടുംവരൾച്ച മൂലം ധാരാളം കർഷകർ നഗരങ്ങളിലേക്ക് കുടിയേറുന്നുണ്ട്. നിങ്ങൾ കാറിൽ യാത്ര ചെയ്യുമ്പോൾ അതിന്റെ ജനാലയിൽ മുട്ടിവിളിക്കുന്ന അവരെ വെറും ഭിക്ഷക്കാരായി ഓടിച്ചുവിടരുത്. ജീവിക്കാനായി ബദ്ധപ്പെടുന്ന ആത്മാഭിമാനമുള്ള കർഷകരാണവർ. അവർക്കു ഒരുനേരത്തെ ഭക്ഷണമോവെള്ളമോ കൊടുക്കാനുള്ള മനസ്സ് നിങ്ങൾ കാണിക്കണം”.